Saturday, January 12, 2013

എന്റെ ആദ്യ പ്രണയം

ജീവിതത്തിലെ ആദ്യ പ്രണയം ആരും ഒരിക്കലും മറക്കില്ല എന്ന വാചകം കീറി മുറിച്ച് വിശകലനം ചെയ്യാന്‍ ഞാനില്ല.പക്ഷെ എന്റെ കാര്യത്തില്‍ അത് സത്യമാണ് . 

പ്രണയമെന്ന വാക്കിന്റെ പൂര്‍ണ അര്‍ഥം മനസിലാകാത്ത സ്കൂള്‍ കാലഖട്ടം .പ്രണയം കഥയിലും സിനിമയിലും മാത്രം കണ്ടു പരിചയം. ക്ലാസ്സിലും സ്കൂളിലും കണ്ടു മടുത്ത പ്രണയ സല്ലാപങ്ങളും കത്തെഴുത്തും . കൂട്ടുകാരുമൊന്നിച്ച്  കളിച്ചും ചിരിച്ചും ബഹളമുണ്ടാക്കിയും കമന്റ്‌ അടിച്ചും സമയം കളഞ്ഞു. 
അങ്ങനെ കടന്നു പോയ ദിവസങ്ങളില്‍ ഒരിക്കല്‍ ഞാന്‍ അവളെ കണ്ടു. ആഡംബരങ്ങള്‍ ഒന്നുമില്ലാതെ ക്ലാസ്സിലേക്ക് കയറി വന്ന വെളുത്ത സുന്ദരിക്കുട്ടി . എന്നെ പോലെ തന്നെ ക്ലാസ്സിലെ മിക്ക ആണ്‍കുട്ടികള്‍കളുടെയും നോട്ടം അവളിലായിരുന്നു . ഇത്രയും കണ്ണുകള്‍ അവളില്‍ പതിച്ചിട്ടും അവളുടെ നോട്ടം ആരിലും എത്തിയില്ല . പ്രണയിക്കാന്‍ ജാതിയും മതവും തടസ്സമല്ല എന്ന് ഉറച്ച് വിശ്വസിച്ചെങ്കിലും സത്യ ക്രിസ്ത്യാനിയായ എന്നെ അവള്‍ സ്വീകരിക്കുമോ എന്നോര്‍ത്ത്  വലിയ വലിയ സ്വപ്നങ്ങളിലേക്ക് മനസ്സ് പാറിപ്പറക്കാതെ നോക്കി .

ക്ലാസ്സ്‌മേറ്റ്‌  എന്നതിലുപരി അവളെന്റെ അയല്‍വാസി കൂടി ആയിരുന്നു . അവളോടൊപ്പമുള്ള ബസ്‌ യാത്രകളും , നടത്തവും ഞാനൊരുപാട് ഇഷ്ടപ്പെട്ടു . പക്ഷെ ഒരിക്കല്‍ പോലും അവള്‍ എന്നോട് സംസാരിച്ചില്ല . എന്റെ അപകര്‍ഷദബോധം കൊണ്ടാവാം ഞാനും ഒരിക്കലും മിണ്ടിയില്ല . ഒരു ദിവസം കണ്ടക്ടര്‍ എന്തോ കാര്യത്തിന് അനാവശ്യമായി  അവളോട്  കയര്‍ത്ത് സംസാരിച്ചു . ചോര തിളച്ചു നിന്ന പ്രായമായത് കൊണ്ട് കാര്യം എന്താണെന്നു പോലും അന്വേഷിക്കാതെ അയാളോട് ദേഷ്യപെട്ടു . വഴക്ക് നടന്ന ആ ദിവസം ഒരിക്കലും മറക്കാനാവില്ല . ആദ്യമായി അവളെന്നെ നോക്കി . ആ കണ്ണുകള്‍ എന്നോടെന്തോ പറയാന്‍ കൊതിച്ചു പക്ഷെ ഒന്നും മിണ്ടിയില്ല . ആ രാത്രി അവളെ മാത്രം ഓര്‍ത്ത് നക്ഷത്രങ്ങള്‍ നിറഞ്ഞു തുളുംബിയ ആകാശം നോക്കി  വീടിന്റെ ടെറസ്സില്‍ ഞാന്‍ കിടന്നു. അവളുടെ കണ്ണുകള്‍ക്ക് തിളക്കം കൂടുതലാണെന്ന് തോന്നി . അവളോടുള്ള സ്നേഹം കെടാ വിളക്ക് പോലെ ഞാന്‍ സൂക്ഷിച്ചു .

ആരോടും ഒന്നും പറയാതെ മനസ്സില്‍ ഒളിപ്പിച്ചു. പക്ഷെ ഒരിക്കല്‍ മനസ്സെന്റെ  കൈ വിട്ടു പോയി. അനാവശ്യമായി അവളെ കമന്റ്‌ അടിച്ച കൂട്ടുകാരനുമായി വഴക്കിട്ടു. ഉന്തും തള്ളുമായി . ഒടുവില്‍ അവന്റെ ചോദ്യ ശരങ്ങള്‍ എന്നില്‍ തുളച്ചു  കയറി - അവളാരാ നിന്റെ? നീ അവളെ സ്നേഹിക്കുന്നുണ്ടോ?അവള്‍ ഒരിക്കലും നിന്നെ പോലെ ഒരാളെ സ്നേഹിക്കില്ല - അങ്ങനെ പോയി അവന്റെ വാക്കുകള്‍ . അവന്‍ അന്നേരത്തെ ദേഷ്യത്തില്‍ പറഞ്ഞതാണെങ്കിലും അത്ര നിസ്സാരമായി തള്ളിക്കളയാന്‍ എനിക്ക് കഴിഞ്ഞില്ല. അവളെ ഞാന്‍ സ്നേഹിക്കുന്നു , അവളെന്നെയും സ്നേഹിക്കും എന്ന് അവരോട് ഞാന്‍ പറഞ്ഞു. ആ പന്തായം ജയിക്കാനാണോ അതോ അവളെ വേണമെന്ന എന്റെ സ്വാര്‍ഥ ചിന്തയാണോ ഏതാണ് എനിക്ക് വേണ്ടതെന്നു തിരിച്ചറിയാന്‍ കഴിഞ്ഞില്ല.

കാത്തിരുന്നു കിട്ടിയ ഒരവസരത്തില്‍ അവളോടുള്ള എന്റെ പ്രണയം അറിയിച്ചു . പറഞ്ഞു തീരും മുന്നേ നിറഞ്ഞ കണ്ണുകളോടെ അവള്‍ തിരിഞ്ഞു നടന്നു. ഒരു നോട്ടം കൊണ്ട് പോലും വേദനിപ്പിക്കരുതെന്നു ആഗ്രഹിച്ചിട്ടും ഞാന്‍ കാരണം ആ മിഴികള്‍ നനഞ്ഞു . ആ നശിച്ച നിമിഷത്തെ കുറിച്ചോര്‍ത്ത് സ്വയം കുറ്റപ്പെടുത്തി . കടിഞ്ഞാണ്‍ പൊട്ടിയ  കുതിരയെ പോലെ മനസ്സ് എങ്ങോട്ടോ കുതിച്ചു പാഞ്ഞു . അപ്രതീക്ഷിതമായാണ്  എനിക്കൊരു ഫോണ്‍ കാള്‍ വന്നത് .അവള്‍ ഒരിക്കലും വിളിക്കില്ല എന്നറിയാവുന്നതു കൊണ്ട് നിര്‍വികാരനായി ചെന്ന് സംസാരിച്ചു.പക്ഷെ മറുവശത്തുള്ള ശബ്ദം എന്റെ അടുത്ത വീട്ടിലെ ചേചിയുടെതായിരുന്നു . നിറ കണ്ണുകളുമായി തിരിഞ്ഞു നടന്ന അവള്‍ക്ക് എന്നെ ഇഷ്ടമാണെന്ന് ചേച്ചി പറഞ്ഞു. കേട്ടിട്ട് എനിക്ക് വിശ്വസിക്കാനായില്ല . ലോകം കീഴടിക്കിയ അലക്സാണ്ടര്‍ ചക്രവര്‍ത്തി ഞാനാണോ എന്ന്  തോന്നിപ്പോയി. ആ നിമിഷം അവളെന്റെ അടുത്തുണ്ടായിരുന്നെങ്കില്‍ അവളെ വാരിപ്പുണര്‍ന്ന്  നെറുകയില്‍ ഒരു ചുംബനം നല്‍കുമായിരുന്നു. മനസ്സില്‍ ഒളിപ്പിക്കാന്‍ ശ്രമിച്ച സന്തോഷം മുഖത്ത് പ്രകാശിച്ചു . മനസ്സ് കൊണ്ട് അവളെ ഞാന്‍ തൊടാതെ തൊട്ടു .

അടുത്ത ദിവസമാവാന്‍ തിടുക്കമായി . രാത്രിക്ക് ദൈര്‍ഖ്യം കൂടിയോ എന്ന്  തോന്നി . ഖടികാരത്തിന്റെ സൂചി നീങ്ങിയതെയില്ല . കിഴക്ക് നിന്നും സൂര്യകിരണം ജനാലകള്‍ക്കിടയിലൂടെ എന്റെ കണ്ണുകളില്‍ പതിച്ചു. തിടുക്കത്തില്‍ ഒരുങ്ങി ബസ്‌ സ്റ്റോപ്പില്‍ എത്തി. രണ്ടു പേരും എന്ത് പറയണമെന്നോ എങ്ങനെ തുടങ്ങണമെന്നോ അറിയാതെ നിന്നു . ജീവിതത്തിന് കുറെ ചിട്ടകള്‍ വന്നു - സമയത്തിന് വീട്ടിലെത്തും , പുസ്തകം വായിക്കും . ഏതു സമയത്തും വീട്ടിലേക്കു വരാന്‍ അവള്‍ക്ക് സ്വാതന്ത്ര്യം ഉണ്ടായിരുന്നു. ഉത്സവങ്ങള്‍ രണ്ട് കുടുംബങ്ങളും ഒന്നിച്ച് ആഖോഷിച്ചു . പ്രണയത്തിന്റെയും സ്നേഹത്തിന്റെയും തീവ്രത അറിഞ്ഞ നാളുകള്‍ . അവള്‍ക്ക് എന്നോടുള്ള സ്നേഹത്തിന്റെ ആത്മാര്‍ഥത എന്റെ മനസാക്ഷിയെ കുത്തി മുറിവേല്‍പ്പിച്ചു . ഒടുവില്‍ അവളോടെല്ലാം ഏറ്റു പറഞ്ഞു - കൂട്ടുകാരനുമായി നടന്ന വഴക്കും പന്തയവും . എല്ലാം അറിഞ്ഞിട്ടും അവളെന്നെ കൂടുതല്‍ സ്നേഹിച്ചു. ആ സ്നേഹത്തിനു ഞാന്‍ അര്‍ഹ്ഹനാണോ എന്ന് പലപ്പോഴും ചിന്തിച്ചു . എന്നാലും ഒരിക്കലും വേദനിപ്പിക്കാതെ എന്നും അവളെ ചിരിപ്പിക്കാന്‍ ഞാന്‍ ശ്രമിച്ചു.

പക്ഷെ സോപ്പ് കുമിള പോലെ എല്ലാം പെട്ടെന്ന് അവസാനിച്ചു.പ്രണയം അവളുടെ വീട്ടില്‍ അറിഞ്ഞു. പല തരത്തിലും അവളെ പിന്തിരിപ്പിക്കാന്‍  ശ്രമിച്ചെങ്കിലും ഒന്നും സംഭവിച്ചില്ല. എന്നാലും ദൈവം അവരോടൊപ്പം ആയിരുന്നു എന്ന്  തോന്നിക്കും വിധമാണ് അത് സംഭവിച്ചത് . അവളുടെ അച്ഛനുണ്ടായ ഹൃദയ സ്തംബനതിന്റെ പേരില്‍ അവളെ എന്നില്‍ നിന്നും അകറ്റാന്‍ അവര്‍ക്ക് സാധിച്ചു. ജീവിതത്തിലെ എന്റെ നഷ്ട്ടപ്പട്ടിക അവിടെ നിന്നും ആരംഭിച്ചു.സിനിമയിലും കഥയിലും മാത്രം പരിചിതമായ മുഹൂര്‍ത്തങ്ങള്‍ ജീവിതത്തില്‍ വന്നു ചേര്‍ന്നപ്പോള്‍ ഞാനാകെ തളര്‍ന്നു പോയി. അവളെ ഒരിക്കലും കുറ്റപ്പെടുത്താന്‍ എനിക്കായില്ല ... ആവില്ല എനിക്കതിന്‌ . ഒരുപക്ഷെ ഈ ലോകത്ത് മറ്റെന്തിനെക്കാളും അവളെ ഞാന്‍ സ്നേഹിച്ചു. അതായിരുന്നു കാരണം. 

പിന്നീടൊരിക്കലും ഞങ്ങള്‍ സംസാരിച്ചില്ല. വര്‍ഷങ്ങള്‍ കടന്നു പോയി. മാറ്റങ്ങള്‍ രണ്ടുപേരുടെയും ജീവിതത്തില്‍ ചേക്കേറി.അവള്‍ എനിക്ക് തന്ന സ്നേഹം മറ്റൊരു പെണ്‍കുട്ടിയില്‍ നിന്നും എനിക്ക് കിട്ടിയില്ല . കടലിന്റെ മറു കരയില്‍ വളര്‍ന്നു പന്തലിച്ച ഒരു വ്യവസായ സ്ഥാപനത്തിന്റെ ഉടമയാണവള്‍ ഇന്ന് . ഞാനോ? എങ്ങും എത്തിയില്ല . പരാജയങ്ങളുടെ പരമ്പര ഏറ്റു വാങ്ങി തോറ്റ് പിന്മാറാന്‍ മനസ്സില്ലാതെ പൊരുതി കൊണ്ടേ ഇരിക്കുന്നു.അപകര്‍ഷധബോധം വീണ്ടും എന്നെ വേട്ടയാടി. ഇനി ഒരിക്കലും അവളുടെ വഴിയില്‍ ഞാന്‍ യാത്ര ചെയ്യില്ല.സ്വര്‍ണത്തേരില്‍ രാജവീഥിയിലൂടെ യാത്ര ചെയുന്ന ആ ബേഗം സുല്‍ത്താനയെ ദൂരെ നിന്ന് നോക്കി കാണുന്നതാണ് ഇന്നെനിക്കിഷ്ടം .



No comments:

Post a Comment