നീണ്ട ഒരിടവേളയ്ക്ക് ശേഷം വീണ്ടും എഴുതുന്നു. ഇതൊരു യാത്രയാണ് , യാത്ര വിവരണമെന്നോ, അനുഭവങ്ങളെന്നോ ഒക്കെ പറയാം.
സാമൂഹിക ജീവിതത്തിൽ നിന്നും അകലേക്കൊരു യാത്ര,ആദിമ മനുഷ്യൻ പിറന്ന കാട്ടിലേക്ക്. ബന്ധങ്ങളും ബന്ധനങ്ങളും ഇല്ലാതെ, വാട്സാപ്പും മെയിലും ഇൻസ്റ്റയുമില്ലാത്ത ഒരു പകലും രാത്രിയും. ചിന്തിക്കുമ്പോൾ അസാധ്യമെന്നു തോന്നുമെങ്കിലും അലക്സാണ്ടർ ചക്രവർത്തി പറഞ്ഞ പോലെ "ശ്രമിക്കുന്നവർക്ക് ഒന്നും അസാധ്യമല്ല."
ബ്രിട്ടീഷുകാർ അവരുടെ ആവശ്യങ്ങൾക്കായി വെട്ടി തെളിച്ച ആറു വരി പാതകൾ, സംരക്ഷണ പട്ടികയിൽ ഉൾപ്പെടുന്ന myristica swamps എന്ന ആവാസ വ്യവസ്ഥ , ആനയുടെ സഞ്ചാര പാത ഉറപ്പിക്കുന്ന കാൽപ്പാടുകളും കൊമ്പുകൊണ്ടുള്ള പരാക്രമങ്ങളും, കരടിയുടെ കാഷ്ട്ടവും, ചീവീടിന്റെ കരച്ചിലും, കളകളാരവ ശബ്ദത്തിൽ ചെറുതും വലുതുമായ നീരുറവകളും വെള്ളച്ചാട്ടങ്ങളും, നീന്തി തുടിക്കുന്ന മീനുകളും, അപകടങ്ങൾ പതിയിരിക്കുന്ന പാറക്കെട്ടുകൾ , സഞ്ചാര പാതകൾ കാണാപ്പാഠമായവനെപ്പോലും ത്രിശങ്കുവിൽ നിർത്തുന്ന വഴിപിണക്കികളും, കെ എസ് ഈ ബിയുടെ പോസ്റ്റുകളില്ല പകരം ചെറിയൊരു സോളാർ പാനലും അതിൽ ഉത്പാദിപ്പിക്കുന്ന കറന്റ് മാത്രം, ac ഇല്ലാത്തൊരു വാസ സ്ഥലം സങ്കല്പിക്കാനാവാത്ത ഈ കാലഘട്ടത്തിൽ ഫാൻ പോലുമില്ലാത്തൊരൊറ്റ മുറി, ഓടിപ്പോയി സാധനങ്ങൾ വാങ്ങാൻ കടകളില്ല, ഓർഡർ ചെയ്ത വീട്ടിൽ വരുത്താൻ ഇൻസ്റ്റാ മാർട് ഇല്ല , മൊബൈൽ റേഞ്ച് ഇല്ല അത് കൊണ്ട് തന്നെ ചാർജും വേണ്ട, ഇരുട്ടും നിശബ്ദതയും പരസ്പരം പുണരുന്ന രാവുകൾ
എങ്ങു നിന്നോ ഒഴുകി വരുന്ന അരുവികൾ ദൂര കാഴ്ച്ചയിൽ ഒരാരഞ്ഞാണം പോലെ കാടിന്റെ അരക്കെട്ടിൽ ഒതുങ്ങി.വീട്ടിലെ മുറിയിൽ ഉറങ്ങാൻ കേൾക്കുന്ന സ്ലീപ് സംഗീതത്തേക്കാൾ ആഴത്തിൽ മനസ്സിനെ ശാന്തമാക്കാൻ കഴിവുള്ള അരുവികളുടെ കളകളാരവം രാത്രി മുഴുവനും കാതുകളിൽ അലയടിച്ചു കൊണ്ടിരുന്നു.
മുന്നിൽ നിന്ന് നയിക്കുന്ന കാടിന്റെ മക്കളാണ് വഴികാട്ടികൾ. അവരില്ലാതെ ഒരടി പോലും മുന്നോട്ടു വയ്ക്കാനുള്ള ധൈര്യം തോന്നില്ല. കാരണം കാടിന്റെ ഉള്ളറിയാൻ അവർക്കേ കഴിയൂ. കാട്ട് മൃഗങ്ങളുടെ സാനിധ്യമറിയാൻ അവർക്ക് പ്രത്യേക കഴിവാണ്. ഞാനും നിങ്ങളുമൊക്കെ കാട്ടിലെ വിദേശികളാണ്.
ഒരിക്കലും വറ്റാത്ത ഉറവകളും അവയിൽ നിന്നും ഉത്ഭവിക്കുന്ന അരുവികളും, നിലയ്ക്കാത്ത ഒഴുക്കും മനുഷ്യ മനസ്സിനെ ഓർമിപ്പിക്കുന്നു. നേട്ടങ്ങൾ ആഗ്രഹിക്കാതെ പ്രകൃതിയോട് ഇണങ്ങി ജീവിച്ചു തീർക്കാൻ കഴിയുന്നവർ ഭാഗ്യവാന്മാരാണ്.