Sunday, May 24, 2020

ഓർമ്മകൾ

W: "ആ കലാലയത്തിൽ നമ്മൾ തിരഞ്ഞ പ്രണയം നമുക്കുള്ളിലാണെന്ന് നാമെന്തേ അറിയാതെ പോയി"

M:"അറിയാൻ വേണ്ടി നാമൊരിക്കലും ഞാൻ നിന്നെയോ നീ എന്നെയോ കാണാൻ ശ്രെമിച്ചില്ല"

W:"മനസ്സിൽ നോക്കാതെ കണ്ണിൽ നോക്കിയത് കൊണ്ടാണോ"

M:"ചിലപ്പോൾ അതാവും മറ്റു ചിലപ്പോൾ കണ്ണിലെ പ്രണയം കാണാൻ കഴിയാത്ത വിധം തിമിരം ബാധിച്ചിരുന്നതു കൊണ്ടാവും"

W:"കാണാൻ ശ്രമിക്കാത്തത് കൊണ്ടാണോ? ആയിരിക്കും . അതാവും ഇപ്പോഴാ മുഖം ഞാനെന്റെ ഓർമ്മകളിൽ നിന്നും തിരയാൻ ശ്രമിക്കുന്നത്"

M:"കാണുവാൻ വേണ്ടി ഞാൻ നിൻ മുന്നിൽ വന്നിരുന്നില്ല അതാണ് സത്യം.."

W:"ഇല്ല അങ്ങനല്ല സഖാവേ , ഇന്നോർത്താൽ ഞാൻ കണ്ട എല്ലാ ഫ്രയ്മിലും താങ്കളുണ്ട്"

M:"മധുരതരമായ ഓർമകളെ തിരയുവാൻ ഞാൻ എന്റെ ഓർമകളെ നിന്നിലേയ്ക് പറഞ്ഞയക്കുന്നു"

W:"കാണേണ്ടത് കാണേണ്ട സമയത്തു കണ്ടില്ലെങ്കിൽ ഇങ്ങനെ ഓർത്തെടുത്തു കാണേണ്ടി വരും. ഓർമ്മകളെ പോലും കടമെടുക്കേണ്ടി വരുന്നു"

M:"കടമെടുക്കേണ്ടി വരുന്നത് നമ്മുടെ കൈയിൽ ഇല്ലാഞ്ഞിട്ടല്ല.. 
ആ ഓർമകളെ നമ്മൾ എന്തിന്റെയോ പേരിൽ ഓർക്കാൻ ഇഷ്ടപ്പെടാത്തത് കൊണ്ടാണ്"

W:"ഇഷ്ട്ടപ്പെടുന്നതൊക്കെയും ഓർക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ഓർമ്മകളിൽ ജീവിക്കാനാണിഷ്ടം "

M:"ഒരേ സമയം അന്നത്തെ ബ്ലാക്ക് &വൈറ്റ് ഓർമകൾക്ക് ഇന്ന് ചായം പൂശാൻ ശ്രേമിക്കുകയും അന്നത്തെ വർണശബളമായ ഓർമകളെ ഇന്ന് വെള്ള പൂശാനും ശ്രേമിക്കേണ്ടി വരുന്നു"

W:"ആവശ്യത്തിനും അനാവശ്യത്തിനും എടുത്ത് പൂശാൻ വിവിധ വർണ്ണങ്ങൾ നമുക്ക് ചുറ്റിലും ഉള്ളത് കൊണ്ട് ഇഷ്ട്ടത്തിനനുസരിച്ചെടുത്തു പ്രയോഗിക്കാം "

M:"ഓർമകളെ പുതുക്കി നെയ്തെടുക്കാൻ കഴിഞ്ഞിരുന്നെങ്കിൽ "

W:"പുതുക്കി നെയ്യുന്ന ഓർമ്മകൾക്ക് പഴമയുടെ മാധുര്യമുണ്ടാകുമോ? "

M:"പഴമയുടെ മാധുര്യം ഉണ്ടാവില്ലെങ്കിലും പഴയ ഓർമ്മകളിൽ കാലപ്പഴക്കത്താൽ കയറിക്കൂടിയ ചവർപ്പ് മാറ്റാമായിരുന്നു "

W:"പണിക്കൂലി കൊടുത്തു പഴയമയുടെ മാറ്റ് കൂട്ടുന്നതിലും നല്ലത് ആധുനികതയെ ഉൾക്കൊള്ളുന്നതല്ലേ ?"

M:"അതെ ആധുനികതയിൽ നിറയുന്നതൊക്കെയും നീ തന്ന ഓർമ്മകൾ ആവുന്നു എന്നതാണ് ഇപ്പോൾ എന്റെ ആശ്വാസം"

W:"പ്രാചീനമോ ആധുനികമോ ആയ ഓർമ്മകൾ നമുക്കിടയിൽ വേണ്ട സഖാവേ. ആ പഴയ ബ്ലാക് ആൻഡ് വൈറ്റ് ഫ്രെയിമിലുള്ള സഖാവാണ് ജീവിച്ചിരുന്നത്. വെള്ള പൂശാത്ത ഓർമ്മകളിലെ സഖാവ്. ചുവപ്പിനെ പ്രണയിച്ച സഖാവ്. ആ സഖാവിനെ ഓർക്കാനിഷ്ടം "


No comments:

Post a Comment