“ബാബുരാജ്, അയാളൊരു കവിയാണ്. കവിയെന്ന് പറഞ്ഞാല്‍ വെറും കവി അല്ല. നിമിഷ
കവി. എന്തിനെക്കുറിച്ച് പറഞ്ഞാലും ആ പറഞ്ഞതിനെക്കുറിച്ച് കവിത ഉണ്ടാക്കും.”
“അങ്ങനെയാണോ ? എന്നാല്‍ ഞാനൊരു സബ്ജക്റ്റ് പറയാം. കവിത ഉണ്ടാക്കുമോന്ന്
നോക്കാമല്ലോ.”
“കുട്ടി പറയട്ടെ. ങ്ങും പറയൂ “
“കുന്തം. എന്റെ സബ്ജക്റ്റ് കുന്തമാണ്. കുന്തത്തെ പറ്റി ഒരു കവിത ചൊല്ല് “
നിമിഷ കവി പ്ലിംഗ്.
മൈ ഡിയര്‍ മുത്തച്ഛനിലെ ഈ രംഗം കാണുമ്പോഴൊക്കെ ഞാനോര്‍ക്കാറുണ്ട് എന്നിലെ
നിമിഷ കഥാകൃത്ത് സട കുടഞ്ഞെണീറ്റ ദിവസം.
അന്നൊരു ചൊവ്വാഴ്ച്ചയായിരുന്നു. ചൊവ്വാഴ്ച്ചകളിലെ ക്ലാസ്സിന്
പ്രത്യേകതകളേറെയാണ്. രാവിലെ എട്ടര മണി മുതല്‍ ഉച്ചക്ക് ഒരു മണി വരെ സോമശേഖരന്‍
സാറിന്റെ ക്ലാസ്സ്. കേരള ചരിത്രത്തില്‍ തുടങ്ങി ആനുകാലിക വിഷയങ്ങള്‍ വരെ
ഉണ്ടാകും.ഒറ്റ വാക്കില്‍ പറഞ്ഞാല്‍ ഏത് കാലാവസ്ഥയിലും പ്രളയം സൃഷ്ട്ടിക്കാന്‍ കെല്‍പ്പുള്ള
അറിവിന്റെ മഹാ സാഗരം. സാറിനോട് നേര്‍ക്കുനേര്‍ നിന്നു സംസാരിക്കാന്‍ വേണ്ടത്
ധൈര്യമല്ല, അറിവാണ്. അറിവിന്റെ ഗംഗ നദിയുടെ അടി ഒഴുക്കില്‍ പിടിച്ചു നില്ക്കാന്‍
എളുപ്പമല്ല. അസൂയ കലര്‍ന്നൊരു ബഹുമാനം എന്നും ആ അറിവിനോട് തോന്നിയിരുന്നു.
ഒരു പെന്‍ ഡ്രൈവും കൊണ്ടാണ് അന്ന്‍ സര്‍ ക്ലാസ്സിലേക്ക് വന്നത്. പ്രോജെക്ടറില്‍
കുത്തി ഓരോ ഫോള്‍ഡറുകള്‍ തുറന്നു.ലോക പ്രശസ്തരായ കലാകാരന്മാരുടെ സൃഷ്ട്ടികള്‍
കൊണ്ട് വെള്ള സ്ക്രീന്‍ നിറഞ്ഞു തുളുംബി- ശില്‍പ്പങ്ങള്‍, ചിത്ര രചനകള്‍, സ്മാരകങ്ങള്‍,
വാസ്തുശില്‍പ്പങ്ങള്‍. യാത്രാ ചിലവും ക്ഷീണവുമില്ലാതെ കലാകാരന്‍മാരുടെ നൂതന
ചിന്തകളില്‍ കൂടി ഒരു ചരിത്ര യാത്ര.
ഒരു ചിത്രമെത്തിയപ്പോള്‍ സര്‍ സ്ലൈഡ് ഷോ പോസ് ചെയ്തു.
“ഒന്നര മണിക്കൂര്‍ സമയം തരാം. ഈ ചിത്രത്തിനെ ആസ്പദമാക്കി ഒരു ചെറു കഥയെഴുതണം.”
ഈ വാചകവും പറഞ്ഞിട്ട് സര്‍ ക്ലാസ്സില്‍ നിന്നും ഇറങ്ങിപ്പോയി.
ക്ലാസ്സിലുള്ള എല്ലാവരുടെയും തലയില്‍ ഇടിത്തീ വീണോന്ന്‍ എനിക്കറിയില്ല പക്ഷെ
എന്റെ തലയില്‍ ശരിക്കും വീണു. ഈ ചിത്രം നോക്കി എങ്ങനെ കഥ എഴുതും? സര്‍ഗാത്മക
രചനയാണോ സര്‍ ഉദേശിച്ചത്? അതോ വെറുമൊരു ചിത്രം നോക്കി എങ്ങനെ ഫെയ്ക്ക് ന്യൂസ് ഉണ്ടാക്കാമെന്നോ?
ഇരുപത്തിയഞ്ച് കഥാകൃത്തുക്കളും മുഖത്തോട് മുഖം നോക്കി - “ദാ ഇപ്പൊ ശരിയാക്കി
തരാം “ എന്ന ഭാവത്തില്‍.
സ്കൂളില്‍ പഠിക്കുന്ന സമയം ന്യൂട്ടണോടായിരുന്നു ദേഷ്യം. തലയില്‍ ആപ്പിള്‍
വീണപ്പോള്‍ അതിനെ എടുത്ത് കഴിച്ചിട്ട് മിണ്ടാതെ പോകുന്നതിനു പകരം അതിന്റെ
കാര്യകാരണങ്ങള്‍ അന്വേഷിക്കേണ്ട വല്ല ആവശ്യമുണ്ടായിരുന്നോ? ഗുരുത്വാകര്‍ഷണം കണ്ട്
പിടിച്ച് അതെല്ലാം കുറിച്ച് വച്ചു, കുട്ടികളെ
ബുദ്ധിമുട്ടിക്കാനായിട്ട്. ദാ ഇപ്പോ ഏതോ ഒരു ചിത്രകാരന്‍ വരച്ച പടമാണ്
പുലിവാലായത്.
മണിക്കൂര്‍ സൂചിയും മിനിറ്റ് സൂചിയും നിശബ്ദമായി അവരുടെ ജോലിയില്‍ മുഴുകി. ഭാവന
ഉണര്‍ത്തുന്ന യാത്രം കിട്ടിയിരുന്നെങ്കില്‍ കൊള്ളാമായിരുന്നു.
ഏകദേശം ഒന്നര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ കഥകള്‍ കേള്‍ക്കാന്‍ ഉത്സുഹനായ
കൊച്ചുകുട്ടിയെ പോലെ സര്‍ തിരിച്ചെത്തി.
ആദ്യം നറുക്ക് വീണത് രാധുവിനാണ്. പത്രപ്രവര്‍ത്തകയാവാന്‍ കച്ച കെട്ടിയ ഉണ്ണിയാര്‍ച്ചയാണ്
രാധു. സ്വന്തം നാട്ടിലുള്ള സൗകര്യങ്ങള്‍ പോരാത്തത് കൊണ്ടാണ് പദ്മനാഭന്റെ
മണ്ണിലേക്ക് കാലെടുത്ത് വച്ചത്.നാട്ടിലെ ചാനലില്‍ വാര്‍ത്ത വായിച്ചുള്ള
പരിചയവുമുണ്ട് കക്ഷിക്ക്.തന്റെടത്തിനു ഒരു കുറവുമില്ലാത്ത അവളുടെ കഥയുടെ പ്രമേയം
നാട്ടിലെ ഫ്യൂടല്‍ പ്രമാണിമാരുടെ തറവാട്ടില്‍ ഒരേഷ്യന്‍ ആന പ്രസവിച്ചു.
ആനക്കുട്ടിയുടെ നിറം നീല.ഇതെന്ത് അത്ഭുതമെന്ന് അന്വേഷിചിറങ്ങുന്ന നാട്ടുകാരും
ശാസ്ത്രലോകവും ഒരു വശത്ത്. മറു വശത്ത് വാര്‍ത്തയുടെ ചുരുളഴിച്ച് കൌതുകവാര്‍ത്തയാക്കാന്‍
എത്തുന്ന മാധ്യമങ്ങള്‍. കഥയുടെ തുടക്കം സാറിന് ഇഷ്ട്ടമായെങ്കിലും പകുതിക്ക് ശേഷം
ക്ലിഷേ ആണെന്ന്‍ പറഞ്ഞ് അടുത്ത കഥ രഘുവിനോട് വായിക്കാന്‍ പറഞ്ഞു. ഒന്നും
എഴുതിയില്ലെന്ന ഒറ്റ വാചകത്തില്‍ അവന്റെ കഥ അവസാനിച്ചു. ചില കാര്യങ്ങള്‍
അങ്ങനെയാണ് തുടങ്ങുന്നതും അവസാനിക്കുന്നതും അറിയാതെ പോകും.
കാരംബോര്‍ഡിലെ കട്ടകളുടെ അവസ്ഥയാണ് എനിക്കും മറ്റുള്ളവര്‍ക്കും. ആരെയാണ്
അടുത്തതായി സ്ട്രൈക്കര്‍ ഉന്നം വൈക്കുന്നതെന്ന് അറിയില്ല.നെഞ്ചിടിപ്പ് കൂടിക്കൂടി
ഹൃദയം പുറത്തേക്ക് ചാടി വരുമോന്ന് പോലും തോന്നി. അധികം നീണ്ടു പോയില്ല
“കോയല്‍ അടുത്തത് നീ വായിക്ക് “. മുന്നൂറ്റി മുക്കോടി ദൈവങ്ങളെയും മനസ്സില്‍
ധ്യാനിച്ച് തുടങ്ങി.
നിലാവുള്ള രാത്രികളില്‍ സര്‍വ്വാലങ്കാര ഭൂഷിതയായ ആകാശം കാണാന്‍ രാഹുലിന് വളരെ
ഇഷ്ടമാണ്- നക്ഷത്രങ്ങളും അവയ്ക്ക് മാറ്റുരച്ചു കൊണ്ട് പൂര്‍ണ്ണ ചന്ദ്രനും.
സ്കൂളില്‍ നിന്നും വര്‍ഷത്തിലൊരിക്കല്‍ ഐ എസ് ആര്‍ ഓ സന്ദര്‍ശനത്തിന് കൊണ്ട്
പോകുമ്പോഴൊക്കെ അവനൊരു ഉന്മാദമാണ്. എല്ലാ ആഴ്ചയും പ്ളാനറ്റോറിയത്തില്‍ പോകും.ഓരോ
തവണയും അവന്‍ പുതിയ പുതിയ നക്ഷത്രങ്ങളെ കണ്ടു. പതിവായി കാണുന്ന നക്ഷത്രങ്ങള്‍
അവനുമായി ചങ്ങാത്തത്തിലായി.അവന്‍ വളര്‍ന്നപ്പോള്‍ ഉല്‍ക്കകളോടും , വാല്‍ നക്ഷത്രങ്ങളോടും
പ്രപഞ്ചത്തിനോടുമുള്ള സ്നേഹവും ആത്മ ബന്ധവും വളര്‍ന്നു.
ചന്ദ്രനിലേക്ക് ചന്ദ്രയാനും , ചൊവ്വയിലേക്ക് മംഗള്‍യാനും വിക്ഷേപിച്ചു.
ഇന്ത്യയുടെ അടുത്ത ലക്ഷ്യം ശനി ആണ്.സൗരയൂഥത്തിലെ ആറാമത്തെ ഗ്രഹം. വലിപ്പത്തില്‍
രണ്ടാം സ്ഥാനം.വാതകം കൊണ്ട് നിറഞ്ഞിരിക്കുന്നത് കാരണം വാഹിനികളൊന്നും
നിലത്തിറക്കാനാവില്ല. കര്‍ണ്ണന്റെ കവച്ച കുണ്ഡലം പോലെ ശനിയെ വലം വയ്ക്കുന്ന ഒരു
വളയമുണ്ട് – മഞ്ഞുകട്ടികളും , പൊടിപടലങ്ങളും, പാറക്കഷണങ്ങളും കൊണ്ട് രൂപീകൃതമായത്.
വളയങ്ങള്‍ ഉള്ള വേറെയും ഗ്രഹങ്ങള്‍ ഉണ്ട് -വ്യാഴം, നെപ്ടുന്‍ (റോമന്‍ വരുണന്‍),
യുറാനസ് (ഗ്രീക്ക് വരുണന്‍) – പക്ഷെ ഭൂമിയില്‍ നിന്നു നോക്കിയാല്‍ കാണാന്‍
കഴിയില്ല. മഞ്ഞുകട്ടികളില്‍ വീഴുന്ന സൂര്യകിരണങ്ങള്‍ പ്രതിഫലിക്കുന്നത് കൊണ്ടാണ്
ശനിയുടെ വളയം കാണാന്‍ സാധിക്കുന്നത്.കണ്ടക ശനി കൊണ്ടേ പോകൂ എന്ന്‍ പറയുന്നത്
വെറുതെ അല്ല. 1800 കിലോമീറ്റര്‍ വേഗത്തില്‍ വീശുന്ന ശക്തമായ കാറ്റാണ് ശനിയുടെ ഭൂമധ്യരേഖയില്‍.അത്
കൊണ്ട് പോയില്ലെങ്കിലെ ഉള്ളൂ അതിശയം.ഭൂമിയില്‍ കൊടുങ്കാറ്റെന്നു അവകാശപ്പെടുന്നതൊന്നും
ശനിയുടെ രോമത്തില്‍ പോലും തൊടാന്‍ കെല്‍പ്പില്ലാത്തവയാണ്.
രാഹുലിന്റെ ടെലസ്കോപ് ഇപ്പോള്‍ അധിക സമയവും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്
ശനിയെയാണ്. പതിവ് പോലെ പ്രപഞ്ച കാഴ്ച്ചകള്‍ അയാള്‍ നിരീക്ഷിച്ചു.സ്വന്തം
കണ്ണുകളെയും ബോധമനസ്സിനെയും വിശ്വസിക്കാനാവാത്ത ആ കാഴ്ച്ച അയാള്‍ കണ്ടു.
ഒരാന. നീല ആന. വെളിച്ചം പ്രതിഫലിക്കുന്നത് കൊണ്ട് നീല നിറമാണെന്ന് ഉറപ്പ്. ആഫ്രിക്കന്‍
ആന, ഏഷ്യന്‍ ആന എന്നൊക്കെ കേട്ടിട്ടുണ്ട് ഇതിപ്പോ എന്താ സ്പേസ് ആനയോ?
അയ്യോ! ആന മാത്രമല്ല, ആനയുടെ കൊമ്പില്‍ മൌഗ്ലിയെ പോലൊരു പയ്യനും.അവന്‍ ആനയുടെ
തുമ്പിക്കൈയില്‍ തൂങ്ങി കിടക്കുന്നു.കരയിലെ ഏറ്റവും വലിയ ജീവിയായ ആന പറക്കുമോ? ഇത്രയും ഭാരവും തൂക്കവുമുള്ള
ആനയ്ക്കെങ്ങനെ നിഷ്പ്രയാസം പറക്കാന്‍ കഴിയുന്നു?
ശനിയുടെ വളയത്തില്‍ തുമ്പിക്കൈ ചുരുട്ടി ഊഞ്ഞാലാടുന്നു. ആ പയ്യനെ എടുത്ത്
വളയത്തില്‍ ഇരുത്തി. അവനതാ ചറുകി പോകുന്നു. തൊട്ട് പിന്നാലെ സ്പേസ് ആനയും ഇരുന്നു.
ആനയും പയ്യനു പിന്നാലെ ചറുകി. ഗ്രേറ്റ് ഇന്ത്യന്‍ സര്‍ക്കസ്, ജംബോ സര്‍ക്കസ് ഒക്കെ
കണ്ടിട്ടുണ്ടെങ്കിലും ഇങ്ങനൊരു പ്രകടനം ഇതാദ്യം. ചിലപ്പോള്‍ സ്പേസ് ആനകള്‍ക്ക്
മാത്രമുള്ള കഴിവായിരിക്കും.
പെട്ടെന്ന്‍ അയാളുടെ ഫോണ്‍ പാടാന്‍ തുടങ്ങി. നാട്ടില്‍ നിന്ന്‍ അമ്മയാണ്.
നാട്ടിലെ ഉത്സവത്തിന് ആന ഇടഞ്ഞു, ഒരു പന്ത്രണ്ട് വയസ്സുകാരന്‍ മരിച്ചു.
പെട്ടെന്ന്‍ ലെന്‍സിലൂടെ അയാള്‍ ഒന്നുടെ നോക്കി.ഏഷ്യന്‍ ആന ഇടഞ്ഞെങ്കിലും
സ്പേസ് ആന അവന്റെ കൂടെയുണ്ട്.
"സര്‍ ഇത്രയെ ഞാന്‍ എഴുതിയുള്ളൂ “
“കൊള്ളാം കോയല്‍ , നീ സയന്‍സ് ഫിക്ഷന്‍ രൂപത്തിലാണ് ചിന്തിച്ചത്.”
സമാധാനമായി. ഊതി വീര്‍പ്പിച്ച ബലൂണ്‍ പിടി വിട്ടാല്‍ എന്ത് സംഭവിക്കുമോ അത് പോലെ എന്റെ ടെന്‍ഷനും കുറഞ്ഞു.
സമാധാനമായി. ഊതി വീര്‍പ്പിച്ച ബലൂണ്‍ പിടി വിട്ടാല്‍ എന്ത് സംഭവിക്കുമോ അത് പോലെ എന്റെ ടെന്‍ഷനും കുറഞ്ഞു.
അങ്ങനെ തൊണ്ണൂറ് മിനിറ്റില്‍ ഞാനൊരു കഥാകൃത്തായി.
No comments:
Post a Comment