Thursday, April 9, 2020

പറയാതെ പോയത്



എന്നും എഴുത്തിലൂടെ മാത്രമേ മനസ്സിലുള്ളത് പങ്ക് വയ്ക്കാൻ കഴിഞ്ഞിട്ടുള്ളൂ. ആരോടെങ്കിലും തുറന്ന് സംസാരിക്കാൻ കഴിഞ്ഞിട്ടില്ല. കഴിയാറില്ല. വീണ്ടും ഒരു കോമാളി ആവാൻ താല്പര്യം ഇല്ലാത്തത് കൊണ്ടാവാം അല്ലെങ്കിൽ ആഗ്രഹിക്കുന്ന പരിഗണന കിട്ടാത്തത് കൊണ്ടോ എന്തോ , ഏതായാലും സ്വയം പരിഹാസ്യ കഥാപാത്രമാകുന്നത് അവസാനിപ്പിച്ചു.

ഇന്നിപ്പോ പെട്ടെന്ന് കുമ്പസാരിക്കാൻ എന്തുണ്ടായെന്ന് ചോദിച്ചാൽ കൊറോണ കാരണമാവും.മരണത്തെ ഞാൻ ഭയക്കുന്നില്ല പക്ഷെ നഷ്ടങ്ങളെ ഓർത്തു വേദനിക്കുന്നുണ്ട്.  നാളെ ഞാൻ ജീവനോടെ ഉണ്ടാകുമോ ഇല്ലയോ എന്നറിയില്ല. ഒന്നിനും ഉറപ്പില്ലാതെ നിൽക്കുന്ന ഈ അവസരത്തിൽ പലർക്കും പലതും പലരോടും ഏറ്റു പറയാനുണ്ടാവും. കാരണം ഇപ്പോഴാണ് ജീവിതത്തെ കുറിച്ച് ചിന്തിക്കുന്നത്.

ഇന്നലെ എന്തിനാണ് എന്നോട് ദേഷ്യപ്പെട്ടതെന്നറിയില്ല. ചിലപ്പോൾ ഞാനത് അർഹിക്കുന്നുണ്ടാവാം. ഇത്രയും വർഷത്തിനിടയിൽ ഇങ്ങനെ ഉണ്ടായതായി ഓർമയിൽ ഇല്ല. അതാവാം പെട്ടെന്ന് പൊട്ടി കരഞ്ഞു പോയത്. ഓർക്കാൻ ആഗ്രഹിച്ചിട്ടോ വേദനിക്കാൻ ഇഷ്ട്ടമുണ്ടായിട്ടോ അല്ല പക്ഷെ ജീവിതം സമ്മാനിച്ചത് കൂടുതലും വേദനകൾ ആയിരുന്നു.

പ്രണയം എന്നും സുഖമുള്ള ഒരനുഭവമാണ്. എന്റെ പ്രണയത്തെ കുറിച്ചൊരുപാട് സങ്കല്പങ്ങൾ ഉണ്ടായിരുന്നു. പക്ഷെ അതെല്ലാം ഒരിക്കലും നടക്കാതെ പോയ സ്വപ്‌നങ്ങൾ മാത്രം.


ഇന്ന പുസ്തകം വായിച്ചു നോക്കൂ എന്നഭിപ്രായപ്പെടാനൊരാൾ, വായിച്ച പുസ്തകത്തെ കുറിച്ചൊന്ന് സംസാരിക്കാൻ..
ഏകാന്തതയിൽ ഇരുന്ന് കുറിക്കുന്ന പൊട്ടത്തരങ്ങൾ ഞാൻ പോലുമറിയാതെ വായിച്ചഭിപ്രായം പറയാൻ
നിലാവുള്ള രാത്രിയിൽ വാനം നോക്കി നക്ഷത്രങ്ങളോട് സംസാരിക്കാൻ
നിളാ നദിയുടെ ഓരത്തൂടെ കൈകോർത്തു നടക്കാൻ
 ഒരു കുടക്കീഴിൽ മഴത്തെന്നെയും ചേർത്ത് നടക്കാൻ,


പൈങ്കിളി സ്വപ്‌നങ്ങൾ മാത്രമാണെന്ന് കരുതരുത് , സ്വപ്‌നങ്ങൾ  കീഴടക്കാൻ  ഒരുമിച്ചിരുന്ന് പഠിക്കാൻ,  ഉയർന്ന സർക്കാർ ഉദ്യോഗം നേടാൻ.

എന്റെ ഓരോ ശ്വാസത്തിലും കൂടെ ഉണ്ടാവാൻ ,
കൂടെ ഇല്ലെങ്കിൽ പോലും എപ്പോഴും കൂടെ തന്നെയുണ്ടെന്ന് തോന്നിപ്പിക്കാൻ ,
എന്റെ നിശ്ശബ്ദതകളെ മനസിലാക്കാൻ ,
ആദ്യവും അവസാനവുമായി എനിക്ക് പ്രണയിക്കാൻ ,  എന്റേതെന്ന് പറയാൻ
മനസ്സും ശരീരവും ഒരുപോലെ സമർപ്പിക്കാൻ..
എല്ലാത്തിനും എനിക്കൊരാൾ വേണമായിരുന്നു.. ഇതിനൊക്കെ ആഗ്രഹിച്ചതാണ് എന്റെ പ്രണയ ജീവിതം . ഓരോന്നോരോന്നായി എന്നിൽ നിന്നും അകന്നു . യാഥാർഥ്യം തിരിച്ചറിഞ്ഞ നിമിഷം ഞാനും എന്റെ സ്വപ്നങ്ങളും മരിച്ചു. ജീവിതത്തിൽ ഞാൻ നേരിട്ട ഏറ്റവും വലിയ പരാജയമാണത്. തുടർന്ന് അതൊരു ശീലമായി.


ആ യാത്രയിൽ ജീവിതത്തിലേക്ക് ക്ഷണിക്കാൻ നിൽക്കുന്ന ആളിനോട് എനിക്ക്  താത്പര്യമില്ല എന്നല്ലാതെ മറ്റൊരു മറുപടിയും പറയാൻ എനിക്കാവുമായിരുന്നില്ല. ഒരിക്കൽ പരാജയപ്പെട്ടത് കൊണ്ട് വീണ്ടുമൊരങ്കത്തിന് എനിക്ക് കഴിയുമായിരുന്നില്ല. എനിക്കെന്നിലുള്ള വിശ്വാസം നഷ്ട്ടപ്പെട്ടു. ഇനിയെന്ത് എന്നുള്ള ചോദ്യത്തിന് ഉത്തരമില്ലാതെ ഇരുന്ന കാലം. അടഞ്ഞ വാതിലുകളായിരുന്നു ചുറ്റിലും. ഇതിനിടയിൽ വന്നൊരു ക്ഷണം മറ്റുള്ളവരുടെ നന്മ മാത്രം ചിന്തിച്ചു കൊണ്ട് ഞാൻ നിരസിച്ചു. എനിക്ക് നഷ്ട്ടപ്പെട്ട ജീവിതം മറ്റൊരാൾക്കും നഷ്ടപ്പെടരുതെന്ന് തോന്നി

വർഷങ്ങൾക്ക് ശേഷം ഒരേറ്റു പറച്ചിൽ നടത്തുന്നതല്ല, സംസാരത്തിൽ കടന്ന് വന്ന വിഷയമായത് കൊണ്ട് പറഞ്ഞെന്ന് മാത്രം.


No comments:

Post a Comment