Monday, May 7, 2018

പതേര്‍ പാഞ്ജാലി



ഈ സിനിമ കാണണം എന്ന്‍ ആഗ്രഹിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളേറെ ആയി. പല തവണ you ട്യുബില്‍ ശ്രമിച്ചതുമാണ്‌. പക്ഷെ തുടക്കം കഴിഞ്ഞാല്‍ പിന്നെ അത് ലോഡ് ആവാതെ നിന്നു പോകും. അങ്ങനെ അങ്ങനെ നീണ്ട് നീണ്ട് 2018 ലാണ് ആ സമയം ആഗാതമായത്. ഒരു പുസ്തകം സിനിമ ആയാല്‍ ചില മാറ്റങ്ങള്‍ അനിവാര്യമാണ് ,അത്കൊണ്ട് തന്നെ പുസ്തകം വായിക്കാനാണ് എനിക്ക് കൂടുതല്‍ ഇഷ്ടം.
ദാരിദ്യം ബ്രാഹ്മിണ കുടുംബത്തെ ബാധിക്കുന്നതാണ് പ്രധാന വിഷയം. പക്ഷെ എനിക്ക് ഇതില്‍ ഏറ്റവും ആകര്‍ഷണീയമായി തോന്നിയത് ദുര്‍ഗയാണ്. ആ കുഞ്ഞ് ഹൃദയത്തില്‍ ദാരിദ്യം എന്താണെന്ന്‍ അറിയില്ല. അല്ലെങ്കില്‍ അറിഞ്ഞിട്ടും അവളെ അത് ഒരു തരത്തിലും ബാധിക്കുന്നില്ല. വിദ്യാഭ്യാസം ഉണ്ടെങ്കിലും ദുര്‍ഗ്ഗയുടെ അച്ഛന്‍ ഹരിഹരന് പ്രതീക്ഷക്കൊത്ത് വളരാനോ സംബാധിക്കാനോ കഴിയുന്നില്ല. അയാളുടെ ഭാര്യ എപ്പോഴും ദാരിദ്യത്തില്‍ വിഷമിച്ചു ജീവിക്കുന്നു. ദുര്‍ഗ്ഗ പോകാത്ത കാടുകള്‍ ഇല്ല, പരിചയമില്ലാത്ത കായ്‌ കനികള്‍ ഇല്ല. അവള്‍ക്ക് അറിഞ്ഞുടാത്ത കാട്ടു വഴികള്‍ ഇല്ല. അവളെന്നും സന്തോഷവതിയാണ്. അവള്‍ക്ക് ഏറ്റവും സ്നേഹം അനിയന്‍ അപുവിനോടാണ്. അവനു വേണ്ടി എന്തും ചെയ്യാന്‍ അവള്‍ തയ്യാറാണ്.ഒരിക്കല്‍ ആമ്പല്‍ പൂ പറിക്കാന്‍ കോട്ട കുളത്തില്‍ എത്തി, എന്തോരം അഭ്യാസങ്ങള്‍ കാണിച്ചിട്ടാണ് അവള്‍ അപുവിന് ആമ്പല്‍ പറിച്ചു കൊടുത്തത്. കോരി ചൊരിയുന്ന ഇടിയിലും മഴയിലും ഭയന്ന അപുവിനെ ചേര്‍ത്ത് പിടിച്ച് ആശ്വസിപ്പിക്കാന്‍ അവള്‍ക്കെന്തൊരു കഴിവാണ്. പരിസര വാസികള്‍ക്ക് അവളെ ഇഷ്ടമല്ല. എപ്പോഴും മോഷണ കുറ്റം ആരോപിച്ച് അവളെ അധിശേപ്പിക്കുന്നത് അവര്‍ക്ക് ഹരമേകി. കട്ടു എന്ന്‍ പറയുന്നത് മിക്കപ്പോഴും കാറ്റത്ത് വീഴുന്ന മാമ്പഴം ആയിരിക്കും. പറമ്പില്‍ വീഴുന്നതൊക്കെ കുട്ടികള്‍ പെറുക്കി എടുക്കുന്നതൊക്കെ ഒരു മോഷണം ആണോ. ഇതിനു വിപരീതമായി അവള്‍ അവളുടെ പെട്ടിയില്‍ സൂക്ഷിച്ചത് കല്ല്‌ മാലയും, സ്വര്‍ണ ചിന്തൂര ചെപ്പും. അതില്‍ മാല പിടിക്കപ്പെട്ടു പക്ഷെ ചെപ്പ് അപു മാത്രമേ കണ്ടുള്ളൂ. അപ്പോഴേക്കും ദുര്‍ഗ്ഗ ഈ ലോകം വിട്ടു പോയി.അവനത് ആരെയും കാണിക്കാതെ കാട്ടിലേക്ക് എറിഞ്ഞു. ആരും അവന്റെ ചേച്ചിയെ കുറ്റം പറയുന്നത് അവനു തീരെ ഇഷ്ട്ടമായിരുന്നില്ല. കാരണം എന്ത് കിട്ടിയാലും ആ ചേച്ചി അവനുമായി പങ്കു വയ്ക്കുമായിരുന്നു.
തീവണ്ടി കണ്ടിട്ടില്ല. റെയില്‍ പാളം കണ്ടിട്ടില്ല. നല്ല ഭക്ഷണം ഇല്ല.കളിപ്പാട്ടങ്ങള്‍ ഇല്ല. പക്ഷെ താരതമ്യം ചെയ്യാന്‍ ഒന്നും ഇല്ലാത്തിടത്തോളം കാലം അവര്‍ക്കറിയില്ല മെച്ചപ്പെട്ട ജീവിതം എന്താണെന്ന്‍.അതറിയുന്ന അമ്മ എപ്പോഴും മക്കള്‍ക്ക് നല്ല ജീവിതം കിട്ടാന്‍ പ്രാര്‍ത്ഥിക്കുന്നു.അച്ഛന്‍ ചെറിയ പൂജ കര്‍മ്മങ്ങള്‍ ചെയ്ത് കിട്ടുന്ന കാശ് വീട്ടില്‍ കൊടുക്കുന്നു.
ഇതിലെ ചില സാഹചര്യങ്ങള്‍ എന്നെ ഓര്‍മിപ്പിച്ചത് വര്‍ഷങ്ങള്‍ക്ക് മുന്നേ ഉള്ള തീവണ്ടി യാത്രയാണ്‌. തീവണ്ടിയില്‍ മിക്കപ്പോഴും നാടോടികളെ കാണാം. കൂട്ടത്തില്‍ കുട്ടികളും ഉണ്ടാകും. ഇന്നത്തെ കാലത്ത് എവിടെ നോക്കിയാലും എല്ലാരുടെയും കൈയില്‍ മൊബൈല്‍ ഉണ്ടാവും.ആ കമ്പാര്‍ട്ട്മെന്ട്ടില്‍ ഇരുന്ന കുട്ടിയുടെ കൈയിലും ഉണ്ടായിരുന്നു.അതില്‍ എന്തോ കളിക്കുന്നുമുണ്ട്.അനിയനെ ഒക്കത്ത് എടുത്ത് കൊണ്ട് ആ വഴി പോയ നാടോടി പെണ്‍കുട്ടി ഇത് കണ്ടിട്ട് അവിടെ നിന്ന് ആ മൊബൈല്‍ വളരെ അത്ഭുതത്തോടെ നോക്കുന്നത് ഞാന്‍ കണ്ടു. ഒരു നേരത്തെ ഭക്ഷണം കഴിക്കാന്‍ നെട്ടോട്ടം ഓടുന്നതിനിടെ ഈ സാങ്കേതിക വിദ്യകളൊക്കെ അറിയാന്‍ അവര്‍ക്കെവിടാണ് അവസരം.
ജീവിതം ഓരോ മനുഷ്യര്‍ക്കും പല രീതിയിലാണ്‌. ചിലര്‍ വിദ്യയുടെ കാര്യത്തില്‍ ദരിദ്രര്‍ ആണ്. അത് തിരിച്ചറിയുന്നവര്‍ വളരെ ചുരുക്കം. ചിലരുടെ സമ്പത്ത് കാശാണ്. അവരതില്‍ മതി മറന്നു ജീവിക്കും.
ദുര്‍ഗ്ഗയുടെ മരണത്തിനു ശേഷം ജീവിതം മെച്ചപ്പെടാന്‍ ആ കുടുംബം കാശിയിലെക്ക് പോകും. പക്ഷെ അവിടെയും അവര്‍ക്കൊരു തണല്‍ ഇല്ലാതെ ആകും.ഹരിയുടെ മരണം വീണ്ടും ജീവിതത്തെ പിടിച്ചുലയ്ക്കും. പതിനൊന്ന്‍ വയസ്സുള്ള അപുവും അമ്മയും ചില വഴികളില്‍ കൂടി പോകുമെങ്കിലും എങ്ങും എത്തില്ല. ഒടുവില്‍ അവരെ കാത്തിരിക്കുന്നത് അവരുടെ പഴയ ഗ്രാമം തന്നെയാണെന്ന് തിരിച്ചറിയും.
പല കഥകളില്‍ സൂചിപിക്കുന്ന ഒരു കാര്യമാണ് എവിടെ ഒക്കെ പോയാലും അവസാനം നമ്മള്‍ എത്തുന്നത് ജനിച്ചു വളര്‍ന്ന മണ്ണില്‍ തന്നെയാകും. ആഗ്രഹിചില്ലെങ്കില്‍ പോലും ചില കാര്യങ്ങള്‍ നമ്മളിലേക്ക് എത്തി ചേരും എന്നാല്‍ ചിലത് എത്ര ആഗ്രഹിച്ചാലും കിട്ടില്ല.

No comments:

Post a Comment