"നിന്റെ ഫോൺ എവിടെ?"
ബാഗിൽ നിന്നും ഫോൺ എടുത്തെന്റെ കൈയിൽ തന്നു. ഓഫാണ്. എത്ര ലാഘവത്തോടെയാണ് അവളെന്റെ മുന്നിൽ നിന്നത്. ദേഷ്യം സഹിക്കാനായില്ല.
"നീ എന്തിനാ ഫോൺ ഓഫ് ചെയ്തത്? ഓ .. രാവിലെ നടന്നതിന്റെ വാശി കാണിക്കുന്നതാവും . എത്ര നേരമായി ഞാൻ വിളിക്കുന്നെന്ന് അറിയാമോ ? നിനക്കൊന്ന് വിളിച്ചു പറഞ്ഞൂടെ എത്താൻ വൈകുമെന്ന് ? ആരോടാ ഹേമ നീ വാശി കാണിക്കുന്നത് ? "
എന്നിട്ടും മറുപടി ഒന്നുമില്ല. ഞാൻ പറയുന്നതൊന്നും കേട്ട ഭാവം പോലുമില്ല. അതോ എനിക്ക് തോന്നുന്നതാണോ ?
"എനിക്കാരോടും വാശി ഒന്നുമില്ല ഹരിയേട്ടാ . ഫോണിൽ ചാർജ് ഇല്ലാത്തത് കൊണ്ട് ഓഫായി പോയി. സോറി."
ബാഗിലുണ്ടായിരുന്ന താക്കോലുപയോഗിച്ചു വാതിൽ തുറന്നവൾ അകത്തേക്ക് കയറിപ്പോയി. അവളുടെ നിസ്സംഗത ഭാവം എന്നെ വല്ലാതെ അസ്വസ്ഥനാക്കി. അകത്തേക്ക് പോകാൻ എനിക്കു തോന്നിയില്ല. പൂമുഖപ്പടിയിലുരുന്ന് ഞാനോർത്തു ഇന്നത്തെ പ്രഭാതം.
എന്നത്തേയും പോലെ സുന്ദരമായ പ്രഭാതത്തെ വരവേൽക്കാൻ എം എസ് സുബ്ബലക്ഷ്മിയുടെ സുപ്രഭാതം അടുത്ത വീട്ടിൽ നിന്നുമുയർന്നു. പതിവ് തെറ്റിക്കാതെ സ്മാർട്ട് ഫോണിലെ പൂവനും കൂവി.
ഹേമ ഉണർന്ന ശേഷം വീണ്ടും മയങ്ങി. ഒരാഴ്ചയായി ബാഡ്മിന്റൺ കളിക്കാൻ പോയിട്ട്. എന്തായാലും ഇന്ന് പോണം. അവളെ എണീക്കാൻ നിർബന്ധിച്ചു. സ്ഥിരം മറുപടി തന്നെ "പ്ലീസ് പ്ലീസ് .... ഒരു 5 മിനിറ്റ് ,...പ്ലീസ് .."
ഞാനെണീറ്റു റെഡിയായി വരുന്നത് വരെ ഉറങ്ങിക്കോട്ടെയെന്ന് കരുതി. പത്തു മിനിറ്റ് കഴിഞ്ഞു. അവളിപ്പോഴും ഉറക്കത്തിന്റെ അവളിപ്പോഴും ഉറക്കത്തിന്റെ ആഴങ്ങളിലാണ്. അവളുറങ്ങുന്നത് നോക്കി ഇരുന്നാൽ സമയം പോകുന്നത് അറിയില്ല.
"5 മിനിറ്റ് കഴിഞ്ഞു. എഴുന്നേൽക്ക്. "
എന്റെ ശബ്ദം ഉയർന്നത് കൊണ്ടാവും ഉറക്കത്തിന്റെ ആലസ്യം മാറുന്നതിനു മുന്നേ മടിച്ചു മടിച്ചെണീറ്റു പോയി കസേരയിലിരുന്നത് . അവൾക്ക് തീരെ ഇഷ്ടമില്ലാത്ത കാര്യമാണ് രാവിലെ എണീക്കുന്നത്. രാത്രി എത്ര വൈകി കിടക്കാനും മടിയില്ല പക്ഷെ നേരത്തെ എണീക്കാൻ പറയുന്നത് അവളെ കൊല്ലുന്നതിനു സമമാണ്. എന്റെ നിർബന്ധം കൊണ്ടാണ് രാവിലെ കളിക്കാൻ വരുന്നത്. അവളുടെ ഉറക്കമുണരാത്ത കണ്ണുകളെയും തേനൂറും അധരങ്ങളും ചുംബിച്ചുണർത്തി.
5 .30 കഴിഞ്ഞു വീട്ടിൽ നിന്നുമിറങ്ങാൻ. അര മണിക്കൂർ നടത്തം അതിനു ശേഷം ബാഡ്മിന്റൺ. അതാണ് പതിവ്. ആർക്കും നഷ്ട്ടമുണ്ടാവാത്ത എന്നാൽ എന്തൊക്കൊയോ നേടിയെന്ന് തോന്നിപ്പിക്കുന്ന പുഞ്ചിരിക്കുന്ന പരിചിതമായ മുഖങ്ങളാണ് കടന്നു പോകുന്നതിലേറെയും. ചിലർ വ്യക്തികളെയും മറ്റു ചിലർ ഫോണിലെ പാട്ടുകളെയും കൂട്ടുപിടിച്ചാണ് നടക്കുന്നത്. എന്റെ കൂട്ട് ഇത് രണ്ടുമാണ്. ചെറിയ വ്യത്യാസം മാത്രം. കൂടെയുള്ള വ്യക്തിയാണ് എന്റെ പാട്ടുപ്പെട്ടി. നടക്കുന്നതിനിടയിൽ പ്രാതലിനെന്തു വേണമെന്ന് തീരുമാനിച്ചു. മാത്യൂസ് അച്ചായനും രാഹുലും കളി തുടങ്ങി. കുറച്ചു ദിവസം ഞങ്ങളെ കാണാത്തതിന്റെ പരിഭവം പറഞ്ഞുകൊണ്ട് ഏലിയാമ്മ ചേച്ചിയും വന്നു. എഴുന്നേൽക്കാൻ മടിയാണെങ്കിലും കളിയിൽ ഹേമ ഞെട്ടിക്കും. ചെയ്യുന്ന കാര്യങ്ങളിൽ ആത്മാർത്ഥത കൂടുതലായത് കൊണ്ടാവും ഒന്നിലും മാസ്റ്റർ ആയില്ലെങ്കിലും എല്ലാത്തിലും ജാക്കായി നിൽക്കുന്നത്.
കളി കഴിഞ്ഞു വീട്ടിലെത്തിയ ശേഷം ഞങ്ങൾ രണ്ടുപേരും ജോലിക്കു പോകാനുള്ള തയ്യാറെടുപ്പിലായി.
സമയം അതിന്റെ ജോലി കൃത്യമായി ചെയ്തു. അതുപോലെയാണ് ഹേമയും.സമയത്തിന്റെ കാര്യത്തിലും ജോലിയുടെ കാര്യത്തിലും അവൾക്ക് വിട്ടുവീഴ്ചയില്ല. . കുളിച്ചിറങ്ങിയതും മുരളി സാറിന്റെ ഫോൺ വന്നു. ഇന്നത്തെ ഇൻസ്‌പെക്ഷൻ ആവശ്യമായ ഫയലും കൊണ്ട് എത്രയും നേരത്തെ എത്താനാവശ്യപ്പട്ടു. ഇൻസ്‌പെക്ഷൻ ദിവസങ്ങളിൽ ഇത് പതിവായത് കൊണ്ട് അതിശയമൊന്നും തോന്നിയില്ല. സമയമുണ്ട്.
"ഹേമ , കഴിക്കാൻ വരട്ടെ "
അവളുടെ സ്ഥിരം 5 മിനിറ്റ്. അവളോട് പലപ്പോഴും ചോദിക്കണമെന്ന് കരുതിയതാണ് എന്താ അഞ്ചിനോടിത്ര പ്രണയമെന്ന്.
യൂണിഫോമിട്ട ശേഷം ബാഗും ഫയലും എടുത്ത് വയ്ക്കാൻ ഹാളിലേക്ക് പോയി. ബാഗ് എടുത്തു,ഫയലും കിട്ടി പക്ഷെ ഒരു പേപ്പർ കാണുന്നില്ല. മേശയിലും കസേരയിലും നോക്കി. കണ്ടില്ല.സോഫയിലുമില്ല.പിന്നത് എവിടെ വച്ചു. മുറിയിൽ പോയി നോക്കി. കണ്ടില്ല.
"ഹേമ നീയെന്റെ ഫയൽ ഇന്നലെ എങ്ങാനും നോക്കാനെടുത്തോ?
"ഇല്ലല്ലോ. എന്തേ ?"
"ഫയൽ കിട്ടി പക്ഷെ ഒരു പേപ്പർ കാണുന്നില്ല. "
"സമാധാനമായി നോക്കൂ. ഒരു പേപ്പർ മാത്രമെവിടെ പോകാൻ."
എന്റെ ഫയൽ എന്റെ പേപ്പർ പിന്നെ എനിക്കെങ്ങനെ സമാധാനം കാണും. നമ്മുടെ സാധനങ്ങൾക്ക് നമ്മൾ കൽപ്പിക്കുന്ന പ്രാധാന്യം എല്ലാരും കൊടുക്കണമെന്നില്ല. സമയം പോകുന്നു. അതില്ലാതെ പോയിട്ട് കാര്യമില്ല.
"കിട്ടിയോ ഹരിയേട്ടാ ?"
"കിട്ടിയാൽ പിന്നെ ഇത്രയും പരവേശപ്പെട്ട് ഞാൻ നിക്കുമോ ?"
ഇന്നെന്റെ പണി പോകുമോ? സസ്പെൻഷൻ? മെമ്മോ? അതോ മുരളി സാറിന്റെ ഭരണിപ്പാട്ട് കേൾക്കേണ്ടി വരുമോ? ഇന്നത്തെ ദിവസം പോയി കിട്ടി.
തുടർന്ന് നടന്ന ട്രഷർ ഹണ്ടിൽ ഹേമ വിജയിച്ചു.
"സോറി ഇന്നലെ ഞാൻ നോക്കി കൊണ്ടിരുന്ന പേപ്പറുകളുടെ ഇടയിലിരുന്നു. ഐ ആം സോറി "
എന്തുണ്ടായാലും സോറി പറഞ്ഞു തീർക്കാൻ ശ്രമിക്കും. പക്ഷെ അവളുടെ സോറി ഇന്നെനിക്ക് സ്വീകാര്യമായിരുന്നില്ല ."നിനക്കിത്ര ഉത്തരവാദിത്വം ഇല്ലാതായിപ്പോയല്ലോ. ഞാനിപ്പോൾ നോക്കാതെ പോയിരുന്നെങ്കിൽ എന്തായേനെ ? എല്ലാത്തിനും നിനക്കൊരു സോറി ഉണ്ട്. ആവശ്യത്തിനും അനാവശ്യത്തിനും ഉപയോഗിച്ച് തുരുമ്പിച്ച സോറി."
"ഈ സോറി പറയാതിരിക്കാൻ ശ്രമിച്ചൂടെ ? അത്തരം സാഹചര്യങ്ങൾ ഒഴിവാക്കാനെങ്കിലും ???"
മുറിയിലാകെ നിശബ്ദത വന്നു മൂടി.
"ഞാനിറങ്ങുന്നു"
"ദോശയും ചമ്മന്തിയും കഴിക്കുന്നില്ലേ ?"
"ഇപ്പോൾ തന്നെ വൈകി ഇനി കഴിക്കാനിരുന്നാൽ പിന്നെ ജോലിക്കു പോകേണ്ടി വരില്ല. എന്നും ഇവിടിരുന്ന് ദോശ ഉണ്ടാക്കി കഴിച്ചാൽ മതിയാവും."
കൂടുതലൊന്നും സംസാരിക്കാൻ നിന്നില്ല.കാറിന്റെ താക്കോലുമെടുത്തു ഞാനിറങ്ങി.
കാറിലെ റേഡിയോയിൽ വിവാഹമാണ് വിഷയം. വിവാഹത്തെ കുറിച്ച് ആർ ജെ നിർത്താതെ സംസാരിക്കുന്നുണ്ട്.
വിവാഹം സ്വർഗ്ഗത്തിൽ നടന്നിരുന്നെങ്കിൽ എത്ര നന്നായേനെ. ഇതിപ്പോൾ ഭൂമിയിലെ മനുഷ്യർക്ക് ബുദ്ധിമുട്ടും അസൗകര്യവും സമാധാനക്കുറവും അധിക ചിലവുമാണുണ്ടാകുന്നത്. മനുഷ്യനായി ഭൂമിയിലേക്ക് പാർസൽ ചെയ്യുന്ന സമയത്തു തന്നെ ബേബി കോർപ് കമ്പനി തീരുമാനിച്ചിട്ടുണ്ടാകുമോ ആരൊക്കെ തമ്മിലാണ് വിവാഹിതരാവുകയെന്ന് . അതോ ഭൂമിയിലാണോ ആ തീരുമാനങ്ങൾ എടുക്കപ്പെടുന്നത് ?
ബേബി കോർപ് കമ്പനി എവിടെയോ കേട്ട് നല്ല പരിചയം . അവൾ ഇടയ്ക്ക് കണ്ട ഏതോ അനിമേഷൻ സിനിമയിലേതാണ്. "ദി ബേബി ബോസ് " അതെ അത് തന്നെ. അനിമേഷൻ സിനിമ ഒക്കെ ഇത്ര പോപ്പുലറാണോ ? മനുഷ്യർ അഭിനയിക്കുന്ന സിനിമ തന്നെ കാണാൻ പറ്റാറില്ല പിന്നല്ലേ അനിമേഷൻ. അവൾക്ക് സിനിമ ഭ്രാന്താണ്. ഏത് ഭാഷ ആയാലും ഇരുന്ന് കാണും. ഒരു മടുപ്പുമില്ലാതെ.
മുരളി സാറിന്റെ മുഖമോർത്തത് കൊണ്ടാണോ എന്നറിയില്ല വിചാരിച്ചതിനേക്കാൾ നേരത്തെ ഓഫീസിലെത്തി . സർക്കാർ സ്ഥാപനത്തിലെ ഇൻസ്‌പെക്ഷൻ അല്ലേ , തുടങ്ങിയിട്ട് തുടങ്ങിയെന്ന് പറയാം.
...
ഇൻസ്‌പെക്ഷൻ തിരക്കുകൾ കഴിഞ്ഞപ്പോൾ സമയം രണ്ട് കഴിഞ്ഞു.
ഫോൺ എടുത്ത് നോക്കി. സ്‌ക്രീനിൽ അവളെന്നെ നോക്കി ചിരിക്കുന്നുണ്ട്. അത് കണ്ടപ്പോൾ എവിടുന്നൊക്കൊയോ ഓർമ്മകൾ വന്നെന്നെ വാരിപ്പുണർന്നു. രാവിലത്തെ ടെൻഷനിൽ അവളോട് എന്തൊക്കൊയോ പറഞ്ഞു. ഭക്ഷണം കഴിച്ചില്ല. ഏത് പേപ്പറിന്റെ പേരിലാണോ വഴക്കിട്ടത് ആ പേപ്പർ ആരും ചോദിച്ചതുമില്ല നോക്കിയതുമില്ല. ആർക്കും വേണ്ടാത്ത ഒന്നിന് വേണ്ടി എനിക്കേറ്റവും പ്രിയപ്പെട്ടവളോട് വഴക്കിടേണ്ട കാര്യമെന്തായിരുന്നു?
അവളോട് സംസാരിക്കാതിരിക്കാനായില്ല. റിംഗ് ചെയ്തു പക്ഷെ എടുത്തില്ല. ജോലിയിലാവും.
മനസ്സിനെ ശാന്തമാക്കാൻ ശ്രമിച്ചുക്കൊണ്ടിരുന്നു. മിസ്സ്ഡ് കാൾ കാണുമ്പോൾ തിരിച്ചു വിളിക്കുമെന്ന് കരുതി. വിളിച്ചില്ല.കുറച്ചു സമയം കഴിഞ്ഞു ഞാൻ വീണ്ടും ശ്രമിച്ചു. റിങ് ഉണ്ട് എടുക്കുന്നില്ല. നിരന്തരം വിളിച്ചുകൊണ്ടിരുന്നു. പിന്നീട് കേൾക്കുന്നത് "നിങ്ങൾ ഡയൽ ചെയ്ത നമ്പർ ഇപ്പോൾ സ്വിച്ചഡ് ഓഫ് ആണ്. ദയവ് ചെയ്ത് അൽപ്പ സമയത്തിനു ശേഷം വീണ്ടും വിളിക്കുക "
ആകെ ടെൻഷനായി. എന്താ അവൾ ഫോൺ എടുക്കാത്തത്? എന്നോട് പിണങ്ങി കാണുമോ അതോ മറ്റെന്തെങ്കിലും ? അറിയില്ല. എനിക്കൊന്നിനുമുള്ള ഉത്തരം കിട്ടിയില്ല. എത്രയും വേഗം അവളെ കാണണം. മറ്റൊന്നും എന്നെ ആശ്വസിപ്പിക്കില്ലെന്ന് ഉറപ്പുണ്ട്. അത് കൊണ്ട് വീട്ടിലേക്ക് പുറപ്പെട്ടു.
റേഡിയോ ഓൺ ചെയ്തതും ജോസെഫിലെ പാട്ടാണ് കേട്ടത്
"വരാം ഞാൻ നിനക്കായ് ഒരിക്കൽ ,നീയുള്ള ലോകങ്ങളിൽ
വരും നേരമെന്നോട് ചേരേണമെൻ ജീവനെ നീ
അതില്ലാതെ വയ്യെൻ നെഞ്ചോരം
നീ മാത്രം ഉയിരേ.... "
അവളെത്തിയിട്ടില്ല. സമയം 5.30 കഴിഞ്ഞു. ഇത്രയൂം വൈകാറില്ല. അല്ലെങ്കിലെന്നെ വിളിച്ചു പറയും. പറ്റിയില്ലെങ്കിൽ മെസ്സേജ് എങ്കിലും ചെയ്യും. ഇന്നിത് വരെ ഒന്നുമില്ല. ആകാശം മഴ മേഘം കൊണ്ട് മൂടി. ആരെ വിളിച്ചു തിരക്കും. എന്ത് പറയും . ഒരു പേപ്പറിന്റെ പേരിൽ വഴക്കിട്ടെന്നോ ? വാട്സാപ്പ് നോക്കി, ഇന്നലെ രാത്രിയാണ് ലാസ്‌റ് സീൻ. അവളെന്താ രാവിലെയും ഇത് വരെയും വാട്സാപ്പ് നോക്കാത്തത്? എന്നോട് പറയാതെ എങ്ങോട്ടും പോവില്ലെന്ന് വീണ്ടും വീണ്ടും പറഞ്ഞു. അവൾക്കെന്നെ വിട്ടിട്ട് പോകാനാവില്ല. പ്രതീക്ഷ ഇല്ലാതെ നിരാശപ്പെടാൻ വേണ്ടി തന്നെ വീണ്ടും ഫോൺ വിളിച്ചു.
സ്വിച്ച്ഡ് ഓഫ്. പരാജയപ്പെട്ട മനസ്സുമായി ഇരുന്നപ്പോഴാണ് ചാറ്റൽ മഴ നനഞ്ഞവൾ വന്നത്. ഇത്രയും നേരമെന്നെ മുൾമുനയിൽ തറച്ചതിൽ അൽപ്പം പോലും കുറ്റബോധമില്ലാതെ അവൾ കയറിപ്പോയതോർത്തു. ഇതാണോ ഞാൻ ആഗ്രഹിച്ചത്? ഇത്രയും അവഗണന ഞാൻ അർഹിക്കുന്നോ? ദേഷ്യപ്പെട്ടത് തെറ്റാണു എന്നാലും ഒരാശ്വാസ വാക്കു പോലും പറയാതെ അകത്തേക്ക് കയറി പോകാൻ മാത്രം ദുഷ്ട്ടനാണോ ഞാൻ ?
"ഹരിയേട്ടാ ,എന്തേ അവിടെ തന്നെ ഇരിക്കുന്നത്. ഇടിയും മിന്നലുമുണ്ട് അകത്തിരുന്നു മഴ കണ്ടാൽ പോരെ ?"
മറുപടി പറയാൻ തോന്നിയില്ല.അവളത് ആഗ്രഹിക്കുന്നുണ്ടാവില്ല. അല്ലെങ്കിൽ തന്നെ ഞാനെന്ത് പറഞ്ഞാലും എനിക്കെന്ത് തോന്നിയാലും അവളെയൊന്നും ബാധിക്കില്ല. എന്റെ മനസ്സിലുമുണ്ട് ഇടിയും മിന്നലും കോരിച്ചൊരിയുന്ന മഴയും. അതവൾ കണ്ടില്ല.
എന്റെ നിശബ്ദതയാണ് അവളെ ഏറ്റവും കൂടുതൽ അലട്ടുന്നത്. മറുപടി ഒന്നും കിട്ടാഞ്ഞിട്ടാവും പുറത്തേക്ക് വന്നു.
"വെറുതെ ഇരുന്ന് ആലോചിച്ചു കൂട്ടുകയാണ് ഹരിയേട്ടൻ. എന്തിനാ ഇങ്ങനൊക്കെ ? എന്റെ ഫോൺ ഓഫ് ആയതിന്റെ കാരണം അറിയണം.അതല്ലേ പ്രശ്നം. പറയാം."
എന്റെ പോക്കറ്റിൽ നിന്നും താക്കോലെടുത്തു കാറിനുള്ളിൽ നിന്നും മൊബൈൽ ചാർജർ എടുത്ത് കൊണ്ട് വന്നു.
"രാവിലെ പേപ്പർ കാണുന്നില്ലെന്ന ടെൻഷനിൽ ഇന്നലെ നമ്മൾ സംസാരിച്ചതൊക്കെ മറന്നു. ഓഫീസ് കാർ പണിപ്പുരയിലായത് കൊണ്ട് ഞാനിന്ന് കാറിൽ പൊയ്‌ക്കോട്ടെ എന്ന് ചോദിച്ചപ്പോൾ വേണ്ട നിന്നെ ഞാൻ കൊണ്ടാക്കാമെന്ന് പറഞ്ഞു രാത്രി സംസാരിക്കുന്നതിനിടയിൽ ആ ഫയലും പേപ്പറും നോക്കുന്നുണ്ടായിരുന്നു. ഇടയിലെപ്പോഴോ ആ പേപ്പർ സ്ഥാനം മാറിപ്പോയി. അറിയാതെ സംഭവിച്ചതാണ്.രാവിലെ വിശദീകരിക്കാൻ പറ്റിയ സാഹചര്യം അല്ലാത്തത് കൊണ്ടൊന്നും പറഞ്ഞില്ല. കാറിന്റെ താക്കോലെടുത്ത കൂട്ടത്തിൽ ചാർജറും കൂടി ഹരിയേട്ടൻ എടുത്തുകൊണ്ടു പോയി. രാത്രി ഫോണിൽ അല്ലേ നമ്മൾ പാട്ടു കേട്ടത് അപ്പോൾ ചാർജും ഇല്ലായിരുന്നു .ചാർജർ ഇല്ലാത്തത് കൊണ്ടൊന്നിനും കഴിഞ്ഞില്ല. ഐ ആം സോറി ഡിയർ . റിയലി സോറി മെസ്സേജ് പോലും ചെയ്യാത്തതിന്."
എല്ലാം കേട്ടു കഴിഞ്ഞിട്ട് എന്ത് പറയണമെന്നറിയാതെ ഞാനിരുന്നു. ആവശ്യമില്ലാത്ത കാര്യത്തിന് വെറുതെ ജീവിതത്തിൽ സുന്ദരമാകേണ്ടിയിരുന്ന ഒരു ദിവസം നശിപ്പിച്ചു. എനിക്കൊരു സോറി പറയാനുള്ള അർഹത പോലുമില്ല.ദേഷ്യം എന്നെ ഞാനല്ലാതാക്കുന്നു.
മഴ വീണ്ടും ശക്തിയാർജ്ജിച്ചു. അവളെ ചേർത്ത് പിടിച്ചാ കവിളിലൊന്ന് ചുംബിച്ചു. ഉള്ളിൽ തണുത്തുറഞ്ഞ ചിന്തകൾ അവളുടെ ചെറു പുഞ്ചിരിയിൽ ഉരുകി തുടങ്ങി.
കറുത്തിരുണ്ട മഴക്കാറുകൾ സുന്ദരമാണെങ്കിലും എനിക്കിഷ്ട്ടം തോരാതെ പെയ്യുന്ന മഴയാണ്.
കറുത്തിരുണ്ട മഴക്കാറുകൾ സുന്ദരമാണെങ്കിലും എനിക്കിഷ്ട്ടം തോരാതെ പെയ്യുന്ന മഴയാണ്.
ആഹാ. സുന്ദരമായി എഴുതി. തുടർന്നെഴുതൂ
ReplyDelete