Saturday, June 6, 2020

കംഫോർട്ട് സോൺ

ലോക്ക് ഡൗൺ തുടങ്ങിയ ശേഷം ജോലിയുടെ കാര്യത്തിൽ കുറച്ചേറെ ആശ്വാസമുണ്ട് . എന്നും ഓഫീസിൽ പോകേണ്ട, മൂന്നോ നാലോ ദിവസത്തിൽ ഒരിക്കൽ മാത്രം ജീവനക്കാർ ഹാജരായാൽ മതിയെന്നു ഡിപാർട്മെൻറ് ഉത്തരവിറക്കി. അവളുടെ സ്നേഹവും സാമീപ്യവും കൂടുതലറിയാൻ തുടങ്ങിയ അസുലഭ നിമിഷങ്ങൾ .  അവളോടുള്ള അടങ്ങാത്ത പ്രണയം ഓരോ പുലരിയിലും മൊട്ടുകൾ വിരിയിച്ചു. ഹോളണ്ടിൽ ട്യൂലിപ്പുകൾ പൂത്തുലഞ്ഞുനിൽക്കുന്നതിനേക്കാൾ സൗന്ദര്യം ഈ ജീവിതത്തിനുണ്ടെന്ന് തോന്നിയ നിമിഷങ്ങൾ . പെരുമ്പാമ്പ് ഇരയെ ഞെരുക്കും പോലെ പ്രണയമെന്നെ വരിഞ്ഞു മുറുക്കി. അതോ ഞാനെന്ന പെരുമ്പാമ്പിന്റെ ഇരയാണോ പ്രണയം ? അറിയില്ല പക്ഷെ ഒന്നറിയാം നോവുകളോ നൊമ്പരങ്ങളോ എന്നെ അലോസരപ്പെടുത്തിയില്ല .  ഈ സുഖം വിട്ടെങ്ങോട്ടും പോകാൻ എനിക്കാവില്ലെന്ന് മനസ്സ് ആവർത്തിച്ചു പറഞ്ഞു. 

ഇനിയിപ്പോ കൊറോണ നാട് വിട്ടു പോകാൻ തീരുമാനിച്ചാൽ എന്നെപ്പോലുള്ള സർക്കാർ ജീവനക്കാരുടെ അവസ്ഥ പരിതാപകരമായിരിക്കും. ഖലീൽ ജിബ്രാന്റെ ദി പ്രോഫറ്റിൽ ജോലിയെ കുറിച്ചുള്ള പരാമർശമോർത്തു. - ജോലി ഒരു ശാപമാണ് , അധ്വാനം  നിർഭാഗ്യവും ‌. പക്ഷെ അതല്ല സത്യം. ഈ ഭൂമിയിൽ സാക്ഷാത്കരിക്കപ്പെടാത്ത ഒരുപാട് സ്വപ്നങ്ങളുണ്ട്,പലരും പല കാലഘട്ടങ്ങളിൽ തുടങ്ങി വച്ചതാവാം. ആ സ്വപ്നങ്ങളെ സാക്ഷാത്ക്കരിക്കലാവണം നമ്മുടെ ജോലി. അധ്വാനിക്കുമ്പോൾ നമ്മൾ ജീവിതത്തെ സ്നേഹിക്കാൻ തുടങ്ങും. ആ സ്നേഹം നമ്മളെ സ്വയം തിരിച്ചറിയാൻ സഹായിക്കും.
ജീവിതത്തിൽ സന്തോഷത്തിന്റെ ഗ്രാഫ് ഒരിക്കലും യൂണിഫോം ആയിരിക്കില്ല. അതുകൊണ്ടാണ് അടുത്ത ദിവസം ഫീൽഡ് ഉണ്ടെന്ന് അറിയിച്ചു കൊണ്ടുള്ള  മുരളി സാറിന്റെ ഫോൺ കാൾ എന്നെ  അലോസരപ്പെടുത്തിയത്. ഫീൽഡിന് പോയാൽ ഏത് സമയത്തു തിരിച്ചെത്തുമെന്ന് പറയാനാവില്ല. ഓഫ് റോഡ് യാത്ര ശരീരമാകെ പിടിച്ചുലയ്ക്കും. അവളെ കാണാതെയും സംസാരിക്കാതെയുമുള്ള നിമിഷങ്ങളെ കുറിച്ചോർത്താൽ ശരീരത്തിന്റെ ഉലച്ചിലെത്ര  നിസ്സാരം. 

ബൊലേറോയിലുള്ള യാത്രയിൽ ഉടന്നീളം ചിന്തിച്ചത് അവളെ കുറിച്ച് മാത്രം.  ഈ ലോകത്ത്‌ ഞാനാരെയെങ്കിലും മിസ്സ് ചെയ്യുമെങ്കിൽ അത് നിന്നെ മാത്രമായിരിക്കും. വഴിയോരക്കാഴ്ചകൾ മനസ്സിൽ പതിയാതെ മാഞ്ഞു പോയി. കാറിനുള്ളിൽ സഹപ്രവർത്തകർ പരാതിയെ കുറിച്ചും അന്വേഷണത്തെ കുറിച്ചുമുള്ള ചർച്ചയിലാണ്. പരാതി പ്രകാരം അറുപതോളം പേരുടെ മൊഴി രേഖപ്പെടുത്തണം. ഇവരെയൊക്കെ കണ്ടെത്തി, ചോദ്യോത്തര മേളയൊക്കെ കഴിഞ്ഞിട്ടെപ്പോൾ ഞാനെന്റെ കംഫോർട്ട് സോണിൽ എത്തുമെന്നറിയില്ല. അങ്ങനൊരു കംഫോർട്ട് സോൺ എല്ലാർക്കും ഉണ്ടാകുമോയെന്നുമറിയില്ല. പക്ഷെ ഒന്നറിയാം എനിക്കെപ്പോഴും ആ സോണിലോടി ഒളിക്കാനാണിഷ്ടം. ആ സോണിലുറങ്ങാനിഷ്ട്ടം. അവിടെ ജീവിച്ചു മരിക്കാനാണാഗ്രഹം. 

കാടും മേടും താണ്ടിയുള്ള യാത്രയിൽ നെറ്റ്‌വർക്ക് കിട്ടണമെന്നില്ല. മിന്നാമിനുങ്ങിനെ പോലെ വന്ന് പോയാലായി. മൊഴി എടുക്കാൻ എത്രയേറെ ചോദ്യങ്ങൾ, വൈവിധ്യമായ ഉത്തരങ്ങൾ. ഉത്തരങ്ങളോരോന്നും കോർത്തൊടുവിൽ ഉണ്ടാക്കുന്ന മാല ഇട്ടാൽ ആർക്കും പരിക്ക് പറ്റാനും പാടില്ല. ജീവനക്കാർക്ക് ദോഷം വരാത്ത രീതിയിലാവണം കഥ പുരോഗമിക്കാൻ. കെട്ടു കഥകളിൽ താല്പര്യമുള്ളവർക്ക് അത് കൊടുത്താൽ പോരെയെന്ന് മനസ്സിൽ ഒരായിരം തവണ ചോദിച്ചിട്ടുണ്ട്. ഉത്തരം മറ്റൊന്നുമല്ല, ജനങ്ങളുടെയും മാധ്യമത്തിന്റെയും കണ്ണിൽ പൊടി ഇടാൻ ഇത് അനിവാര്യമാണ്. 
 
250  കിലോ മീറ്ററോളം കാടിനുള്ളിൽ സഞ്ചരിക്കുന്നതിലുള്ള മാനസിക അവസ്ഥ വിവരിക്കാനാവില്ല. വൈകിട്ട് ഏഴു മണിക്കൊരു ഓഫീസിൽ എത്തിയപ്പോഴാണ് തെല്ലൊരാശ്വാസം തോന്നിയത്. ശരീരത്തിൽ ജീവന്റെ ഒരംശം പോലുമുണ്ടെന്ന് തോന്നിപ്പിക്കാത്ത രീതിയിൽ മരവിച്ചിരിക്കുന്നു. എന്നാലും ജീവിക്കാനൊരു മോഹം ഇടയ്ക്കിടെ മാളത്തിൽ നിന്നും പുറത്തു വന്നു.  അവളെ ഫോൺ വിളിച്ചു പറഞ്ഞു ഒരു മണിക്കൂറിനുള്ളിൽ ഞാനെന്റെ കംഫോർട്ട് സോണിൽ ഉണ്ടാകുമെന്ന് . 

എസ് രമേശൻ നായരുടെ വരികൾ  "പൂമുഖ വാതുക്കൽ സ്നേഹം വിടർത്തുന്ന പൂന്തിങ്കളാകുന്നു ഭാര്യ " അർത്ഥവത്താക്കാൻ വേണ്ടിയാണോന്നറിയില്ല എന്നാലും കാത്തിരിപ്പിന്റെ മടുപ്പില്ലാതെ എന്നെയും കാത്തെന്റെ സഖിയുണ്ടായിരുന്നു, കൈയിൽ ജിബ്രാന്റെ ദി പ്രോഫേറ്റും. വായന നടന്നിട്ടില്ല കാരണം അച്ചായനും അച്ചായത്തിയും സായാഹ്‌ന സവാരിക്കിടയിൽ കുശലം പറയാൻ നിൽക്കുന്നുണ്ട്. അവരെ യാത്രയാക്കി സഖാവിന്റെ സഖിയായി മാറാൻ അവൾക്കധിക സമയം വേണ്ടി വന്നില്ല.  എന്റെ പെണ്ണിന്റെ കണ്ണുകളിൽ വിടർന്ന പ്രണയത്തിന്റെ കാരണം ജിബ്രാന്റെ വരികളോ അതോ ഞാനോ? എന്റെ സ്വാർത്ഥത ആവും : ഞാനല്ലെന്ന് വിശ്വസിക്കാൻ എനിക്കിഷ്ടമല്ല. ആ പ്രണയം സ്വീകരിക്കാൻ തയ്യാറായി ഞാനിതാ നിന്റെ മുന്നിൽ അടിയറവ് പറയുന്നു സഖി, എന്റെ അടിയറവിന്റെ ആദ്യ പടിയായി ഈ നെറുകയിൽ ഞാനൊന്ന് ചുംബിക്കുന്നു. അവളുടെ കണ്ണുകളിലെ തിളക്കം എന്റെ കാഴ്ചയെ ബാധിച്ചോ എന്ന് പോലും ചിന്തിക്കാനിഷ്ടപ്പെടാതെ എത്രയോ നേരം അവളെയും ചേർത്ത് ഞാൻ നിന്നു. 

ചായ എന്ന ലഹരിയിൽ അടിമപ്പെട്ടതെന്നാണെന്ന് ഓർക്കുന്നില്ല. ഏതു നേരത്തും ചായയുടെ ലഹരിയിലിരിക്കാൻ ഇഷ്ട്ടമാണ്.  പിടിയുള്ള സ്റ്റീൽ കപ്പിൽ ചായ തന്നവളെയും നെഞ്ചോട് ചേർത്തു നിർത്തി, അന്നനാളത്തിലൂടെ ഊർന്നിറങ്ങുന്ന ചായ കുടിക്കുന്നതിന്റെ ആനന്ദത്തിനാക്കം കൂട്ടിയത് മേഘങ്ങളിൽ നിന്നുമടർന്നു വീഴാൻ തുടങ്ങിയ മഴത്തുള്ളികളാണ്. അവളെ പ്രണയിക്കാൻ മഴയും ഞാനും തമ്മിൽ മത്സരിക്കുന്ന പോലെയുണ്ട്. മറ്റേത് കാര്യത്തിൽ തോറ്റു പോയാലും ഇതിൽ തോൽക്കാൻ ഞാൻ തയ്യാറല്ല. എന്നേക്കാൾ കൂടുതൽ അവളെ ആരും സ്നേഹിക്കുന്നതോ പ്രണയിക്കുന്നതോ എനിക്ക് സഹിക്കാനാവില്ല. 
രാവിലെ മുതലുള്ള ജോലിയുടെ ക്ഷീണമൊക്കെ എങ്ങോട്ട് പോയൊളിച്ചു?. ഈ പ്രണയമതെല്ലാം സ്വാംശീകരിച്ചെടുത്തെന്ന് തോന്നുന്നു. 

ശാരീരിക അസ്വാസ്ഥ്യം എന്നെ കീഴ്‌പ്പെടുത്താൻ തുടങ്ങി. തലവേദനയും നടുവേദനയും അസ്സഹനീയം. എന്നേക്കാൾ മുന്നേ അവളത് മനസ്സിലാക്കിയിരിക്കുന്നു. ആ മടിയിൽ തല ചായ്ച്ചുറങ്ങുമ്പോൾ കിട്ടുന്ന സുഖം മറ്റൊന്നിലും കണ്ടെത്താനായിട്ടില്ല. ഫീൽഡ് പോകുന്ന ദിവസങ്ങളിൽ തിരിച്ചെത്തിയാൽ ഞാനാഗ്രഹിക്കുന്നത് എന്താണെന്ന് അവൾക്കറിയാം.അത് കൊണ്ട് തന്നെ അവളുടെതായിട്ടുള്ള എല്ലാ തിരക്കുകളും നേരത്തെ തീർത്തു വച്ചിട്ടുണ്ടാകും. അത്താഴത്തിനുള്ള ഭക്ഷണം ഉൾപ്പെടെ എല്ലാം. എത്രയോ തവണ ഉണ്ടാക്കി വച്ച ഭക്ഷണം പോലും കഴിക്കാതെ ആ മടിയിൽ കിടന്നുറങ്ങി പോയിട്ടുണ്ട്. എന്നാലും ഇടയ്ക്ക് ഉണരുമ്പോൾ വിശന്നാലോ എന്ന് കരുതിയതാണ് ഭക്ഷണം കരുതിയിരിക്കുന്നത്. ആ രാത്രികളിൽ കവിത കേൾക്കണ്ട, പുസ്തകം വായിക്കണ്ട, സിനിമ കാണേണ്ട. ഒരു കുഞ്ഞിനെ പോലെ അവളുടെ സാമീപ്യവും ലാളനയും സ്നേഹവും മാത്രമേ എന്നെ സംതൃപ്തനാക്കൂ. എനിക്കറിയാം ചില രാത്രികളിൽ അവൾക്ക് ഇരുന്ന് നേരം വെളുപ്പിക്കേണ്ടി വന്നിട്ടുണ്ട്. ഒന്നിലും പരാതിയോ പരിഭവമോ ഇല്ലാതെയുള്ള അവളുടെ സമർപ്പണം, അവിടെയും എന്റെ സ്വാർത്ഥതയാണ് വിജയിക്കുന്നത്.
 ഞാനെന്തിനിങ്ങനെ സ്വാർത്ഥനാകുന്നു ? അവളുടെ സ്നേഹത്തിന്റെ ഒരു തരിമ്പു പോലും ചോർന്നു പോകുന്നത് എനിക്കിഷ്ടമല്ല. അതിൽ ഞാൻ സ്വാർഥനാണെന്ന് ഈ ലോകത്തോട് വിളിച്ചു പറയാൻ എനിക്കൊരു മടിയുമില്ല.  
ഫീൽഡിന് പോകാൻ ഇഷ്ട്ടമല്ലെങ്കിലും അത് കഴിഞ്ഞുള്ള നിമിഷങ്ങളെ ഞാനാസ്വദിച്ചു. എന്നും എപ്പോഴും  ചേക്കേറാൻ ആഗ്രഹിക്കുന്ന കംഫോർട്ട് സോണിലെ  വേഴാമ്പലുകളായി പ്രണയിക്കാൻ .