Friday, October 3, 2014

സ്വപ്നം കാണാൻ നാട്ടിലേക്ക്

കഴിഞ്ഞ കുറെ മാസങ്ങളായി യാത്രകൾ ഒഴിവാക്കാനാവാത്ത കാലാവസ്ഥ വ്യതിയാനം പോലെ ജീവിതത്തിനെ വരിഞ്ഞു മുറുക്കി. അപ്പ്രതീക്ഷിതമെന്നു വിശേഷിപ്പിക്കാനാവില്ലെങ്കിലും വിളിക്കാതെ കയറി വരുന്ന അധിതിയെക്കാൾ മനോഹാരിതയാത്രകൾ സമ്മാനിക്കാറുണ്ട്. മലയാളികളുടെ സ്വന്തം ഉത്സവമായ ഓണനാളിൽ തുമ്പപൂവും ചെത്തിയുമിട്ടൊരു പൂക്കളമൊരുക്കി, തൂശനിലയിൽ രണ്ടിനം പായസവും കൂട്ടിയൊരു സദ്യ കഴിക്കാനെന്നാഗ്രഹിച്ച് തലേന്ന് തന്നെ വണ്ടി കയറി. കൃത്യ സമയത്ത് തന്നെ എത്തിച്ചേർന്ന തീവണ്ടിയിൽ കയറുമ്പോൾ പതിവിലുമധികം സന്തോഷിച്ചു; ഒരാഴ്ച ജോലിയുടെ മടുപ്പിക്കുന്ന  കൂടിൽ നിന്നുമൊരു മോചനം,ഒന്നുമാലോചിക്കാതെ ഒന്നും തന്നെ ചിന്തിക്കാതെ അലസ്സമായ് കിടന്നുറങ്ങാനുള്ള സന്തോഷം, ഓണത്തിരക്കിൽ അലഞ്ഞു തിരിഞ്ഞു സർക്കാർ വക ഊഞ്ഞാലിൽ ആടി തിമിർക്കാൻ, വിവിധ വർണങ്ങളിൽ മരചില്ലകളിലും കെട്ടിട സമുച്ചയങ്ങളിലും പതിപിച്ച ദീപാലങ്കാരം, ഒരു സ്നാപ്പിൽ ഒതുക്കനാവാതെ അവ മനസ്സിലൂടെ ഓടി കൊണ്ടിരുന്നു.ഇതിനെല്ലാമുപരി മഴയിലും വെയിലിലും വാടാതെ , എന്നും മാറ്റുരയ്ക്കുന്ന എന്റെ പ്രണയത്തിൻ അരികിലേക്ക് , സ്വപ്നങ്ങളിലേക്ക് ഓടി എത്താൻ മനസ്സ് കൊതിച്ചു.

പച്ച പരവതാനി വിരിച്ച വയലേലകൾക്കരികിലൂടെ ചുക് ചുക് ശബ്ധത്തിൽ അവൾ പാഞ്ഞു. ഒന്നിലേറെ ജില്ലകളൾ കടന്നുള്ള യാത്രാ മധ്യേ പല മുഖങ്ങൾ , ഭാഷ ശൈലികൾ , പല തരം വിശേഷങ്ങൾ . ഒരു യാത്രയും വൈവിധ്യങ്ങളുടെ പര്യായാമായ് തോന്നി. സ്റ്റേനുകൾ പലതുമൊരു ഫ്ലാഷ് ബാക്കായി. തൃശൂർ എന്ന് പരക്കെ അറിയപ്പെടുന്ന തൃശിവപേരൂർ  പട്ടണത്തിൽ നിർത്തി . അലസ്സമായ വേഷത്തിൽ ആ ജനാലയ്ക്ക് അരികിൽ അവരെന്റെ നോട്ടം പിടിച്ചു പറ്റി . കടുക് മണിയോളം പോന്ന മൂക്കുത്തി അണിഞ്ഞ് , തലമുടിയുടെ നീളം കുറച്ച് പ്ലാറ്റ് ഫോമിൽ കിടന്ന അവരെ മൃഗശാലയിലെ കൂടിനുള്ളിലെക്കെന്ന പോലെ എല്ലാവരും നോക്കി നടന്നു. ബീഡിയുടെ പുറം തോൽ പരിചെറിഞ്ഞ് പുകയില തിരുമ്മി പല്ലിനിടയിൽ തിരുകി സ്വന്തം കാലടികളിൽ തല ചായ്ച്ച് കിടന്നു. എന്തോക്കൊയോ ആലോചിക്കുന്ന പോലെ പുകയിലയുടെ ആലസ്യത്തിൽ അവർ മലർന്ന് കിടന്നു. അവരെ ഈ അവസ്ഥയിലാക്കിയ സാഹചര്യം ആലോചിക്കാൻ മനസ്സെന്നെ അനുവദിക്കും മുന്നേ തീവണ്ടി മുന്നോട്ട് നീങ്ങി.

സമയം വൈകി തുടങ്ങി . നീലാകാശം കമ്മ്യൂണിസത്തെ വരവേറ്റു. മറെതോ നാട്ടിൽ വെളിച്ചം പരത്താനുള്ള വെപ്രാളത്തിൽ സൂര്യൻ കാർമേഘങ്ങൾക്ക് പിറകിൽ മറഞ്ഞു. ചൂടിനൊരൽപ്പം കുറവു തോന്നി . മേഘങ്ങളിൽ കാറ്റിൻ കരങ്ങൾ പല രൂപങ്ങളും ഭാവങ്ങളും ഭാവഭേദങ്ങളും തീർത്തു . പരിചിതവും അല്ലാത്തതുമായ രൂപ സാദൃശ്യം. വർണ്ണ പ്രതിഭാസത്തിൻ മാറ്റൊലി ചാർത്തി ഏഴു നിറങ്ങളാൽ അലങ്കരിച്ച മഴവില്ല് .. കല്യാണ വിരുന്നുകളിൽ വളച്ചു വച്ച തെർമോകൂളിൽ ബലൂണുകൾ പതിപിച്ച് കൃത്രിമത കാട്ടും പോലെ അല്ല , അസ്തമന സൂര്യ വെളിച്ചത്തിൽ ഇരുണ്ട് കൂടിയ കാർമേഘങ്ങൾക്കിടയിൽ അതി സുന്ദരിയായ് , വേർതിരിക്കാൻ ആവാത്തത്രയും ലയിച്ചവൾ ആകാശത്ത് പുഞ്ചിരി തൂകി നിന്നു .

എത്രയോ ദൂരം നീങ്ങി സ്വന്തം നാട്ടിൽ തല ചായ്ക്കാൻ പോകുന്ന സന്തോഷം പറഞ്ഞറിയിക്കാനാവില്ല. മാനത്ത് തെളിഞ്ഞ അമ്പിളി മാമനെ നോക്കി കണ്ണും നട്ടിരുന്ന നേരമത്രയും മനസ്സിലൊരു ചിന്ത മാത്രം സ്വകാര്യമായ് കിടന്നുറങ്ങാൻ പറ്റുന്ന നിമിഷങ്ങൾ. വയലേലകളിൽ നിന്നും കൊക്കിൻ പറ്റം പറന്നു പൊങ്ങി.അന്ധകാരത്തിൻ പുതപ്പ് അന്തരീക്ഷത്തെ മൂടി.വിശാലമായ പാടത്തിനു നടുവിലെ കുടിലിൽ നിന്നും റാന്തൽ വെളിച്ചം മെഴുകു തിരി നാളം പോലെ തെളിഞ്ഞു. സ്റ്റേഷനുകൾ വിച്ചനതയുടെ മൂടു പടം അണിഞ്ഞ് നിശ്ശബ്ധതയിൽ മയങ്ങി. പാലത്തിൻ മുകളിലൂടെ മെല്ലെ നീങ്ങിയപ്പോൾ വിദൂരത്ത് മിന്നാമിന്നി കൂട്ടം പോലെ ഒരു പറ്റം വള്ളങ്ങൾ -തിരയും തീരവും കാണാതെ കാണുന്ന മീൻ പിടിത്ത തോണികൾ.

ഇളം തെന്നൽ ജനൽ കമ്പികൾക്കിടയിലൂടെ തഴുകി തലോടി. ഇല വച്ച് കറിയെല്ലാം വിളമ്പി പക്ഷെ ചോറിനു വേണ്ടിയുള്ള കാത്തിരിപ്പ്‌ പോലെയാണ് അവസാന നിമിഷം തീവണ്ടി പിടിച്ചിടുമ്പോൾ തോന്നുന്നത്. ഒടുവിൽ പ്ലാറ്റ്ഫോം ഒന്നിൽ തന്നെ നിർത്തി റെയിൽവേ സഹായിച്ചു . ഒരായിരം നക്ഷത്രങ്ങൾ ആകാശമാകെ അലങ്കരിചെന്നെ സ്വീകരിച്ചു. ഉത്സവ ലഹരിയിൽ മുങ്ങി നഗരം. വീട്ടിലെത്തി . ഒടുവിൽ പ്രണയം തുളുമ്പുന്ന നിശയുടെ മാറിൽ ചാഞ്ഞു സ്വപ്നങ്ങളിലേക്ക് വഴുതി വീണു.

No comments:

Post a Comment