Sunday, November 9, 2014

"""""""


മാറ്റമില്ലാതെ അവൾ 

അവളുടെ അരികിൽ വീണ്ടും ഇരിക്കാനാകുമെന്ന് ഒരിക്കലും കരുതിയില്ല. ഈ ജന്മത്തിൽ അവളെന്നെ സ്നേഹിച്ചതു പോലെ മറ്റാർക്കുമതിനു കഴിഞ്ഞിട്ടുമില്ല . അവളെ കുറിച്ചോർക്കാത്ത നിമിഷങ്ങൾ എന്റെ ജീവിതത്തിൽ വളരെ വിരളം . അവൾ തന്ന ഓർമകൾക്ക് എന്നും മാധുര്യമേറിയിട്ടെ ഉള്ളു. ദുഖവും സന്തോഷവുമെല്ലാം ഒരുമിച്ച് പങ്കിട്ടു . മൗനത്തിലാഴ്ന്ന നിമിഷങ്ങളിൽ പോലും അവൾക്കെന്നോട് പറയാൻ യുഗ യുഗാന്തരങ്ങളുടെ വിശേഷങ്ങളും കഥകളും ഉണ്ടായിരുന്നു .

 അവളെ കണ്ണീരിൽ കണ്ട നിമിഷങ്ങൾ അപൂർവ്വം; എത്ര നീറ്റുന്ന പ്രശ്നങ്ങളിലും നിഷ്കളങ്കമായ ചിരി എങ്ങും നിറഞ്ഞു. ഏതു വിഷമത്തിലും അരികിൽ ഇരുന്നവൾ ആശ്വസിപ്പിച്ചു . ഒരു വാക്ക് പോലുമില്ലാതെ എത്രയോ ദിവസങ്ങൾ അവളോടൊപ്പം ഞാൻ കഴിഞ്ഞു . ഒരിക്കലും മടുപ്പിക്കാതെ സ്നേഹത്താൽ അവളെന്നെ വരിഞ്ഞു മുറുക്കി. ഇളം തെന്നൽ പോലെന്നെ തഴുകി തലോടി.

പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട് അവൾക്കരികിൽ, അവളോടൊപ്പം ജീവിതത്തിന്റെ അവശേഷിക്കുന്ന നിമിഷങ്ങളിൽ കഴിയാൻ ആയെങ്കിലെന്ന് പക്ഷെ മൂടൽ മഞ്ഞു പോലെ അർദ്ധശൂന്യമായ ആഗ്രഹമായി എന്നിലേക്ക്‌ തന്നെ ഇഴുകി ചേർന്നു

സമര തീവ്രതയിൽ വിപ്ലവം ഉയർന്നപ്പോൾ, ഓണക്കാലത്ത് പൂവിളിയും ഓണപ്പാട്ടും നിറഞ്ഞപ്പോൾ അവളെന്റെ അരികിൽ നിന്നു .കോരി ചൊരിയുന്ന മഴയത്ത് അവൾ ആർത്തുല്ലസിച്ചു. വേനൽ കാലത്ത് അവള്കരികിൽ ഇരിക്കാൻ പ്രത്യേക സുഖമുണ്ടായിരുന്നു . സ്നേഹത്തിനും പ്രണയത്തിനും ഇത്രയേറെ തീവ്രത ഉണ്ടെന്ന് മറ്റാരും എന്നോട് പറഞ്ഞില്ല.

യൂണിവേഴ് സിറ്റി .. ഹൃദയ തുടിപ്പുകൾ ഒപ്പിയെടുത്ത കലാലയം . ഇന്നും ആ മരച്ചുവട്ടിൽ ഇരിക്കാൻ , കാരണമില്ലാതെ നടക്കാൻ എന്നും അവളെന്നെ ക്ഷണിച്ചു .


അപ്രതീക്ഷിതമായിട്ടാണ് വീണ്ടും അവളിലേക്ക് ഇറങ്ങി ചെല്ലാൻ അവസരം കൈ വന്നത് . കാലെടുത്തു വച്ച നിമിഷം മനസ്സിൽ സന്തോഷത്തിൻ കടൽ  ആർത്തിരമ്പി . മനസ്സിനെ വേദനിപ്പിക്കുന്ന മുറിവേൽപ്പിക്കുന്ന ചിന്തകളൊക്കെയും അവളുടെ മുന്നിൽ കൊഴിഞ്ഞു വീണു. ഒന്നും മിണ്ടാതെ അവളോടൊപ്പം അവൾക്കരികിൽ ഞാനിരുന്നു .. 

മാറ്റമില്ലാതെ അവൾ ഇന്നും ജീവിക്കുന്നു , സ്പന്ദനങ്ങൾ അറിഞ്ഞും അറിയാതെയും , ഒരാവേഷമായി 

No comments:

Post a Comment