Monday, October 24, 2022

ഞാൻ അസ്വസ്ഥനാണ്

 ഞാൻ ഇഷ്ട്ടപ്പെട്ടവർക്കൊന്നും എന്നെ ഇഷ്ടപ്പെട്ടില്ല.. എന്താണ് കാരണമെന്ന് ചോദിച്ചാൽ എനിക്കുമറിയില്ല, കാണാൻ ലുക്ക് ഇല്ലാത്തതാണോ അതോ അക്കൗണ്ടിൽ ബാലൻസ് പോരാത്തത് കൊണ്ടോ അതുമല്ലെങ്കിൽ പുകവലി വെള്ളമടി എന്നീ ശീലങ്ങൾ ഉള്ളത് കൊണ്ടോ എന്തോ, ഏതായാലും ഞാൻ പ്രണയിച്ചവർക്കൊന്നും എന്നോട് പ്രണയം പോയിട്ട് ഒരു സഹാനുഭൂതി പോലും ഉണ്ടെന്ന് തോന്നിച്ചിട്ടില്ല. അത് കൊണ്ട് തന്നെ വിപ്ലവകരമായ വിവാഹ സങ്കല്പങ്ങളെല്ലാം കാറ്റിൽ പറന്ന് പറന്ന് ഏതോ മേഘത്തിനിടയിൽ ഒളിച്ചു. 

എന്നാലും സാഹചര്യങ്ങളുടെ സമ്മർദ്ദം കൊണ്ടോ അതോ ശാരീരിക ആവശ്യം കൊണ്ടോ വിവാഹിതനായി . ഏതോ നാട്ടിൽ ആർക്കോ ഉണ്ടായ ഒരു പെണ്ണിനെ കെട്ടി. അധിക്ഷേപിക്കുകയാണെന്ന് തോന്നരുത് ഇന്നത്തെ എന്റെ അവസ്ഥയിൽ ഇതിലും മാന്യമായി അഭിസംബോധന ചെയ്യാൻ എനിക്കാവില്ല.

വിവാഹം കഴിക്കുന്നതും കുട്ടികൾ ഉണ്ടാവുന്നതും ഇത്രയും വലിയൊരു കുരിശാകുമെന്ന് ഒരിക്കലും കരുതിയില്ല. ജീവിതത്തിൽ എടുത്ത ഏറ്റവും വലിയ തെറ്റായ തീരുമാനം വിവാഹം ആണെന്ന് തിരിച്ചറിയുന്നു. 


 ആഗ്രഹിച്ചതൊന്നും കിട്ടിയില്ലെങ്കിലും കിട്ടിയതിനെ പറ്റുന്ന പോലെ നോക്കാൻ ശ്രമിച്ചിരുന്നു. പ്രണയം ഒന്നുമില്ല കടമ എന്ന നിലയ്ക്ക് സഹിച്ചു പോകുന്നു.  ഏച്ചു വച്ചാൽ മുഴച്ചേ ഇരിക്കൂ എന്നത് അക്ഷരാർഥത്തിൽ ശരിയാണ് . അത് കൊണ്ടാണല്ലോ ഇത്രയും വർഷം കഴിഞ്ഞൊരു തിരിച്ചടിയായി അതെൻറെ ജീവിതം മുടക്കി നിൽക്കുന്നത്. വാൾ എടുത്തവൻ വാളാൽ , അതാണിപ്പോ എന്റെ അവസ്ഥ. ആ നശിച്ച തീരുമാനം ഇന്നെന്റെ മനസമാധാനം കളയുന്നു, എനിക്ക് ചുറ്റിലും നിൽക്കുന്നവരെ ബാധിക്കുന്നു ബുദ്ധിമുട്ടിക്കുന്നു. ക്യാന്സറിനേക്കാൾ മാരകമായി പടരുന്നു

ആഗ്രഹിച്ചു തിരഞ്ഞെടുത്തത് അല്ലാത്തത് കൊണ്ട്  ആദ്യ കാലങ്ങളിൽ തന്നെ ആ ജീവിതം എന്നെ മടുപ്പിച്ചു. എന്റെ സങ്കൽപ്പങ്ങളിൽ ഒന്നു പോലും ചേർന്നില്ല എന്ന് മാത്രമല്ല ചേർക്കാൻ ഒരു ശ്രമം പോലും മറു വശത്തു നിന്നുമുണ്ടായില്ല. എന്നും അഡ്ജസ്റ്റ് ചെയ്യേണ്ടി വന്നത് ഞാൻ ആയിരുന്നു. കാരണം പരാജിതനായ കോമാളിക്ക് ഇനിയെന്ത് ജീവിതം ?

മറ്റൊരു കാര്യം കൂടി പറയാം :  ഒരു കാരണവശാലും ആരോടും ഒന്നും തുറന്ന് പറയരുത്. പ്രത്യേകിച്ച് വിശ്വസിക്കാൻ കൊള്ളാത്ത, നിയമം അനുവദിച്ച ഭാര്യയോട്,  തോളിൽ കൈയിട്ട് നടക്കുന്ന കൂട്ടുകാരോട്, കാരണം എന്റെ സാന്നിധ്യത്തിലും അസാന്നിധ്യത്തിലും ചായക്കട അന്വേഷിച്ചു നടക്കുന്ന കൂട്ടുകാരന്മാർക്ക് ചായ  സൽക്കാരം കൊടുക്കാൻ തുറന്ന മനസ്സുമായി നിൽക്കുന്ന പതിവൃതയായ നിയമിത ഭാര്യമാർ എല്ലാ നിയമിത ഭർത്താക്കന്മാർക്കും സ്വര്യക്കേടാണ്‌. 

കടയിൽ പോയി കാശ് കൊടുത്തു വാങ്ങുന്ന പാവയെ ഉടമസ്ഥൻ കീ കൊടുത്തോടിക്കും പോലെ എന്റെ ജീവിതവും ആരോ കൊടുത്ത കീ കൊണ്ടോടിക്കൊണ്ടിരുന്നു. എനിക്കെന്നെ തന്നെ മടുത്തു തുടങ്ങി. അപ്പോഴാണ് അടുത്ത സ്ഥാനക്കയറ്റം കിട്ടിയത്- ഭർത്താവിൽ നിന്നും ഇരട്ട കുട്ടികളുടെ അച്ഛൻ.  

ആറു വർഷത്തെ ജീവിതം കൈച്ചിട്ട് ഇറക്കാനും വയ്യാ മധുരിച്ചിട്ട് തുപ്പാനും വയ്യാ എന്ന അവസ്ഥയിലെത്തി . ചിലപ്പോൾ തോന്നും ടീവിയിൽ കാണുന്ന ദൈവങ്ങളെ പോലെ അപ്രത്യക്ഷമാവാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് . പക്ഷെ അനുഭവങ്ങളുടെ നീണ്ട നിര വിധി, എനിക്ക് മുന്നിൽ പരവതാനി ആക്കുമ്പോൾ എവിടെയാണ് , എങ്ങനെയാണു,  എനിക്കൊരു രക്ഷപ്പെടൽ ഉണ്ടാവുക? 

ചുഴലിക്കാറ്റിന്റെ കണ്ണിലകപ്പെട്ട പോലെ വേദനകളും അനുഭവങ്ങളും എന്നെ ചുഴറ്റി കൊണ്ടിരുന്നു. എനിക്കീ ജീവിതം തന്നവരെ ഞാൻ വെറുത്തു , ഈ പ്രശ്നങ്ങൾ എന്റേത് മാത്രമാണെങ്കിൽ ഇതേ മാനസികാവസ്ഥയിൽ ഇനിയൊരു മനുഷ്യ ജന്മം ഉണ്ടാവാതെ ഉടയ തമ്പുരാൻ നോക്കട്ടെ. 

എന്റെ ജീവിതം തകർക്കാൻ വന്ന ആ സത്വം ആംഗലേയ സിനിമകളിൽ കാണുന്ന ജീവികളെക്കാൾ നികൃഷ്ടമായി മാറി. എന്നെ എന്റെ കുടുംബത്തിൽ നിന്നും അകറ്റി, കൂട്ടുകാരിൽ നിന്നും ഒറ്റപ്പെടുത്തി, കേസ്,  കോടതി അങ്ങനെ പല തരത്തിലായി മറുതയുടെ ഉപദ്രവം.

യൂദാസ് ക്രിസ്തുവിനെ ഒറ്റിയതും , ബ്രൂട്ടസ് സീസറിനെതിരെ ഗൂഢാലോചന നടത്തിയതുമൊക്കെയാണ് വഞ്ചനയുടെ  മൂർത്തീഭാവങ്ങളായി ഞാൻ പഠിച്ചിട്ടുള്ളത്. പക്ഷെ എന്റെ ജീവിതം എന്നെ പഠിപ്പിച്ചത്  മറുതയുടെയും കുടുംബത്തിന്റെയും മാരകമായ ഉപജാപക്രിയകൾ ഇതിനേക്കാളൊക്കെ മുകളിലാണെന്നാണ് .

ലോകത്തിലെ ഏറ്റവും വലിയ പൊട്ടൻ ആരാണെന്ന് എന്നോട്  ആരെങ്കിലും ചോദിച്ചാൽ ഞാൻ പറയും നിങ്ങളാരോടാണോ ചോദിച്ചത് അവനെക്കാൾ വലിയൊരു പൊട്ടൻ ഇത് വരെ ജനിച്ചിട്ടുണ്ടാവില്ല. കാരണം എനിക്കെന്നെ കുറിച്ച് നല്ല മതിപ്പാണ്. എന്താണെന്നല്ലേ? പറയാം..

കാരണം 1 

ആറു വർഷം പ്രതീക്ഷകളുടെ അരിമണികൾ വാരിവിതറി യൗവ്വനത്തിൽ ഒരുത്തി എന്റെ സ്വപ്നങ്ങളെ വേരോടെ പിഴുത് കളഞ്ഞു. കുട്ടിക്കാലം മുതൽ മനസ്സിനേറ്റ മുറിവുകൾ അവളോട് പങ്കുവച്ചിരുന്നപ്പോഴൊക്കെയും പ്രതീക്ഷിച്ചത് എന്നുമൊരു അത്താണിയായി കൂടെ കാണുമെന്നാണ്. എന്നും ഉച്ചയ്ക്ക് അവൾ കൊണ്ട് വരുന്ന പൊതിച്ചോറായിരുന്നു എന്റെ ഭക്ഷണം. വയറും മനസ്സും ഒരുപോലെ നിറഞ്ഞിരുന്ന ദിവസങ്ങൾ. എന്നിട്ടെന്തായി ? നിങ്ങളുടെ മനസ്സിൽ വന്നതെന്താണോ അത് തന്നെ ഉത്തരം. പവനായി ശവമായി... വർഷങ്ങൾ പഴക്കമുള്ളത് കൊണ്ട് മുഴുവൻ സംസാരവും ഓർമയിൽ ഇല്ല. എന്നാലും ഓർമയുള്ളത്  പറയാം - "ഞാനെന്ത് ഭാഗ്യമാണ് ചെയ്തത് നീ എന്നെ  ഇത്രയും പ്രണയിക്കാൻ " 
മഹാഭാഗ്യം -മതമില്ല, ജാതിയില്ല , ദൈവമില്ല മനുഷ്യന്  എന്ന് പറഞ്ഞ  സഹോദരൻ  അയ്യപ്പൻ ആക്കിയില്ല എന്നെ. കലാലയ ജീവിതത്തിൽ ഒരാളെ പ്രണയിച്ചു , ജീവിതത്തിൽ മറ്റാരുടെയോ ഭാര്യയുമായി. സമ്മതം മൂളാതെ വിഡ്ഢി വേഷം കെട്ടിച്ചു എന്നതൊഴിച്ചാൽ മറ്റൊരു പരാതിയുമില്ല.


കാരണം 2

എന്റെ പേരിനു ഹോം ലോൺ എടുത്ത് മറുതക്ക് കുടിയിരിക്കാൻ ഇരുനില ഭവനം നിർമ്മിച്ചു. എന്നിട്ടോ? ഒരു വർഷം തികയും മുന്നേ പ്രൊട്ടക്ഷൻ വാറണ്ട് വാങ്ങി എന്നെ ഇറക്കിവിട്ടു. ഇന്നെനിക്ക് കയറിക്കിടക്കാൻ വീടില്ല, യാത്ര ചെയ്യാൻ സ്വന്തമായി വാഹനമില്ല, ബാങ്ക് അക്കൗണ്ട് ബാലൻസ് ഇല്ല, എന്റേതെന്ന് കരുതിയതൊന്നും എന്റേതല്ലായിരുന്നു എന്ന സത്യം ഉൾക്കൊള്ളാൻ ഇതുവരെയും കഴിഞ്ഞിട്ടില്ല.


കാരണം 3

കുടുംബത്തിലെ ഏക പുത്രനായത് കൊണ്ട് സഹോദരിമാരുടെ വിവാഹം, മറ്റ് ബാധ്യതകൾ ഒക്കെയും എന്റെ ഉത്തരവാദിത്വങ്ങളായിരുന്നു( മുഴുവനായിട്ടല്ലെങ്കിലും ) അതിന്റെ ഭാഗമായി ഈ ഓണത്തിന് വിവാഹിതയായ സഹോദരി പുത്രിക്ക് സംഭാവനായി ഒരു ലക്ഷം രൂപ കൊടുത്തു. ചെയ്ത ഉപകാരത്തിന്റെ പ്രത്യുപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിക്കാതെ ഇരിക്കാം. പക്ഷെ എന്താണെന്നറിയില്ല എനിക്ക് ചുറ്റിലുമുള്ളവർ ആനന്ദം കണ്ടെത്തിയത് എന്റെ വേദനകളിലും മനഃസമാധാനക്കേടുകളിലുമാണ്. അതുകൊണ്ടാണല്ലോ എന്നെ ഇത്രയും ദ്രോഹിച്ചവരെ വിവാഹ ചടങ്ങിന്റെ ആദ്യം മുതൽ അവസാനം വരെ സൽക്കരിച്ചതും, മറുതയുടെ സാമീപ്യത്തിൽ എനിക്ക് വാട്സാപ്പ് വഴി ഭരണിപ്പാട്ട് അയച്ചതും.

....................

 ആകെയുള്ളത് സർക്കാർ ജോലി മാത്രം. ആ ജോലിയുടെ പേരിലാണ് നിലവിലെ  ഭീഷണികൾ ഒക്കെയും. നഷ്ടങ്ങളെക്കാൾ വലുതല്ല ഇനി നഷ്ടപ്പെടാനുള്ളത്.  

ചെളിക്കുണ്ടിൽ മുങ്ങി താഴുന്ന എന്നെ ചവിട്ടി താഴ്ത്താനാണ് എല്ലാവരും ശ്രമിക്കുന്നത്. അതിന്റെ കാരണം പെണ്ണിനോട് മാത്രമേ സമൂഹം എന്നും അനുകമ്പ കാണിച്ചിട്ടുള്ളു. അവളുടെ ചെയ്തികളിൽ നഷ്ടങ്ങൾ സംഭവിച്ച ആണിനും അവന്റെ വികാരങ്ങൾക്കും വേദനകൾക്കും  ഇവിടെ വിലയില്ല. എവിടെയാണ് തുല്യത അവകാശപ്പെടാനുള്ളത് ?പെണ്ണിന്റെ മാനത്തിനും അഭിമാനത്തിനുമുള്ള വില എന്ത്‌ കൊണ്ടാണ് ആണിനില്ലാത്തതു ?പ്രണയപ്പകയുടെ വാർത്തകൾ വായിക്കുമ്പോൾ ഇന്നെനിക്ക് അതിശയമില്ല. കാരണം അനുഭവിച്ചവർക്കേ അറിയൂ വേദനയുടെ തീവ്രത. 

ജീവിതത്തിന്റെ പകുതിയിൽ വിധി എന്നെ പഠിപ്പിച്ചത് മുഖം മൂടികളണിഞ്ഞവരാണ് മനുഷ്യർ. അവരുടെ യഥാർത്ഥ മുഖങ്ങൾ ഭയാനകവും ഭീകരവും  ബീഭത്സമുളവാക്കുന്നതുമാണ്. കൂടെ നിൽക്കുമെന്ന് പ്രതീക്ഷിച്ചവരൊന്നും കൂടെ നിന്നില്ല എന്നു മാത്രമല്ല ഒളിഞ്ഞും മറഞ്ഞും എന്നെ കുറ്റം പറഞ്ഞു കൊണ്ടേയിരുന്നു. ജീവിതം പച്ച പിടിപ്പിക്കാൻ ഞാൻ നടത്തിയ ശ്രമങ്ങൾ അറിയുന്ന രണ്ടു കൂട്ടുകാർ മാത്രം ഒപ്പം നിന്നു. അവരോട് മാത്രം ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നു. 


 "മാളിക മുകളേറിയ മന്നന്റെ മാറിൽ മാറാപ്പു കേറ്റുന്നതും ഭവാൻ " അക്ഷരാർത്ഥത്തിൽ ഇതാണ് എനിക്ക് സംഭവിച്ചത്. സ്വയം അവലോകനം ചെയ്യുമ്പോൾ ഞാൻ തിരിച്ചറിയുന്നു ഞാനറിയാതെ എന്നിലുണ്ടായിരുന്ന അഹന്തയും ഞാനെന്ന ഭാവവും. ഈ ലോകത്തിൽ നീ കാണുന്നതൊന്നും നീ കൊണ്ടു വന്നതല്ല. ഒന്നും നീ കൊണ്ടു പോകാനും കഴിയില്ല . ഈ സത്യങ്ങൾ ഞാനിന്നും ഉൾക്കൊണ്ടിട്ടില്ല. ഞാൻ അദ്ധ്വാനിച്ചുണ്ടാക്കിയതൊന്നും എന്റേതല്ല എന്ന് ചിന്തിക്കാൻ എനിക്കാവുന്നില്ല. എനിക്ക് ചുറ്റിലുമുള്ളവർ ജീവിതം ആസ്വദിക്കുമ്പോൾ ,പിച്ച വച്ച് തുടങ്ങാൻ പോലുമാവാതെ ശിലയായി ഉറച്ചു പോയി ഞാൻ. മഞ്ഞു മലകൾക്കിടയിൽ  ജീവൻ മാത്രം അവശേഷിക്കുന്ന ചണ്ടിയായ യതിയായി തണുത്തുറഞ്ഞു. ആഴത്തിൽ മുറിവേൽപ്പിച്ചാൽ പോലും ഒരു തുള്ളി ചോര പൊടിയില്ല; അകവും പുറവും ജഡീകരിക്കപ്പെട്ടു.

 അതെ , ഞാൻ അസ്വസ്ഥനാണ് .




Thursday, October 6, 2022

വിവേകമില്ലാത്ത - പ്രബുദ്ധ ഡ്രൈവിംഗ്

ഇങ്ങനെ ഒരു പോസ്റ്റ് എഴുതണമെന്ന് ആലോചന തുടങ്ങിയിട്ട് മൂന്ന് മാസമായി.  ഇന്നലെ നടന്ന അപകട വാർത്ത കൂടി വായിച്ചപ്പോൾ തോന്നി ഈ പോസ്റ്റ് ഇടാൻ വൈകിക്കൂടാ എന്ന് 

യാത്രകൾ അധികം ഇഷ്ടമല്ലെങ്കിലും ജോലി സംബന്ധമായി യാത്ര ചെയ്യാതിരിക്കാൻ നിർവാഹമില്ല. പ്രത്യേകിച്ചും ദീർഘ ദൂര യാത്രകൾ. സ്വന്തമായി ഡ്രൈവ് ചെയ്ത പോവുകയാണ് ആകെയുള്ള വഴി . 

ഡ്രൈവിംഗ് ഒരു കലയാണ് . നൃത്തം, സംഗീതം , മുതലായവ പോലെ മികവും കഴിവും വഴക്കവും വേണ്ട കല. ഡ്രൈവിംഗ് എന്ന കല ഇഷ്ടമില്ലാത്തത് കൊണ്ടല്ല മടിക്കുന്നത് , മറിച്ചു കലാവാസന തീരെ ഇല്ലാത്ത സഹജനങ്ങൾ തന്നെയാണ് കാരണം. 

കാലത്തിനു അനുസൃതമായ വാഹനങ്ങളാണ് റോഡിലൂടെ ഓടിക്കുന്നതിലേറെയും എന്നാൽ വാഹനമോടിക്കുന്ന കലാകാരൻ എങ്ങനെയാണു ആ കല രംഗത്ത്  അവതരിപ്പിക്കുന്നത് എന്നതിൽ ആശങ്കയുണ്ട് . 

അവതരണത്തിലെ  ചില പോരായ്മകൾ പറയാം 

  • ആവശ്യത്തിനും അനാവശ്യത്തിനും മുഴക്കുന്ന ഹോൺ. മുന്നിൽ എന്താണെന്ന് അറിയാതെയുള്ള നിർത്താത്ത ആർപ്പുവിളി.

  • എതിരെ വരുന്ന കലാകാരന്റെ കാഴ്ച്ച മങ്ങിയാലും പ്രശ്നമില്ല ഞാൻ ഒരിക്കലും ഹെഡ് ലൈറ്റ് ഓഫ് ചെയ്യില്ല എന്ന അഹന്ത . കമ്പനി ഇറക്കുന്ന ലൈറ്റുകൾ പോരാതെ, l e d വെളിച്ചം കൂടി ആകുമ്പോൾ മുന്നിൽ ഇരുട്ട് മാത്രമേ കാണാൻ സാധിക്കു കഴിഞ്ഞ മൂന്നു മാസമായി രാത്രി വാഹനമോടിക്കുന്ന ഡ്രൈവർ എന്ന നിലയിലാണ് ഞാനിത് പറയുന്നത് 
എതിരെ വരുന്ന വാഹനത്തിന്റെ വെളിച്ചം കണ്ണിലടിച്ചു എത്ര തവണ എനിക്ക് വാഹനം നിർത്തേണ്ടി വന്നിട്ടുണ്ടെന്നറിയോ? കാരണം മുന്നിലുള്ള റോഡ് , ദിശ ഒന്നും അറിയാൻ പറ്റില്ല 

  • നിയന്ത്രണമില്ലാത്ത വേഗത . കഴിവതും സുരക്ഷിതരായി യാത്ര ചെയ്യുന്നവരെ കൂടി മരണത്തിലേക്ക് പിടിച്ചു തള്ളുന്ന വേഗത 

  • bright മാറ്റാതെ ഇൻഡിക്കേറ്റർ ഇട്ടാൽ എതിരെ വരുന്നവർക്ക് കാണാൻ സാധിക്കില്ല.


ഒരു അപേക്ഷയാണ് രാത്രി വാഹനമോടിക്കുന്നവരോട് 

എതിരെ വാഹനം വരുമ്പോൾ ഒന്ന് dim ചെയ്യണം. 

മുന്നിൽ ടാങ്കർ ഉണ്ടെങ്കിൽ overtake ചെയ്യുമ്പോൾ സൂക്ഷിക്കണം . നിങ്ങളുടെ അശ്രദ്ധയിൽ പൊലിയുന്നത് നിങ്ങളുടെ മാത്രം ജീവിതമല്ല 
5minute താമസിച്ചാലും നമുക്ക് സുരക്ഷിതരായി എത്തുക എന്നതായിരിക്കണം MOTTO 

വെളിച്ചമില്ലാത്ത സ്ഥലങ്ങളിൽ റോഡ് മുറിച്ചു കടക്കരുത് , ചിലപ്പോൾ ഡ്രൈവർ നിങ്ങളെ കണ്ടെന്ന് പോലും വരില്ല 


പിന്നെ നമ്മുടെ വാഹന വകുപ്പിനോട് പറയാനുള്ളത് 


പകൽ ഇറങ്ങി നിന്ന് ഹെൽമെറ്റ്, നമ്പർ പ്ലേറ്റ്, പൊലൂഷൻ ഒക്കെ നോക്കുന്നതിന്റെ കൂട്ടത്തിൽ രാത്രി കാലങ്ങളിൽ കൂടി ഒന്ന് ശ്രദ്ധ വയ്ക്കണം 

ദേശീയ ഹൈവേയിൽ കൂടി കടന്നു പോകുന്ന അന്യ സംസ്ഥാന ലോറികൾ പലതും അനുവദിച്ച വെളിച്ചം മാത്രമല്ല ഉപയോഗിക്കുന്നത് 
മുന്നിൽ ഹാരം പോലെ 6 ലൈറ്റുകൾ വരെ ഓടുന്ന ലോറികൾ ഉണ്ട് 
ഒരു നിയന്ത്രണവുമില്ലാതെ നമ്മുടെ റോഡുകളിൽ കൂടി കടന്നു പോകുന്ന ഇവരെ ഒക്കെ വാഹന വകുപ്പല്ലേ നിയന്ത്രിക്കേണ്ടത്? നിങ്ങൾ ചെയ്തില്ലെങ്കിൽ പിന്നെ ആരാണ് ഇതൊക്കെ ചെയ്യുക ?

ഓരോ യാത്രക്കുള്ള ദിവസം അടുക്കുമ്പോഴും ഭയമാണ് മനസ്സിൽ, ടെൻഷൻ ആണ് 
അഞ്ചും ആറും മണിക്കൂർ ഈ സ്‌ട്രെസ്സോടെയാണ് ഞാൻ പലപ്പോഴും വണ്ടി ഓടിക്കുന്നത് 
കലാകാരന്മാരെ, കലാകാരികളെ  ------ ഏതെങ്കിലും ഡ്രൈവിംഗ് സ്കൂളിൽ ചേർന്ന് ലൈസൻസ് എടുത്താൽ മാത്രം പോരാ 
സ്വന്തം കഴിവും കൂടി ഉണ്ടെങ്കിലേ പറ്റൂ 

Please drive safely
Have some concern for your fellowmates
National highways are not the place for FORMULA ONE

If each one of us become alert then we can make the highways a safe place to drive

Overspeed is not the only matter of concern, but stay alert


*** There are drivers who follow the rules. I thank all those people. Hats-off