Wednesday, June 22, 2022

Today's Lesson - 1

  •  When someone comes to you for some help if you can help just help. Do not expect anything in return. They never came to you for a paid service to return something you need. Help is a free service. Favor is a free service. Do and let them go.
  • If you expect someone to understand your feelings you are the biggest fool. People don't even have time to understand their own feelings and needs. Then how can you expect those people to understand yours?


Monday, June 20, 2022

എന്നിലെ സ്വാർത്ഥത

ആഘോഷങ്ങളെന്നും ഒരുമയുടെ പ്രതീകമാണ് പക്ഷെ ചില കാര്യങ്ങളിൽ പുത്തൻ ആഘോഷങ്ങളോടും സമീപനങ്ങളോടും പൊരുത്തപ്പെടാൻ എന്റെ പഴഞ്ചൻ മനസ്സിന് കഴിയാറില്ല. എൺപതുകളിൽ ഗർഭം ധരിച്ചെങ്കിലും ഋതുഭേദങ്ങൾ മാറുന്നതറിയാതെ പിറന്നത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലായി പോയതൊരു കുറ്റമല്ലെങ്കിൽ നിങ്ങൾക്കെന്നെ പഴഞ്ചനെന്ന് മുദ്ര കുത്താം 

  ഡിസംബർ 31 ആണല്ലോ പുതുവർഷമായി  ലോകമെങ്ങും ആഘോഷിക്കുന്നത് പിന്നെന്തിനാണ് ഈ റെസിഡന്റ്‌സ് അസോസിയേഷൻ മാത്രം ജനുവരിയിലെ രണ്ടാമത്തെ ശനി തിരഞ്ഞെടുത്തിരിക്കുന്നതാവോ ? ആ തീരുമാനങ്ങളോട് യോജിക്കാൻ യുക്തിബോധമെന്നെ അനുവദിച്ചില്ലെങ്കിലും അവളുടെ  അപേക്ഷ നിരസിക്കാനായില്ല . കണ്ണാപ്പി പറഞ്ഞാൽ പിന്നെ ഇടം വലം നോക്കാതെ നമ്മൾ ചെയ്തിരിക്കും എന്നൊക്കെ അവളോട് വെറുതെ പറഞ്ഞാലും മിക്കവാറും അവൾ പറയുന്നതൊക്കെ സാധിച്ചു  കൊടുക്കും. 
പക്ഷെ ഇന്നിപ്പോ പരിപാടിക്ക് ചെല്ലാൻ നിർബന്ധിക്കുന്നത് വേറൊന്നുമല്ല  - അവളുടെ പ്രാർത്ഥനാ ഗാനവും ഒരു നൃത്തവുമുണ്ട്. കുറച്ചു ദിവസമായി വീട്ടിൽ അതിന്റെ ബഹളമായിരുന്നു. അവളുടെ കഴിവുകൾ എനിക്കിഷ്ടമാണ് പക്ഷെ അവൾ പാടുന്നതും നൃത്തം ചെയ്യുന്നതും എല്ലാം എനിക്ക് വേണ്ടി ആയിരിക്കണം. എനിക്ക് വേണ്ടി മാത്രം. അവളുടെ കാര്യത്തിൽ ഞാനൊരു സ്വാർത്ഥനാണ്. എനിക്കറിയാം. ഞാൻ വേണ്ടെന്ന് പറഞ്ഞാൽ അവളിന്ന് പങ്കെടുക്കില്ലായിരുന്നു പക്ഷെ ഇത്തവണ എതിരൊന്നും പറഞ്ഞില്ല. മറ്റൊന്നും കൊണ്ടല്ല, ഞങ്ങളുടെ ഇവിടുത്തെ താമസം ഉടനെ അവസാനിക്കും. ട്രാൻസ്ഫെർ ഓർഡർ കിട്ടാൻ കാത്തിരിക്കുകയാണ്.

മുൻ നിരയിലിരുന്ന് തന്നെ ഞാനവളുടെ പരിപാടി കാണണമെന്ന് സമ്മതിപ്പിച്ചു വച്ചിരുന്നത് കൊണ്ട് ആദ്യമേ തന്നെ സ്ഥാനം ഉറപ്പിച്ചു.പതിവ് പോലെ തന്നെ മൈക്ക് വിഴുങ്ങാൻ ഒരുപാടാളുകൾ ഉണ്ടായിരുന്നു. കാണികളെ മനസിലാക്കാതെയുള്ള പ്രാസംഗികർ എന്നും തലവേദനയാണ്. 

 പരിപാടിയൊക്കെ നന്നായി തന്നെ നടന്നു. പക്ഷെ അതിനു ശേഷം അത്ര നല്ലതായിരുന്നില്ല. പ്രകടനം ഗംഭീരമായെന്ന് പറയാൻ ഒരുപാട് പേർ അവളുടെ അരികിലേക്ക് വന്നു. അതെനിക്ക് തീരെയും സഹിക്കാൻ പറ്റുന്ന നിമിഷങ്ങൾ  ആയിരുന്നില്ല. അവളെ പുകഴ്‌ത്താൻ ഞാനുണ്ട്. അവളെ വിമർശിക്കാൻ ഞാനുണ്ട്. അവളുടെ എന്തിനും ഏതിനും ഞാനുള്ളപ്പോൾ എന്തിനാണ് മറ്റുള്ളവരുടെ ആവശ്യം?

സമയം കഴിയുന്തോറും എന്റെ മാനസിക നില മാറുന്നത് അവൾക്ക് മനസിലായി. ഇനി അധിക നേരം അവിടെ നിന്നാൽ പിന്നെന്ത് സംഭവിക്കും എന്നറിയാവുന്നത് കൊണ്ട് എല്ലാരോടും യാത്ര പറഞ്ഞ ശേഷം വീട്ടിലേക്ക് മടങ്ങി. മടക്ക യാത്രയിൽ അവളുടെ ഊർജ്ജവും പ്രസരിപ്പും കുറഞ്ഞിരുന്നു. പരിപാടിയുടെ ക്ഷീണമല്ല ഒരഗ്നി പർവതം പൊട്ടി തെറിക്കാൻ പോകുന്നുവെന്ന തിരിച്ചറിവ് അവളിൽ ടെൻഷൻ ഉണ്ടാക്കി.  എന്നാലും എനിക്ക് അടങ്ങി ഇരിക്കാനായില്ല. 2018 ൽ കേരളത്തിലുണ്ടായ പ്രളയം പോലെ വാക്കുകൾ കൊണ്ടൊരു ശര ശയ്യ തീർത്തു. ഞാൻ സമ്മതം മൂളിയത് കൊണ്ടാണ് ഇതെല്ലാമുണ്ടായതെന്ന സത്യം മറന്ന് കൊണ്ട് തന്നെയാണ് ഞാൻ പ്രതികരിച്ചു കൊണ്ടിരുന്നത്.

ചില കാര്യങ്ങൾ പലപ്പോഴും ഉൾക്കൊള്ളാൻ എനിക്ക് കഴിയാറില്ല. എന്റെ സ്വാർത്ഥത , അവളുടെ കാര്യത്തിൽ ഞാൻ തികച്ചും സ്വാർത്ഥനാണ്. മറ്റാരും അവളെ നോക്കുന്നത് എനിക്ക് സഹിക്കാൻ പറ്റില്ല. മറ്റാരും അവളോട് അടുക്കുന്നത് എനിക്കിഷ്ടമല്ല. അവളുടെ സ്നേഹം, ഇഷ്ടം, നോട്ടം, പാട്ട്, അങ്ങനെ എല്ലാമെല്ലാം എന്റേത് മാത്രമായിരിക്കണം. 

എന്റെ ഈ സ്വാർത്ഥത അവൾക്ക് കൃത്യവും വ്യക്തവുമായി അറിയാം. അത് കൊണ്ടാണ് മറുത്തൊരു വാക്കു പോലും പറയാതെ എല്ലാം കേട്ടിരിക്കുന്നത്. ചിലപ്പോൾ ചില ചോദ്യങ്ങൾ ഉന്നയിക്കാറുണ്ടെങ്കിലും ചന്തുവിനെ തോൽപ്പിക്കാൻ ഇന്നേ വരെ അവൾക്ക് കഴിഞ്ഞിട്ടില്ല. ജീവനുള്ളതും ഇല്ലാത്തതുമായ ഒരു വസ്തുവിനോടുമില്ലാത്ത ഒരുതരം ഭ്രാന്തമായ സ്വാർത്ഥത അവളിൽ എനിക്കുണ്ട്. അതുൾക്കൊള്ളാൻ മടിയില്ലെനിക്ക് പക്ഷെ എല്ലായ്‌പ്പോഴും അതിന്റെ പ്രത്യാഘാതം അവളിൽ വല്ലാത്ത മുറിപ്പാടുകൾ ഉണ്ടാക്കാറുണ്ട്. ഞാനെത്ര ശ്രമിച്ചിട്ടും എനിക്കെന്നോട് പറയാൻ സാധിക്കുന്നില്ല നീ ഇതിൽ സ്വാർത്ഥനാകൂ, ഇതിൽ ആവരുത് എന്നൊക്കെ. ഒരു നോട്ടം കൊണ്ട് പോലും അവൾ മറ്റൊരാൾക്കും സ്വന്തമാകുന്നത് സഹിക്കാനാവില്ല. ആ എനിക്ക് പിന്നെങ്ങനെയാണ് ഇത്തരം സാഹചര്യങ്ങളെ നേരിടാനാവുക.

 പെയ്ത് തോർന്ന മഴയിൽ  അന്തരീക്ഷമാകെ മാറി മറിഞ്ഞു. 
അവളെ ചേർത്ത് നിർത്തി പറഞ്ഞു " എനിക്കിഷ്ടല്ല , എനിക്കിതൊന്നും സഹിക്കാൻ പറ്റില്ല"
എന്നത്തേയും പോലെ " എനിക്കറിയാം" എന്ന് പറഞ്ഞവൾ മാറോട് ചേർന്നു  എന്നെ കൂടുതൽ സ്വാർത്ഥനക്കാനെന്ന പോലെ