Saturday, December 30, 2017

ക്രിസ്തുമസ് സമ്മാനം.


ക്രിസ്തുമസ് ആയാല്‍ പിന്നെ എങ്ങും ആഘോഷങ്ങളാണ്. ജാതി മത ഭേദമന്യേ ലോകമെമ്പാടുമുള്ള മനുഷ്യര്‍ക്ക് ഉത്സവകാലം. നമ്മുടെ കൊച്ചു കേരളത്തിലും സ്ഥിതി വ്യത്യാസമൊന്നുമല്ല . ക്രിസ്തുമസ് സുഹൃത്തിനെ തിരഞ്ഞെടുക്കുക , നമ്മുടെ പ്രാര്‍ഥനയില്‍ അവരെയും ഓര്‍ക്കുക, സ്നേഹോപകാരമായി എന്തെങ്കിലും സമ്മാനം നല്‍കുക, പിന്നെ കേക്കും വൈനും പങ്കു വയ്ക്കുക, പുല്കൂടുണ്ടാക്കി അലങ്കരിക്കുക ഇങ്ങനെ നീണ്ടു നീണ്ടു പോകുന്നു ആഘോഷ പരിപാടികള്‍. കോളേജില്‍ എല്ലാവരും ക്രിസ്തുമസ് സുഹൃത്തിനുള്ള സമ്മാനം വാങ്ങുന്ന തിരക്കിലാണ്. അദ്ധ്യാപികയാണ് സുഹൃത്തെങ്കില്‍ മറ്റൊന്നും ആലോചിക്കാനില്ല സാരി തന്നെ സമ്മാനം, അദ്ധ്യാപകനാണെങ്കിലോ ചിലര്‍ ഷര്‍ട്ട്‌ വാങ്ങും, മറ്റു ചിലര്‍ ഫ്ലാസ്ക്കും. ഈ നാട്ടില്‍ സമ്മാനങ്ങള്‍ക്ക് ഇത്രയും ക്ഷാമം ആണോ ? നാളെ കഴിഞ്ഞു മറ്റന്നാള്‍ ആണ് സമ്മാനം കൊടുക്കാനുള്ളത്, എന്ത് വാങ്ങണമെന്ന് ഞാനിത് വരെ തീരുമാനിച്ചിട്ടില്ല.
വാട്സപ്പില്‍ വരുന്ന ട്രോളും മെസജുകളും നോക്കി അങ്ങനെ ഇരുന്നപ്പോഴാണ് Jolabokaflod അഥവാ the christmas book flood എന്ന ആശയത്തെ കുറിച്ചൊരു പോസ്റ്റ്‌ കണ്ടത്. ഇത് ഐസ്ലാന്‍ഡ്‌ എന്ന രാജ്യത്തുള്ള ആഘോഷ പരിപാടിയാണ്. ക്രിസ്തുമസ് സമ്മാനമായി ഒരു പുസ്തകം വാങ്ങി കൊടുക്കുകയും, ക്രിസ്തുമസ് രാത്രിയില്‍ ഉറങ്ങാതെ ആ പുസ്തകം വായിക്കുകയും വേണം. ചിത്രം സിനിമയില്‍ ലാലേട്ടന്‍ പറയും പോലെ “കൊള്ളാം എന്ത് നല്ല ആചാരം. ഇത് പോലത്തെ ആചാരങ്ങള്‍ ഇനിയുമുണ്ടോ ആവോ ?“ ഏറ്റവും കൂടുതല്‍ പുസ്തകങ്ങള്‍ ഇറങ്ങുന്ന ഐസ് ലാന്‍ഡില്‍ സെപ്റ്റംബര്‍ ഒക്ടോബര്‍  നവംബര്‍ മാസങ്ങളിലാണ് ഏറ്റവുമധികം പുസ്തകങ്ങള്‍ വിറ്റ് പോകുന്നത്. കാരണം ആ സമയത്താണ് ആളുകള്‍ ക്രിസ്തുമസ്സിനെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നത്.
അങ്ങനെ എന്ത് വാങ്ങണം എന്നുള്ള ആശയകുഴപ്പം അവസാനിചെങ്കിലും  ഏത് പുസ്തകം എന്നായി അടുത്ത ചിന്ത. വൈറസ്സിന്റെ ജനനം പോലെയാണ് നമ്മുടെ ചിന്തകളും- ഒന്നില്‍ നിന്നും ഇരട്ടി ചിന്തകള്‍ ജനിക്കുന്നു. മരുന്നുകള്‍ കൊണ്ട് വൈറസ്സിനെ തടയാന്‍ ചിലപ്പോള്‍ നമുക്ക് കഴിഞ്ഞേക്കും എന്നാല്‍ ചിന്തകളെ തടയാന്‍  ചിന്തിക്കാതിരിക്കുക മാത്രമാണ് പ്രതിവിധി. ആരുടെയെങ്കിലും സഹായമില്ലാതെ പുസ്തകം തിരഞ്ഞെടുക്കാന്‍ പ്രയാസമാകും എന്നുള്ളത് കൊണ്ട് പലരോടും അഭിപ്രായം ചോദിക്കാന്‍ തുടങ്ങി. ഒടുവില്‍ ടീച്ചര്‍ പറഞ്ഞു നമുക്ക് മാതൃഭൂമി ബുക്സില്‍ പോയി നോക്കാം എന്നിട്ട് തീരുമാനിക്കാമെന്ന്. ഞാനുമത് ശരി വച്ചു.
വൈകുന്നേരം അഞ്ച് മണിക്ക് ഞാനും ടീച്ചറും കൂടി കടയിലെത്തി. അല്പ്പസ്വല്‍പ്പമൊക്കെ വായിക്കാറുണ്ടെങ്കിലും കടയില്‍ മുന്നൂറ്റി അറുപത് ഡിഗ്രി കറങ്ങിയപ്പോള്‍ കണ്ട പുസ്തക കാഴ്ച്ച എന്റെ തലച്ചോറിലേക്ക് പതിയാത്ത അവസ്ഥ എത്തി. ഒടുവില്‍ എം ടിയുടെ രണ്ടാമൂഴവും ടി ഡി രാമകൃഷ്ണന്റെ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകിയും വാങ്ങി ബില്‍ കൊടുക്കാന്‍ നിന്നപ്പോള്‍ ടീച്ചറിന്റെ ഫോണ്‍ റിംഗ് ചെയ്തു. ടീച്ചറിനെ കാണാന്‍ ഏതോ ഒരു സുഹൃത്ത് താഴെ കാത്ത് നില്‍ക്കുന്നുവെന്ന്.
കറുത്ത പാന്റ്സും നീല ഷര്‍ട്ടും. ശരാശരി ഉയരവും കട്ട മീശയും വെളുത്ത നിറവും. ടീച്ചര്‍ അയാളെ എനിക്ക് പരിചയപ്പെടുത്തി ഇതാണ്  വി കെ റ്റി.  ഇപ്പോള്‍ മാധ്യമ പ്രവര്‍ത്തകനാണ്. എറണാകുളം ആണ് സ്വദേശം. പരിചയമില്ലാത്ത ആളുകളെ കണ്ടാല്‍ എനിക്ക് ആമയുടെ സ്വഭാവമാണ് അത് കൊണ്ട് പരിചയപ്പെടല്‍ ഞാനൊരു ചിരിയില്‍ ഒതുക്കി.
പത്തിരുപത് വര്‍ഷങ്ങള്‍ മുന്‍പുള്ള ഓര്‍മ്മകള്‍ അവരുടെ വിഷയമായി മാറി.  ഇടയ്ക്ക് കെ പി ചോദിച്ചു ഒന്ന്‍ നടന്നാലോ .. ഈശ്വരാ ഇങ്ങേര്‍ക്കിത് എന്തിന്റെ കേടാ, എനിക്ക് വയ്യ നടക്കാനൊന്നും . എന്റെ ഭാഗ്യത്തിന് വേണ്ടെന്ന് ടീച്ചറും പറഞ്ഞു.  വി കെ റ്റിയും  ഞാനും  പണ്ട് ഭയങ്കര പ്രണയത്തിലായിരുന്നു എന്ന്  കൂടി ടീച്ചര്‍ ചേര്‍ത്തു. ഞാനൊന്ന്  ഞെട്ടിയോ? ചെറുതായിട്ട് ആണെങ്കിലും ഞാന്‍ ഞെട്ടി പക്ഷെ മുഖത്ത് സ്ഥായി ഭാവം തന്നെ തുടര്‍ന്നു. ഇരുപത് വര്‍ഷത്തിനിടയില്‍ അവര്‍ ഒരിക്കല്‍ പോലും കണ്ടിട്ടില്ല. വളരെ അടുത്ത കാലത്താണ് വീണ്ടും സംസാരിക്കാന്‍ തുടങ്ങിയത്. അയാള്‍ ടീച്ചറിന്റെ കൈയില്‍ നിന്നും ആ പുസ്തക കെട്ടുവാങ്ങി .ഏതെല്ലാം പുസ്തകങ്ങള്‍ വാങ്ങി എന്ന്  നോക്കിയ ശേഷം ആ ഭാരം അയാള്‍ തന്നെ ചുമക്കാന്‍ തീരുമാനിച്ചു. ചായ കുടിക്കാമോ എന്ന്  ചോദിച്ച ഉടനെ ടീച്ചര്‍ എന്നെ നോക്കി. വീട്ടില്‍ നിന്നും ഇറങ്ങിയാല്‍ പുറത്ത് നിന്നും ചായ കുടിക്കുന്ന ശീലമില്ലാത്ത ഒരാളാണ് ഞാന്‍ പക്ഷെ ആ അവസരത്തില്‍ ഞാന്‍ വേണ്ടാന്നു പറഞ്ഞാല്‍ ..... ആവാമെന്ന് ഞാന്‍ സമ്മതിച്ചു. ഞങ്ങളിറങ്ങി നടന്നു.
അടുത്തൊക്കെ ചായ കടകള്‍ ഉണ്ടായിരുന്നെങ്കിലും ഏതോ ഒരു കട ലക്ഷ്യമാക്കിയാണ് അയാള്‍ നടന്നത്. ഓഫീസുകള്‍ വിട്ട് ഉദ്ധ്യോഗസ്ഥര്‍ വീടുകളിലേക്ക് പോകുന്ന തിരക്കാണ്. ചിലര്‍ സായാഹ്ന സവാരിയിലാണ്.കോളേജ് വിട്ടിട്ടും കഥ പറഞ്ഞു തീരാത്ത സുഹൃത്തുക്കള്‍. കൂടണയാന്‍ തിടുക്കത്തില്‍ പറക്കുന്ന പറവകള്‍. വൈകുന്നേരം ആക്റ്റീവ് ആകുന്ന തട്ട് കടകള്‍. നടപ്പാതയിലൂടെ അവര്‍ രണ്ടും നടക്കുന്നത് നോക്കി ഞാനും നടന്നു. കേരള ഹോട്ടലായിരുന്നു ലക്ഷ്യം. അകത്തേക്ക് കയറുന്ന സമയം അയാള്‍ ടീച്ചറോട് ചോദിച്ചു എന്ത് പറ്റി, ഭക്ഷണം ഒന്നും കഴിക്കാറില്ലേ? മുഖത്ത് നല്ല ക്ഷീണം തോന്നുന്നു. അയാള്‍ പറഞ്ഞത് സത്യമാണ്. ടീച്ചര്‍ മിക്കപ്പോഴും പഴം, നൂഡില്‍സ് , ഡ്രൈ ഫ്രൂട്ട് ഇതൊക്കെയാണ് കഴിക്കുന്നത്.പിന്നെ എങ്ങനെ വിളര്‍ച്ച ഇല്ലാതിരിക്കും. വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടത് കൊണ്ടാവാം അയാള്‍ക്കത് പെട്ടെന്ന് മനസിലായത്.
താടിയില്‍ കൈയും വച്ചിരുന്ന് അയാള്‍ ടീച്ചറിനെ തന്നെ നോക്കി. ടീച്ചര്‍ വാ തോരാതെ സംസാരിച്ചു കൊണ്ടേ ഇരുന്നു. ടീച്ചര്‍ പൊതുവേ സംസാരിക്കുന്ന കൂട്ടത്തില്‍ ആണെങ്കിലും പതിവിലും കുടുതല്‍ ഉന്മേഷം ആ അവസരത്തില്‍ എനിക്കു തോന്നി. നമുക്ക് ഏറെ പ്രിയപ്പെട്ടവരെ കാണുമ്പോള്‍ നമ്മളറിയാത്ത ചില മാറ്റങ്ങള്‍ നമ്മളില്‍ ഉണ്ടാവും.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്വപ്നങ്ങളും ആഗ്രഹങ്ങളും പങ്കുവചിരുന്നവര്‍ ഇന്ന് വെറും പരിചിതര്‍ മാത്രം. എന്നില്‍ വീണ്ടും വൈറസ്‌ പിറന്നു – ഇവരെന്ത് കൊണ്ടാവും പിരിഞ്ഞത്? ആ ഹോട്ടലില്‍ ഇരിക്കുന്ന മറ്റുള്ളവരെ നോക്കിയും, അവിടെ കേള്‍ക്കുന്ന ഏതോ ഒരജ്ഞാത ഗാനവും കേട്ട് ഞാന്‍ വേറെ ഏതോ ലോകത്തിലായി. ഇടയ്ക്ക് ഓര്‍ഡര്‍ എടുക്കാന്‍ വന്ന ചേച്ചിയോട് മൂന്ന് കാപ്പിയും ഒരു പഴം കേക്കും പറഞ്ഞു. പഴം കേക്ക് എന്താണെന്ന് അറിയില്ലായിരുന്നു പക്ഷെ കണ്ടപ്പോള്‍ അയാള്‍ക്കത് ഇഷ്ടമില്ലാത്ത പലഹാരമാണെന്ന് പറഞ്ഞു.
അയാള്‍ പൈസകൊടുക്കാന്‍ പോയ സമയം ടീച്ചര്‍ പറഞ്ഞു  ഇപ്പോഴും ഭയങ്കര കെയറിംഗ് ആണെന്ന്. ഒരു സ്ത്രീ എപ്പോഴും ആഗ്രഹിക്കുന്നത് കെയറിംഗ് ആയ പങ്കാളിയെ തന്നെയാണ്. എത്ര ഉയര്‍ന്ന ജോലിയാണെങ്കിലും വിദ്യാഭ്യാസം ഉണ്ടെങ്കിലും അടിസ്ഥാന പരമായ ആഗ്രഹങ്ങള്‍ മാറില്ല.
അവിടുന്നിറങ്ങി നടന്നപ്പോള്‍ ടീച്ചറിനൊരു പുസ്തകം സമ്മാനിക്കണമെന്ന്  വല്ലാത്ത ആഗ്രഹം. പക്ഷെ വൈകിയത് കൊണ്ട് മറ്റൊരവസരത്തില്‍ ആവാമെന്ന് ടീച്ചര്‍ പറഞ്ഞു. ഒന്നിലധികം തവണ അയാള്‍ നിര്‍ബന്ധിച്ചെങ്കിലും ടീച്ചര്‍ തന്റെ തീരുമാനത്തില്‍ ഉറച്ചു നിന്നു. ഡ്രൈവര്‍ വരാന്‍ വൈകുമെന്ന് പറഞ്ഞത് കൊണ്ട് ഓട്ടോയില്‍ പോകാമെന്ന് ടീച്ചര്‍ പറഞ്ഞു. പക്ഷെ അസമയത്ത് ടീച്ചറിനെ ഒറ്റയ്ക്ക് വിടാന്‍ എന്റെ മനസ്സ് അനുവദിച്ചില്ല. അപ്പോഴേക്കും അയാള്‍ പറഞ്ഞു അയാള്‍ ഞങ്ങളെ വീട്ടില്‍ വിടാമെന്ന്. എന്ത് കൊണ്ടും അതാണ് നല്ലതെന്ന് എനിക്കും തോന്നി. മനസ്സില്ലാമനസ്സോടെ ടീച്ചര്‍  ആ ഓഫര്‍ സ്വീകരിച്ചു. 

വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍.ഒരുമിച്ചൊരു യാത്ര. അതിനു സാക്ഷിയാവാന്‍ ഞാനും. ഇത്തരം അനുഭവങ്ങള്‍ വായിച്ചിട്ടുണ്ട് കഥകളില്‍, ചില സിനിമകളില്‍ കണ്ടിട്ടുണ്ട് എന്നാലും ആദ്യമായിട്ടാണ് നേരിട്ടൊരു അനുഭവം. എനിക്കുള്ള ഈ വര്‍ഷത്തെ ക്രിസ്തുമസ് സമ്മാനമാവും ഇത്. ഒരിക്കലും പ്രണയിച്ചു തീരാത്ത മനസ്സുകള്‍ , സ്വപ്‌നങ്ങള്‍ കണ്ട് മതിവരാത്ത കാമുകി കാമുകന്മാര്‍. ചിലരുടെ സാമീപ്യം തന്നെയാണ് ഏറ്റവും വലിയ സമ്മാനം.

Wednesday, December 13, 2017

ശമനതാളം - കെ രാധാകൃഷ്ണന്‍


ഏകദേശം നാലു മാസത്തോളം ഈ പുസ്തകം എന്റെ കിടക്കയിലും ഷെല്‍ഫിലും ബാഗിലും മാറി മാറി ഇരുന്നു. കിട്ടിയപ്പോള്‍ തന്നെ വായിച്ചു തുടങ്ങി എങ്കിലും വിചാരിച്ചത് പോലെ പെട്ടെന്ന്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. സര്‍വകലാശാല പരീക്ഷകള്‍ അടുക്കുന്നത് കൊണ്ട് പഠിപ്പിച്ചു തീര്‍ക്കാനുള്ള തിരക്കുകള്‍ വല്ലാതെ ഉണ്ടായിരുന്നു. ക്രിസ്തുമസ് മാസമായപ്പോള്‍ തിരക്കുകള്‍ കുറഞ്ഞു , ശമനതാളം പൂര്‍ത്തിയാക്കാനും സാധിച്ചു. ആദ്യമൊക്കെ എഴുത്തുകാരന്റെ ശൈലിയോട് ഇഴുകി ചേരാന്‍ പ്രയാസം തോന്നി. വര്‍ത്തമാന കാലത്തില്‍ ജീവിക്കുംപ്പോഴും മനുഷ്യന് എപ്പോഴും ഭൂതകാലത്തിലെ ചിന്തകളില്‍ ജീവിക്കുന്നു. stream of consciousness ശൈലി അതിനോട് ചേരാന്‍ അല്‍പ്പം സമയമെടുത്തു.
ഈ നോവലില്‍ പരാമര്‍ശിച്ചിരിക്കുന്ന സാഹചര്യങ്ങള്‍ ഒക്കെയും നമുക്ക് ചുറ്റിലും നടക്കുന്നത് തന്നെയാണ് - സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന സ്വകാര്യ ചികിത്സകള്‍ , ഒരു ശസ്ത്രക്രിയ നടത്തണമെങ്കില്‍ ആ ഡോക്ടറിനെ വീട്ടില്‍ പോയി വേണ്ട രീതിയില്‍ കാണണം, നീണ്ട അവധി എടുത്ത് വിദേശത്ത് പോകുന്ന ഒരു കൂട്ടര്‍, സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ എന്ത് കാണിച്ചാലും കുഴപ്പമില്ല എന്ന്‍ കരുതുന്നവര്‍, മരുന്നുകളിലും കൊടുക്കുന്ന ആഹാരത്തിലും നടത്തുന്ന തട്ടിപ്പുകള്‍, ഇതിനെ ഒക്കെ മാറ്റാന്‍ ഏതെങ്കിലും ഒരാള്‍ മുന്നോട്ട് വന്നാല്‍ രാഷ്ട്രീയക്കാരും സമൂഹത്തിലെ മേലാളന്മാരും കൂട്ടത്തിലെ കുലംകുത്തികളും ചേര്‍ന്ന്‍ പിന്നില്‍ നിന്നും ആക്രമിക്കും. ഇതെല്ലാം സര്‍വ്വ സാധാരണമായി നമ്മുക്ക് അറിയാവുന്ന കാര്യങ്ങള്‍ തന്നെയാണ്. അത് കൊണ്ട് തന്നെ ഈ നോവല്‍ ഒരു സമകാലീന നോവല്‍ എന്ന്‍ വിശേഷിപ്പിക്കാം.
ഡോക്ടര്‍ ബാലകൃഷ്ണന്‍ , ഇതിലെ പ്രധാന കഥാ പാത്രം ഒരു മാറ്റത്തിന്റെ തുടക്കം കുറിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും വിചാരിക്കുന്ന ഫലങ്ങള്‍ ഉണ്ടാവുന്നില്ല എന്ന്‍ മാത്രമല്ല അയാളുടെ വ്യക്തി ജീവിതത്തില്‍ പ്രശ്നങ്ങള്‍ സന്ഗീര്‍ണമാവുകയും ചെയ്യുന്നു. പല രീതിയില്‍ അയാളെ തകര്‍ക്കാന്‍ നോക്കുന്നുണ്ടെങ്കിലും ബാലു സാറിന്റെ സമയോചിത തീരുമാനങ്ങള്‍ പ്രശ്നങ്ങളെ ലഖൂകരിക്കാന്‍ സഹായിക്കും.
എളിമയാണ് ഏതൊരു മനുഷ്യന്റെയും വിജയ രഹസ്യം,ഇതിലും അത് തന്നെ വ്യക്തമാക്കുന്നു. പണം, പദവി ഇതിനെല്ലാമുപരി ഒരു ഡോക്ടര്‍ ചെയ്യേണ്ട ചിലതുണ്ട്, സ്നേഹം സംരക്ഷണം. ശരീരത്തെ മാത്രമല്ല മനസ്സിനെ കൂടി ചികിത്സിച്ചാല്‍ മാത്രമേ പൂര്‍ണമായി രോഗം ഭേദമാക്കാന്‍ കഴിയു.
രതി എന്ന കഥാപാത്രം അനുഭവിക്കുന്ന മാനസിക സംഖര്‍ഷം വളരെ വലുതാണ്. പന്ത്രണ്ടാമത്തെ വയസ്സില്‍ അനുഭവിച്ച പീഡനം അവള്‍ക്ക് നഷ്ട്ടപ്പെടുതുന്നത് സന്തോഷകരമായ കുടുംബ ജീവിതമാണ്‌. ഭര്‍ത്താവിനെ പൂര്‍ണമായി സ്നേഹിക്കാന്‍ കഴിയാത്തതിലുള്ള വിഷമം വല്ലാത്തൊരു കുറ്റബോധത്തില്‍ ചെന്നെത്തിക്കും.
ആരോഗ്യ മേഖലയില്‍ മാത്രമല്ല എല്ലാ മേഖലയിലും ഉണ്ട് നല്ലതും ചീത്തയും, വേണു നല്ല മാധ്യമ പ്രവര്‍ത്തകന്‍ ആണ്. അതെ സമയം കാഹളം എന്ന പത്രം പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ തികഞ്ഞ അസംബന്ധവും ആണ്. മരുന്ന്‍ കമ്പനികള്‍ ഡോക്ടര്‍മാര്‍ക്ക് കൊടുക്കുന്ന ആനുകൂല്യങ്ങള്‍ കേട്ടാല്‍ അന്ധാളിച്ചു പോകും.

മനുഷ്യ ജീവന് ഇത്രയും വില കല്‍പ്പിക്കാത്ത നാട് ഒരു പക്ഷെ നമ്മുടെ സ്വന്തം നാട് തന്നെ ആയിരിക്കും. മറ്റെവിടെ ആയാലും ആസ്പത്രികളും പരിസരവും ശുദ്ധവും വൃത്തിയും നിര്‍ബന്ധം ആണ്. നമ്മുടെ നാട്ടിലെ മെഡിക്കല്‍ കോളേജ് കണ്ടാല്‍ ആസ്പത്രി ആണെന്ന്‍ പറയാന്‍ അറയ്ക്കും. മാറ്റങ്ങള്‍ അനിവാര്യമാണ്, ഒരു വ്യക്തി വിചാരിച്ചാല്‍ മാത്രം അതുണ്ടാവില്ല ഒരു സമൂഹത്തില്‍ ജീവിക്കുന്ന ഓരോരുത്തരും വിചാരിച്ചാല്‍ മാത്രമേ നല്ല മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കു.

Friday, September 29, 2017

പേര്‍ഷ്യന്‍ കഥ



പണ്ടു പണ്ട് , വളരെ പണ്ട് ഒരു രാജകുമാരന്‍ ഉണ്ടായിരുന്നു. രാജാവിന്റെ പൊന്നോമന പുത്രനായിരുന്നു ആ രാജകുമാരന്‍, സ്നേഹം മൂത്ത രാജാവ്‌ അവന്റെ ഏത് ആഗ്രഹവും സാധിച്ചു കൊടുത്തു. അവന്റെ പേരില്‍ ഇടയ്ക്കൊക്കെ എന്തെങ്കിലും വലിയ വിരുന്നുകള്‍ അദ്ദേഹം ഒരുക്കുമായിരുന്നു. ഒരു ദിവസം ഇങ്ങനെ ഒരുക്കിയ വിരുന്നില്‍ പിതാവിന്റെ അടുത്തായി നില്‍ക്കുന്ന ഒരു കറുത്ത താടിക്കാരന്‍ തന്നെ ശ്രദ്ധിച്ചു നോക്കുന്നത് അവന്‍ കണ്ടു.അവരുടെ കണ്ണുകള്‍ തമ്മില്‍ ഇടഞ്ഞു,എന്തോ ഒരു വിസ്മയം അയാളുടെ കണ്ണുകളില്‍ അവന്‍ കണ്ടു.അത് മരണത്തിന്റെ മാലാഖയായ അസ്രായേല്‍ ആണെന്ന്‍ അവന്‍ തിരിച്ചറിഞ്ഞു.അസ്വസ്ഥനായ രാജകുമാരന്‍ വിരുന്നു കഴിഞ്ഞ ഉടനെ ഈ വിവരം പിതാവിനോട് പറഞ്ഞു.ആ മാലാഖയുടെ മുഖഭാവം കണ്ടിട്ട് അസ്രായേല്‍ തന്നെ അന്വേഷിച്ചാണ് വന്നതെന്ന് അവന്‍ ഭയന്നു.
ഇതുകേട്ട് ഭയപ്പെട്ട രാജാവ് മകനോട് പറഞ്ഞു “ നീ ഉടന്‍ തന്നെ പേര്‍ഷ്യയിലേക്ക് പോവുക.ആരോടും പറയേണ്ട.താബ്രിസ് കൊട്ടാരത്തില്‍ ഒളിച്ചിരിക്കുക.താബ്രിസിലെ ഷാ എന്റെ സ്നേഹിതനാണ്.നിന്റെ അടുക്കലേക്ക് അയാള്‍ ആരെയും കടത്തി വിടില്ല.”
രാജകുമാരനെ ഉടന്‍ തന്നെ താബ്രിസിലേക്ക് പറഞ്ഞയച്ചു.അതിനു ശേഷം രാജാവ് വീണ്ടും ഒരു വിരുന്നൊരുക്കി.അതിലും കറുത്ത മുഖമുള്ള അസ്രായേലിനെ പതിവ് പോലെ ക്ഷണിച്ചു.

“രാജാവേ താങ്കളുടെ മകനെ ഈ രാത്രിയില്‍ ഇവിടെ കണ്ടില്ലല്ലോ.?”വലിയ താല്പര്യത്തോടെ അസ്രായേല്‍ മാലാഖ അന്വേഷിച്ചു.
“എന്റെ മകന്‍ നവ യൗവനത്തിന്റെ തിളക്കത്തിലാണ്.ദൈവാനുഗ്രഹത്താല്‍ അവന്‍ ദീര്‍ഘായുസ്സുള്ളവനായിരിക്കും.താങ്കള്‍ എന്തിനാണ് അവനെ അന്വേഷിക്കുന്നത്?” രാജാവ് അസ്രായിലിനോട് ചോദിച്ചു.
:മൂന്ന് നാള്‍ മുന്‍പ് ദൈവം എന്നോട് ആവശ്യപ്പെട്ടിരുന്നു – പേര്‍ഷ്യയിലെ ഷായുടെ താബ്രിസ് കൊട്ടാരത്തില്‍ ചെന്ന്‍ താങ്കളുടെ മകനെ പിടിച്ചു കൊണ്ട് വരാന്‍.! അതിനാലാണ് ഈ കഴിഞ്ഞ ദിവസം അവനെ ഇവിടെ ഇസ്തന്ബുള്ളില്‍ കണ്ടപ്പോള്‍ ഞാന്‍ ആശ്ച്ചര്യപ്പെട്ടതും, സന്തോഷിച്ചതും.എന്റെ നോട്ടത്തിന്റെ ലക്ഷ്യം അന്ന്‍ അവന് മനസിലായിരുന്നു.”
ഇത്രയും പറഞ്ഞ ഉടനെ അസ്രായേല്‍ എന്ന മരണത്തിന്റെ മാലാഖ അവിടം വിട്ടു.

Friday, September 8, 2017

ഗോര - by രബീന്ദ്രനാഥ ടാഗോര്‍

വളരെ യാദ്രിശ്ചികമായിട്ടാണ് ടാഗോറിന്റെ ഗോര കലാലയത്തിന്റെ വായനശാലയില്‍ നിന്നും ഞാനെടുക്കുന്നത്. സെമെസ്റെര്‍ പരീക്ഷകളുടെ സമയം ആയതിനാല്‍ ക്ലാസുകള്‍ ഇല്ല അത് കൊണ്ട് സമയം പോകാന്‍ വേണ്ടി എന്തെങ്കിലും വായിക്കാമെന്ന് മാത്രമേ മനസ്സില്‍ ഉണ്ടായിരുന്നുള്ളൂ. മലയാളം തര്‍ജ്ജമയാണ് പുസ്തകം. അഞ്ഞൂറ് പേജുകള്‍ ഉണ്ട്. വായിച്ച് തുടങ്ങിയപ്പോള്‍ അത്ര രസകരമായി തോന്നിയില്ല പല തവണ മടക്കി വച്ചു, തിരികെ കൊടുത്താലോ എന്ന്‍ ചിന്തിച്ചു. പക്ഷെ ഒന്നും നടന്നില്ല എന്ന്‍ മാത്രമല്ല വിധി എന്നെ കൊണ്ട് അത് മുഴുവന്‍ വായിപ്പിക്കുകയും ചെയ്തു. സത്യത്തില്‍ ഭാരതത്തിനു സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുന്‍പേ എഴുതിയ നോവല്‍ ആണെങ്കില്‍ പോലും ആനുകാലിക പ്രസക്തിയുള്ള നോവല്‍ ആണ് ഗോര. നോവല്‍ എന്ന്‍ തന്നെ പറയണമെന്നില്ല കാരണം കഥാപാത്രങ്ങളുടെ പേരുകളില്‍ മാത്രമേ നമുക്ക് സംശയം തോന്നു പെരുമാറ്റത്തിലും പ്രവര്‍ത്തിയിലും എല്ലാം നമുക്ക് സുപരിചിതരായ ഒരുപാട് പേരെ ഇത് വായിക്കുമ്പോള്‍ ഓര്‍മ്മ വരും.
ഈ നോവല്‍ വായിച്ചു കൊണ്ടിരിക്കുന്ന അവസരത്തിലാണ് ഗൗരി ലങ്കേഷ് എന്ന മാധ്യമ പ്രവര്‍ത്തക അഞ്ജാതരുടെ വെടിയേറ്റ്‌ മരിക്കുന്നത്. സത്യത്തില്‍ നമ്മുടെ നാടിന് സ്വാന്തന്ത്ര്യം കിട്ടി എന്ന്‍ എന്ത് അടിസ്ഥാനത്തിലാണ് നാം പറയുന്നത്. ബ്രിട്ടീഷ്‌ ഭരണകാലത്ത് നിലനിന്നിരുന്ന മേലാള കീഴാള നിലപാടുകള്‍ ഇന്നും തുടരുന്നില്ലേ? ജാതിയുടെയും മതത്തിന്റെയും പേരില്‍ ഇന്നും വെട്ടും കുത്തും കൊലപാതകവും അരങ്ങേറുന്നില്ലേ? ജനിച്ചു വീഴുന്ന കുഞ്ഞിന്റെ ജാതി ഇന്നും പ്രസക്തമായി തന്നെ തുടരുന്നില്ലേ? എഴുപത് വര്‍ഷം തികഞ്ഞു സ്വാതന്ത്ര്യം കിട്ടിയിട്ട് എന്നിട്ടും സാമൂഹിക മാറ്റങ്ങള്‍ (മതത്തിന്റെ പേരിലുള്ള) ഉണ്ടോ? സര്‍ക്കാര്‍ ജോലിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇന്നും തുടരുന്ന സംവരണം . എഴുപത് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പിന്നോക്കം നിന്നിരുന്ന ജന വിഭാഗത്തെ മുന്നോട്ട് കൊണ്ട് വരാന്‍ ഇനിയും സംവരണത്തിന്റെ ആവശ്യം ഉണ്ടോ? ഇത് ഒരിക്കലും അവരെ ഉദ്ധരിക്കാനല്ല എന്ന്‍ സാമാന്യ വിവേകമുള്ള ഏതൊരു മനുഷ്യനും അറിയാം.
ഈ നോവലില്‍ മഹിം എന്ന്‍ ആള്‍ അയാളുടെ പതിനൊന്ന്‍ വയസ്സായ മകളെ വിവാഹം കഴിപ്പിക്കാന്‍ നെട്ടോട്ടം ഓടുന്നു. എത്ര മഹിമുമാര്‍ നമുക്ക് ചുറ്റിലും ഉണ്ട്. അതും തികഞ്ഞ ഒരു ഹിന്ദുവിനെ കൊണ്ട് മാത്രമേ വിവാഹം കഴിപ്പിക്കു. തികഞ്ഞ ഹിന്ദു എന്നാല്‍ തൊട്ടുകൂടായ്മ പാലിക്കുന്ന ആളായിരിക്കണം. നിങ്ങള്‍ക്കും എനിക്കും സുപരിചിതരായ എത്രയോ പേരുണ്ട് അങ്ങനെ.ഇന്നും തൊട്ടു കൂടായ്മ സമൂഹത്തില്‍ നിലനില്‍ക്കുന്നു.നിയമവിരുദ്ധം എന്നൊക്കെ പറഞ്ഞു നമുക്ക് തര്‍ക്കിക്കാം എങ്കില്‍ പോലും ആളുകളുടെ മനസ്സിനെ വിശാലമാക്കാന്‍ മാത്രം നമുടെ സംസ്കാരം വളരാതെ പോയി.
ബ്രഹ്മ സമാജത്തില്‍ അംഗമായ ലളിതയും ഹിന്ദുവായ വിനയനും തമ്മിലുള്ള വിവാഹ നടക്കുന്നതിലുള്ള തടസ്സങ്ങള്‍ എന്തെല്ലാം. ഒരു സമാജവും യാന്ത്രികമല്ല ഏതെങ്കിലും ഒരു വ്യക്തിയുടെ നിയന്ത്രണം അതിന്റെ മേല്‍ ഉണ്ടാവും. ഇവരുടെ വിവാഹ ബന്ധത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നത് മുഴുവന്‍ പാനു ബാബുവാണ്.പാനു ബാബു ബ്രഹ്മ സമാജത്തില്‍ പെട്ട ആളാണ് അത് കൊണ്ട് തന്നെ ലളിത വിനയനെ വിവാഹം ചെയ്യുന്നത് അയാള്‍ക്ക് ഒരിക്കലും അംഗീകരിക്കാന്‍ കഴിഞ്ഞില്ല.സമാജത്തിലെ അംഗ സംഖ്യ കുറയുമെന്നുള്ള ഭയത്തില്‍ കവിഞ്ഞ് ഒരു കാരണവും അയാള്‍ക്കില്ല. ഇന്നും നേതാക്കന്മാര്‍ ജാതിക്ക്‌ വേണ്ടി പ്രസംഗിക്കുന്നത് മറ്റൊന്നും കൊണ്ടല്ല ,പ്രത്യേക വിഭാഗങ്ങളുടെ കൂടെ നിന്നില്ലെങ്കില്‍ ഇവരൊന്നും നേതാവായി തുടരില്ല. സ്ഥാനമാനങ്ങള്‍ക്ക്‌ വേണ്ടിയാണ് ചെറിയ ചെറിയ കൂട്ടായ്മകള്‍ സൃഷ്ട്ടിക്കുന്നത്. ഭൂരിഭാഗം ജനങ്ങള്‍ക്കും മതം ഒരു തീ പൊരി പോലെയാണ്. ഭയമാണ് മതപരമായ കാര്യങ്ങളില്‍ ഇടപെടാന്‍, സംസാരിക്കാന്‍. കാരണം നൂറ്റി ഇരുപത്തി ഒന്ന്‍ കോടി ജനങ്ങള്‍ ഉള്ള നാട്ടില്‍ ഒരു കലാപം ഉണ്ടാവാന്‍ പട്ടിണി വേണ്ട ദാരിദ്ര്യം വേണ്ട മതം മാത്രം മതി. നമ്മുടെ പെട്രോളിയം ഉല്‍പ്പനങ്ങള്‍ പോലെ സെന്‍സിറ്റീവ് ആണത്. അത് കൊണ്ടാണ് ഗൗരി ലങ്കേഷിനെ പോലെ ഉള്ളവര്‍ കൊല്ലപ്പെടുന്നത്. പരസ്യമായി ഒരു mla കര്‍ണാടകയില്‍ പ്രസംഗിച്ചു rss ന്റെ കാര്യങ്ങളില്‍ ഇടപ്പെട്ടത് കൊണ്ടാണ് ഗൗരിക്ക് ഇങ്ങനെ സംഭവിച്ചതെന്ന്. എന്ത് സ്വാതന്ത്ര്യ ദിന സന്ദേശമാണ് പ്രധാന മന്ത്രി ജനങ്ങളോട് പറഞ്ഞത്. ഇതാണോ സ്വാതന്ത്ര്യം? ഇതാണോ ജനാധിപത്യം? ഇങ്ങനെ ആണോ ലൈഫ് to liberty എന്ന മൗലിക അവകാശം സംരക്ഷിക്കപ്പെടുന്നത്? ഈ നാട്ടില്‍ നടക്കുന്ന അക്രമങ്ങളെ നോക്കിയാല്‍ എങ്ങനെ ആണ് സോഷ്യലിസം എന്ന്‍ പറയുന്നത്? അന്നും ഇന്നും നമ്മുടെ നാട്ടില്‍ മാറ്റങ്ങള്‍ ഉണ്ടായിട്ടില്ല എന്ന്‍ തെളിവാണ് ഗോര പോലെ ഉള്ള നോവലുകള്‍ തെളിയിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ടാഗോര്‍ കണ്ട ഇന്ത്യ തന്നെയാണ് ഇന്നും ഇന്ത്യ, ഒരുപക്ഷെ അതിനെക്കാള്‍ മോശമായ ജീവിത രീതികള്‍ എന്ന്‍ പറയേണ്ടി വരും.  
പല സംസ്കാരങ്ങള്‍ ചേര്‍ന്നതാണ് നമ്മുടെ നാട്.ഈ നാട്ടില്‍ എല്ലാവര്‍ക്കും ജീവിക്കാനുള്ള സ്വാന്ത്ര്യമുണ്ട് , ചിന്തിക്കാനുള്ള എഴുതാനും പറയാനുമുള്ള സ്വാന്തന്ത്ര്യം ഉണ്ട്. അതിനെതിരെ കൊലപാതകം ആയുധമാക്കിയാല്‍ പിന്നെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബ്രിട്ടീഷ്‌ പ്രഭുക്കന്മാര്‍ ചെയ്തതില്‍ നിന്നും എന്ത് വ്യത്യാസമാണ് പറയാനുള്ളത്. ഇത്രയും സെന്‍സിറ്റീവ് സംഭവങ്ങള്‍ ഉണ്ടായിട്ടും മൗനം പാലിക്കുന്ന പ്രധാന മന്ത്രി ഈ നാട്ടില്‍ മാത്രമേ കാണൂ. ല്ലാവര്‍ക്കും് നമ്മുടെ നാട്. ആ നമ്മുടെ ജാതിയും മതവും സന്തോഷത്തിനും സമാധാനത്തിനും വേണ്ടി ഉള്ളതാവണം പരസ്പരം കൊന്ന് തിന്നാനുള്ളതല്ല. ചിലര്‍ വിഗ്രഹ ആരാധനയില്‍ വിശ്വസിക്കുന്നു ചിലര്‍ അതിനെ എതിര്‍ക്കുന്നു. ഇതെല്ലാം തികച്ചും വ്യക്തിപരമായ കാര്യങ്ങളായി മാത്രം കണ്ടാല്‍ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കും.

ഈ കഥ അവസാനിക്കുന്നത് ഗോര എല്ലാത്തില്‍ നിന്നും സ്വതന്ത്രനാണെന്ന് അറിയിച്ച് കൊണ്ടാണ്. അത് പോലെ തന്നെയാണ് നാം ഓരോരുത്തരും എന്ന്‍ പറയാന്‍ മാത്രമല്ല പ്രവര്‍ത്തിക്കാന്‍ കൂടി കഴിഞ്ഞാല്‍ മാത്രമേ നമ്മള്‍ മനുഷ്യ ഗണത്തില്‍ പെടു. വിശ്വാസങ്ങള്‍ ആവാം പക്ഷെ അന്ധ വിശ്വാസങ്ങള്‍ പാടില്ല. കുറച്ചധികം സമയം എടുത്താണ് വായിച്ചത് എന്നാലും നഷ്ട്ടബോധമില്ല. ദി mong who sold his ferrari എന്ന പുസ്തകത്തില്‍  റോബിന്‍ ശര്‍മ്മ പറഞ്ഞിട്ടുണ്ട് ആദ്യത്തെ പത്ത് പേജുകള്‍ വായിക്കുമ്പോള്‍ ഇഷ്ട്ടപ്പെട്ടില്ലെങ്കില്‍ പിന്നെ തുടര്‍ന്നു വായിക്കരുതെന്ന്. അത് ഞാന്‍ പാലിച്ചിരുന്നെങ്കില്‍ ഗോരയെ ഒരിക്കലും കാണാന്‍ സാധിക്കില്ലായിരുന്നു. ഗോരയെ മാത്രമല്ല, വിനയന്‍, മൗസി, ലളിത, ആനന്ദമയി , പരേഷ് ബാബു, അവിനാഷ്, സുചരിത, കൈലാസ് അങ്ങനെ സമൂഹത്തിലെ എത്രയോ പേരെയാണ് പരിചയപ്പെടാതെ പോയേനെ. 

Monday, June 26, 2017

ഇതെന്ത് പറ്റി ??????


അവധി ദിവസങ്ങളില്‍ എന്തെങ്കിലും പലഹാരം ഉണ്ടാക്കിയില്ലെങ്കില്‍ അമ്മയ്ക്ക് സമാധാനമില്ല. ആ ദിവസം അച്ചപ്പം ഉണ്ടാക്കാനാണ് അമ്മയുടെ പദ്ധതി. പക്ഷെ വീട്ടില്‍ മുട്ട ഇല്ല. നൂറ് മീറ്റര്‍ അകലെയുള്ള കടയില്‍ പോയി മുട്ട വാങ്ങി കൊണ്ട് വരാന്‍ അമ്മ പറഞ്ഞു. വെയിലത്ത് ഇറങ്ങി നടക്കാന്‍ എനിക്ക് വല്ലാത്ത മടിയാണ് എന്നാലും പോകാതെ മറ്റൊരു മാര്‍ഗവുമില്ല. ഏകദേശം എഴുപത്തിയഞ്ച് മീറ്റര്‍ നടന്നപ്പോള്‍ തോന്നി ചൊവാഴ്ച്ച ശശി കട തുറക്കില്ല. വിചനമായ കടത്തിണ്ണ എന്റെ തോന്നല്‍ ഉറപ്പിച്ചു. മുട്ട ഇല്ല, അച്ചപ്പവും ഇല്ല എന്നോര്‍ത്ത് തിരികെ നടന്നു.
പെട്ടെന്ന് മുഖംപാതി മറച്ച സ്ത്രീരൂപം ആക്ടിവ കൊണ്ട് നിര്‍ത്തി. ആരെങ്കിലും വഴി ചോദിക്കാന്‍ നിര്‍ത്തിയതാകുമെന്നു തോന്നി പക്ഷെ മുഖംമൂടി മാറ്റിയപ്പോള്‍ അല്ലേ ആളിനെ മനസിലായത്. ശബ്ന. പത്താം ക്ലാസ്സ്‌ വരെ ഒരു സ്കൂളില്‍ ഒരേ ക്ലാസ്സില്‍ പഠിച്ചവരാണ് ഞങ്ങള്‍. സര്‍ക്കാര്‍ ജോലി നോക്കുന്നില്ലേ , കല്യാണം ആയില്ലേ എന്നൊക്കെ ഉള്ള പതിവ് ചോദ്യ ശരങ്ങള്‍ പ്രതീക്ഷിച്ച എനിക്ക് നേരിടേണ്ടി വന്നത് മറ്റൊന്നായിരുന്നു
“ഇതെന്ത് പറ്റി.. മുഖത്ത് മുഴുവന്‍ കറുത്ത പാടുകള്‍ ആണല്ലോ “
ചെറിയ വിഷമത്തോടെ ഞാന്‍ പറഞ്ഞു “ചോക്ക് പൊടിയുടെ അലര്‍ജിയാണ്“. ആകെയുള്ള കുറച്ച് സമയത്തില്‍ ശബ്ന ചോദിച്ചത് മുഴുവന്‍ പാടുകളെ കുറിച്ചായിരുന്നു. ഓഫീസില്‍ പോകാന്‍ സമയമായെന്ന് പറഞ്ഞു ശബ്ന ആക്ടിവായി പാഞ്ഞു.
സത്യം പറയാല്ലോ , ഇത് ആദ്യമായിട്ടല്ല ഒരാളെന്റെ മുഖത്തെ പാടുകളെ കുറിച്ച് ചോദിക്കുന്നതും സംസാരിക്കുന്നതും. കോളേജില്‍ പോയാലും ഇതേ ചോദ്യമാണ് “ഇതെന്ത് പറ്റി ടീച്ചര്‍ ? നല്ല മുഖമായിരുന്നു , ഇപ്പോ നിറയെ പാടുകളായി “ വീട്ടിലാണെങ്കില്‍ എന്നെ കാണുമ്പോഴെല്ലാം അമ്മയും ചോദിക്കും “ ഇതെന്താ ഇങ്ങനെ ? ഇതെന്താ ഇങ്ങനെ ?“ വീട്ടില്‍ എത്തുന്ന അതിഥികളും  എന്റെ പാടുകളില്‍ തല്പരരായി.
ഈ ചോദ്യങ്ങള്‍ എന്നെ മാനസികമായി തളര്‍ത്തി. പാടുകള്‍ അല്ല എന്നെ വിഷമിപ്പിച്ചത്, കാണുന്നവരുടെ ചോദ്യങ്ങള്‍. പരിചിതരും അപരിചിതരും എന്റെ മുഖത്തെ പാടുകളില്‍ ഗവേഷണം നടത്താന്‍ തുടങ്ങി. ലോകത്ത് ആദ്യമായിട്ടാണോ ഒരാളുടെ മുഖത്ത് പാടുകള്‍ വരുന്നത്. വീടിന്റെ പരിസരത്ത് മിക്കപ്പോഴും കാണുന്ന പൂച്ച എന്നെ നോക്കിയാല്‍ എനിക്ക് തോന്നും ആ പൂച്ചയും എന്റെ പാടുകള്‍ നോക്കി ഇതെന്ത് പറ്റി എന്ന് ചോദിക്കുകയാണെന്ന്. എങ്ങോട്ടെങ്കിലും ഒളിച്ചോടിയാലോ എന്ന് പോലും തോന്നി തുടങ്ങി.
ഫേഷ്യല്‍ ചെയ്താല്‍ മാറുമെന്ന് കേട്ടിട്ട് രണ്ട് തവണയായി നാലായിരം രൂപ മുടക്കി. ടീവിയില്‍ പരസ്യം കാണിക്കുന്ന ക്രീമുകളും സോപുകളും ഒന്നും ഒരു മായാജാലവും കാണിച്ചില്ല. ധനനഷ്ട്ടവും മാനഹാനിയും തന്നെ ഫലം.  
ആയുര്‍വേദ മരുന്നുകള്‍ കുറെ പരീക്ഷിച്ചു. ഭക്ഷണം ക്രമീകരിക്കണം . ചുരുക്കി പറഞ്ഞാല്‍ , എണ്ണ മയമുള്ള ഭക്ഷണവും  മുട്ടയും തീര്‍ത്തും ഒഴിവാക്കണം. വിഷമത്തോടെ ആണെങ്കിലും ഡോക്ടര്‍ പറഞ്ഞത്  അനുസരിച്ചു. പട്ടിണി കിടന്നത് മാത്രം മിച്ചം ഫലം ഒന്നും ഉണ്ടായില്ല.
അടുത്ത ഊഴം അമ്മയുടെതാണ് . പരീക്ഷണം തുടങ്ങി - മഞ്ഞളും അരിപ്പൊടിയും പയര്‍ പൊടിയും സമമായി പാലില്‍ ചേര്‍ത്ത് അര മണിക്കൂര്‍ മുഖത്തിട്ട ശേഷം കഴുകി കളഞ്ഞു. ഈ പ്രക്രിയ മൂന്നാഴ്ച ചെയ്തപ്പോള്‍ ഇരുപത്തിയഞ്ച് ശതമാനം കുറവ് കണ്ടു. എന്നിട്ടും ആളുകളുടെ ചോദ്യത്തിനു കുറവൊന്നും ഉണ്ടായില്ല.

കുറെ നാളുകള്‍ക്ക് ശേഷം ഒരു ടീച്ചര്‍ പറഞ്ഞു വിറ്റാമിന്‍ ഇ ഗുളികകള്‍ കഴിച്ച് നോക്കാന്‍. അന്ന് വീട്ടിലെത്തി ഗൂഗിളില്‍ നോക്കിയപ്പോ പലരും പറഞ്ഞിട്ടുണ്ട് വിറ്റാമിന്‍ ഇ കുറഞ്ഞാല്‍ മുഖത്ത് കുരുക്കളും പാടുകളും മാറില്ല എന്ന്. ഏതായാലും ഞാനൊരു പരീക്ഷണ വസ്തുവാണ് പിന്നെ ഇതൂടെ പരീക്ഷിചേക്കാമെന്ന് കരുതി. രണ്ടാഴ്ച വിറ്റാമിന്‍ ഇ ഗുളികകള്‍ കഴിച്ചു, അതോടൊപ്പം ആ ഗുളികയുടെ ഉള്ളിലെ ദ്രാവകം മുഖത്ത് പുരട്ടി കുറച്ച് സമയം കഴിഞ്ഞു കഴുകി കളഞ്ഞു. ഈ പരീക്ഷണം ലക്ഷ്യം കണ്ടു തുടങ്ങി. അമ്പത് ശതമാനത്തില്‍ കൂടുതല്‍ പാടുകള്‍ കുറഞ്ഞു. വിറ്റാമിന്‍ ഇ കുറഞ്ഞാല്‍ ഇത്രയും ഇതെന്ത് പറ്റി എന്ന ചോദ്യം അഭിമുഖീകരിക്കേണ്ടി വരുമെന്ന് പണ്ട് ബയോളജി പഠിച്ചപ്പോള്‍ അറിഞ്ഞിരുന്നില്ല. 

Thursday, March 23, 2017

റാമ്പ് വാക്ക്

പന്ത്രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് കമ്പ്യൂട്ടര്‍ പഠിപ്പിക്കുന്ന മഞ്ജുള ടീച്ചര്‍ ആ ചോദ്യം ഉയര്‍ത്തി കൊണ്ട് വന്നത്. ഭാവിയില്‍ നിങ്ങള്‍ക്ക് ആരവണം? നാല്പത് കുട്ടികളില്‍ ഞാന്‍ ഒഴികെ എല്ലാവര്‍ക്കും ഡോക്ടറും എഞ്ചിനീയറും ആയാല്‍ മതി. കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍ ആവണമെന്നൊരിക്കല്‍ മോഹിച്ചിരുന്നെങ്കിലും വളര്‍ച്ചയുടെ വഴിയില്‍ അതെന്നില്‍ നിന്നും അകന്നു. ഇപ്പോള്‍ മനസ്സില്‍ ഫാഷന്‍ രംഗം മാത്രമാണ്. ടീച്ചറിനോട് ആത്മവിശ്വാസത്തോടെ പറഞ്ഞു ഫാഷന്‍ ഡിസൈനര്‍ ആയാല്‍ മതിയെന്ന്‍. ഡോക്ടറിന്റെ കോട്ടും എഞ്ചിനീയറിന്റെ കുപ്പായവും മാത്രമല്ല ഈ ലോക ജനതയുടെ പള്‍സ് അറിഞ്ഞ് അവര്‍ക്കിണങ്ങുന്ന വേഷ ഭൂഷാധികള്‍ ഡിസൈന്‍ ചെയ്യുന്ന ഡിസൈനര്‍. ഫാഷന്‍ നഗരമായ പാരിസിന്റെ വീഥികളിലൂടെ ഫാഷന്റെ പുതുമകള്‍ സ്വപ്നം കണ്ടു നടക്കുന്ന ഡിസൈനര്‍. ലോകത്തിന്റെ ഏതു കോണിലും മറഞ്ഞു കിടക്കുന്ന ഫാഷന്‍ ഇഴകളെ കോര്തെടുക്കുന്ന ഡിസൈനര്‍.
ടീച്ചര്‍ ആശ്ചര്യത്തോടെ എന്നെ നോക്കി. അടുത്തേക്ക് വന്ന് വിഷദാംഷങ്ങള്‍ തിരക്കി. എന്ത് കൊണ്ട് ഡോക്ടറോ എഞ്ചിനീയറോ ആയിക്കൂട?
ടീച്ചര്‍ എനിക്ക് ബയോളജി ഇഷ്ട്ടമല്ല അത് കൊണ്ട് തന്നെ കാലഹരണപ്പെട്ട ആ വെള്ള കോട്ടിടാന്‍ താല്പര്യവുമില്ല. ചെറിയ രീതിയില്‍ വരയ്ക്കും.ഫാഷന്‍ മാസികകള്‍ നോക്കി പുതിയ ഫാഷന്‍ താരങ്ങളെയും തരംഗങ്ങളെയും ട്രെണ്ടുകളെയും ആസ്വദിക്കും.
 ടീച്ചര്‍ എന്നെ നിരുല്സാഹപ്പെടുത്തുമോ വഴക്ക് പറയുമോ എന്നൊക്കെ തോന്നി. പക്ഷെ  എല്ലാ വിധ ആശംസകളും തന്നു എന്ന്‍ മാത്രമല്ല  വേറിട്ട മേഘലയില്‍ ചുവട് വൈക്കാന്‍ തോന്നിയ മനസ്സിനെ പരസ്യമായി പ്രോത്സാഹിപ്പിച്ചു.
ഫാഷന്‍ ടെക്നോളജി പഠിക്കുന്നതിനെക്കാള്‍ ചിലവാണ്‌ പഠിച്ചിറങ്ങി റാമ്പ് നടത്തുവാന്‍. ഫാഷന്‍ റാമ്പ് നടത്താതെ വളരാനാവില്ല. ഫാഷന്‍ ടി വി സ്ഥിരം കണ്ടിരുന്നു. കൂട്ടുകാര്‍ സിനിമയും പാട്ടും കാര്ടൂനും കാണുന്ന സമയമെല്ലാം ഞാന്‍ എഫ് ടി വിക്ക് മുന്നില ചിലവഴിച്ചു. ഫാഷന്‍ വീക്കുകള്‍ ആകര്‍ഷണീയമാണ് – തല മുതല്‍ പെരു വിരല്‍ വരെ അടി മുടി ശ്രദ്ധിച്ച് ഒരുങ്ങി വരുന്നവര്‍. ഏറ്റവുമൊടുവില്‍ ഇവരെ ഇത്രയും സുന്ദരികളും സുന്ദരന്മാരും ആക്കിയ ഡിസൈനര്‍ റാമ്പിലൂടെ മുന്നോട്ട് നടന്നു വരുമ്പോള്‍ ആ സ്ഥാനത്ത് ഞാന്‍ എന്നെ സ്വപ്നം കണ്ടു.(ഞാന്‍ മാത്രമേ കണ്ടുള്ളൂ )
പ്ലസ്‌ ടു കഴിഞ്ഞു, വീട്ടുകാരുടെ നിര്‍ബന്ധത്തിന് കണക്കില്‍ ബിരുദത്തിനു ചേര്‍ന്നു. ഫാഷന്‍ ലോകം എന്നില്‍ നിന്നുമകലാന്‍ അധിക നാള്‍ വേണ്ടി വന്നില്ല. ടി വി കാണുമ്പോള്‍ പണ്ടെപ്പോഴോ ഞാന്‍ വരച്ച മോടെലുകള്‍ ആരോക്കൊയോ ഇട്ടിരിക്കുന്നത് പോലെ തോന്നിയിട്ടുണ്ട്.
ആ തോന്നല്‍ ഉറപ്പിക്കാന്‍ ഞാനെന്റെ മേശ തുറന്ന് നോക്കും.... സ്വപ്നം കാണാന്‍ തുടങ്ങിയ കാലത്തെ എന്റെ ഫാഷന്‍ ശേഖരണം. ആര്‍ക്കും അറിയാത്ത എന്റെ സ്വകാര്യത - പേപ്പര്‍ കട്ടിങ്ങുകള്‍ , പ്ലാസ്റ്റിക്‌ കവറില്‍ വരച്ച ഡിസൈനുകള്‍ , ഫാഷന്‍ എന്ട്രന്സിനു വേണ്ടി പഠിച്ച നോട്ടുകള്‍,വസ്ത്രങ്ങളുടെ മോടെലുകള്‍, ഓരോ ആഖോഷങ്ങളില്‍ അണിയുന്ന പ്രത്യേക വസ്ത്രങ്ങള്‍, അവയിലെ പുതുമകള്‍.
ആഗ്രഹങ്ങളെ നെഞ്ചോട് ചേര്‍ത്ത് നിര്‍ത്താന്‍ ഞാന്‍ പഠിച്ചില്ല,അടി ഒഴുക്കുള്ള പുഴയിലേക്ക് അലക്ഷ്യ മനോഭാവത്തില്‍ നീന്താന്‍ ശ്രമിച്ചു.വിഫല ശ്രമം എന്ന്‍ മാത്രമല്ല കെട്ടഴിഞ്ഞ ആഗ്രഹങ്ങള്‍ എവിടെക്കാണ്‌ പോയതെന്ന് പോലും അറിയില്ല – ആഴങ്ങളിലേക്കോ , അതോ ഏതെങ്കിലും കരയിലേക്കോ അതുമല്ലെങ്കില്‍ ഏതെങ്കിലും മത്സ്യത്തിന്റെ ഉദരത്തിലോ?
വിദൂരതയില്‍ മറഞ്ഞ ആഗ്രഹങ്ങളെ ചിന്താമണ്ഡലത്തില്‍ നിന്നും തിരഞ്ഞു പിടിച്ചു വാക്കുകളില്‍ ഒതുക്കാനാണ് വിധി. നഷ്ട്ടബോധവും വേദനയുമില്ലാതില്ല പക്ഷെ നഷ്ട്ടപ്പെട്ടതൊന്നും എന്റെതായിരുന്നില്ല.
ഇന്ന്‍ കോളേജിന്റെ വരാന്തകളും ക്ലാസ്സ്‌ മുറികളുമാണ്ണെന്റെ റാമ്പ് – കാഴ്ചക്കാരും ക്യാമറ ക്ലിക്കുകളും ഇല്ലാത്ത ഒന്ന്‍.

Sunday, March 5, 2017

കേബിള്‍ ടി വിയും ജോലിക്കാരിയും


അമ്മായി അമ്മ മരുമോള്‍ പോര് ഈ ലോകമുണ്ടായ കാലം മുതല്‍ ഉണ്ടെന്ന്‍ നമുക്കെല്ലാവര്‍ക്കും അറിയാം.ദൈവം ആണല്ലോ നമ്മുടെ സൃഷ്ട്ടാവ്. ഇത്രയുമൊക്കെ സൃഷ്ട്ടിച്ച അദ്ദേഹം മണ്ടന്‍ ആവില്ല. ലോജിക്കല്‍ ചിന്ത സ്വാഭാവികമായും ഉണ്ടാവും.ആ ചിന്തയുടെ പരിണാമം ആണ് അമ്മായി അമ്മ മരുമോള്‍ പയറ്റ്. കല്യാണം കഴിഞ്ഞ് പരിചയമില്ലാത്ത വീട്ടിലേക്ക് വരുന്ന പെണ്‍കുട്ടിക്ക് സ്വന്തം വീടിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ ഉണ്ടാവും. സ്വാഭാവികമായും വീടിനെയും വീട്ടുകാരെയും കുറിച്ചുള്ള ഓര്‍മകളില്‍ മനസ്സ് വിഷമിച്ചു കൊണ്ടിരിക്കും. അത്തരം സന്ദര്‍ഭങ്ങളില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ ശോക മൂകമായ അന്തരീക്ഷം കൂടി ആണെങ്കില്‍ എരിയുന്ന തീയില്‍ എണ്ണ ഒഴിക്കുന്നതിനു തുല്യമാവും. പുതിയ വീട്ടില്‍ എന്റര്‍ടയിന്‍മെന്റ് വേണ്ടേ? ആ എന്റര്‍ടയിന്‍മെന്റ് ആണ് അമ്മായി അമ്മ. ഫ്രീ ഫ്രീ ഫ്രീ എന്റര്‍ടയിന്‍മെന്റ്.
ഭാര്യ പദവി ശമ്പളം ഇല്ലാത്ത ജോലിക്കാരി എന്നാണല്ലോ വയ്പ്പ്, (എഴുതി വച്ചിട്ടില്ലെങ്കിലും ഒട്ടു മിക്ക ആണുങ്ങളുടെയും കാര്യങ്ങള്‍ ചെയ്ത് കൊടുത്ത് ആ ജോലി ഭാര്യമാരും വളരെ വൃത്തിയായി നിര്‍വഹിക്കുന്നു) അമ്മായി അമ്മ എന്നത് മാസവരി ഇല്ലാത്ത ഒരു കേബിള്‍ ടി വിയാണ്. തമാശ അല്ല. സത്യം. അസൂയ കുശുംബ്, കുന്നായ്മ, ദുഃഖം , ദേഷ്യം ഇത്തരത്തിലുള്ള എല്ലാ വികാരങ്ങളും മരുമകളില്‍ ഉണര്‍ത്താന്‍ കഴിവുള്ള ഒരു കേബിള്‍ കണക്ഷന്‍. ടി വി മാത്രമല്ല , വൈ ഫൈ സംവിധാനവുമുണ്ട്. വീട്ടില്‍ നടക്കുന്ന എല്ലാ കാര്യങ്ങളും വിശേഷങ്ങളും മസാല ചേര്‍ത്ത് അയല്‍ പക്കത്തെ വീടുകളില്‍ എത്തിക്കും. അവിടെയും വൈ ഫൈകള്‍ ഉണ്ടല്ലോ, ബാക്കി അവര്‍ ഏറ്റെടുത്തോളും.
ഇനി ഇതിനെല്ലാം സാക്ഷ്യം വഹിക്കുന്ന മകന്‍ ആരാണെന്നല്ലേ? പ്രൊഡ്യുസര്‍ - കാശ് മുടക്കുന്നവന്‍. കേബിള്‍ ടി വിയും ജോലിക്കാരിയും തമ്മിലുള്ള എല്ലാ പ്രശ്നങ്ങളും ഒത്തു തീര്‍പ്പാക്കി കൊണ്ട് പോകാന്‍ ഉത്തരവാധിത്തപ്പെട്ട ഒരാള്‍.
എനിക്കൊരു പ്രൊഡ്യുസറിനെ അറിയാം. മനോജ്‌
ശമ്പളമില്ലാത്ത ജോലിക്കാരി അമ്പിളി
കേബിള്‍ ടി വി അമ്മച്ചി.
ആ വീട്ടില്‍ ഏഴു പേരുണ്ട്.മൂന്ന്‍ കുട്ടികള്‍ക്ക് രാവിലെ സ്കൂളില്‍ പോകണം. മനോജിന് ഓഫീസില്‍ പോണം, കേബിള്‍ ടി വി ആണെങ്കില്‍  ഒന്നിനും സഹായിക്കില്ല . എല്ലാ കാര്യങ്ങളും അമ്പിളി തന്നെ ഒറ്റയ്ക്ക് ചെയ്യണം. പക്ഷെ കുറ്റം പറയാന്‍ കേബിള്‍ ടി വിയെ ആരും പഠിപ്പിക്കണ്ട.മരുമോളോട് വല്ലാത്ത സ്നേഹം തോന്നുമ്പോ അമ്മച്ചിയുടെ പ്രകടനം കണ്ടാല്‍ ആരും അതിശയിക്കും. അങ്ങനെ അമ്മച്ചി ചില പണികള്‍ ഒപ്പിക്കും. ആ പണിയില്‍ ചിലപ്പോള്‍ അയല്‍ക്കാരും കുടുങ്ങും.
രാവിലെ ആംബുലന്‍സിന്റെ സയറിന്‍ കേട്ടാണ് ഉണര്‍ന്നത്. ഉറക്ക ചടവില്‍ എന്താണ് സംഭവിക്കുന്നതെന്ന് ഒന്നും മനസിലായില്ല. കാര്യ കാരണങ്ങള്‍ അവ്യക്തം. സംഭവം മറ്റൊന്നുമല്ല. എന്റര്‍ടയിന്‍മെന്റിന് വേണ്ടി കുറച്ച് കൂടുതല്‍ ഉറക്ക ഗുളികകള്‍ കഴിച്ചത് കാരണം കേബിള്‍ ടി വിയുടെ സംപ്രേഷണം നിലച്ചു. സാങ്കേതിക തകരാര്‍ എന്ന്‍ പറയാം. ഉടനെ മെക്കാനിക്കിന്റെ അടുക്കലേക്ക് കൊണ്ട് പോയി. മെക്കാനിക്കും പരിചാരകരും ചേര്‍ന്ന്‍ നട്ടും ബോള്‍ട്ടും ഒക്കെ തിരുക്കിയും മുറിക്കിയും ടി വി പ്രവര്‍ത്തിപ്പിച്ചു. ഓണ്‍ ആയെന്ന്‍ മാത്രമല്ല വൈ ഫൈ പ്രവര്‍ത്തനം തുടങ്ങി.
മരുമോളുടെ കുറ്റങ്ങളും കുറവുകളും പറഞ്ഞ കൂട്ടത്തില്‍ ഒന്നുടെ പറഞ്ഞു , അവളാണ് എനിക്ക് രാത്രി ഗുളിക തന്നതെന്ന്. വകുപ്പ് മാറി. വാര്‍ത്ത‍ വിനിമയ വകുപ്പില്‍ നിന്നും കേസ് ആഭ്യന്തര വകുപ്പിലേക്ക് പോയി. പ്രൊഡ്യുസര്‍ ജോലിക്കാരിയെ ശകാരിക്കുന്നു. വീട്ടുകാരും കുടുംബക്കാരും ബന്ധുക്കളും ജോലിക്കാരിയെ അനാടമി ചെയ്തു.
കഴിഞ്ഞിട്ടില്ല, പട്ടു സാരിയും ഇരുപത് പവന്റെ മാലയും വേണം അമ്മച്ചിക്ക്. പ്രൊഡ്യുസര്‍ ഐ എസ് ആര്‍ ഓ എഞ്ചിനീയര്‍ ആയത് കൊണ്ട് ആവശ്യം നടന്നു
. വൈ ഫൈ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നത് കൊണ്ട് പോലീസ് വരാന്‍ അധികം സമയം വേണ്ടി വന്നില്ല. കേബിള്‍ ടി വിയെ കൊണ്ട് വീട്ടുകാര്‍ക്ക് മാത്രമല്ല നാട്ടുകാര്‍ക്കും പണി കിട്ടി തുടങ്ങി.
പോലീസ് വരുന്നു, ചോദ്യം ചെയ്യലുകള്‍, എഫ് ഐ ആര്‍ തയ്യാറാക്കുന്നു. പത്ര സമ്മേളനത്തിന് കുറിപ്പെഴുതും പോലെ കോണ്‍സ്റ്റബിള്‍ എഴുതി തകര്‍ക്കുന്നു. ഹോ കണ്ടാല്‍ തോന്നും അഫ്സല്‍ ഗുരുവിനെയോ അജ്മല്‍ കസബിനെയോ , ദാവൂദിനെയോ മറ്റോ ആണ് ചോദ്യം ചെയ്യുന്നതെന്ന്.
എന്തെങ്കിലും ബഹളമോ ശബ്ദ തരംഗങ്ങളോ അപ്പുറത്തെ വീട്ടില്‍ നിന്നും നിങ്ങള്‍ കേട്ടിട്ടുണ്ടോ? ശബ്ദം അല്ലേ അതിപ്പോ കേള്‍ക്കാതിരിക്കാന്‍ നമുക്ക് കേള്‍വി കുറവൊന്നും ഇല്ലല്ലോ. പിന്നെ ബഹളം എന്ന്‍ പറയുമ്പോള്‍ എത്ര ഫ്രീക്ക്വന്‍സി ശബ്ദം ആവണം? ഇതൊക്കെ മനസ്സില്‍ മാത്രം ഉയര്‍ന്ന ചോദ്യങ്ങളാണ്, പുറത്ത് പറഞ്ഞാല്‍ പിന്നെ ഞാനും കൂടി കേസില്‍ പ്രതി ആകും. ദിവസങ്ങളോളം നീണ്ടു നിന്നു ആ നാടകം.  
ഈ കണക്കിന് മുന്നോട്ട് പോയാല്‍ നാട്ടുകാരെല്ലാം ചേര്‍ന്ന്‍ കേബിള്‍ ടി വി കണക്ഷന്‍ വിചേധിക്കും എന്ന അവസ്ഥ എത്തി. എന്റര്‍ടയിന്‍മെന്റിനും ഇല്ലേ ഒരു പരിധി.

മലയാളിയുടെ എം ആര്‍ പി ശീലം


എന്നും രാവിലെ പുറപ്പെടാന്‍ തയ്യാറാകുമ്പോള്‍ മാത്രമേ ചെരുപ്പ് മാറ്റാറായി എന്നോര്‍മ്മ വരൂ. പൊട്ടിയില്ല എന്നാലും പൊട്ടാറായി എന്ന് മനസ്സ് പറഞ്ഞു. മഴ ഇല്ലെങ്കിലും വെയിലത്ത് വാടി കരിഞ്ഞ് പോകുന്ന ചെരുപ്പുകളാണ് വിപണിയില്‍ അധികവും ഉള്ളത്. പാതി വഴിയില്‍ ചെരുപ്പ് പൊട്ടിയാല്‍ എന്ത് ചെയ്യുമെന്ന ഭയത്തോടെ അന്നും വീട്ടില്‍ നിന്നുമിറങ്ങി നടന്നു. ബസ്‌ സ്റ്റോപ്പ്‌ എത്തും വരെ ഒന്നും സംഭവിച്ചില്ല. ഭാഗ്യം.ഇനിയിപ്പോ നടക്കേണ്ട കാര്യമില്ല, വൈകുന്നേരം വരെ സമാധാനമുണ്ട്.
ബസ്സില്‍ കയറിയാല്‍ ആര്‍ക്കും മുഖത്ത് നോക്കാന്‍ സമയമില്ല. താല്‍പര്യവും ഇല്ല. സീറ്റ്‌ കിട്ടിയാല്‍ പിന്നെ എല്ലാവരും മൊബൈലും ഹെഡ് സെറ്റും എടുക്കും പിന്നെ അവരവരുടെ  ലോകത്താണ്. ജനാലയിലൂടെ പിന്നോട്ട് ഓടി മറയുന്ന കാഴ്ച്ചകള്‍ നോക്കി ഞാനും ഇരുന്നു. പോയ്‌ മറഞ്ഞ കാഴ്ച്ചകളില്‍ ചിലത് എവിടെയോ കണ്ട് മറന്ന പോലെ. ചിന്തകളും ഓര്‍മകളും ചെരുപ്പിനെ ചുറ്റി പറ്റി തന്നെ നിന്നു.
ഒരാളുടെ കാലും ചെരുപ്പും നോക്കിയാല്‍ അയാളുടെ വ്യക്തിത്വവും ജോലിയും പ്രവചിക്കാന്‍ ആവുമെന്ന് കേട്ടിട്ടുണ്ട്. ഏതോ ക്ലാസ്സില്‍ ഒരദ്ധ്യാപകന്‍ പറഞ്ഞു സ്വന്തമായി അദ്ധ്വാനിച്ച പണം കൊടുത്ത് വാങ്ങുമ്പോള്‍ മാത്രമേ വില കൂടിയ ചെരുപ്പുകള്‍ ഉപയോഗിക്കാവൂ. വീട്ടുകാരുടെ ചിലവില്‍ കഴിയുമ്പോള്‍ ഏറ്റവും വില കുറഞ്ഞത് മാത്രം ഉപയോഗിക്കാന്‍ പഠിക്കണം. എന്ത് കൊണ്ട് അദ്ദേഹം അത് പറഞ്ഞു എന്നറിയില്ല എന്നാലും ഇന്നത്തെ തല മുറയിലെ കുട്ടികള്‍ക്ക് കഴിയാത്ത ഒരു കാര്യമാണ് അതെന്ന് തോന്നുന്നു.ചെരുപ്പ് മാത്രമല്ല എന്തിനും ഏതിനും ബ്രാന്‍ഡ്‌ സാധനങ്ങള്‍ മാത്രമേ ഉപയോഗിക്കു എന്നത് വാശി ആണ്.
കാത്തിരുന്ന് കാത്തിരുന്ന് ആഴ്ചാവസാനം ചെരുപ്പ് വാങ്ങാന്‍ ബാറ്റയില്‍ പോയി. പതിവായി അവിടെ നിന്നുമാണ് വാങ്ങുന്നത് - ഗുണമേന്മ കൊണ്ടോ ശീലം കൊണ്ടോ എന്നറിയില്ല. ശനിയാഴ്ച്ച വൈകുന്നേരം ആയിരുന്നു. തിരക്കൊന്നും ഇല്ല. ശീതികരിച്ച മുറികളില്‍ ജീവിക്കാന്‍ ഭാഗ്യം ചെയ്ത ചെരുപ്പുകള്‍ ഓരോന്നും നിരന്നിരുന്നു - പ്രൗഢ ഗാംഭീര്യത്തോടെ , തലയെടുപ്പോടെ കണ്ണാടി ചില്ലുകളുടെ മേല്‍. പല മോഡലുകള്‍, ബ്രാന്‍ഡുകള്‍, പല പേരുകള്‍ - ഷൂസ്, ബൂട്സ്, സാണ്ടല്സ്, സ്ലിപ്പെര്സ്. ലിംഗ സമത്വം ചെരുപ്പുകളിലും ഇല്ല. താഴെ പുരുഷ മോഡലുകളും രണ്ടാമത്തെ നിലയിലാണ് സ്ത്രീ വിഭാഗം.
മുകളില്‍ മഴവില്‍ നിറങ്ങളിലെ ചെരുപ്പുകളാണ്. പുരുഷന്മാര്‍ വര്‍ണ്ണ വിവേച്ചനക്കാര്‍ ആയത് കൊണ്ടാണോ എന്നറിയില്ല താഴെ കറുപ്പും ബ്രൌണും ആണ് അധികവും. നിറങ്ങളില്‍ മാത്രമല്ല വൈവിധ്യം മോഡലിലും ഉണ്ട് - വെട്ജെസ് , ബൂട്സ്, ഹീല്സ്, ബെല്ലി ഷൂസ്, ചപ്പല്സ്. ഹീല്സ് തന്നെ പലവിധം – പെന്‍സില്‍ ഹീല്‍, ബ്ലോക്ക്‌ ഹീല്സ്, പ്ലാട്ഫോം ഹീല്സ്. ഹീല്സ് ഇല്ല എങ്കില്‍ കെട്ടുള്ളതും ഇല്ലാത്തതും. ഇനി ഓരോന്നിന്റെയും എം ആര്‍ പി നോക്കാം. ശരാശരി മിക്കതിന്റെയും വില 499 ല്‍ കൂടുതലാണ്. ഇനി അതിലും കുറഞ്ഞത് വേണമെങ്കില്‍ ഇറച്ചി കടകളില്‍ കൊളുത്തിട്ട് തൂക്കിയ പോലെ മറുഭാഗത്ത് ചില ചെരുപ്പുകള്‍ തൂക്കി ഇട്ടിട്ടുണ്ട് - 300 രൂപയില്‍ താഴെ മാത്രം വിലമതിക്കുന്നവ. മൂവായിരം രൂപയില്‍ കൂടുതല്‍ ഉള്ള ചെരുപ്പുകള്‍ ആണെങ്കില്‍ തുന്നല്‍ ഉണ്ടാവും ബാക്കി എല്ലാ ചെരുപ്പും ഒട്ടിച്ചു വച്ചതാവും.
ചെരുപ്പ് പണ്ടേ എനിക്ക് വീക്നെസ്സ് ആണ്. ഇടുന്ന വസ്ത്രങ്ങളെക്കാള്‍ ഞാന്‍ കൂടുതല്‍ ശ്രദ്ധിച്ചിരുന്നത് ചെരുപ്പുകളില്‍ ആയിരുന്നു. അന്ന് കണ്ട പല മോഡലുകളും എനിക്കിഷ്ട്ടമായി എങ്കിലും കാലിന് കൂടി സുഖം കിട്ടണ്ടേ. കുറെ ഒക്കെ നോക്കി നോക്കി അവസാനം ആ വെള്ള ചെരുപ്പ് മതിയെന്ന് ഞാനുറപ്പിച്ചു. കെട്ടില്ല , ചപ്പല്‍ മോഡല്‍. ഓഫ്‌ വൈറ്റ് നിറം. വേറെ ഒന്നും വാങ്ങാന്‍ ഇല്ലാത്തത് കൊണ്ട് താഴേക്ക് വന്നു. കൗണ്ടറിൽ  അപ്പോഴേക്കും തിരക്കായി. ഒരാള്‍ വാങ്ങിയ ഷൂസിന്റെ വില 2500 രൂപ. ഇയാളിത് കാലില്‍ ഇടാന്‍ തന്നെ അല്ലേ വാങ്ങിയത് എന്ന് മനസ്സില്‍ ചോദിച്ചു. അത് കേട്ടിട്ടെന്ന പോലെ അയാളെന്നെ തിരിഞ്ഞു നോക്കി. ചിരിയില്‍ അവസാനിക്കാത്ത പ്രശ്നങ്ങള്‍ ഇല്ലാത്തത് കൊണ്ട് ഞാന്‍ രക്ഷപ്പെട്ടു.
ഒടുവില്‍ എന്റെ ഊഴം വന്നു. ബില്‍ കണ്ടപ്പോഴാണ് എനിക്ക് പറ്റിയ അമളി മനസിലായത്. എടുത്ത ചെരുപ്പിന്റെ എം ആര്‍ പി ഞാന്‍ നോക്കിയില്ല. ഇങ്ങനൊരു അബദ്ധം എനിക്കിത് വരെ പറ്റിയിട്ടില്ല. ഇതിപ്പോ ആദ്യമായിട്ടാണ്. സാധാരണ എന്ത് സാധനം വാങ്ങുന്നതിന് മുന്‍പേ നോക്കുന്നത് വിലയാണ്. സാധനം ഇഷ്ട്ടപ്പെട്ടിലെങ്കിലും വില കുറവായത് കൊണ്ട് ഇഷ്ട്ടപ്പെടുന്നവരാണ് മലയാളികള്‍.
കൈയില്‍ 1250 ഉണ്ട് പക്ഷെ ചെരുപ്പിന്റെ എം ആര്‍ പി 1599.  നിമിഷ നേരത്തേക്ക്  ഞാനൊന്ന്  പതറി.  സ്വന്തം കാശ് കൊടുത്താണെങ്കില്‍ പോലും ഇത്രയും വില കൂടിയ ചെരുപ്പിടുന്ന ശീലമില്ല. പക്ഷെ ബില്‍ അടിച്ചു പോയത് കൊണ്ടും കാശ് തികയില്ല എന്ന് പറയാന്‍ എന്റെ ഈഗോ അനുവധിക്കാത്തത് കൊണ്ടും ആ ചെരുപ്പ് മതിയെന്ന് ഉറപ്പിച്ചു.

ഡെബിറ്റ് കാര്‍ഡ്‌ കൈയില്‍ ഉണ്ടായിരുന്നത് കൊണ്ട് നാണം കെടാതെ ഇഷ്ട്ടപ്പെട്ട ചെരുപ്പും വാങ്ങി ഇറങ്ങി. സാങ്കേതിക വിധക്തന്മാരെ മനസ്സാല്‍ സ്മരിച്ചു. ആ കാര്‍ഡ്‌ ഇല്ലായിരുന്നെങ്കില്‍ എന്റെ അവസ്ഥ എനിക്ക് ഊഹിക്കാന്‍ പോലും വയ്യ. വെറുതെ അല്ല എന്ത് സാധനം വാങ്ങുന്നതിന് മുന്‍പും മലയാളി എം ആര്‍ പി നോക്കുന്നത്. ബില്‍ വരുമ്പോ അന്ധാളിക്കാതിരിക്കാന്‍ അതൊരു നല്ല ശീലമാണ് അല്ലെങ്കില്‍ പട്ടി ചന്തയ്ക്ക് പോയ പോലെ തിരിച്ചു വരേണ്ടി വരും.( ഡെബിറ്റ് കാര്‍ഡില്‍ കാശ് ഇല്ല എങ്കില്‍ ഉള്ള അവസ്ഥയാണ്‌ കവി ഉദേശിച്ചത് )

Sunday, February 19, 2017

അപ്പൂപ്പന്മാരും അമ്മൂമ്മമാരും

“അച്ഛാ മോളെ വെയിലത്ത് നടത്തിക്കരുത്, ഓട്ടോയില്‍ പോയി വന്നാല്‍ മതി” എല്ലാത്തിനും അപ്പൂപ്പന്‍ സമ്മതം മൂളി എന്നെയും കൊണ്ടിറങ്ങും.വീട്ടില്‍ നിന്ന് ഡേ കെയറിലേക്ക് രാവിലെ ഓട്ടോയില്‍ പോകും.
ബ്ലൂ ബെല്ല്സ്. അങ്ങ്ലോ ഇന്ത്യക്കാര്‍ നടത്തുന്ന ഡേ കെയറാണ് . രണ്ട് പോമെരനിയന്‍ പട്ടികളുണ്ട് – കറുത്തതും വെളുത്തതും. മുറ്റത്തെ കൂട്ടില്‍ നിറയെ ലവ് ബേര്‍ഡ്സ് ആണ്. രാവിലെ മുതല്‍ ഉച്ച വരെ കളിക്കാം.അതിനു ശേഷം ചോറും കഴിച്ച് , ടര്‍ക്കി വിരിച്ച് അതില്‍ കിടന്നുറങ്ങണം. വൈക്കുന്നേരം അപ്പൂപ്പന്‍ വിളിക്കാന്‍ വരും. അമ്മയോട് രാവിലെ പറഞ്ഞതൊക്കെ അപ്പൂപ്പന്‍ മറക്കും. ഞങ്ങള്‍ രണ്ടാളും കൂടി വീട്ടിലേക്ക് നടക്കും.എനിക്ക് പരിപ്പ് വടയും മിട്ടായിയും വാങ്ങി തരും. എന്തിനാണെന്നോ, അമ്മയോട് പറയാതിരിക്കാന്‍. മുടങ്ങാതെ കിട്ടുന്നത് കൊണ്ട് ഞാനൊരിക്കലും പാവത്തിനെ ഒറ്റികൊടുത്തിരുന്നില്ല. ഒരുപക്ഷെ പരിപ്പ് വടയോടുള്ള എന്റെ പ്രേമത്തിന് കാരണം അപ്പൂപ്പന്‍ തന്നെയാണ്.
വീട്ടിലെത്തിയാല്‍ അമ്മൂമ്മയാണ് വെള്ളം ചൂടാക്കി എന്നെ കുളിപ്പിചിരുന്നത്. ഉടുപ്പൊക്കെ ഇട്ട് ,പൊട്ട് കുത്തി, ആഹാരം കഴിക്കും. അപ്പൂപ്പന്‍ കഴിക്കുന്ന പാത്രത്തില്‍ നിന്നും ഒരു പങ്കെടുത്ത് കഴിക്കാനായിരുന്നു ഇഷ്ട്ടം. ടി വി ഒന്നും അത്ര പ്രാധാന്യം ഇല്ലായിരുന്നു.സന്ധ്യാ ദീപം തെളിയിക്കുന്നത് വരെ അപ്പൂപ്പനും അമ്മൂമ്മയും കുറെ കാര്യങ്ങളും കഥകളും പറഞ്ഞു തരും. സന്ധ്യക്ക് വിളക്ക് കൊളുത്തി നാമവും ജപിച്ച ശേഷം അപ്പൂപ്പന്‍ തന്നെ എന്നെ വീട്ടില്‍ കൊണ്ട് ചെന്നാക്കും.ഒരു ദിവസത്തിലെ ഭൂരിഭാഗം സമയവും ഞാന്‍ ചിലവഴിച്ചത് അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും കൂടെയാണ്.
പക്ഷെ ആ സന്തോഷം അധികനാള്‍ നിന്നില്ല.സ്കൂളില്‍ പഠിക്കുന്ന സമയത്താണ് ആ ദുരന്തമുണ്ടായത്‌. തേങ്ങ പോതിക്കുന്നതിനിടെ കാല്‍ വഴുതി അപ്പൂപ്പന്‍ പാര കോലിന്റെ പുറത്തൂടെ വീണു.ദേഹമാസകലം പ്ലാസ്റ്റെറിട്ട് മാസങ്ങളോളം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കിടന്നു.പിന്നീട് വീട്ടിലേക്ക് കൊണ്ട് വന്നെങ്കിലും പരസഹായമില്ലാതെ നടക്കാന്‍ പോലും പാവത്തിനു കഴിഞ്ഞില്ല.സ്കൂളില്‍ കൊണ്ടാക്കാനോ തിരികെ വിളിച്ചു കൊണ്ട് വരാനോ അപ്പൂപ്പന്‍ വരാതെ ആയി.എന്നാലും എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും അപ്പൂപ്പന്റെ അടുത്ത് പോയി ഹാജര്‍ വയ്ക്കും.വൈകുന്നേരങ്ങളില്‍ പതിവ് പോലെ അവരുടെ വീട്ടില്‍ തന്നെ ചിലവഴിക്കും.അപ്പൂപ്പന്റെ ബാല്യവും യൗവ്വനവും കടന്നു പോയ വഴികളെ കുറിച്ച് വിവരിക്കും.അപ്പൂപ്പന്‍ വീണു പോയില്ലായിരുന്നെങ്കില്‍ എന്തെല്ലാം കാര്യങ്ങള്‍ ഞങ്ങള്‍ക്കൊരുമിച്ചു ചെയ്യാമായിരുന്നു. ആയുസ്സില്ലാത്ത സന്തോഷം വച്ചു നീട്ടുമ്പോളാണ് ദൈവം എത്ര ക്രൂരനാണെന്ന് തോന്നുന്നത്.
പതിനൊന്നാം ക്ലാസ്സില്‍ പഠിക്കുമ്പോളാണ് അപ്പൂപ്പന്‍ ഞങ്ങളെ ഒക്കെ വിട്ടു പിരിഞ്ഞത്. വീണ്ടും മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐ സി യുവില്‍ ആ ശരീരം പഞ്ച ഭൂതങ്ങളില്‍ അലിഞ്ഞു ചേരാന്‍ തയ്യാറായി കിടന്നു. പരിപ്പ് വട വാങ്ങി തരാന്‍ ഇനി ഒരിക്കലും അപ്പൂപ്പന്‍ വരില്ല, എനിക്കറിയാം. ഇന്നും ഉള്‍ക്കൊള്ളാനാവാത്ത സത്യമായി മനസ്സില്‍ തീരാ ദുഖമായി .. അഞ്ച് മക്കളുണ്ടെങ്കിലും അപ്പൂപ്പന്റെ ജീവനും ഗന്ധവുമവശേഷിക്കുന്ന ആ വീട്ടില്‍ നിന്നും ഇറങ്ങാന്‍ അമ്മൂമ്മ ഇന്നും തയ്യാറല്ല.
ആ വീട്ടിലേക്ക് ചെന്ന്‍ കയറി അപ്പൂപ്പന്റെ ചാര് കസേരയില്‍ ഇരിക്കുമ്പോള്‍ മനസ്സിലൊരു ശാന്തത തോന്നും. അപ്പൂപ്പന്‍ അവിടെവിടെയോ ഉള്ള പോലൊരു തോന്നല്‍ . വല്ലാതെ മനസ്സ് വിഷമിക്കുന്ന ദിവസങ്ങളില്‍ അപ്പൂപ്പന്‍ എന്നെ കാണാന്‍ സ്വപ്നത്തില്‍ വരും , കൈ നിറയെ മിടായിയും , ഒരു പൊതിയില്‍ പരിപ്പ് വടയുമായി.
                                                              *****

എല്ലാ ഞായറാഴ്ചയും അച്ഛന്റെ കുടുംബ വീട്ടില്‍ പോകും. അവിടെയും എന്നെ കാത്തൊരു മീശ അപ്പൂപ്പനും അമ്മൂമ്മയുമുണ്ട്. വീരപ്പന്റെ മീശപോലെ ആയത് കൊണ്ട് മീശ പിള്ള എന്നാണ് അപ്പൂപ്പന്‍ നാട്ടില്‍ അറിയപ്പെട്ടിരുന്നത്.വെറ്റില മുറുക്കുന്നത് കൊണ്ട് ഷര്‍ട്ടും മുണ്ടും വെറ്റില കറ പുരണ്ടിരിക്കും.മീശ അപ്പൂപ്പന്‍ എനിക്ക് തന്നിരുന്നത് കാരയ്ക്ക , ചാമ്പക്ക ,പേരയ്ക്ക മുതലായവയാണ്.മടിത്തട്ടില്‍ സൂക്ഷിച്ചു വച്ചിരുന്ന കാരയ്ക്ക എനിക്ക് തരുമ്പോള്‍ അതിലൊളിഞ്ഞിരുന്നത് അപ്പൂപ്പനെന്നോടുള്ള സ്നേഹ വാത്സല്യമായിരുന്നു. ആഴ്ചകളോളം പറമ്പിലൂടെ നടന്ന് കിട്ടുന്നതെല്ലാം ശേഖരിച് വൈക്കും , എനിക്ക് തരാന്‍.

അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ആ സ്നേഹ നിധിയും എന്റെ കൈവിട്ടു പോയി. ആ വേര്‍പ്പാടിന് ശേഷം ഞാന്‍ പോയപ്പോഴൊന്നും കാര മരം എനിക്കൊന്നും തന്നില്ല. കിണറ്റിന്‍ കരയില്‍ നിന്നിട്ടു പോലും ചാമ്പ പൂത്തില്ല.അടിത്തറ ഇളകിയ വീട്ടിലും ഓര്‍മ്മകള്‍ ഒളിക്കുന്ന മതിലുകളിലും വിള്ളല്‍ വീണു.ഇറയത്തിരുന്ന്‍ നോക്കിയപ്പോള്‍ ഏകാന്തതയുടെ ശൂന്യത നെഞ്ചില്‍ കുത്തി ഇറങ്ങി. അവിടെയും അമ്മൂമ്മ തനിയെ. ഓര്‍മ്മകള്‍ ശാപമാകുന്ന നിമിഷങ്ങളെ പഴിച് പഴിച് അമ്മൂമ്മയും പോയി. ഇന്ന്‍ ആ വീടും പറമ്പും ഓര്‍മകളുടെ ശവ പറമ്പാണ്. എന്റെ നഷ്ട്ടങ്ങളുടെ വേരുകള്‍ അവിടെവിടെയൊക്കൊയോ നിശബ്ധമായി ഇഴയുന്നുണ്ട്.

സ്മാര്‍ട്ട്‌ ഫോണ്‍ യുഗത്തില്‍ കുട്ടികള്‍ ബന്ധങ്ങളുടെ മൂല്യമറിയാതെ സ്മാര്‍ട്ട്‌ ഇടിയട്ട്സ് ആയി വളരുന്നു.വെലിയിന്റെ ചൂടറിയാതെ, മഴയുടെ കുളിരറിയാതെ , മണ്ണിന്റെ ഗന്ധമറിയാതെ , പൂക്കളെയും പൂമ്പാറ്റകളെയും തൊട്ടറിയാതെ, ജീവന്റെ താളതുടിപ്പുകളറിയാതെ മെക്കാനിക്കലായ് ജീവിക്കുന്ന ബുദ്ധി ശൂന്യരായ കുട്ടികളാണ് വളര്‍ന്നു വരുന്നത്. മാതാവിനെ പുറംകാല്‍ കൊണ്ട് തൊഴിച്ചും, പിതാവിനെ പഴിച്ചും, ഗുരുവിനെ പുച്ഛഇച്ചും. ദൈവത്തെ നിന്ദിച്ചും ജീവിക്കുന്ന യുവത്വം.  പീഡന പരമ്പര പോലെ മക്കളെ ഉപേക്ഷിക്കുന്ന വാര്‍ത്തകളും മലയാളികള്‍ക്ക് സുപരിചിതമാണ്. മക്കളെ വളര്‍ത്താന്‍ സമയം കുറവാണെങ്കില്‍ അവരെ അപ്പൂപ്പന്റെയോ അമ്മൂമ്മയുടെയോ കൂടെ വിടാന്‍ മനസ്സ് കാണിക്കൂ, സ്നേഹവും വാത്സല്യവും എന്താണെന്ന്‍ കുട്ടി അറിയണ്ടേ ? നാളേക്ക് വേണ്ടി നമുക്ക് റോബോട്ടുകളെ അല്ല ആവശ്യം, മജ്ജയും മാംസവും വികാരവുമുള്ള മനുഷ്യ സമൂഹത്തെയാണ്.
കാലമേറെ കഴിയുമ്പോള്‍ ഇന്ത്യന്‍ സംസ്കാരം ചരിത്ര പുസ്തകങ്ങളിലെ വാക്കുകളില്‍ മയങ്ങും- പൊടിയും മാറാലയും കൊണ്ടാവരണം ചെയ്യപ്പെട്ട്, ആര്‍ക്കും വേണ്ടാത്ത, താല്പര്യമില്ലാത്ത ഒന്നായി പുസ്തക താളുകളില്‍ മറയും.

Saturday, February 11, 2017

ബീന കണ്ട റഷ്യ


കെ എ ബീനയുടെ ആദ്യ പുസ്തകം.പക്ഷെ ഞാന്‍ വായിക്കുന്ന രണ്ടാമത്തെ പുസ്തകം.
പെരുമഴയത്ത് വായിച്ച ശേഷമാണ് ഇത് വായിച്ചത്. ആവര്‍ത്തന വിരസത തോന്നി. രണ്ടിലും ഒരേ കാര്യങ്ങളാണ് പറഞ്ഞിരിക്കുന്നത്. എല്ലാം അല്ലെങ്കിലും.
ചില പേജുകള്‍ വെറുതെ വായിച്ച് പോകാം എന്നല്ലാതെ മറ്റൊന്നുമില്ല.
പതിമൂന്നു വയസ്സുള്ളപ്പോള്‍ റഷ്യ സന്ദര്‍ശിക്കാന്‍ അവസരം കിട്ടിയ പെണ്‍കുട്ടി അവിടെ കാണുന്ന സംസ്കാരവും കാഴ്ചകളും ആണ് പുസ്തകത്തില്‍. ലേഖനങ്ങളായി വന്നതെല്ലാം സ്വരുക്കൂട്ടി പുസ്തകമാക്കിയതാണ്.
ലെനിന്റെ കുടീരത്തില്‍ പോയതും, ആര്തെക്ക് ക്യാമ്പില്‍ നടക്കുന്ന വിശേഷങ്ങളുമാണ് പ്രധാനം. റഷ്യക്കാര്‍ കുട്ടികള്‍ക്ക് കൊടുക്കുന്ന പ്രധാന്യത്തിന്റെ നാലില്‍ ഒന്ന്‍ പോലും ഇന്ത്യയിലെ കുട്ടികള്‍ക്ക് കിട്ടുന്നില്ല. ഇന്ത്യയില്‍ കുട്ടികള്‍ പഠിക്കുന്നത് മാര്‍ക്ക്‌ കിട്ടാന്‍ വേണ്ടിയാണു. പഠിക്കാന്‍ വേണ്ടി അല്ല.
റഷ്യയില്‍ ഉദ്യോഗര്ധികളെക്കാള്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ഉണ്ടെന്ന സത്യം ബീന പറയുന്നു. എന്ത് കൊണ്ട് ഇന്ത്യയില്‍ അങ്ങനെ സംഭവിക്കുന്നില്ല? സത്യത്തില്‍ ഇന്ത്യയില്‍ അവസരങ്ങളുണ്ട് പക്ഷെ ഇന്ത്യന്‍ ജനതയുടെ പ്രശ്നം ഈഗോ ആണ്.അത് ഒരാളെ ചില ജോലികള്‍ ചെയ്യുന്നതില്‍ നിന്നും പിന്തിരിപ്പിക്കും. കൃഷിയെ മാത്രം ആശ്രയിച്ച് ജീവിക്കുന്നവര്‍ മേച്ചില്‍ പുറം തേടി പോകാന്‍ കാരണം അവര്‍ക്ക് വേണ്ടത്ര സംരക്ഷണം കിട്ടാത്തത് കൊണ്ടാണ്. അവരെ വേണ്ട രീതിയില്‍ സംരക്ഷിച്ചാല്‍ ആരും മേഘല മാറി പോകില്ല. എക്സിക്യൂട്ടീവ് വേഷവിധാനത്തില്‍ ചെയ്യുന്ന വൈറ്റ് കോളര്‍ ജോലികള്‍ക്ക് ആകര്‍ഷണം കൂടുതാലാണ്. എന്നാല്‍ അതിന്റെ ദൂഷ്യ ഫലങ്ങള്‍ ആരും ചിന്തിക്കാറില്ല കാരണം ഇന്ന്‍ ജീവിക്കാന്‍ വേണ്ടതിന്റെ ഇരട്ടി പണം ആ ജോലിയില്‍ നിന്ന് കിട്ടുമ്പോള്‍ മറ്റെന്തെങ്കിലും വേണോ?

Wednesday, February 8, 2017

നിമിഷ കഥാകൃത്ത്‌

“ബാബുരാജ്‌, അയാളൊരു കവിയാണ്‌. കവിയെന്ന് പറഞ്ഞാല്‍ വെറും കവി അല്ല. നിമിഷ കവി. എന്തിനെക്കുറിച്ച് പറഞ്ഞാലും ആ പറഞ്ഞതിനെക്കുറിച്ച് കവിത ഉണ്ടാക്കും.”
“അങ്ങനെയാണോ ? എന്നാല്‍ ഞാനൊരു സബ്ജക്റ്റ് പറയാം. കവിത ഉണ്ടാക്കുമോന്ന് നോക്കാമല്ലോ.”
“കുട്ടി പറയട്ടെ. ങ്ങും പറയൂ “
“കുന്തം. എന്റെ സബ്ജക്റ്റ് കുന്തമാണ്. കുന്തത്തെ പറ്റി ഒരു കവിത ചൊല്ല് “
നിമിഷ കവി പ്ലിംഗ്.
മൈ ഡിയര്‍ മുത്തച്ഛനിലെ ഈ രംഗം കാണുമ്പോഴൊക്കെ ഞാനോര്‍ക്കാറുണ്ട് എന്നിലെ നിമിഷ കഥാകൃത്ത് സട കുടഞ്ഞെണീറ്റ ദിവസം.
അന്നൊരു ചൊവ്വാഴ്ച്ചയായിരുന്നു. ചൊവ്വാഴ്ച്ചകളിലെ ക്ലാസ്സിന് പ്രത്യേകതകളേറെയാണ്. രാവിലെ എട്ടര മണി മുതല്‍ ഉച്ചക്ക് ഒരു മണി വരെ സോമശേഖരന്‍ സാറിന്റെ ക്ലാസ്സ്‌. കേരള ചരിത്രത്തില്‍ തുടങ്ങി ആനുകാലിക വിഷയങ്ങള്‍ വരെ ഉണ്ടാകും.ഒറ്റ വാക്കില്‍ പറഞ്ഞാല്‍ ഏത് കാലാവസ്ഥയിലും പ്രളയം സൃഷ്ട്ടിക്കാന്‍ കെല്‍പ്പുള്ള അറിവിന്റെ മഹാ സാഗരം. സാറിനോട് നേര്‍ക്കുനേര്‍ നിന്നു സംസാരിക്കാന്‍ വേണ്ടത് ധൈര്യമല്ല, അറിവാണ്. അറിവിന്റെ ഗംഗ നദിയുടെ അടി ഒഴുക്കില്‍ പിടിച്ചു നില്ക്കാന്‍ എളുപ്പമല്ല. അസൂയ കലര്‍ന്നൊരു ബഹുമാനം എന്നും ആ അറിവിനോട് തോന്നിയിരുന്നു.
ഒരു പെന്‍ ഡ്രൈവും കൊണ്ടാണ് അന്ന്‍ സര്‍ ക്ലാസ്സിലേക്ക് വന്നത്. പ്രോജെക്ടറില്‍ കുത്തി ഓരോ ഫോള്‍ഡറുകള്‍ തുറന്നു.ലോക പ്രശസ്തരായ കലാകാരന്മാരുടെ സൃഷ്ട്ടികള്‍ കൊണ്ട് വെള്ള സ്ക്രീന്‍ നിറഞ്ഞു തുളുംബി- ശില്‍പ്പങ്ങള്‍, ചിത്ര രചനകള്‍, സ്മാരകങ്ങള്‍, വാസ്തുശില്‍പ്പങ്ങള്‍. യാത്രാ ചിലവും ക്ഷീണവുമില്ലാതെ കലാകാരന്‍മാരുടെ നൂതന ചിന്തകളില്‍  കൂടി ഒരു ചരിത്ര യാത്ര.
ഒരു ചിത്രമെത്തിയപ്പോള്‍ സര്‍ സ്ലൈഡ് ഷോ പോസ് ചെയ്തു.
“ഒന്നര മണിക്കൂര്‍ സമയം തരാം. ഈ ചിത്രത്തിനെ ആസ്പദമാക്കി ഒരു ചെറു കഥയെഴുതണം.”
ഈ വാചകവും പറഞ്ഞിട്ട് സര്‍ ക്ലാസ്സില്‍ നിന്നും ഇറങ്ങിപ്പോയി.
ക്ലാസ്സിലുള്ള എല്ലാവരുടെയും തലയില്‍ ഇടിത്തീ വീണോന്ന്‍ എനിക്കറിയില്ല പക്ഷെ എന്റെ തലയില്‍ ശരിക്കും വീണു. ഈ ചിത്രം നോക്കി എങ്ങനെ കഥ എഴുതും? സര്‍ഗാത്മക രചനയാണോ സര്‍ ഉദേശിച്ചത്? അതോ വെറുമൊരു ചിത്രം നോക്കി എങ്ങനെ ഫെയ്ക്ക് ന്യൂസ്‌ ഉണ്ടാക്കാമെന്നോ?
ഇരുപത്തിയഞ്ച് കഥാകൃത്തുക്കളും മുഖത്തോട് മുഖം നോക്കി - “ദാ ഇപ്പൊ ശരിയാക്കി തരാം “ എന്ന ഭാവത്തില്‍.
സ്കൂളില്‍ പഠിക്കുന്ന സമയം ന്യൂട്ടണോടായിരുന്നു ദേഷ്യം. തലയില്‍ ആപ്പിള്‍ വീണപ്പോള്‍ അതിനെ എടുത്ത് കഴിച്ചിട്ട് മിണ്ടാതെ പോകുന്നതിനു പകരം അതിന്റെ കാര്യകാരണങ്ങള്‍ അന്വേഷിക്കേണ്ട വല്ല ആവശ്യമുണ്ടായിരുന്നോ? ഗുരുത്വാകര്‍ഷണം കണ്ട് പിടിച്ച് അതെല്ലാം  കുറിച്ച് വച്ചു, കുട്ടികളെ ബുദ്ധിമുട്ടിക്കാനായിട്ട്. ദാ ഇപ്പോ ഏതോ ഒരു ചിത്രകാരന്‍ വരച്ച പടമാണ് പുലിവാലായത്.
മണിക്കൂര്‍ സൂചിയും മിനിറ്റ് സൂചിയും നിശബ്ദമായി അവരുടെ ജോലിയില്‍ മുഴുകി. ഭാവന ഉണര്‍ത്തുന്ന യാത്രം കിട്ടിയിരുന്നെങ്കില്‍ കൊള്ളാമായിരുന്നു.
ഏകദേശം ഒന്നര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ കഥകള്‍ കേള്‍ക്കാന്‍ ഉത്സുഹനായ കൊച്ചുകുട്ടിയെ പോലെ സര്‍ തിരിച്ചെത്തി.
ആദ്യം നറുക്ക് വീണത് രാധുവിനാണ്. പത്രപ്രവര്‍ത്തകയാവാന്‍ കച്ച കെട്ടിയ ഉണ്ണിയാര്‍ച്ചയാണ് രാധു. സ്വന്തം നാട്ടിലുള്ള സൗകര്യങ്ങള്‍ പോരാത്തത് കൊണ്ടാണ് പദ്മനാഭന്റെ മണ്ണിലേക്ക് കാലെടുത്ത് വച്ചത്.നാട്ടിലെ ചാനലില്‍ വാര്‍ത്ത‍ വായിച്ചുള്ള പരിചയവുമുണ്ട് കക്ഷിക്ക്.തന്റെടത്തിനു ഒരു കുറവുമില്ലാത്ത അവളുടെ കഥയുടെ പ്രമേയം നാട്ടിലെ ഫ്യൂടല്‍ പ്രമാണിമാരുടെ തറവാട്ടില്‍ ഒരേഷ്യന്‍ ആന പ്രസവിച്ചു. ആനക്കുട്ടിയുടെ നിറം നീല.ഇതെന്ത് അത്ഭുതമെന്ന് അന്വേഷിചിറങ്ങുന്ന നാട്ടുകാരും ശാസ്ത്രലോകവും ഒരു വശത്ത്. മറു വശത്ത് വാര്‍ത്തയുടെ ചുരുളഴിച്ച്‌ കൌതുകവാര്‍ത്ത‍യാക്കാന്‍ എത്തുന്ന മാധ്യമങ്ങള്‍. കഥയുടെ തുടക്കം സാറിന് ഇഷ്ട്ടമായെങ്കിലും പകുതിക്ക് ശേഷം ക്ലിഷേ ആണെന്ന്‍ പറഞ്ഞ് അടുത്ത കഥ രഘുവിനോട് വായിക്കാന്‍ പറഞ്ഞു. ഒന്നും എഴുതിയില്ലെന്ന ഒറ്റ വാചകത്തില്‍ അവന്റെ കഥ അവസാനിച്ചു. ചില കാര്യങ്ങള്‍ അങ്ങനെയാണ് തുടങ്ങുന്നതും അവസാനിക്കുന്നതും അറിയാതെ പോകും.
കാരംബോര്‍ഡിലെ കട്ടകളുടെ അവസ്ഥയാണ്‌ എനിക്കും മറ്റുള്ളവര്‍ക്കും. ആരെയാണ് അടുത്തതായി സ്ട്രൈക്കര്‍ ഉന്നം വൈക്കുന്നതെന്ന് അറിയില്ല.നെഞ്ചിടിപ്പ് കൂടിക്കൂടി ഹൃദയം പുറത്തേക്ക് ചാടി വരുമോന്ന് പോലും തോന്നി. അധികം നീണ്ടു പോയില്ല
“കോയല്‍ അടുത്തത് നീ വായിക്ക് “. മുന്നൂറ്റി മുക്കോടി ദൈവങ്ങളെയും മനസ്സില്‍ ധ്യാനിച്ച് തുടങ്ങി.

നിലാവുള്ള രാത്രികളില്‍ സര്‍വ്വാലങ്കാര ഭൂഷിതയായ ആകാശം കാണാന്‍ രാഹുലിന് വളരെ ഇഷ്ടമാണ്- നക്ഷത്രങ്ങളും അവയ്ക്ക് മാറ്റുരച്ചു കൊണ്ട് പൂര്‍ണ്ണ ചന്ദ്രനും. സ്കൂളില്‍ നിന്നും വര്‍ഷത്തിലൊരിക്കല്‍ ഐ എസ് ആര്‍ ഓ സന്ദര്‍ശനത്തിന് കൊണ്ട് പോകുമ്പോഴൊക്കെ അവനൊരു ഉന്മാദമാണ്‌. എല്ലാ ആഴ്ചയും പ്ളാനറ്റോറിയത്തില്‍ പോകും.ഓരോ തവണയും അവന്‍ പുതിയ പുതിയ നക്ഷത്രങ്ങളെ കണ്ടു. പതിവായി കാണുന്ന നക്ഷത്രങ്ങള്‍ അവനുമായി ചങ്ങാത്തത്തിലായി.അവന്‍ വളര്‍ന്നപ്പോള്‍ ഉല്‍ക്കകളോടും , വാല്‍ നക്ഷത്രങ്ങളോടും പ്രപഞ്ചത്തിനോടുമുള്ള സ്നേഹവും ആത്മ ബന്ധവും വളര്‍ന്നു.
ചന്ദ്രനിലേക്ക് ചന്ദ്രയാനും , ചൊവ്വയിലേക്ക് മംഗള്‍യാനും വിക്ഷേപിച്ചു. ഇന്ത്യയുടെ അടുത്ത ലക്ഷ്യം ശനി ആണ്.സൗരയൂഥത്തിലെ ആറാമത്തെ ഗ്രഹം. വലിപ്പത്തില്‍ രണ്ടാം സ്ഥാനം.വാതകം കൊണ്ട് നിറഞ്ഞിരിക്കുന്നത് കാരണം വാഹിനികളൊന്നും നിലത്തിറക്കാനാവില്ല. കര്‍ണ്ണന്റെ കവച്ച കുണ്ഡലം പോലെ ശനിയെ വലം വയ്ക്കുന്ന ഒരു വളയമുണ്ട് – മഞ്ഞുകട്ടികളും , പൊടിപടലങ്ങളും, പാറക്കഷണങ്ങളും കൊണ്ട് രൂപീകൃതമായത്. വളയങ്ങള്‍ ഉള്ള വേറെയും ഗ്രഹങ്ങള്‍ ഉണ്ട് -വ്യാഴം, നെപ്ടുന്‍ (റോമന്‍ വരുണന്‍), യുറാനസ് (ഗ്രീക്ക് വരുണന്‍) – പക്ഷെ ഭൂമിയില്‍ നിന്നു നോക്കിയാല്‍ കാണാന്‍ കഴിയില്ല. മഞ്ഞുകട്ടികളില്‍ വീഴുന്ന സൂര്യകിരണങ്ങള്‍ പ്രതിഫലിക്കുന്നത് കൊണ്ടാണ് ശനിയുടെ വളയം കാണാന്‍ സാധിക്കുന്നത്.കണ്ടക ശനി കൊണ്ടേ പോകൂ എന്ന്‍ പറയുന്നത് വെറുതെ അല്ല. 1800 കിലോമീറ്റര്‍ വേഗത്തില്‍ വീശുന്ന ശക്തമായ കാറ്റാണ് ശനിയുടെ ഭൂമധ്യരേഖയില്‍.അത് കൊണ്ട് പോയില്ലെങ്കിലെ ഉള്ളൂ അതിശയം.ഭൂമിയില്‍ കൊടുങ്കാറ്റെന്നു അവകാശപ്പെടുന്നതൊന്നും ശനിയുടെ രോമത്തില്‍ പോലും തൊടാന്‍ കെല്‍പ്പില്ലാത്തവയാണ്.
രാഹുലിന്റെ ടെലസ്കോപ് ഇപ്പോള്‍ അധിക സമയവും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ശനിയെയാണ്. പതിവ് പോലെ പ്രപഞ്ച കാഴ്ച്ചകള്‍ അയാള്‍ നിരീക്ഷിച്ചു.സ്വന്തം കണ്ണുകളെയും ബോധമനസ്സിനെയും വിശ്വസിക്കാനാവാത്ത ആ കാഴ്ച്ച അയാള്‍ കണ്ടു.
ഒരാന. നീല ആന. വെളിച്ചം പ്രതിഫലിക്കുന്നത് കൊണ്ട് നീല നിറമാണെന്ന് ഉറപ്പ്. ആഫ്രിക്കന്‍ ആന, ഏഷ്യന്‍ ആന എന്നൊക്കെ കേട്ടിട്ടുണ്ട് ഇതിപ്പോ എന്താ സ്പേസ് ആനയോ?
അയ്യോ! ആന മാത്രമല്ല, ആനയുടെ കൊമ്പില്‍ മൌഗ്ലിയെ പോലൊരു പയ്യനും.അവന്‍ ആനയുടെ തുമ്പിക്കൈയില്‍ തൂങ്ങി കിടക്കുന്നു.കരയിലെ ഏറ്റവും വലിയ ജീവിയായ ആന പറക്കുമോ? ഇത്രയും ഭാരവും തൂക്കവുമുള്ള ആനയ്ക്കെങ്ങനെ നിഷ്പ്രയാസം പറക്കാന്‍ കഴിയുന്നു?
ശനിയുടെ വളയത്തില്‍ തുമ്പിക്കൈ ചുരുട്ടി ഊഞ്ഞാലാടുന്നു. ആ പയ്യനെ എടുത്ത് വളയത്തില്‍ ഇരുത്തി. അവനതാ ചറുകി പോകുന്നു. തൊട്ട് പിന്നാലെ സ്പേസ് ആനയും ഇരുന്നു. ആനയും പയ്യനു പിന്നാലെ ചറുകി. ഗ്രേറ്റ്‌ ഇന്ത്യന്‍ സര്‍ക്കസ്, ജംബോ സര്‍ക്കസ് ഒക്കെ കണ്ടിട്ടുണ്ടെങ്കിലും ഇങ്ങനൊരു പ്രകടനം ഇതാദ്യം. ചിലപ്പോള്‍ സ്പേസ് ആനകള്‍ക്ക് മാത്രമുള്ള കഴിവായിരിക്കും.
പെട്ടെന്ന്‍ അയാളുടെ ഫോണ്‍ പാടാന്‍ തുടങ്ങി. നാട്ടില്‍ നിന്ന്‍ അമ്മയാണ്. നാട്ടിലെ ഉത്സവത്തിന്‌ ആന ഇടഞ്ഞു, ഒരു പന്ത്രണ്ട് വയസ്സുകാരന്‍ മരിച്ചു.  
പെട്ടെന്ന്‍ ലെന്‍സിലൂടെ അയാള്‍ ഒന്നുടെ നോക്കി.ഏഷ്യന്‍ ആന ഇടഞ്ഞെങ്കിലും സ്പേസ് ആന അവന്റെ കൂടെയുണ്ട്.
"സര്‍ ഇത്രയെ ഞാന്‍ എഴുതിയുള്ളൂ “
“കൊള്ളാം കോയല്‍ , നീ സയന്‍സ് ഫിക്ഷന്‍ രൂപത്തിലാണ് ചിന്തിച്ചത്.”
സമാധാനമായി. ഊതി വീര്‍പ്പിച്ച ബലൂണ്‍ പിടി വിട്ടാല്‍ എന്ത് സംഭവിക്കുമോ അത് പോലെ എന്റെ ടെന്‍ഷനും കുറഞ്ഞു. 

അങ്ങനെ തൊണ്ണൂറ് മിനിറ്റില്‍ ഞാനൊരു കഥാകൃത്തായി.

Sunday, February 5, 2017

Interview (അഭിമുഖം)


നാളെ രാവിലെ 10 30 നാണ് കണക്ക് അധ്യാപകര്‍ക്കുള്ള അഭിമുഖം. ഒരുപാട് അഭിമുഖങ്ങള്‍ ജീവിതത്തില്‍ നേരിട്ടിട്ടുണ്ടെങ്കിലും ഒന്നോ രണ്ടോ തവണ മാത്രമേ അഭിമുഖം നടത്തുന്ന ആളുടെ വേഷം അണിഞ്ഞിട്ടുള്ളൂ. തൊണ്ണൂറ്റി ഒന്‍പത് ശതമാനവും ചോദ്യ ശരങ്ങള്‍ എനിക്കു നേരെ ആയിരുന്നു. മനസ്സില്‍ വല്ലാത്തൊരു ടെന്‍ഷന്‍ ഉണ്ട്. എങ്ങനെ ആയിരിക്കണം നാളെ ചോദ്യങ്ങള്‍ ചോദിക്കേണ്ടത് ? വരുന്ന അദ്ധ്യാപകരുടെ നിലവാരം എന്നേക്കാള്‍ മുകളില്‍ ആയിരിക്കുമോ അതോ സേവന പരിചയം ഇല്ലാത്തവര്‍ ആയിരിക്കുമോ? മനസ്സ് വേണ്ടതും വേണ്ടാത്തതും ആയ ഓരോന്ന് ചിന്തിച്ചു തുടങ്ങി. സമയം കളയാതെ നാളത്തേക്ക് വേണ്ടി തയ്യാറെടുക്കാന്‍ തീരുമാനിച്ചു .
ncert കണക്ക് പുസ്തകം എടുത്ത് ഏതൊക്കെയാണ് പാഠങ്ങള്‍ എന്ന്‍ നോക്കി. differentiation ( വ്യതിരിക്തം ) integration (ഉദ്‌ഗ്രഥനം) differential equation, limits, continuity തുടങ്ങിയവയാണ് പ്ലസ്‌ വണ്‍ പ്ലസ്‌ ടു ക്ലാസ്സുകളില്‍ പഠിക്കാന്‍ ഉള്ളത്. ഞാന്‍ ബിരുദാനന്ദര ബുരിദത്തിനു പഠിക്കുന്ന സമയം എന്നെ പഠിപ്പിച്ച അദ്ധ്യാപകന്‍ പറഞ്ഞിട്ടുണ്ട്, കണക്ക് അറിയാം എന്ന്‍ ആരെങ്കിലും പറഞ്ഞാല്‍ അവര്‍ക്ക് റിയല്‍ അനാലിസിസ് നന്നായി കൈ കാര്യം ചെയ്യാന്‍ കഴിയണം. കണക്കിന്റെ സൗന്ദര്യം റിയല്‍ അനാലിസിസ് എന്ന മഹാ സാഗരത്തിന്റെ അടിത്തട്ടില്‍ ഒളിഞ്ഞിരിക്കുന്ന പവിഴമാണ്. അന്ന്‍ അതിന്റെ പ്രാധാന്യം എനിക്ക് മനസിലായില്ല. പക്ഷെ അദ്ധ്യാപികയായ ശേഷം എനിക്കും മനസിലായി സെറ്റ് , റിയല്‍ നമ്പര്‍ , ഇതൊന്നും അറിയാതെ നമുക്ക് കണക്ക് ചെയ്യാന്‍ പറ്റില്ല എന്ന്‍.
ഓരോ വിഷയത്തിനും അറിഞ്ഞിരിക്കേണ്ട പ്രാഥമികമായ അറിവുകള്‍ ഉണ്ട്. കണക്കിനെ സംബന്ധിച്ച് മേല്‍ പറഞ്ഞ വിഷയങ്ങള്‍ കൂടാതെ  പ്രാഥമിക അറിവുകളായി കൂടെ വേണ്ടത് - നമ്പര്‍ ലൈന്‍ ( സംഖ്യ രേഖ), സംഖ്യളും അതുമായി ബന്ധപ്പെട്ട കൂട്ടല്‍, കുറയ്ക്കല്‍, ഗുണനം, ഹരണം. ശാസ്ത്ര ശാഖയില്‍ കണക്കിന് അമ്മയുടെ സ്ഥാനമാണ്. അമ്മ ഇല്ലാതെ ഈ ലോകമേ ഉണ്ടാവില്ല.   
അദ്ധ്യാപകന്റെ വാക്കുകള്‍ ശരിയാണെന്ന് തോന്നിയത് കൊണ്ട് അതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ തന്നെ ആവാം. പഠിപ്പിക്കേണ്ട വിഷയങ്ങളുടെ പ്രാഥമിക കാര്യങ്ങള്‍ മാത്രം ഉള്‍പ്പെടുത്താന്‍ പ്രത്യേകം ശ്രദ്ധിച്ചു. ഓരോ കാര്യങ്ങള്‍ വായിച്ചും എഴുതി എടുത്തും ഒക്കെ കഴിഞ്ഞപ്പോള്‍ രാത്രി ഒരു മണി കഴിഞ്ഞു.ഇനി വൈകിയാല്‍ നാളെ ക്ഷീണം തോന്നിയാലോ എന്ന്‍ ഭയന്ന്‍ ഞാന്‍ കിടന്നു. സത്യത്തില്‍  നാളെ ഞാന്‍ ചോദ്യങ്ങളെ നേരിടാനാണോ പോകുന്നത് അതോ ചോദ്യങ്ങള്‍ ചോദിക്കാനാണോ?
പതിവ് പോലെ 5 മണിക്ക് എഴുന്നേറ്റ് മുഖം കഴുകി വന്നിരുന്ന് വീണ്ടും കുറച്ച് വായിച്ചു.  ശുഭദിനം നേര്‍ന്നു കൊണ്ട് സൂര്യനും കിഴക്കുണര്‍ന്നു. ജനാല തുറന്നപ്പോള്‍ മൂടല്‍ മഞ്ഞ് മാറിയിട്ടില്ല. എല്ലുകളെ പോലും കുത്തി നോവിപ്പിക്കുന്ന തണുപ്പ്.
പത്ത് മണി കഴിഞ്ഞപ്പോള്‍ ഞാന്‍ വിദ്യാലയത്തില്‍ എത്തി. ഓഫീസ് രണ്ടാമത്തെ നിലയിലാണെന്ന് താഴെ കണ്ട ഒരാള്‍ നിര്‍ദേശിച്ചതനുസരിച്ച് പടവുകള്‍ കയറി ഞാന്‍ മുകളിലേക്ക് പോയി.ചില്ലിട്ട മുറിക്കുള്ളില്‍ പത്ത് പേരോളം ഇരിക്കുന്നുണ്ട്. അതില്‍ പച്ച കോട്ടന്‍ സാരി ഉടുത്ത സുന്ദരി സ്ത്രീ എന്നെ ആകര്‍ഷിച്ചു. ചിലപ്പോള്‍ ചിലര്‍ നമ്മളെ ആകര്‍ഷിക്കും. കാരണങ്ങള്‍ ഏതുമില്ലാതെ.മുന്‍ പരിചയമില്ലാതെ. പറഞ്ഞറിയിക്കാനാവാത്ത ഒരടുപ്പം തോന്നും. സ്വയം പരിചയപ്പെടുത്തിയപ്പോള്‍ തന്നെ എന്റെ  ആഗമന ഉദ്ദേശം അവര്‍ക്ക് വ്യക്തമായി. അവര്‍ എന്നെ നേരെ പ്രിന്‍സിപ്പലിന്റെ മുറിയിലേക്ക് ആനയിച്ചു. പ്രിന്‍സിപ്പല്‍ എന്തോ ആവശ്യത്തിന് പുറത്ത് പോയിരിക്കുകയാണ്.അല്‍പ്പ നേരം കാത്തിരിക്കണമെന്ന് പറഞ്ഞു. സാരമില്ല എന്ന മട്ടില്‍ ഒരു ചിരിയില്‍ ഞാനത് ഉള്‍ക്കൊണ്ടു. അഭിമുഖത്തിനു വന്നവര്‍ ആണോ എന്നറിയില്ല, കുറച്ചു പേര്‍ വരാന്തയിലെ സോഫയില്‍ ഇരിക്കുന്നുണ്ട്.
ശീതികരിച്ച വിശാലമായ മുറി. മുറിയുടെ വലത് ഭാഗത്ത് ആ വിദ്യാലയത്തിലെ കുട്ടികള്‍ക്ക് പല മത്സരങ്ങളില്‍ ലഭിച്ച ട്രോഫികള്‍ ഉണ്ട്. പിന്‍ ഭാഗത്ത് നാല് ടി വി സ്ക്രീനുകള്‍, വിദ്യാലയത്തിലെ മുക്കും മൂലയും(ക്ലാസ്സ്‌ മുറികളും, വരാന്തകളും) പ്രിന്‍സിപ്പലിനു കാണാം. അഞ്ച് മിനിറ്റ് ആകുന്നതിനു മുന്‍പേ സാരി ഉടുത്തൊരു ചേച്ചി വന്ന്‍ ചായ വേണമോ എന്ന്‍ ചോദിച്ചു. വേണ്ട എന്ന്‍ പറഞ്ഞു. അവര്‍ ഇടത് വശത്തുള്ള കതക് തുറന്ന്‍ അകത്ത് പോയി maa ജ്യൂസ്‌ കൊണ്ട് തന്നു. വേണ്ട എന്ന്‍ പറയാന്‍ തോന്നിയില്ല. അത് വാങ്ങി അടുത്ത് കിടന്ന മേശയില്‍ വച്ച് , പത്രം വായിക്കാമെന്ന് തീരുമാനിച്ചു. മാതൃഭുമിയും , ദി ഹിന്ദുവും ഒന്നോടിച്ച് നോക്കി. ട്രംപ് അമേരിക്കന്‍ പ്രസിഡന്റ്‌ സ്ഥാനം ഏറ്റെടുത്ത വാര്‍ത്ത‍ ആയിരുന്നു എല്ലാ പത്രത്തിലും മുന്നില്‍. തിരുവനതപുരത്തെ പ്രധാന വിഷയം ലോ കോളേജ്. ഇന്ത്യയില്‍ മോഡിയുടെ നോട്ട് നിരോധനം.
 മൂകത തളം കെട്ടി നിന്ന മുറിയിലേക്ക് പച്ച സാരി ഉടുത്ത സ്ത്രീ വീണ്ടും വന്നു. “എന്തെങ്കിലും ആവശ്യം ഉണ്ടെങ്കില്‍ എന്നെ വിളിച്ചാല്‍ മതി. ഞാന്‍ അവിടെ തന്നെ കാണും “
ആവശ്യം സത്യത്തില്‍ എന്താണ് എന്റെ ഇന്നത്തെ വേഷം എന്നാണ് എനിക്ക് അറിയേണ്ടി ഇരുന്നത് .
“ഏത് ക്ലാസ്സിലേക്കാണ് അദ്ധ്യാപകരെ നോക്കുന്നത്”
“ഞങ്ങള്‍ക്ക് ഹയര്‍ സെക്കണ്ടറിയിലാണ് ഒഴിവുള്ളത്. പക്ഷെ വന്ന എല്ലാവര്‍ക്കും അതില്‍ താല്പര്യം ഇല്ല.”
“ഇന്ന്‍ ഡെമോ ക്ലാസ്സ്‌ ഉണ്ടോ”
“പിന്നെ തീര്‍ച്ചയായും. ഇതാണ് അവരോട് എടുക്കാന്‍ പറഞ്ഞിരിക്കുന്ന വിഷയം ” എന്ന്‍ പറഞ്ഞ് കൊണ്ട് ഒരു പേപ്പര്‍ വച്ച് നീട്ടി. അതില്‍ ഇന്ന്‍ വന്നിരിക്കുന്നവരുടെ വിശദ വിവരങ്ങളും ഉണ്ടായിരുന്നു – പേരും യോഗ്യതകളും, സേവന പാരമ്പര്യം.
അതിനും ഞാന്‍ ഇരിക്കണമെന്ന് അവര്‍ പറഞ്ഞു. ഇത്രയും പറഞ്ഞിട്ട് അവര്‍ അവരുടെ ജോലി ചെയ്യാനായി പോയി. remainder theorem ആണ് എടുക്കാന്‍ കൊടുത്ത വിഷയം. ആ രണ്ട് പേജില്‍ പറഞ്ഞിരുന്ന കാര്യങ്ങള്‍ വായിച്ചു. പഠിച്ച് ഇറങ്ങിയവരും വര്‍ഷങ്ങളായി പഠിപ്പിച്ച് പരിചയ സമ്പന്നരും ആ ലിസ്റ്റില്‍ ഇടം പിടിച്ചിരുന്നു.
എം റ്റിയുടെ മഞ്ഞില്‍ ഉറച്ച് ഞാനാ മുറിയില്‍ വീണ്ടും ഏകാന്തയായി . മഞ്ഞിലെ അവസാന വാചകം മനസ്സില്‍ പറഞ്ഞു “വരാതിരിക്കില്ല”
ഒടുവില്‍ കാത്തിരിപ്പിന് വിരാമം ഇട്ട് കൊണ്ട് പ്രിന്‍സിപ്പല്‍ വന്നു.
വൈക്കാതെ വിദ്യാലയത്തിലെ മറ്റ് അധ്യാപികമാര്‍ കൂടി എനിക്കൊപ്പം ചേര്‍ന്നു. രണ്ടാമത്തെ ഇടവേളയാണ്. കുട്ടികള്‍ ആകെ ബഹളം വച്ച് അങ്ങോട്ടുമിങ്ങോട്ടും ഓടുന്നു. ചിലര്‍ വരാന്തയില്‍ നിന്ന്‍ സ്വകാര്യം പറയുന്നു.ചിലര്‍ ആഹാരം കഴിച്ച ശേഷം കൈ കഴുകാന്‍ പോകുന്നു. അവരുടെ അദ്ധ്യാപികമാരെ കണ്ടപ്പോള്‍ ബഹുമാന പുരസരം അഭിവാദ്യം ചെയ്യാന്‍ മറന്നില്ല.പരിചയമില്ലാതെ എന്നെ അവര്‍ നോക്കുന്നുണ്ട് പക്ഷെ ആ ബഹളത്തില്‍ കൂടി ഞങ്ങള്‍ നടന്നകന്നു.
ഇടുങ്ങിയ പടവുകള്‍ കയറി ചെന്നത് 9 f ലാണ്. ഇടവേള കഴിഞ്ഞിട്ടില്ല, അത് കൊണ്ട് തന്നെ കുട്ടികള്‍ ഇളകി മറിയുകയാണ് – ആര്‍ത്തിരമ്പുന്ന കടല്‍ പോലെ. ക്ലാസ്സ്‌ ലീടറിനെ വിളിച്ച് വൈറ്റ് ബോര്‍ഡില്‍ എഴുതാന്‍ മാര്‍ക്കര്‍ ഉണ്ടോന്ന് തിരക്കി.പണ്ടൊക്കെ ബ്ലാക്ക്‌ ബോര്‍ഡ്‌ മാത്രമേ ഉള്ളൂ, അതിപ്പോ പലര്‍ക്കും അലര്‍ജി ആണ്, പൊടി കാരണം.ബെല്‍ അടിച്ചു.
ക്ലാസ്സില്‍ കയറി രണ്ടാമത്തെ ബെഞ്ചില്‍ ഞാനിരുന്നു. പ്രിന്‍സിപ്പല്‍ ഏറ്റവും പിന്നില്‍ പോയി സ്ഥാനം പിടിച്ചു.പിന്നിലുള്ള ബെഞ്ചുകളില്‍ ആയി മറ്റ് രണ്ട് അധ്യാപികമാരും ഇരുന്നു.ആദ്യം വരുന്ന രണ്ട് പേര്‍ ഹൈ സ്കൂള്‍ വിഭാഗത്തിലേക്കാണ്. മാര്‍ക്ക്‌ ഇടാനുള്ള പേപ്പറും മറ്റും കൂടെ ഉണ്ടായിരുന്ന ദീപ്തി ടീച്ചര്‍ പറഞ്ഞു തന്നു.
ആദ്യ ക്ലാസ്സിലേക്ക് കടന്നു വന്നത് പ്രജിഷ സോളമന്‍. കണക്കില്‍ ബിരുധാനന്തര ബിരുദവും Phd യുമാണ്‌. എവിടെയൊക്കൊയോ പഠിപ്പിച്ച പരിചയം അവര്‍ക്കുണ്ട്.
കുട്ടികള്‍ക്ക് പരിചയമുള്ള കണക്കിലെ വിഭാഗങ്ങള്‍ ഏതെന്ന് ചോദിച്ചു കൊണ്ടാണ് തുടങ്ങിയത്.കുട്ടികള്‍ നല്ല രീതിയില്‍ തന്നെ മറുപടി പറഞ്ഞു.ബീജ ഗണിതത്തില്‍ തുടങ്ങി പോളിണോമിയല്‍ എന്താണെന്ന്‍ പറഞ്ഞു തുടങ്ങിയപ്പോള്‍ തന്നെ സമയം അതിക്രമിച്ചു എന്ന്‍ ദീപ്തി ടീച്ചര്‍ പറഞ്ഞു.എന്നാലും അവര്‍ ക്ലാസ്സ്‌ തുടര്‍ന്നു. ആ വിഷയം പെട്ടെന്ന്‍ പറഞ്ഞ് തീര്‍ത്തു. അവരുടെ ഇംഗ്ലീഷ് ഭാഷയിലെ പ്രാവീണ്യം തൃപ്തികരം ആയി തോന്നിയില്ല , കൊടുത്ത വിഷയം പറയാന്‍ ആമുഖം ഒരുപാട് പറഞ്ഞെങ്കിലും വിഷയം പറയാന്‍ അവര്‍ അധികം സമയമെടുത്തില്ല. പഠിപ്പിച്ച് പരിചയമുള്ള അദ്ധ്യാപിക ആയി തോന്നിയില്ല കാരണം അവരുടെ വാക്കുകളില്‍ ആത്മവിശ്വാസക്കുറവ് തോന്നി.
രണ്ടാമത് വന്നത് സൗമ്യ സുകുമാര്‍.
monomial(ഒറ്റ പദം ഉള്ള ) , binomial(രണ്ട് പദം ഉള്ള), trinomial(മൂന്ന്‍ പദം ഉള്ള) , ഇവയ്ക്കൊക്കെ ഓരോ ഉദാഹരണം പറയാന്‍ കുട്ടികളോട് പറഞ്ഞു.അതിലും തെറ്റില്ലാതെ കുട്ടികള്‍ മറുപടി പറഞ്ഞു. സൗമ്യ നേരെ theorem എന്താണെന്ന്‍ ബോര്‍ഡില്‍ എഴുതി. ഉദാഹരണം ഒന്നും പറയാതെ അവസാനിപ്പിക്കുകയും ചെയ്തു.
ഹൈ സ്കൂള്‍ വിഭാഗം അവസാനിച്ചു. ഇനി ഹയര്‍ സെകണ്ടറി ആണ്. ആ ക്ലാസ്സില്‍ നിന്നും ഇറങ്ങി പതിനൊന്നാം ക്ലാസ്സിലേക്ക് നടന്നു. നാലു പേരാണ് അഭിമുഖത്തിനു വന്നത്. അവര്‍ എടുക്കേണ്ട വിഷയം പ്രോബബിലിറ്റി (probability)
നാലു പേര്‍ക്കും പുതുമ ഒന്നും ഇല്ലായിരുന്നു. അവര്‍ക്കൊരു പുസ്തകം കൊടുത്തിരുന്നു ആ പുസ്തകത്തില്‍ ഉള്ള കാര്യങ്ങള്‍ അത് പോലെ പറഞ്ഞു പോയി എന്നല്ലാതെ കൂടുതല്‍ തെറ്റൊന്നും പറയാനില്ല – എന്താണ് random experiment , ഒരു നാണയം ടോസ് ചെയ്താല്‍ എങ്ങനെയൊക്കെ പരിണമിക്കും, രണ്ട് നാണയങ്ങള്‍ ആയാല്‍ എന്താണ് വ്യത്യാസം, 6 വശങ്ങള്‍ ഉള്ള ഒരു സമ ചതുര കട്ട എറിഞ്ഞാല്‍ ഏതൊക്കെ സംഖ്യകള്‍ കിട്ടും.ആ കൂട്ടത്തില്‍ രണ്ട് പേര്‍ കഴിവ് തെളിയിച്ചവരാണ്. അതിന്റെ ആത്മവിശ്വാസം അവരുടെ ക്ലാസ്സുകളില്‍ ഉണ്ടായിരുന്നു. നാല് പേരും ഡെമോ ക്ലാസ്സ്‌ എടുത്ത് കഴിഞ്ഞു.
ഉച്ച ഭക്ഷണം കഴിച്ച ശേഷം തുടരുമെന്ന് ഞാന്‍ കരുതി പക്ഷെ 6 പേര്‍ അല്ലേ ഉള്ളൂ അതുകൊണ്ട് അതങ്ങ് അവസാനിപ്പിചേക്കാമെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു.
ഡെമോ ക്ലാസ്സ്‌ എടുത്ത അതെ ക്രമത്തില്‍ തന്നെയാണ് മുഖാമുഖം.p hd ഉള്ള അധ്യാപിക്കയ്ക്ക് പത്താം ക്ലാസ്സിനു താഴെ ഉള്ള കുട്ടികളെ മതി. അവര്‍ക്ക് ഹയര്‍ ക്ലാസ്സുകള്‍ എടുക്കാന്‍ താല്പര്യമില്ല. b ed പഠിക്കുന്നവരെ പഠിപ്പിച്ച മുന്‍ പരിചയം ഉണ്ട്. നൂതന സാങ്കേതിക വിദ്യകള്‍ എങ്ങനെ അധ്യാപനത്തില്‍ ഉപയോഗിക്കാം എന്നതാണ് അവരുടെ ഗവേഷണ വിഷയം. കണക്ക് നിത്യ ജീവിതത്തില്‍ ഉപയോഗിക്കുന്ന സാഹചര്യങ്ങള്‍ക്ക് ഉദാഹരണം ചോദിച്ചു. അക്കൗണ്ട്‌ ആണ് അവര്‍ പറഞ്ഞത്, സംഖ്യകളുടെ ഉപയോഗം വേണ്ട , calculus എങ്ങനെ ജീവിതത്തില്‍ ഉപയോഗിക്കുന്നു.
“ഒരുപാട് ഉപയോഗങ്ങളാണ്.” ഉത്തരത്തില്‍ കൃത്യതയും ആത്മാര്‍ത്ഥതയും ഇല്ല.അവരെടുത്ത ഡെമോ ക്ലാസ്സ്‌ വിഷയം ബന്ധപ്പെട്ട് ഒരു polynomial കൊടുത്തിട്ട് റൂട്സ് കണ്ടു പിടിക്കാന്‍ പറഞ്ഞു. അതും വച്ച് അവര്‍ അഞ്ച് മിനിറ്റ് ഇരുന്നു. ദീപ്തി ടീച്ചര്‍ ആണ് അവരെ സഹായിച്ചത്.പ്ലസ്‌ ടു വിഷയങ്ങള്‍ അറിയില്ല എന്നവര്‍ തീര്‍ത്തു പറഞ്ഞു.
എന്റെ ആത്മഗതം “ p hd എന്നത് അറിവിന്റെ കൊടുമുടി അല്ല”
പിന്നീട് വന്നവരില്‍ ഒരാള്‍ കൃത്യമായ ഉത്തരങ്ങള്‍ കുറച്ചെങ്കിലും പറഞ്ഞു. അവര്‍ക്ക് മുന്‍പരിചയം ഉണ്ടെന്ന്‍ പറയുന്നതില്‍ അര്‍ദ്ധമുണ്ട്.
പതിനഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ പരിചയ സമ്പത്തുള്ള ഒരു ടീച്ചര്‍ വന്നു –റോമി സുമേഷ്. എന്താണ് L Hopital’s rule . അവരുടെ മുഖ ഭാവം എന്നെ അത്ബുദ്ധപ്പെടുത്തി.അതെന്താ rule? അങ്ങനെ ഒരെണ്ണം കണക്കില്‍ ഉണ്ടോ എന്ന്‍ എന്നോട് ചോദിക്കും പോലെ. അറിയില്ല എന്നതിന്റെ ന്യായം ആണ് അതിലും തമാശ
“രാവിലെ ഒന്‍പത് മണി മുതല്‍ ഇവിടെ ഇരുന്ന് ആകെ ക്ഷീണിച്ച് അവശയായി. അതുകൊണ്ട് ഓര്‍മ്മ വരുന്നില്ല.”
ആത്മഗതം “ഈശ്വരാ എന്നോടെന്തിനീ ക്രൂരത “
അവര്‍ തുടര്‍ന്നു “ആ വിഷയം ഇപ്പോള്‍ സിലബസ്സില്‍ ഇല്ലല്ലോ “
എന്റെ നെഞ്ച് തകര്‍ന്നു. ഇത്രയും വര്‍ഷം പ്ലസ്‌ വണ്‍ പഠിപ്പിച്ച അധ്യാപികയ്ക്ക് ഈ rule കേട്ട് പരിചയം പോലുമില്ലെന്ന്.
വീണ്ടും ആത്മഗതം “ജാങ്കോ നീ അറിഞ്ഞാ ഞാന്‍ പിന്നേം പെട്ടു “
square root കണ്ടു പിടിക്കാന്‍ അറിയില്ല, ഒരു ഇന്റെര്‍വല്‍ എഴുതാന്‍ അറിയില്ല, പക്ഷെ സര്‍ട്ടിഫിക്കറ്റ് ഉണ്ട് മാസ്റ്റര്‍ ഓഫ് സയന്‍സ് .
ആറു പേരുടെ അഭിമുഖം കഴിഞ്ഞപ്പോള്‍ എനിക്ക് മനസിലായി അറിവും യോഗ്യതയും താരതമ്യം ചെയ്യാനാവില്ലെന്ന്.തലേന്നു രാത്രി ഉറക്കമിളച്ചിരുന്ന് ഞാന്‍ പഠിച്ചതിന്റെ നാലില്‍ ഒരു ഭാഗമെങ്കിലും നോക്കിയിരുന്നു എങ്കില്‍ അവര്‍ക്ക് നിഷ്പ്രയാസം ഉത്തരങ്ങള്‍ പറയാന്‍ കഴിഞ്ഞേനെ. ജാമ്യതിയിലേക്കുള്ള പാത പരവതാനി വിരിച്ചതല്ല . കല്ലും മുള്ളും നിറഞ്ഞതാണ്‌.

പ്രാഥമിക കണക്ക് അറിയില്ലെന്ന് മറ്റേത് വിഷയം പഠിച്ചവര്‍ പറഞ്ഞാലും മനസിലാക്കാം പക്ഷെ കണക്ക് അധ്യാപകര്‍ക്ക് പോലും അതറിയില്ല എന്ന്‍ പറഞ്ഞാല്‍ ലജ്ജാ വഹം.സംവരണത്തിന്റെ പേരില്‍ വിദ്യാലയങ്ങളില്‍ നിയമനങ്ങള്‍ നടത്തുമ്പോള്‍ സര്‍ക്കാരും മാനേജ്‌മെന്റുകളും തിരിച്ചറിയേണ്ട കാര്യം വിദ്യാര്‍ത്ഥികളുടെ ഭാവി കൊണ്ടാണ് ഇവരെല്ലാം അമ്മാനമാടുന്നത്.പഠിച്ചിറങ്ങുന്ന കുട്ടികളുടെ നിലവാരം താഴോട്ടാണ് പോകുക.ഓരോ വര്‍ഷവും പത്താം ക്ലാസും പന്ത്രണ്ടാം ക്ലാസും പഠിച്ചിറങ്ങുന്ന കുട്ടികളില്‍ എത്രപേര്‍ക്ക് പ്രാഥമികമായി വിഷയങ്ങള്‍ അറിയാമെന്ന് ആരെങ്കിലും കണക്കെടുക്കുന്നുണ്ടോ? ഡിഗ്രിക്ക് ചേരുന്ന കുട്ടികളില്‍ കൂട്ടാനും കുറയ്ക്കാനും പോലും അറിയാത്തവര്‍ നിരവധിയാണ്.എന്റെ അദ്ധ്യാപന ജീവിതത്തിന്റെ ചുരുങ്ങിയ കാലയളവില്‍ ഞാന്‍ തിരിച്ചറിഞ്ഞ സത്യമാണത്.ബീജ ഗണിതം അറിയില്ല, ഭിന്ന സംഖ്യകള്‍ കൂട്ടാനും കുറയ്ക്കാനും അറിയില്ല. എല്ലാവര്‍ക്കും ബിരുദം കൊടുക്കാനിരിക്കുന്ന സര്‍വകലാശാലകള്‍, അറിവുള്ളവരെ മാത്രം ജയിപ്പിക്കുന്നതിനു പകരം എന്തെങ്കിലും എഴുതുന്നവര്‍ക്കും മാര്‍ക്ക്‌ കൊടുക്കുന്ന സമ്പ്രദായം ഇതെല്ലാം നിലവാരമില്ലാത്ത ഒരു തലമുറയ്ക്കാണ് രൂപം നല്‍കുന്നത്.
അറിവിന്റെ ഊട്ടുപുരകള്‍ ആകണം ക്ലാസ്സ്‌ മുറികള്‍.വിഷയങ്ങളില്‍ അറിവുള്ള അദ്ധ്യാപകര്‍ തീര്‍ച്ചയായും നല്ല വിദ്യാര്‍ത്ഥികളെ വാര്ത്തെടുക്കും.സിലബസ് വേണം പക്ഷെ സിലബസ് എന്നതിനപ്പുറം കാര്യങ്ങളെ വിശകലനം ചെയ്യാന്‍ കുട്ടികളെ പ്രാപ്തരാക്കണം.മാസ ശമ്പളം വാങ്ങുന്ന ഒരു ജോലി മാത്രമായി മാറി അദ്ധ്യാപനം. അറിവ് പകര്‍ന്ന് കൊടുക്കുന്നതിലൂടെ  സ്വന്തം അറിവ് വര്‍ധിപ്പിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ അറിവ് അധ്യാപകരിലേക്കും എത്തുകയുള്ളൂ.
ഈ വിശാലമായ ലോകത്ത് ഞാന്‍ മാത്രം വിചാരിച്ചാല്‍ മാറ്റങ്ങള്‍ ഉണ്ടാവില്ലെന്ന് അറിയാം. എന്നാലും എത്രയോ വര്‍ഷങ്ങളുടെ പരിശ്രമത്തില്‍ പൂത്തു തളിര്‍ത്ത കണക്കിന്റെ വന്‍ മരം കടപുഴകുന്നത് കാണുമ്പോള്‍ സഹിക്കാനാവുന്നില്ല. തോന്നുംപോലെ എടുത്ത് അമ്മനമാടാനുള്ള ഒന്നല്ല കണക്ക്. അമ്മയോട് ആരെങ്കിലും മോശമായി പെരുമാറുമോ? പെരുമാറിയാല്‍ അവന്‍ ഒരിക്കലും ഗുണം പിടിക്കില്ലെന്ന് പറയാറില്ലേ ?
സ്കൂളിന്റെ ആവശ്യം കൊണ്ട് വന്ന ആറു പേരില്‍ ആരെയെങ്കിലും എടുക്കാതിരിക്കാന്‍ കഴിയില്ല എന്ന്‍ അവിടെ നിന്നും തിരിച്ചിറങ്ങുമ്പോള്‍ ഞാന്‍ മനസ്സിലുറപ്പിച്ചു.അവരില്‍ നാല് പേരെങ്കിലും അടുത്ത അധ്യാന വര്‍ഷം മുതല്‍ കുട്ടികള്‍ക്ക് മുന്നില്‍ എത്തും. ഈ സ്കൂള്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും സ്കൂള്‍ അവരെ കാത്തിരിക്കുന്നു.