Thursday, April 28, 2016

ജീവിതം - ഇന്നലെയും ഇന്നും

ഐ ടീ ഐ പരീക്ഷ എഴുതി ഫലവും കാത്ത് നില്‍ക്കുന്ന സമയം. എന്തെങ്കിലും പഠിക്കാന്‍ ചേരണം. എഞ്ചിനീയര്‍ ആവാനും ഡോക്ടര്‍ ആവാനും താല്പര്യമില്ലാത്തത്  കൊണ്ട് തൊഴില്‍ സാധ്യത ഉള്ള ഏതെങ്കിലും മേഘല മതിയെന്ന്‍ പണ്ടേക്കു പണ്ടേ കരുതിയതാണ്. ആ സമയത്താണ് എന്റെ സുഹൃത്ത് ഐ- ടെക് എന്ന സ്ഥാപനത്തെ കുറിച്ച് പറയുന്നത്. അവിടെ കമ്പ്യൂട്ടര്‍ മേഘലയുമായി ബന്ധപ്പെട്ട കോയ്സുകള്‍ പഠിപ്പിക്കും. ഹാര്‍ഡ് വെയര്‍ വേണോ സോഫ്റ്റ്‌ വെയര്‍ വേണോ എന്നുള്ള ചിന്ത ആയി അടുത്തത്. സോഫ്റ്റ്‌ വെയര്‍ വേണ്ട അതെനിക്ക് പറ്റിയതല്ല എന്ന്‍ മനസ്സ് പറഞ്ഞു. അപ്പോ പിന്നെ ഉള്ളത് ഹാര്‍ഡ് വെയര്‍ തന്നെ. നെറ്റ്വര്‍ക്കിംഗ്  പഠിക്കാനാണ് താല്പര്യം. അങ്ങനെ അവന്‍ എന്നെയും കൊണ്ട് ഐ ടെക്കില്‍ പോയി. ഞാന്‍ ആഗ്രഹിച്ച പോലെ നെറ്റ് വര്‍ക്കിംഗ് പഠിക്കാന്‍ ചേര്‍ന്നു . ആലുവയില്‍ നിന്ന്‍ ഒരു മണിക്കൂര്‍ എടുക്കും എറണാകുളം സൗത്തില്‍ സ്ഥിതി ചെയ്യുന്ന ഈ സ്ഥാപനത്തില്‍ എത്താന്‍. എന്നാലും തീവണ്ടി സൗകര്യം ഉള്ളത് കൊണ്ട് ബുദ്ധിമുട്ട് തോന്നിയിട്ടില്ല.

എന്റെ കൂടെ പഠിക്കാന്‍ കുട്ടികള്‍ കുറവായിരുന്നു. കൂടുതല്‍ പേര്‍ ചേര്‍ന്നത് സോഫ്റ്റ്‌ വെയര്‍ പഠിക്കാനാണ്. അത് കൊണ്ട് അവിടെ എനിക്ക് കൂട്ട് എന്ന്‍ പറയാന്‍ ഉണ്ടായിരുന്നത് അദ്ധ്യാപകരും ഓഫീസ് ജോലിയില്‍ ഉള്ളവരും ആയിരുന്നു. സനു, പ്രിയ ലക്ഷ്മി , മനോജ്‌ ഒക്കെ എന്റെ നല്ല സുഹൃത്തുക്കള്‍ ആയി. പ്രായത്തില്‍ എന്നേക്കാള്‍ മുതിര്‍ന്നവര്‍ ആയത് കൊണ്ട് എന്നോടൊരു പ്രത്യേക താല്പര്യം എല്ലാവര്‍ക്കും ഉണ്ടായിരുന്നു. അവരോടുള്ള അടുപ്പം കൊണ്ട് മറ്റ് കുട്ടികളെക്കാള്‍ കൂടുതല്‍ സ്വാതന്ത്ര്യം എനിക്ക് ഐ ടെക്കില്‍ ഉണ്ടായിരുന്നു. ക്ലാസ്സ്‌ സമയം കഴിഞ്ഞാലും മനോജിന്റെ കൂടെ എറണാകുളം ഒക്കെ നടന്ന് കറങ്ങിയ ശേഷം മാത്രമേ തിരിച്ച് ആലുവയിലേക്ക് മടങ്ങു. അങ്ങനെ നടന്ന സമയത്താണ് ഐ ടെക്കിലെ ഫ്രന്റ് ഓഫീസ് ജോലിക്കായി നീതു വന്നത്. മറ്റുള്ളവരോടുള്ള അടുപ്പം നീതുവിനെയും എന്റെ നല്ല കൂട്ടുകാരി ആയി മാറ്റി. ഞങ്ങള്‍ സംസാരിക്കുന്നത് കുറവായിരുന്നു. സനുവാണ് നീതുവിനോട് എന്നെ കുറിച്ച് കൂടുതല്‍ പറഞ്ഞത് - ഞാന്‍ വളരെ പാവം പയ്യനാണ്. ഭയങ്കര സ്നേഹമാണ്, കെയറിംഗ് ആണ്- എന്നൊക്കെ. എന്നെ കുറിച്ച് കേട്ട കാര്യങ്ങള്‍ അവളെ എന്നിലേക്ക്‌ കൂടുതല്‍ അടുപ്പിച്ചു. അവള്‍ക്ക് എന്നോടൊരു പ്രത്യേക താല്പര്യം തോന്നി തുടങ്ങി. ജീവിതത്തില്‍ ഇന്നേ വരെ എന്നോട് ഒരു പെണ്ണിനും തോന്നാത്ത താല്പര്യം അവള്‍ക്ക് തോന്നിയപ്പോ ഞാന്‍ ശരിക്കും ത്രില്‍ ആയി. നീതുവിന്റെ മനസ്സിലെ സങ്കല്‍പ്പവും എന്നെ പോലൊരാള്‍ ആയിരുന്നുവത്രേ. ക്ലാസ്സ്‌ കാലാവധി ഉടനെ തീരും. പിന്നെ എന്ത് ചെയ്യും എന്ന്‍ ആലോചന ഒടുവില്‍ എന്നെയും ഐ ടെക്കിലെ ഒരു ജൂനിയര്‍ അദ്ധ്യാപകന്‍ ആക്കി. തിങ്കള്‍ മുതല്‍ ശനി വരെ മെഗാ സീരിയല്‍ പോലെ ഞങ്ങള്‍ കാണും. പിന്നെ ഉള്ളത് ഞായറാഴ്ച. അവള്‍ സൗത്തിലെ st ആന്റണി പള്ളിയിലാണ് പോകുന്നത് എന്നറിയാം. രാവിലെ എണീറ്റ് കുളിക്കും. അപ്പന്‍റെ പെങ്ങളുടെ വീട്ടിലാണ്‌ ഞാന്‍ നില്‍ക്കുന്നത്. അവരുടെ നെയ്‌ ദോശയും ചമ്മന്ധിയും എന്റെ ഏറ്റവും പ്രിയപ്പെട്ടതാണ്. അത് കഴിച്ചിട്ടേ ഞാന്‍ ഇറങ്ങൂ.  രാവിലെ പത്ത് മണിക്കാണ് അവള്‍ വരുന്നത്. ആ സമയം തമിഴ് ഭാഷയിലാണ് കുറുബാന. ഒന്നും മനസിലാവാറില്ല എന്നാലും അവള്‍ ഉള്ളത് കൊണ്ട് മുടങ്ങാതെ പള്ളിയില്‍ പോകാന്‍ തുടങ്ങി. അവളുടെ വീട് പള്ളിയുടെ അടുത്താണ്. ഒറ്റയ്ക്കാണ് വരുന്നത് എന്നാലും പള്ളി മുറ്റത്ത്‌ വച്ച് അവള്‍ സംസാരിക്കില്ല. അവള്‍ പോയ ശേഷം ഞാന്‍ മനോജിന്റെ കൂടെ വീണ്ടും സമയം ചിലവഴിക്കും. മനോജും എന്നോട് നീതുവിനെ കുറിച്ച് ഒന്നും ചോദിച്ചിട്ടില്ല. അറിയാത്തത് കൊണ്ടാകുമോ അതോ അറിഞ്ഞിട്ടും ഞാന്‍ പറയാന്‍ വേണ്ടി കാത്തിരിക്കുകയാണോ ? ആ സംശയം ഉത്തരമില്ലാത്ത ചോദ്യമായി തന്നെ എന്നില്‍ ഉറങ്ങി.
മനോജിനോട് സംസാരിക്കുന്നതിനിടയില്‍ ഞാന്‍ അറിഞ്ഞു അവള്‍ ഡിഗ്രി കഴിഞ്ഞതാണ്, റാങ്ക് കിട്ടിയിട്ടുണ്ട് എന്നൊക്കെ . അയ്യോ ഞാന്‍ ശരിക്കും ഞെട്ടി. റാങ്ക് അല്ല പക്ഷെ ഡിഗ്രി പൂര്‍ത്തിയാക്കി എന്ന് പറയുമ്പോള്‍ അവള്‍ക്ക് എന്നേക്കാള്‍ പ്രായമുണ്ട്. ദൈവമേ ഞാന്‍ സച്ചിന്‍ ആകുവാണോ അതോ അഭിഷേക് ബച്ചനോ ? സ്വയം ആശ്വസിച്ചു ഒന്നിനും പ്രായം ഒരു പ്രശ്നമല്ല പ്രത്യേകിച്ച് സ്നേഹിക്കാന്‍.
അവളുടേതായ എന്തെങ്കിലും എനിക്ക് വേണമെന്ന് ആഗ്രഹം തോന്നി. വെറുതെ ഒരു നിധി പോലെ സൂക്ഷിച്ചു വയ്ക്കാന്‍. അവളോട്‌ പറഞ്ഞപ്പോള്‍ അവളുടെ വളകളില്‍ ഒരെണ്ണം എനിക്ക് തന്നു. പൊന്നു പോലെ ഞാനത് സൂക്ഷിച്ചു വച്ചു. മനോജും, സനുവും, നീതുവും, ജ്യോതിയും ഒരിക്കല്‍ എന്റെ വീട്ടില്‍ വന്നു. വിശേഷിച്ച് ഒന്നുമില്ല, ഇടയ്ക്ക് ഞങ്ങള്‍ ഒരാളുടെ വീട്ടില്‍ കൂടും. എന്റെ ഊഴം വന്നപ്പോള്‍ എല്ലാവരും വന്നു. അത്രേ ഉള്ളു. പക്ഷെ ഞാന്‍ സ്നേഹിക്കുന്ന പെണ്‍കുട്ടി വീട്ടില്‍ വരുന്നതിന്റെ പ്രത്യേകത എനിക്കുണ്ടായിരുന്നു.
ഒരു ദിവസം നീതു അയച്ചു തന്ന മെസ്സേജ് ഞാന്‍ സനുവിന് അയച്ച് കൊടുത്തു. അത് ഒരു വലിയ അബദ്ധം ആയി പോയി. കാരണം ആ സമയം സനു നീതുവിന്റെ കൂടെ ഉണ്ടായിരുന്നു. ഉടനെ സനു അത് നീതുവിന് കാണിച്ച് കൊടുത്തു. അതിനു ശേഷം നീതു എന്നോട് അധികം സംസാരിക്കില്ല. സനു എന്നോട് അങ്ങനെ ചെയ്യുമെന്ന് ഞാനും കരുതിയില്ല. എല്ലാ  ദിവസവും സനുവിന് ഒരു ഡയറി മില്‍ക്ക് എന്റെ ബാഗില്‍ ഉണ്ടാവും. എന്റെ ബാഗ് തുറന്ന് എടുക്കുന്നത് അവളുടെ അവകാശം ആയിരുന്നു. ആറു മാസം അതില്‍ കൂടുതല്‍ നീതുവിനോട് സംസാരിച്ചിട്ടില്ല. അടുത്തിട്ടുമില്ല. ആറു മാസത്തെ ആയുസ്സ് മാത്രമേ അതിനു ഉണ്ടായിരുന്നുള്ളൂ.
അധിക നാള്‍ ആലുവയില്‍ നില്ക്കാന്‍ തോന്നിയില്ല. എന്തിന് അടുത്തെന്നോ എന്തിന് എന്നില്‍ നിന്നും അകന്നെന്നോ പറയാന്‍ അവള്‍ നിന്നില്ല. ആലുവയിലെ താമസം മതിയാക്കി സ്വന്തം നാടായ തിരുവനന്തപുരത്ത് എത്തി. ഇനി എന്ത് എന്നുള്ള ചോദ്യം ഉണ്ടായിരുന്നു. എല്ലാം മതിയാക്കി വരാന്‍ ഉണ്ടായ സംഭവങ്ങള്‍ വീട്ടുകാരോട് പറഞ്ഞു. എല്ലാം പറഞ്ഞപ്പോള്‍ അമ്മ എന്നെക്കൊണ്ട് സത്യം ചെയ്യിച്ചു – പ്രായത്തില്‍ മൂത്ത ഒരു പെണ്ണിനെ ഇനി സ്നേഹിക്കില്ല എന്ന്‍. മറു വശത്ത് അപ്പന്‍ പറഞ്ഞു പെണ്ണ്‍ ക്രിസ്ത്യാനി ആവണം. അവരുടെ സമാധാനത്തിനു വേണ്ടി സത്യവും ചെയ്തു. പക്ഷെ എനിക്ക് മനസ്സിലാവാത്ത കാര്യം പ്രായവും ജാതിയും ഒക്കെ അത്ര പ്രശ്നമാണോ. സമാധാനം തീരെ ഇല്ലാതായി. ആരെയും വിശ്വസിക്കാന്‍ കഴിയുന്നില്ല. എല്ലാവര്‍ക്കും വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്തു എന്നിട്ടും എനിക്ക് മാത്രം അവഗണന. ഇത്രേം സ്വാര്‍ഥരായ കൂട്ടുകാരാണോ എനിക്ക് ഉണ്ടായിരുന്നത്. എന്റെ തോന്നലുകള്‍ ഒക്കെ തെറ്റ് ആയിരുന്നു. എന്നോട് അടുപ്പം കാണിക്കാന്‍ അവര്‍ക്ക് അവരുടെതായ കാരണം ഉണ്ടായിരുന്നു. അത് മനസ്സിലാക്കാന്‍ പറ്റാത്ത ഞാനാണ്‌ വിഡ്ഢി.മനോജ്‌ അല്ലാതെ മറ്റാരോടും സംസാരിച്ചിട്ടില്ല അതിനു ശേഷം .
ഒന്നോ രണ്ടോ മാസം കഴിഞ്ഞു. സനുവും നീതുവും എന്റെ വീട്ടില്‍ വന്നു. വെറുതെ വന്നതാണ്‌. നീതു ഒന്നും സംസാരിച്ചില്ല. എന്റെ കൈയില്‍ ഉണ്ടായിരുന്ന അവളുടെ വള തിരിച്ചു ഏല്‍പ്പിച്ചു. ഇനി അതിന്റെ ആവശ്യം എനിക്ക് ഇല്ലല്ലോ. കുറച്ചു മാസങ്ങള്‍ കഴിഞ്ഞ് വീണ്ടും ഒരു കോള്‍ വന്നു.
“ഞാന്‍ നീതുവാണ്. വരുന്ന ഞായറാഴ്ച എന്റെ വിവാഹം ആണ്. വരണം”
“വരാം “
ഉടനെ ഞാന്‍ മനോജിനെ വിളിച്ച് കാര്യങ്ങള്‍ പറഞ്ഞു. അവന്‍ കൂടുതല്‍ ഒന്നും പറഞ്ഞില്ല. മിന്നു കെട്ടിനു പോകാമെന്ന്‍ പറഞ്ഞു. ഞായറാഴ്ച അവളുടെ മിന്നു കെട്ടും കണ്ടു എല്ലാം തികഞ്ഞു. നന്നായിട്ട് ഭക്ഷണവും കഴിച്ച് അടുത്ത തീവണ്ടിയില്‍ കയറി നാട്ടില്‍ എത്തി. ഒടുവില്‍ ആ നാടകത്തിനു തിരശീല വീണു.
അതായിരുന്നു എന്റെ ആദ്യത്തെ പ്രണയം. ഞാന്‍ ഇതിപ്പോ നിന്നോട് പറഞ്ഞത് മറ്റൊന്നും കൊണ്ടല്ല, എന്റെ ജീവിതത്തിലേക്ക് വരുന്ന പെണ്‍കുട്ടി അറിയണം എന്ന്‍ എനിക്ക് നിര്‍ബന്ധം ഉണ്ടായിരുന്നു.
ആകാശം വരെ വളര്‍ന്നു നില്‍ക്കുന്ന ഈഫെല്‍ ടവര്‍, ഇരുമ്പ് കൊണ്ട് നിര്‍മ്മിച്ചസ്വപ്ന തുല്യമായ ഗോപുരം- ഒരു വര്‍ഷം ഏകദേശം ഏഴു ദശ ലക്ഷം ആളുകളാണ്  ലോകത്തെ വിവിധ ഭാഗങ്ങളില്‍ നിന്നും സന്ദര്‍ശനത്തിനു എത്തുന്നത്- ആ സ്തൂപം നോക്കി അവള്‍ എന്നോട് പറഞ്ഞു.
“ഇച്ചായ നമുക്ക് തന്നിരിക്കുന്ന സമയത്ത് എത്തിയില്ലെങ്കില്‍ പിന്നെ നമുക്ക് അകത്ത് കയറാന്‍ പറ്റില്ല. 30 മിനിറ്റ് വരെ അവര്‍ നമ്മുടെ ഇ ടിക്കറ്റ്‌ പരിഗണിക്കൂ.”
താഴത്തെ നിലയില്‍ ഉള്ള അന്വേഷണ വിഭാഗത്തില്‍ തിരക്കിയപ്പോള്‍ അവര്‍ പറഞ്ഞു
ഒന്നാമത്തെയും  രണ്ടാമത്തെയും  നിലയിലെത്താന്‍  വടക്ക് വശത്തും കിഴക്ക് ഭാഗത്തും ഉള്ള ലിഫ്റ്റില്‍ കയറണം. 276 മീറ്റര്‍ ഉയരെ പോകാന്‍ -ഗോപുരത്തിന്റെ ഏറ്റവും മുകളില്‍ -  പടിഞ്ഞാറു ഭാഗത്തെ ലിഫ്റ്റ്‌ ഉപയോഗിക്കണം. 115 മീറ്റര്‍ ഉയരമുള്ള രണ്ടാമത്തെ നിലയില്‍ എത്തിയ ശേഷം മാത്രമേ പടിഞ്ഞാറെ ഭാഗത്തുള്ള ലിഫ്റ്റില്‍ കയറാനാവൂ. ലിഫ്റ്റ്‌ ഉപയോഗിക്കണം എന്ന്‍ നിര്‍ബന്ധം ഒന്നുമില്ല. ഗോപുരത്തിന്റെ മുക്കും മൂലയും ആസ്വദിച്ചു കാണണം എന്നുണ്ടെങ്കില്‍ പടവുകള്‍ കയറുന്നതാവും നല്ലത്. ലിഫ്റ്റില്‍ കയറി ടവറിന്റെ ആദ്യ നിലയിലേക്ക് പോകവേ അവള്‍ ചോദിച്ചു  
“ഇത്രയും വര്‍ഷം ആയിട്ടും ഒരിക്കല്‍ പോലും നീതു വിളിച്ചിട്ടില്ലേ ?”
“എന്നെ എന്നല്ല ആരെയും അവള്‍ വിളിക്കാറില്ല.അവളുടെ ഭര്‍ത്താവ് ആരോടും മിണ്ടുന്ന സ്വഭാവക്കാരന്‍ അല്ല എന്നാണ് അറിഞ്ഞത്. സനുവും മനോജും അവളുടെ വീട്ടില്‍ വിളിക്കാറുണ്ട്, അങ്ങനെ വിവരങ്ങള്‍ അറിയും. അവളിപ്പോ ബംഗളുരുവിലാണ്. മനോജ്‌ അവിടെ ഉണ്ട് പക്ഷെ ഒരിക്കല്‍ പോലും അവനെയും വിളിച്ചിട്ടില്ല.”
ആദ്യ നിലയില്‍ ഞങ്ങളെ സ്വാഗതം ചെയ്തത് വ്യത്യസ്തമായ കാഴ്ചകള്‍ ആണ്. ഭൂമിയില്‍ നിന്നും 57 മീറ്റര്‍ മുഴുവന്‍ ചില്ല് കൊണ്ട് പണിതൊരു നില. ഭക്ഷണ ശാലയും ബുഫെയും കടകളും എല്ലാമുണ്ട്. ഗുസ്താവ് ഈഫെല്‍ ടവര്‍, പാരിസിലെ പല പരിപാടികളും ഒത്തുചേരലുകളും ഒരുങ്ങുന്നത് ഗുസ്താവിലാണ്.
രണ്ടാമത്തെ നിലയിലേക്ക് പടവുകള്‍ കയറാമെന്ന് ഞങ്ങള്‍ തീരുമാനിച്ചു. അവളുടെ മനസ്സില്‍ എന്താവും എന്ന്‍ ചിന്തിച്ചു പക്ഷെ അവള്‍ ഒന്നും പറഞ്ഞില്ല.
രണ്ടാമത്തെ നിലയിലെ ജൂള്‍സ് വെര്‍നെ എന്ന ഭക്ഷണശാലയില്‍ നിന്നും ചില ഫ്രഞ്ച് വിഭവങ്ങള്‍ രുചിച്ചു നോക്കാന്‍ കയറി. പല രാജ്യത്തു നിന്നും പാരിസ് കാണാന്‍ വന്നവര്‍. അവരെ ഒന്നും തന്നെ അലട്ടുന്നില്ല. എനിക്ക് ചിന്തകളെ നിയന്ത്രിക്കാനായില്ല. എന്റെ ചിന്തകളെ കാറ്റില്‍ പറത്തി കൊണ്ട് അവള്‍ ഫ്രഞ്ച് ഭാഷയില്‍ ഗാര്‍സോണിനോട് എന്തോക്കൊയോ സംസാരിച്ചു. എന്നോട് എന്ത് വേണമെന്ന് ചോദിച്ചു. പണ്ട് മുതല്‍ക്കേ തിരിഞ്ഞു കടിക്കാത്ത എന്തും കഴിക്കും എന്നുള്ളത് കൊണ്ട് അവള്‍ക്ക് ഇഷ്ട്ടമുള്ളത് പറയാന്‍ പറഞ്ഞു. സാലഡും പാസ്തയും പിന്നെ പറഞ്ഞതൊന്നും എനിക്ക് മനസിലായില്ല. പക്ഷെ അവസാനം വൈന്‍ എന്ന്‍ കേട്ടു . ഗാര്‍സോണ്‍ പോയ ശേഷം ഞാന്‍ അവളെ തന്നെ നോക്കി ഇരുന്നു. അല്‍പ്പ നേരം കഴിഞ്ഞ് കുറെ പാത്രങ്ങളും ആയി ഗാര്‍സണ്‍ വന്നു. “ബോണ്‍ അപ്പത്തി “ പറഞ്ഞ് അടുത്ത ആളുകളിലേക്ക് തിരിഞ്ഞു.
എല്ലാം കഴിച്ച് ശേഷം അവിടെ നിന്നും ഞങ്ങള്‍ വിഷന്‍ വെല്ലിനു അടുത്തേക്ക് പോയി. അവിടുന്ന്‍ നോക്കിയാല്‍ ഏറ്റവും താഴത്തെ നില കാണാം. പേടി ആണെന്ന്‍ പറഞ്ഞു ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചെങ്കിലും ഞാന്‍ നിര്‍ബന്ധിച്ചപ്പോള്‍ എന്റെ കൈയില്‍ മുറുകെ പിടിച്ചു കൊണ്ട് അവളും നോക്കി വിഷന്‍ വെല്ലില്‍.
ഏറ്റവും മുകളില്‍ എത്താനായി വീണ്ടും ഞങ്ങള്‍ ലിഫ്റ്റിന്റെ അടുത്തേക്ക് നടന്നു. നല്ല തിരക്ക് ആയിരുന്നത് കൊണ്ട് കുറച്ചു നേരം കാത്തു നില്‍ക്കേണ്ടി വന്നു.
കുറച്ചു സമയത്തേക്ക് നിശബ്ധത ഞങ്ങളെ ആവരണം ചെയ്തു. ചോദ്യങ്ങള്‍ ഇല്ല ഉത്തരങ്ങള്‍ ഇല്ല കഥകള്‍ ഇല്ല. എല്ലാം പെട്ടെന്ന്‍ അവസാനിച്ച പോലെ. ആ നിശബ്ദതയില്‍ എപ്പോഴോ ലോകമെമ്പാടും ആളുകള്‍ സ്വപ്നം കാണുന്ന പാരിസ് നഗരത്തിന്റെ ഉയരത്തില്‍ ഞങ്ങളെത്തി.   
എന്റെ അടുത്തേക്ക് ചേര്‍ന്നു നിന്ന്‍ കൈകള്‍ കോര്‍ത്ത് പിടിച്ചവള്‍ ചോദിച്ചു  
“ നമുക്ക് പോയി ഓരോ ശംപയ്ന്‍ കുടിച്ചാലോ ?”
അവളുടെ കണ്ണുകളില്‍ തന്നെ നോക്കി.

കൂടുതല്‍ ഒന്നും പറഞ്ഞില്ല, നെഞ്ചോടു ചേര്‍ത്ത് പിടിച്ച് ഫ്രാന്‍സിന്റെ നെറുകയില്‍ നിന്ന് കൊണ്ടൊരു ഫ്രഞ്ച് ചുംബനം നല്‍കി എന്നെന്നേക്കുമായി അവളെ സ്വന്തമാക്കി – എന്‍റെ എന്റേതു മാത്രമാക്കി .

No comments:

Post a Comment