Friday, May 4, 2018

നഹുഷ പുരാണം



ശമനതാളം വായിച്ച ശേഷം കെ രാധാകൃഷ്ണന്റെ രണ്ടാമത്തെ നോവല്‍. ഒരു രാഷ്ട്രീയ സിനിമ പോലെ എന്ന്‍ തന്നെ പറയാം. എന്നാലും ചില കാര്യങ്ങള്‍ പ്രസക്തമാണ്‌. ഒന്ന്‍, കാലം എത്ര കഴിഞ്ഞാലും അധികാരം മനുഷ്യനില്‍ വരുത്തുന്ന മാറ്റത്തിനു വ്യത്യാസമില്ല. രണ്ട്, സ്വവര്‍ഗ ബന്ധങ്ങള്‍ ഇന്ന് പൂവിട്ടതല്ല. 1986-ല്‍ പുറത്തിറങ്ങിയ ഈ പുസ്തകത്തില്‍ സ്വവര്‍ഗ രതിയെ കുറിച്ച് പരാമര്‍ശം ഉണ്ട് എന്നത് എന്നെ അത്ഭുതപ്പെടുത്തി.
കേരളത്തിലെ മുഖ്യ മന്ത്രിയുടെ നിര്യാണത്തെ തുടര്‍ന്ന്‍ പുതിയ മുഖ്യ മന്ത്രി ആര് എന്ന ചോദ്യത്തില്‍ നിന്നുമാണ് കഥ ആരംഭിക്കുന്നത്. യൗവനത്തില്‍ പാര്‍ടിയില്‍ ശക്തനായിരുന്ന, പോളിറ്റ് ബ്യുറോ അങ്ങത്വം ഉണ്ടായിരുന്ന വി ഐ പി എന്ന നേതാവിലാണ് എല്ലാവരും വിരല്‍ ചൂണ്ടുന്നത്. മുഖ്യ മന്ത്രി പദം സ്വപ്നം കണ്ടിരുന്ന ആഭ്യന്തര മന്ത്രി കരുണന്‍ ആണ് ശരിക്കും ഞെട്ടിയത്. വി ഐ പിയെ കൈയിലെടുക്കാന്‍ ബുദ്ധിമുട്ടൊന്നും ഇല്ല എന്ന കരുണന്റെ ചിന്ത ആദ്യമൊക്കെ വിജയിച്ചെങ്കിലും തുടര്‍ന്നുള്ള ശ്രമങ്ങളൊക്കെ വിഫലമായി. പാര്‍ടിയില്‍ നിന്നും മാറി നിന്ന വി ഐ പിക്ക് മന്ത്രി സ്ഥാനം വേണ്ട എന്ന്‍ തോന്നി എങ്കിലും അദ്ദേഹവും പിന്നീട് ആ സ്ഥാനം നിലനിര്‍ത്താനുള്ള ഓട്ടത്തില്‍ ആയി. അതിനു വേണ്ടി സഞ്ചരിക്കാന്‍ പാടില്ലാത്ത വഴികളില്‍ കൂടി ഒക്കെ അദ്ദേഹം സഞ്ചരിച്ചു. രഹസ്യമായി ഫോണ്‍ ചോര്തലുകള്‍, വഴി വിട്ട സഹായങ്ങള്‍, തന്റെ വഴിയില്‍ തടസ്സമാകുമെന്ന് തോന്നുന്നവരെ ഒഴിവാക്കല്‍ അങ്ങനെ എല്ലാം. ആദര്‍ശവാനായ വി ഐ പിയെ അധികാരത്തിന്റെ പടവുകളില്‍ നമുക്ക് നഷ്ടപ്പെട്ടു പോകും.
വേണു എന്ന പത്രപ്രവര്‍ത്തകനെ നോക്കിയാലും നമുക്ക് കാണാന്‍ സാധിക്കും അയാളെങ്ങനെ പിപി എന്ന സങ്കത്തിലേക്ക് അടുത്തു എന്ന്‍. കരുണന്‍ ,അയാളും അധികാരത്തിനു വേണ്ടിയുള്ള ഓട്ടത്തിലാണ് വഴിവിട്ട കാര്യങ്ങള്‍ ചെയ്ത് കൂട്ടുന്നത്.
വി ഐ പിയുടെ കുടുംബം അയാള്‍ക്ക് നഷ്ട്ടപ്പെടുന്നതിന്റെ കാരണവും ഇതേ അത്യാഗ്രഹം തന്നെയാണ്. വേണ്ടപ്പോള്‍ ഭാര്യയുടെ കൂടെ നില്ക്കാന്‍ കഴിയാത്തത് കൊണ്ട് ഭാര്യ മറ്റൊരു തണല്‍ തേടി പോകുന്നു.പക്ഷെ അതിലും പ്രധാനപ്പെട്ട മറ്റൊരു കാര്യം വി ഐ പിയുടെ മകള്‍ ശ്രീദേവി.അച്ഛനും അമ്മയും രണ്ടും രണ്ട് വഴിയില്‍ ആയപ്പോള്‍ അവള്‍ക്ക് നഷ്ട്ടപ്പെട്ടത് അവളുടെ ജീവിതമാണ്‌.മയക്കു മരുന്നിനു അടിമപ്പെടുന്ന അവളെ രക്ഷിക്കാന്‍ വേണു ശ്രമിക്കുന്നുണ്ട് , പക്ഷെ എല്ലാ ശ്രമങ്ങളും വിഫലമാക്കുന്ന ഒരവസാനമാണ് നഹുഷ പുരാണം. ഈ ഒരു ശീര്‍ഷകം കൊടുക്കാനുള്ള കാരണം എനിക്ക് ആലോചിച്ചിട്ട് മനസിലായില്ല.
രാഷ്ട്രീയത്തില്‍ എന്നല്ല പൊതുവില്‍ ഉള്ള സ്വഭാവ മാറ്റമാണോ ഈ അധികാരത്തില്‍ വരുമ്പോള്‍ സംഭവിക്കുന്നത്. അല്ലെങ്കില്‍ എത്ര ആദര്‍ഷവാനായാലും അധികാരം കാഴ്ച്ചയെ ബാധിക്കുമോ? ഈ ലോകത്തില്‍ നിന്നും വിട പറഞ്ഞു പോകും നേരം ലോക ചരിത്രത്തില്‍ ഇടം നേടാനുള്ള ആഗ്രഹമാണോ അതിനു കാരണം. അല്ലെങ്കില്‍ തോല്‍വിയെ നേരിടാനുള്ള ദൈര്യ കുറവോ?
ഖദറിന്റെ ഉള്ളില്‍ തൂവെള്ള മനസ്സുള്ള നേതാക്കള്‍ കുറവാണു. ഈ നാട് ഭരിക്കുന്നവരെ വിശ്വസിക്കാന്‍ ബുദ്ധിമുട്ട് തോന്നി തുടങ്ങിയാല്‍ പിന്നെ ജനാധിപത്യം എന്നൊന്ന് നിലനില്‍ക്കുമോ?

No comments:

Post a Comment