വര്‍ഷങ്ങളായി മനസ്സില്‍ ഒതുക്കി വച്ച എന്റെ സ്നേഹവും സ്വപ്നങ്ങളും ആഗ്രഹങ്ങളും ആരോടും പറയാന്‍ തോന്നിയില്ല , അതെല്ലാം പങ്കിടാന്‍ ഒരാളെ കണ്ടു മുട്ടിയില്ല എന്നതാണ് സത്യം. ഓരോ ദിനവും പ്രത്യേകതകള്‍ ഒന്നുമില്ലാതെ കടന്നു പോയി - രാവിലെ എണീറ്റ് ജോലിക്ക് പോകുന്നു , വരുന്നു, വൈകുന്നേരങ്ങളില്‍ സുഹ്രതുക്കലോടൊപ്പം സമയം ചിലവഴിച്ചും അങ്ങനെ അങ്ങനെ... ഇങ്ങനെയൊക്കെ ഞാന്‍ പോലും അറിയാതെ എന്റെ ജീവിതം എനിക്ക് മുന്നിലൂടെ മിന്നല്‍ വേഗത്തില്‍ കടന്നു പോയി. ദിവസങ്ങളും മാസങ്ങളും വര്‍ഷങ്ങളും പോയതറിഞ്ഞില്ല.
ഒരു നാള് പതിവുപോലെ ജോലിക്ക് പോയ എന്നെയും കാത്തൊരു അത്ഭുതം ഉണ്ടായിരുന്നു , അത്ഭുതമെന്നോ അതിശയമെന്നോ എന്ത് പറയണമെന്ന് എനിക്ക് അറിയില്ല . ആദ്യ കാഴ്ച്ചയില്‍ മനസ്സില്‍ തട്ടിയ ഇളം തെന്നല്‍ എല്ലായിപ്പോയും വീശിയെങ്കിലെന്ന് മോഹിച്ചു. ഓരോ ആവശ്യങ്ങള്‍ക്കായി അവളെന്റെ അരികില്‍ വന്നപ്പോള്‍ , ആ സാമീപ്യം കൂടുതല്‍ കൂടുതല്‍ ഞാന്‍ ആഗ്രഹിച്ചു. അവളോടൊന്ന് സംസാരിക്കാന്‍ , ഇത് വരെ കണ്ടിട്ടില്ലാത്ത വിശ്വസിച്ചിട്ടില്ലാത്ത ദൈവങ്ങളോടൊക്കെ, കാരണം ഉണ്ടാക്കി തരാന്‍ അപേക്ഷിച്ചു. അവളോടോപ്പമുള്ള നിമിഷങ്ങള്‍ സ്വപ്നമോ സത്യമോ എന്ന് വേര്തിരിക്കാനെ കഴിഞ്ഞില്ല. ഞാനതെല്ലാം ഒരുപാട് ആസ്വദിച്ചു. എന്നാല്‍ ഓരോ അവധി ദിനവും എന്നെ കുരിശില്‍ തറച്ച പോലെ തോന്നി.
മനസ്സിനെ പിടിച്ചു നിര്‍ത്താന്‍ ഒരുപാട് ശ്രമിച്ചു പക്ഷെ അത് ചരട് പൊട്ടിയ പട്ടം പോലെ പാറിപ്പറന്നു നടന്നു . പച്ച വിരിപ്പണിഞ്ഞ മലയോരങ്ങളില്‍ അവളോടൊപ്പം നടക്കാന്‍ , ഉറക്കം വരാത്ത രാത്രികളില്‍ ആകാശം നോക്കി കിടക്കുമ്പോള്‍ അരികില്‍ അവളും ഉണ്ടായിരുന്നെങ്കില്‍ , ആ മടിയില്‍ തല ചായ്ക്കാന്‍ , ഒരു കുടക്കീഴില് മഴയത്തു നടക്കാന്‍ , അങ്ങനെ അങ്ങനെ ഓരോ നിമിഷവും അവളോടുള്ള എന്റെ സ്നേഹം പടര്‍ന്നു പന്തലിച്ചു. ഒടുവില്‍ ഞാന്‍ തീരുമാനിച്ചു എന്റെ മനസ്സ് അവള്‍ക്കു മുന്നില്‍ തുറന്നു കാണിക്കാന്‍ . ചിലപ്പോള്‍ എനിക്കവളെ നഷ്ടമായേക്കാം എന്നേക്കുമായി എന്നാലും സംസാരിക്കാന്‍ തന്നെ ഉറപ്പിച്ചു . ഒരുപക്ഷെ എന്റെ ഒരു വാകിനായി അവളും കൊതിക്കുന്നുണ്ടാവും .
അവളെ കാണാന്‍ , അവളോട് സംസാരിക്കാന്‍ ഇറങ്ങി പുറപെട്ട എനിക്ക് അവളെ കാണാന്‍ കഴിഞ്ഞില്ല.. മാത്രമല്ല പിന്നീടൊരിക്കലും അവളെ ഞാന്‍ കണ്ടില്ല.. അവളോട് ഞാന്‍ സംസാരിച്ചതുമില്ല. കണ്ണ് തുറന്നപ്പോള്‍ മാഞ്ഞു പോയ സ്വപ്നം പോലെ അവള് എങ്ങോ മറഞ്ഞു . അവളെ കാണാതെയുള്ള ഓരോ നിമിഷവും യുഗങ്ങളായി എനിക്ക് തോന്നി, അവളെ കാണുന്ന ആ ഒരു നിമിഷത്തിനായി ഞാന്‍ കാത്തിരിക്കുന്നു. നീ എവിടെ ആണെങ്കിലും നിന്റെ വരവിനായി മാത്രമാണ് ഞാന്‍ ജീവിക്കുന്നത്. നീ എന്നത് ഒരു സ്വപ്നം ആണെങ്കില്‍ എന്നും ആ സ്വപ്നം കാണാന്‍ ആ സ്വപ്നത്തില്‍ ജീവിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നീ എന്ന സ്വപ്നസാക്ഷാത്കാരത്തിനായി എന്റെ ജീവിതം ഞാന്‍ മാറ്റി വയ്ക്കുന്നു .