Wednesday, April 20, 2016

പ്രൊഫഷണല്‍ ലവ്

നഷ്ട്ടപ്പെട്ട ജീവിത സ്വപ്നങ്ങളെ ഓര്‍ത്തുള്ള വേദന മരവിച്ചു തുടങ്ങി. പുതിയ സ്ഥലം, പുതിയ ജോലി, പുതിയ സൌഹൃദങ്ങള്‍. പുതിയ പ്രതീക്ഷകളോടെ തീവണ്ടി കയറുമ്പോള്‍ ഒരിക്കലും കരുതിയില്ല ജീവിതത്തിനു പുതിയ ഉണര്‍വ് നല്‍കാന്‍ അവളെ ഞാന്‍ കണ്ടു മുട്ടുമെന്ന്‍ . എപ്പോഴാണ് അവളെന്റെ ശ്രദ്ധ ആകര്‍ഷിച്ചത് എന്നറിയില്ല. പക്ഷെ ഒന്നറിയാം ഓരോ തവണ അവളില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചപ്പോഴെല്ലാം അവളിലേക്ക് കൂടുതല്‍ അടുക്കുകയാണ് ചെയ്തത്. വീണ്ടും എന്റെ മനസ്സ് എന്റെ കര വലയത്തില്‍ ഒതുങ്ങാതെ ആയി. ഇളകി മറിയുന്ന മനസ്സിനെ പിടിച്ചു നിര്‍ത്താന്‍ ആരോടെങ്കിലും എന്റെ ആഗ്രഹം പറയണമെന്ന് തോന്നി. ദേവദാസ് മാഷാണ് അതിനു പറ്റിയ ആളെന്ന് തോന്നി മാഷിനോട് കാര്യം പറഞ്ഞു. മാഷ്‌ ആകെ അമ്പരന്നു.
“രഞ്ജിത്ത് , ഇത് തികച്ചും വ്യക്തിപരമായ കാര്യമാണ്. ഇതില്‍ എനിക്ക് അഭിപ്രായം ഒന്നും ഇല്ല. എന്റെ അഭിപ്രായത്തിനു പ്രസക്തിയുമില്ല. നീ അവളോട്‌ സംസാരിച്ച് നോക്കു .”
മാഷ്‌ പറഞ്ഞത് ശരിയാണ്. എന്നാലും അവളോട്‌ എങ്ങനെ പറയുമെന്ന് അറിയില്ല. നേരിട്ട് പറയണം എന്ന്‍ ആഗ്രഹിച്ചെങ്കിലും ഫോണിലൂടെ പറയാനെ കഴിഞ്ഞുള്ളൂ. പ്രണയിക്കാന്‍ ഒരു പ്രണയിനി ആയിട്ടല്ല എന്റെ ജീവിതത്തിന്റെ പകുതി പങ്കു വൈക്കാന്‍ ആണ് ഞാന്‍ ക്ഷണിക്കുന്നത്. അവളുടെ മറുപടി “ എന്റെ വിവാഹം എന്റെ വീട്ടുകാരുടെ തീരുമാനമാണ് “
സമധാനമായി. ഇതില്‍ കൂടുതല്‍ സമ്മതം മൂളാന്‍ ഒരു പെണ്ണിനും കഴിയില്ലല്ലോ, പ്രത്യേകിച്ച് നിളയുടെ
നൈര്‍മല്യവും ഗ്രാമത്തിന്റെ വിശുദ്ധിയും ഉള്ള നാട്ടിന്‍പുറത്തെ പെണ്ണിന് .
വാട്സ് അപ്പ് ഉള്ളത് കൊണ്ട് അവളോട്‌ ഒരുപാട് സംസാരിക്കുന്നുണ്ട്. അതിനു ഞാന്‍ രതീഷിനോട്‌ നന്ദി പറയും. കാരണം അവനാണ് വാട്സ് അപ്പില്‍ അക്കൗണ്ട്‌ ഉണ്ടാക്കാന്‍ എന്നെ നിര്‍ബന്ധിച്ചത്.
ഏതു കാര്യത്തിലും അവള്‍ എന്റെ അഭിപ്രായം ചോദിക്കും.പുതിയ ലാപ്‌ ടോപ്‌ വാങ്ങണം എന്ന്‍ ആഗ്രഹം പറഞ്ഞപ്പോള്‍ വിപണിയില്‍ ഉള്ളതില്‍ ഏറ്റവും മികച്ചതും അനുയോജ്യവുമായ ഒരെണ്ണം തിരഞ്ഞെടുത്തു കൊടുത്തു. ഓഫീസ് കാര്യങ്ങളില്‍ പോലും എല്ലാം ഞാന്‍ പറഞ്ഞു കൊടുത്തു. എന്നേക്കാള്‍ കൂടുതല്‍ ഞാന്‍ അവളുടെ കാര്യങ്ങള്‍ ശ്രദ്ധിച്ചു തുടങ്ങി. ഔദ്യോഗിക കാര്യത്തിന് വേണ്ടി ഒരിക്കല്‍ അവള്‍ക്ക് തലസ്ഥാന നഗരിയിലേക്ക് യാത്ര ചെയ്യേണ്ടി വന്നു. ഭാഗ്യക്കേട് എന്ന്‍ പറഞ്ഞ മതിയല്ലോ അന്ന്‍ എനിക്ക് അവധി എടുക്കാനും പറ്റിയില്ല. പാവം എന്റെ നാട്ടില്‍ വന്നിട്ട് അവളെ ഒന്ന്‍ എവിടെയെങ്കിലും കൊണ്ട് പോകാന്‍ പോലും എനിക്ക് കഴിഞ്ഞില്ല.
ഇനി വൈകിക്കുന്നതില്‍ അര്‍ഥമില്ല. ഞാന്‍ വീട്ടില്‍ കാര്യം അവതരപ്പിച്ചു. 380 കിലോ മീറ്റര്‍ വീട്ടുകാര്‍ക്ക് ഒരു ദൂരം തന്നെ ആയിരുന്നു. എന്നാലും എന്റെ ആഗ്രഹത്തിന് എതിരഭിപ്രായം ഒന്നും പറഞ്ഞില്ല. എന്റെ ചേച്ചി അവളുടെ വീട്ടില്‍ വിളിച്ചു. അച്ഛന്‍ വിദേശത്ത് ആയത് കൊണ്ട് അവളുടെ അമ്മ ആണ് ഫോണ്‍ എടുത്തതും ചേച്ചിയോട് സംസാരിച്ചതും. ഒരേ ജാതി ഒരേ മതം ഒരേ വകുപ്പ് എല്ലാം കൊണ്ടും തടസ്സങ്ങള്‍ ഒന്നുമില്ല. പക്ഷെ അവളുടെ അമ്മയുടെ വാക്കുകളിലും സംസാര ശൈലിയിലും താല്പര്യ കുറവ് പ്രകടമായിരുന്നു എന്ന്‍ ചേച്ചി പരാതി പോലെ പറഞ്ഞു. ഞാന്‍ അത് അത്ര കാര്യമാക്കിയില്ല. ഓരോ തിരക്ക് കാരണം അവളോട്‌ നേരെ സംസാരിക്കാനും കഴിഞ്ഞില്ല.
കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ എന്റെ സഹ പ്രവര്‍ത്തക എന്നോട് പറഞ്ഞു അവളോട്‌ എന്നെ ഇഷ്ടമാണോ എന്ന്‍ വീട്ടുകാര്‍ ചോദിച്ചപ്പോള്‍ അങ്ങനെ ഒന്നുമില്ല എന്നായിരുന്നു അവളുടെ മറുപടി. അത് കേട്ട് ഞാന്‍ അന്താളിച്ചു പോയി. രാവിലെ എണീറ്റ നേരം മുതല്‍ രാത്രി ഉറങ്ങുന്നത് വരെ ഇടവേളകള്‍ ഇല്ലാതെ വിശേഷം പറയുന്നവള്‍ക്ക് എന്നെ ഇഷ്ടമാല്ലെന്നോ. അത് അവളോട്‌ തന്നെ ചോദിക്കണം എന്ന്‍ തോന്നി. ഓരോ തവണ വാട്സ് അപ്പില്‍ അവള്‍ വരാന്‍ ഞാന്‍ കാത്തിരുന്നു വന്നില്ല. അയച്ച സന്ദേശങ്ങള്‍ക്ക് ഒന്നും മറുപടി ഇല്ല. ഇവള്‍ക്കിത്‌ എന്ത് പറ്റി എന്നുള്ള ചിന്ത എന്നെ അലട്ടാന്‍ തുടങ്ങി. അപ്പ്രതീക്ഷിതമായി അവളുടെ മറുപടി വന്നു
“നിന്നോട് ഞാന്‍ ആദ്യമേ പറഞ്ഞതല്ലേ എന്റെ വിവാഹം എന്റെ വീട്ടുകാരുടെ തീരുമാനം ആണെന്ന്‍.”
“ഉവ് . നീ പറഞ്ഞു. അതില്‍ എനിക്ക് പരാതി ഒന്നുമില്ലല്ലോ.”
പക്ഷെ അവള്‍ പിന്നീട് പറഞതാണ് എന്നെ ഞെട്ടിച്ചത്. എന്നോടുള്ള സ്നേഹത്തിനും അടുപ്പത്തിനും അവളൊരു പേരിട്ടു – പ്രൊഫഷണല്‍ ലവ്. ന്യൂ ജന് പിള്ളേരുടെ കാലം അല്ലേ ഏതായാലും സംഗതി കൊള്ളാം. വിദൂരത്തിരുന്ന്‍ കൊണ്ട് എന്റെ ഹൃദയമിടിപ്പ്‌ കാതോര്‍ത്തതാണോ പ്രൊഫഷണലിസം.വൈകുന്നേരങ്ങളില്‍ ഒരുമിച്ച് ബസ്‌ സ്റ്റോപ്പ്‌ വരെ അവളെ കൊണ്ടാക്കിയതാണോ അവള്‍ പറയുന്ന പ്രൊഫഷണലിസം. എന്നാല്‍ ഈ ഇസ-ത്തിനോട് എനിക്ക് പുച്ഛം തോന്നുന്നു. എന്പതുകളിലെ പ്രണയ സങ്കല്‍പ്പങ്ങളെ താലോലിച്ചു നടക്കുന്ന സാധാരണ കാരനല്ലേ ഞാന്‍, പ്രൊഫഷണലിസം തിരിച്ചറിയാനാവാത്ത ഒരുത്തന്‍. ഞാന്‍  ഒരു പ്രൊഫഷണല്‍ ഭാര്യ ആക്കാന്‍ അല്ല ആഗ്രഹിച്ചത്. ഒരു പ്രൊഫഷണല്‍ വിവാഹവും ഞാന്‍ സ്വപ്നം കണ്ടിട്ടില്ല. മാനുഷികമായി തോന്നിയ സ്നേഹമാണ് അവളോട്‌ തോന്നിയത്. ഒരു നല്ല കൂട്ടുകാരി.
നീതു നിന്നോട് ഒന്നേ എനിക്ക് പറയാനുള്ളൂ. പ്രൊഫഷണലിസത്തേക്കാള്‍ ബന്ധങ്ങളില്‍ നീ കാണിക്കേണ്ടത് കണ്ടിന്യൂഇസം ആണ്. ബന്ധങ്ങള്‍ക്ക് ഇസം ചേര്‍ത്ത് പേരിടുമ്പോള്‍ നീ പലതും ഓര്‍ക്കണം. പലതവണ.

No comments:

Post a Comment