" ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായി
മാത്രമേ ഈ സിനിമയ്ക്ക് ബന്ധമുള്ളൂ "
കേരളത്തിലെ ഒരു ഉള്‍നാടന്‍ ഗ്രാമപ്രദേശം . ഗോലികളി , തലപ്പന്ത് ഇതൊക്കെ ആയിരുന്നു പ്രധാന വിനോദങ്ങള്‍ പക്ഷെ ഇതൊന്നും കൊണ്ട് കൃഷിപ്പണിയില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ അച്ഛന്‍ സമ്മതിച്ചിരുന്നില്ല .
ആ കാലത്ത് സിനിമ എന്നത് ഒരു മഹാ സംഭവമായിരുന്നു .
ഒരിക്കല്‍ നിലമുഴുതുകൊണ്ട് നിന്നപ്പോള്‍ ഒരു അറിയിപ്പ് കേട്ടു . "നിങ്ങളുടെ ശ്രീ രാമയില്‍ ഇതാ പുതിയ ചലച്ചിത്രം കാവ്യമേള ". കാളവണ്ടിയിലാണ് ചെണ്ട മേളമില്ലാത്ത പരസ്യ പ്രചരണം . പിന്നിട്ട കാലങ്ങളില്‍ അത്തരം പ്രചാരണങ്ങള്‍ ചാനലുകള്‍ ഏറ്റെടുത്തു . കാളയും വണ്ടിയുമൊക്കെ ഇപ്പോള്‍ കാണുന്നത് പോലും വളരെ വിരളം .
കേട്ടപ്പോള്‍ ആഗ്രഹം തോന്നി സിനിമ കാണാന്‍ . പക്ഷെ ഇതറിഞ്ഞാല്‍ വീട്ടില്‍ സമ്മതിക്കുമോ എന്നറിയില്ല എന്നാലും ആഗ്രഹം മനസ്സില്‍ നിറഞ്ഞു നിന്നു. വീട്ടില്‍ നിന്നും മൂന്നര കിലോ മീറ്റര്‍ നടന്നു വേണം ശ്രീ രാമയിലെത്താന്‍ . നടന്നെത്തി കൊട്ടകയ്ക്ക് പുറത്ത് . സി ക്ലാസ്സ് കൊട്ടക , ചുടു കട്ട കൊണ്ട് കെട്ടിയ മതില്‍ . ഞായറാഴ്ച്ച ആയത് കൊണ്ട് നല്ല തിരക്കുണ്ട് , ഞായറാഴ്ചകളില്‍ മാത്രമേ മാറ്റിനീ ഉള്ളു . പോരാത്തതിനു കുറ്റിച്ചല്‍ , അമ്പൂരി , ഒറ്റശേഖരമംഗലം , പൂവച്ചല്‍ , ഉരിയാക്കോട് , വെള്ളനാട് , മലയിന്‍കീഴ്, പേയാട് വിളപ്പില്‍ശാല , പോങ്ങമൂട് , കണ്ടല എന്നീ സ്ഥലങ്ങളിലെ സിനിമ പ്രേമികള്‍ക്ക് സിനിമ കാണാനുള്ള ഏക ആശ്രയവും ശ്രീരാമയാണ് .
മുന്നില്‍ തന്നെ നില്‍ക്കുന്നുണ്ട് അച്ഛന്‍ , പട്ടാളക്കാരന്റെ ഗമയോടെ മീശ ഒക്കെ പിരിച്ച് . മനസ്സില്‍ നല്ല ഭയം തോന്നി എന്നാലും സിനിമ കാണണം എന്ന ആഗ്രഹം എന്നെ അച്ഛന്റെ അടുത്തേക്ക് നടത്തിച്ചു . മിണ്ടാതെ അടുത്ത് ചെന്ന് നിന്നു .
" എന്താടാ ഇവിടെ " അച്ഛന്‍ ചോദിച്ചു .
" സിനിമ കാണാന്‍ " വളരെ താഴ്ന്ന സ്വരത്തില്‍ പറഞ്ഞു .
" സിനിമ ഒന്നും വേണ്ട , വേഗം വീട്ടില്‍ പൊക്കൊ. "
അച്ഛനെ എതിര്‍ത്ത് പറഞ്ഞ ശീലമില്ല , എന്നാലും ഒന്നും മിണ്ടാതെ അവിടെ തന്നെ കുറച്ച് മാറി നിന്നു. പ്രതീക്ഷ കൈവിട്ടില്ല. പരിസരമൊക്കെ നോക്കി കണ്ട് മതിലില്‍ ചാരി നിന്നു .
അല്‍പ്പനേരം കഴിഞ്ഞ് അച്ഛന്‍ വന്ന് പറഞ്ഞു " അവിടെ നിലക്ക് സീറ്റുണ്ടെങ്കില്‍ കയറ്റി വിടാം "
മനസ്സൊന്ന് തണുത്തു . എന്തായിരിക്കും സിനിമ എങ്ങനെ ആയിരിക്കും എന്നൊക്കെ ആയി അടുത്ത ചിന്ത . സിനിമ ഗാനങ്ങള്‍ ഉച്ചത്തില്‍ കേള്‍ക്കാം .
അച്ഛന്‍ മാനേജര്‍ ആയത് കൊണ്ട് കാശ് കൊടുക്കാതെ തന്നെ അകത്ത് കയറി .
35mm സ്ക്രീന്‍ . തറയില്‍ കുറച്ചുപേരുണ്ട് , പിന്നെ ബെഞ്ച് , ചാര് ബെഞ്ച് , കസേര . അപ്പോഴാണ് പുറത്തെ കുറിപ്പ് ഞാന്‍ ഓര്‍ത്തത്
10 പൈസ - തറ
50പൈസ - ബെഞ്ച്
75പൈസ - ചാര് ബെഞ്ച്
1 രൂപ - കസേര
കസേര തന്നെ കിട്ടി .
ആദ്യം സര്‍ക്കാര്‍ പരിപാടികളെ കുറിച്ച് ഫിലിം ഡിവിഷന്‍ എന്ന പേരില്‍ ഒരു പരസ്യ പ്രചരണം ആയിരുന്നു. സര്‍ക്കാര്‍ പദ്ധതികളെ കുറിച്ചും പ്രവര്‍ത്തനങ്ങളെ കുറിച്ചും കാണിച്ചു .
സിനിമ എന്ന മാമാങ്കം എന്റെ കണ്‍മുന്നിലൂടെ ഓടാന്‍ തുടങ്ങി . ഇടയ്ക്ക് കപ്പലണ്ടി ബീഡി സിഗരെറ്റ് ഒക്കെ കൊണ്ട് വന്നു . ഉള്ളില്‍ ഉപയോഗം പാടില്ല എന്ന ഉറപ്പില്‍ മാത്രമേ ബീഡി ഒക്കെ വാങ്ങാവു . ഒറ്റ പ്രോജെക്ടര്‍ മാത്രമേ ഉള്ളു അത് കൊണ്ട് ഇടവേളയുടെ ദൈര്‍ഖ്യം കൂടുതലായിരുന്നു . എന്റെ നോട്ടം പതിച്ചത് പാട്ടുപുസ്തക വില്പ്പനക്കാരനില്‍ ആയിരുന്നു. ഒരെണ്ണം വാങ്ങി സൂക്ഷിച്ചു .
അങ്ങനെ കണ്ട ഓരോ സിനിമയുടെയും പാട്ടുപുസ്തകം ഇന്നെന്റെ മുറിയില്‍ ഓര്‍മകളായി സൂക്ഷിച്ചിട്ടുണ്ട് . സ്വര്‍ണ്ണത്തേക്കാള്‍ വിലമതിക്കുന്ന എന്റെ ജീവിത സമ്പാദ്യം . ശ്രീ രാമ ഇന്ന് ഏതോ കോടതിയിലെ ലേഖ്യശ്രേണിയില്‍ വിശ്രമ ജീവിതം നയിക്കുന്നു . ഒരുപാട് പേരെ രസിപ്പിച്ചതിന്റെ ക്ഷീണം കാണും .
No comments:
Post a Comment