Friday, April 24, 2020

സർക്കാർ ജോലി -1

 അകോലയിൽ നിയമിതയായെന്നറിഞ്ഞപ്പോൾ വായിച്ചറിഞ്ഞതും കേട്ടറിഞ്ഞതുമെല്ലാം  ആവിയായിപ്പോയി. നാടിനെ സേവിക്കണം  എന്നാഗ്രഹിച്ചത് ശരി തന്നെ എന്നാലും പെട്ടെന്നൊരു മാറ്റം ഉൾക്കൊള്ളാൻ പ്രയാസം തോന്നി. എന്നാലും സർക്കാർ ജോലി അല്ലേ ,വേണ്ടെന്ന് വച്ചാൽ നാട്ടുകാരും വീട്ടുകാരും ചേർന്ന് അഹങ്കാരി എന്നുറപ്പിക്കും. അല്ലെങ്കിൽ തന്നെ ആവശ്യത്തിൽ അധികം വിശേഷണങ്ങളുണ്ട്. ഇനി ഒന്ന് കൂടെ അതിൽ ചേർക്കേണ്ട.

അകോല എവിടെ ആണെന്ന് ഗൂഗിൾ ചേച്ചിയോട് ചോദിച്ചറിഞ്ഞു.  ഇന്ത്യയിൽ ഏറ്റവും കൂടുതൽ പഞ്ഞി ഉല്പ്പാദിപ്പിക്കുന്ന സ്ഥലമായ അകോല മഹാരാഷ്ട്രയിലാണ്.  ചരിത്ര പ്രാധാന്യമർഹിക്കുന്ന കോട്ടകൾ, ആധുനിക സജ്ജീകരണങ്ങളുള്ള മെഡിക്കൽ കോളേജുകളും എഞ്ചിനീയറിംഗ് കോളേജുകളും, കർഷക ആത്മഹത്യ നടക്കുന്ന സംസ്ഥാനം, ഇന്ത്യയുടെ സാമ്പത്തിക നഗരമായ ബോംബെ ഇതൊക്കെയാണ് വായിച്ചറിഞ്ഞ മഹാരാഷ്ട്ര. അകോല എങ്ങനെ ആയിരിക്കുമെന്ന് സ്വപ്നം കാണാൻ തോന്നിയില്ല. ജോലിയിൽ പ്രവേശിക്കാനുള്ള ദിവസം അവിടെ എങ്ങനെ എത്തുമെന്ന ചിന്തയായി. അകോലയിലേക്ക് തീവണ്ടി ഇല്ല. മറ്റെവിടെയെങ്കിലുമിറങ്ങി റോഡ് മാർഗം എത്തുക മാത്രമേ രക്ഷയുള്ളൂ. ഗൂഗിൾ ഇല്ലായിരുന്നു എങ്കിൽ എന്ത് ചെയ്യുമായിരുന്നു?


സർക്കാർ ഓഫീസുകൾ പൊടി  പടലം ആവരണം ചെയ്ത ഭാർഗവീ നിലയങ്ങളാണെന്ന് ആദ്യ കാഴ്ച്ചയിൽ തന്നെ മനസ്സിലായി . എന്ത് കൊണ്ട് അങ്ങനെ എന്നതിൽ പ്രസക്തി ഉണ്ടെങ്കിലും പലപ്പോഴും ഉത്തരമില്ലാത്ത ചോദ്യങ്ങളായി അവസാനിക്കും. ഭാഷയും അറിയില്ല പരിചയക്കാരുമില്ല. ഞാനിവിടെ എന്ത് സേവനമാണ് ചെയ്യാൻ ഉദ്ദേശിക്കുന്നതെന്ന് എനിക്ക് പോലും നിശ്ചയമില്ല. പൊടിയും മാറാലയും നിറഞ്ഞ കെട്ടിടം നോക്കിയപ്പോ  എനിക്ക് വിലാസം മാറിപ്പോയോന്ന് സംശയം. ചോദിക്കാമെന്ന് വച്ചാൽ ബിഗ് ബീയുടെയും ഖാന്മാരുടെയും സിനിമ കാണുമെന്നല്ലാതെ "മുച്ചേ ഹിന്ദി മാലും നഹി". കിലുക്കത്തിലെ നിശ്ചലിന്റെ അവസ്ഥയാണ് . ഒരാൾ കെട്ടിടത്തിനടുത്തേക്ക് പോകുന്നത് കണ്ടു. ഭാഗ്യം, അയാൾ വാതിൽ തുറന്ന് അകത്തേക്ക് കയറി. എന്റെ പരിഭ്രമം അവസാനിച്ചില്ല. കാത്തിരിപ്പ് തുടർന്നു. അല്പസമയത്തിനു ശേഷം രണ്ടു പേർ കൂടി അകത്തേക്ക് കയറി പോയി. കാത്തിരിപ്പിന് വിരാമമിട്ട് കൊണ്ട് ഞാൻ നേരെ അകത്തേക്ക് ചെന്നു.  അവർക്ക് ഇംഗ്ലീഷ് മനസ്സിലായത് കൊണ്ട് കാര്യങ്ങൾ എളുപ്പമായി.

ഒരു വിധം അറിയാവുന്ന ഭാഷയിൽ കാര്യങ്ങളൊക്കെ പറഞ്ഞു മനസിലാക്കിയ ശേഷം ചാർജ് എടുത്തു. എവിടെ തുടങ്ങണം, എന്താണ് ജോലി, എവിടെ താമസിക്കും എന്നൊന്നും നിശ്ചയമില്ല. സിനിമയിൽ കാണുന്ന പോലെയോ പുസ്തകത്തിൽ വായിച്ച പോലെയോ ഒന്നുമല്ല സിവിൽ സർവീസ് എന്ന് തിരിച്ചറിഞ്ഞ നിമിഷം.സഹായം ചോദിക്കാനോ സംസാരിക്കാനോ ആരുമില്ല. എന്തും വരുന്നിടത്ത് വച്ച് കാണാമെന്ന് കരുതി, മുറി വൃത്തിയാക്കാൻ തുടങ്ങി. അത് അത്ര എളുപ്പമല്ലെന്ന് മനസിലായപ്പോൾ ,ഇരിക്കാനൊരു കസേരയും ,സാധനങ്ങൾ വയ്ക്കാൻ ഒരു മേശയും ആദ്യം ഒരുക്കാമെന്നായി. വൈകുന്നേരത്തിന് മുന്നേ ആ പണി ചെയ്തു. പക്ഷെ ഈ രാത്രി എവിടെ ???? അടുത്തെങ്ങും ഹോട്ടൽ ഇല്ല. ആലോചന കാട് കേറി എങ്ങോട്ടെന്നറിയാതെ ഇരുന്നപ്പോൾ രാവിലെ വാതിൽ തുറക്കാൻ വന്ന ആ മനുഷ്യൻ മുറിയിലേക്ക് വന്നു. ഒപ്പം അയാളുടെ മകളെന്ന് തോന്നിക്കുന്ന ഒരു പെൺകുട്ടിയും ഉണ്ടായിരുന്നു.

അവരുടെ വീടിനടുത്തൊരു പാർപ്പിടം അവരെനിക്ക് ഒരുക്കി തന്നു . അതവരുടെ ഉത്തരവാദിത്വം ആണോന്ന് പോലുമറിയില്ല. എന്നാലും മനസ്സിന് വല്ലാത്ത ആശ്വാസം തോന്നി.

ഒരു  ചെറിയ വീട് . ഞാനൊരാൾക്ക് താമസിക്കാൻ അത് തന്നെ ധാരാളം. ഈ ലോകത്ത്‌  ദുഷ്ടന്മാരും നീചന്മാരും ഉണ്ടെങ്കിലും നന്മ ഉന്മൂലനം ചെയ്യപ്പെട്ടിട്ടില്ല എന്ന് മനസ്സിലായി.

അവർ തന്ന സ്നേഹവും പരിഗണനയും എന്നെ അവരിൽ ഒരാളാക്കി.

ചിലപ്പോഴൊക്കെ നാടിനെ കുറിച്ചോർക്കും. നാട്ടിലെ പോലെ സർക്കാർ ജോലി ഇവിടെ എളുപ്പമല്ല. കാരണം സർക്കാരും പോലീസും അധികാരവുമെല്ലാം നാട്ടുപ്രമാണിമാരുടെ കൈയിലാണ്. രാജഭരണം എന്നൊക്കെ പറയാറില്ലേ അത് പോലെ തന്നെ. പേരിനു മാത്രമേ ഉള്ളു സർക്കാർ സ്ഥാപനങ്ങൾ. എല്ലാം തീരുമാനിക്കുന്നതും പ്രാവർത്തികമാക്കുന്നതും പ്രമാണിമാർ തന്നെ. അവരെ എതിർക്കാൻ എല്ലാർക്കും പേടിയാണ്. കാരണം അവർ ഒരു കൊല ചെയ്താലോ കൊള്ളയടിച്ചാലോ പോലും ആരും ചോദിക്കില്ല. കഥകളിലും വാർത്തകളിലും സിനിമകളിലും മാത്രം കണ്ടിട്ടുള്ളതൊക്കെ ഇപ്പോൾ നേരിട്ട് കാണുന്നതിന്റെയും അറിയുന്നതിന്റെയും ഞെട്ടൽ.

പക്ഷെ ജനങ്ങളെ സേവിക്കുക എന്ന ആഗ്രഹം എവിടൊക്കൊയോ നിറവേറ്റപ്പെടാതെ പാതി വഴിയിൽ കിടന്നു.
....
...

No comments:

Post a Comment