Sunday, February 5, 2017

ഹോസ്റ്റല്‍



തിയേറ്റര്‍ റോഡ്‌ തിരിഞ്ഞ് അര കിലോമീറ്റര്‍ എത്തുന്നതിനു മുന്‍പേ വലത് ഭാഗത്ത് ആ ബോര്‍ഡ്‌ കണ്ടു. ചതുരത്തിലുള്ള മഞ്ഞ ബോര്‍ഡില്‍ കറുത്ത നിറത്തില്‍ എഴുതിയിരുന്നത് “ വര്‍ക്കിംഗ്‌ വിമന്‍സ് ഹോസ്റ്റല്‍”.ഓട്ടോക്ക് കാശ് കൊടുത്ത് ചുറ്റുപാടും നോക്കി. മൂന്ന്‍ നില കെട്ടിടം , താഴെയും മുകളിലും കടകളും ഹോട്ടലും ആണ്.ഇടയില്‍ കൂടി ഉള്ള വഴിയെ നടന്ന് കയറിയാല്‍ ഒന്നിലധികം വീടുകള്‍ കാണാം.അതിര്‍ വരംബ് നിശ്ചയിച്ച് മതിലുകള്‍ കൊണ്ട് കെട്ടി മറയ്ക്കാത്ത വീടുകള്‍.ഏറ്റവും അവസാനം കാണുന്നതാണ് ഹോസ്റ്റല്‍ എന്ന്‍ കൂടെ വന്ന തപാല്‍ ഓഫീസ് ജീവനക്കാരന്‍ പറഞ്ഞു.
ഇരു നില കെട്ടിടം. പെയിന്റ് ഒന്നും അടിച്ചിട്ടില്ല.പുത്തന്‍ കെട്ടിടം ആണെന്ന്‍ കണ്ടാലും തോന്നില്ല. വാര്‍ഡന്‍ ഇറങ്ങി വന്നു. വെളുത്ത് സുന്ദരി ആയ ഒരു സ്ത്രി. ചര്‍മ്മം കണ്ടാല്‍ പ്രായം തോന്നിക്കില്ല എങ്കിലും അവര്‍ക്ക് പ്രായം ഉണ്ടെന്ന് തുടര്‍ന്നുള്ള സംസാരത്തില്‍ നിന്നും മനസിലായി. മുറിയില്‍ ഒഴിവുണ്ടെന്ന് പറഞ്ഞു. പിന്നെ നിയമാവലി തുറന്നു. ഡിസംബറിലെ തണുപ്പുള്ള രാത്രിയില്‍ യാത്ര പുറപ്പെട്ടത് ജയിലിലേക്കാണോ?
“മുറി കാണിച്ചു തരാം. പോന്നോളൂ”
ഞാനും അമ്മയും വാര്‍ഡന്റ്റെ കൂടെ പോയി മുറി കണ്ടു. ആറു കട്ടിലുകള്‍ മുറിയുടെ പല ഭാഗങ്ങളിലായി ഇട്ടിരിക്കുന്നു. എല്ലാത്തിന്റെ മുകളിലും പായും തലയിണയും ഉണ്ട്.അവകാശികളുടെ പെട്ടികളും അടുത്ത് ഇരിപ്പ് ഉറപ്പിച്ചിട്ടുണ്ട്. ആറു പേര്‍ക്കും കൂടി ഒരു സീലിംഗ് ഫാന്‍ ഉണ്ട്. ഇത് പോലെ ആണ് എല്ലാ മുറികളും എന്ന്‍ പറഞ്ഞ് മുറി പൂട്ടി താക്കോല്‍ മേശയുടെ ഉള്ളില്‍ വച്ചു.
വീണ്ടും അവര്‍ ഹോസ്റെലിന്റെ നിയമങ്ങള്‍ പ്രസംഗിക്കാന്‍ തുടങ്ങി. ആറു മണിക്ക് മുന്‍പ്പ് കയറണം. ചില അത്യാവശ്യ സാഹചര്യങ്ങളില്‍ സമയം വൈകിയാലും സാരമില്ല. എന്തൊക്കെയാണ് ആ സാഹചര്യങ്ങള്‍ എന്ന്‍ അവര്‍ പറഞ്ഞില്ല. ഹോസ്റ്റലില്‍ ഉള്ള മിക്കവരും അദ്ധ്യാപകരാണ്. അത് കൊണ്ട് അവധി ആയാല്‍ എല്ലാവരും വീട്ടില്‍ പോകും. ഓണത്തിനും ക്രിസ്തുമസ്സിനും ഒന്നും ഹോസ്റ്റല്‍ പ്രവര്‍ത്തിക്കില്ല. ആ ദിവസങ്ങളില്‍ കുട്ടി വീട്ടില്‍ പോകണം എന്നൊക്കെ വാര്‍ഡന്‍ പറഞ്ഞു.

അച്ഛനും അമ്മയും വൈക്കുനേരം തിരിച്ചു പോകും. ആകെ കുറച്ചു നേരം കൂടി അവരോടൊപ്പം ചിലവഴിക്കാം.ആ ചിന്ത എന്നെ അലട്ടാന്‍ തുടങ്ങി. വൈകുന്നേരം വരെ ഓഫീസില്‍ ഇരുന്നു, അതിനു ശേഷം താമസിക്കുന്ന ഹോട്ടലിലേക്ക് പോയി. അച്ഛനും അമ്മയും പോകാന്‍ തയ്യാറായി കഴിഞ്ഞു. മനസ്സിനെ പിടിച്ചു നിര്‍ത്താന്‍ നോക്കിയിട്ടൊന്നും പറ്റുന്നില്ല. കെടാത്ത കനലായി ഉള്ളൊന്നു കാളാന്‍ തുടങ്ങി. ഓഫീസില്‍ നിന്നും നടന്നു പോകാനുള്ള ദൂരമേ ഉള്ളു ഹോസ്റ്റലില്‍. ബാണ്ടകെട്ടുകള്‍ എടുത്ത് കാശിക്കും രമേശ്വരത്തും ഹിമാലയത്തിലേക്കും പോക്കുന്നവര്‍ക്ക് ഇത്ര മനപ്രയാസം ഉണ്ടാകുമോ എന്നറിയില്ല. ഒരു അവധി കിട്ടിയാല്‍ എട്ട് മണിക്കൂര്‍ യാത്ര ചെയ്ത് എനിക്ക് വീട്ടില്‍ എത്താം പക്ഷെ ആ ആശ്വാസം ഒന്നും എന്നെ ആശ്വസിപ്പിച്ചില്ല.
ഹോസ്റ്റലില്‍ കൊണ്ട് ബാഗ്‌ വച്ചു. കുളിമുറിയിലേക്ക് ആവശ്യമുള്ളതെല്ലാം വാങ്ങണം. പിന്നെ കഴിക്കാന്‍ വേണ്ട പാത്രം, വെള്ളം കുടിക്കാന്‍ ഗ്ലാസ്‌ ഇതെല്ലാം സ്വന്തമായി വേണം. തല ചായ്ക്കാന്‍ പായ, തലയിണ ഇതൊന്നും അവിടെ കിട്ടില്ല. ഇതെല്ലാം കൂടി വാങ്ങിക്കാന്‍ അര മണിക്കൂര്‍ പോലും വേണ്ടി വന്നില്ല എന്നത് പരിതാപമാണ്. എല്ലാം വാങ്ങി അച്ഛനും അമ്മയും എന്നെ ഹോസ്റ്റലില്‍ ആക്കിയിട്ട് പോയി. അവിടെ നിന്നും അവര്‍ രണ്ട് പേരും നടന്നകലുന്നത് നോക്കി നില്‍ക്കെ നെഞ്ചില്‍ ഉരുകി പാകമായ ദ്രാവകം ലാവ പോലെ പുറത്തേക്ക് പ്രവഹിക്കാന്‍ തുടങ്ങി. എനിക്കനുവധിച്ച മുകളിലത്തെ മുറിയിലേക്ക് തിരിച്ചു പോയി തോര്‍ത്തെടുത്ത് മുഖം അമര്‍ത്തി പിടിച്ചു.

വീടിന്റെ ചുറ്റുവട്ടത്തുള്ള മരങ്ങളില്‍ സന്ധ്യാ സമയം പക്ഷികള്‍ കൂടണയുന്നത് പോലെ ഹോസ്റ്റലിലേക്ക് അന്തേവാസികള്‍ ചേക്കേറാന്‍  തുടങ്ങി.ശോക മൂകമായ നിശബ്ദതയില്‍ നിന്നും ഹോസ്റ്റല്‍ ഉണര്‍ന്നു - ചില മുറികളില്‍ ഉയര്‍ന്ന സംസാരവും ബഹളങ്ങളും തമാശകളും ചിരിയുമെല്ലാം അത് തെളിവായി.

എന്റെ കൂട്ടിലും കിളികള്‍ കൂടണഞ്ഞു - രണ്ട് ബാങ്ക് ഉദ്യോഗസ്ഥര്‍ , ഒരു അദ്ധ്യാപിക, മറ്റൊന്ന് നേഴ്സ്.   മുറിയില്‍ ഉള്ളവര്‍ക്കിടയില്‍ ഞാന്‍ ഒരു അന്യഗ്രഹ ജീവിയാണോ എന്ന്‍ തോന്നി. അവരുടെ ചോദ്യങ്ങള്‍ എന്നെ ആശ്വസിപ്പിക്കുന്നതിനു പകരം കൂടുതല്‍ വേദനിപ്പിച്ചു. വീടിനെ കുറിച്ചും നാടിനെ കുറിച്ചും അവരില്‍ ഓരോരുത്തരും വന്ന്‍ തിരക്കി. ആ മുറിയില്‍ നിന്നും ഇറങ്ങി ഓടാനാണ് തോന്നിയത്. പക്ഷെ ജയിലില്‍ നിന്നും രക്ഷപെടാന്‍ അത്ര എളുപ്പം ആയിരുന്നില്ല. ചങ്ങലകളാല്‍ ഞാന്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു.
രാത്രി എട്ട് മണി കഴിയുമ്പോള്‍ അത്താഴം കഴിക്കണം. സ്കൂളിലെ പോലെ മണി ഒന്നുമില്ല സമയം നോക്കി ചെല്ലണം. പുതിയ ആളായത് കൊണ്ട് പരിചയപ്പെടല്‍ എന്ന ചടങ്ങിനു ഇഷ്ട്ടമില്ലാതെ നില്‍ക്കേണ്ടി വന്നു.
ആ രാത്രി എനിക്ക് വിശപ്പില്ലായിരുന്നു. തുടര്‍ന്നുള്ള രാത്രികളും പകലുകളും അതെ അവസ്ഥ ആയിരുന്നു. വിശപ്പില്ല . ദാഹമില്ല. സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ച സന്തോഷം ഒക്കെ ഒറ്റ ദിവസം കൊണ്ട് അവസാനിച്ചു. ജീവിതത്തില്‍ ജോലി അല്ല എല്ലാമെന്ന് തിരിച്ചറിഞ്ഞു തുടങ്ങി.. കഴിഞ്ഞു പോയ രാത്രികളില്‍ അമ്മ ഉണ്ടാക്കി തന്ന ആഹാരത്തിന്റെ രുചി ഞാന്‍ ഓര്‍ക്കും മുന്‍പേ എന്റെ നാവ് ഓര്‍ത്തു.. ഹോസ്റ്റലില്‍ ചോറും കറികളും ആണ്. എന്റെ വീട്ടില്‍ രാത്രി ചോറു കഴിക്കുന്ന പതിവില്ല.ശീലങ്ങളില്‍ നിന്നും എനിക്ക് മാറാന്‍ പ്രയാസം തോന്നി.
ഓരോ തവണയും പാത്രം പിടിച്ച് ആഹാരത്തിനു വേണ്ടി നിന്നപ്പോള്‍ എന്റെ മനസ്സ് തടവുകാരിയുടെതായി. വീട്ടില്‍ അമ്മ എല്ലായ്പ്പോഴും ആഹാരം വിളമ്പി തരുമ്പോള്‍ കിട്ടുന്ന സ്നേഹവും പരിഗണനയും ഒന്നും ആഹാരത്തിനു വേണ്ടി കൈ നീട്ടുമ്പോള്‍ തോന്നിയില്ല. ഭക്ഷണം വേണമെന്ന്‍ പോലും തോന്നിയില്ല.
എല്ലാ രാത്രിയിലും ഉറങ്ങുന്നതിനു മുന്‍പേ അച്ഛന്‍ വിളിക്കും
 “ നീ കഴിച്ചോ”
ചോദ്യം എന്നോട് ആണെങ്കിലും ഞാന്‍ കഴിക്കില്ലെന്ന് അച്ഛന് അറിയാം. “ഇവിടെ ചോറാണ് രാത്രി ഭക്ഷണം”.
ഫോണ്‍ അമ്മയ്ക്ക് കൈ മാറും , അമ്മയും ഇതേ കാര്യങ്ങള്‍ ആവര്‍ത്തിക്കും.
“ഫ്രുട്സ് വാങ്ങിയതില്ലേ, അത് കഴിച്ചിട്ട് കിടക്ക്‌ നാളെ പോകാനുള്ളതല്ലേ ?. രാവിലെ വിളിക്കാം”
അവരുടെ കാള്‍ എന്നും അങ്ങനെ അവസാനിച്ചു.
സത്യം പറഞ്ഞാല്‍ ഹോസ്റ്റല്‍ ജീവിതം തുടങ്ങിയ ശേഷം ഞാന്‍ രാത്രി ഭക്ഷണം കഴിക്കാതെ ആയി.  വീട്ടില്‍ ആയിരുന്നെങ്കില്‍ അമ്മ ഉണ്ടാക്കിയ ഭക്ഷണവും കഴിച്ച്, കുറച്ചു നേരം ടി വിയും കണ്ട്, എനിക്കിഷ്ട്ടപെട്ട പുസ്തകങ്ങള്‍ വായിച്ച് കിടക്കാമായിരുന്നു. വായിക്കാനുള്ള അന്തരീക്ഷം ആയിരുന്നില്ല ഒരു മുറിയും. രാവിലെ മുതല്‍ അവരവരുടെ ജീവിതത്തിലെ സംഭവ വികാസങ്ങള്‍ പരസ്പരം പറഞ്ഞു തീരുമ്പോള്‍ തന്നെ വൈകും. എല്ലാവരും കിടന്നതിനു ശേഷം വായിക്കാമെന്ന് വച്ചാല്‍ പത്ത് മണി കഴിയും. ഒരു രാത്രി പുറത്ത് വരാന്തയില്‍ ഇരുന്ന് വായിക്കാമെന്ന് കരുതി പക്ഷെ അരണ്ട വെളിച്ചം കാരണം വായന അത്ര സുഖകരമായിരുന്നില്ല. പക്ഷെ അരണ്ട വെളിച്ചത്തില്‍ കയറി വന്നിരുന്നത് തവളയും ചെറിയ ചെറിയ ജീവികളുമാണ്. യാതൊന്നും ചെയ്യാനാവാതെ നരഗ തുല്യമായ ജീവിതം.
സമയത്തിന്റെ അതിര്‍ വരമ്പുകള്‍ ഇല്ലാതെ ജീവിക്കുന്നവര്‍ ഭാഗ്യവാന്മാര്‍. ഞാന്‍ ചെയ്ത മുന്‍ജന്മ പാപമാണോ ഈ ഹോസ്റ്റല്‍ ജീവിതം വഴി തീരുന്നത് എന്ന്‍ പലപ്പോഴും തോന്നി. അത്ര മാത്രം ഞാന്‍ മടുത്തു. മുറിയില്‍ മൊബൈല്‍ ചാര്‍ജ് ചെയ്യാനുള്ള സംവിധാനം ഇല്ല. ലാപ്ടോപ് ചാര്‍ജ് ചെയ്യാന്‍ പറ്റില്ല. എന്തിനും ഏതിനും താഴെ പോകണം. ചാര്‍ജ് ചെയ്യാന്‍ കുത്തിയിട്ട് അവിടെ കാവലിനു ഇരിക്കണം.
പത്ത് മണി കഴിഞ്ഞാല്‍ പുറത്തെ ആരവവും കുറഞ്ഞുതുടങ്ങും . ലൈറ്റ് കെടുത്തിയാല്‍ പിന്നെ ഒന്നും കാണില്ല, വെറുതെ കണ്ണു തുറന്ന് ഇരുട്ടിനെ നോക്കി കിടക്കും . ഫാന്‍ കറങ്ങുന്ന ശബ്ദം കേള്‍ക്കാം. ദിവസം കഴിയുംതോറും ലാവാ പ്രവാഹം കുറഞ്ഞെങ്കിലും ഉള്ളിലെ കനല്‍ കെടാതെ കിടന്നു.
 ...

No comments:

Post a Comment