അമ്മായി
അമ്മ മരുമോള്‍ പോര് ഈ ലോകമുണ്ടായ കാലം മുതല്‍ ഉണ്ടെന്ന്‍ നമുക്കെല്ലാവര്‍ക്കും
അറിയാം.ദൈവം ആണല്ലോ നമ്മുടെ സൃഷ്ട്ടാവ്. ഇത്രയുമൊക്കെ സൃഷ്ട്ടിച്ച അദ്ദേഹം മണ്ടന്‍
ആവില്ല. ലോജിക്കല്‍ ചിന്ത സ്വാഭാവികമായും ഉണ്ടാവും.ആ ചിന്തയുടെ പരിണാമം ആണ്
അമ്മായി അമ്മ മരുമോള്‍ പയറ്റ്. കല്യാണം കഴിഞ്ഞ് പരിചയമില്ലാത്ത വീട്ടിലേക്ക്
വരുന്ന പെണ്‍കുട്ടിക്ക് സ്വന്തം വീടിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ ഉണ്ടാവും.
സ്വാഭാവികമായും വീടിനെയും വീട്ടുകാരെയും കുറിച്ചുള്ള ഓര്‍മകളില്‍ മനസ്സ് വിഷമിച്ചു
കൊണ്ടിരിക്കും. അത്തരം സന്ദര്‍ഭങ്ങളില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ ശോക മൂകമായ
അന്തരീക്ഷം കൂടി ആണെങ്കില്‍ എരിയുന്ന തീയില്‍ എണ്ണ ഒഴിക്കുന്നതിനു തുല്യമാവും.
പുതിയ വീട്ടില്‍ എന്റര്‍ടയിന്‍മെന്റ് വേണ്ടേ? ആ എന്റര്‍ടയിന്‍മെന്റ് ആണ് അമ്മായി
അമ്മ. ഫ്രീ ഫ്രീ ഫ്രീ എന്റര്‍ടയിന്‍മെന്റ്.
ഭാര്യ
പദവി ശമ്പളം ഇല്ലാത്ത ജോലിക്കാരി എന്നാണല്ലോ വയ്പ്പ്, (എഴുതി വച്ചിട്ടില്ലെങ്കിലും
ഒട്ടു മിക്ക ആണുങ്ങളുടെയും കാര്യങ്ങള്‍ ചെയ്ത് കൊടുത്ത് ആ ജോലി ഭാര്യമാരും വളരെ
വൃത്തിയായി നിര്‍വഹിക്കുന്നു) അമ്മായി അമ്മ എന്നത് മാസവരി ഇല്ലാത്ത ഒരു കേബിള്‍ ടി
വിയാണ്. തമാശ അല്ല. സത്യം. അസൂയ കുശുംബ്, കുന്നായ്മ, ദുഃഖം , ദേഷ്യം
ഇത്തരത്തിലുള്ള എല്ലാ വികാരങ്ങളും മരുമകളില്‍ ഉണര്‍ത്താന്‍ കഴിവുള്ള ഒരു കേബിള്‍
കണക്ഷന്‍. ടി വി മാത്രമല്ല , വൈ ഫൈ സംവിധാനവുമുണ്ട്. വീട്ടില്‍ നടക്കുന്ന എല്ലാ
കാര്യങ്ങളും വിശേഷങ്ങളും മസാല ചേര്‍ത്ത് അയല്‍ പക്കത്തെ വീടുകളില്‍ എത്തിക്കും.
അവിടെയും വൈ ഫൈകള്‍ ഉണ്ടല്ലോ, ബാക്കി അവര്‍ ഏറ്റെടുത്തോളും.
ഇനി
ഇതിനെല്ലാം സാക്ഷ്യം വഹിക്കുന്ന മകന്‍ ആരാണെന്നല്ലേ? പ്രൊഡ്യുസര്‍ - കാശ്
മുടക്കുന്നവന്‍. കേബിള്‍ ടി വിയും ജോലിക്കാരിയും തമ്മിലുള്ള എല്ലാ പ്രശ്നങ്ങളും
ഒത്തു തീര്‍പ്പാക്കി കൊണ്ട് പോകാന്‍ ഉത്തരവാധിത്തപ്പെട്ട ഒരാള്‍.
എനിക്കൊരു
പ്രൊഡ്യുസറിനെ അറിയാം. മനോജ്
ശമ്പളമില്ലാത്ത
ജോലിക്കാരി അമ്പിളി
കേബിള്‍
ടി വി അമ്മച്ചി.
ആ
വീട്ടില്‍ ഏഴു പേരുണ്ട്.മൂന്ന്‍ കുട്ടികള്‍ക്ക് രാവിലെ സ്കൂളില്‍ പോകണം. മനോജിന്
ഓഫീസില്‍ പോണം, കേബിള്‍ ടി വി ആണെങ്കില്‍ ഒന്നിനും സഹായിക്കില്ല . എല്ലാ കാര്യങ്ങളും
അമ്പിളി തന്നെ ഒറ്റയ്ക്ക് ചെയ്യണം. പക്ഷെ കുറ്റം പറയാന്‍ കേബിള്‍ ടി വിയെ ആരും
പഠിപ്പിക്കണ്ട.മരുമോളോട് വല്ലാത്ത സ്നേഹം തോന്നുമ്പോ അമ്മച്ചിയുടെ പ്രകടനം കണ്ടാല്‍
ആരും അതിശയിക്കും. അങ്ങനെ അമ്മച്ചി ചില പണികള്‍ ഒപ്പിക്കും. ആ പണിയില്‍ ചിലപ്പോള്‍
അയല്‍ക്കാരും കുടുങ്ങും.
രാവിലെ
ആംബുലന്‍സിന്റെ സയറിന്‍ കേട്ടാണ് ഉണര്‍ന്നത്. ഉറക്ക ചടവില്‍ എന്താണ്
സംഭവിക്കുന്നതെന്ന് ഒന്നും മനസിലായില്ല. കാര്യ കാരണങ്ങള്‍ അവ്യക്തം. സംഭവം മറ്റൊന്നുമല്ല.
എന്റര്‍ടയിന്‍മെന്റിന് വേണ്ടി കുറച്ച് കൂടുതല്‍ ഉറക്ക ഗുളികകള്‍ കഴിച്ചത് കാരണം
കേബിള്‍ ടി വിയുടെ സംപ്രേഷണം നിലച്ചു. സാങ്കേതിക തകരാര്‍ എന്ന്‍ പറയാം. ഉടനെ
മെക്കാനിക്കിന്റെ അടുക്കലേക്ക് കൊണ്ട് പോയി. മെക്കാനിക്കും പരിചാരകരും ചേര്‍ന്ന്‍
നട്ടും ബോള്‍ട്ടും ഒക്കെ തിരുക്കിയും മുറിക്കിയും ടി വി പ്രവര്‍ത്തിപ്പിച്ചു. ഓണ്‍
ആയെന്ന്‍ മാത്രമല്ല വൈ ഫൈ പ്രവര്‍ത്തനം തുടങ്ങി.
മരുമോളുടെ
കുറ്റങ്ങളും കുറവുകളും പറഞ്ഞ കൂട്ടത്തില്‍ ഒന്നുടെ പറഞ്ഞു , അവളാണ് എനിക്ക് രാത്രി
ഗുളിക തന്നതെന്ന്. വകുപ്പ് മാറി. വാര്‍ത്ത വിനിമയ വകുപ്പില്‍ നിന്നും കേസ്
ആഭ്യന്തര വകുപ്പിലേക്ക് പോയി. പ്രൊഡ്യുസര്‍ ജോലിക്കാരിയെ ശകാരിക്കുന്നു.
വീട്ടുകാരും കുടുംബക്കാരും ബന്ധുക്കളും ജോലിക്കാരിയെ അനാടമി ചെയ്തു.
കഴിഞ്ഞിട്ടില്ല,
പട്ടു സാരിയും ഇരുപത് പവന്റെ മാലയും വേണം അമ്മച്ചിക്ക്. പ്രൊഡ്യുസര്‍ ഐ എസ് ആര്‍ ഓ
എഞ്ചിനീയര്‍ ആയത് കൊണ്ട് ആവശ്യം നടന്നു
. വൈ
ഫൈ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നത് കൊണ്ട് പോലീസ് വരാന്‍ അധികം സമയം വേണ്ടി
വന്നില്ല. കേബിള്‍ ടി വിയെ കൊണ്ട് വീട്ടുകാര്‍ക്ക് മാത്രമല്ല നാട്ടുകാര്‍ക്കും പണി
കിട്ടി തുടങ്ങി.
പോലീസ്
വരുന്നു, ചോദ്യം ചെയ്യലുകള്‍, എഫ് ഐ ആര്‍ തയ്യാറാക്കുന്നു. പത്ര സമ്മേളനത്തിന്
കുറിപ്പെഴുതും പോലെ കോണ്‍സ്റ്റബിള്‍ എഴുതി തകര്‍ക്കുന്നു. ഹോ കണ്ടാല്‍ തോന്നും
അഫ്സല്‍ ഗുരുവിനെയോ അജ്മല്‍ കസബിനെയോ , ദാവൂദിനെയോ മറ്റോ ആണ് ചോദ്യം
ചെയ്യുന്നതെന്ന്.
എന്തെങ്കിലും
ബഹളമോ ശബ്ദ തരംഗങ്ങളോ അപ്പുറത്തെ വീട്ടില്‍ നിന്നും നിങ്ങള്‍ കേട്ടിട്ടുണ്ടോ?
ശബ്ദം അല്ലേ അതിപ്പോ കേള്‍ക്കാതിരിക്കാന്‍ നമുക്ക് കേള്‍വി കുറവൊന്നും ഇല്ലല്ലോ.
പിന്നെ ബഹളം എന്ന്‍ പറയുമ്പോള്‍ എത്ര ഫ്രീക്ക്വന്‍സി ശബ്ദം ആവണം? ഇതൊക്കെ മനസ്സില്‍
മാത്രം ഉയര്‍ന്ന ചോദ്യങ്ങളാണ്, പുറത്ത് പറഞ്ഞാല്‍ പിന്നെ ഞാനും കൂടി കേസില്‍ പ്രതി
ആകും. ദിവസങ്ങളോളം നീണ്ടു നിന്നു ആ നാടകം.
ഈ
കണക്കിന് മുന്നോട്ട് പോയാല്‍ നാട്ടുകാരെല്ലാം ചേര്‍ന്ന്‍ കേബിള്‍ ടി വി കണക്ഷന്‍
വിചേധിക്കും എന്ന അവസ്ഥ എത്തി. എന്റര്‍ടയിന്‍മെന്റിനും ഇല്ലേ ഒരു പരിധി.
No comments:
Post a Comment