എന്നും
രാവിലെ പുറപ്പെടാന്‍ തയ്യാറാകുമ്പോള്‍ മാത്രമേ ചെരുപ്പ് മാറ്റാറായി എന്നോര്‍മ്മ
വരൂ. പൊട്ടിയില്ല എന്നാലും പൊട്ടാറായി എന്ന് മനസ്സ് പറഞ്ഞു. മഴ ഇല്ലെങ്കിലും
വെയിലത്ത് വാടി കരിഞ്ഞ് പോകുന്ന ചെരുപ്പുകളാണ് വിപണിയില്‍ അധികവും ഉള്ളത്. പാതി
വഴിയില്‍ ചെരുപ്പ് പൊട്ടിയാല്‍ എന്ത് ചെയ്യുമെന്ന ഭയത്തോടെ അന്നും വീട്ടില്‍
നിന്നുമിറങ്ങി നടന്നു. ബസ് സ്റ്റോപ്പ് എത്തും വരെ ഒന്നും സംഭവിച്ചില്ല.
ഭാഗ്യം.ഇനിയിപ്പോ നടക്കേണ്ട കാര്യമില്ല, വൈകുന്നേരം വരെ സമാധാനമുണ്ട്.
ബസ്സില്‍
കയറിയാല്‍ ആര്‍ക്കും മുഖത്ത് നോക്കാന്‍ സമയമില്ല. താല്‍പര്യവും ഇല്ല. സീറ്റ്
കിട്ടിയാല്‍ പിന്നെ എല്ലാവരും മൊബൈലും ഹെഡ് സെറ്റും എടുക്കും പിന്നെ അവരവരുടെ ലോകത്താണ്. ജനാലയിലൂടെ പിന്നോട്ട് ഓടി മറയുന്ന കാഴ്ച്ചകള്‍ നോക്കി ഞാനും ഇരുന്നു. പോയ്
മറഞ്ഞ കാഴ്ച്ചകളില്‍ ചിലത് എവിടെയോ കണ്ട് മറന്ന പോലെ. ചിന്തകളും ഓര്‍മകളും
ചെരുപ്പിനെ ചുറ്റി പറ്റി തന്നെ നിന്നു.
ഒരാളുടെ
കാലും ചെരുപ്പും നോക്കിയാല്‍ അയാളുടെ വ്യക്തിത്വവും ജോലിയും പ്രവചിക്കാന്‍
ആവുമെന്ന് കേട്ടിട്ടുണ്ട്. ഏതോ ക്ലാസ്സില്‍ ഒരദ്ധ്യാപകന്‍ പറഞ്ഞു സ്വന്തമായി
അദ്ധ്വാനിച്ച പണം കൊടുത്ത് വാങ്ങുമ്പോള്‍ മാത്രമേ വില കൂടിയ ചെരുപ്പുകള്‍
ഉപയോഗിക്കാവൂ. വീട്ടുകാരുടെ ചിലവില്‍ കഴിയുമ്പോള്‍ ഏറ്റവും വില കുറഞ്ഞത് മാത്രം
ഉപയോഗിക്കാന്‍ പഠിക്കണം. എന്ത് കൊണ്ട് അദ്ദേഹം അത് പറഞ്ഞു എന്നറിയില്ല എന്നാലും
ഇന്നത്തെ തല മുറയിലെ കുട്ടികള്‍ക്ക് കഴിയാത്ത ഒരു കാര്യമാണ് അതെന്ന് തോന്നുന്നു.ചെരുപ്പ്
മാത്രമല്ല എന്തിനും ഏതിനും ബ്രാന്‍ഡ് സാധനങ്ങള്‍ മാത്രമേ ഉപയോഗിക്കു എന്നത് വാശി
ആണ്.
കാത്തിരുന്ന് കാത്തിരുന്ന് ആഴ്ചാവസാനം ചെരുപ്പ് വാങ്ങാന്‍ ബാറ്റയില്‍ പോയി. പതിവായി അവിടെ
നിന്നുമാണ് വാങ്ങുന്നത് - ഗുണമേന്മ കൊണ്ടോ ശീലം കൊണ്ടോ എന്നറിയില്ല. ശനിയാഴ്ച്ച
വൈകുന്നേരം ആയിരുന്നു. തിരക്കൊന്നും ഇല്ല. ശീതികരിച്ച മുറികളില്‍ ജീവിക്കാന്‍
ഭാഗ്യം ചെയ്ത ചെരുപ്പുകള്‍ ഓരോന്നും നിരന്നിരുന്നു - പ്രൗഢ ഗാംഭീര്യത്തോടെ ,
തലയെടുപ്പോടെ കണ്ണാടി ചില്ലുകളുടെ മേല്‍. പല മോഡലുകള്‍, ബ്രാന്‍ഡുകള്‍, പല പേരുകള്‍
- ഷൂസ്, ബൂട്സ്, സാണ്ടല്സ്, സ്ലിപ്പെര്സ്. ലിംഗ സമത്വം ചെരുപ്പുകളിലും ഇല്ല. താഴെ
പുരുഷ മോഡലുകളും രണ്ടാമത്തെ നിലയിലാണ് സ്ത്രീ വിഭാഗം.
മുകളില്‍
മഴവില്‍ നിറങ്ങളിലെ ചെരുപ്പുകളാണ്. പുരുഷന്മാര്‍ വര്‍ണ്ണ വിവേച്ചനക്കാര്‍ ആയത്
കൊണ്ടാണോ എന്നറിയില്ല താഴെ കറുപ്പും ബ്രൌണും ആണ് അധികവും. നിറങ്ങളില്‍ മാത്രമല്ല
വൈവിധ്യം മോഡലിലും ഉണ്ട് - വെട്ജെസ് , ബൂട്സ്, ഹീല്സ്, ബെല്ലി ഷൂസ്, ചപ്പല്സ്.
ഹീല്സ് തന്നെ പലവിധം – പെന്‍സില്‍ ഹീല്‍, ബ്ലോക്ക് ഹീല്സ്, പ്ലാട്ഫോം ഹീല്സ്. ഹീല്സ്
ഇല്ല എങ്കില്‍ കെട്ടുള്ളതും ഇല്ലാത്തതും. ഇനി ഓരോന്നിന്റെയും എം ആര്‍ പി നോക്കാം.
ശരാശരി മിക്കതിന്റെയും വില 499 ല്‍ കൂടുതലാണ്. ഇനി അതിലും കുറഞ്ഞത് വേണമെങ്കില്‍
ഇറച്ചി കടകളില്‍ കൊളുത്തിട്ട് തൂക്കിയ പോലെ മറുഭാഗത്ത് ചില ചെരുപ്പുകള്‍ തൂക്കി
ഇട്ടിട്ടുണ്ട് - 300 രൂപയില്‍ താഴെ മാത്രം വിലമതിക്കുന്നവ. മൂവായിരം രൂപയില്‍
കൂടുതല്‍ ഉള്ള ചെരുപ്പുകള്‍ ആണെങ്കില്‍ തുന്നല്‍ ഉണ്ടാവും ബാക്കി എല്ലാ ചെരുപ്പും
ഒട്ടിച്ചു വച്ചതാവും.
ചെരുപ്പ്
പണ്ടേ എനിക്ക് വീക്നെസ്സ് ആണ്. ഇടുന്ന വസ്ത്രങ്ങളെക്കാള്‍ ഞാന്‍ കൂടുതല്‍
ശ്രദ്ധിച്ചിരുന്നത് ചെരുപ്പുകളില്‍ ആയിരുന്നു. അന്ന് കണ്ട പല മോഡലുകളും
എനിക്കിഷ്ട്ടമായി എങ്കിലും കാലിന് കൂടി സുഖം കിട്ടണ്ടേ. കുറെ ഒക്കെ നോക്കി നോക്കി
അവസാനം ആ വെള്ള ചെരുപ്പ് മതിയെന്ന് ഞാനുറപ്പിച്ചു. കെട്ടില്ല , ചപ്പല്‍ മോഡല്‍.
ഓഫ് വൈറ്റ് നിറം. വേറെ ഒന്നും വാങ്ങാന്‍ ഇല്ലാത്തത് കൊണ്ട് താഴേക്ക് വന്നു. കൗണ്ടറിൽ അപ്പോഴേക്കും തിരക്കായി. ഒരാള്‍ വാങ്ങിയ ഷൂസിന്റെ വില 2500 രൂപ. ഇയാളിത് കാലില്‍
ഇടാന്‍ തന്നെ അല്ലേ വാങ്ങിയത് എന്ന് മനസ്സില്‍ ചോദിച്ചു. അത് കേട്ടിട്ടെന്ന പോലെ
അയാളെന്നെ തിരിഞ്ഞു നോക്കി. ചിരിയില്‍ അവസാനിക്കാത്ത പ്രശ്നങ്ങള്‍ ഇല്ലാത്തത്
കൊണ്ട് ഞാന്‍ രക്ഷപ്പെട്ടു.
ഒടുവില്‍
എന്റെ ഊഴം വന്നു. ബില്‍ കണ്ടപ്പോഴാണ് എനിക്ക് പറ്റിയ അമളി മനസിലായത്. എടുത്ത
ചെരുപ്പിന്റെ എം ആര്‍ പി ഞാന്‍ നോക്കിയില്ല. ഇങ്ങനൊരു അബദ്ധം എനിക്കിത് വരെ
പറ്റിയിട്ടില്ല. ഇതിപ്പോ ആദ്യമായിട്ടാണ്. സാധാരണ എന്ത് സാധനം വാങ്ങുന്നതിന് മുന്‍പേ
നോക്കുന്നത് വിലയാണ്. സാധനം ഇഷ്ട്ടപ്പെട്ടിലെങ്കിലും വില കുറവായത് കൊണ്ട്
ഇഷ്ട്ടപ്പെടുന്നവരാണ് മലയാളികള്‍.
കൈയില്‍
1250 ഉണ്ട് പക്ഷെ ചെരുപ്പിന്റെ എം ആര്‍ പി 1599. നിമിഷ നേരത്തേക്ക് ഞാനൊന്ന് പതറി. സ്വന്തം
കാശ് കൊടുത്താണെങ്കില്‍ പോലും ഇത്രയും വില കൂടിയ ചെരുപ്പിടുന്ന ശീലമില്ല. പക്ഷെ
ബില്‍ അടിച്ചു പോയത് കൊണ്ടും കാശ് തികയില്ല എന്ന് പറയാന്‍ എന്റെ ഈഗോ
അനുവധിക്കാത്തത് കൊണ്ടും ആ ചെരുപ്പ് മതിയെന്ന് ഉറപ്പിച്ചു.
ഡെബിറ്റ്
കാര്‍ഡ് കൈയില്‍ ഉണ്ടായിരുന്നത് കൊണ്ട് നാണം കെടാതെ ഇഷ്ട്ടപ്പെട്ട ചെരുപ്പും
വാങ്ങി ഇറങ്ങി. സാങ്കേതിക വിധക്തന്മാരെ മനസ്സാല്‍ സ്മരിച്ചു. ആ കാര്‍ഡ്
ഇല്ലായിരുന്നെങ്കില്‍ എന്റെ അവസ്ഥ എനിക്ക് ഊഹിക്കാന്‍ പോലും വയ്യ. വെറുതെ അല്ല
എന്ത് സാധനം വാങ്ങുന്നതിന് മുന്‍പും മലയാളി എം ആര്‍ പി നോക്കുന്നത്. ബില്‍ വരുമ്പോ
അന്ധാളിക്കാതിരിക്കാന്‍ അതൊരു നല്ല ശീലമാണ് അല്ലെങ്കില്‍ പട്ടി ചന്തയ്ക്ക് പോയ
പോലെ തിരിച്ചു വരേണ്ടി വരും.( ഡെബിറ്റ് കാര്‍ഡില്‍ കാശ് ഇല്ല എങ്കില്‍ ഉള്ള
അവസ്ഥയാണ് കവി ഉദേശിച്ചത് )
ReplyDeleteuniversal keygen generator 2017 filehippo