Thursday, July 28, 2022

ആഗസ്റ്റിലേക്കുള്ള ദൂരം

 മലയാളികളെ സംബന്ധിച്ച് ഓഗസ്റ്റ് മാസമെന്നത്  കർക്കിടക വാവിന്റെയോ ഓണത്തിന്റെയോ ദിവസങ്ങളാണ് . പക്ഷെ അത് മാത്രമാണോ  ഓഗസ്റ്റ് ? അല്ല . 

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം എട്ടാം മാസത്തിനെയാണ് ഓഗസ്റ്റ് എന്ന് പറയുന്നത്. അഗസ്റ്റസ് സീസർ എന്ന റോമൻ രാജാവിനോടുള്ള ആദരസൂചകമായിട്ടാണ് ഓഗസ്റ്റ് എന്ന പേര് നൽകിയത്. അഗസ്റ്റസ് എന്നാൽ ആദരണീയൻ എന്നാണ് അർദ്ധം. അങ്ങനെ എങ്കിൽ ആദരിക്കപ്പെടേണ്ട മാസമെന്ന അർത്ഥത്തിൽ ആണോ മഹാബലിയെ ആദരിക്കാൻ ഓണം ആഘോഷിക്കുന്നത്? ഇഹ ലോക വാസം വെടിഞ്ഞവരോടുള്ള ആദരവാണോ കർക്കിടക വാവ് ? ഇതിനുള്ള കൃത്യമായ ഉത്തരം എനിക്കുമറിയില്ല പക്ഷെ ഒന്നറിയാം ഓഗസ്റ്റിലെ ഓരോ ദിവസത്തിനും സവിശേഷതകളേറെയുണ്ട് . ആഗസ്റ്റിലേക്കൊരു കാത്തിരിപ്പുണ്ട് , പലർക്കും പല കാരണങ്ങൾ 

ഞാനും കാത്തിരിക്കുന്നത് ഇതേ ആഗസ്റ്റിലേക്കാണ് . സ്വപ്നങ്ങൾക്ക് പ്രതീക്ഷകളുടെ ചിറകുകൾ മുളയ്ക്കാൻ, ആഗ്രഹങ്ങൾക്ക് സന്തോഷത്തിന്റെ പൂത്തിരി കത്തിക്കാൻ, ഇഷ്ട്ടങ്ങൾക്ക് സ്നേഹത്തിന്റെ ഭാവങ്ങൾ പകരാൻ ആഗസ്റ്റിലേക്ക് ഉറ്റുനോക്കി ഇരിക്കുകയാണ് 

രണ്ട് വർഷം മുൻപൊരു ഓഗസ്റ്റ് 15 ഉണ്ടായിരുന്നു. ആ ദിവസത്തിന്റെ പ്രത്യേകത അറിയുമോ? നാഷണൽ റിലാക്‌സേഷൻ  ഡേ. അങ്ങനൊരു ദിവസം നിങ്ങൾ കേട്ടിട്ടുണ്ടോ? ഞാൻ കേട്ടിട്ടില്ല പക്ഷെ കേരളത്തിന്റെ കാശ്മീർ എന്നറിയപ്പെടുന്ന പൊൻ‌മുടിയിൽ പറന്നു നീങ്ങുന്ന മേഘങ്ങൾക്ക് നടുവിൽ നിന്നപ്പോൾ എനിക്കുതോന്നിയിരുന്നു അവന്റെ സ്നേഹ സാമീപ്യം പകരുന്ന റിലാക്‌സേഷൻ എന്ന ആശ്വാസത്തിന്റെ മാധുര്യം നുണഞ്ഞ ആ ദിവസത്തിന് ചേർന്ന പേരു തന്നെയാണ്  അതെന്ന്

കാത്തിരിപ്പിനു അർത്ഥമില്ലെന്ന് തോന്നിപ്പിക്കുന്ന നിമിഷങ്ങളിൽ കൂടി നടക്കുമ്പോൾ തോന്നും ജീവിതമെന്ന ഞാണിന്മേൽക്കളി ഒന്നവസാനിച്ചെങ്കിലെന്ന് എങ്കിലും  രണ്ട് വർഷത്തിനിപ്പുറമുള്ള ഓഗസ്റ്റ് എങ്ങനെ ആയിരിക്കുമെന്നത്  ചിന്തകൾക്കതീതമായൊരു വർണസുന്ദരമായ മാസ്മരികതയുടെ   ലോകമായിരിക്കാം എന്ന പ്രത്യാശയുടെ പാത തിരഞ്ഞെടുക്കാതിരിക്കാനുമാവില്ല 

മാസങ്ങളും ദിവസങ്ങളും കടന്ന് ഓഗസ്റ്റ് ഇങ്ങെത്തുമ്പോൾ മനസ്സിൽ ഒരുപാട് ചോദ്യങ്ങളുണ്ട്. അതെ, ഉത്തരങ്ങളില്ലാത്ത  ചോദ്യങ്ങൾ തന്നെയാണ് മിക്കതും. ഉത്തരങ്ങളില്ലാത്തത് കൊണ്ട് ചോദ്യങ്ങൾക്ക് പ്രസക്തി ഇല്ലാതാവുന്നില്ല. കാരണം , എന്നെങ്കിലും ഒരിക്കൽ ജീവിത യാത്രയിൽ ഉത്തരങ്ങൾ തെളിയും. 



No comments:

Post a Comment