Monday, September 12, 2016

Ancient promises by Jayasree Misra



ജന്മാന്ധര വാക്ധാനങ്ങള്‍ - ജയ ശ്രീ മിശ്ര

വിവാഹം ഒരു കമ്മിറ്റ്മെന്റ് ആണ്. അതൊരു ഉത്തരവാദിത്വം മാത്രമായി കാണരുത്. ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളും നട്ടു കൊണ്ടാണ് ഓരോരുത്തരും വിവാഹമെന്ന ലോകത്തിലേക്ക് കാലെടുത്ത് വയ്ക്കുന്നത്. അതില്‍ പൊരുത്തക്കേടുകള്‍ ഉണ്ടാവാം പക്ഷെ അപ്പോഴും ആ ബന്ധത്തിന് എന്തോക്കൊയോ ശക്തി ഉണ്ടെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാന്‍. താലി ഓരോ പെണ്‍കുട്ടിയുടെയും പ്രതീക്ഷ ആണ്. ഞാന്‍ വിശ്വസിക്കുന്നു എത്ര മോഡേണ്‍ ആയാലും അത്തരം ചില കാര്യങ്ങളില്‍ പെണ്ണ്‍ പെണ്ണ്‍ തന്നെയാണ്. അത് കൊണ്ടാണല്ലോ വിദേശികള്‍ പോലും നമ്മുടെ സംസ്കാരത്തിനെ അനുകരിക്കാന്‍ ശ്രമിക്കുന്നത്.
പ്രണയ വിവാഹം ആയാലും അറേഞ്ച് വിവാഹം ആയാലും സ്നേഹം അനിവാര്യമാണ്. പരസ്പരം കണ്ടിട്ടു പോലുമില്ലാത്തവര്‍ ഇരുപതും മുപ്പതും വര്‍ഷം ഒരുമിച്ച് ഒരു കുടക്കീഴില്‍ ജീവിക്കുന്നു എങ്കില്‍ അത് പറയാനാവാത്ത എന്തെല്ലാമോ കാരണങ്ങള്‍ ഉള്ളത് കൊണ്ട് തന്നെയല്ലേ. പക്ഷെ എല്ലാവര്‍ക്കും അതിനു കഴിയണമെന്നില്ല. ഒരുപാട് സ്വപ്‌നങ്ങള്‍ നെയ്തു കൂട്ടി കുടുംബ ജീവിതത്തിലേക്ക് കാലു വയ്ക്കുകയും ഒടുവില്‍ സ്വപ്നം കണ്ടതൊന്നുമല്ല യാഥാര്‍ത്ഥ്യം എന്ന്‍ തിരിച്ചറിയുമ്പോള്‍ ഉണ്ടാകുന്ന തകര്‍ച്ചയും വേദനയും പലപ്പോഴും അവസാനിക്കുന്നത് വേര്‍പിരിയലില്‍ ആണ്. ചിലപ്പോള്‍ കുട്ടികളെപ്പോലും കീറി മുറിക്കേണ്ടി വരും കോടതി മുറികളില്‍.
ജയ ശ്രീ മിശ്രയ്ക്ക് ജാനകി എന്ന കഥാപാത്രത്തെ തേടി ഒരുപാടൊന്നും അലയേണ്ടി വന്നിട്ടുണ്ടാവില്ല. ഇന്ത്യയിലെ ഒരുമിക്ക പെണ്‍കുട്ടികളും ജാനകി തന്നെയാണ്. കൗമാരത്തില്‍ പ്രണയിക്കുകയും ഒടുവില്‍ അപരിചിതനെ വിവാഹം ചെയ്യുകയും ചെയ്യേണ്ടി വരുന്ന ഏതൊരു പെണ്ണും പൊരുത്തപ്പെടാന്‍ പരമാവധി നോക്കും. എല്ലാം ഉപേക്ഷിച് തിരിച്ചു പോകാമെന്ന്‍ ചിന്തിക്കും പക്ഷെ സ്വന്തം അച്ഛനും അമ്മയ്ക്കും ഉണ്ടാകുന്ന വേദന മുന്‍കൂട്ടി കണ്ട് എല്ലാം സഹിച് ഉരുകി ജീവിക്കും. സ്വന്തം കുടുംബത്തില്‍ നിന്നും കിട്ടി കൊണ്ടിരുന്ന സ്നേഹവും ലാളനയും പെട്ടെന്നൊരു ദിവസം തൊട്ട് കിട്ടാതാകുമ്പോള്‍ മനസ്സ് തകരും. സ്വന്തം മകളെ പോലെ മരുമകളെ സ്നേഹിക്കാന്‍ അമ്മായി അമ്മയ്ക്ക് കഴിയാതെ പോകും. അമ്മായി അമ്മയുടെ മുന്നില്‍ ഒരു സ്ഥാനം ഉണ്ടാക്കാനുള്ള ശ്രമം ജീവിതകാലം മുഴുവനും തുടര്‍ന്നു കൊണ്ടേ ഇരിക്കും.
സ്കൂളില്‍ പഠിക്കുമ്പോള്‍ അര്‍ജുനോട് തോന്നുന്ന സ്നേഹം തിരിച്ചറിഞ്ഞിട്ടും വീട്ടുകാര്‍ക്ക് സമ്മതിക്കുന്ന വിവാഹവും, ഭര്‍ത്താവും കുടുംബവും ജാനകിയുടെ സ്വപ്നങ്ങളെ ആണ് എറിഞ്ഞുടച്ചത്‌. ഹൌ ഓള്‍ഡ്‌ ആര്‍ you എന്ന സിനിമയില്‍ ഉയരുന്ന ചോദ്യം സത്യമാണ്. കുഞ്ഞായിരിക്കുമ്പോള്‍ പെണ്ണ്‍ കുട്ടികള്‍ കാണുന്ന സ്വപ്‌നങ്ങള്‍ ഒക്കെ എവിടെയാണ് സക്ഷത്കരിക്കാതെ പോകുന്നത്. എവിടെ അവസാനിക്കുന്നു അവരുടെ സ്വപ്‌നങ്ങള്‍ ഒക്കെയും? ആണ്‍ കുട്ടികളെക്കാള്‍ കൂടുതല്‍ സ്വപ്നം കാണുന്നതും പെണ്‍കുട്ടികള്‍ തന്നെയാവും. ഓരോ അമ്മമാരും സ്വപ്നം കാണും തന്റെ മകള്‍ക്ക് തന്റെ വിധി ഉണ്ടാവരുതെന്ന്. സുരേഷ് , ജാനകിയുടെ പണക്കാരന്‍ ഭര്‍ത്താവ്. അതുമല്ലെങ്കില്‍ എല്ലാവരുടെയും അഭിപ്രായത്തില്‍ ജാനകിക്ക് ജീവിതത്തില്‍ കിട്ടാവുന്നതില്‍ വച്ചേറ്റവും മികച്ചതും വിലപിടിപ്പുള്ളതുമായ ഒരു മനുഷ്യ ജന്മം. സുരേഷ് തെറ്റാണെന്ന് സ്ഥാപിക്കാനല്ല പക്ഷെ ഭര്‍ത്താവെന്ന നിലയില്‍ അയാളൊരു പരാജയമാണ്. പ്രശ്നങ്ങളില്‍ നിന്നും ഒളിച്ചോടുന്ന ആള്‍. ജാനകി ഏതൊരു പ്രശ്നം ഉന്നയിച്ചാലും ബ്രീഫ് കേസ് തയ്യാറാക്കി യാത്രക്ക് പുറപ്പെടും. സ്വന്തം കുഞ്ഞ് മാനസിക വളര്‍ച്ച ഇല്ലെന്ന് അറിഞ്ഞിട്ടു പോലും അല്‍പ്പം പോലും ഞെട്ടിയില്ല. ഭാര്യയെയും മകളെയുംക്കാള്‍ അയാള്‍ പരിഗണന നല്‍കിയത് ബിസിനസ്സിനായിരുന്നു.
ഒരിക്കലും പൊരുത്തപ്പെടാന്‍ കഴിയില്ലെന്ന് തോന്നുന്നവര്‍ പിരിയുന്നതാണ് നല്ലത്. പരസ്പരം സഹിച്ച് ജീവിക്കേണ്ട ആവശ്യമില്ല. പക്ഷെ ആ തീരുമാനമെടുക്കാന്‍ സാമ്പത്തിക ഭദ്രത സ്ത്രീകള്‍ക്ക് ആവശ്യമാണ്. പണ്ട് കാലങ്ങളില്‍ വിവാഹ മോചനം അധികമൊന്നും ഉണ്ടായിരുന്നില്ല പക്ഷെ ഇന്നത്തെ സ്ഥിതി അതല്ല, സ്ത്രീകള്‍ വിദ്യ സമ്പന്നരാണ്, സ്ഥിര വരുമാനം ഉണ്ട് അവരെ സംബന്ധിച്ച് മറ്റൊരാളെ ആശ്രയിച്ച് ജീവിക്കേണ്ട ആവശ്യമില്ല. ഇന്ന്‍ വിവാഹ ജീവിതം മുന്നോട്ടു കൊണ്ട് പോകാന്‍ സ്നേഹപ്രകടനങ്ങള്‍ അത്യാവശ്യമാണ്.ഇല്ലെങ്കില്‍ കുടുംബ ജീവിതം പരാജയപ്പെടും.
ജാനകി എടുത്ത തീരുമാനം ഞാന്‍ പൂര്‍ണമായി അങ്ങീകരിക്കുന്നു. അര്‍ജുന്‍ ഇല്ലായിരുന്നെങ്കില്‍ പോലും അവളുടെ തീരുമാനമാണ് ശരി. കഥയുടെ ആത്മാവ് നഷ്ട്ടപ്പെടാതെ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. 

No comments:

Post a Comment