നെഞ്ചിൽ ഒരായിരം മുള്ള് കുത്തിയിറങ്ങുന്നതിനെക്കാൾ വേദനയോടെയാണ് ഞാൻ ഈ ബ്ലോഗ് എഴുതുന്നത്, ഗാന്ധി ജയന്തി ആയത് കൊണ്ട് ജോലിക്കു പോകണ്ടല്ലോ എന്ന സന്തോഷത്തിൽ അൽപ്പം വൈകി ഉറക്കമെണീറ്റ എന്നെ കാത്തിരുന്നത് ബാലു ചേട്ടന്റെ വിയോഗ വാർത്തയാണ്. ഒരാഴ്ച മുൻപേ അപകടത്തിൽപ്പെട്ടു ചികിത്സയിൽ ആയിരുന്നെങ്കിലും ഇന്നലെ അർദ്ധരാത്രിയിൽ ഉണ്ടായ ഹൃദയാഘാതത്തെ തുടർന്നാണ് ആ ജീവൻ ഈ ലോകത്തോട് വിട പറഞ്ഞത്, സംഗീതം നിറഞ്ഞു തുളുമ്പിയ ആ ഹൃദയത്തിൽ ആഘാതമേല്പിക്കാൻ മാത്രം ക്രൂരമാണോ വിധി .
വർഷങ്ങൾക്ക് മുന്നേ ഉള്ള എന്റെ സ്കൂൾ കാലഘട്ടം. ഇൻഡി പോപ്പ് ഗാനങ്ങൾ ഇന്ത്യൻ സംഗീതത്തെ വല വീശി പിടിക്കുന്ന കാലം, മലയാളം ഗാനരംഗത്തു ഈസ്റ്റ് കോസ്റ്റ് മെടയുന്ന ആൽബം ഗാനങ്ങൾ. അതിനിടയിലൂടെ സ്വന്തം വഴി തെളിച്ചു വന്ന വയലിൻ മാന്ത്രികനാണ് ബാലഭാസ്കർ. കൈരളി ചാനലിൽ സംപ്രേഷണം ചെയ്തിരുന്ന കൺഫ്യൂഷൻ എന്ന പരിപാടി ആണ് എനിക്കാദ്യം ഓർക്കാൻ പറ്റുന്നത്. അന്നത്തെ കാലഘട്ടത്തിൽ നല്ല റേറ്റിംഗ് ഉണ്ടായിരുന്ന കൈരളിയുടെ പരിപാടി ആയിരുന്നു. വാലെന്റൈൻസ് ഡേ പ്രത്യേക അതിഥികളായി എത്തിയത് പ്രണയ വിവാഹിതരായ ബാലു ചേട്ടനും ലക്ഷ്മി ചേച്ചിയും .കോളേജിൽ തുടങ്ങിയ പ്രണയം വിവാഹത്തിൽ എത്തിയതിനെ കുറിച്ചും, പ്രണയ സമ്മാനമായി കറിവേപ്പിലയും ടൂത് ബ്രഷും നൽകിയ കാമുകനെ കുറിച്ചുമാണ് അന്നേറെയും സംസാരിച്ചത്. ആ സമ്മാനങ്ങൾ നൽകിയതിന് ബാലു ചേട്ടനിലെ കാമുകന് വ്യക്തമായ കാരങ്ങളുമുണ്ടായിരുന്നു. ആ പരിപാടിയിൽ കൂടിയാണ് ബാലു ചേട്ടനിലെ വയലിനിസ്റ്റിനെ അറിയുന്നത്.
പിന്നീട് അറിയുന്നത് ബാലു ചേട്ടനും കൂട്ടുകാരും ചേർന്ന് ഇറക്കിയ നീയറിയാൻ എന്ന ആൽബം റിലീസിനെ കുറിച്ചാണ്.തിരുവനന്തപുരം വി ജെ ടി ഹാളിൽ നടന്ന പരിപാടി മുൻ നിരയിലിരുന്ന് ഞാൻ കണ്ടു. ഏഴോ എട്ടോ ഗാനങ്ങൾ ഉണ്ടായിരുന്നു. അതിൽ ഇന്നും മനസ്സിൽ നിറഞ്ഞു നിൽക്കുന്ന ഗാനം " ആരു നീ എൻ ഓമനേ മിഴികൾ തേടും രാഗമോ ,.... എന്നു നീ സ്വന്തമായിടും തളിർ മേനി എന്നു ഞാൻ പുൽകിടും മധുമാസ രാവെന്നണഞ്ഞിടും പറയു നീ ...." ഹാളിൽ തന്നെയുള്ള കൗണ്ടറിൽ നിന്നും നീയറിയാൻ കാസറ്റ് സ്വന്തമാക്കി. വീട്ടിലെത്തി എത്രയോ തവണ കേട്ടു.ഊണിലും ഉറക്കത്തിലും അതിലെ വരികൾ മൂളി നടന്നു. ഇന്നത്തെ പോലെ യൂ ട്യൂബ് ഒന്നുമില്ലല്ലോ കേൾക്കാൻ ടേപ്പ് റെക്കോർഡർ മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളു.
എന്നിട്ടും ബാലു ചേട്ടനെ പരിചയപ്പെടാനുള്ള അവസരം എനിക്ക് ഒരിക്കലും കിട്ടിയില്ല.ഒരു നോക്ക് കാണാനും പരിചയപ്പെടാനും കാത്തിരുന്ന ദിവസങ്ങൾക്ക് വിരാമമിട്ട് കൊണ്ട് കൊല്ലത്തു വച്ച് ഞങ്ങളാദ്യമായി കണ്ടു. പരിഭ്രമം കാരണം ഒന്നും പറയാനായില്ല. നിഷ്കളങ്കമായ ആ ചിരി , ബാലു ചേട്ടൻ എന്നും മനസ്സിൽ വിടർത്തുന്ന സംഗീതം പോലെ പ്രസന്നമായിരുന്നു. ബാലു ചേട്ടനോടും ലക്ഷ്മി ചേച്ചിയോടുമൊപ്പമായിരുന്നു അന്നത്തെ അത്താഴം. അതിനു ശേഷവും നിരവധി പരിപാടികളിൽ ആ എളിയ കലാകാരനോടൊപ്പം ഒരേ വേദി പങ്കിടാൻ അവസരം ലഭിച്ചു.
എന്റെ ഉറക്കം കെടുത്തിയ നീയറിയാൻ പാട്ടുകൾ, ബാലു ചേട്ടന്റെ വയലിൻ , പത്താം ക്ലാസ്സിലെ എന്റെ പുസ്തകങ്ങളിൽ ബാലു ബാലു ബാലു എന്നെഴുതി നിറച്ച ദിനങ്ങൾ. ഹരമായിരുന്നു ബാലഭാസ്കർ എന്ന പ്രതിഭ. ബാലു ചേട്ടൻ പഠിച്ച ഇവാനിയോസിലും യൂണിവേഴ്സിറ്റി കോളേജിലും പഠിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി. യൂണിവേഴ്സിറ്റി കോളേജിന്റെ മതിലുകൾക്ക് പോലും സുപരിചിതമായിരുന്നു ബാലു ചേട്ടന്റെ സംഗീതം.
മരണവാർത്ത അറിഞ്ഞു ഞാൻ പൊട്ടി കരഞ്ഞു. എന്റെ ആരുമല്ല.ജീവിതത്തിൽ ഒരിക്കൽ മാത്രം സംസാരിച്ചിട്ടുള്ള ഒരാൾ പക്ഷെ സംഗീത വിസ്മയത്തിലൂടെ എത്രയോപേരുടെ മനസ്സറിഞ്ഞ ബാലു ചേട്ടൻ . വിങ്ങലോടെ മാത്രമേ ഓർക്കാൻ കഴിയുന്നുള്ളൂ. പുഞ്ചിരിക്കുന്ന മുഖത്തോടെയാണ് എല്ലാരും ബാലു ചേട്ടനെ ഓർക്കുന്നത്. ഏത് വേദിയിലും പ്രേക്ഷക ഹൃദയം കീഴടക്കുന്ന മാസ്മരിക സംഗീതം ഒളിപ്പിച്ചു വച്ചിട്ടുണ്ടാകും. പ്രേക്ഷക ഹൃദയത്തിലേക്കുള്ള വഴി കൃത്യമായി അറിയുന്ന ബാലു ചേട്ടൻ. ഇനി ഉള്ള സ്റ്റേജുകളിൽ ബാലു ചേട്ടന്റെ വയലിൻ കേൾക്കാൻ പറ്റില്ലല്ലോ എന്ന ചിന്ത എന്റെ മനസ്സിനെ കുത്തി മുറിവേൽപ്പിക്കുന്നു.ബാലു ചേട്ടന്റെ വയലിൻ ഇല്ലാതെയുള്ള പരിപാടികളെ കുറിച്ച് ചിന്തിക്കാൻ കഴിയുന്നില്ല. മലയാളികൾക്ക് പ്രിയപ്പെട്ട "മലർ കൊടി പോലെ, എന്നവളെ , തുമ്പി വാ" തുടങ്ങിയ ഗാനങ്ങൾ വയലിനിൽ അനായാസമായി കേൾപ്പിച്ചു. ഒപ്പം ബാലു ചേട്ടന്റെ പ്രെസെന്റഷനും കൂടി ആവുമ്പോൾ വല്ലാത്തൊരു ഫീൽ ആണ്. ആ ഫീൽ നികത്താൻ മറ്റാർക്കും കഴിയില്ല. പ്രണയവും സന്തോഷവും വേദനയും ഒരു പോലെ ഉണർത്താൻ വയലിനിൽ കൂടി കഴിയുമെന്ന് തെളിയിച്ച പ്രതിഭ.
അപകടത്തിൽ തേജസ്വിനി വിട്ടു പിരിഞ്ഞതോ ലക്ഷ്മി ചേച്ചിയുടെ അവസ്ഥയോ എന്തിനേറെ പറയുന്നു സ്വന്തം മരണം പോലും അറിയാതെ പോയി നമ്മുടെ പ്രിയപ്പെട്ട ബാലു . നിറഞ്ഞ പുഞ്ചിരിയും, രൂപത്തിലും ഭാവത്തിലും കാഴ്ചയിലും വ്യത്യസ്തമാർന്ന വയലിനും, മാന്ത്രിക സംഗീതവുമായി ഏതെങ്കിലും ഒരവരസത്തിൽ ഒരിക്കൽ കൂടി എന്നെ തേടി എത്തിയെങ്കിലെന്ന് വെറുതെ എങ്കിലും ആഗ്രഹിച്ചു പോകുന്നു. വെറുതെ ഈ മോഹങ്ങൾ എന്നറിയുമ്പോഴും വെറുതെ മോഹിക്കുവാൻ മോഹം. എന്റെ ഓർമകളിൽ നിങ്ങൾക്ക് മരണമില്ല.
അപകടത്തിൽ തേജസ്വിനി വിട്ടു പിരിഞ്ഞതോ ലക്ഷ്മി ചേച്ചിയുടെ അവസ്ഥയോ എന്തിനേറെ പറയുന്നു സ്വന്തം മരണം പോലും അറിയാതെ പോയി നമ്മുടെ പ്രിയപ്പെട്ട ബാലു . നിറഞ്ഞ പുഞ്ചിരിയും, രൂപത്തിലും ഭാവത്തിലും കാഴ്ചയിലും വ്യത്യസ്തമാർന്ന വയലിനും, മാന്ത്രിക സംഗീതവുമായി ഏതെങ്കിലും ഒരവരസത്തിൽ ഒരിക്കൽ കൂടി എന്നെ തേടി എത്തിയെങ്കിലെന്ന് വെറുതെ എങ്കിലും ആഗ്രഹിച്ചു പോകുന്നു. വെറുതെ ഈ മോഹങ്ങൾ എന്നറിയുമ്പോഴും വെറുതെ മോഹിക്കുവാൻ മോഹം. എന്റെ ഓർമകളിൽ നിങ്ങൾക്ക് മരണമില്ല.
കാത്തിരുന്ന് കിട്ടിയ തേജസ്വിനിയും സ്നേഹിച്ചു തീരാത്ത ഭർത്താവും നഷ്ട്ടപ്പെട്ട ലക്ഷ്മി ചേച്ചിയെ കുറിച്ചോർക്കാൻ കഴിയുന്നില്ല. അവിടെയും വിധി ക്രൂരതയാണ് കാണിക്കുന്നത്.
തീരാനഷ്ടം....
ReplyDelete