Monday, September 21, 2020

ഭ്രമണം

 നെഞ്ചോട്‌ ചേർത്ത് നിർത്താൻ ആഗ്രഹിച്ചവളെ സ്വന്തമാക്കാനാവില്ലെന്ന സത്യമെന്നേ വല്ലാതെ വിഷമിപ്പിച്ചു.  അവളുടെ താല്പര്യമില്ലായ്മയെ കൂടുതൽ ചോദ്യം ചെയ്യാൻ എനിക്കാവില്ലായിരുന്നു.  കാരണം മറ്റാരേക്കാളും മറ്റെന്തിനെക്കാളും അവളെനിക്ക് ആരെല്ലാമോ ആയിരുന്നു.  അവളുടെ സാഹചര്യം അറിയാവുന്നത് കൊണ്ട് അധികം സമ്മർദ്ദം ചെലുത്താനും മനസ്സ് അനുവദിച്ചില്ല. അവളോടുള്ള എന്റെ സ്നേഹം അവളെ വേദനിപ്പിക്കാതിരിക്കാൻ ഓരോ ദിവസം ഓരോ നിമിഷവും ഞാനവളിൽ നിന്നുമകന്നു.  ആ അകൽച്ച എവിടെയൊക്കെയാണ് എന്നെ കൊണ്ട് പോയത്. 

കാടും മേടും കരയും തീരവും ഒന്നും വേർതിരിക്കാനാവാതെയുള്ള യാത്രയിൽ ഞാൻ അലഞ്ഞത് മുഴുവൻ സ്നേഹത്തിനും പരിഗണനയ്ക്കും വേണ്ടി തന്നെ ആയിരുന്നു.  ജീവിതത്തിൽ ആർക്കൊക്കൊയോ വേണ്ടി ഓരോ വേശം കെട്ടി ആടിയപ്പോഴും മനസ്സെന്നും വേദനിച്ചിരുന്നു.  ആഗ്രഹിച്ചതൊന്നും നേടാനാവാതെ നേടിയതിൽ സന്തോഷവും സംതൃപ്തിയും കണ്ടെത്താൻ ശ്രമിച്ചപ്പോഴൊക്കെയും പരാചിതനായി സ്വയം കോമാളി ആണെന്ന് തെളിയിച്ചു.

എനിക്ക് വേണ്ടി ജീവിക്കാൻ മറന്ന് മറന്ന് ഞാൻ എന്നെ തന്നെ മറന്നു തുടങ്ങി.  പക്ഷെ അവളെ മറക്കാൻ ശ്രമിക്കുമ്പോഴൊക്കെയും എങ്ങു നിന്നുമൊക്കെ ശരങ്ങളേറ്റ് എന്റെ ശരീരമാകെ വിറങ്ങലിച്ചു

എന്നും എപ്പോഴും അവളെ ഓർക്കാതിരിക്കാൻ ശ്രമിക്കും. അത് കൊണ്ടാവും അടങ്ങാത്ത വേദനയായി മനസ്സിൽ അലകൾ ആഞ്ഞടിച്ചത്. എന്റെ സ്വന്തമായില്ലെങ്കിലും അവളെ പോലൊരു പെണ്ണിനെ സ്വന്തമാക്കുന്ന ആരായാലും ഭാഗ്യവാൻ ആയിരിക്കുമെന്ന് എനിക്കുറപ്പായിരുന്നു. കാരണം, മനസ്സറിഞ്ഞു സ്നേഹിക്കാൻ അവളെ പോലെ മറ്റാർക്കും കഴിയില്ല.  അവളോടുള്ള ആത്മബന്ധം വളർന്നു കൊണ്ടേ ഇരുന്നു. പക്ഷെ വളർച്ചാ നിരക്ക് ഞാനറിഞ്ഞതേയില്ല.  ഞാനത് അറിയാൻ ശ്രമിച്ചില്ല.  അവൾ മാറ്റാർക്കെങ്കിലും സ്വന്തമാകുന്നത് വരെയെങ്കിലും കാത്തിരിക്കാൻ എനിക്ക് തോന്നിയില്ല. അവളിൽ നിന്നുമകലാൻ കൂടി വേണ്ടിയാണോ മറ്റൊരു ബന്ധത്തിൽ ഞാൻ എത്തിപെട്ടത്? അതോ സാഹചര്യത്തിന്റെ സമ്മർദ്ദം കൊണ്ടോ? രണ്ടായാലും അവളിലേക്കുള്ള എന്റെ വഴികൾ അടഞ്ഞു. ആ വാതിൽക്കൽ ചെന്ന് ഒന്ന് നോക്കാൻ പോലുമാവില്ലെനിക്ക്.

അവളെനിക്ക് പൂർണമായി നഷ്ടപ്പെട്ടിരിക്കുന്നു.  ആ സത്യം ഞാൻ എന്നെ തന്നെ പറഞ്ഞ് പഠിപ്പിച്ചു.  വല്ലപ്പോഴും ആ ശബ്ദമൊന്ന് കേൾക്കാൻ വിളിക്കും,  ആ സംസാരം ഒരിക്കലും അവസാനിക്കരുതെന്ന് ആഗ്രഹിക്കും.  അവസാനിക്കുന്ന നിമിഷം ഞാൻ ശൂന്യതയിലേക്ക് പതിക്കും. ജീവിതമെനിക്ക് വേണ്ടി തുന്നി തന്ന വേഷ വിധാനങ്ങൾ ഓരോന്നും എടുത്തണിഞ്ഞും,  മുഖമൂടികൾ മാറി മാറി അണിഞ്ഞും നാളുകൾ കടന്നു പോയി.

ജീവിക്കാനുള്ള ആഗ്രഹം ക്രമേണ എന്നിൽ നിന്നും അകന്നു.  ആർക്ക് വേണ്ടി എന്തിന് വേണ്ടി എന്നുള്ള ചിന്ത എന്നെ വരിഞ്ഞു മുറുക്കി.  മുഖത്തണിയാൻ വച്ചിരുന്ന ഛായ കൂട്ടുകൾ ഒരോന്നായി താഴെ വീഴാൻ തുടങ്ങി. വേഷങ്ങൾ കെട്ടി ആടി അരങ്ങു തകർത്തിരുന്ന ഞാനിന്ന് കണ്ണാടിയിൽ നോക്കിയപ്പോൾ എന്നെ കാണാനില്ല. ഞാനെവിടെ പോയി?  ഞാൻ മരിച്ചോ? എങ്കിൽ ഇതാരാ? അറിയില്ല. ഒന്നും അറിയാതെ ഒരായിരം ചോദ്യങ്ങളുടെ കൂമ്പാരത്തിനു നടുവിൽ ഏകാകിയായി ഞാൻ നിന്നു

ഞാനൊരു നല്ല നാടനാണെന്ന് കരുതിയതൊക്കെയും വെറുതെ ആണെന്ന് ഇടയ്ക്കിടെ കാണികൾ എന്നെ വാക്കുകളിൽ കൂടിയും പ്രവർത്തികളിൽ കൂടിയും ഓർമിപ്പിച്ചു.  കയ്യടി പ്രതീക്ഷിച്ച എനിക്ക് എന്നും കിട്ടിയത് അവജ്ഞയും അവഗണനയും മാത്രം. ഞാനാർക്ക് വേണ്ടിയാണ് ഈ വേഷം കെട്ടിയത്?

ആടി തളർന്ന് ജീവിതം അവസാനിപ്പിക്കാനിരുന്ന എന്റെ മുന്നിൽ വീണ്ടുമൊരു പ്രതീക്ഷയുടെ നാളമായി അവൾ വന്നു.  അഭിനയിച്ചഭിനയിച്ചു അവളോടും ഞാനത് തന്നെ ചെയ്തു. പക്ഷെ ആ സമക്ഷത്തിൽ അധികനാൾ അഭിനയിക്കാൻ എനിക്കാവില്ല. കാരണം ഞാനെന്ന മനുഷ്യനെ ആർക്കെങ്കിലും  കാണാൻ കഴിയുമെങ്കിൽ അതവൾക്ക് മാത്രമാണ്.

അവളോളം എന്നെ മറ്റാരും കാണാൻ ഞാഗ്രഹിച്ചിട്ടില്ല 

അവളെക്കാൾ മറ്റാരും എന്നെ സ്നേഹിക്കണമെന്ന് ഞാൻ ആഗ്രഹിച്ചിട്ടില്ല 

അവളുടെ തീരുമാനത്തിന്റെ ഉറപ്പ്,  വാക്കുകളുടെ മൂർച്ച,  സ്നേഹത്തിനു വേണ്ടിയുള്ള കാത്തിരിപ്പ് ഇതൊന്നിനും പകരം വയ്ക്കാൻ ഒന്നുമില്ല.

വേഷ വിധാനങ്ങളും ആട യാഭരണങ്ങളും അഴിച്ചു വച്ച് മുഖത്തെ ഛായ കൂട്ടുകളും തുടച്ച് അവൾക്ക് മുന്നിൽ നിന്നപ്പോഴാണ് ഞാൻ എന്നെ കണ്ടത്.  ആ കണ്ണുകളിൽ ഞാനെന്ന മനുഷ്യൻ പുനർജ്ജനിച്ചു.  ആ തലോടലിൽ എന്റെ മനസിലും ശരീരത്തിലും ഏറ്റ മുറിവുകൾ മാഞ്ഞു.

ഗാഡ നിദ്രയിലായിരുന്ന കോഷങ്ങൾ ഉണർന്നു.  ശരീരത്തിലെ ഓരോ അണുവും ഞാൻ എന്താണെന്ന സത്യം എനിക്ക് മനസ്സിലായി തുടങ്ങി. ഞാനെന്ന സത്വം,  എന്നിലെ ചിന്ത,  എന്നിലെ എന്നെ ഞാൻ കണ്ടു.  ഇത് വരെ കണ്ടിട്ടില്ലാത്തയത്രയും തീവ്രതയിൽ ആഴത്തിൽ.

അവളുടെ കൂടെ നിന്നൊരിക്കൽ കൂടി ചോദിക്കുന്നതിനു പകരം ഓടി ഒളിച്ച എന്റെ തീരുമാനത്തെ ന്യായീകരിക്കാൻ എനിക്കാവില്ല.

ഒളിച്ചോട്ടങ്ങൾ പതിവായ എനിക്കിനി ഒളിച്ചോടാൻ ഒരിടമില്ലാതായി.  കാരണം അവളിൽ ഞാൻ എന്നെ കൂടുതൽ കൂടുതൽ അറിഞ്ഞു.

 ഇനി എനിക്കെന്നെ ഒളിപ്പിക്കാനാവില്ല.  കാരണം ഞാനെന്നെ സ്നേഹിച്ചു തുടങ്ങി. ജീവിതത്തിന്റെ പാതി വഴിയിൽ നിന്ന് ഞാൻ തിരിഞ്ഞു നോക്കുമ്പോൾ ഞാനറിയുന്ന വലിയൊരു സത്യമുണ്ട്- ആത്മാവ് നഷ്ട്ടപെട്ട ഒരുവനായിരുന്നു ഇത്രയും നാൾ.  ചിന്തിക്കാൻ ശേഷി ഇല്ലാതെ,  എതിർക്കാൻ കഴിവില്ലാതെ,  മനസ്സിലെന്താണെന്ന് പറയാനാവാതെ ഇത്രയും നാൾ ഞാൻ വീർപ്പുമുട്ടി കഴിയുകയായിരുന്നു.ഇന്നിപ്പോൾ ഒരു വാക്കിന്റെ പോലും ആവശ്യമില്ലാതെ മനസ്സിലാക്കലുകൾ കൂടുന്നു.

പുനർജ്ജനിയിലൂടെ കടന്ന് പുതിയ ജന്മം കൈവരിക്കുന്ന കഥകൾ എന്നും പരിഹാസത്തോടെ കേട്ടിട്ടുണ്ട്. അങ്ങനെ ഒന്നും ഒരിക്കലും കഴിയില്ലെന്ന് ഉറപ്പായിരുന്നു. പക്ഷെ എല്ലാ ഉറപ്പിനെയും ഇളക്കി മറിച്ചു കൊണ്ട് വന്ന കൊടുങ്കാറ്റായി ആ സത്യമെനിക്ക് മുന്നിൽ നിൽക്കുമ്പോൾ ഞാനെങ്ങനെ ഇനി നിരസിക്കും?

നിരസിക്കാനാവാത്ത സത്യങ്ങൾ കൂടുതൽ കൂടുതൽ ചിന്തിച്ചു. ഒടുവിൽ ഞാൻ അറിഞ്ഞു. എന്നെ തേടിയുള്ള എന്റെ യാത്ര അവസാനിച്ചുവെന്ന്.


1 comment: