Saturday, April 4, 2020

ചെല്ലമണി

കൊറോണ കാരണം കോളേജിന് അവധിയാണെന്ന് മെയിലും വന്നു വാട്സാപ്പ് മെസ്സേജും വന്നു . കുട്ടികളെല്ലാം അവരവരുടെ വീടുകളിലേക്ക്  പുറപ്പെടുന്നതിലുള്ള തിരക്കിലും സന്തോഷത്തിലുമായ്.  വിദ്യാർത്ഥി ജീവിതം അവസാനിച്ചത് കൊണ്ട്  എനിക്ക് എങ്ങോട്ടും  പോകുന്നതിനെക്കുറിച്ചു ചിന്തിക്കാൻ പോലുമാവില്ല. മാത്രമല്ല അദ്ധ്യാപകർ കോളേജിൽ വരണ്ട എന്ന് ആരും പറഞ്ഞുമില്ല.
ഒരു രാത്രി ഇരുട്ടി വെളുത്തപ്പോഴേക്കും  ഹോസ്റ്റൽ ശൂന്യവും നിശ്ശബ്ദവുമായി. ആ മൂകതയിൽ രാത്രിയും പകലും എങ്ങനെ നീങ്ങുമെന്ന്  ഒരുനിശ്ചയവുമില്ല. ജോലിക്ക് വിരാമം ഇല്ലാത്തത് കൊണ്ട് പകലുകൾ പോയതറിഞ്ഞില്ല. പക്ഷെ രാത്രിയുടെ മൂകത മനസ്സിനെ വല്ലാതെ അലട്ടി.
അങ്ങനെ ഒരു രാത്രിയിലാണ് ചെല്ലമണിയെക്കുറിച്ച് ഹോസ്റ്റൽ മേൽനോട്ടത്തിന് വരുന്ന തങ്കമണിയിൽ നിന്നും കേട്ടത്.

പന്ത്രണ്ടാം ക്ലാസ്സിൽ നല്ല മാർക്കുള്ള ചെല്ലമണിയെ കോളേജിൽ ചേർത്ത് പഠിപ്പിക്കാൻ  കോളേജ് ഡയറക്ടർ ആയ നാരായണൻ സർ തയ്യാറായി. മണിയെ എല്ലാർക്കും ഇഷ്ട്ടമാണ്. പക്ഷെ അവൾക്ക് ആത്മവിശ്വാസം തീരെയുമില്ലായിരുന്നു. അവളെ ഇപ്പോഴും അലട്ടിയിരുന്നത് വീട്ടിലെ പ്രശ്നങ്ങൾ തന്നെയാണ്.
ചെല്ലമണി കുഞ്ഞായിരുന്നപ്പോൾ തന്നെ 'അമ്മ മരിച്ചു. അച്ഛൻ മറ്റൊരാളെ ജീവിത സഖിയാക്കി . മണി വളർന്നത് പാട്ടിയുടെയും താത്തയുടെയും കൂടെയാണ്. പാട്ടിയും താത്തയും കൂലിവേലക്കാരാണ്. കല്ലും മണ്ണും ചുമന്ന് കിട്ടുന്ന തുച്ഛമായ തുകയിൽ നിന്നുമാണ് മണി ഇത്രയും നാൾ പഠിച്ചത്.
അവളുടെ കഷ്ടപ്പാട് കണ്ടിട്ടോ അതോ മാർക്ക് കണ്ടിട്ടോ എന്താണെന്നറിയില്ല ചെല്ലമണിയെ ഫീസ് ഒന്നും വാങ്ങാതെയാണ് നാരായണൻ സർ പഠിപ്പിക്കാമെന്ന് സമ്മതിച്ചത്. ഹോസ്റ്റലും ആഹാരവുമെല്ലാം അവൾക്ക് സൗജന്യമായിരുന്നു. എന്നിട്ടും അവൾക്ക് സന്തോഷം തോന്നിയില്ല. അവൾക്ക് വേണ്ടി കഷ്ട്ടപ്പെടുന്ന പാട്ടിയും താത്തയും ആയിരുന്നു അവളുടെ മനസ്സ് മുഴുവൻ .  അവധിക്ക് വീട്ടിൽ പോകുമ്പോൾ അവളും കൂലിവേലക്ക് പോയി അവരെ സഹായിച്ചു.
ഹോസ്റ്റലിൽ അവൾ ആരോടും മിണ്ടിയിരുന്നില്ല. ക്ലാസ്സിലും അങ്ങനെ തന്നെ. പക്ഷെ അവളുടെ സങ്കടം അവൾ പങ്കിട്ടത് തങ്കമണിയോടാണ്. തോരാത്ത കണ്ണീരുമായി മണി എന്നും തങ്കമണിയിൽ അഭയം പ്രാപിച്ചു. തങ്കമണി അവർക്ക് കഴിയുന്ന പോലെ അവളെ ആശ്വസിപ്പിച്ചു. പാട്ടിയോടുള്ള കടപ്പാട് പഠിച്ചു ജോലി വാങ്ങിയാണ് തീർക്കേണ്ടതെന്ന് ഓർമിപ്പിച്ചു. പക്ഷെ അതൊന്നും മണിയെ ആശ്വസിപ്പിച്ചില്ല.
ഇതൊക്കെ തങ്കമണി എന്തിനാണ് എന്നോട് പറഞ്ഞത്? ഞാനെന്തിനാ അത് നിങ്ങളോട് പറയുന്നത്? അറിയില്ല. അവർക്ക് പറയാനും എനിക്കത് പങ്കിടാനും തോന്നി.
തങ്കമണി പറഞ്ഞു ഈയിടെയായി ചെല്ലമണിയെ  ഹോസ്റ്റലിൽ കാണാറില്ല. ഞാൻ പെട്ടെന്ന് ഹോസ്റ്റൽ രജിസ്റ്റർ എടുത്ത് നോക്കി.
കെ . ചെല്ലമണി . റൂം 209
മാർച്ചിൽ അബ്സെന്റ
ഫെബ്രുവരി ....അപ്പോഴുമില്ല
ജനുവരി അന്നും അബ്സെന്റ
ഡിസംബർ ... അതെ 2019 ഡിസംബറിലാണ് അവൾ അവസാനമായി ഹോസ്റ്റലിൽ ഉണ്ടായിരുന്നത്
ഒരുപക്ഷെ ക്രിസ്മസ് അവധിക്ക് വീട്ടിൽ പോയ ശേഷം മടങ്ങി വന്നു കാണില്ല . എന്ത് കൊണ്ടാവും അവൾ മടങ്ങി വരാത്തത്?
എനിക്കറിയില്ല ആ കുട്ടി എന്ത് വിഡ്ഢിത്തമാണ് കാണിച്ചതെന്ന്. അവൾക്ക് പഠിക്കാമായിരുന്നു. പഠിത്തം പൂർത്തീകരിച്ചാൽ നാരായണൻ സർ തന്നെ ജോലിക്കും ഒരു തീരുമാനം കണ്ടുപിടിച്ചേനെ . എന്നിട്ടും എന്തേ കുഞ്ഞേ നീ വരാത്തത്? നിനക്ക് പഠിക്കാമായിരുന്നു. നിന്റെ സങ്കടങ്ങൾ ഒക്കെയും മാറിയേനെ.
നീ ഇനിയും വരുമോ എന്ന് എനിക്കറിയില്ല എന്നാലും നീ വന്ന് നിന്റെ കോഴ്സ് പൂർത്തിയാക്കണം എന്ന് ഞാൻ ആഗ്രഹിക്കുന്നു.

No comments:

Post a Comment