ബഥനി കുന്നിലെ പിങ്ക് നിറത്തിലുള്ള കെട്ടിടത്തിലേയ്ക്ക് ആദ്യ പടവുകള്‍ കയറിയപ്പോള്‍ അറിഞ്ഞിരുന്നില്ല ആ ക്യാമ്പസ് എനിക്കെന്താണ് വച്ച് നീട്ടുന്നതെന്ന് . അറിയുന്ന മുഖങ്ങള്‍ വളരെ ചുരുക്കം. ബി എസ് സി ക്ലാസ്സ് മുറിയില്‍ ഒരുപാടു പേരുണ്ട് , അതില്‍ ആരോട് മിണ്ടണം ആരുടെ അടുത്ത് ചെന്നിരിക്കണം എന്നൊനും അറിയാതെ പകച്ചു നിന്ന നിമിഷം . എന്നാലും ഒന്നും പുറത്തു പ്രകടിപ്പിക്കാതെ മുന്‍ സീറ്റില്‍ തന്നെ സ്ഥാനം ഉറപ്പിച്ചു. ദിവസങ്ങള്‍ ഓരോന്നായി കടന്നു പോയി.
അവളെ ഞാന്‍ ആദ്യം ശ്രദ്ധിച്ചത് എപ്പോഴാണെന്ന് എനിക്ക് കൃത്യമായി പറയാന്‍ അറിയില്ല. ആദ്യ വര്‍ഷത്തിന്റെ അവസാനത്തെ ഒരു മാസം ഞാന്‍ ക്ലാസ്സില്‍ പോയില്ല. വര്‍ഷാവസാന പരീക്ഷയ്ക്ക് എന്ത് ചെയ്യുമെന്ന്‍ അറിയാതെ നിന്ന എന്റെ മുന്നില്‍ ഒരു കെട്ടു കടലാസുമായി അവള്‍ നിന്നു. ആദ്യം എനിക്കൊന്നും മനസ്സിലായില്ല . ഒരു മാസത്തെ എല്ലാ വിഷയത്തിന്റെ കുറിപ്പുകളും ആണെന്നവള്‍ പറഞ്ഞു . ചുട്ടു പൊള്ളുന്ന വെയിലത്ത് നടന്നു തളര്‍ന്ന എനിക്ക് ഒരല്‍പ്പം ആശ്വാസം പകരാനായി ദൈവം നട്ടു വളര്‍ത്തിയ ഒരു തണല്‍മരമായി അവള്‍ .
മൂന്ന് വര്‍ഷം കടന്നു പോയതറിഞ്ഞില്ല ... മൂന്നാം വര്‍ഷം ക്ലാസ്സ് മുറിയിലെ സൈഡ് ബെഞ്ചില്‍ എന്നോടൊപ്പം ഇരുന്ന അവളെ ഞാന്‍ കൂടുതലറിഞ്ഞു. പേപ്പര്‍ റോക്കറ്റ് വിക്ഷേപിക്കുന്നതായിരുന്നു അവളുടെ ഇഷ്ട വിനോദം. ഇന്ത്യ എന്ന മഹാ രാജ്യത്തെ കുറിച്ച് പറയുമ്പോള്‍ അവളുടെ കണ്ണുകളിലെ തിളക്കം , സന്ധ്യ സമയത്ത് കാണുന്ന വീനസിന് പോലും അത്രയേറെ തിളക്കമില്ല എന്ന്‍ എനിക്ക് തോന്നി . ദേഷ്യം വന്നാല്‍ ജനാലകള്‍ ചാടി എങ്ങോട്ടോ ഓടി മറയും. ശത്രുവിനെ കാണുമ്പോള്‍ ഉള്‍വലിയുന്ന ആമയെ പോലെ സങ്കടം വരുമ്പോള്‍ ആരുടേയും മുന്നില്‍ പെടാതെ ഒഴിഞ്ഞു മാറാന്‍ അവള്‍ക്കുള്ള കഴിവ് മറ്റാര്‍ക്കും ഉണ്ടായിരുന്നില്ല. മനസൊന്നു തണുത്ത് കഴിഞ്ഞാല്‍ പിന്നെ വീണ്ടും പഴയതിലും ഊർജ്ജസ്വലയായി അവള്‍ ഞങ്ങള്‍ക്ക് മുന്നില്‍ നിറഞ്ഞു നിന്നു.
കിരണ്‍ ബേദി എന്ന ആദ്യ വനിതാ ഐ പി എസ്സുകാരിയെ മനസ്സില്‍ ആരാധിക്കുന്ന അവളുടെ ആഗ്രഹം ഇന്ത്യന്‍ മിലിട്ടറിയിൽ ചേരണമെന്നാണ്. ശത്രുക്കളില്‍ നിന്നും എന്റെ രാജ്യത്തെ രക്ഷിക്കാന്‍ അവള്‍ക്ക് വേണ്ടത് ഒരു സൈനികന്റെ വേഷമാണെങ്കില്‍ അവള്‍ക്കത് കിട്ടുന്നതില്‍ എനിക്ക് സന്തോഷമേ ഉള്ളു. ഇന്ത്യന്‍ പതാക ഉയര്‍ത്തുന്ന ഒരു സ്വാതന്ത്ര്യ ദിനത്തില്‍ അവളും ഉണ്ടാകും , ഒരു കുഞ്ഞിന്റെ നിഷ്കളങ്കതയോടെ എനിക്ക് മുന്നില്‍ പുഞ്ചിരിക്കുന്ന എന്റെ പ്രിയ വിക്ടോറിയ.
No comments:
Post a Comment