കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഓരോ തിരക്കുകള്‍ കാരണം ഫേസ് ബുക്കിന്റെ പടി
കയറാനായില്ല. ഇന്ന് ഏതായാലും മറ്റ് പരിപാടികള്‍ ഒന്നുമില്ല. ലോഗ് ഇന്‍ ചെയ്തു.
എന്റെ കാല്‍പ്പാദം സ്പർശിക്കാത്തത് കൊണ്ടാവും അമ്പതോളം നോട്ടിഫിക്കേഷന്‍സ്
ഉണ്ട്. എല്ലാം പതിവ് പോലെ അവന് ഇത് ഷെയര്‍ ചെയ്തു അവളിത് ലൈക് ചെയ്തു. എന്നും
അല്ലെങ്കിലും വല്ലപ്പോഴും സംസാരിക്കുന്ന ചിലരുടെ വാചകങ്ങളും ഉണ്ട്. പെട്ടെന്നാണ്
ഓര്‍മിച്ചത് ജോര്‍ജിന്റെ കല്യാണം. അയ്യോ ശരിക്കും മറന്നു പോയി, അവന്റെ മെസ്സേജ്
വിന്‍ഡോ എടുത്തു നോക്കിയപ്പോ അത് കഴിഞ്ഞു എന്ന് ഉറപ്പായി. അവന്റെ ക്ഷണക്കത്ത്
നോക്കാനായി ക്ലിക്ക് ചെയ്തത് മാറി മുകളില്‍ ഉണ്ടായിരുന്ന ലിങ്കിലേക്ക് എന്നെ കൊണ്ട്
പോയി.
മറക്കാന്‍ ആഗ്രഹിച്ചിട്ടില്ലാത്ത ഓര്‍മ്മിക്കാന്‍
തുനിയാത്ത ആളുടെ പ്രൊഫൈല്‍. എല്ലാം കഴിഞ്ഞിട്ട് പത്തു വര്‍ഷങ്ങള്‍ പിന്നിട്ടു
എന്നിട്ടും ഇന്നും ഒരു വാക്ക് പോലും മിണ്ടിയിട്ടില്ല. എന്ത് കൊണ്ടെന്ന്
ചോദിച്ചാല്‍ എനിക്കുത്തരമില്ല. ഒരേ നാട്ടില്‍ പത്തു വര്‍ഷം പരസ്പരം കാണാതെ അറിയാതെ
ജീവിച്ചു. ഒരിക്കലെങ്കിലും അയാള്‍ മിണ്ടാന്‍ ശ്രമിച്ചോ എന്ന് എനിക്കറിയില്ല പക്ഷെ
ഞാന്‍ ശ്രമിച്ചിട്ടില്ല. ഓരോ തവണ സംസാരിക്കാന്‍ അയാള്‍ ശ്രമിച്ചപ്പോഴൊക്കെയും ഞാന്‍
ഒഴിഞ്ഞു മാറി. ആ പ്രൊഫൈല്‍ , അതില്‍ അയാള്‍ ഒറ്റക്കായിരുന്നില്ല . അയാളുടെ
വിവാഹ ചിത്രങ്ങള്‍ കൊണ്ട് ആ പ്രൊഫൈല്‍ നിറഞ്ഞു കവിഞ്ഞു. ഞാന്‍ ഓര്‍ക്കുന്നു
, ജോര്‍ജാണ് എന്നോട് പറഞ്ഞത് അയാളുടെ വിവാഹം ഉറപ്പിച്ചു എന്ന്. ആ സമയത്ത് അവന്
എനിക്ക് ലിങ്ക് തന്നില്ല. അത് നന്നായി. വിവാഹശേഷം ഞാന്‍ അത് കാണണം എന്നവന്
പറഞ്ഞു. ഞാന്‍ കണ്ടു. കസവിന്റെ ഷര്‍ട്ടും മുണ്ടും ധരിച്ച വരനും പട്ടു സാരിയും
മുല്ലപ്പൂവും ചൂടിയ വധുവും. മനസ്സില്‍ എവിടെയോ എന്തോ ഒന്ന് തറച്ച പോലെ തോന്നി
പക്ഷെ നൈമിഷികം മാത്രമായിരുന്നു. ഇന്നും അയാളെ ഞാന്‍ എന്റെ കൂട്ടുകാരുടെ
കൂട്ടത്തില്‍ ചേര്‍ത്തിട്ടില്ല. ഞാന്‍ വീണ്ടും ആലോചിച്ചു, ഇനി എന്തിന് ഞാന്‍
മിണ്ടാതിരിക്കണം. കഴിഞ്ഞതെല്ലാം നല്ലതിനു എന്നാണല്ലോ ഗീതയില്‍ പറയുന്നത്. അത്
വിശ്വസിച്ചു കൊണ്ട് അയാള്‍ക്ക് ഞാന്‍ റിക്വസ്റ്റ് അയച്ചു. വൈകാതെ തന്നെ അയാള്‍ അത്
സ്വീകരിക്കുകയും ചെയ്തു. പ്രതീക്ഷിച്ചില്ല അയാള്‍ ആ റിക്വസ്റ്റ്
സ്വീകരിക്കുമെന്ന്. ജോര്‍ജിന്റെ വിവാഹത്തിന് അയാള്‍ പോയോ എന്ന് ഞാന്‍ ചോദിച്ചു .
അയാളെ ക്ഷണിച്ചില്ല എന്നായിരുന്നു മറുപടി . പെട്ടെന്ന് ഞാന്‍ തിരിച്ചറിഞ്ഞു വര്‍ഷങ്ങള്‍ക്കു ശേഷം ഞങ്ങള്‍ സംസാരിച്ചു എന്ന്. ആകസ്മികം എന്നല്ലാതെ എന്ത് പറയാന്‍. കൂടുതല്‍
ഒന്നും പറയാന്‍ എനിക്ക് തോന്നിയില്ല പക്ഷെ അയാള്‍ എന്നോട് എന്തോക്കൊയോ കാര്യങ്ങള്‍
ചോദിച്ചു കൊണ്ടിരുന്നു.
പുറത്ത് മഴ ശക്തമായി തുടങ്ങി. ഇടിയും മിന്നലും ഉണ്ട്. ഈ നാട്ടില്‍ കാറ്റടിച്ചാല്‍
വൈദ്യുതി പോകുമെന്ന് ഉറപ്പുള്ളത് കൊണ്ട് ഇരുട്ടിന്റെ വരവും പ്രതീക്ഷിച്ചിരുന്നു. എന്റെ
പ്രതീക്ഷ വെറുതെ ആയില്ല . അടുത്ത മിന്നലില്‍ വൈദ്യുതി പോയി. ഞാനും എന്റെ മൊബൈല്‍
വെളിച്ചവും മാത്രം. മറുവശത്ത് അയാളും.
നീണ്ട ഒരു കാലത്തിനു ശേഷം വീണ്ടും അയാളെ കണ്ടു മുട്ടേണ്ടി വരുമെന്ന്
അറിയാമായിരുന്നു.എന്നാലും ആ നിമിഷം ഇത്ര പെട്ടെന്ന് ഉണ്ടാകുമെന്ന് കരുതിയില്ല. പത്തു
വര്‍ഷം ? അല്ല അല്ലെ ? എന്റെ ചിന്തകളില്‍
ഞാന്‍ കരുതിയ പോലെ തന്നെ; സാഹചര്യങ്ങളാല്‍ വിവാഹം കഴിക്കേണ്ടി വന്നു എന്നായിരുന്നു
ആദ്യ വാക്കുകള്‍. എനിക്കൊന്നിലും പരാതി ഇല്ല ഒരു കാര്യം ഒഴികെ വിവാഹത്തിന് എന്നെ
ക്ഷണിച്ചില്ല. ഞാന്‍ ജീവനോടെ ഉണ്ടോ എന്ന് പോലും അയാള്‍ക്ക് അറിയില്ലായിരുന്നു.
അത്രയും അകലം ഇന്നത്തെ യുഗത്തില്‍ സാധിക്കുമോ? അയാള്‍ ടൈപ്പ് ചെയ്യാനെടുക്കുന്ന
സമയം ഞാന്‍ അയാളുടെ പ്രൊഫൈലിലേക്ക് വീണ്ടും കടന്നു കയറി. ചിത്രങ്ങളോരോന്നും
അയാളുടെ കുടുംബ ജീവിതത്തിന്റെ ആഴവും പരപ്പും വിളിച്ചോതി. അയാള്‍ ചോദിച്ചു എന്റെ
വിവാഹത്തെ പറ്റി . എനിക്ക് പറയാന്‍ ഏറെ ഒന്നുമില്ലായിരുന്നു. വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി സ്വീകരിച്ച ബന്ധം ,അതിന്റെ ആയുസ്സ് വെറും മൂന്ന് മാസം.
വിവാഹം എന്നതിനെക്കാള്‍ അതൊരു കരാര്‍ ആയിരുന്നു. അദ്ദേഹത്തിന് എന്നെ സ്വീകരിക്കാന്‍ കഴിയില്ല പക്ഷെ അദ്ദേഹം സ്നേഹിക്കുന്ന പെണ്ണിന്റെ കൂടെ ജീവിക്കാന്‍ ആ
വിവാഹം അനിവാര്യമായിരുന്നു. വിവാഹത്തിന് മുന്‍പേ ഏറ്റു പറഞ്ഞത് കൊണ്ട് ഒരു നാടക
രംഗം പോലെ എല്ലാം പെട്ടെന്ന് അവസാനിച്ചു.
ഇതു കേട്ടപ്പോള്‍ അയാള്‍ ആകെ
അസ്വസ്ഥനായി സംസാരിച്ചു. എന്നെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു കൊണ്ടുള്ള വാക്കുകളോട്
എനിക്ക് യോജിക്കാന്‍ കഴിഞ്ഞില്ല. കഴിഞ്ഞ
വര്‍ഷങ്ങള്‍ ഒക്കെയും അയാളെന്നെ സ്നേഹിച്ചു കൊണ്ടിരുന്നു എന്ന്. കഴിഞ്ഞ എട്ടു വര്‍ഷമായി
മറ്റൊരാളുടെ കൂടെ ജീവിക്കുന്ന ഒരാളാണ് പറയുന്നത് എന്നോടുള്ള സ്നേഹത്തിനു
കുറവില്ലെന്ന് . സഹതാപം തോന്നി അയാളോടല്ല അയാളെ കഴിഞ്ഞ എട്ട് വര്‍ഷമായി
പ്രണയിക്കുന്ന ആ കുട്ടിയോട്. അയാള്‍ അവളെ സ്നേഹിച്ചു കൊണ്ട് സ്വീകരിച്ചു കൊണ്ട്
പറ്റിക്കുക അല്ലേ ? അയാളുടെ വാക്കുകളില്‍ സ്നേഹം കാണാനെ എനിക്ക് കഴിഞ്ഞില്ല.
ഒരിക്കലും അയാളെ കുറിച്ച് ഓര്‍ക്കാത്ത എന്നോടുള്ള അയാളുടെ മനോഭാവം സ്നേഹം ആണെന്ന്
പറഞ്ഞു കൊണ്ടേ ഇരുന്നു. ദൈവമേ എത്ര നന്നായി ഞാന്‍ ഈ മനുഷ്യന്റെ ഭാര്യാ പദം
സ്വീകരിക്കാത്തത്. എല്ലാ പുരുഷന്മാരും ഇങ്ങനെ ആണോ ? അവസരം കിട്ടിയാല്‍ പെണ്ണിനോട്
കാമം എന്ന വികാരം മാത്രമേ തോന്നൂ? ഇത്രയും നാള് അയാളോട് മിണ്ടാതിരുന്നതിനെക്കാള്
ഈ നിമിഷം അയാളോട് മിണ്ടിയതിനു എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നി. വീണ്ടും
വീണ്ടും അയാള്‍ക്ക് എന്നോടുള്ള വികാരത്തെ കുറിച്ച് മാത്രം സംസാരിച്ചു. മറുപടി
അയാള്‍ക്ക് ആവശ്യം ഉണ്ടെന്നു തോന്നിയില്ല. പണ്ടും അതെ പോലെ ആയിരുന്നല്ലോ!
മഴ കുറഞ്ഞു. അയാളുടെ വാക്കുകള്‍ മഴയില്‍ ഒലിച്ചു പോയ പോലെ തോന്നി. ഭാഗ്യം,
ഇരുട്ട് വെളിച്ചത്തിന് വഴി മാറി . കൂടുതലൊന്നും പറഞ്ഞില്ല. ഞാന്‍ പോകുന്നു. ശുഭ
രാത്രി. നാളെ സംസാരിക്കാമെന്ന് അയാളും .
ലോഗ് ഔട്ട് ചെയ്ത് അത്താഴം കഴിക്കാമെന്ന് കരുതി എങ്കിലും കഴിക്കാന്‍
തോന്നിയില്ല. എന്തിനാവും അയാള്‍ നാളെ സംസാരിക്കാമെന്ന് പറഞ്ഞത് ? എനിക്ക് അയാളോട്
ഇഷ്ടവും പ്രണയവും ഉണ്ടെന്ന് കരുതുനുണ്ടാകുമോ? അങ്ങനെ കരുതുന്ന ഒരാള്‍ മറ്റൊരു
ജീവിതത്തെ കുറിച്ച് ചിന്തിക്കുമോ? നാളെ മുതല്‍ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണെന്ന്
തോന്നി. കുരച്ചാല്‍ കുഴപ്പമില്ല പക്ഷെ കടിച്ചാല്‍ പ്രശ്നമാണ്. പട്ടിയുണ്ട് സൂക്ഷിക്കുക എന്ന് ഞാന്‍ ഫേസ്
ബുക്കില്‍ കവര്‍ ഫോട്ടോ ഇടേണ്ടി വരുവോ ആവോ ?