Monday, May 18, 2020

മേഘരാഗം

M:" നിന്നിലേക്കുള്ള വഴികളിൽ ഞാൻ തീർത്ത വേലിയിൽ മുഖമടിച്ചു ഇന്ന് ഞാൻ  വീഴുന്നു..."

W:"വീഴുമ്പോ ചുറ്റും നോക്കി ആരും കണ്ടില്ലെന്ന് ഉറപ്പാക്കിയിട്ട് എണീറ്റു പോയാൽ മതി"

M:"കാണാനായി കാഴ്ചക്കാർക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ല.. 
ചെയ്യുന്നതൊക്കെയും കാണാൻ കൊതിച്ചവൾക്കു വേണ്ടി മാത്രം..."

W:"അവളൊരിക്കലും ആ വീഴ്ച കാണാൻ ആഗ്രഹിച്ചിട്ടില്ല. ആ വേലിയുടെ ഇടയിലൊരു വഴി എന്നും തുറന്ന് തന്നെ കിടന്നിരുന്നു"

M:"അവൾ ആഗ്രഹിച്ചത് എന്നിലെ നാളെകളെ ഞാൻ കൊതിച്ചതോ അവളോടൊപ്പം ഉള്ള ഇന്നലെകളെ.."

W:"ഇന്നലെകൾ കൊഴിഞ്ഞു പോയി സഖാവെ"

M:"വഴിമുട്ടിയവന് എല്ലാ വഴികളും അടഞ്ഞു കിടന്നിരുന്നു എന്ന മുൻവിധി.. 
ചരിത്രം അങ്ങനെ ആണ് അവനെ പഠിപ്പിച്ചത്"

W:"തെറ്റായ ചരിത്രങ്ങൾ എന്നും ശാപമാണ്"

M:"ശാപമേറ്റ ചരിത്രത്തെ ക്കാൾ കഷ്ടം ആണ് എഴുതപ്പെടാതെപോയ ചരിത്രം"

M:"ഇന്നലെകൾ കൊഴിഞ്ഞു പോയെങ്കിലും ശിശിരം അടിച്ചേൽപ്പിച്ച വേദന സഹിച്ച പൂമരത്തെ പോലെ നാളെയുടെ വസന്തം വന്നു ചേരുമെന്ന പ്രതീക്ഷയിൽ കഴിയുന്ന ഞാനും..  അതിനു മാത്രം ആയി ഞാൻ ഈ മഴ നനഞ്ഞു കൊണ്ടേയിരിക്കുന്നു"

W:"പ്രതീക്ഷിച്ച വസന്തം സഖാവിന്റെ ജീവിതത്തിൽ ഉണ്ടാവും"

M:"ആ പ്രതീക്ഷ വാടാതിരിക്കാൻ  ഞാൻ അതിലേയ്ക്ക് പെയ്തിറങ്ങുന്നു"

W:"ചിലതൊക്കെ ചരിത്രമാവാതിരിക്കാൻ കാരണങ്ങൾ ഉണ്ടാവാം"

M:"കാരണം കാണിക്കാത്ത സത്യങ്ങൾക്കു നോവിന്റെ സ്പർശം ഉണ്ടാകും 
ആൾക്കൂട്ടത്തിൽ തനിച്ചായിപ്പോയവന്റെ വേദന.."

W:"11 ആയി ഉറങ്ങുന്നില്ലേ"

M:"വല്ലാത്ത ഫീൽ വരികൾ അങ്ങനെ വരുന്നു. നീ ഉറങ്ങുന്നില്ലേ? "

W:"പെയ്തിറങ്ങുന്ന മഴയിൽ നനഞ്ഞിരിക്കണം...  മഴ കഴിഞ്ഞിട്ട് ഉറങ്ങാം സഖാവേ"

M:"അത് പെയ്തു തീരില്ല "

M::"മഴത്തുള്ളിയെക്കാൾ നാം സ്‌നേഹിക്കേണ്ടതു ഹൃദയം നുറുങ്ങുന്ന വേദനയിലും ആ തുള്ളിയെ ഭൂമിക്ക് വിട്ടുകൊടുക്കാൻ തയ്യാറായ ആ മേഘത്തിന്റ മനസിനെയാണ്.. ആ മേഘത്തോടാണ് എനിക്ക് എറ്റവും ഇഷ്ടം"

W:"വിങ്ങലോടെ മേഘത്തിൽ നിൽക്കുന്നതിലും നല്ലത് ഭൂമിയോട് ചേർന്ന് മറ്റുള്ളവർക്ക് സന്തോഷം പകരുന്നതല്ലേ? അവിടെ മേഘത്തിന് സ്വാർത്ഥത ഇല്ല . അല്ലെങ്കിൽ സ്വാർത്ഥതക്ക് അർത്ഥമില്ല .ഭൂമിയിൽ പതിക്കാത്ത മഴ തുള്ളികളെ ആരും സ്നേഹിക്കില്ല 
എന്നും മഴ തുള്ളി ആഴ്ന്നിറങ്ങേണ്ടതും ഭൂമിയിൽ തന്നെയാണ് "

M: "അതു സാധാരണം.  ഞാൻ ഇഷ്ടപ്പെടുന്നത് ആരും കാതോർക്കാത്ത അസാധാരണത്തെ. മഴത്തുള്ളികൾ വിട്ടു പോകുന്നതോടു കൂടി മേഘം ഇല്ലാണ്ടാവുന്നു.. അതാര് കാണുന്നു."

W:"അതിൽ അസാധാരണമില്ല കാരണം മഴ ആ രൂപം പ്രാപിക്കുന്നത് മേഘത്തിൽ നിന്നും വേർപ്പെടുമ്പോഴാണ് "

M:"മേഘത്തിനു പിന്നെ ആയുസില്ലല്ലോ"

W:"മഴമേഘങ്ങൾക്ക് അത്ര ആയുസ്സാണ് വിധിക്കപ്പെട്ടത്"

M:"മഴമേഘം എന്നും കറുത്തിട്ടാണ്.. ആ കറുപ്പ് അവന്റെ മനസിന്റെ വേദനയുടെ പ്രതിരൂപം ആണ്. തുള്ളിയെ പിരിയുന്നതിനുള്ള വിരഹത്തിന്റെ വേദന. "

W:"എത്ര വേദനിയിലും ആ മേഘങ്ങൾ വിട്ടു കൊടുക്കും"

M:"വിട്ടു പോകാൻ ആവാത്ത തുള്ളിയായി ഞാൻ ഉണ്ട്.. 
എനിക്ക് പെയ്തിറങ്ങേണ്ടത് ആ മേഘത്തിന്റെ നെഞ്ചിലേക്കാണ്"

W:"ആ ഒരു തുള്ളിയെ മാത്രം പിടിച്ചു നിർത്താൻ മേഘത്തിനായെന്ന് വരില്ല"

W:"ആ കറുപ്പ് മാത്രമല്ല  വിട്ടു കൊടുക്കുമ്പോൾ ഹൃദയം നുറുങ്ങുന്നൊരു വേദനയുണ്ട് അതാരും കേൾക്കാതിരിക്കാനാണു ഇടി വെട്ടുന്നത് 
പിടിച്ചു നിർത്താനാവാത്ത കണ്ണീരുണ്ട്, അതാരും കാണാതിരിക്കാനാണ് മിന്നൽ"

M:"ആ തുള്ളി അത്രമേൽ ആഗ്രഹിക്കുന്നുണ്ട് ആ മേഘത്തിന്റെ അവസാന തുള്ളിയായി നില്കാൻ"











2 comments: