ഐതീഹ്യങ്ങൾ കള്ളമല്ല എന്ന് തെളിയിക്കാനുള്ള ചിലരുടെ സ്വാർത്ഥത കൊണ്ടോ അതോ സമ്മാനങ്ങൾ നൽകുമ്പോൾ മറ്റുള്ളവരിൽ വിരിയുന്ന പുഞ്ചിരിയും സന്തോഷവും കാണാനുള്ള ആഗ്രഹം കൊണ്ടാണോ എന്നറിയില്ല, എങ്കിലും "secret santa " എന്ന കലാപരിപാടി ഡിസംബർ രാവുകളിൽ പതിവാണ് .
സാമൂഹിക വ്യവസ്ഥ പെരുമ്പാമ്പിനെ പോലെ വരിഞ്ഞു മുറുക്കുന്ന സാഹചര്യങ്ങളിൽ ചില സമയത്തു സന്തോഷത്തോടെയും മറ്റ് ചിലപ്പോൾ താല്പര്യമില്ലാതെയും ഇതിന്റെ ഭാഗമാകേണ്ടി വന്നിട്ടുണ്ട് എനിക്ക് .
2023 -ൽ എന്റെ secret santa സമ്മാനിച്ചതാണ് അമിതവ് ഘോഷിന്റെ "The Hungry Tide ". ഒരു കഥ അല്ലെങ്കിൽ ഫിക്ഷൻ വായിച്ചു മുഴുമിച്ചിട്ട് ഒരുപാട് നാളായി. തിരക്ക് കൊണ്ടോ, സമയം കണ്ടെത്താൻ കഴിയാത്തതു കൊണ്ടോ എന്നറിയില്ല പക്ഷെ ഒരു തിരിച്ചറിവുണ്ട് വായനാ ശീലം നന്നേ കുറഞ്ഞിരിക്കുന്നു. സ്വയം പഴിക്കുകയല്ലാതെ മറ്റാരെയും കുറ്റപ്പെടുത്താനില്ല .പലതും വായിക്കാൻ എടുത്തിട്ടും ഒന്നും പൂർണമാക്കാൻ സാധിക്കുന്നില്ല.
പല വിഷയങ്ങളുടെയും ഒരൊത്തുചേരലാണ് ഈ പുസ്തകം - ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ , നിലനിൽപ്പിനു വേണ്ടിയുള്ള പോരാട്ടങ്ങൾ, സുന്ദർബൻസ് എന്ന പ്രദേശത്തെ കണ്ടൽ കാടുകൾ, പക്ഷി മൃഗാതികൾ, മനുഷ്യ ബന്ധങ്ങൾ - എല്ലാത്തിലും ചരിത്രവും ഭൂമി ശാസ്ത്രവും ഒളിഞ്ഞു കിടക്കുന്നുണ്ട്. ഇതിന്റെ ഉള്ളറകളിൽ ഒളിഞ്ഞിരിക്കുന്ന സത്യങ്ങൾ അറിഞ്ഞോ അറിയാതെയോ എന്നറിയില്ല ,ഈ പുസ്തകം എനിക്ക് സമ്മാനിച്ചത് ഒരു സോഷ്യൽ സയൻസ് അധ്യാപകനാണ് .വായനയുടെ ലോകത്തിൽ എനിക്കിന്നും സ്ഥാനമുണ്ടെന്ന് ഓർമിപ്പിച്ചതിനു രഞ്ജിഷ് സാറിന് നന്ദി.
കണ്ടൽ കാടുകളുടെ മാസ്മരിക ലോകത്തിലേക്കിറങ്ങുമ്പോൾ അനുഭവിക്കുന്ന പിരിമുറുക്കവും മാനസിക സമ്മർദ്ദവും ഉറക്കത്തെ സാരമായി തന്നെ ബാധിച്ചു . കാടിന്റെ നിശബ്ദതയും കാറ്റിന്റെ ഭീകരതയും ഉപബോധ മനസ്സിനെ ആഴങ്ങളിലേക്ക് തള്ളിയിട്ടു. സാഹചര്യങ്ങളുടെ സമ്മർദ്ദം മനുഷ്യനെ പലായനത്തിനു നിർബന്ധിതനാക്കുന്നു എന്നാൽ പലായന നിയമങ്ങൾ ആപേക്ഷികമാണ് . സാമൂഹിക വ്യവസ്ഥിതികളുടെയും രാജ്യത്തിൻറെ രാഷ്ട്രീയതയുടെയും അടിസ്ഥാനത്തിൽ അവ മുതലകളെ പോലെ കരയിലും കടലിലുമായി മാറി മറിയുന്നു. പഠനവും ജോലിയും സംബന്ധിച്ച പലായനങ്ങൾ രാജ്യങ്ങൾ സ്വീകരിക്കുമ്പോൾ യുദ്ധഭീതിയിൽ നിലനിൽപ്പിനു വേണ്ടിയുള്ള പലായനങ്ങൾ ചട്ട വിരുദ്ധമായി മുദ്രകുത്തുന്നു.
വന്യ മൃഗങ്ങളുടെ ആക്രമണത്തിൽ ഉറ്റവരെ നഷ്ടപ്പെടുന്നവരുടെ വേദനയ്ക്കാണോ പ്രാധാന്യം അതോ പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്താൻ ആവശ്യമായ വന്യ മൃഗങ്ങളുടെ നിലനിൽപ്പാണോ?
ഭൂമിയിൽ നമുക്ക് മനുഷ്യരും വേണം, പക്ഷി മൃഗാതികളും വേണം, മരങ്ങളും എല്ലാം വേണം എങ്കിൽ മാത്രമേ ഭൂമിയുടെ സുന്ദര്യം എല്ലാവർക്കും ആസ്വദിക്കാൻ കഴിയൂ. പക്ഷെ ഈ കാലഘട്ടത്തിൽ "പ്രാധാന്യത്തിന് " പ്രാധാന്യമേറെയാണ്. മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള പരസ്പര പോരാട്ടമാണ് , മനുഷ്യൻ കാട് വെട്ടി തെളിച്ചു ഭൂമി സ്വന്തമാക്കാൻ ശ്രമിക്കുമ്പോൾ , മൃഗങ്ങൾ ആവാസവ്യവസ്ഥ നഷ്ട്ടപ്പെട്ട് നാട്ടിലേക്കിറങ്ങുന്നു.
ചില ബന്ധങ്ങൾ ഒറ്റ വാക്കിൽ പറയാനാവില്ല. ആരാണെന്നോ എന്താണെന്നോ അറിയാത്ത ഒരാത്മബന്ധം ചിലരോട് നമുക്ക് തോന്നും. എന്നും കാണാതെയും സംസാരിക്കാതെയും അവർ നമ്മുടെ മനസ്സിന്റെ ഒരു കോണിൽ ഉണ്ടാവും, ആരുമല്ലാതെ, അപരിചതരായി. ആർത്തിയോടെ ഇരമ്പുന്ന തിരയിലും ആവേശത്തോടെ ആഞ്ഞടിക്കുന്ന കൊടുങ്കാറ്റിലും മുങ്ങി പോകുന്നത് മണ്ണും മനുഷ്യനും മൃഗങ്ങളുമാണ്. ഇന്ന് അവശേഷിക്കുന്ന പലതും ചരിത്രങ്ങളായി ആഴങ്ങളിലെ മണൽ തിട്ടകളിൽ വിശ്രമിക്കാൻ പോകും . വിശ്രമിച്ചു മടുക്കുമ്പോൾ എന്നെങ്കിലുമൊരിക്കൽ ഏതെങ്കിലും ഗവേഷകർക്ക് മുന്നിൽ പ്രത്യക്ഷപ്പെടും - തിരനോട്ടത്തിനായി.
ഈ വർഷം ഞാൻ വായിച്ചു തീർക്കുന്ന അവസാനത്തെ പുസ്തകമാവാം ഇത്. അപ്രതീക്ഷിതമായി കിട്ടിയ ഈ സമ്മാനം സന്തോഷത്തോടെയും ഇഷ്ടത്തോടെയും അതിലേറെ താത്പര്യത്തോടെയും വായിക്കാൻ എനിക്ക് കഴിഞ്ഞു.
No comments:
Post a Comment