Wednesday, February 29, 2012

അറിയാതെ തെളിഞ്ഞ ദീപം

ജീവിതത്തില്‍ ഒരിക്കലും കണ്ടു മുട്ടുമെന്നു കരുതിയതല്ല .... ഏതൊക്കൊയോ വഴികളിലൂടെ നടന്നു , എങ്ങോട്ട് പോകണമെന്നറിയാതെ ,  ആരോട് എന്ത്  പറയണമെന്നറിയാതെ ,  ആരെ വിശ്വസിക്കണം എന്നറിയാതെ ഒരുപാട് വര്‍ഷങ്ങള്‍ പിന്നിട്ടു . എല്ലാം മനസ്സില്‍ ഒതുക്കി, ആരോടും പരാതിയും പരിഭവവും ഇല്ലാതെ കുറെ  വര്‍ഷങ്ങള്‍ ... സ്നേഹിക്കാന്‍ ഒരാള്‍ ഉണ്ടായിരുന്നെങ്കിലെന്ന്  തോന്നി പക്ഷെ ആര്‍ക്കും എന്നെ സ്നേഹിക്കാന്‍ കഴിയില്ല അല്ലെങ്കില്‍ സ്നേഹിച്ചു പാതി വഴി ഉപേക്ഷിക്കുമോ എന്ന്  തോന്നി . ആരെ സ്നേഹിക്കും , എന്നെ സ്നേഹിക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമോ എന്നുള്ള ചിന്ത മനസിനെ വല്ലാതെ വീര്‍പ്പുമുട്ടിച്ചു . പല മുഖങ്ങള്‍ മനസിലൂടെ  കടന്നു പോയി . കാറ്റത്ത്‌  മറിഞ്ഞു പോകുന്ന പുസ്തക താളുകള്‍ പോലെ ഓരോ മുഖവും മാഞ്ഞു പൊയ്ക്കൊണ്ടേ  ഇരുന്നു .



ഇടയ്ക്ക്  കാറ്റിന്റെ വേഗത ഒന്ന് കുറഞ്ഞു , ആ നിമിഷം മനസ്സില്‍ നിറഞ്ഞു നിന്നത് അവളുടെ മുഖം ആയിരുന്നു , പാറിപ്പറക്കുന്ന മുടി ഇഴകള്‍ , നക്ഷത്ര തിളക്കമുള്ള കണ്ണുകള്‍ , ആരിലും ഉന്മേഷം ഉണര്‍ത്തുന്ന വാക്കുകള്‍ ,  അവളെ ഒന്ന് കാണാന്‍ അവളുടെ ശബ്ദം ഒന്ന് കേള്‍ക്കാന്‍ ആഗ്രഹിച്ചു . എന്റെ തമാശകളില്‍ പൊട്ടി ചിരിക്കുന്ന അവളെ എങ്ങനെ മറക്കും ഞാന്‍ . . .  ഓരോ നിമിഷവും അവള്‍ എന്റെ കൂടെ ഉണ്ടായിരുന്നെങ്കില്‍ , എന്നെ മാത്രം സ്നേഹിച്ചുക്കൊണ്ട് . അവളുടെ സ്നേഹം മറ്റാര്‍ക്കും വിട്ടുകൊടുക്കാന്‍ മനസ്സെന്നെ അനുവദിച്ചില്ല . അവള്‍ പോലുമറിയാതെ അവളെ ഞാന്‍ സ്നേഹിക്കാന്‍ തുടങ്ങിയിരിക്കുന്നു .



 എവിടേയ്ക്കോ  മറയാന്‍ ആഗ്രഹിക്കുന്ന സൂര്യനെ നോക്കി ഈ കുന്നിന്‍ചെരുവില്‍ ഇരുന്നോര്‍ത്തു ഞാന്‍ , ഇന്ന് കാര്‍ത്തികയാണ്  , അവളിപ്പോള്‍ വീട്ടില്‍ ചിരാതുകൾ  തെളിയിക്കുകയാവും  , ഒരു മെസ്സേജ് അയച്ചു നോക്കാം . എന്റെ ഊഹം തെറ്റിയില്ല അവള്‍ ദീപങ്ങള്‍ തെളിയിക്കുന്ന തിരക്കിലാണ്  . അവളോട് ചോദിച്ചു , " ഞാനും ഒരു ദീപം കൊളുത്തട്ടെ ". ഒരു തമാശ പോലെ അവള്‍ ചോദിച്ചു വീട്ടില്‍ സ്ത്രീകള്‍ ആരുമില്ലേ എന്ന് . മറുപടി പറയാന്‍ നിന്നില്ല  . പക്ഷെ അവള്‍ അറിയുന്നില്ല അവള്‍ എന്റെ മനസ്സില്‍ ഒരു കെടാവിളക്കായി ജ്വലിക്കാന്‍  തുടങ്ങിയിരിക്കുന്നു .









ഇപ്പോള്‍ എന്നെ മുന്നോട്ടു നയിക്കുന്നത്  , അന്ന്  അവള്‍ അറിയാതെ ഞാന്‍ കൊളുത്തിയ ആ ദീപമാണ്. സ്നേഹത്തിന്റെയും പ്രതീക്ഷയുടെയും ദീപം .


2 comments: