Saturday, May 30, 2026

നീല ഗിരിയുടെ സമ്മാനം

 കഴിഞ്ഞ വർഷം നീല ഗിരി കുന്നിലേക്ക് ഞാനെന്നെ പറിച്ചു നടാൻ പോകുമ്പോൾ മനസ്സിലാകെയുള്ള കണക്ക് കൂട്ടൽ  സാമ്പത്തികമായി മെച്ചപ്പെടണം.അതിൽ കൂടുതലൊന്നും ആഗ്രഹിക്കാനോ മോഹിക്കാനോ താഴ്വരകളിൽ ഉണ്ടായിരുന്നില്ല. എവിടെ നോക്കിയാലും തേയില തോട്ടങ്ങളും, പച്ചക്കറി കൃഷിയും, മൂടൽ മഞ്ഞും, കുന്നിൻ ചരിവിലൂടെ ഇഴഞ്ഞു നീങ്ങുന്ന TN 43 വാഹനങ്ങളും കൂടാതെ വിനോദ സഞ്ചാരികളുടെ KL അഥവാ  KA വാഹനങ്ങളും . അതിശയിപ്പിക്കുന്ന പ്രകൃതി സൗന്ദര്യം ഒന്നോ രണ്ടോ ദിവസം മനസ്സിന് കുളിർമ തോന്നിപ്പിക്കും പക്ഷെ അത് കഴിഞ്ഞാൽ പിന്നൊരു മരവിപ്പാണ്. മാറ്റങ്ങൾ ഇല്ലാതെ എന്നും ഒരേ കുന്നും താഴ്വരയും. ചുറ്റുമുള്ള മനുഷ്യ ജീവിതങ്ങൾ പോലും തണുത്തുറഞ്ഞ അവസ്ഥയാണ്. ഈ മൂകതയിൽ നിന്നും മോചനം കിട്ടിയത് ബ്രൗണിയെ കാണാൻ തുടങ്ങിയ ശേഷമാണ് . 

കടുവയും പുലിയും ആനയും പോത്തും വാഴുന്ന വന്യതയുടെ ആഴങ്ങളിൽ നിന്നും വന്ന ബ്രൗണി . പേര് പോലെ തന്നെ ബ്രൗൺ നിറമാണ് അതുകൊണ്ടാവും എല്ലാവരും അവനെ ബ്രൗണി എന്ന് വിളിച്ചു . ആരോടും പെട്ടെന്ന് ഇണങ്ങും. ബിസ്ക്കറ്റ് മാത്രം കൊടുത്തു ഞാൻ പിടിച്ചെടുത്ത സ്നേഹവും വിശ്വാസവുമാണ് ഇന്നെന്റെ വീട്ടിലെ ഒരംഗമായി മാറിയ ബ്രൗണി. പലരും അവനു ഭക്ഷണം കൊടുത്തു മോഹിപ്പിച്ചു എന്നിട്ട് നാട്ടിലേക്ക് പോകാൻ സമയമായപ്പോ മനുഷ്യന്റെ സ്വഭാവം കാണിച്ചു. എനിക്കെന്തോ അവനെ അവിടെ ഉപേക്ഷിച്ചു വരാൻ തോന്നിയില്ല. സ്വാഭാവികമായ മനുഷ്യ ഭയം കാരണം യാത്രയ്ക്ക് തലേ ദിവസം കുത്തിവെപ്പ് നടത്തി. അങ്ങനെ എല്ലാ തലത്തിലും ബ്രൗണി തയ്യാറായി കഴിഞ്ഞു ഒരു നീണ്ട യാത്രക്ക്. 

അവനറിയില്ല ഞാൻ എങ്ങോട്ടാണ് കൊണ്ട് പോകുന്നതെന്ന്. ആദ്യമായിട്ടാണ് കാറിലെ യാത്ര. അത് കൊണ്ട് തന്നെ മനുഷ്യനെ പോലെ ബ്രൗണിക്കും motion sickness ബാധിച്ചു. ഓരോ തവണയും കാറിൽ നിന്നിറക്കി വൃത്തിയാക്കി കുറച്ചു നേരം കഴിഞ്ഞു വീണ്ടും യാത്ര തുടർന്നു. മൂന്ന് തവണ അവൻ സ്വയമേ കാറിൽ കയറി എങ്കിലും നാലാം തവണ അവൻ വിമുഖത കാണിച്ചു എന്ന് മാത്രമല്ല എന്നിൽ നിന്നും അകന്നകന്ന് പോയി,എന്നോടപ്പം വരാൻ തയ്യാറല്ലാത്ത പോലെ. വിട്ടു കളയാൻ ഇഷ്ടമല്ലെങ്കിൽ പോലും പിടിച്ചു നിർത്താൻ എനിക്കവകാശമില്ലാത്ത പോലെ തോന്നി. ചിലപ്പോൾ അവനിഷ്ടം ആ വന്യതയിൽ പതുങ്ങിയിരിക്കുന്ന ജീവിതമാകാം. അങ്ങനൊക്കെ ആശ്വസിച്ചു യാത്ര തുടർന്നെങ്കിലും വീട്ടിലെത്തിയിട്ട് എനിക്ക് മനഃസമാധമില്ലാതായി . പൂർണമായി ബ്രൗണിയെ ഉപേക്ഷിക്കാൻ ഉപബോധ മനസ്സെന്നെ അനുവദിച്ചില്ല. പലരോടും തിരക്കി സാദ്ധ്യതകൾ അറിയാൻ. ചിലർ പറഞ്ഞു അവന്റെ സ്വന്തം കുന്നിലേക്ക് തന്നെ മടങ്ങിപ്പോകും. ഡോഗ് സ്‌ക്വാഡിൽ ജോലി ചെയ്യുന്ന ചേട്ടനോട് തിരക്കി. ചേട്ടൻ ഉറപ്പിച്ചു പറഞ്ഞു ഒരു കാരണവശാലും ഇത്രയും ദൂരം അവൻ പോകില്ല.ആ വാക്കിന്റെ ബലത്തിൽ അവനെ അന്വേഷിച്ചു തിരിച്ചു പോകാൻ തന്നെ തീരുമാനിച്ചു; വനം വന്യ ജീവി വകുപ്പിലെ ഉദ്യോഗസ്ഥനായ ഭർത്താവ് തന്നെയാണ് ഇങ്ങനെ ഒരു തീരുമാനത്തിന് കാരണം. 

ബ്രൗണിക്ക് നമ്മുടെ കൂടെ നില്ക്കാൻ താല്പര്യമുണ്ടെങ്കിലോ എന്ന ഒറ്റ പ്രതീക്ഷയിൽ  ഒരു  തവണ കൂടി നീലഗിരിയിലേക്ക് പോകാൻ ഞങ്ങൾ തീരുമാനിച്ചു.  ചുരം കയറിയപ്പോൾ കണ്ട കടകളിലും ഫുഡ് ട്രക്കിലും എല്ലാം ബ്രൗണിയെ തിരക്കി . ചില ആളുകൾ അവനെ തലേന്നാൾ കണ്ടു. പക്ഷെ എങ്ങോട്ട് പോയെന്ന് അവർക്കും അറിയില്ല. അവിടെ മുഴുവൻ നോക്കിയെങ്കിലും ഞങ്ങളുടെ കണ്ണിൽപ്പെടാതെ അവനെവിടെയോ മറഞ്ഞിരുന്നു.ഏതേലും ഗ്രാമത്തിലേക്ക് കയറി പോയാൽ പിന്നെ കിട്ടാനുള്ള സാധ്യത കുറവാണ്  എന്നാലും പ്രതീക്ഷ കൈ വിടാതെ , ചില ആളുകൾക്ക് ഫോൺ നമ്പർ കൊടുത്തിട്ട് ഞങ്ങൾ നിരാശയോടെ മടങ്ങി. ഞങ്ങളുടെ കാത്തിരിപ്പ് വെറുതെ ആയില്ല.പ്രതീക്ഷക്ക് അവസാനം കുറിച്ച് കൊണ്ടൊരു ഫോൺ കാൾ വന്നു. ബ്രൗണിയെ കിട്ടി. അവനൊരു കടയുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടു. നാല് ദിവസത്തെ മനസമാധാനക്കേടിന് അന്ത്യം കുറിച്ചു. 

അടുത്ത ദിവസം വീണ്ടും നീലഗിരിയിലേക്ക് തിരിച്ചു- ലക്ഷ്യബോധത്തോടെയുള്ള യാത്ര. ലേശം സന്നാഹങ്ങളൊക്കെ ഉണ്ട് ഇത്തവണ യാത്രയിൽ; അടച്ചുറപ്പുള്ളൊരു കൂട് . യാത്രയുടെ ബുദ്ധിമുട്ട് കുറയ്ക്കാമെന്ന്  കരുതി എടുത്ത് വച്ചതാണ്. 

അവിടെ എത്തിയപ്പോൾ സൂര്യാസ്തമനമായി . ചെക്‌പോസ്റ്റിലെ കുളിമുറിയിൽ അവനെ അവർ പൂട്ടി ഇട്ടിരുന്നു. ഭക്ഷണം കഴിക്കാൻ കൂട്ടാക്കുന്നില്ല എന്ന് ഫോണിൽ കൂടി അറിയിച്ചിരുന്നു. എന്നെ കണ്ടതും അവന്റെ സ്ഥിരം പിണക്കവും കരച്ചിലും ഒക്കെ ആയി. ഒരു ദിവസം മുഴുവൻ ഒറ്റയ്ക്ക് കിടന്നതിനെ പരിഭവം വേറെയും. എന്നാലും എല്ലാത്തിനുമൊടുവിൽ അവനെ കിട്ടിയല്ലോ അത് തന്നെയാണ് വേണ്ടിയിരുന്നത്.

ഇത്തവണ കൂടൊന്നും വേണ്ടി വന്നില്ല. അനുസരണയുള്ള കുട്ടിയെ പോലെ ഡിക്കിയിൽ മിണ്ടാതെ കിടന്നു. യാതൊരു തരത്തിലുള്ള യാത്ര ക്ലേശങ്ങളുമില്ലാതെ രാത്രിയോടെ ഞങ്ങൾ കൂടണഞ്ഞു.