Friday, September 16, 2016

ടോട്ടോ ചാന്‍ - ജനാലയ്ക്കരികിലെ വികൃതി കുട്ടി , തെത്സുകോ കുറോയാനഗി


അപ്പ്രതീക്ഷിതമായിട്ടാണ് ഈ പുസ്തകം ഞാന്‍ വാങ്ങിയത്. മാതൃഭൂമി പുസ്തക മേള നടക്കുന്ന സമയം പത്രത്തില്‍ കണ്ട വാര്‍ത്തയെ കണക്കിലെടുത്ത് കൊണ്ടാണ് വാങ്ങിയത്. പക്ഷെ വാങ്ങിയില്ലായിരുന്നെങ്കില്‍ നഷ്ട്ടമായി പോയേനെ .
ജപ്പാന്‍ കഥ തര്‍ജ്ജിമ രണ്ടാം തവണയാണ് വായിക്കുന്നത്. ജപ്പാന്‍ കഥകളില്‍ ഒളിഞ്ഞും മറഞ്ഞും അടങ്ങിയിരിക്കുന്ന ജപ്പാന്‍ സംസ്കാരം അവിസ്മരണീയം. വാക്കുകളില്‍ ഒതുക്കാനാവില്ല. ഇന്ത്യന്‍ കഥകളില്‍ നമ്മക് തിരിച്ചറിയാതെ പോകുന്നതാണോ എന്നറിയില്ല എങ്കില്‍ പോലും പുതിയതായി ഇറങ്ങുന്ന ഇന്ത്യന്‍ എഴുത്തുകാരുടെ ശൈലിയില്‍ ഇന്ത്യന്‍ സംസ്കാരം ഒന്നും തന്നെ അറിയാന്‍ കഴിയില്ല. മിക്ക കഥകളിലും പ്രണയമാണ് പ്രമേയം. അത് സ്കൂളില്‍ ആവാം, കോളേജില്‍ ആവാം, ജോലിയില്‍ ആവാം, അത്തരം ക്ലീഷേകളില്‍ നിന്നും പുറത്ത് വരുന്നവര്‍ കുറവാണ്.
എലമെന്ടരി സ്കൂളില്‍ ഒന്നാം ക്ലാസ്സ്‌ വിദ്യാര്‍ത്ഥിയാണ് ടോട്ടോ. ഈ ഒരു പ്രമേയം വളരെ ലളിതമാണ് എന്നാല്‍ അതില്‍ ടോട്ടോ കാണുന്ന കാഴ്ചകള്‍ അവളുടെ ചിന്തകള്‍ , അവളെ ചിന്തിപ്പിക്കുന്ന സാഹചര്യങ്ങള്‍, അവള്‍ പഠിക്കുന്ന ടോമോ സ്കൂള്‍, ഇവയെല്ലാം വളരെ പ്രാധാന്യം ഉള്ള വിഷയങ്ങള്‍ ആണ്. മാതാ പിതാക്കളും അദ്ധ്യാപകരും എങ്ങനെ ആവണമെന്ന് ഉപദേശമില്ലാതെ ചൂണ്ടി കാട്ടുന്നു.ഓരോ വാക്കും ഒരുപാട് അര്‍ദ്ധമുളവാക്കുന്നു.
യൂറിത്മിക്സ് എന്ന നൃത്ത സംഗീതം ഒരു വ്യക്തിയുടെ ശ്രദ്ധ എത്രത്തോളം കൂര്‍പ്പിചെടുക്കാന്‍ ആവും എന്നുള്ളതിന്റെ തെളിവാണ്. പല താളത്തില്‍ വായിക്കുന്ന സംഗീതത്തിന് ചേരുന്ന രീതിയില്‍ നൃത്തം ചെയ്യണം.മറ്റൊന്ന്‍ ഇടയ്ക്കും മുറയ്ക്കും സംഗീതത്തിന്റെ താളം മാറും എന്നാല്‍ നൃത്തം ചെയ്യുന്നതില്‍ വ്യത്യാസം വരാന്‍ പാടില്ല. നമ്മള്‍ ഏതൊരു കാര്യമാണോ ചെയ്യുന്നത് നമ്മുടെ ശ്രദ്ധ അതില്‍ തന്നെ ആവണം. എന്തൊക്കെ സംഭവിച്ചാലും നമ്മുടെ കാര്യക്ഷമതയെ ബാധിക്കാന്‍ പാടില്ല. അത്തരമൊരു പാകപ്പെടുത്തലാണ് യൂറിത്മിക്സ് കൊണ്ട് ഉദ്ദേശിക്കുന്നത്. കുട്ടികള്‍ക്ക് മാത്രമല്ല അധ്യാപകര്‍ക്കും ഉണ്ട് ക്ലാസ്സുകള്‍.
കുട്ടികള്‍ക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാനുള്ള സ്വാതന്ത്ര്യം അവരെ ചിന്തിക്കാന്‍ പ്രേരിപ്പിക്കും. നീ ഇങ്ങനെ ചെയ്യണം ഇങ്ങനെ ചിന്തിക്കണം എന്നൊക്കെ പറയുന്ന കുട്ടിയുടെ ബുദ്ധി സ്വന്തമായി ഒന്നും ചിന്തിക്കില്ല.കുട്ടികളില്‍ വിരിയുന്ന സംശയങ്ങള്‍ക്ക് വ്യക്തമായ മറുപടികള്‍ ഉണ്ടാവണം.ടോമോ സ്കൂളില്‍ കുട്ടികള്‍ക്ക് സിലബസ് ഇല്ല, ആകെ അന്‍പത് കുട്ടികള്‍, യുണിഫോം ഇല്ല, ഉച്ച ഭക്ഷണത്തിന് കടലില്‍ നിന്നും മലയില്‍ നിന്നും ഒരു വിഭവം ഉണ്ടാവണം. ഏതെങ്കിലും ഒന്നില്ലെങ്കില്‍ മാസ്റ്റര്‍ വിളമ്പും.തീവണ്ടി മുറികള്‍ പോലെയാണ് ക്ലാസ്സുകള്‍. b Ed ഉണ്ടെങ്കിലെ ടോമോയില്‍ അദ്ധ്യാപകന്‍ ആകാന്‍ കഴിയു എന്നില്ല. കൃഷി പഠിപ്പിക്കാന്‍ കൃഷിക്കാരനെ കൊണ്ട് വരും മാസ്റ്റര്‍. കുട്ടികളെ പാടത്ത് കൊണ്ട് പോയി ഞാറു നടുന്നത് എങ്ങനെ എന്ന്‍ കാണിച്ച് കൊടുക്കുകയും അവരെ കൃഷിക്കാരായി പാടത്ത് ഇറക്കുകയും ചെയ്യും.ആ സ്കൂളിലെ കായിക ദിനം വ്യത്യസ്തമാണ്. ഓട്ടവും ചാട്ടവും ഒന്നുമില്ല. മീനിന്റെ വായില്‍ കൂടെ കയറി വാലില്‍ കൂടി പുറത്ത് വരണം. എത്ര നിസ്സാരം എന്ന്‍ ചിന്തിക്കണ്ട, കാരണം ഉള്ളില്‍ ഇരുട്ടാണ്‌, മിക്ക കുട്ടികളും വായില്‍ കൂടെ കയറി വായില്‍ കൂടെ തന്നെ പുറത്ത് വരും.വിജയികള്‍ക്ക് ട്രോഫി ഒന്നുമല്ല സമ്മാനം. നല്ല പച്ചക്കറികള്‍ കൊടുക്കും. വീട്ടില്‍ കൊണ്ട് പോയി സ്വന്തമായി അദ്ധ്വാനിച്ചു കിട്ടിയതാണെന്ന് പറഞ്ഞ് അമ്മയെ ഏല്‍പ്പിക്കാന്‍ പറയും മാസ്റ്റര്‍.പോളിയോ ബാധിച്ച കുട്ടികള്‍ ഉണ്ട്, വടം വലിയില്‍ അവര്‍ ആയിരിക്കും മേല്‍നോട്ടക്കാര്‍.നീന്തലിന്റെ കാര്യം എടുക്കാം, നഗ്നരായി കുളത്തില്‍ ഇറങ്ങാന്‍ അവര്‍ക്ക് അനുവാദമുണ്ട്. മറ്റൊന്നിനുമല്ല, ശാരീരികമായി ആണും പെണ്ണും എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന്‍ അറിഞ്ഞു വളരാന്‍. മാത്രമല്ല, പോളിയോ ബാധിച്ചവരുടെ ശരീരം മറ്റുള്ളവരെ പോലെ ആവില്ല. പല രക്ഷിതാക്കള്‍ക്കും ആശയക്കുഴപ്പം ഉണ്ടായിരുന്നതിനാല്‍ അവര്‍ കുട്ടികള്‍ക്ക് നീന്തല്‍ വസ്ത്രങ്ങള്‍ കൊടുത്തയക്കും പക്ഷെ കുട്ടികള്‍ അത് ഉപയോഗിക്കില്ല.

സൊസാകു കൊബായാഷി എന്ന അധ്യാപകന്റെ ഓര്‍മയ്ക്ക് മുന്നില്‍ സമര്‍പ്പിക്കുന്ന ഈ പുസ്തകം അദ്ധ്യാപകര്‍ തീര്‍ച്ചയായും വായിക്കേണ്ടതാണ്.അദ്ധ്യാപകര്‍ മാത്രമല്ല, കുരുന്ന് മനസുകളില്‍ പരീക്ഷയും സിലബസ്സും മറ്റും കുത്തി തിരുകുന്ന വിദ്യാഭ്യാസ വകുപ്പിലെ അംഗങ്ങളും.വിദ്യാഭ്യാസം എന്നത് പരീക്ഷയ്ക്ക് മാര്‍ക്ക് വാങ്ങുന്നതല്ല എന്ന തിരിച്ചറിവാണ് വേണ്ടത്.കുട്ടികളിലെ താല്പര്യത്തിനു അനുസരിച്ച് പഠിപ്പിക്കണം. അതല്ലാതെ ഇന്ത്യ ചരിത്രവും ഭൂമിശാസ്ത്രവും കണക്കും എല്ലാം കൂടി ഉരുളയാക്കി കൊടുക്കേണ്ട കാര്യമുണ്ടോ?അത്തരം ചരിത്രങ്ങള്‍ അറിയാന്‍ താല്പര്യം ഉള്ള കുട്ടികള്‍ക്ക് പുസ്തകം വായിക്കാനുള്ള അവസരം നല്ക്കുന്നതിനു പകരം നൂറും ഇരുന്നൂറും വര്‍ഷം പഴക്കമുള്ള കഥകളും രാജാക്കന്മാരെയും തീയതികളും ഓര്‍മിച്ചു പരീക്ഷ എഴുതുന്നതിന്റെ ആവശ്യം എന്താണ്.നാളെ എങ്ങനെ ജീവിക്കണമെന്ന് ഒരു കുഞ്ഞിനോടും ഇന്നത്തെ വിദ്യാഭ്യാസ രീതി പറഞ്ഞു കൊടുക്കുന്നില്ല.
കേരളത്തിലെ കുട്ടികളോട് ചോദിച്ചാല്‍ ഡോക്ടര്‍ എഞ്ചിനീയര്‍ എന്നല്ലാതെ വ്യത്യസ്തമായ ജോലി അവര്‍ക്ക് അറിയില്ല. ഇപ്പോള്‍ ഒരു ചെറിയ മാറ്റം ഉണ്ട്, മറ്റൊന്നുമല്ല ias ips മുതലായ സിവില്‍ സര്‍വീസ് മേഖലകള്‍. വീട്ടുകാര്‍ മക്കളെ പറഞ്ഞു പഠിപ്പിക്കുന്നതും ഇതൊക്കെ തന്നെയാണ്. കാശ് ഉണ്ടാക്കാന്‍ പറ്റിയ ജോലി ഇതൊക്കെ ആണ്.പിന്നെങ്ങനെ കുട്ടികള്‍ മാറി ചിന്തിക്കും.
ടോട്ടോ ചാന്‍ എനിക്ക് ഇഷ്ടമായി. ആ വിദ്യാലയത്തിനോടുള്ള ഇഷ്ടം കൊണ്ട് അവിടെ തന്നെ അദ്യാപിക ആവാന്‍ ആഗ്രഹിച്ചെങ്കിലും രണ്ടാം ലോക യുദ്ധത്തില്‍ ആ സ്കൂള്‍ തകര്‍ന്നു.എന്റെ ജീവിതത്തില്‍ അങ്ങനെ ഉള്ള അദ്ധ്യാപകര്‍ വിരലില്‍ എണ്ണാന്‍ പോലുമില്ല.അത്തരം അദ്ധ്യാപകരുടെ വിദ്യാര്‍ഥി ആവാന്‍ കഴിയുന്നവര്‍ ഭാഗ്യം ചെയ്തവര്‍ തന്നെയാണ്.

1 comment:

  1. Good review..keep reading more and more n write more reviews like dis..wishing u all success in future..

    ReplyDelete