മിഴിനീർ പൊഴിക്കാത്ത പകലുകളും
നിന്നെയോർത്തിരുന്ന രാവുകളും
അരികിലിരുന്നുനിൻ ശ്വാസ നിശ്വാസത്തിൽ
ജീവിതമാസ്വദിച്ച നിമിഷങ്ങളും
അകലെയിരുന്നു മൊഴികളെ
താലോലിച്ചു നെയ്ത സ്വപ്നങ്ങളും
മിഴികളിൽ നീ കണ്ട പ്രണയം
ഒളിപ്പിക്കാൻ ശ്രമിച്ച പുഞ്ചിരികളും
നിശയുടെ മറയിലൊളിഞ്ഞു നോക്കും താരകളും
പ്രണയം ചൊരിയാനെത്തിയ മേഘങ്ങളും
ആ പേമാരിയിൽ
ഒഴുകിയൊടുവിലെത്തിയതോ
സ്വപ്നങ്ങളെ മരവിപ്പിക്കും വേദനകൾ
വിതയ്ക്കും കവിയരങ്ങിൽ.
നിന്നോട് പറയുവാനാശിച്ചതെല്ലാം
ഞാൻ മനഃപാഠമാക്കി വച്ചെങ്കിലും
നീറുന്നൊരേകാന്തതയിൽ
നീ കടന്നു വന്ന നിമിഷം
വിശ്വസിക്കാനായില്ലെനിക്കെൻ മിഴികളെ
പകുത്തു നല്കാനായില്ലെനിക്കെൻ ഹൃദയം
പറയുവാനായില്ലെനിക്കെൻ പ്രണയം
കനവിലും നിനവിലും
നീ മാത്രമാണെന്ന് ചൊല്ലുവാനായില്ല
അറിയില്ലൊരിക്കലും നീയെനിക്കാരാണെന്ന സത്യം
അറിഞ്ഞാലുമൊരിക്കലും അടുക്കുവാനാവില്ല
നമുക്കീ ജീവിത വീഥിയിൽ.
പെയ്തു തോരാത്ത മഴയായി
മണ്ണിലേക്കാഴ്ന്നിറങ്ങുമ്പോഴും
നിന്നെ പ്രണയിച്ചു മരിക്കാതെ
ഞാനിവിടുണ്ടാകും
No comments:
Post a Comment