Thursday, September 15, 2016

പാസ്പോര്‍ട്ട്‌ പുതുക്കാന്‍ പോയ കഥ


പാസ്പോര്‍ട്ട്‌ എന്നൊരു പുസ്തകം , ഒരു രേഖ കണ്ടു പിടിക്കുന്നതിനു മുന്‍പേ ആളുകള്‍ എങ്ങനെ ആയിരിക്കും മറ്റ് രാജ്യങ്ങളിലേക്ക് ചേക്കേറിയിട്ടുണ്ടാവുക? ഏതൊരു രാജ്യത്തെ പൗരനും പാസ്പോര്‍ടട്ടിന് അപേക്ഷിക്കാനും അത് ലഭിക്കാനുമുള്ള അവകാശമുണ്ട്. പക്ഷെ ആ പ്രക്രിയ അത്ര എളുപ്പമല്ല.
കുറച്ചു വര്‍ഷങ്ങള്‍ മുന്‍പ് , പത്ത് വര്‍ഷം മുന്‍പാണ് ഞാന്‍ ആദ്യമായി പാസ്പോര്‍ട്ട്‌ എടുക്കുന്നത്. അന്ന്‍ രാവിലെ പാസ്പോര്‍ട്ട്‌ ഓഫീസില്‍ പോകും, അതിനു ചുറ്റിലും ഫോം പൂരിപ്പിച്ചു തരുന്ന ഒരുപാട് എജെന്ട്ടുമാര്‍ ഉണ്ട്. അവര്‍ക്ക് പൈസ കൊടുത്താല്‍ അവര്‍ തന്നെ എല്ലാ പ്രക്രിയകളും പൂര്‍ത്തിയാക്കി തരും. ഒന്നോ രണ്ടോ ആഴ്ചക്കുള്ളില്‍ പോലീസുകാരന്‍ വീട്ടില്‍ വന്ന് അന്വേഷിക്കും, കൈ മടക്കും പോക്കെറ്റില്‍ വാങ്ങി അയാള്‍ “നല്ല കുട്ടി “ എന്ന്‍ എഴുതി അയക്കും. വീണ്ടും രണ്ട് ആഴ്ച ഒക്കെ കഴിയുമ്പോള്‍ പാസ്പോര്‍ട്ട്‌ സ്പീഡ് പോസ്റ്റ്‌ ആയിട്ട് നമ്മുടെ വീട്ടുപ്പടിക്കല്‍ പോസ്റ്റ്‌ മാന്‍ കൊണ്ട് തരും അല്ലെങ്കില്‍ പോസ്റ്റ്‌ ഓഫീസില്‍ സാധനം വന്നിട്ടുണ്ടെന്ന് അറിയിക്കും, അവിടെ വരെ പോയാല്‍ ആ രേഖ കൈപ്പറ്റാം.
ഇത് പത്ത് വര്‍ഷം മുന്‍പുള്ള കഥയാണ്.
ഇനി നിലവിലെ സ്ഥിതി ഇതൊന്നുമല്ല. കഴിഞ്ഞ ആറു മാസമായി ഇതേ പാസ്പോര്‍ട്ട് പുതുക്കാന്‍ കയറി ഇറങ്ങി നടക്കുകയാണ് ഞാന്‍. ആദ്യം പോയപ്പോള്‍ എന്റെ പേരിന്റെ സ്പെല്ല്ലിംഗ് ജനന രേഖയില്‍ തെറ്റായിട്ടാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അത് കൊണ്ട് ഒരു affidavit വേണമെന്ന് പറഞ്ഞു. അന്നത്തെ apo –നെ കയറി കണ്ട ശേഷം കാര്യങ്ങള്‍ തിരക്കിയിട്ടു തിരിച്ചു വന്നു. 1500 രൂപയാണ് അപേക്ഷ ഫീ. അത് അടച്ചതിനു ശേഷം അവര്‍ പറയുന്ന സമയത്താണ് വഴുതക്കാട് സ്ഥിതി ചെയ്യുന്ന ഓഫീസില്‍ എത്തുന്നത്. ഓട്ടോ കാശ് 50 രൂപ.
നോട്ടറി പോയി, ഇന്ന ഇന്ന കാരണങ്ങള്‍ കൊണ്ട് പാസ്പോര്‍ട്ടില്‍ തെറ്റ് ഉണ്ടായിട്ടുണ്ട്. രണ്ട് വ്യക്തിയും ഒന്നാണ് എന്ന്‍ കാണിച്ച് കൊണ്ട് affidavit വാങ്ങി. 500 രൂപ affidavit വാങ്ങിയ ചെലവ്.
വീണ്ടും ഓണ്‍ലൈന്‍ മുഖേന മറ്റൊരു ദിവസം ബുക്ക്‌ ചെയ്ത്, അവിടെ ചെന്നു. അന്ന്‍ അവരുടെ പ്രശ്നം അഡ്രസ്‌ പ്രൂഫ്‌ വേണം. അതൊരു ന്യായമായ ആവശ്യം തന്നെ. നിഷേധിക്കുന്നില്ല. പക്ഷെ ഇത് അവര്‍ക്ക് ആദ്യ ദിവസം പറയാമായിരുന്നു. വീണ്ടും apo-നെ കണ്ടു. അവര്‍ പറഞ്ഞു ബാങ്ക് അക്കൗണ്ട്‌ വിലാസം ശരിയാക്കിയാല്‍ അത് സ്വീകരിക്കാമെന്ന് സമ്മതിച്ചു. പക്ഷെ പേര് തിരുത്താന്‍ affidavit മാത്രം പോരാ, ജനന രേഖയിലും തിരുത്ത് വരണം. കാരണം അച്ഛന്റെ പേരിലും അക്ഷരതെറ്റുണ്ട്. ഇതൊന്നും ആദ്യ ദിവസം അവര്‍ കണ്ടില്ലേ?
രണ്ടാമത്തെ പോക്കും വെള്ളത്തില്‍ വരച്ച വര പോലെ ആയി.
തിരിച്ചെത്തി ആദ്യം പോയി ബാങ്ക് അക്കൗണ്ട്‌ വിലാസം മാറ്റാന്‍ എന്ത് ചെയ്യണമെന്നായി. ബാങ്കില്‍ പോയി അന്വേഷിച്ചു. അവിടെ റെന്റല്‍ രേഖ വേണം, ഇന്നത്തെ കാലത്ത് ഒരു ഉടമസ്ഥനും കാശ് മുടക്കി ഈ പറഞ്ഞ രേഖ ചെയ്ത് തരില്ല.എന്നാലും ഒരിക്കലും നടപ്പിലാക്കാന്‍ പറ്റാത്ത നിയമങ്ങള്‍ ഉണ്ടാക്കി ജനങ്ങളെ ബുദ്ധിമുട്ടിക്കുക എന്നത് നിയമ പാലകര്‍ക്ക് ഒരു വിനോദമാണ്‌. റെന്റല്‍ രേഖ അച്ഛന്റെ പേരിലാണ്. അന്നത്തെ ഉദ്യോഗസ്ഥന്‍ പറഞ്ഞു അത് പറ്റില്ല, നിങ്ങളുടെ പേരില്ലല്ലോ ഇതില്‍. ഞാന്‍ പറഞ്ഞു രേഖ അച്ഛന്റെ പേരിലാണ് അതെനിക്ക് തരില്ല. എന്റെ കൈയില്‍ ആധാര്‍ ഉണ്ട്, അതില്‍ അച്ഛന്റെ പേര് വ്യക്തമായിട്ടുണ്ട്. “d / o ....” അയാള്‍ക്ക് അത് പോരാ , പിന്നെന്തിനാണ് ആധാര്‍. അതൊരു രേഖ അല്ല എങ്കില്‍ അതെടുക്കാന്‍ ജനങ്ങളെ ഇത്രയും ബുധിമുട്ടിച്ചതിന്റെ ചേതോ വികാരം? അന്ന്‍ കൈയില്‍ ഇല്ലാതിരുന്നത് റേഷന്‍ കാര്‍ഡ്‌ ആയിരുന്നു. അയാള്‍ക്ക് അത് തന്നെ വേണം. ആവശ്യക്കാരന് ഔചിത്യമില്ലല്ലോ , വീണ്ടും വീട്ടില്‍ പോയി അതെടുത്ത് കൊണ്ട് വന്ന് കൊടുത്തപ്പോ ആ കാര്യം നടന്നു.
ഇത് കൊണ്ടൊന്നും തീര്‍ന്നില്ല. പുതിയ ജനന രേഖ എന്നൊരു ഊരാകുടുക്ക് ഇനിയും വേണം.
അതിനു വേണ്ടി നഗര സഭാ കാര്യാലയത്തില്‍ പോയി. അതിന് മുന്നില്‍ ഒരുപാട് പേര്‍ ഇന്നും ഉണ്ട്, പഴയ പാസ്പോര്‍ട്ട്‌ ഓഫീസ് പോലെ തന്നെ. എല്ലാ കാര്യങ്ങളും പറഞ്ഞു കൊടുത്തു, എല്ലാ രേഖയും സമര്‍പ്പിച്ചു, മുദ്ര പത്രവും വാങ്ങി ആ കാര്യം നടന്നു. കാര്യാലയത്തില്‍ കയറി അതിനൊരു നിശ്ചിത തുകയും അടച് തിരിച്ചു വന്നു. കൌണ്ടറില്‍ ഇരുന്ന വ്യക്തി പറഞ്ഞത് പതിനഞ്ച് ദിവസത്തിനകം എല്ലാം ശരിയാകും.
പതിനഞ്ചു കഴിഞ്ഞു
ഒരു മാസം കഴിഞ്ഞു
ഒന്നര മാസം കഴിഞ്ഞു, ഒരനക്കവും ഉണ്ടായില്ല. വീണ്ടും അച്ഛന്‍ പോയി കാരണം അന്വേഷിക്കാന്‍. അന്ന്‍ അപേക്ഷ കൊടുത്തപ്പോള്‍ ഒരു കവര്‍ വയ്ക്കാത്തത് കൊണ്ട് അവര്‍ അയക്കാതെ അവിടെ തന്നെ വച്ചിട്ടുണ്ട്. എന്തൊരു ഉത്തരവാദിത്വം ഉള്ള നഗര സഭ. ആ കവറിന്റെ കാശ് അടച്ചിട്ടു അച്ഛന്‍ തിരികെ വന്നു. എന്നിട്ടും ഒരു മാസം ആയി വന്നില്ല. വീണ്ടും പോയി തിരക്കാന്‍. ഒരു മാപ്പ് അപേക്ഷ എഴുതി കൊടുക്കാത്തത് കൊണ്ട് വീണ്ടും എന്റെ ജനനം അവര്‍ തടഞ്ഞു വച്ചു. ഒരു കുഞ്ഞിനു വേണ്ടി ശ്രമിക്കാന്‍ വീട്ടുകാര്‍ ഇത്രയും ബുദ്ധിമുട്ടി കാണില്ല. സത്യം. ഒന്‍പത് മാസം അമ്മയുടെ ഗര്‍ഭപാത്രത്തില്‍ കിടന്നിട്ടു അതില്‍ നിന്നും പുറത്ത് വരാനും എനിക്കിത്ര ബുദ്ധിമുട്ട് ഉണ്ടായി കാണില്ല.പക്ഷെ അതൊരു രേഖ ആക്കാന്‍ ....
അങ്ങനെ കാത്തിരുന്ന് കാത്തിരുന്ന് പുഴ മെലിഞ്ഞു കര കവിഞ്ഞു... എന്റെ ജനനം സര്‍ക്കാര്‍ രേഖയില്‍ തെറ്റൊന്നും കൂടാതെ രേഖപ്പെടുത്തി.
ആദ്യം അടച്ച 1500 ന്റെ കാലാവധി പൂര്‍ത്തി ആയി. വീണ്ടും മുടക്കി അതെ തുക. അതും കൊണ്ട് ഞാന്‍ വീണ്ടും പോയി പാസ്പോര്‍ട്ട്‌ പുതുക്കാന്‍. വീണ്ടും apo-നെ കാണാന്‍ പറഞ്ഞു. കഴിഞ്ഞ രണ്ടു തവണയും കണ്ട് പരിചയമുള്ള മുഖമല്ല. പുതിയ മുഖമായത് കൊണ്ട് പുതിയ കുരുക്ക് വന്നു. പണ്ട് ജനന രേഖയില്‍ അക്ഷര തെറ്റ് സംഭവിച്ചിട്ടുണ്ട് എന്ന വാക്യം affidavit-ല്‍ ഇല്ല എന്ന്‍. ഞാന്‍ പറഞ്ഞു ഞാന്‍ llb അല്ല പഠിച്ചത്, നിങ്ങള്‍ പറഞ്ഞത് പ്രകാരം നോട്ടറിയില്‍ പോയി കാര്യം പറഞ്ഞു, അവര്‍ ചെയ്തത് വാങ്ങി കൊണ്ട് വന്നു. കഴിഞ്ഞ തവണ ഇരുന്ന ഓഫീസര്‍ പറഞ്ഞില്ല ഇന്ന വാക്യം വേണമെന്നൊന്നും. അത് വേണം. ഓ ശരി ശരിക്കുള്ള മുതലാളി ... എന്ന്‍ മനസ്സില്‍ ചിന്തിച്ചു കൊണ്ട് പടി ഇറങ്ങി.ഇനി 500 രൂപ മുടക്കിയാലെ നോട്ടറി affidavit കിട്ടു. നോക്കണേ മനുഷ്യന്റെ ഗതികേട് . 3000 രൂപയാണ് അപേക്ഷിക്കാന്‍ വേണ്ടി മുടക്കിയത്. നോട്ടറി 1000 രൂപ. യാത്ര കൂലി വേറെ.
ഈ നാട്ടില്‍ കള്ളനും കൊലപാതകിക്കും രാജ്യ ദ്രോഹിക്കും വളരെ എളുപ്പത്തില്‍ കിട്ടും പാസ്പോര്‍ട്ട്‌ പക്ഷെ നിങ്ങള്‍ സാധാരണ പൌരനാണോ എങ്കില്‍ നിങ്ങള്‍ക്ക് ഒരു സര്‍ക്കാര്‍ ഇടപാടുകളും സമയത്തിന് കിട്ടില്ല. tcs എന്ന വന്‍കിട കോര്‍പ്പറേറ്റിന് തീറെഴുതി കൊടുത്തിരിക്കുന്ന ഈ ഇടപാടില്‍ ആര്‍ക്കാണ് ലാഭം. 1500 രൂപ ആര്‍ക്കാണ് പോകുന്നത്. ഇതിനു പിന്നിലെ കളികള്‍ ആരും ചോദിക്കാറില്ല പറയാറില്ല അറിയാന്‍ ശ്രമിക്കാറില്ല. ഈ നാട് ജനാധിപത്യം എന്നല്ല പറയേണ്ടത് capitalist എന്നാണ് യോജിക്കുന്നത്. അഞ്ച് വര്‍ഷത്തില്‍ ഒരിക്കല്‍ തിരഞ്ഞെടുപ്പ് നടക്കുന്നത് കൊണ്ട് മാത്രം ജനാധിപത്യം എന്ന്‍ പറയുന്നതിനോട് യോജിക്കാനാവില്ല.
വിജയ്‌ മല്ല്യ, അയാള്‍ക്ക് കിട്ടും പാസ്പോര്‍ട്ട്‌. ഗോവിന്ദ് ച്ചാമി അവനും കിട്ടും. കാക്കക്കുയില്‍ സിനിമയില്‍ ജഗതി ശ്രീകുമാര്‍ പറയുന്നൊരു ഡയലോഗ് ഉണ്ട്. “അങ്ങ് മഹാന്‍ അങ്ങയുടെ അച്ഛനും മഹാന്‍. ഞാന്‍ .....”
ഇടയ്ക്ക് തിരുവനന്തപുരം കുടപ്പനക്കുന്നില്‍ ഒരാള്‍ വില്ലജ് ഓഫീസ് തീയിട്ടു. അയാളുടെ വസ്തുവുമായി ബന്ധപ്പെട്ട് എന്തോ രേഖയ്ക്ക് വേണ്ടി വര്‍ഷങ്ങളായി കയറി ഇറങ്ങുന്നു. നടക്കാത്തതില്‍ പ്രതിഷേധിച്ച് തീയിട്ടു. എങ്ങനെ ഇത്തരം സംഭവങ്ങള്‍ ഉണ്ടാവാതിരിക്കും. എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സിവില്‍ സെര്‍വന്റ്സ് ആണെന്നാണ് വയ്പ്പ്.പക്ഷെ സിവിലിയന്‍സ് എന്ന വര്‍ഗ്ഗത്തെ ഏറ്റവും കൂടുതല്‍ ചൂഷണം ചെയ്യുന്നതും ഇവരാണ് എന്നതാണ് സത്യം. സര്‍ക്കാര്‍ ഓഫീസില്‍ കയറി ഇറങ്ങിയിട്ടുള്ള ആരും ഇതിനെ എതിര്‍ത്ത് പറയില്ല.
നിയമങ്ങള്‍ നല്ലതാണു, ആവശ്യവുമാണ് പക്ഷെ ജനങ്ങളെ ദ്രോഹിക്കാനുള്ള നിയമങ്ങള്‍ എന്തിനാണെന്ന് മനസ്സിലാവുന്നില്ല.

എന്റെ പാസ്പോര്‍ട്ട്‌ ഇപ്പോഴും ആറിയ കഞ്ഞി  പഴങ്ങഞ്ഞിയുടെ അവസ്ഥയില്‍ തന്നെ.

No comments:

Post a Comment