Wednesday, May 1, 2019

യുവത്വം ഇങ്ങനെയാണോ?

ഓരോ കാലഘട്ടത്തിലും വരുന്ന മാറ്റങ്ങൾ ഉൾക്കൊള്ളാൻ കഴിയാതെ വരുമ്പോൾ നമ്മൾ ഉപയോഗിക്കുന്ന പദമാണ് "ജനറേഷൻ ഗാപ് ". പത്തു വർഷത്തെ ഇടവേള ചെറുതല്ല .ഓരോ സെക്കന്റിലും ലോകം മാറുന്നു. ആ മാറ്റം അംഗീകരിക്കാത്തവർ ഈ ലോകത്തിൽ ജീവിക്കാൻ അർഹരല്ല. എന്നാലും സാമൂഹിക ബോധം എന്നൊന്ന് ഉണ്ടാവേണ്ടത് അനിവാര്യമല്ലേ? 

  പതിനാലു  വർഷം മുൻപ്  എന്റെ സ്കൂൾ കാലഘട്ടത്തിൽ അദ്ധ്യാപകർ എന്ന് പറഞ്ഞാൽ വിദ്യാർത്ഥികൾ ഭയ ഭക്തി ബഹുമാനത്തോടെയാണ് പെരുമാറിയിരുന്നത്. അതെന്നെ ആരെങ്കിലും പഠിപ്പിച്ചതാണോ അതോ കുടുംബത്തിൽ നിന്നും പകർന്നു കിട്ടിയതാണോ ? അതിനു ശേഷം കോളേജ് ജീവിതത്തിൽ അദ്ധ്യാപകർ കുറെ കൂടി അടുപ്പം കാണിച്ചു. എന്നാലും എന്റെ കൂടെ പഠിച്ച ആരും തന്നെ അധ്യാപകരോട് കയർത്തു സംസാരിക്കുന്നത് ഞാൻ കണ്ടിട്ടില്ല, തറുതല പറയുന്നത് കേട്ടിട്ടില്ല, താല്പര്യം ഇല്ലെങ്കിൽ ക്ലാസ്സിൽ കയറില്ല പക്ഷെ വർഷാവസാനം വരുന്ന പരീക്ഷയിൽ പഠിച്ചു ജയിക്കണമെന്നും ജീവിതത്തിൽ നല്ല നിലയിൽ എത്തണമെന്നും ഉള്ള ആഗ്രഹങ്ങൾ മിക്കവരും പറഞ്ഞു കേട്ടിട്ടുണ്ട്. 

പക്ഷെ ഇന്നത്തെ സ്ഥിതി അതല്ല. ഭയ ഭക്തി ബഹുമാനം  ഈ പറഞ്ഞ മൂന്നിൽ  ഒന്ന് പോലുമില്ല മിക്ക കുട്ടികൾക്കും. അല്ലെങ്കിൽ ഉള്ളത് പ്രകടിപ്പിക്കുന്നത് മറ്റേതൊക്കൊയോ രീതികളിലാണ്. പലപ്പോഴും അവരുടെ രീതികൾ  അംഗീകരിക്കാൻ പ്രയാസം തോന്നും. അദ്ധ്യാപകർ  ബഹുമാനം അർഹിക്കാത്തത് കൊണ്ടാണോ അതോ വിദ്യാർത്ഥികളുടെ  ശൈലി അതായത് കൊണ്ടാണോ? കാര്യ കാരണങ്ങൾ തിരിച്ചറിയാൻ പറ്റാതെ പോകുന്നു. give and take പോളിസി ആണ് ബഹുമാനം. പഠിപ്പിക്കുന്ന അദ്ധ്യാപകരുടെ പ്രായം പോലും മാനിക്കാതെ ഉള്ള പെരുമാറ്റ രീതികൾ അരോചകമായി തോന്നാറുണ്ട്. പലപ്പോഴും കുട്ടിയെ ഈ രീതിയിൽ പെരുമാറാൻ പ്രേരിപ്പിക്കുന്ന ഘടകം വീട്ടിലെ അന്തരീക്ഷമാണ്. അവർ കളിക്കുന്ന ഓൺലൈൻ കളികളിൽ മാനുഷിക മൂല്യങ്ങൾ ഇല്ല. 360 ഡിഗ്രി ചുറ്റളവിൽ പോലും ചുറ്റുപാട് കാണാതെ മൊബൈൽ നോക്കി ഇരിക്കുന്നത് മാത്രമാണ് അവരുടെ ലോകം. അത് വഴി ലോകം മുഴുവൻ കാണാം എന്ന അവരുടെ വാദം ഞാൻ  അംഗീകരിക്കുന്നു പക്ഷെ പാവയ്ക്ക കൈക്കും എന്ന് കഴിച്ചാൽ അല്ലെ മനസിലാകൂ അല്ലാതെ കണ്ടാലും കേട്ടാലും പോരല്ലോ.  അത് പോലെ ആണ് മൊബൈലിൽ അവർ കാണുന്ന ലോകവും. 

 വീട്ടുകാരോട് പെരുമാറുന്നത് പോലെയാണ് അദ്ധ്യാപകരോടും. അവരുടെ രീതികൾക്കനുസരിച് നമ്മൾ മാറണം ഇല്ലെങ്കിൽ ഭീഷണിയുടെ സ്വരമായി മാറും. പരീക്ഷയിൽ കോപ്പി അടിച്ചതിനു പിടിച്ചാൽ ഉടനെ പോയി തീവണ്ടിക്ക് മുന്നിൽ ചാടി ആത്മഹത്യ ചെയ്യുന്നതിന്റെ കാരണം ജീവിതത്തിൽ ഉണ്ടാവുന്ന പ്രശ്നങ്ങളെ നേരിടാനുള്ള കഴിവില്ലായ്മ ആണ്. കുട്ടികളെ ഈ രീതിയിൽ ആക്കുന്നത് നല്ലതും ചീത്തയും പറഞ്ഞു കൊടുക്കാത്ത മാതാ പിതാക്കളാണ്. എന്തെങ്കിലും തെറ്റിന് കുട്ടിയെ ശിക്ഷിച്ചാൽ ഉടനെ അദ്ധ്യാപകരെ ചോദ്യം ചെയ്യാനാണ് വീട്ടുകാർ ശ്രമിക്കുന്നത്. ഇതേ എടുത്ത് ചാട്ടം തന്നെയല്ലേ കുട്ടികളും കാണിക്കുന്നത്. ഒരിക്കലും കാര്യത്തിന്റെ സത്യാവസ്ഥ മനസ്സിലാക്കി തീരുമാനം എടുക്കാൻ ശ്രമിക്കാത്ത വീട്ടുകാരെ കണ്ടാണ് കുട്ടിയും വളരുന്നത്. അവരിൽ നിന്നും കൂടുതലൊന്നും പ്രതീക്ഷിക്കാനില്ല.

വായനയിൽ നിന്നും അകലുന്ന മനസ്സുകൾ ആശ്രയിക്കുന്നത് സോഷ്യൽ മീഡിയയിൽ വരുന്ന വാർത്തകളും വചനങ്ങളും മാത്രമാണ്. യഥാർത്ഥ ലോകത്തിൽ അവർ നേരിടേണ്ടി വരുന്നത് എന്താണെന്ന് അവർക്ക് പോലും അറിയില്ല. വായിക്കാൻ ഉള്ള പ്രായത്തിൽ വായിക്കാൻ പറയാൻ അച്ഛന് സമയമില്ല.വീട്ടിലെത്തുന്ന അച്ഛൻ മുഴുവൻ സമയവും മൊബൈലിൽ നോക്കി ഇരുന്നിട്ട് കുട്ടിയോട് അതുപയോഗിക്കരുത് എന്ന് പറയാൻ എന്തവകാശമാണുള്ളത്. വായനാശീലം പകർന്നു കൊടുക്കണം . അദ്ധ്യാപകർക്ക് അതിനു കഴിയണം.

പുത്തൻ തലമുറയിലെ കുട്ടികളുമായി ഇടപ്പെടേണ്ടത് എങ്ങനെ എന്ന് അദ്ധ്യാപകർക്ക് ക്ലാസ്സുകൾ നൽകണം.നമ്മളാരും എല്ലാം തികഞ്ഞവരല്ല. പക്ഷെ ശ്രമിച്ചാൽ ഓരോ നാളെയും നന്നാക്കാനുള്ള കഴിവ് നമ്മുക്കുണ്ട്.അതിനാണ് നമ്മൾ ശ്രമിക്കേണ്ടത്.


No comments:

Post a Comment