ഞാൻ വായിക്കുന്ന മിക്ക പുസ്തകങ്ങൾക്ക് പിന്നിലും കഥകളോ കാരണങ്ങളോ ഉണ്ട്. എന്നാൽ പോലും യാഥ്യാർത്ഥങ്ങളെ അമിത സാഹിത്യ കമർപ്പില്ലാതെ പറയുന്നതാണ് എനിക്കിഷ്ട്ടം.
വർഷങ്ങൾക്ക് മുൻപ് (2011 ) ജേർണലിസം ക്ലാസ്സിൽ ജോൺ സാറാണ് chasing the monsoon എന്ന പുസ്തകത്തെ കുറിച്ച് പറഞ്ഞത്. തിരുവനന്തപുരത്തിനെ കുറിച്ചുള്ള സംസാരത്തിലാണ് ആ പുസ്തകം ക്ലാസ്സിലെ ചർച്ചാ വിഷയമായത്. ആ പുസ്തകത്തിന്റെ പേരും മറ്റ് പല പേരുകൾ പോലെ മായാതെ മനസ്സിന്റെ കോണിൽ ഉറങ്ങി കിടന്നു. 2017 ലാണ് ഓൺലൈൻ ഷോപ്പിംഗിനിടയിൽ ആമസോണിൽ ഈ പുസ്തകം വീണ്ടും തല പൊക്കിയത്. എന്നോ ഒരിക്കൽ ഉറക്കത്തിന്റെ ആഴങ്ങളിലേക്ക് പോയ അലക്സാണ്ടർ ഫ്രറ്റെറിനെ ആരാണ് വിളിച്ചുണർത്തിയതെന്ന് എനിക്കുമറിയില്ല പക്ഷെ ശീതകാല നിദ്രയിൽ നിന്നും ഫ്രറ്റെർ ഉണർന്നു. ഇനി ഉറങ്ങാനാവില്ല അത്കൊണ്ട് മാത്രം ഒരു കോപ്പി സ്വന്തമാക്കാൻ തീരുമാനിച്ചു.
നിലവിലെ കാലാവസ്ഥയിൽ വായിക്കാൻ കൊള്ളാവുന്നതാണ് ഈ പുസ്തകം. നിലവിലെ കാലാവസ്ഥ എന്ന് പറയുമ്പോൾ മഴ , പ്രളയം, മണ്ണിടിച്ചിൽ തുടങ്ങിയവ കൊണ്ട് കേരളം പ്രസിദ്ധിയാർജ്ജിക്കുകയാണ് .കാലവർഷം പ്രളയ ഭീഷണിയുമായി വന്നടുക്കുന്ന സമയത്തും കാലവർഷത്തിലേക്ക് അടുക്കാനാഗ്രഹിച്ച ഫ്രറ്റെർ എന്ന മനുഷ്യന്റെ ആഗ്രഹത്തിന്റെ തീവ്രതയാണ് ഈ പുസ്തകത്തിലൂടെ കാണാനും അറിയാനും കഴിയുന്നത് .
കാലവർഷം, ഇടവപ്പാതി തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്നതാണ് മൺസൂൺ. ഇന്ത്യയുടെ വൈവിധ്യത്തിന് ഒരു കാരണം ഈ മൺസൂൺ ആണെന്ന് പറയുന്നതിൽ തെറ്റില്ല .
കേരളം, ഗോവ , തമിഴ് നാട് , കൽക്കട്ട ചിറാപ്പുഞ്ചി തുടങ്ങിയ സ്ഥലങ്ങളിൽ കാലവർഷത്തിന്റെ ഭാവ വ്യത്യാസം സുന്ദരവും ഭയാനകവുമാണ്. പല സ്ഥലങ്ങളിലും മഴപെയ്യുമ്പോൾ പേടിക്കേണ്ടത് ഇഴജന്തുക്കളെയാണ് പ്രത്യേകിച്ച് പാമ്പുകൾ. കേരളത്തിൽ ഭാവിയിൽ ഉണ്ടാകാൻ സാധ്യതയുള്ള പ്രളയത്തെ കുറിച്ചും ഇതിൽ പറയുന്നുണ്ട്.