Sunday, November 2, 2014


ഒരായിരം സ്വപ്നങ്ങളുമായ് കൂടണയാൻ ആഗ്രഹിച് പുറപ്പെട്ട നിമിഷം. സന്തോഷമാണോ സങ്കടമാണോ പ്രതീക്ഷയാണോ ആഞ്ഞടിച്ചതെന്ന് വേർതിരിക്കാനായില്ല. വേർപ്പെടലിൻ വേദന അറിയുന്ന ഓരോ നിമിഷമൊക്കെയും ആഗ്രഹിച്ചത് തിരിച്ചു വരവ് മാത്രം. നിമിഷ നേരത്തേക്കുള്ള തിരിച്ചു വരവെന്റെ ദാഹം ശമിപ്പിക്കില്ല എന്ന തിരിച്ചറിവ്. ഓർമ്മകളുടെ  കൊട്ടാരത്തിൽ തുളുംബിയ നിറകുടമായി മാറാൻ ഞാൻ ആഗ്രഹിക്കുന്നില്ല. താലോലിച്ചു വളർത്തിയ ആഗ്രഹങ്ങളും സ്വപ്നങ്ങളുമല്ലാതെ ജീവിതം മറ്റൊന്നും തന്നില്ല. ജനനം ഏകാന്തതയുടെ കവാടത്തിലൂടെ ആയതിനാൽ മടക്ക യാത്രയും അങ്ങനെ തന്നെ. ജീവിച്ചു തീർത്ത ഓരോ നിമിഷവും കണ്ടു മറന്ന മുഖങ്ങൾ ഏറെ . സ്വപ്നത്തിൻ ആഴ കടലിൽ മുങ്ങി താഴാതെ കരയിൽ തന്നെ നിന്നു ആ മഹാ സാഗരത്തെ നോക്കി കാണാൻ പഠിക്കേണ്ടിയിരിക്കുന്നു

അകല്ച്ചയുടെ വരമ്പത്തൂടെയുള്ള യാത്രയെ ഞാൻ സ്നേഹിക്കുന്നു. സ്നേഹത്തിന്റെയും സഹോദര്യതിന്റെയും നിറകുടമായ പച്ച മെത്ത വിരിച്ചിട്ട വയലേലകൾക്ക് നടുവിലൂടെയുള്ള സഞ്ചാരം തുടർന്നു . കണ്ട മുഖങ്ങളും കാഴ്ച്ചകളും മനസ്സിൽ ആഴത്തിൽ പതിഞ്ഞെന്നു പറയാനാവില്ല എങ്കിലും ഓർത്തെടുക്കാം .

പറയാനാവാത്ത മനസ്സിലാക്കാനാവാത്ത കാരണങ്ങളാൽ ഒരടുപ്പം ഈ വാടക വീടിനോട് തോന്നാറുണ്ട്. വ്യക്തമായ് പറയാനോ വിശദീകരിക്കനോ ആവില്ല. സ്വന്തമല്ലെന്നറിഞ്ഞിട്ടും സ്വന്തമായെങ്കിൽ എന്നൊരു തോന്നൽ. മൂടൽ മഞ്ഞു പോലെ മാഞ്ഞു പോകുന്ന ഒരു തോന്നൽ . സ്വകാര്യമായ നിമിഷങ്ങൾ സമ്മാനിക്കുന്ന ഈ മതിൽകെട്ടുകളെ പ്രണയിക്കാതെ വയ്യ. അടർന്നു വീണ കണ്ണു നീരൊക്കെയും ഒപ്പിയെടുത്തു.ഒരു വാക്ക് പോലുമില്ലാതെ ആശ്വസിപ്പിച്ചു. പൊട്ടിച്ചിരിയിൽ ഒളിഞ്ഞും മറഞ്ഞും പങ്കു ചേർന്നു. നിശബ്ദതയിൽ രഹസ്യങ്ങൾ പങ്കുവച്ചു . ഈ വാടക മുറിയും അതിലെ ഓരോ അണുവും എന്നെ സ്നേഹിച്ച വീര്പ്പു മുട്ടിക്കുന്നു. ലോകം തിക്കിലും തിരക്കിലും അങ്ങോട്ടും ഇങ്ങോട്ടും പരക്കം പായുമ്പോൾ പ്രണയത്താൽ ഈ മതിൽകെട്ടെന്നെ വരിഞ്ഞു മുറുക്കി.

No comments:

Post a Comment