Tuesday, February 28, 2012

മഴ

തെളിഞ്ഞ നീലാകാശത്തെ തുടച്ചുമാറ്റി കാര്‍മേഘങ്ങള്‍ കൂടണഞ്ഞു
മേഘങ്ങള്‍ ഇളകി മറിയുന്നു, നിറഞ്ഞു തുളുമ്പാറായി   നില്‍ക്കുന്നു
ഒരു നിറകുടം തുളുമ്പും പോലെ മഴത്തുള്ളികള്‍ ഭൂമിയില്‍ പതിക്കാന്‍ തുടങ്ങി 
സൂര്യതാപത്താല്‍ വിണ്ടുക്കീറിയ ഭൂമിക്കാശ്വാസം  പകര്‍ന്നു കൊണ്ട്
ഓരോ തുള്ളിയും ഭൂമിയിലേക്കാഴ്ന്നിറങ്ങി
മണ്ണിനോട് പൊരുതി ജീവിക്കുന്ന കര്‍ഷകന്റെ മനസ്സൊന്നു തണുത്തു
അവന്റെ കുടുംബം വരാന്‍ പോകുന്ന നല്ലകാലത്തെ കുറിച്ചോര്‍ത്തു സന്തോഷിച്ചു
കടലാസ് കപ്പലുകള്‍ ഒഴുക്കി വിടാന്‍ ഒരു തുള്ളി വെള്ളമില്ലാതെ വേദനിച്ച കുരുന്നുകളുടെ
മനസ്സും ഒന്നു തണുത്തു
അവരുടെ കപ്പലുകളെ മഴത്തുള്ളികള്‍ മുക്കി കളഞ്ഞു
ആ തുള്ളികളോട് മത്സരിക്കുമ്പോലെ കൂടുതല്‍ കപ്പലുകള്‍ ഒഴുക്കി വിട്ടു കൊണ്ടേ ഇരുന്നു
ഓരോന്നും അധിക ദൂരമെത്തും മുന്‍പേ മഴത്തുള്ളികളില്‍ ഇഴുകി ചേര്‍ന്നു.



ആ മഴയത്ത് ഞങ്ങളും ആഘോഷിച്ചു
മരച്ചില്ലകള്‍ക്കിടയിലൂടെ ഇറ്റിറ്റു വീഴുന്ന മഴത്തുള്ളികള്‍ ,
പുതു മണ്ണിന്റെ ഗന്ധം എനിക്കു ചുറ്റും പാടി നടന്നു
ഈ മഴ ഞാന്‍ നനയുമെന്നു ഒരിക്കലും കരുതിയില്ല
വിരല്‍തുമ്പില്‍ സ്പര്‍ശിക്കുന്ന ഓരോ തുള്ളിക്കും
എന്നോട് പറയുവാന്‍ ഒരായിരം കഥകള്‍ ഉണ്ടായിരുന്നു  
ഇരുട്ടിന്റെ മറവില്‍ എവിടുന്നോ വീണ പ്രകാശത്തില്‍ നിഴലുകള്‍ മാത്രം
നിഴലുകള്‍ ഊഞ്ഞാലാടി രസിക്കുന്നതില്‍ ഒരു നിഴലായി ഞാനും
മനസ്സും ഞാന്‍ അറിയാതെ തുള്ളികൾക്കൊപ്പം രസിക്കുകയായിരുന്നു
ആ മരം ഒരു കുടയായി ഞങ്ങളെ മഴത്തുള്ളികളില്‍ നിന്നും ഒളിപ്പിക്കുവാന്‍ ശ്രമിച്ചുവെങ്കിലും
ഇലകള്‍ക്കിടയിലൂടെ.. ചില്ലകള്‍ക്കിടയിലൂടെ....
 മഴത്തുള്ളികള്‍ കുറുമ്പും കുസൃതിയുമായി ഞങ്ങളെ വന്നു പുല്‍കി
ആ നിമിഷത്തിന്റെ ഉണര്‍വും ഉന്മേഷവും ഞാന്‍ അറിയുന്നു ഈ നിമിഷവും
ആ നിമിഷം എനിക്കു നല്‍കിയ എന്റെ പ്രിയപ്പെട്ട അനിയത്തി കുട്ടിക്ക് ഒരായിരം നന്ദി    

  

No comments:

Post a Comment