Saturday, May 30, 2026

നീല ഗിരിയുടെ സമ്മാനം

 കഴിഞ്ഞ വർഷം നീല ഗിരി കുന്നിലേക്ക് ഞാനെന്നെ പറിച്ചു നടാൻ പോകുമ്പോൾ മനസ്സിലാകെയുള്ള കണക്ക് കൂട്ടൽ  സാമ്പത്തികമായി മെച്ചപ്പെടണം.അതിൽ കൂടുതലൊന്നും ആഗ്രഹിക്കാനോ മോഹിക്കാനോ താഴ്വരകളിൽ ഉണ്ടായിരുന്നില്ല. എവിടെ നോക്കിയാലും തേയില തോട്ടങ്ങളും, പച്ചക്കറി കൃഷിയും, മൂടൽ മഞ്ഞും, കുന്നിൻ ചരിവിലൂടെ ഇഴഞ്ഞു നീങ്ങുന്ന TN 43 വാഹനങ്ങളും കൂടാതെ വിനോദ സഞ്ചാരികളുടെ KL അല്ലെങ്കിൽ   KA വാഹനങ്ങളും . അതിശയിപ്പിക്കുന്ന പ്രകൃതി സൗന്ദര്യം ഒന്നോ രണ്ടോ ദിവസം മനസ്സിന് കുളിർമ തോന്നിപ്പിക്കും പക്ഷെ അത് കഴിഞ്ഞാൽ പിന്നൊരു മരവിപ്പാണ്. മാറ്റങ്ങൾ ഇല്ലാതെ എന്നും ഒരേ കുന്നും താഴ്വരയും. ചുറ്റുമുള്ള മനുഷ്യ ജീവിതങ്ങൾ പോലും തണുത്തുറഞ്ഞ അവസ്ഥയാണ്. ഈ മൂകതയിൽ നിന്നും മോചനം കിട്ടിയത് ബ്രൗണിയെ കാണാൻ തുടങ്ങിയ ശേഷമാണ് . 

കടുവയും പുലിയും ആനയും പോത്തും വാഴുന്ന വന്യതയുടെ ആഴങ്ങളിൽ നിന്നും വന്ന ബ്രൗണി . പേര് പോലെ തന്നെ ബ്രൗൺ നിറമാണ് അതുകൊണ്ടാവും എല്ലാവരും അവനെ ബ്രൗണി എന്ന് വിളിച്ചു . ആരോടും പെട്ടെന്ന് ഇണങ്ങും. ബിസ്ക്കറ്റ് മാത്രം കൊടുത്തു ഞാൻ പിടിച്ചെടുത്ത സ്നേഹവും വിശ്വാസവുമാണ് ഇന്നെന്റെ വീട്ടിലെ ഒരംഗമായി മാറിയ ബ്രൗണി. പലരും അവനു ഭക്ഷണം കൊടുത്തു മോഹിപ്പിച്ചു എന്നിട്ട് നാട്ടിലേക്ക് പോകാൻ സമയമായപ്പോ മനുഷ്യന്റെ സ്വഭാവം കാണിച്ചു. എനിക്കെന്തോ അവനെ അവിടെ ഉപേക്ഷിച്ചു വരാൻ തോന്നിയില്ല. സ്വാഭാവികമായ മനുഷ്യ ഭയം കാരണം യാത്രയ്ക്ക് തലേ ദിവസം പ്രതിരോധ കുത്തിവെപ്പ് നടത്തി. അങ്ങനെ എല്ലാ തലത്തിലും ബ്രൗണി തയ്യാറായി കഴിഞ്ഞു ഒരു നീണ്ട യാത്രക്ക്. 

അവനറിയില്ല ഞാൻ എങ്ങോട്ടാണ് കൊണ്ട് പോകുന്നതെന്ന്. ആദ്യമായിട്ടാണ് കാറിലെ യാത്ര. അത് കൊണ്ട് തന്നെ മനുഷ്യനെ പോലെ ബ്രൗണിക്കും motion sickness ബാധിച്ചു. ഓരോ തവണയും കാറിൽ നിന്നിറക്കി വൃത്തിയാക്കി കുറച്ചു നേരം കഴിഞ്ഞു വീണ്ടും യാത്ര തുടർന്നു. മൂന്ന് തവണ അവൻ സ്വയമേ കാറിൽ കയറി എങ്കിലും നാലാം തവണ അവൻ വിമുഖത കാണിച്ചു എന്ന് മാത്രമല്ല എന്നിൽ നിന്നും അകന്നകന്ന് പോയി,എന്നോടപ്പം വരാൻ തയ്യാറല്ലാത്ത പോലെ. വിട്ടു കളയാൻ ഇഷ്ടമല്ലെങ്കിൽ പോലും പിടിച്ചു നിർത്താൻ എനിക്കവകാശമില്ലാത്ത പോലെ തോന്നി. ചിലപ്പോൾ അവനിഷ്ടം ആ വന്യതയിൽ പതുങ്ങിയിരിക്കുന്ന ജീവിതമാകാം. അങ്ങനൊക്കെ ആശ്വസിച്ചു യാത്ര തുടർന്നെങ്കിലും വീട്ടിലെത്തിയിട്ട് എനിക്ക് മനഃസമാധമില്ലാതായി . പൂർണമായി ബ്രൗണിയെ ഉപേക്ഷിക്കാൻ ഉപബോധ മനസ്സെന്നെ അനുവദിച്ചില്ല. പലരോടും തിരക്കി സാദ്ധ്യതകൾ അറിയാൻ. ചിലർ പറഞ്ഞു അവന്റെ സ്വന്തം കുന്നിലേക്ക് തന്നെ മടങ്ങിപ്പോകും. ഡോഗ് സ്‌ക്വാഡിൽ ജോലി ചെയ്യുന്ന ചേട്ടനോട് തിരക്കി. ചേട്ടൻ ഉറപ്പിച്ചു പറഞ്ഞു ഒരു കാരണവശാലും ഇത്രയും ദൂരം അവൻ പോകില്ല.ആ വാക്കിന്റെ ബലത്തിൽ അവനെ അന്വേഷിച്ചു തിരിച്ചു പോകാൻ തന്നെ തീരുമാനിച്ചു; വനം വന്യ ജീവി വകുപ്പിലെ ഉദ്യോഗസ്ഥനായ ഭർത്താവ് തന്നെയാണ് ഇങ്ങനെ ഒരു തീരുമാനത്തിന് കാരണം. 

ബ്രൗണിക്ക് നമ്മുടെ കൂടെ നില്ക്കാൻ താല്പര്യമുണ്ടെങ്കിലോ എന്ന ഒറ്റ പ്രതീക്ഷയിൽ  ഒരു  തവണ കൂടി നീലഗിരിയിലേക്ക് പോകാൻ ഞങ്ങൾ തീരുമാനിച്ചു.  ചുരം കയറിയപ്പോൾ കണ്ട കടകളിലും ഫുഡ് ട്രക്കിലും എല്ലാം ബ്രൗണിയെ തിരക്കി . ചില ആളുകൾ അവനെ തലേന്നാൾ കണ്ടു. പക്ഷെ എങ്ങോട്ട് പോയെന്ന് അവർക്കും അറിയില്ല. അവിടെ മുഴുവൻ നോക്കിയെങ്കിലും ഞങ്ങളുടെ കണ്ണിൽപ്പെടാതെ അവനെവിടെയോ മറഞ്ഞിരുന്നു.ഏതേലും ഗ്രാമത്തിലേക്ക് കയറി പോയാൽ പിന്നെ കിട്ടാനുള്ള സാധ്യത കുറവാണ്  എന്നാലും പ്രതീക്ഷ കൈ വിടാതെ , ചില ആളുകൾക്ക് ഫോൺ നമ്പർ കൊടുത്തിട്ട് ഞങ്ങൾ നിരാശയോടെ മടങ്ങി. ഞങ്ങളുടെ കാത്തിരിപ്പ് വെറുതെ ആയില്ല.പ്രതീക്ഷക്ക് അവസാനം കുറിച്ച് കൊണ്ടൊരു ഫോൺ കാൾ വന്നു. ബ്രൗണിയെ കിട്ടി. അവനൊരു കടയുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടു. നാല് ദിവസത്തെ മനസമാധാനക്കേടിന് അന്ത്യം കുറിച്ചു. 

അടുത്ത ദിവസം വീണ്ടും നീലഗിരിയിലേക്ക് തിരിച്ചു- ലക്ഷ്യബോധത്തോടെയുള്ള യാത്ര. ലേശം സന്നാഹങ്ങളൊക്കെ ഉണ്ട് ഇത്തവണ യാത്രയിൽ; അടച്ചുറപ്പുള്ളൊരു കൂട് . യാത്രയുടെ ബുദ്ധിമുട്ട് കുറയ്ക്കാമെന്ന്  കരുതി എടുത്ത് വച്ചതാണ്. 

അവിടെ എത്തിയപ്പോൾ സൂര്യാസ്തമനമായി . ചെക്‌പോസ്റ്റിലെ കുളിമുറിയിൽ അവനെ അവർ പൂട്ടി ഇട്ടിരുന്നു. ഭക്ഷണം കഴിക്കാൻ കൂട്ടാക്കുന്നില്ല എന്ന് ഫോണിൽ കൂടി അറിയിച്ചിരുന്നു. എന്നെ കണ്ടതും അവന്റെ സ്ഥിരം പിണക്കവും കരച്ചിലും ഒക്കെ ആയി. ഒരു ദിവസം മുഴുവൻ ഒറ്റയ്ക്ക് കിടന്നതിനെ പരിഭവം വേറെയും. എന്നാലും എല്ലാത്തിനുമൊടുവിൽ അവനെ കിട്ടിയല്ലോ അത് തന്നെയാണ് വേണ്ടിയിരുന്നത്.

ഇത്തവണ കൂടൊന്നും വേണ്ടി വന്നില്ല. അനുസരണയുള്ള കുട്ടിയെ പോലെ ഡിക്കിയിൽ മിണ്ടാതെ കിടന്നു. യാതൊരു തരത്തിലുള്ള യാത്ര ക്ലേശങ്ങളുമില്ലാതെ രാത്രിയോടെ ഞങ്ങൾ കൂടണഞ്ഞു. 



Thursday, June 26, 2025

കാനന വാർത്തകൾ തുടരും

 ബിരുദവും ബിരുദാനന്ദര ബിരുദവും കഴിഞ്ഞ് മാധ്യമ പ്രവർത്തനം പഠിക്കാൻ പോയത് അച്ഛന്റെ നിർബന്ധം കൊണ്ടാണ്. എന്നാലും അറിവ് നേടുക എന്നത് എന്നും കൗതുകമുണർത്തുന്ന കാര്യമായത് കൊണ്ട് ഇഷ്ടക്കേടുകൾ അധിക നാൾ നില നിന്നില്ല. തിരുവനന്തപുരം പ്രെസ്സ് ക്ലബ്‌ കെട്ടിടവും, പഠിപ്പിക്കാൻ വരുന്ന മാ  പ്രകളും ഒരു പരിധി വരെ അതിനു കാരണമാണ്. മറ്റ് ജില്ലകളിൽ നിന്നും മാധ്യമ പ്രവത്തകരാവാൻ വന്ന യുവ തലമുറ. സേവന മനോഭാവം എന്നത് പുസ്തകത്തിൽ ഒതുങ്ങുമെന്ന് മനസ്സിലാക്കാൻ അധിക സമയം വേണ്ടി വന്നില്ല. വ്യക്തിപരമായ കാരണങ്ങൾ കൊണ്ട് തന്നെയാണ്  ഈ വിഷയത്തെ കുറിച് സംസാരിക്കുന്നത് 

പത്രത്തിലും ടി വിയിലും സ്ഥിരമായി കാണുന്ന വാർത്തയാണ് വന്യ ജീവി ആക്രമണത്തിൽ കൃഷി നാശം, ജീവ ഹാനി, നാശ നഷ്ടങ്ങൾ. ഈ വരുന്ന വാർത്തയിൽ എത്ര ശതമാനം സത്യമുണ്ടെന്ന് ആരെങ്കിലും തിരക്കാറുണ്ടോ?? കാടിന്റെ അതിർത്തിയിൽ സ്ഥലം കൈയേറി കൃഷി ചെയ്യുമ്പോൾ ഓർക്കണം കാട് ഒരാൾക്കും സ്വന്തമല്ല എന്ന്. കാടിനുള്ളിൽ ജീവിക്കുന്ന ആദിവാസികൾക്ക് പരാതികൾ ഇല്ല. ഏറ്റവും കൂടുതൽ പരാതി ആർക്കാണ്?? മലകളും കാടുകളും  കൈയേറി കൃഷി ചെയ്ത് ജീവിക്കുന്നവർക്കാണ്. അവർക്ക് വേണ്ടി വാർത്തകൾ വളച്ചൊടിക്കുന്നത് മാധ്യമപ്രവർത്തകരും. 

 കൃഷി സംരക്ഷിക്കാൻ വേണ്ടി ഉണ്ടാക്കുന്ന ഫെൻസിങ് വൈദ്യുതി കാരണം മൃഗങ്ങൾ മരിച്ചാൽ ആ നഷ്ടം  എങ്ങനെ ആണ് നികത്തുന്നത്. അത്തരം വാർത്തകൾക്ക് ഈ പ്രാധാന്യം കൊടുക്കാൻ എന്തേ ഇവരുടെ സാമൂഹിക ബോധം അനുവദിക്കാത്തത്? ഇതിൽ നിന്ന് വ്യക്തമല്ലേ, വാർത്ത മതി. അത് ശരിയോ തെറ്റോ ഒന്നും അറിയണ്ട. വായിച്ചിട്ട് ആരെ കുറ്റം പറയാം, സർക്കാരിനെയും വനം വകുപ്പിനെയും, വനം വകുപ്പ് ഉദ്യോഗസ്ഥന്മാരെയും. 

 

മാസങ്ങളോളം ശമ്പളമില്ലാതെ ജോലി ചെയ്യുന്ന വനം വകുപ്പ് വാച്ചർമാരെ കുറിച് ആരെങ്കിലും പറയാറുണ്ടോ? ഒരാന ഇറങ്ങിയാൽ അതിനെ തിരികെ കാട്ടിലേക്കോടിക്കാൻ പടക്കം പൊട്ടിച്ചു ഓടുന്ന വാച്ചർമാരെ കുറിച് അറിയാമോ ആർക്കെങ്കിലും? രാവും പകലും എന്നില്ലാതെ കാടും മേടും കയറി ഇറങ്ങുന്ന ഒരു കൂട്ടം വാച്ചർ മാരുണ്ട് വനം വകുപ്പിൽ. കുടുംബവും പ്രാരാബ്ധവും നോക്കാതെ 24*7 ഡ്യൂട്ടി ചെയ്യുന്ന ബീറ്റ് ഫോറെസ്റ്റ് ഓഫീസർ ഉണ്ട്, ഫോറെസ്റ്റർ ഉണ്ട്, റേഞ്ച് ഓഫീസർ ഉണ്ട്. സിനിമയിൽ കാണുന്ന പോലെ തോക്കും ബോംബും കൊണ്ടൊന്നുമല്ല ഇവർ കാട്ടിൽ കയറി ഇറങ്ങുന്നത്. സ്വന്തം ജീവന് ഒരുറപ്പും ഇല്ലെന്ന് അറിഞ്ഞിട്ടാണ് ഇവരൊക്കെ ജോലി ചെയ്യുന്നത്. ഇതൊന്നും കാണാതെയും പറയാതെയും ആന ഇറങ്ങി, പുലി ഇറങ്ങി, വനം വകുപ്പിന്റെ അനാസ്ഥ, ഉത്തരവാദിത്തം ഇല്ലായ്മ എന്നൊക്കെ പറയുന്നവർ വാർത്ത അച്ചടിക്കും മുൻപേ എല്ലാ കാര്യങ്ങളെ കുറിച്ചും ഒരു ധാരണ ഉണ്ടാക്കണം. ആ ധാരണ ഇല്ലാത്തതും അറിയാൻ  താല്പര്യം ഇല്ലാത്തതുമാണ് മാധ്യമ പ്രവർത്തനം ഇത്രയും അധഃപതിക്കാൻ കാരണം. 

ഉദാഹരണം പറയാം, ആനയെ ഓടിക്കാൻ വനം വകുപ്പ് പോകുന്നു എന്നറിഞ്ഞാൽ ഉടനെ ക്യാമറയും പൊക്കി ആന പോകുന്ന വഴിയുടെ മുന്നിൽ ചെന്ന് നിൽക്കും. എന്നിട്ട് വാർത്ത പറയും - വനം വകുപ്പിന്റെ അനാസ്ഥ കാരണം ആനയെ കാട്ടിലേക്ക് കയറ്റാൻ സാധിച്ചില്ല. സത്യത്തിൽ ഇവരുടെ ആവശ്യം ആന കാട്ടിൽ കയറണമെന്നാണോ അതോ "visuals " കിട്ടണം എന്നാണോ? വർഷങ്ങൾക്ക് മുൻപ് അനന്തപുരിയുടെ ഹൃദയ ഭാഗത്തു കുളത്തിൽ ഒരാളെ മുക്കി കൊല്ലുന്നത് കണ്ടിട്ടും രക്ഷിക്കാതെ ,അതും ഷൂട്ട് ചെയ്ത സാമൂഹിക ബോധമുള്ള intellectual മാ പ്രകളാണ് നമുക്കുള്ളത് ,ആ ഗണത്തിൽ നിന്നും കൂടുതൽ പ്രതീക്ഷിക്കുന്നത് നമ്മുടെ തെറ്റ്. ജോലി ഒക്കെ ആവാം പക്ഷെ ഒരു മര്യാദ ഉണ്ട് എല്ലാത്തിനും. മറ്റൊരു ഭാഷയിൽ പറഞ്ഞാൽ There is a limit for everything. 

യഥാർത്ഥത്തിൽ, വനം വകുപ്പ് ഉദ്യോഗസ്ഥരെ അവരുടെ ജോലി ചെയ്യാൻ സമ്മതിക്കാത്തത് ആനയാണോ അതോ മാധ്യമ പ്രവർത്തകരാണോ? സർക്കാർ ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തുന്നതിനു ക്യാമറയും കൊണ്ട് വാർത്തയുണ്ടാക്കാൻ നടത്തുന്നവർക്കെതിരെ കേസ് എടുക്കണം. കരയിലെ ഏറ്റവും വലിയ ജീവിയായ ആനയെ മെരുക്കി എടുക്കാം പക്ഷെ ഈ മാധ്യമങ്ങൾ ഉണ്ടല്ലോ, അവരെ മര്യാദ പഠിപ്പിക്കാൻ ഒരു മീഡിയ സ്ഥാപനങ്ങൾക്കും ഇത് വരെ കഴിഞ്ഞിട്ടില്ല.

ശമ്പളമില്ലാതെ ജോലി ചെയ്യാൻ പറ്റില്ലെന്ന് വനം വകുപ്പിലെ ദിവസവേതനം പറ്റുന്ന ജീവനക്കാർ തീരുമാനിച്ചാൽ പിന്നെ വനം വകുപ്പ് താഴെ വീഴും . നേരവും കാലവും മറന്ന് കാട് സംരക്ഷിക്കാൻ കാടിന്റെ മക്കൾക്ക് മാത്രമേ കഴിയൂ. പി എസ് സി പരീക്ഷ എഴുതി മാസം കൃത്യമായി ശമ്പളം വാങ്ങുന്ന bfo, rfo, ifs ഉദ്യോഗസ്ഥർക്ക് കാടിനെ അറിയാനും പരിചയപ്പെടാനും വാച്ചർ കൂടിയെ തീരു.  മാനുഷിക പരിഗണന അർഹിക്കുന്ന വിഭാഗം തന്നെയാണ് ഫോറെസ്റ് ഉദ്യോഗസ്ഥർ, പ്രത്യേകിച്ച് വാച്ചർമാർ . ഒരു വകുപ്പിനെ മുഴുവനായി അടച്ചാക്ഷേപിക്കുന്നതിനു മുൻപ് ഇതൊക്കെ അറിയണം മാധ്യമ കോമാളികൾ. 

ഒരൽപ്പം പോലും നാണമില്ലാത്ത വർഗമായി മാറി മാധ്യമ പ്രവർത്തനം. ഞാനീ കോഴ്സ് പഠിക്കാൻ പോയപ്പോ കേട്ടതും വായിച്ചതുമായ ഒരുപാട് എത്തിക്സ് ഈ ജോലിയിൽ ആവശ്യമാണ്. പക്ഷെ അതിന്റെ ഒരംശം പോലും ഇന്ന് ഒരു പത്രത്തിലും ചാനലുകളിലും ഇല്ല. ഭാഷ അറിയാത്തവർ റിപ്പോട്ടർ, എഴുതാൻ അറിയാത്തവർ എഡിറ്റർ. 

ഭൂമിയിൽ ഒരു സൈക്കിൾ ഉണ്ട്, സ്കൂളിൽ പോയവർക്ക് അറിയേണ്ടതാണ് -ഫുഡ്‌ ചെയിൻ. ഒരു ജീവൻ നിലനിൽക്കാൻ മറ്റൊന്ന് മരിക്കണം. അത് മൃഗമാവാം മനുഷ്യനാവാം. വിശപ്പ് മാറ്റാൻ ആന ചക്ക തിന്നാൽ വാർത്ത, പക്ഷെ ഇതേ മനുഷ്യൻ വിശപ്പ് മാറ്റാൻ കോഴിയെ കൊന്നാലും പശുവിനെ കൊന്നാലും വാർത്ത ഇല്ല. മനുഷ്യനും മൃഗങ്ങൾക്കും ജീവഹാനി സംഭവിക്കണമെന്ന് വനം വകുപ്പൊരിക്കലും ആഗ്രഹിക്കില്ല. വനം സംരക്ഷിക്കപ്പെടേണ്ട ഒന്നാണ്. അതിനാണ് കൂട്ടമായി ശ്രമിക്കുന്നത്. 

സാമൂഹിക ബോധമുള്ള നേതാവില്ലാത്തതാണ് നാടിന്റെ ശാപം. ജനങ്ങളിൽ നിന്നും പിടിക്കുന്ന നികുതിയും ജനങ്ങളിൽ നിന്നും കിട്ടുന്ന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടും ചിലവാക്കേണ്ടത് ജനങ്ങൾക്ക് സുരക്ഷ ഒരുക്കാനാണ്. ദീർഘ വീക്ഷണമുള്ള, ജന നന്മക്കും സുരക്ഷയ്ക്കും വേണ്ടി പ്രവർത്തിക്കുന്ന ജനപ്രതിനിധികൾ  വന്നാലേ ജനങ്ങൾക്ക് ഗുണമുള്ളു. അല്ലാതെ എന്തിനും ഏതിനും വകുപ്പിനെ മാത്രം കുറ്റം പറഞ്ഞത് കൊണ്ട് വ്യവസ്ഥിതി കൾ മാറില്ല.

Tuesday, May 6, 2025

വകുപ്പ് നാടകങ്ങൾ

 സർക്കാരിലും ഉദ്യോഗസ്ഥരിലും വകുപ്പുകളിലും സാധാരണ മനുഷ്യൻ അർപ്പിക്കുന്ന ഒരു വിശ്വാസമുണ്ട്. നീതി കിട്ടുമെന്ന വിശ്വാസം. ഏത് കൊലകൊമ്പൻ വന്നാലും നിയമം നിയമത്തിന്റെ വഴിക്ക് നടക്കുമെന്ന പ്രതീക്ഷ. എന്നാൽ ഈ പ്രതീക്ഷകളെ എല്ലാം കാറ്റിൽ പറത്തിയാണ്  ഈയിടെ കാണുന്നതും കേൾക്കുന്നതുമായ വാർത്തകൾ .

മോഹൻലാൽ , നമ്മുടെ ഒക്കെ പ്രിയപ്പെട്ട ലാലേട്ടൻ - കഴിവ് കൊണ്ട് മലയാളികൾക്ക് അഭിമാനിക്കാവുന്ന ഒരു കലാകാരൻ.എന്നാലും നിയമം അനുശാസിക്കാൻ ലാലേട്ടൻ ബാധ്യസ്ഥനല്ലേ?എന്തിനാണ് ഈ നാട്ടിലെ നിയമ വ്യവസ്ഥിതികൾ ആളിന്റെ വലിപ്പത്തിനനുസരിച് വളഞ്ഞു കൊടുക്കുന്നത്? എല്ലാ ഉദ്യോഗസ്ഥരും എന്നല്ല പക്ഷെ ചിലരെങ്കിലും ആ കൂട്ടത്തിൽ പെടുന്നു. എവിടെയാണ് തുല്യ നീതി നടപ്പിലാവുന്നത്? ആനക്കൊമ്പ് പിടിച്ച കേസിൽ എന്ത് കൊണ്ടാണ് നിയമപരമായി മോഹൻലാൽ എന്ന നടനെതിരെ ഒരു നടപടിയും എടുക്കാത്തത്? അന്ന് അതിന്റെ ഉത്തരവാദി ഫോറെസ്റ് ഉദ്യോഗസ്ഥൻ ആണെങ്കിൽ വേടൻ എന്ന ഗായകനെതിരെ കേസ് എടുത്ത ഫോറെസ്റ് ഉദ്യോഗസ്ഥനെ എന്തേ മേലാളന്മാർ സംരക്ഷിക്കുന്നില്ല ? ഒന്നുകിൽ സ്ഥലം മാറ്റം അല്ലെങ്കിൽ സസ്പെന്ഷന് , ഇതിൽ ഏതെങ്കിലും ഒരു നടപടിയാവും കേസ് എടുത്ത ഉദ്യോഗസ്ഥൻ നേരിടേണ്ടി വരിക. അലിഖിതമായ നിയമം പ്രാവർത്തികമാക്കാൻ നല്ലത് ലിപികളും മഷിയും ഉപയോഗിച്ച് വകുപ്പ് തല നിയമങ്ങളെല്ലാം പേരും പ്രശസ്തിയുമില്ലാത്ത സാധാരണ ജനങ്ങൾക്കാണെന്ന് തിരുത്തി എഴുതണം . 

മോഹൻ ലാലിൻറെ പ്രജ എന്ന ചലച്ചിത്രത്തിൽ നായകൻ പറയുന്നുണ്ട് കൊടി വച്ച കാറിൽ പോകുന്നവർക്ക് നിയമം പറത്തി കളയാമെങ്കിൽ വലിച്ചെറിയും സാക്കിർ ഹുസൈൻ ആ നിയമം. ഇത് പോലെ ഓരോരുത്തരും ചെയ്യാൻ തുടങ്ങിയാൽ പിന്നെന്ത് സംവിധാനമാണ് നമ്മുടെ രാജ്യത്തുള്ളത്? ബഹുമാനസൂചകം കെർണൽ  പദവി അലങ്കരിച്ച അദ്ദേഹം സമൂഹത്തിനു ഒരു റോൾ മോഡൽ ആവേണ്ടതിനു പകരം എന്താണ് സംഭവിക്കുന്നത്? ആനക്കൊമ്പ് വയ്ക്കാൻ പാടില്ല എന്നറിയാതെയാണോ കെർണൽ  പദവി എല്ക്കുന്നത്? നാടിന്റെ നിയമങ്ങൾ അറിയാത്തവർക്കെന്തിനാണ് ഇത്തരം പദവികൾ? 

നിങ്ങളോ ഞാനോ പുലി പല്ല് കഴുത്തിലിട്ട് നടന്നാൽ നിയമം എഴുതി വച്ചിരിക്കുന്ന എല്ലാ ശിക്ഷയും വിധിക്കും പക്ഷെ വേടനോ മോഹൻ ലാലോ  രാഷ്ട്രീയ കിങ്കരനോ ആണെങ്കിൽ നിങ്ങൾക്ക് ഈ നാട്ടിലെ നിയമം ബാധകമല്ല. 

നിയമം നടപ്പിലാക്കാൻ കഴിയാത്ത ഉദ്യോഗസ്ഥർ അവരവരുടെ സ്ഥാനമാനങ്ങളിൽ നിന്നും പുറത്ത് പോകണം . 

Friday, October 25, 2024

കാട്

 നീണ്ട ഒരിടവേളയ്ക്ക് ശേഷം വീണ്ടും എഴുതുന്നു. ഇതൊരു യാത്രയാണ് , യാത്ര വിവരണമെന്നോ, അനുഭവങ്ങളെന്നോ ഒക്കെ പറയാം. 

സാമൂഹിക ജീവിതത്തിൽ നിന്നും അകലേക്കൊരു യാത്ര,ആദിമ മനുഷ്യൻ പിറന്ന കാട്ടിലേക്ക്. ബന്ധങ്ങളും ബന്ധനങ്ങളും ഇല്ലാതെ, വാട്സാപ്പും മെയിലും ഇൻസ്റ്റയുമില്ലാത്ത ഒരു പകലും രാത്രിയും. ചിന്തിക്കുമ്പോൾ അസാധ്യമെന്നു തോന്നുമെങ്കിലും അലക്സാണ്ടർ ചക്രവർത്തി പറഞ്ഞ പോലെ "ശ്രമിക്കുന്നവർക്ക് ഒന്നും അസാധ്യമല്ല."

ബ്രിട്ടീഷുകാർ അവരുടെ ആവശ്യങ്ങൾക്കായി വെട്ടി തെളിച്ച ആറു വരി പാതകൾ, സംരക്ഷണ പട്ടികയിൽ ഉൾപ്പെടുന്ന myristica swamps എന്ന ആവാസ വ്യവസ്ഥ , ആനയുടെ സഞ്ചാര പാത ഉറപ്പിക്കുന്ന കാൽപ്പാടുകളും കൊമ്പുകൊണ്ടുള്ള പരാക്രമങ്ങളും, കരടിയുടെ കാഷ്ട്ടവും, ചീവീടിന്റെ കരച്ചിലും, കളകളാരവ ശബ്ദത്തിൽ ചെറുതും വലുതുമായ നീരുറവകളും വെള്ളച്ചാട്ടങ്ങളും, നീന്തി തുടിക്കുന്ന മീനുകളും, അപകടങ്ങൾ പതിയിരിക്കുന്ന പാറക്കെട്ടുകൾ , സഞ്ചാര പാതകൾ കാണാപ്പാഠമായവനെപ്പോലും ത്രിശങ്കുവിൽ നിർത്തുന്ന വഴിപിണക്കികളും, കെ എസ് ഈ ബിയുടെ പോസ്റ്റുകളില്ല പകരം ചെറിയൊരു സോളാർ പാനലും അതിൽ ഉത്പാദിപ്പിക്കുന്ന കറന്റ് മാത്രം, ac ഇല്ലാത്തൊരു വാസ സ്ഥലം സങ്കല്പിക്കാനാവാത്ത ഈ കാലഘട്ടത്തിൽ ഫാൻ പോലുമില്ലാത്തൊരൊറ്റ മുറി, ഓടിപ്പോയി സാധനങ്ങൾ വാങ്ങാൻ കടകളില്ല, ഓർഡർ ചെയ്ത വീട്ടിൽ വരുത്താൻ ഇൻസ്റ്റാ മാർട് ഇല്ല , മൊബൈൽ റേഞ്ച് ഇല്ല അത് കൊണ്ട് തന്നെ ചാർജും വേണ്ട, ഇരുട്ടും നിശബ്ദതയും പരസ്പരം പുണരുന്ന രാവുകൾ 

എങ്ങു നിന്നോ ഒഴുകി വരുന്ന അരുവികൾ ദൂര കാഴ്ച്ചയിൽ  ഒരാരഞ്ഞാണം പോലെ കാടിന്റെ അരക്കെട്ടിൽ ഒതുങ്ങി.വീട്ടിലെ മുറിയിൽ ഉറങ്ങാൻ കേൾക്കുന്ന സ്ലീപ്‌ സംഗീതത്തേക്കാൾ ആഴത്തിൽ മനസ്സിനെ ശാന്തമാക്കാൻ കഴിവുള്ള അരുവികളുടെ കളകളാരവം രാത്രി മുഴുവനും കാതുകളിൽ അലയടിച്ചു കൊണ്ടിരുന്നു.

മുന്നിൽ നിന്ന് നയിക്കുന്ന കാടിന്റെ മക്കളാണ് വഴികാട്ടികൾ. അവരില്ലാതെ ഒരടി പോലും മുന്നോട്ടു വയ്ക്കാനുള്ള ധൈര്യം തോന്നില്ല. കാരണം കാടിന്റെ ഉള്ളറിയാൻ അവർക്കേ കഴിയൂ. കാട്ട് മൃഗങ്ങളുടെ സാനിധ്യമറിയാൻ അവർക്ക് പ്രത്യേക കഴിവാണ്. ഞാനും നിങ്ങളുമൊക്കെ കാട്ടിലെ വിദേശികളാണ്.

ഒരിക്കലും വറ്റാത്ത ഉറവകളും അവയിൽ നിന്നും ഉത്ഭവിക്കുന്ന അരുവികളും, നിലയ്ക്കാത്ത ഒഴുക്കും മനുഷ്യ മനസ്സിനെ ഓർമിപ്പിക്കുന്നു. നേട്ടങ്ങൾ ആഗ്രഹിക്കാതെ പ്രകൃതിയോട് ഇണങ്ങി ജീവിച്ചു തീർക്കാൻ കഴിയുന്നവർ ഭാഗ്യവാന്മാരാണ്.





Saturday, December 23, 2023

ക്രിസ്തുമസ് സമ്മാനം -THE HUNGRY TIDE AMITAV GHOSH

 ഐതീഹ്യങ്ങൾ കള്ളമല്ല എന്ന് തെളിയിക്കാനുള്ള ചിലരുടെ സ്വാർത്ഥത കൊണ്ടോ അതോ സമ്മാനങ്ങൾ നൽകുമ്പോൾ മറ്റുള്ളവരിൽ വിരിയുന്ന പുഞ്ചിരിയും സന്തോഷവും കാണാനുള്ള ആഗ്രഹം കൊണ്ടാണോ എന്നറിയില്ല, എങ്കിലും  "secret santa " എന്ന കലാപരിപാടി ഡിസംബർ രാവുകളിൽ പതിവാണ് . 

സാമൂഹിക വ്യവസ്ഥ പെരുമ്പാമ്പിനെ പോലെ വരിഞ്ഞു മുറുക്കുന്ന സാഹചര്യങ്ങളിൽ ചില സമയത്തു സന്തോഷത്തോടെയും മറ്റ് ചിലപ്പോൾ താല്പര്യമില്ലാതെയും ഇതിന്റെ ഭാഗമാകേണ്ടി വന്നിട്ടുണ്ട് എനിക്ക് .  

2023 -ൽ എന്റെ secret santa സമ്മാനിച്ചതാണ് അമിതവ് ഘോഷിന്റെ "The Hungry Tide ". ഒരു കഥ അല്ലെങ്കിൽ ഫിക്ഷൻ വായിച്ചു മുഴുമിച്ചിട്ട് ഒരുപാട് നാളായി. തിരക്ക് കൊണ്ടോ, സമയം കണ്ടെത്താൻ കഴിയാത്തതു കൊണ്ടോ എന്നറിയില്ല പക്ഷെ ഒരു തിരിച്ചറിവുണ്ട് വായനാ ശീലം നന്നേ കുറഞ്ഞിരിക്കുന്നു. സ്വയം പഴിക്കുകയല്ലാതെ മറ്റാരെയും കുറ്റപ്പെടുത്താനില്ല .പലതും വായിക്കാൻ എടുത്തിട്ടും ഒന്നും പൂർണമാക്കാൻ സാധിക്കുന്നില്ല. 

പല വിഷയങ്ങളുടെയും ഒരൊത്തുചേരലാണ് ഈ പുസ്തകം - ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ , നിലനിൽപ്പിനു വേണ്ടിയുള്ള പോരാട്ടങ്ങൾ, സുന്ദർബൻസ് എന്ന പ്രദേശത്തെ കണ്ടൽ കാടുകൾ, പക്ഷി മൃഗാതികൾ, മനുഷ്യ ബന്ധങ്ങൾ - എല്ലാത്തിലും ചരിത്രവും ഭൂമി ശാസ്ത്രവും ഒളിഞ്ഞു കിടക്കുന്നുണ്ട്. ഇതിന്റെ ഉള്ളറകളിൽ ഒളിഞ്ഞിരിക്കുന്ന സത്യങ്ങൾ   അറിഞ്ഞോ അറിയാതെയോ എന്നറിയില്ല ,ഈ പുസ്തകം എനിക്ക് സമ്മാനിച്ചത് ഒരു സോഷ്യൽ സയൻസ് അധ്യാപകനാണ്  .വായനയുടെ ലോകത്തിൽ എനിക്കിന്നും സ്ഥാനമുണ്ടെന്ന് ഓർമിപ്പിച്ചതിനു രഞ്ജിഷ് സാറിന് നന്ദി. 

കണ്ടൽ കാടുകളുടെ മാസ്മരിക ലോകത്തിലേക്കിറങ്ങുമ്പോൾ അനുഭവിക്കുന്ന പിരിമുറുക്കവും മാനസിക സമ്മർദ്ദവും ഉറക്കത്തെ സാരമായി തന്നെ ബാധിച്ചു . കാടിന്റെ നിശബ്ദതയും കാറ്റിന്റെ ഭീകരതയും ഉപബോധ മനസ്സിനെ ആഴങ്ങളിലേക്ക് തള്ളിയിട്ടു. സാഹചര്യങ്ങളുടെ സമ്മർദ്ദം മനുഷ്യനെ പലായനത്തിനു നിർബന്ധിതനാക്കുന്നു എന്നാൽ പലായന നിയമങ്ങൾ ആപേക്ഷികമാണ് . സാമൂഹിക വ്യവസ്ഥിതികളുടെയും രാജ്യത്തിൻറെ രാഷ്ട്രീയതയുടെയും  അടിസ്ഥാനത്തിൽ അവ മുതലകളെ പോലെ കരയിലും കടലിലുമായി മാറി മറിയുന്നു. പഠനവും ജോലിയും സംബന്ധിച്ച പലായനങ്ങൾ രാജ്യങ്ങൾ സ്വീകരിക്കുമ്പോൾ യുദ്ധഭീതിയിൽ  നിലനിൽപ്പിനു വേണ്ടിയുള്ള പലായനങ്ങൾ ചട്ട വിരുദ്ധമായി മുദ്രകുത്തുന്നു. 

വന്യ മൃഗങ്ങളുടെ ആക്രമണത്തിൽ ഉറ്റവരെ നഷ്ടപ്പെടുന്നവരുടെ വേദനയ്ക്കാണോ പ്രാധാന്യം അതോ പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്താൻ ആവശ്യമായ വന്യ മൃഗങ്ങളുടെ നിലനിൽപ്പാണോ? 

ഭൂമിയിൽ നമുക്ക് മനുഷ്യരും വേണം, പക്ഷി മൃഗാതികളും വേണം, മരങ്ങളും എല്ലാം വേണം എങ്കിൽ മാത്രമേ ഭൂമിയുടെ സുന്ദര്യം എല്ലാവർക്കും ആസ്വദിക്കാൻ കഴിയൂ. പക്ഷെ ഈ കാലഘട്ടത്തിൽ "പ്രാധാന്യത്തിന് " പ്രാധാന്യമേറെയാണ്. മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള പരസ്പര പോരാട്ടമാണ് , മനുഷ്യൻ കാട് വെട്ടി തെളിച്ചു ഭൂമി സ്വന്തമാക്കാൻ ശ്രമിക്കുമ്പോൾ , മൃഗങ്ങൾ ആവാസവ്യവസ്ഥ നഷ്ട്ടപ്പെട്ട് നാട്ടിലേക്കിറങ്ങുന്നു.  

ചില ബന്ധങ്ങൾ ഒറ്റ വാക്കിൽ പറയാനാവില്ല. ആരാണെന്നോ എന്താണെന്നോ അറിയാത്ത ഒരാത്മബന്ധം ചിലരോട് നമുക്ക് തോന്നും. എന്നും കാണാതെയും സംസാരിക്കാതെയും അവർ നമ്മുടെ മനസ്സിന്റെ ഒരു കോണിൽ ഉണ്ടാവും, ആരുമല്ലാതെ, അപരിചതരായി. ആർത്തിയോടെ ഇരമ്പുന്ന തിരയിലും ആവേശത്തോടെ ആഞ്ഞടിക്കുന്ന കൊടുങ്കാറ്റിലും മുങ്ങി പോകുന്നത് മണ്ണും മനുഷ്യനും മൃഗങ്ങളുമാണ്. ഇന്ന് അവശേഷിക്കുന്ന പലതും ചരിത്രങ്ങളായി ആഴങ്ങളിലെ മണൽ തിട്ടകളിൽ വിശ്രമിക്കാൻ പോകും . വിശ്രമിച്ചു മടുക്കുമ്പോൾ എന്നെങ്കിലുമൊരിക്കൽ  ഏതെങ്കിലും ഗവേഷകർക്ക്  മുന്നിൽ പ്രത്യക്ഷപ്പെടും - തിരനോട്ടത്തിനായി.  

ഈ വർഷം ഞാൻ വായിച്ചു തീർക്കുന്ന  അവസാനത്തെ പുസ്തകമാവാം ഇത്. അപ്രതീക്ഷിതമായി കിട്ടിയ ഈ സമ്മാനം സന്തോഷത്തോടെയും ഇഷ്ടത്തോടെയും അതിലേറെ താത്പര്യത്തോടെയും വായിക്കാൻ എനിക്ക് കഴിഞ്ഞു. 

Monday, October 24, 2022

ഞാൻ അസ്വസ്ഥനാണ്

 ഞാൻ ഇഷ്ട്ടപ്പെട്ടവർക്കൊന്നും എന്നെ ഇഷ്ടപ്പെട്ടില്ല.. എന്താണ് കാരണമെന്ന് ചോദിച്ചാൽ എനിക്കുമറിയില്ല, കാണാൻ ലുക്ക് ഇല്ലാത്തതാണോ അതോ അക്കൗണ്ടിൽ ബാലൻസ് പോരാത്തത് കൊണ്ടോ അതുമല്ലെങ്കിൽ പുകവലി വെള്ളമടി എന്നീ ശീലങ്ങൾ ഉള്ളത് കൊണ്ടോ എന്തോ, ഏതായാലും ഞാൻ പ്രണയിച്ചവർക്കൊന്നും എന്നോട് പ്രണയം പോയിട്ട് ഒരു സഹാനുഭൂതി പോലും ഉണ്ടെന്ന് തോന്നിച്ചിട്ടില്ല. അത് കൊണ്ട് തന്നെ വിപ്ലവകരമായ വിവാഹ സങ്കല്പങ്ങളെല്ലാം കാറ്റിൽ പറന്ന് പറന്ന് ഏതോ മേഘത്തിനിടയിൽ ഒളിച്ചു. 

എന്നാലും സാഹചര്യങ്ങളുടെ സമ്മർദ്ദം കൊണ്ടോ അതോ ശാരീരിക ആവശ്യം കൊണ്ടോ വിവാഹിതനായി . ഏതോ നാട്ടിൽ ആർക്കോ ഉണ്ടായ ഒരു പെണ്ണിനെ കെട്ടി. അധിക്ഷേപിക്കുകയാണെന്ന് തോന്നരുത് ഇന്നത്തെ എന്റെ അവസ്ഥയിൽ ഇതിലും മാന്യമായി അഭിസംബോധന ചെയ്യാൻ എനിക്കാവില്ല.

വിവാഹം കഴിക്കുന്നതും കുട്ടികൾ ഉണ്ടാവുന്നതും ഇത്രയും വലിയൊരു കുരിശാകുമെന്ന് ഒരിക്കലും കരുതിയില്ല. ജീവിതത്തിൽ എടുത്ത ഏറ്റവും വലിയ തെറ്റായ തീരുമാനം വിവാഹം ആണെന്ന് തിരിച്ചറിയുന്നു. 


 ആഗ്രഹിച്ചതൊന്നും കിട്ടിയില്ലെങ്കിലും കിട്ടിയതിനെ പറ്റുന്ന പോലെ നോക്കാൻ ശ്രമിച്ചിരുന്നു. പ്രണയം ഒന്നുമില്ല കടമ എന്ന നിലയ്ക്ക് സഹിച്ചു പോകുന്നു.  ഏച്ചു വച്ചാൽ മുഴച്ചേ ഇരിക്കൂ എന്നത് അക്ഷരാർഥത്തിൽ ശരിയാണ് . അത് കൊണ്ടാണല്ലോ ഇത്രയും വർഷം കഴിഞ്ഞൊരു തിരിച്ചടിയായി അതെൻറെ ജീവിതം മുടക്കി നിൽക്കുന്നത്. വാൾ എടുത്തവൻ വാളാൽ , അതാണിപ്പോ എന്റെ അവസ്ഥ. ആ നശിച്ച തീരുമാനം ഇന്നെന്റെ മനസമാധാനം കളയുന്നു, എനിക്ക് ചുറ്റിലും നിൽക്കുന്നവരെ ബാധിക്കുന്നു ബുദ്ധിമുട്ടിക്കുന്നു. ക്യാന്സറിനേക്കാൾ മാരകമായി പടരുന്നു

ആഗ്രഹിച്ചു തിരഞ്ഞെടുത്തത് അല്ലാത്തത് കൊണ്ട്  ആദ്യ കാലങ്ങളിൽ തന്നെ ആ ജീവിതം എന്നെ മടുപ്പിച്ചു. എന്റെ സങ്കൽപ്പങ്ങളിൽ ഒന്നു പോലും ചേർന്നില്ല എന്ന് മാത്രമല്ല ചേർക്കാൻ ഒരു ശ്രമം പോലും മറു വശത്തു നിന്നുമുണ്ടായില്ല. എന്നും അഡ്ജസ്റ്റ് ചെയ്യേണ്ടി വന്നത് ഞാൻ ആയിരുന്നു. കാരണം പരാജിതനായ കോമാളിക്ക് ഇനിയെന്ത് ജീവിതം ?

മറ്റൊരു കാര്യം കൂടി പറയാം :  ഒരു കാരണവശാലും ആരോടും ഒന്നും തുറന്ന് പറയരുത്. പ്രത്യേകിച്ച് വിശ്വസിക്കാൻ കൊള്ളാത്ത, നിയമം അനുവദിച്ച ഭാര്യയോട്,  തോളിൽ കൈയിട്ട് നടക്കുന്ന കൂട്ടുകാരോട്, കാരണം എന്റെ സാന്നിധ്യത്തിലും അസാന്നിധ്യത്തിലും ചായക്കട അന്വേഷിച്ചു നടക്കുന്ന കൂട്ടുകാരന്മാർക്ക് ചായ  സൽക്കാരം കൊടുക്കാൻ തുറന്ന മനസ്സുമായി നിൽക്കുന്ന പതിവൃതയായ നിയമിത ഭാര്യമാർ എല്ലാ നിയമിത ഭർത്താക്കന്മാർക്കും സ്വര്യക്കേടാണ്‌. 

കടയിൽ പോയി കാശ് കൊടുത്തു വാങ്ങുന്ന പാവയെ ഉടമസ്ഥൻ കീ കൊടുത്തോടിക്കും പോലെ എന്റെ ജീവിതവും ആരോ കൊടുത്ത കീ കൊണ്ടോടിക്കൊണ്ടിരുന്നു. എനിക്കെന്നെ തന്നെ മടുത്തു തുടങ്ങി. അപ്പോഴാണ് അടുത്ത സ്ഥാനക്കയറ്റം കിട്ടിയത്- ഭർത്താവിൽ നിന്നും ഇരട്ട കുട്ടികളുടെ അച്ഛൻ.  

ആറു വർഷത്തെ ജീവിതം കൈച്ചിട്ട് ഇറക്കാനും വയ്യാ മധുരിച്ചിട്ട് തുപ്പാനും വയ്യാ എന്ന അവസ്ഥയിലെത്തി . ചിലപ്പോൾ തോന്നും ടീവിയിൽ കാണുന്ന ദൈവങ്ങളെ പോലെ അപ്രത്യക്ഷമാവാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് . പക്ഷെ അനുഭവങ്ങളുടെ നീണ്ട നിര വിധി, എനിക്ക് മുന്നിൽ പരവതാനി ആക്കുമ്പോൾ എവിടെയാണ് , എങ്ങനെയാണു,  എനിക്കൊരു രക്ഷപ്പെടൽ ഉണ്ടാവുക? 

ചുഴലിക്കാറ്റിന്റെ കണ്ണിലകപ്പെട്ട പോലെ വേദനകളും അനുഭവങ്ങളും എന്നെ ചുഴറ്റി കൊണ്ടിരുന്നു. എനിക്കീ ജീവിതം തന്നവരെ ഞാൻ വെറുത്തു , ഈ പ്രശ്നങ്ങൾ എന്റേത് മാത്രമാണെങ്കിൽ ഇതേ മാനസികാവസ്ഥയിൽ ഇനിയൊരു മനുഷ്യ ജന്മം ഉണ്ടാവാതെ ഉടയ തമ്പുരാൻ നോക്കട്ടെ. 

എന്റെ ജീവിതം തകർക്കാൻ വന്ന ആ സത്വം ആംഗലേയ സിനിമകളിൽ കാണുന്ന ജീവികളെക്കാൾ നികൃഷ്ടമായി മാറി. എന്നെ എന്റെ കുടുംബത്തിൽ നിന്നും അകറ്റി, കൂട്ടുകാരിൽ നിന്നും ഒറ്റപ്പെടുത്തി, കേസ്,  കോടതി അങ്ങനെ പല തരത്തിലായി മറുതയുടെ ഉപദ്രവം.

യൂദാസ് ക്രിസ്തുവിനെ ഒറ്റിയതും , ബ്രൂട്ടസ് സീസറിനെതിരെ ഗൂഢാലോചന നടത്തിയതുമൊക്കെയാണ് വഞ്ചനയുടെ  മൂർത്തീഭാവങ്ങളായി ഞാൻ പഠിച്ചിട്ടുള്ളത്. പക്ഷെ എന്റെ ജീവിതം എന്നെ പഠിപ്പിച്ചത്  മറുതയുടെയും കുടുംബത്തിന്റെയും മാരകമായ ഉപജാപക്രിയകൾ ഇതിനേക്കാളൊക്കെ മുകളിലാണെന്നാണ് .

ലോകത്തിലെ ഏറ്റവും വലിയ പൊട്ടൻ ആരാണെന്ന് എന്നോട്  ആരെങ്കിലും ചോദിച്ചാൽ ഞാൻ പറയും നിങ്ങളാരോടാണോ ചോദിച്ചത് അവനെക്കാൾ വലിയൊരു പൊട്ടൻ ഇത് വരെ ജനിച്ചിട്ടുണ്ടാവില്ല. കാരണം എനിക്കെന്നെ കുറിച്ച് നല്ല മതിപ്പാണ്. എന്താണെന്നല്ലേ? പറയാം..

കാരണം 1 

ആറു വർഷം പ്രതീക്ഷകളുടെ അരിമണികൾ വാരിവിതറി യൗവ്വനത്തിൽ ഒരുത്തി എന്റെ സ്വപ്നങ്ങളെ വേരോടെ പിഴുത് കളഞ്ഞു. കുട്ടിക്കാലം മുതൽ മനസ്സിനേറ്റ മുറിവുകൾ അവളോട് പങ്കുവച്ചിരുന്നപ്പോഴൊക്കെയും പ്രതീക്ഷിച്ചത് എന്നുമൊരു അത്താണിയായി കൂടെ കാണുമെന്നാണ്. എന്നും ഉച്ചയ്ക്ക് അവൾ കൊണ്ട് വരുന്ന പൊതിച്ചോറായിരുന്നു എന്റെ ഭക്ഷണം. വയറും മനസ്സും ഒരുപോലെ നിറഞ്ഞിരുന്ന ദിവസങ്ങൾ. എന്നിട്ടെന്തായി ? നിങ്ങളുടെ മനസ്സിൽ വന്നതെന്താണോ അത് തന്നെ ഉത്തരം. പവനായി ശവമായി... വർഷങ്ങൾ പഴക്കമുള്ളത് കൊണ്ട് മുഴുവൻ സംസാരവും ഓർമയിൽ ഇല്ല. എന്നാലും ഓർമയുള്ളത്  പറയാം - "ഞാനെന്ത് ഭാഗ്യമാണ് ചെയ്തത് നീ എന്നെ  ഇത്രയും പ്രണയിക്കാൻ " 
മഹാഭാഗ്യം -മതമില്ല, ജാതിയില്ല , ദൈവമില്ല മനുഷ്യന്  എന്ന് പറഞ്ഞ  സഹോദരൻ  അയ്യപ്പൻ ആക്കിയില്ല എന്നെ. കലാലയ ജീവിതത്തിൽ ഒരാളെ പ്രണയിച്ചു , ജീവിതത്തിൽ മറ്റാരുടെയോ ഭാര്യയുമായി. സമ്മതം മൂളാതെ വിഡ്ഢി വേഷം കെട്ടിച്ചു എന്നതൊഴിച്ചാൽ മറ്റൊരു പരാതിയുമില്ല.


കാരണം 2

എന്റെ പേരിനു ഹോം ലോൺ എടുത്ത് മറുതക്ക് കുടിയിരിക്കാൻ ഇരുനില ഭവനം നിർമ്മിച്ചു. എന്നിട്ടോ? ഒരു വർഷം തികയും മുന്നേ പ്രൊട്ടക്ഷൻ വാറണ്ട് വാങ്ങി എന്നെ ഇറക്കിവിട്ടു. ഇന്നെനിക്ക് കയറിക്കിടക്കാൻ വീടില്ല, യാത്ര ചെയ്യാൻ സ്വന്തമായി വാഹനമില്ല, ബാങ്ക് അക്കൗണ്ട് ബാലൻസ് ഇല്ല, എന്റേതെന്ന് കരുതിയതൊന്നും എന്റേതല്ലായിരുന്നു എന്ന സത്യം ഉൾക്കൊള്ളാൻ ഇതുവരെയും കഴിഞ്ഞിട്ടില്ല.


കാരണം 3

കുടുംബത്തിലെ ഏക പുത്രനായത് കൊണ്ട് സഹോദരിമാരുടെ വിവാഹം, മറ്റ് ബാധ്യതകൾ ഒക്കെയും എന്റെ ഉത്തരവാദിത്വങ്ങളായിരുന്നു( മുഴുവനായിട്ടല്ലെങ്കിലും ) അതിന്റെ ഭാഗമായി ഈ ഓണത്തിന് വിവാഹിതയായ സഹോദരി പുത്രിക്ക് സംഭാവനായി ഒരു ലക്ഷം രൂപ കൊടുത്തു. ചെയ്ത ഉപകാരത്തിന്റെ പ്രത്യുപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിക്കാതെ ഇരിക്കാം. പക്ഷെ എന്താണെന്നറിയില്ല എനിക്ക് ചുറ്റിലുമുള്ളവർ ആനന്ദം കണ്ടെത്തിയത് എന്റെ വേദനകളിലും മനഃസമാധാനക്കേടുകളിലുമാണ്. അതുകൊണ്ടാണല്ലോ എന്നെ ഇത്രയും ദ്രോഹിച്ചവരെ വിവാഹ ചടങ്ങിന്റെ ആദ്യം മുതൽ അവസാനം വരെ സൽക്കരിച്ചതും, മറുതയുടെ സാമീപ്യത്തിൽ എനിക്ക് വാട്സാപ്പ് വഴി ഭരണിപ്പാട്ട് അയച്ചതും.

....................

 ആകെയുള്ളത് സർക്കാർ ജോലി മാത്രം. ആ ജോലിയുടെ പേരിലാണ് നിലവിലെ  ഭീഷണികൾ ഒക്കെയും. നഷ്ടങ്ങളെക്കാൾ വലുതല്ല ഇനി നഷ്ടപ്പെടാനുള്ളത്.  

ചെളിക്കുണ്ടിൽ മുങ്ങി താഴുന്ന എന്നെ ചവിട്ടി താഴ്ത്താനാണ് എല്ലാവരും ശ്രമിക്കുന്നത്. അതിന്റെ കാരണം പെണ്ണിനോട് മാത്രമേ സമൂഹം എന്നും അനുകമ്പ കാണിച്ചിട്ടുള്ളു. അവളുടെ ചെയ്തികളിൽ നഷ്ടങ്ങൾ സംഭവിച്ച ആണിനും അവന്റെ വികാരങ്ങൾക്കും വേദനകൾക്കും  ഇവിടെ വിലയില്ല. എവിടെയാണ് തുല്യത അവകാശപ്പെടാനുള്ളത് ?പെണ്ണിന്റെ മാനത്തിനും അഭിമാനത്തിനുമുള്ള വില എന്ത്‌ കൊണ്ടാണ് ആണിനില്ലാത്തതു ?പ്രണയപ്പകയുടെ വാർത്തകൾ വായിക്കുമ്പോൾ ഇന്നെനിക്ക് അതിശയമില്ല. കാരണം അനുഭവിച്ചവർക്കേ അറിയൂ വേദനയുടെ തീവ്രത. 

ജീവിതത്തിന്റെ പകുതിയിൽ വിധി എന്നെ പഠിപ്പിച്ചത് മുഖം മൂടികളണിഞ്ഞവരാണ് മനുഷ്യർ. അവരുടെ യഥാർത്ഥ മുഖങ്ങൾ ഭയാനകവും ഭീകരവും  ബീഭത്സമുളവാക്കുന്നതുമാണ്. കൂടെ നിൽക്കുമെന്ന് പ്രതീക്ഷിച്ചവരൊന്നും കൂടെ നിന്നില്ല എന്നു മാത്രമല്ല ഒളിഞ്ഞും മറഞ്ഞും എന്നെ കുറ്റം പറഞ്ഞു കൊണ്ടേയിരുന്നു. ജീവിതം പച്ച പിടിപ്പിക്കാൻ ഞാൻ നടത്തിയ ശ്രമങ്ങൾ അറിയുന്ന രണ്ടു കൂട്ടുകാർ മാത്രം ഒപ്പം നിന്നു. അവരോട് മാത്രം ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നു. 


 "മാളിക മുകളേറിയ മന്നന്റെ മാറിൽ മാറാപ്പു കേറ്റുന്നതും ഭവാൻ " അക്ഷരാർത്ഥത്തിൽ ഇതാണ് എനിക്ക് സംഭവിച്ചത്. സ്വയം അവലോകനം ചെയ്യുമ്പോൾ ഞാൻ തിരിച്ചറിയുന്നു ഞാനറിയാതെ എന്നിലുണ്ടായിരുന്ന അഹന്തയും ഞാനെന്ന ഭാവവും. ഈ ലോകത്തിൽ നീ കാണുന്നതൊന്നും നീ കൊണ്ടു വന്നതല്ല. ഒന്നും നീ കൊണ്ടു പോകാനും കഴിയില്ല . ഈ സത്യങ്ങൾ ഞാനിന്നും ഉൾക്കൊണ്ടിട്ടില്ല. ഞാൻ അദ്ധ്വാനിച്ചുണ്ടാക്കിയതൊന്നും എന്റേതല്ല എന്ന് ചിന്തിക്കാൻ എനിക്കാവുന്നില്ല. എനിക്ക് ചുറ്റിലുമുള്ളവർ ജീവിതം ആസ്വദിക്കുമ്പോൾ ,പിച്ച വച്ച് തുടങ്ങാൻ പോലുമാവാതെ ശിലയായി ഉറച്ചു പോയി ഞാൻ. മഞ്ഞു മലകൾക്കിടയിൽ  ജീവൻ മാത്രം അവശേഷിക്കുന്ന ചണ്ടിയായ യതിയായി തണുത്തുറഞ്ഞു. ആഴത്തിൽ മുറിവേൽപ്പിച്ചാൽ പോലും ഒരു തുള്ളി ചോര പൊടിയില്ല; അകവും പുറവും ജഡീകരിക്കപ്പെട്ടു.

 അതെ , ഞാൻ അസ്വസ്ഥനാണ് .




Thursday, October 6, 2022

വിവേകമില്ലാത്ത - പ്രബുദ്ധ ഡ്രൈവിംഗ്

ഇങ്ങനെ ഒരു പോസ്റ്റ് എഴുതണമെന്ന് ആലോചന തുടങ്ങിയിട്ട് മൂന്ന് മാസമായി.  ഇന്നലെ നടന്ന അപകട വാർത്ത കൂടി വായിച്ചപ്പോൾ തോന്നി ഈ പോസ്റ്റ് ഇടാൻ വൈകിക്കൂടാ എന്ന് 

യാത്രകൾ അധികം ഇഷ്ടമല്ലെങ്കിലും ജോലി സംബന്ധമായി യാത്ര ചെയ്യാതിരിക്കാൻ നിർവാഹമില്ല. പ്രത്യേകിച്ചും ദീർഘ ദൂര യാത്രകൾ. സ്വന്തമായി ഡ്രൈവ് ചെയ്ത പോവുകയാണ് ആകെയുള്ള വഴി . 

ഡ്രൈവിംഗ് ഒരു കലയാണ് . നൃത്തം, സംഗീതം , മുതലായവ പോലെ മികവും കഴിവും വഴക്കവും വേണ്ട കല. ഡ്രൈവിംഗ് എന്ന കല ഇഷ്ടമില്ലാത്തത് കൊണ്ടല്ല മടിക്കുന്നത് , മറിച്ചു കലാവാസന തീരെ ഇല്ലാത്ത സഹജനങ്ങൾ തന്നെയാണ് കാരണം. 

കാലത്തിനു അനുസൃതമായ വാഹനങ്ങളാണ് റോഡിലൂടെ ഓടിക്കുന്നതിലേറെയും എന്നാൽ വാഹനമോടിക്കുന്ന കലാകാരൻ എങ്ങനെയാണു ആ കല രംഗത്ത്  അവതരിപ്പിക്കുന്നത് എന്നതിൽ ആശങ്കയുണ്ട് . 

അവതരണത്തിലെ  ചില പോരായ്മകൾ പറയാം 

  • ആവശ്യത്തിനും അനാവശ്യത്തിനും മുഴക്കുന്ന ഹോൺ. മുന്നിൽ എന്താണെന്ന് അറിയാതെയുള്ള നിർത്താത്ത ആർപ്പുവിളി.

  • എതിരെ വരുന്ന കലാകാരന്റെ കാഴ്ച്ച മങ്ങിയാലും പ്രശ്നമില്ല ഞാൻ ഒരിക്കലും ഹെഡ് ലൈറ്റ് ഓഫ് ചെയ്യില്ല എന്ന അഹന്ത . കമ്പനി ഇറക്കുന്ന ലൈറ്റുകൾ പോരാതെ, l e d വെളിച്ചം കൂടി ആകുമ്പോൾ മുന്നിൽ ഇരുട്ട് മാത്രമേ കാണാൻ സാധിക്കു കഴിഞ്ഞ മൂന്നു മാസമായി രാത്രി വാഹനമോടിക്കുന്ന ഡ്രൈവർ എന്ന നിലയിലാണ് ഞാനിത് പറയുന്നത് 
എതിരെ വരുന്ന വാഹനത്തിന്റെ വെളിച്ചം കണ്ണിലടിച്ചു എത്ര തവണ എനിക്ക് വാഹനം നിർത്തേണ്ടി വന്നിട്ടുണ്ടെന്നറിയോ? കാരണം മുന്നിലുള്ള റോഡ് , ദിശ ഒന്നും അറിയാൻ പറ്റില്ല 

  • നിയന്ത്രണമില്ലാത്ത വേഗത . കഴിവതും സുരക്ഷിതരായി യാത്ര ചെയ്യുന്നവരെ കൂടി മരണത്തിലേക്ക് പിടിച്ചു തള്ളുന്ന വേഗത 

  • bright മാറ്റാതെ ഇൻഡിക്കേറ്റർ ഇട്ടാൽ എതിരെ വരുന്നവർക്ക് കാണാൻ സാധിക്കില്ല.


ഒരു അപേക്ഷയാണ് രാത്രി വാഹനമോടിക്കുന്നവരോട് 

എതിരെ വാഹനം വരുമ്പോൾ ഒന്ന് dim ചെയ്യണം. 

മുന്നിൽ ടാങ്കർ ഉണ്ടെങ്കിൽ overtake ചെയ്യുമ്പോൾ സൂക്ഷിക്കണം . നിങ്ങളുടെ അശ്രദ്ധയിൽ പൊലിയുന്നത് നിങ്ങളുടെ മാത്രം ജീവിതമല്ല 
5minute താമസിച്ചാലും നമുക്ക് സുരക്ഷിതരായി എത്തുക എന്നതായിരിക്കണം MOTTO 

വെളിച്ചമില്ലാത്ത സ്ഥലങ്ങളിൽ റോഡ് മുറിച്ചു കടക്കരുത് , ചിലപ്പോൾ ഡ്രൈവർ നിങ്ങളെ കണ്ടെന്ന് പോലും വരില്ല 


പിന്നെ നമ്മുടെ വാഹന വകുപ്പിനോട് പറയാനുള്ളത് 


പകൽ ഇറങ്ങി നിന്ന് ഹെൽമെറ്റ്, നമ്പർ പ്ലേറ്റ്, പൊലൂഷൻ ഒക്കെ നോക്കുന്നതിന്റെ കൂട്ടത്തിൽ രാത്രി കാലങ്ങളിൽ കൂടി ഒന്ന് ശ്രദ്ധ വയ്ക്കണം 

ദേശീയ ഹൈവേയിൽ കൂടി കടന്നു പോകുന്ന അന്യ സംസ്ഥാന ലോറികൾ പലതും അനുവദിച്ച വെളിച്ചം മാത്രമല്ല ഉപയോഗിക്കുന്നത് 
മുന്നിൽ ഹാരം പോലെ 6 ലൈറ്റുകൾ വരെ ഓടുന്ന ലോറികൾ ഉണ്ട് 
ഒരു നിയന്ത്രണവുമില്ലാതെ നമ്മുടെ റോഡുകളിൽ കൂടി കടന്നു പോകുന്ന ഇവരെ ഒക്കെ വാഹന വകുപ്പല്ലേ നിയന്ത്രിക്കേണ്ടത്? നിങ്ങൾ ചെയ്തില്ലെങ്കിൽ പിന്നെ ആരാണ് ഇതൊക്കെ ചെയ്യുക ?

ഓരോ യാത്രക്കുള്ള ദിവസം അടുക്കുമ്പോഴും ഭയമാണ് മനസ്സിൽ, ടെൻഷൻ ആണ് 
അഞ്ചും ആറും മണിക്കൂർ ഈ സ്‌ട്രെസ്സോടെയാണ് ഞാൻ പലപ്പോഴും വണ്ടി ഓടിക്കുന്നത് 
കലാകാരന്മാരെ, കലാകാരികളെ  ------ ഏതെങ്കിലും ഡ്രൈവിംഗ് സ്കൂളിൽ ചേർന്ന് ലൈസൻസ് എടുത്താൽ മാത്രം പോരാ 
സ്വന്തം കഴിവും കൂടി ഉണ്ടെങ്കിലേ പറ്റൂ 

Please drive safely
Have some concern for your fellowmates
National highways are not the place for FORMULA ONE

If each one of us become alert then we can make the highways a safe place to drive

Overspeed is not the only matter of concern, but stay alert


*** There are drivers who follow the rules. I thank all those people. Hats-off 

Friday, September 9, 2022

Chasing the Monsoon

 ഞാൻ വായിക്കുന്ന മിക്ക പുസ്തകങ്ങൾക്ക് പിന്നിലും കഥകളോ കാരണങ്ങളോ ഉണ്ട്. എന്നാൽ പോലും  യാഥ്യാർത്ഥങ്ങളെ അമിത സാഹിത്യ കമർപ്പില്ലാതെ പറയുന്നതാണ് എനിക്കിഷ്ട്ടം. 

വർഷങ്ങൾക്ക് മുൻപ് (2011 ) ജേർണലിസം ക്ലാസ്സിൽ ജോൺ സാറാണ് chasing the monsoon എന്ന പുസ്തകത്തെ കുറിച്ച് പറഞ്ഞത്. തിരുവനന്തപുരത്തിനെ കുറിച്ചുള്ള സംസാരത്തിലാണ് ആ പുസ്തകം ക്ലാസ്സിലെ ചർച്ചാ വിഷയമായത്. ആ  പുസ്തകത്തിന്റെ പേരും മറ്റ് പല പേരുകൾ പോലെ മായാതെ മനസ്സിന്റെ കോണിൽ ഉറങ്ങി കിടന്നു. 2017 ലാണ് ഓൺലൈൻ ഷോപ്പിംഗിനിടയിൽ ആമസോണിൽ ഈ പുസ്തകം വീണ്ടും തല പൊക്കിയത്. എന്നോ ഒരിക്കൽ ഉറക്കത്തിന്റെ ആഴങ്ങളിലേക്ക് പോയ അലക്സാണ്ടർ ഫ്രറ്റെറിനെ ആരാണ് വിളിച്ചുണർത്തിയതെന്ന് എനിക്കുമറിയില്ല പക്ഷെ ശീതകാല നിദ്രയിൽ നിന്നും ഫ്രറ്റെർ ഉണർന്നു. ഇനി ഉറങ്ങാനാവില്ല  അത്കൊണ്ട് മാത്രം ഒരു കോപ്പി സ്വന്തമാക്കാൻ തീരുമാനിച്ചു. 

നിലവിലെ  കാലാവസ്ഥയിൽ വായിക്കാൻ കൊള്ളാവുന്നതാണ്  ഈ  പുസ്തകം. നിലവിലെ കാലാവസ്ഥ എന്ന് പറയുമ്പോൾ മഴ , പ്രളയം, മണ്ണിടിച്ചിൽ തുടങ്ങിയവ കൊണ്ട് കേരളം പ്രസിദ്ധിയാർജ്ജിക്കുകയാണ്  .കാലവർഷം പ്രളയ ഭീഷണിയുമായി വന്നടുക്കുന്ന സമയത്തും  കാലവർഷത്തിലേക്ക് അടുക്കാനാഗ്രഹിച്ച ഫ്രറ്റെർ എന്ന മനുഷ്യന്റെ  ആഗ്രഹത്തിന്റെ തീവ്രതയാണ് ഈ പുസ്തകത്തിലൂടെ കാണാനും അറിയാനും കഴിയുന്നത് . 

കാലവർഷം, ഇടവപ്പാതി തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്നതാണ് മൺസൂൺ. ഇന്ത്യയുടെ വൈവിധ്യത്തിന് ഒരു കാരണം ഈ മൺസൂൺ ആണെന്ന് പറയുന്നതിൽ തെറ്റില്ല . 

കേരളം, ഗോവ , തമിഴ് നാട് , കൽക്കട്ട ചിറാപ്പുഞ്ചി തുടങ്ങിയ സ്ഥലങ്ങളിൽ കാലവർഷത്തിന്റെ ഭാവ വ്യത്യാസം സുന്ദരവും ഭയാനകവുമാണ്. പല സ്ഥലങ്ങളിലും മഴപെയ്യുമ്പോൾ പേടിക്കേണ്ടത് ഇഴജന്തുക്കളെയാണ് പ്രത്യേകിച്ച് പാമ്പുകൾ. കേരളത്തിൽ ഭാവിയിൽ ഉണ്ടാകാൻ സാധ്യതയുള്ള പ്രളയത്തെ കുറിച്ചും ഇതിൽ പറയുന്നുണ്ട്.

ബ്രിട്ടീഷ് ഭരണക്കാലത്തു പണിത ഡ്രൈനേജ് സംവിധാനങ്ങൾ തുടർന്ന് പോകുന്നതാണ് പ്രധാനമായും വെള്ളക്കെട്ടുകൾക്ക് കാരണമായി ഉന്നയിക്കുന്നത്. വളരെ കുറച്ചാളുകൾ മാത്രം ഉണ്ടായിരുന്ന കാലത്ത് ഉണ്ടായിരുന്ന സാഹചര്യങ്ങൾ പുതുക്കി പണിയാത്തത് വലിയ പോരായ്മ തന്നെയാണ്. മനുഷ്യ വർഗം പെരുകുന്നതിനു അനുയോജ്യമായി സൗകര്യങ്ങൾ മെച്ചപ്പെടുത്താത്തതിന്റെ കാരണം മനസിലാവുന്നില്ല. സർക്കാർ സംവിധാനങ്ങളുടെ വിജയമോ പരാജയമോ ?

Thursday, July 28, 2022

ആഗസ്റ്റിലേക്കുള്ള ദൂരം

 മലയാളികളെ സംബന്ധിച്ച് ഓഗസ്റ്റ് മാസമെന്നത്  കർക്കിടക വാവിന്റെയോ ഓണത്തിന്റെയോ ദിവസങ്ങളാണ് . പക്ഷെ അത് മാത്രമാണോ  ഓഗസ്റ്റ് ? അല്ല . 

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം എട്ടാം മാസത്തിനെയാണ് ഓഗസ്റ്റ് എന്ന് പറയുന്നത്. അഗസ്റ്റസ് സീസർ എന്ന റോമൻ രാജാവിനോടുള്ള ആദരസൂചകമായിട്ടാണ് ഓഗസ്റ്റ് എന്ന പേര് നൽകിയത്. അഗസ്റ്റസ് എന്നാൽ ആദരണീയൻ എന്നാണ് അർദ്ധം. അങ്ങനെ എങ്കിൽ ആദരിക്കപ്പെടേണ്ട മാസമെന്ന അർത്ഥത്തിൽ ആണോ മഹാബലിയെ ആദരിക്കാൻ ഓണം ആഘോഷിക്കുന്നത്? ഇഹ ലോക വാസം വെടിഞ്ഞവരോടുള്ള ആദരവാണോ കർക്കിടക വാവ് ? ഇതിനുള്ള കൃത്യമായ ഉത്തരം എനിക്കുമറിയില്ല പക്ഷെ ഒന്നറിയാം ഓഗസ്റ്റിലെ ഓരോ ദിവസത്തിനും സവിശേഷതകളേറെയുണ്ട് . ആഗസ്റ്റിലേക്കൊരു കാത്തിരിപ്പുണ്ട് , പലർക്കും പല കാരണങ്ങൾ 

ഞാനും കാത്തിരിക്കുന്നത് ഇതേ ആഗസ്റ്റിലേക്കാണ് . സ്വപ്നങ്ങൾക്ക് പ്രതീക്ഷകളുടെ ചിറകുകൾ മുളയ്ക്കാൻ, ആഗ്രഹങ്ങൾക്ക് സന്തോഷത്തിന്റെ പൂത്തിരി കത്തിക്കാൻ, ഇഷ്ട്ടങ്ങൾക്ക് സ്നേഹത്തിന്റെ ഭാവങ്ങൾ പകരാൻ ആഗസ്റ്റിലേക്ക് ഉറ്റുനോക്കി ഇരിക്കുകയാണ് 

രണ്ട് വർഷം മുൻപൊരു ഓഗസ്റ്റ് 15 ഉണ്ടായിരുന്നു. ആ ദിവസത്തിന്റെ പ്രത്യേകത അറിയുമോ? നാഷണൽ റിലാക്‌സേഷൻ  ഡേ. അങ്ങനൊരു ദിവസം നിങ്ങൾ കേട്ടിട്ടുണ്ടോ? ഞാൻ കേട്ടിട്ടില്ല പക്ഷെ കേരളത്തിന്റെ കാശ്മീർ എന്നറിയപ്പെടുന്ന പൊൻ‌മുടിയിൽ പറന്നു നീങ്ങുന്ന മേഘങ്ങൾക്ക് നടുവിൽ നിന്നപ്പോൾ എനിക്കുതോന്നിയിരുന്നു അവന്റെ സ്നേഹ സാമീപ്യം പകരുന്ന റിലാക്‌സേഷൻ എന്ന ആശ്വാസത്തിന്റെ മാധുര്യം നുണഞ്ഞ ആ ദിവസത്തിന് ചേർന്ന പേരു തന്നെയാണ്  അതെന്ന്

കാത്തിരിപ്പിനു അർത്ഥമില്ലെന്ന് തോന്നിപ്പിക്കുന്ന നിമിഷങ്ങളിൽ കൂടി നടക്കുമ്പോൾ തോന്നും ജീവിതമെന്ന ഞാണിന്മേൽക്കളി ഒന്നവസാനിച്ചെങ്കിലെന്ന് എങ്കിലും  രണ്ട് വർഷത്തിനിപ്പുറമുള്ള ഓഗസ്റ്റ് എങ്ങനെ ആയിരിക്കുമെന്നത്  ചിന്തകൾക്കതീതമായൊരു വർണസുന്ദരമായ മാസ്മരികതയുടെ   ലോകമായിരിക്കാം എന്ന പ്രത്യാശയുടെ പാത തിരഞ്ഞെടുക്കാതിരിക്കാനുമാവില്ല 

മാസങ്ങളും ദിവസങ്ങളും കടന്ന് ഓഗസ്റ്റ് ഇങ്ങെത്തുമ്പോൾ മനസ്സിൽ ഒരുപാട് ചോദ്യങ്ങളുണ്ട്. അതെ, ഉത്തരങ്ങളില്ലാത്ത  ചോദ്യങ്ങൾ തന്നെയാണ് മിക്കതും. ഉത്തരങ്ങളില്ലാത്തത് കൊണ്ട് ചോദ്യങ്ങൾക്ക് പ്രസക്തി ഇല്ലാതാവുന്നില്ല. കാരണം , എന്നെങ്കിലും ഒരിക്കൽ ജീവിത യാത്രയിൽ ഉത്തരങ്ങൾ തെളിയും. 



Wednesday, June 22, 2022

Today's Lesson - 1

  •  When someone comes to you for some help if you can help just help. Do not expect anything in return. They never came to you for a paid service to return something you need. Help is a free service. Favor is a free service. Do and let them go.
  • If you expect someone to understand your feelings you are the biggest fool. People don't even have time to understand their own feelings and needs. Then how can you expect those people to understand yours?


Monday, June 20, 2022

എന്നിലെ സ്വാർത്ഥത

ആഘോഷങ്ങളെന്നും ഒരുമയുടെ പ്രതീകമാണ് പക്ഷെ ചില കാര്യങ്ങളിൽ പുത്തൻ ആഘോഷങ്ങളോടും സമീപനങ്ങളോടും പൊരുത്തപ്പെടാൻ എന്റെ പഴഞ്ചൻ മനസ്സിന് കഴിയാറില്ല. എൺപതുകളിൽ ഗർഭം ധരിച്ചെങ്കിലും ഋതുഭേദങ്ങൾ മാറുന്നതറിയാതെ പിറന്നത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലായി പോയതൊരു കുറ്റമല്ലെങ്കിൽ നിങ്ങൾക്കെന്നെ പഴഞ്ചനെന്ന് മുദ്ര കുത്താം 

  ഡിസംബർ 31 ആണല്ലോ പുതുവർഷമായി  ലോകമെങ്ങും ആഘോഷിക്കുന്നത് പിന്നെന്തിനാണ് ഈ റെസിഡന്റ്‌സ് അസോസിയേഷൻ മാത്രം ജനുവരിയിലെ രണ്ടാമത്തെ ശനി തിരഞ്ഞെടുത്തിരിക്കുന്നതാവോ ? ആ തീരുമാനങ്ങളോട് യോജിക്കാൻ യുക്തിബോധമെന്നെ അനുവദിച്ചില്ലെങ്കിലും അവളുടെ  അപേക്ഷ നിരസിക്കാനായില്ല . കണ്ണാപ്പി പറഞ്ഞാൽ പിന്നെ ഇടം വലം നോക്കാതെ നമ്മൾ ചെയ്തിരിക്കും എന്നൊക്കെ അവളോട് വെറുതെ പറഞ്ഞാലും മിക്കവാറും അവൾ പറയുന്നതൊക്കെ സാധിച്ചു  കൊടുക്കും. 
പക്ഷെ ഇന്നിപ്പോ പരിപാടിക്ക് ചെല്ലാൻ നിർബന്ധിക്കുന്നത് വേറൊന്നുമല്ല  - അവളുടെ പ്രാർത്ഥനാ ഗാനവും ഒരു നൃത്തവുമുണ്ട്. കുറച്ചു ദിവസമായി വീട്ടിൽ അതിന്റെ ബഹളമായിരുന്നു. അവളുടെ കഴിവുകൾ എനിക്കിഷ്ടമാണ് പക്ഷെ അവൾ പാടുന്നതും നൃത്തം ചെയ്യുന്നതും എല്ലാം എനിക്ക് വേണ്ടി ആയിരിക്കണം. എനിക്ക് വേണ്ടി മാത്രം. അവളുടെ കാര്യത്തിൽ ഞാനൊരു സ്വാർത്ഥനാണ്. എനിക്കറിയാം. ഞാൻ വേണ്ടെന്ന് പറഞ്ഞാൽ അവളിന്ന് പങ്കെടുക്കില്ലായിരുന്നു പക്ഷെ ഇത്തവണ എതിരൊന്നും പറഞ്ഞില്ല. മറ്റൊന്നും കൊണ്ടല്ല, ഞങ്ങളുടെ ഇവിടുത്തെ താമസം ഉടനെ അവസാനിക്കും. ട്രാൻസ്ഫെർ ഓർഡർ കിട്ടാൻ കാത്തിരിക്കുകയാണ്.

മുൻ നിരയിലിരുന്ന് തന്നെ ഞാനവളുടെ പരിപാടി കാണണമെന്ന് സമ്മതിപ്പിച്ചു വച്ചിരുന്നത് കൊണ്ട് ആദ്യമേ തന്നെ സ്ഥാനം ഉറപ്പിച്ചു.പതിവ് പോലെ തന്നെ മൈക്ക് വിഴുങ്ങാൻ ഒരുപാടാളുകൾ ഉണ്ടായിരുന്നു. കാണികളെ മനസിലാക്കാതെയുള്ള പ്രാസംഗികർ എന്നും തലവേദനയാണ്. 

 പരിപാടിയൊക്കെ നന്നായി തന്നെ നടന്നു. പക്ഷെ അതിനു ശേഷം അത്ര നല്ലതായിരുന്നില്ല. പ്രകടനം ഗംഭീരമായെന്ന് പറയാൻ ഒരുപാട് പേർ അവളുടെ അരികിലേക്ക് വന്നു. അതെനിക്ക് തീരെയും സഹിക്കാൻ പറ്റുന്ന നിമിഷങ്ങൾ  ആയിരുന്നില്ല. അവളെ പുകഴ്‌ത്താൻ ഞാനുണ്ട്. അവളെ വിമർശിക്കാൻ ഞാനുണ്ട്. അവളുടെ എന്തിനും ഏതിനും ഞാനുള്ളപ്പോൾ എന്തിനാണ് മറ്റുള്ളവരുടെ ആവശ്യം?

സമയം കഴിയുന്തോറും എന്റെ മാനസിക നില മാറുന്നത് അവൾക്ക് മനസിലായി. ഇനി അധിക നേരം അവിടെ നിന്നാൽ പിന്നെന്ത് സംഭവിക്കും എന്നറിയാവുന്നത് കൊണ്ട് എല്ലാരോടും യാത്ര പറഞ്ഞ ശേഷം വീട്ടിലേക്ക് മടങ്ങി. മടക്ക യാത്രയിൽ അവളുടെ ഊർജ്ജവും പ്രസരിപ്പും കുറഞ്ഞിരുന്നു. പരിപാടിയുടെ ക്ഷീണമല്ല ഒരഗ്നി പർവതം പൊട്ടി തെറിക്കാൻ പോകുന്നുവെന്ന തിരിച്ചറിവ് അവളിൽ ടെൻഷൻ ഉണ്ടാക്കി.  എന്നാലും എനിക്ക് അടങ്ങി ഇരിക്കാനായില്ല. 2018 ൽ കേരളത്തിലുണ്ടായ പ്രളയം പോലെ വാക്കുകൾ കൊണ്ടൊരു ശര ശയ്യ തീർത്തു. ഞാൻ സമ്മതം മൂളിയത് കൊണ്ടാണ് ഇതെല്ലാമുണ്ടായതെന്ന സത്യം മറന്ന് കൊണ്ട് തന്നെയാണ് ഞാൻ പ്രതികരിച്ചു കൊണ്ടിരുന്നത്.

ചില കാര്യങ്ങൾ പലപ്പോഴും ഉൾക്കൊള്ളാൻ എനിക്ക് കഴിയാറില്ല. എന്റെ സ്വാർത്ഥത , അവളുടെ കാര്യത്തിൽ ഞാൻ തികച്ചും സ്വാർത്ഥനാണ്. മറ്റാരും അവളെ നോക്കുന്നത് എനിക്ക് സഹിക്കാൻ പറ്റില്ല. മറ്റാരും അവളോട് അടുക്കുന്നത് എനിക്കിഷ്ടമല്ല. അവളുടെ സ്നേഹം, ഇഷ്ടം, നോട്ടം, പാട്ട്, അങ്ങനെ എല്ലാമെല്ലാം എന്റേത് മാത്രമായിരിക്കണം. 

എന്റെ ഈ സ്വാർത്ഥത അവൾക്ക് കൃത്യവും വ്യക്തവുമായി അറിയാം. അത് കൊണ്ടാണ് മറുത്തൊരു വാക്കു പോലും പറയാതെ എല്ലാം കേട്ടിരിക്കുന്നത്. ചിലപ്പോൾ ചില ചോദ്യങ്ങൾ ഉന്നയിക്കാറുണ്ടെങ്കിലും ചന്തുവിനെ തോൽപ്പിക്കാൻ ഇന്നേ വരെ അവൾക്ക് കഴിഞ്ഞിട്ടില്ല. ജീവനുള്ളതും ഇല്ലാത്തതുമായ ഒരു വസ്തുവിനോടുമില്ലാത്ത ഒരുതരം ഭ്രാന്തമായ സ്വാർത്ഥത അവളിൽ എനിക്കുണ്ട്. അതുൾക്കൊള്ളാൻ മടിയില്ലെനിക്ക് പക്ഷെ എല്ലായ്‌പ്പോഴും അതിന്റെ പ്രത്യാഘാതം അവളിൽ വല്ലാത്ത മുറിപ്പാടുകൾ ഉണ്ടാക്കാറുണ്ട്. ഞാനെത്ര ശ്രമിച്ചിട്ടും എനിക്കെന്നോട് പറയാൻ സാധിക്കുന്നില്ല നീ ഇതിൽ സ്വാർത്ഥനാകൂ, ഇതിൽ ആവരുത് എന്നൊക്കെ. ഒരു നോട്ടം കൊണ്ട് പോലും അവൾ മറ്റൊരാൾക്കും സ്വന്തമാകുന്നത് സഹിക്കാനാവില്ല. ആ എനിക്ക് പിന്നെങ്ങനെയാണ് ഇത്തരം സാഹചര്യങ്ങളെ നേരിടാനാവുക.

 പെയ്ത് തോർന്ന മഴയിൽ  അന്തരീക്ഷമാകെ മാറി മറിഞ്ഞു. 
അവളെ ചേർത്ത് നിർത്തി പറഞ്ഞു " എനിക്കിഷ്ടല്ല , എനിക്കിതൊന്നും സഹിക്കാൻ പറ്റില്ല"
എന്നത്തേയും പോലെ " എനിക്കറിയാം" എന്ന് പറഞ്ഞവൾ മാറോട് ചേർന്നു  എന്നെ കൂടുതൽ സ്വാർത്ഥനക്കാനെന്ന പോലെ 





Sunday, July 18, 2021

മാലിക്

ആമസോൺ പ്രൈമിൽ ഈ സിനിമ റിലീസ് ആകുന്നതിന്റെ പരസ്യം ഒരുപാട് കണ്ടു കേട്ടു. ചിലരൊക്കെ അതിനെ വളരെ അതിശയോക്തിയോടെ പറയുകയും ചെയ്തു. തിരുവനന്തപുരം ബീമാ പള്ളിയെ സംബന്ധിക്കുന്ന സിനിമയാണെന്ന്. സത്യത്തിൽ ആമസോൺ പ്രൈമിൽ കഴിഞ്ഞ തവണ കണ്ട cold case പൃഥ്വിരാജ് പരസ്യത്തിൽ പറയുന്ന ഹൈപ്പ് ഒന്നും തോന്നിയില്ല. അത് കൊണ്ടാവാം ഇത് കാണാനൊരു മടി തുടക്കത്തിൽ തോന്നിയത്. എന്നാലും ഫഹദ് അല്ലേ നായകൻ അത്കൊണ്ട് തീരെ മോശമാവില്ലെന്ന പ്രതീക്ഷ ആയിരുന്നു കാണാൻ തുടങ്ങുമ്പോൾ.

ആദ്യം പറയാനുള്ളത് കാസ്റ്റിംഗ് ആണ്. ഓരോ കഥാപാത്രങ്ങളും അഭിനയിക്കാൻ കെൽപ്പുള്ളവർക്ക് തന്നെയാണ്. 

കഥ പറയുന്ന രീതി.. പലരിലൂടെ ഫ്ലാഷ് ബാക്ക് ചെയ്ത് മനോഹരമാക്കിയിട്ടുണ്ട്.

ഒരുപാട് പാട്ടുകൾ ഇല്ലാതെ എന്നാൽ അത്യാവശ്യം വേണ്ട അവസരങ്ങളിൽ മാത്രം 

എന്നും രാഷ്ട്രീയക്കാരുടെ തീരുമാനങ്ങളിൽ നഷ്ട്ടം സാധാരണക്കാരന് തന്നെയാണ്. ചില പോലീസുകാർ അറിഞ്ഞോ അറിയാതെയോ അതിന്റെ ഭാഗമാകാറുണ്ട്. സിവിൽ സെർവന്റ്സ് എന്ന വിഭാഗത്തിന്റെ ഗതികേടാണത്.

വികസനത്തിന്റെ പേരിൽ കുടിയിറക്കപ്പെടുന്ന സാധാരണ ജനങ്ങൾ, അവരെ സംരക്ഷിക്കാൻ മുന്നിട്ടു നിൽക്കുന്നവനെ അവസാനിപ്പിക്കുകയാണ് എല്ലാ സർക്കാരിന്റെയും ആവശ്യം. വ്യക്തി താല്പര്യങ്ങളുടെ പേരിൽ പലർക്കും ജീവിതം തന്നെയാണ് നഷ്ടപ്പെടുന്നത്.

മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരിൽ ഇവിടെ നില ഉറപ്പിക്കുന്ന ഒരുപാടു പേരുണ്ട്. അവരെ തിരിച്ചറിഞ്ഞു അകറ്റി നിർത്തണം.

കേരളത്തിലെ ജയിലിൽ പോലും തടവ് പുള്ളികൾ സുരക്ഷിതരല്ല. അവരെ കൊല്ലാൻ നിയമം പാലിക്കേണ്ടവർ തന്നെയാണ് മുന്നിൽ നിൽക്കുന്നത് എന്ന സത്യം എത്ര അപഹാസ്യമാണ്.

സംരക്ഷിക്കാൻ കഴിയാത്തവർക്ക് ശിക്ഷിക്കാനും അവകാശമില്ല.

ഈ സിനിമയിൽ  ഓരോ നിമിഷവും ഉള്ളിൽ തട്ടിയ ജീവിത അനുഭവങ്ങളുണ്ട്.  മാലിന്യ കൂമ്പാരം എങ്ങനെയാണു ഒരു സ്ഥലത്തെ ജനങ്ങളെ ബാധിക്കുന്നത്. അതിനെതിരെ സർക്കാർ എന്ത് നടപടിയാണ് എടുക്കുന്നത്. 

ഇതിനൊന്നും വ്യവസ്ഥ ഇല്ലാത്ത ഈ നാട്ടിൽ ഒരുപാട് മാലിക്കുമാർ ജനിക്കും.

Monday, September 21, 2020

ഭ്രമണം

 നെഞ്ചോട്‌ ചേർത്ത് നിർത്താൻ ആഗ്രഹിച്ചവളെ സ്വന്തമാക്കാനാവില്ലെന്ന സത്യമെന്നേ വല്ലാതെ വിഷമിപ്പിച്ചു.  അവളുടെ താല്പര്യമില്ലായ്മയെ കൂടുതൽ ചോദ്യം ചെയ്യാൻ എനിക്കാവില്ലായിരുന്നു.  കാരണം മറ്റാരേക്കാളും മറ്റെന്തിനെക്കാളും അവളെനിക്ക് ആരെല്ലാമോ ആയിരുന്നു.  അവളുടെ സാഹചര്യം അറിയാവുന്നത് കൊണ്ട് അധികം സമ്മർദ്ദം ചെലുത്താനും മനസ്സ് അനുവദിച്ചില്ല. അവളോടുള്ള എന്റെ സ്നേഹം അവളെ വേദനിപ്പിക്കാതിരിക്കാൻ ഓരോ ദിവസം ഓരോ നിമിഷവും ഞാനവളിൽ നിന്നുമകന്നു.  ആ അകൽച്ച എവിടെയൊക്കെയാണ് എന്നെ കൊണ്ട് പോയത്. 

കാടും മേടും കരയും തീരവും ഒന്നും വേർതിരിക്കാനാവാതെയുള്ള യാത്രയിൽ ഞാൻ അലഞ്ഞത് മുഴുവൻ സ്നേഹത്തിനും പരിഗണനയ്ക്കും വേണ്ടി തന്നെ ആയിരുന്നു.  ജീവിതത്തിൽ ആർക്കൊക്കൊയോ വേണ്ടി ഓരോ വേശം കെട്ടി ആടിയപ്പോഴും മനസ്സെന്നും വേദനിച്ചിരുന്നു.  ആഗ്രഹിച്ചതൊന്നും നേടാനാവാതെ നേടിയതിൽ സന്തോഷവും സംതൃപ്തിയും കണ്ടെത്താൻ ശ്രമിച്ചപ്പോഴൊക്കെയും പരാചിതനായി സ്വയം കോമാളി ആണെന്ന് തെളിയിച്ചു.

എനിക്ക് വേണ്ടി ജീവിക്കാൻ മറന്ന് മറന്ന് ഞാൻ എന്നെ തന്നെ മറന്നു തുടങ്ങി.  പക്ഷെ അവളെ മറക്കാൻ ശ്രമിക്കുമ്പോഴൊക്കെയും എങ്ങു നിന്നുമൊക്കെ ശരങ്ങളേറ്റ് എന്റെ ശരീരമാകെ വിറങ്ങലിച്ചു

എന്നും എപ്പോഴും അവളെ ഓർക്കാതിരിക്കാൻ ശ്രമിക്കും. അത് കൊണ്ടാവും അടങ്ങാത്ത വേദനയായി മനസ്സിൽ അലകൾ ആഞ്ഞടിച്ചത്. എന്റെ സ്വന്തമായില്ലെങ്കിലും അവളെ പോലൊരു പെണ്ണിനെ സ്വന്തമാക്കുന്ന ആരായാലും ഭാഗ്യവാൻ ആയിരിക്കുമെന്ന് എനിക്കുറപ്പായിരുന്നു. കാരണം, മനസ്സറിഞ്ഞു സ്നേഹിക്കാൻ അവളെ പോലെ മറ്റാർക്കും കഴിയില്ല.  അവളോടുള്ള ആത്മബന്ധം വളർന്നു കൊണ്ടേ ഇരുന്നു. പക്ഷെ വളർച്ചാ നിരക്ക് ഞാനറിഞ്ഞതേയില്ല.  ഞാനത് അറിയാൻ ശ്രമിച്ചില്ല.  അവൾ മാറ്റാർക്കെങ്കിലും സ്വന്തമാകുന്നത് വരെയെങ്കിലും കാത്തിരിക്കാൻ എനിക്ക് തോന്നിയില്ല. അവളിൽ നിന്നുമകലാൻ കൂടി വേണ്ടിയാണോ മറ്റൊരു ബന്ധത്തിൽ ഞാൻ എത്തിപെട്ടത്? അതോ സാഹചര്യത്തിന്റെ സമ്മർദ്ദം കൊണ്ടോ? രണ്ടായാലും അവളിലേക്കുള്ള എന്റെ വഴികൾ അടഞ്ഞു. ആ വാതിൽക്കൽ ചെന്ന് ഒന്ന് നോക്കാൻ പോലുമാവില്ലെനിക്ക്.

അവളെനിക്ക് പൂർണമായി നഷ്ടപ്പെട്ടിരിക്കുന്നു.  ആ സത്യം ഞാൻ എന്നെ തന്നെ പറഞ്ഞ് പഠിപ്പിച്ചു.  വല്ലപ്പോഴും ആ ശബ്ദമൊന്ന് കേൾക്കാൻ വിളിക്കും,  ആ സംസാരം ഒരിക്കലും അവസാനിക്കരുതെന്ന് ആഗ്രഹിക്കും.  അവസാനിക്കുന്ന നിമിഷം ഞാൻ ശൂന്യതയിലേക്ക് പതിക്കും. ജീവിതമെനിക്ക് വേണ്ടി തുന്നി തന്ന വേഷ വിധാനങ്ങൾ ഓരോന്നും എടുത്തണിഞ്ഞും,  മുഖമൂടികൾ മാറി മാറി അണിഞ്ഞും നാളുകൾ കടന്നു പോയി.

ജീവിക്കാനുള്ള ആഗ്രഹം ക്രമേണ എന്നിൽ നിന്നും അകന്നു.  ആർക്ക് വേണ്ടി എന്തിന് വേണ്ടി എന്നുള്ള ചിന്ത എന്നെ വരിഞ്ഞു മുറുക്കി.  മുഖത്തണിയാൻ വച്ചിരുന്ന ഛായ കൂട്ടുകൾ ഒരോന്നായി താഴെ വീഴാൻ തുടങ്ങി. വേഷങ്ങൾ കെട്ടി ആടി അരങ്ങു തകർത്തിരുന്ന ഞാനിന്ന് കണ്ണാടിയിൽ നോക്കിയപ്പോൾ എന്നെ കാണാനില്ല. ഞാനെവിടെ പോയി?  ഞാൻ മരിച്ചോ? എങ്കിൽ ഇതാരാ? അറിയില്ല. ഒന്നും അറിയാതെ ഒരായിരം ചോദ്യങ്ങളുടെ കൂമ്പാരത്തിനു നടുവിൽ ഏകാകിയായി ഞാൻ നിന്നു

ഞാനൊരു നല്ല നാടനാണെന്ന് കരുതിയതൊക്കെയും വെറുതെ ആണെന്ന് ഇടയ്ക്കിടെ കാണികൾ എന്നെ വാക്കുകളിൽ കൂടിയും പ്രവർത്തികളിൽ കൂടിയും ഓർമിപ്പിച്ചു.  കയ്യടി പ്രതീക്ഷിച്ച എനിക്ക് എന്നും കിട്ടിയത് അവജ്ഞയും അവഗണനയും മാത്രം. ഞാനാർക്ക് വേണ്ടിയാണ് ഈ വേഷം കെട്ടിയത്?

ആടി തളർന്ന് ജീവിതം അവസാനിപ്പിക്കാനിരുന്ന എന്റെ മുന്നിൽ വീണ്ടുമൊരു പ്രതീക്ഷയുടെ നാളമായി അവൾ വന്നു.  അഭിനയിച്ചഭിനയിച്ചു അവളോടും ഞാനത് തന്നെ ചെയ്തു. പക്ഷെ ആ സമക്ഷത്തിൽ അധികനാൾ അഭിനയിക്കാൻ എനിക്കാവില്ല. കാരണം ഞാനെന്ന മനുഷ്യനെ ആർക്കെങ്കിലും  കാണാൻ കഴിയുമെങ്കിൽ അതവൾക്ക് മാത്രമാണ്.

അവളോളം എന്നെ മറ്റാരും കാണാൻ ഞാഗ്രഹിച്ചിട്ടില്ല 

അവളെക്കാൾ മറ്റാരും എന്നെ സ്നേഹിക്കണമെന്ന് ഞാൻ ആഗ്രഹിച്ചിട്ടില്ല 

അവളുടെ തീരുമാനത്തിന്റെ ഉറപ്പ്,  വാക്കുകളുടെ മൂർച്ച,  സ്നേഹത്തിനു വേണ്ടിയുള്ള കാത്തിരിപ്പ് ഇതൊന്നിനും പകരം വയ്ക്കാൻ ഒന്നുമില്ല.

വേഷ വിധാനങ്ങളും ആട യാഭരണങ്ങളും അഴിച്ചു വച്ച് മുഖത്തെ ഛായ കൂട്ടുകളും തുടച്ച് അവൾക്ക് മുന്നിൽ നിന്നപ്പോഴാണ് ഞാൻ എന്നെ കണ്ടത്.  ആ കണ്ണുകളിൽ ഞാനെന്ന മനുഷ്യൻ പുനർജ്ജനിച്ചു.  ആ തലോടലിൽ എന്റെ മനസിലും ശരീരത്തിലും ഏറ്റ മുറിവുകൾ മാഞ്ഞു.

ഗാഡ നിദ്രയിലായിരുന്ന കോഷങ്ങൾ ഉണർന്നു.  ശരീരത്തിലെ ഓരോ അണുവും ഞാൻ എന്താണെന്ന സത്യം എനിക്ക് മനസ്സിലായി തുടങ്ങി. ഞാനെന്ന സത്വം,  എന്നിലെ ചിന്ത,  എന്നിലെ എന്നെ ഞാൻ കണ്ടു.  ഇത് വരെ കണ്ടിട്ടില്ലാത്തയത്രയും തീവ്രതയിൽ ആഴത്തിൽ.

അവളുടെ കൂടെ നിന്നൊരിക്കൽ കൂടി ചോദിക്കുന്നതിനു പകരം ഓടി ഒളിച്ച എന്റെ തീരുമാനത്തെ ന്യായീകരിക്കാൻ എനിക്കാവില്ല.

ഒളിച്ചോട്ടങ്ങൾ പതിവായ എനിക്കിനി ഒളിച്ചോടാൻ ഒരിടമില്ലാതായി.  കാരണം അവളിൽ ഞാൻ എന്നെ കൂടുതൽ കൂടുതൽ അറിഞ്ഞു.

 ഇനി എനിക്കെന്നെ ഒളിപ്പിക്കാനാവില്ല.  കാരണം ഞാനെന്നെ സ്നേഹിച്ചു തുടങ്ങി. ജീവിതത്തിന്റെ പാതി വഴിയിൽ നിന്ന് ഞാൻ തിരിഞ്ഞു നോക്കുമ്പോൾ ഞാനറിയുന്ന വലിയൊരു സത്യമുണ്ട്- ആത്മാവ് നഷ്ട്ടപെട്ട ഒരുവനായിരുന്നു ഇത്രയും നാൾ.  ചിന്തിക്കാൻ ശേഷി ഇല്ലാതെ,  എതിർക്കാൻ കഴിവില്ലാതെ,  മനസ്സിലെന്താണെന്ന് പറയാനാവാതെ ഇത്രയും നാൾ ഞാൻ വീർപ്പുമുട്ടി കഴിയുകയായിരുന്നു.ഇന്നിപ്പോൾ ഒരു വാക്കിന്റെ പോലും ആവശ്യമില്ലാതെ മനസ്സിലാക്കലുകൾ കൂടുന്നു.

പുനർജ്ജനിയിലൂടെ കടന്ന് പുതിയ ജന്മം കൈവരിക്കുന്ന കഥകൾ എന്നും പരിഹാസത്തോടെ കേട്ടിട്ടുണ്ട്. അങ്ങനെ ഒന്നും ഒരിക്കലും കഴിയില്ലെന്ന് ഉറപ്പായിരുന്നു. പക്ഷെ എല്ലാ ഉറപ്പിനെയും ഇളക്കി മറിച്ചു കൊണ്ട് വന്ന കൊടുങ്കാറ്റായി ആ സത്യമെനിക്ക് മുന്നിൽ നിൽക്കുമ്പോൾ ഞാനെങ്ങനെ ഇനി നിരസിക്കും?

നിരസിക്കാനാവാത്ത സത്യങ്ങൾ കൂടുതൽ കൂടുതൽ ചിന്തിച്ചു. ഒടുവിൽ ഞാൻ അറിഞ്ഞു. എന്നെ തേടിയുള്ള എന്റെ യാത്ര അവസാനിച്ചുവെന്ന്.


Saturday, June 6, 2020

കംഫോർട്ട് സോൺ

ലോക്ക് ഡൗൺ തുടങ്ങിയ ശേഷം ജോലിയുടെ കാര്യത്തിൽ കുറച്ചേറെ ആശ്വാസമുണ്ട് . എന്നും ഓഫീസിൽ പോകേണ്ട, മൂന്നോ നാലോ ദിവസത്തിൽ ഒരിക്കൽ മാത്രം ജീവനക്കാർ ഹാജരായാൽ മതിയെന്നു ഡിപാർട്മെൻറ് ഉത്തരവിറക്കി. അവളുടെ സ്നേഹവും സാമീപ്യവും കൂടുതലറിയാൻ തുടങ്ങിയ അസുലഭ നിമിഷങ്ങൾ .  അവളോടുള്ള അടങ്ങാത്ത പ്രണയം ഓരോ പുലരിയിലും മൊട്ടുകൾ വിരിയിച്ചു. ഹോളണ്ടിൽ ട്യൂലിപ്പുകൾ പൂത്തുലഞ്ഞുനിൽക്കുന്നതിനേക്കാൾ സൗന്ദര്യം ഈ ജീവിതത്തിനുണ്ടെന്ന് തോന്നിയ നിമിഷങ്ങൾ . പെരുമ്പാമ്പ് ഇരയെ ഞെരുക്കും പോലെ പ്രണയമെന്നെ വരിഞ്ഞു മുറുക്കി. അതോ ഞാനെന്ന പെരുമ്പാമ്പിന്റെ ഇരയാണോ പ്രണയം ? അറിയില്ല പക്ഷെ ഒന്നറിയാം നോവുകളോ നൊമ്പരങ്ങളോ എന്നെ അലോസരപ്പെടുത്തിയില്ല .  ഈ സുഖം വിട്ടെങ്ങോട്ടും പോകാൻ എനിക്കാവില്ലെന്ന് മനസ്സ് ആവർത്തിച്ചു പറഞ്ഞു. 

ഇനിയിപ്പോ കൊറോണ നാട് വിട്ടു പോകാൻ തീരുമാനിച്ചാൽ എന്നെപ്പോലുള്ള സർക്കാർ ജീവനക്കാരുടെ അവസ്ഥ പരിതാപകരമായിരിക്കും. ഖലീൽ ജിബ്രാന്റെ ദി പ്രോഫറ്റിൽ ജോലിയെ കുറിച്ചുള്ള പരാമർശമോർത്തു. - ജോലി ഒരു ശാപമാണ് , അധ്വാനം  നിർഭാഗ്യവും ‌. പക്ഷെ അതല്ല സത്യം. ഈ ഭൂമിയിൽ സാക്ഷാത്കരിക്കപ്പെടാത്ത ഒരുപാട് സ്വപ്നങ്ങളുണ്ട്,പലരും പല കാലഘട്ടങ്ങളിൽ തുടങ്ങി വച്ചതാവാം. ആ സ്വപ്നങ്ങളെ സാക്ഷാത്ക്കരിക്കലാവണം നമ്മുടെ ജോലി. അധ്വാനിക്കുമ്പോൾ നമ്മൾ ജീവിതത്തെ സ്നേഹിക്കാൻ തുടങ്ങും. ആ സ്നേഹം നമ്മളെ സ്വയം തിരിച്ചറിയാൻ സഹായിക്കും.
ജീവിതത്തിൽ സന്തോഷത്തിന്റെ ഗ്രാഫ് ഒരിക്കലും യൂണിഫോം ആയിരിക്കില്ല. അതുകൊണ്ടാണ് അടുത്ത ദിവസം ഫീൽഡ് ഉണ്ടെന്ന് അറിയിച്ചു കൊണ്ടുള്ള  മുരളി സാറിന്റെ ഫോൺ കാൾ എന്നെ  അലോസരപ്പെടുത്തിയത്. ഫീൽഡിന് പോയാൽ ഏത് സമയത്തു തിരിച്ചെത്തുമെന്ന് പറയാനാവില്ല. ഓഫ് റോഡ് യാത്ര ശരീരമാകെ പിടിച്ചുലയ്ക്കും. അവളെ കാണാതെയും സംസാരിക്കാതെയുമുള്ള നിമിഷങ്ങളെ കുറിച്ചോർത്താൽ ശരീരത്തിന്റെ ഉലച്ചിലെത്ര  നിസ്സാരം. 

ബൊലേറോയിലുള്ള യാത്രയിൽ ഉടന്നീളം ചിന്തിച്ചത് അവളെ കുറിച്ച് മാത്രം.  ഈ ലോകത്ത്‌ ഞാനാരെയെങ്കിലും മിസ്സ് ചെയ്യുമെങ്കിൽ അത് നിന്നെ മാത്രമായിരിക്കും. വഴിയോരക്കാഴ്ചകൾ മനസ്സിൽ പതിയാതെ മാഞ്ഞു പോയി. കാറിനുള്ളിൽ സഹപ്രവർത്തകർ പരാതിയെ കുറിച്ചും അന്വേഷണത്തെ കുറിച്ചുമുള്ള ചർച്ചയിലാണ്. പരാതി പ്രകാരം അറുപതോളം പേരുടെ മൊഴി രേഖപ്പെടുത്തണം. ഇവരെയൊക്കെ കണ്ടെത്തി, ചോദ്യോത്തര മേളയൊക്കെ കഴിഞ്ഞിട്ടെപ്പോൾ ഞാനെന്റെ കംഫോർട്ട് സോണിൽ എത്തുമെന്നറിയില്ല. അങ്ങനൊരു കംഫോർട്ട് സോൺ എല്ലാർക്കും ഉണ്ടാകുമോയെന്നുമറിയില്ല. പക്ഷെ ഒന്നറിയാം എനിക്കെപ്പോഴും ആ സോണിലോടി ഒളിക്കാനാണിഷ്ടം. ആ സോണിലുറങ്ങാനിഷ്ട്ടം. അവിടെ ജീവിച്ചു മരിക്കാനാണാഗ്രഹം. 

കാടും മേടും താണ്ടിയുള്ള യാത്രയിൽ നെറ്റ്‌വർക്ക് കിട്ടണമെന്നില്ല. മിന്നാമിനുങ്ങിനെ പോലെ വന്ന് പോയാലായി. മൊഴി എടുക്കാൻ എത്രയേറെ ചോദ്യങ്ങൾ, വൈവിധ്യമായ ഉത്തരങ്ങൾ. ഉത്തരങ്ങളോരോന്നും കോർത്തൊടുവിൽ ഉണ്ടാക്കുന്ന മാല ഇട്ടാൽ ആർക്കും പരിക്ക് പറ്റാനും പാടില്ല. ജീവനക്കാർക്ക് ദോഷം വരാത്ത രീതിയിലാവണം കഥ പുരോഗമിക്കാൻ. കെട്ടു കഥകളിൽ താല്പര്യമുള്ളവർക്ക് അത് കൊടുത്താൽ പോരെയെന്ന് മനസ്സിൽ ഒരായിരം തവണ ചോദിച്ചിട്ടുണ്ട്. ഉത്തരം മറ്റൊന്നുമല്ല, ജനങ്ങളുടെയും മാധ്യമത്തിന്റെയും കണ്ണിൽ പൊടി ഇടാൻ ഇത് അനിവാര്യമാണ്. 
 
250  കിലോ മീറ്ററോളം കാടിനുള്ളിൽ സഞ്ചരിക്കുന്നതിലുള്ള മാനസിക അവസ്ഥ വിവരിക്കാനാവില്ല. വൈകിട്ട് ഏഴു മണിക്കൊരു ഓഫീസിൽ എത്തിയപ്പോഴാണ് തെല്ലൊരാശ്വാസം തോന്നിയത്. ശരീരത്തിൽ ജീവന്റെ ഒരംശം പോലുമുണ്ടെന്ന് തോന്നിപ്പിക്കാത്ത രീതിയിൽ മരവിച്ചിരിക്കുന്നു. എന്നാലും ജീവിക്കാനൊരു മോഹം ഇടയ്ക്കിടെ മാളത്തിൽ നിന്നും പുറത്തു വന്നു.  അവളെ ഫോൺ വിളിച്ചു പറഞ്ഞു ഒരു മണിക്കൂറിനുള്ളിൽ ഞാനെന്റെ കംഫോർട്ട് സോണിൽ ഉണ്ടാകുമെന്ന് . 

എസ് രമേശൻ നായരുടെ വരികൾ  "പൂമുഖ വാതുക്കൽ സ്നേഹം വിടർത്തുന്ന പൂന്തിങ്കളാകുന്നു ഭാര്യ " അർത്ഥവത്താക്കാൻ വേണ്ടിയാണോന്നറിയില്ല എന്നാലും കാത്തിരിപ്പിന്റെ മടുപ്പില്ലാതെ എന്നെയും കാത്തെന്റെ സഖിയുണ്ടായിരുന്നു, കൈയിൽ ജിബ്രാന്റെ ദി പ്രോഫേറ്റും. വായന നടന്നിട്ടില്ല കാരണം അച്ചായനും അച്ചായത്തിയും സായാഹ്‌ന സവാരിക്കിടയിൽ കുശലം പറയാൻ നിൽക്കുന്നുണ്ട്. അവരെ യാത്രയാക്കി സഖാവിന്റെ സഖിയായി മാറാൻ അവൾക്കധിക സമയം വേണ്ടി വന്നില്ല.  എന്റെ പെണ്ണിന്റെ കണ്ണുകളിൽ വിടർന്ന പ്രണയത്തിന്റെ കാരണം ജിബ്രാന്റെ വരികളോ അതോ ഞാനോ? എന്റെ സ്വാർത്ഥത ആവും : ഞാനല്ലെന്ന് വിശ്വസിക്കാൻ എനിക്കിഷ്ടമല്ല. ആ പ്രണയം സ്വീകരിക്കാൻ തയ്യാറായി ഞാനിതാ നിന്റെ മുന്നിൽ അടിയറവ് പറയുന്നു സഖി, എന്റെ അടിയറവിന്റെ ആദ്യ പടിയായി ഈ നെറുകയിൽ ഞാനൊന്ന് ചുംബിക്കുന്നു. അവളുടെ കണ്ണുകളിലെ തിളക്കം എന്റെ കാഴ്ചയെ ബാധിച്ചോ എന്ന് പോലും ചിന്തിക്കാനിഷ്ടപ്പെടാതെ എത്രയോ നേരം അവളെയും ചേർത്ത് ഞാൻ നിന്നു. 

ചായ എന്ന ലഹരിയിൽ അടിമപ്പെട്ടതെന്നാണെന്ന് ഓർക്കുന്നില്ല. ഏതു നേരത്തും ചായയുടെ ലഹരിയിലിരിക്കാൻ ഇഷ്ട്ടമാണ്.  പിടിയുള്ള സ്റ്റീൽ കപ്പിൽ ചായ തന്നവളെയും നെഞ്ചോട് ചേർത്തു നിർത്തി, അന്നനാളത്തിലൂടെ ഊർന്നിറങ്ങുന്ന ചായ കുടിക്കുന്നതിന്റെ ആനന്ദത്തിനാക്കം കൂട്ടിയത് മേഘങ്ങളിൽ നിന്നുമടർന്നു വീഴാൻ തുടങ്ങിയ മഴത്തുള്ളികളാണ്. അവളെ പ്രണയിക്കാൻ മഴയും ഞാനും തമ്മിൽ മത്സരിക്കുന്ന പോലെയുണ്ട്. മറ്റേത് കാര്യത്തിൽ തോറ്റു പോയാലും ഇതിൽ തോൽക്കാൻ ഞാൻ തയ്യാറല്ല. എന്നേക്കാൾ കൂടുതൽ അവളെ ആരും സ്നേഹിക്കുന്നതോ പ്രണയിക്കുന്നതോ എനിക്ക് സഹിക്കാനാവില്ല. 
രാവിലെ മുതലുള്ള ജോലിയുടെ ക്ഷീണമൊക്കെ എങ്ങോട്ട് പോയൊളിച്ചു?. ഈ പ്രണയമതെല്ലാം സ്വാംശീകരിച്ചെടുത്തെന്ന് തോന്നുന്നു. 

ശാരീരിക അസ്വാസ്ഥ്യം എന്നെ കീഴ്‌പ്പെടുത്താൻ തുടങ്ങി. തലവേദനയും നടുവേദനയും അസ്സഹനീയം. എന്നേക്കാൾ മുന്നേ അവളത് മനസ്സിലാക്കിയിരിക്കുന്നു. ആ മടിയിൽ തല ചായ്ച്ചുറങ്ങുമ്പോൾ കിട്ടുന്ന സുഖം മറ്റൊന്നിലും കണ്ടെത്താനായിട്ടില്ല. ഫീൽഡ് പോകുന്ന ദിവസങ്ങളിൽ തിരിച്ചെത്തിയാൽ ഞാനാഗ്രഹിക്കുന്നത് എന്താണെന്ന് അവൾക്കറിയാം.അത് കൊണ്ട് തന്നെ അവളുടെതായിട്ടുള്ള എല്ലാ തിരക്കുകളും നേരത്തെ തീർത്തു വച്ചിട്ടുണ്ടാകും. അത്താഴത്തിനുള്ള ഭക്ഷണം ഉൾപ്പെടെ എല്ലാം. എത്രയോ തവണ ഉണ്ടാക്കി വച്ച ഭക്ഷണം പോലും കഴിക്കാതെ ആ മടിയിൽ കിടന്നുറങ്ങി പോയിട്ടുണ്ട്. എന്നാലും ഇടയ്ക്ക് ഉണരുമ്പോൾ വിശന്നാലോ എന്ന് കരുതിയതാണ് ഭക്ഷണം കരുതിയിരിക്കുന്നത്. ആ രാത്രികളിൽ കവിത കേൾക്കണ്ട, പുസ്തകം വായിക്കണ്ട, സിനിമ കാണേണ്ട. ഒരു കുഞ്ഞിനെ പോലെ അവളുടെ സാമീപ്യവും ലാളനയും സ്നേഹവും മാത്രമേ എന്നെ സംതൃപ്തനാക്കൂ. എനിക്കറിയാം ചില രാത്രികളിൽ അവൾക്ക് ഇരുന്ന് നേരം വെളുപ്പിക്കേണ്ടി വന്നിട്ടുണ്ട്. ഒന്നിലും പരാതിയോ പരിഭവമോ ഇല്ലാതെയുള്ള അവളുടെ സമർപ്പണം, അവിടെയും എന്റെ സ്വാർത്ഥതയാണ് വിജയിക്കുന്നത്.
 ഞാനെന്തിനിങ്ങനെ സ്വാർത്ഥനാകുന്നു ? അവളുടെ സ്നേഹത്തിന്റെ ഒരു തരിമ്പു പോലും ചോർന്നു പോകുന്നത് എനിക്കിഷ്ടമല്ല. അതിൽ ഞാൻ സ്വാർഥനാണെന്ന് ഈ ലോകത്തോട് വിളിച്ചു പറയാൻ എനിക്കൊരു മടിയുമില്ല.  
ഫീൽഡിന് പോകാൻ ഇഷ്ട്ടമല്ലെങ്കിലും അത് കഴിഞ്ഞുള്ള നിമിഷങ്ങളെ ഞാനാസ്വദിച്ചു. എന്നും എപ്പോഴും  ചേക്കേറാൻ ആഗ്രഹിക്കുന്ന കംഫോർട്ട് സോണിലെ  വേഴാമ്പലുകളായി പ്രണയിക്കാൻ . 

Saturday, May 30, 2020

Come back home

Your smile welcomed this morning,
Your songs soothed my wake-up 
Gaiety mind filled with love
Reinstated the wandering thoughts

Nothing lasts forever
A flash of thunder stabbed through the glass pane
Off-tracked my senses, like a thunderclap
Stepped down from the virtual world 
To see the materialistic space

I perceived a couple of volleys
There is no life, no hopes, and no dreams
I own nothing more than torments and tears
I don't belong in this sphere
The melancholic air of desolation embraced me
My heart ceased, desire ends,
A lost life, lifeless dreams

Far away, the lonely woods patiently bided its time 
A melodious song outstretched its frequency
To drift me like withered leaves
The epilogue of my life says
 "Trace thy roots, Come back home,
 You belong to the woods
You belong to this forest
Trees anticipate your arrival soon
Back to the world of smiles, joy, and peace
Nature, thy mother protect you
Forest, thy creator guard you"

Sunday, May 24, 2020

ഓർമ്മകൾ

W: "ആ കലാലയത്തിൽ നമ്മൾ തിരഞ്ഞ പ്രണയം നമുക്കുള്ളിലാണെന്ന് നാമെന്തേ അറിയാതെ പോയി"

M:"അറിയാൻ വേണ്ടി നാമൊരിക്കലും ഞാൻ നിന്നെയോ നീ എന്നെയോ കാണാൻ ശ്രെമിച്ചില്ല"

W:"മനസ്സിൽ നോക്കാതെ കണ്ണിൽ നോക്കിയത് കൊണ്ടാണോ"

M:"ചിലപ്പോൾ അതാവും മറ്റു ചിലപ്പോൾ കണ്ണിലെ പ്രണയം കാണാൻ കഴിയാത്ത വിധം തിമിരം ബാധിച്ചിരുന്നതു കൊണ്ടാവും"

W:"കാണാൻ ശ്രമിക്കാത്തത് കൊണ്ടാണോ? ആയിരിക്കും . അതാവും ഇപ്പോഴാ മുഖം ഞാനെന്റെ ഓർമ്മകളിൽ നിന്നും തിരയാൻ ശ്രമിക്കുന്നത്"

M:"കാണുവാൻ വേണ്ടി ഞാൻ നിൻ മുന്നിൽ വന്നിരുന്നില്ല അതാണ് സത്യം.."

W:"ഇല്ല അങ്ങനല്ല സഖാവേ , ഇന്നോർത്താൽ ഞാൻ കണ്ട എല്ലാ ഫ്രയ്മിലും താങ്കളുണ്ട്"

M:"മധുരതരമായ ഓർമകളെ തിരയുവാൻ ഞാൻ എന്റെ ഓർമകളെ നിന്നിലേയ്ക് പറഞ്ഞയക്കുന്നു"

W:"കാണേണ്ടത് കാണേണ്ട സമയത്തു കണ്ടില്ലെങ്കിൽ ഇങ്ങനെ ഓർത്തെടുത്തു കാണേണ്ടി വരും. ഓർമ്മകളെ പോലും കടമെടുക്കേണ്ടി വരുന്നു"

M:"കടമെടുക്കേണ്ടി വരുന്നത് നമ്മുടെ കൈയിൽ ഇല്ലാഞ്ഞിട്ടല്ല.. 
ആ ഓർമകളെ നമ്മൾ എന്തിന്റെയോ പേരിൽ ഓർക്കാൻ ഇഷ്ടപ്പെടാത്തത് കൊണ്ടാണ്"

W:"ഇഷ്ട്ടപ്പെടുന്നതൊക്കെയും ഓർക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ഓർമ്മകളിൽ ജീവിക്കാനാണിഷ്ടം "

M:"ഒരേ സമയം അന്നത്തെ ബ്ലാക്ക് &വൈറ്റ് ഓർമകൾക്ക് ഇന്ന് ചായം പൂശാൻ ശ്രേമിക്കുകയും അന്നത്തെ വർണശബളമായ ഓർമകളെ ഇന്ന് വെള്ള പൂശാനും ശ്രേമിക്കേണ്ടി വരുന്നു"

W:"ആവശ്യത്തിനും അനാവശ്യത്തിനും എടുത്ത് പൂശാൻ വിവിധ വർണ്ണങ്ങൾ നമുക്ക് ചുറ്റിലും ഉള്ളത് കൊണ്ട് ഇഷ്ട്ടത്തിനനുസരിച്ചെടുത്തു പ്രയോഗിക്കാം "

M:"ഓർമകളെ പുതുക്കി നെയ്തെടുക്കാൻ കഴിഞ്ഞിരുന്നെങ്കിൽ "

W:"പുതുക്കി നെയ്യുന്ന ഓർമ്മകൾക്ക് പഴമയുടെ മാധുര്യമുണ്ടാകുമോ? "

M:"പഴമയുടെ മാധുര്യം ഉണ്ടാവില്ലെങ്കിലും പഴയ ഓർമ്മകളിൽ കാലപ്പഴക്കത്താൽ കയറിക്കൂടിയ ചവർപ്പ് മാറ്റാമായിരുന്നു "

W:"പണിക്കൂലി കൊടുത്തു പഴയമയുടെ മാറ്റ് കൂട്ടുന്നതിലും നല്ലത് ആധുനികതയെ ഉൾക്കൊള്ളുന്നതല്ലേ ?"

M:"അതെ ആധുനികതയിൽ നിറയുന്നതൊക്കെയും നീ തന്ന ഓർമ്മകൾ ആവുന്നു എന്നതാണ് ഇപ്പോൾ എന്റെ ആശ്വാസം"

W:"പ്രാചീനമോ ആധുനികമോ ആയ ഓർമ്മകൾ നമുക്കിടയിൽ വേണ്ട സഖാവേ. ആ പഴയ ബ്ലാക് ആൻഡ് വൈറ്റ് ഫ്രെയിമിലുള്ള സഖാവാണ് ജീവിച്ചിരുന്നത്. വെള്ള പൂശാത്ത ഓർമ്മകളിലെ സഖാവ്. ചുവപ്പിനെ പ്രണയിച്ച സഖാവ്. ആ സഖാവിനെ ഓർക്കാനിഷ്ടം "


പറയുവാനാവാത്ത

മിഴിനീർ പൊഴിക്കാത്ത പകലുകളും 
നിന്നെയോർത്തിരുന്ന രാവുകളും 
അരികിലിരുന്നുനിൻ ശ്വാസ നിശ്വാസത്തിൽ 
ജീവിതമാസ്വദിച്ച നിമിഷങ്ങളും
അകലെയിരുന്നു മൊഴികളെ 
താലോലിച്ചു നെയ്ത സ്വപ്നങ്ങളും 
മിഴികളിൽ നീ കണ്ട പ്രണയം 
ഒളിപ്പിക്കാൻ ശ്രമിച്ച പുഞ്ചിരികളും 
നിശയുടെ മറയിലൊളിഞ്ഞു നോക്കും താരകളും 
പ്രണയം ചൊരിയാനെത്തിയ മേഘങ്ങളും 

ആ  പേമാരിയിൽ  
ഒഴുകിയൊടുവിലെത്തിയതോ  
സ്വപ്നങ്ങളെ മരവിപ്പിക്കും വേദനകൾ 
വിതയ്ക്കും കവിയരങ്ങിൽ.  
നിന്നോട് പറയുവാനാശിച്ചതെല്ലാം 
ഞാൻ മനഃപാഠമാക്കി വച്ചെങ്കിലും 

നീറുന്നൊരേകാന്തതയിൽ 
നീ കടന്നു വന്ന  നിമിഷം  
വിശ്വസിക്കാനായില്ലെനിക്കെൻ മിഴികളെ 
പകുത്തു നല്കാനായില്ലെനിക്കെൻ ഹൃദയം  
പറയുവാനായില്ലെനിക്കെൻ പ്രണയം 
കനവിലും നിനവിലും 
നീ മാത്രമാണെന്ന് ചൊല്ലുവാനായില്ല 

അറിയില്ലൊരിക്കലും നീയെനിക്കാരാണെന്ന സത്യം 
അറിഞ്ഞാലുമൊരിക്കലും അടുക്കുവാനാവില്ല 
നമുക്കീ ജീവിത വീഥിയിൽ. 
പെയ്തു തോരാത്ത മഴയായി 
മണ്ണിലേക്കാഴ്ന്നിറങ്ങുമ്പോഴും 
നിന്നെ പ്രണയിച്ചു മരിക്കാതെ 
ഞാനിവിടുണ്ടാകും 

Thursday, May 21, 2020

ഹർഷയുടെ സ്കൂൾ

 ഹർഷാ .. ഹർഷാ ... 
"ഗുഡ് മോർണിംഗ് 'അമ്മ "
ആ ഗുഡ് മോർണിംഗ് കിട്ടിയാൽ പിന്നെ മോർണിംഗ് മാത്രമല്ല ആ ദിവസം മുഴുവൻ ഗുഡ് ആയില്ലെങ്കിലെ അതിശയമുള്ളൂ. ഇതെന്റെ മാത്രം അഭിപ്രായം അല്ല ഹരിയേട്ടനും അത് തന്നെയാണ് പറയാറുള്ളത്.
"ഗുഡ് മോർണിംഗ് ബേബി  " 
കിടക്കയിലാണെങ്കിലും അടുക്കളയിലാണെങ്കിലും മറ്റെന്ത് ജോലിയിലാണെങ്കിലും പതിവ് തെറ്റിക്കാത്ത ഒന്നുണ്ട്, കെട്ടിപ്പിടിച്ചൊരുമ്മ. നിഷ്കളങ്കമായ അവളുടെ സ്നേഹത്തിന്റെ ആവിഷ്കാരം. എന്റെ ലോകത്തിലേക്ക് അവൾ വന്നതുമുതൽ പുലരികളെ സുന്ദരമാക്കുന്നതും മറ്റൊന്നുമല്ല.  പലപ്പോഴും തോന്നിയിട്ടുണ്ട്  അവളുടെ സന്തോഷവും സങ്കടവും  സ്നേഹ പ്രകടനവും ചില ശീലങ്ങളുമെല്ലാം അച്ഛനെപ്പോലെ തന്നെയാണെന്ന്. ഹരിയേട്ടന്റെയും ഹർഷയുടെയും സ്നേഹത്തിൽ  വിടരുന്ന മഴവില്ലിൻ വർണ്ണങ്ങളേറെയാണ്‌.

 രാവിലത്തെ തിരക്കുകൾ പതിവ് പോലെ ഉണ്ടെങ്കിലും അന്നത്തെ തിരക്ക് ഹർഷക്ക് വേണ്ടിയാണ്. ഇന്നാണ് അവളുടെ അഡ്മിഷൻ. രാവിലെ 10 .30 ക്കാണ് അപ്പോയ്ൻമെൻറ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വീട്ടിലെ സംസാരത്തിൽ ഏറ്റവും കൂടുതൽ വരുന്നത് അവളുടെ സ്കൂളിനെ കുറിച്ചാണ്. കഴിഞ്ഞ ദിവസം അപ്പൂപ്പനെയും അമ്മൂമ്മയേയും കാണാൻ പോയപ്പോൾ ഞാൻ ശ്രദ്ധിച്ചു ഹർഷക്ക് സ്കൂളിൽ പോകാനുള്ള താല്പര്യം. അവൾ ആഗ്രഹിച്ചത് കഥകൾ വായിക്കണം, ബുക്ക് ഷെൽഫിൽ ഒളിച്ചിരിക്കുന്ന പുസ്തകങ്ങളെ തിരഞ്ഞു പിടിക്കണം, അല്ലെങ്കിൽ പുസ്തകങ്ങളിൽ ഒളിച്ചിരിക്കണം, അവളുടെതായ ലോകമുണ്ടാക്കണം. സ്വപ്‌നങ്ങൾ കോർത്തൊരു ജീവിതം.  അത് കൊണ്ടാവും ആരും വിളിക്കാതെ തന്നെ ഇന്ന് ഉറക്കമുണർന്നത്. 

അവളെ  പല്ലു തേയ്ക്കാൻ നിർത്തിയിട്ട് ഞാൻ ചായ എടുക്കാൻ പോയി. ഹരിയേട്ടൻ കളിച്ചിട്ടു വരാൻ സമയമാകുന്നു. സമയത്തിന് കാര്യങ്ങൾ ചെയ്‌തില്ലെങ്കിൽ രാവിലെ മുഖം മാറും. മനസ്സിൽ വിചാരിച്ചപ്പോഴേക്കും ആളെത്തി.
"അച്ഛന്റെ സുന്ദരിക്കുട്ടി എവിടെ ?"
കേൾക്കാത്ത താമസം കൈയ്യിലിരുന്ന ബ്രഷ് ബേസിനിൽ ഇട്ടിട്ടവളോടിപ്പോയി. 
എന്റെ മോള് പല്ലു തേച്ചോന്നുള്ള ചോദ്യത്തിനെ കള്ളച്ചിരിയിൽ ഒതുക്കാൻ ശ്രമിച്ചത് മനസ്സിലായിട്ടെന്ന പോലെ ഹരിയേട്ടൻ അവളെ പല്ലു തേയ്പ്പിക്കാൻ കൊണ്ട് പോയി. അച്ഛനെ കണ്ടാൽ പിന്നെ അവൾക്ക് വേറാരും വേണ്ട. അച്ഛന്റെ പൊന്നുമോൾ ഹർഷ. അവൾ ജനിക്കുന്നതിനു മുന്നേ തന്നെ ഹരിയേട്ടൻ പേരൊക്കെ തീരുമാനിച്ചിരുന്നു. 
അതിനു പിന്നിലുമുണ്ട് കഥ. ജീവിതം പലപ്പോഴും കഥകൾ കോർത്തെടുക്കേണ്ടി വരും.
ക്യാപ്റ്റൻ ഹർഷൻ. തിരുവനന്തപുരം മണക്കാട് സ്വദേശി. 2007- ൽ കാശ്മീരിൽ നടന്ന  ഒരേറ്റുമുട്ടലിൽ ഇന്ത്യയ്ക്ക് വേണ്ടി ജീവൻ സമർപ്പിച്ചു. മനസ്സിലേറ്റുന്ന ഓരോന്നിനു വേണ്ടിയും എന്തും സമർപ്പിക്കാൻ നമ്മൾ തയ്യാറാകും.  അശോക ചക്രം നൽകി രാജ്യം ആ ധീര യോദ്ധാവിനെ ആദരിച്ചു.  അന്നേ മനസ്സിലുറപ്പിച്ചതാണ് ആണായാൽ ഹർഷൻ പെണ്ണായാൽ ഹർഷ എന്ന് പേരിടുമെന്ന് . 

പല്ലൊക്കെ തേച്ചു അവർ വന്നപ്പോഴേക്കും അവൾക്കുള്ള പാലും, ഹരിയേട്ടന്റെ ചായയും എന്റെ കാപ്പിയും തയ്യാറായിരുന്നു. ചായയും പത്രവും ഇല്ലെങ്കിൽ ലോകമവസാനിക്കുപ്പോലെയാണ് ഹരിയേട്ടന്. അതിനിടയിൽ ആരെങ്കിലുമെന്തെങ്കിലും ചോദിച്ചാലോ പറഞ്ഞാലോ ഒന്നും മറുപടി കാണില്ല. പാല് കുടിക്കുന്നതിനിടയിൽ  ഇന്ന് ഹർഷക്കൊരുപാട് സംശയങ്ങളാണ്. -- എന്തിനാണ് സ്കൂളിൽ പോകുന്നത്, അവിടെ ആരൊക്കെ കാണും, കളിക്കാൻ പറ്റുമോ, ഉറങ്ങാൻ പറ്റുമോ , അമ്മയും കൂടെ വരുമോ ,  അങ്ങനെ ചോദ്യങ്ങളുടെ നീണ്ട നിര തന്നെയുണ്ട്. ഞാനോർത്തു പണ്ടെന്നെ സ്കൂളിൽ ചേർക്കാൻ പോയ സമയം ഞാനിതു പോലെ എന്റമ്മയോട് ചോദിച്ചിട്ടുണ്ടാകുമോ? അതിനെന്താവും 'അമ്മ പറഞ്ഞ മറുപടി. ഒന്നും ഓർത്തെടുക്കാൻ കഴിഞ്ഞില്ല. അവളുടെ കുഞ്ഞു മനസ്സിനെ എന്ത് പറഞ്ഞാണ് മനസ്സിലാക്കുക . ഹരിയേട്ടൻ മാധ്യമലോകത്താണ്. അവർ സൃഷ്ട്ടിക്കുന്ന വഴികളിലൂടെ ചായയുമായി സഞ്ചരിച്ചില്ലെങ്കിൽ ജീവിതത്തിലുണ്ടാകുന്ന നഷ്ട്ടം ഭീകരമാണെന്ന പോലെ. ഹർഷ എന്റെ മറുപടിക്കായി മുഖത്തേക്ക് തന്നെ നോക്കി ഇരുന്നു. 

ഗ്ലാസ് അവളുടെ ചുണ്ടോട് ചേർത്ത് വച്ച് കൊണ്ട് പറഞ്ഞു : 
നമ്മുടെ വീട് പോലെ തന്നെയാണ് സ്കൂളും. നമ്മൾ വീട്ടിലിരുന്ന് ചെയ്യുന്ന കാര്യങ്ങൾ മറ്റു കുട്ടികളോടൊപ്പം ചെയ്യാം. അവിടെ കുട്ടികൾ മാത്രമല്ല, ടീച്ചറുണ്ടാവും , ആയമാരുണ്ടാവും, കളിക്കാൻ ഗ്രൗണ്ട് കാണും , കളർ ചെയ്യാനുള്ള പുസ്തകങ്ങൾ, സ്റ്റോറി ബുക്ക്സ് പിന്നെ കളിപ്പാട്ടങ്ങൾ ,  പുതിയ കൂട്ടുകാരെ കിട്ടും, പുത്തൻ കളികൾ പഠിക്കാം, ചിത്രം വരയ്ക്കാം  അങ്ങനെ ഒരുപാടൊരുപാടുണ്ട് സ്കൂളിൽ.. "
പറയുന്നത് കേട്ടിരിക്കാൻ അവൾക്കിഷ്ടമാണ്. പിണക്കമൊന്നുമില്ലാതെ പാല് മുഴുവനും കുടിച്ചു. പക്ഷെ വീണ്ടും എന്തൊക്കൊയോ കേൾക്കാൻ പ്രതീക്ഷയോടെ അവളെന്നെ തന്നെ നോക്കിയിരുന്നു. 

"ഇന്നലെ രാത്രി നമ്മൾ വായിച്ചത് ഓർക്കുന്നുണ്ടോ? സ്വപ്നലോകത്തിൽ സഞ്ചരിക്കുന്ന ആലീസിനെ? ബുക്കിന്റെ പേര് ഓർമ്മയുണ്ടോ മോൾക്ക് ? ആലിസ് ഇൻ വണ്ടർലാൻഡ് . എല്ലാ രാത്രിയും മോൾക്ക് കഥ വായിച്ചു തരുന്നത് ഞാനോ അച്ഛനോ അല്ലേ? എന്നും അമ്മയ്ക്കും അച്ഛനും വായിച്ചു തരാൻ പറ്റില്ലല്ലോ. മോൾക്ക് തനിച്ചു വായിക്കണ്ടേ. സ്കൂളിൽ പോകുമ്പോൾ വായിക്കാൻ പഠിക്കാം. വായിക്കാൻ പഠിച്ചാൽ ഒരുപാട് പുതിയ കഥകൾ വായിക്കാം,  സ്വന്തമായി കഥ എഴുതാം, ദാ അച്ഛനെ പോലെ പത്രം വായിക്കാം, പുതിയ ആളുകളെ പരിചയപ്പെടാം, ബസ്സിൽ പോകാം, റോഡിലൂടെ പോകുന്ന ആളുകളെ കാണാം, അവരെ കുറിച്ച് മനസ്സിലാക്കാം, വലുതാകുമ്പോ ജോലിക്കു പോകാം,   അങ്ങനെ മോൾക്കിഷ്ടമുള്ള കാര്യങ്ങളെല്ലാം ചെയ്യാം."

പറഞ്ഞതിലും നേരത്തെ സ്കൂളിലെത്തി ഞങ്ങൾ. നട്ടുച്ചയ്ക്ക് കടൽക്കരയിൽ പോയ പോലെ വിജനമായിരുന്നു സ്കൂൾ. കൊറോണ കുട്ടികളെ സ്കൂളിൽ ചേർക്കാൻ വന്നാലോ എന്ന് ഭയന്നിട്ടാവും അരങ്ങിൽ മനുഷ്യരില്ലാത്തത്.  പ്രതീക്ഷിച്ചതിലും നേരത്തെ കാര്യങ്ങളെല്ലാം കഴിഞ്ഞു.
അക്ഷരങ്ങളുടെ ലോകത്തിലേക്ക് ഹർഷയും ചുവട് വച്ചു. അവളുടെ ഇഷ്ടം കഥകളിൽ നിന്നും വഴി മാറുമോന്നറിയില്ല. 

Monday, May 18, 2020

മേഘരാഗം

M:" നിന്നിലേക്കുള്ള വഴികളിൽ ഞാൻ തീർത്ത വേലിയിൽ മുഖമടിച്ചു ഇന്ന് ഞാൻ  വീഴുന്നു..."

W:"വീഴുമ്പോ ചുറ്റും നോക്കി ആരും കണ്ടില്ലെന്ന് ഉറപ്പാക്കിയിട്ട് എണീറ്റു പോയാൽ മതി"

M:"കാണാനായി കാഴ്ചക്കാർക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ല.. 
ചെയ്യുന്നതൊക്കെയും കാണാൻ കൊതിച്ചവൾക്കു വേണ്ടി മാത്രം..."

W:"അവളൊരിക്കലും ആ വീഴ്ച കാണാൻ ആഗ്രഹിച്ചിട്ടില്ല. ആ വേലിയുടെ ഇടയിലൊരു വഴി എന്നും തുറന്ന് തന്നെ കിടന്നിരുന്നു"

M:"അവൾ ആഗ്രഹിച്ചത് എന്നിലെ നാളെകളെ ഞാൻ കൊതിച്ചതോ അവളോടൊപ്പം ഉള്ള ഇന്നലെകളെ.."

W:"ഇന്നലെകൾ കൊഴിഞ്ഞു പോയി സഖാവെ"

M:"വഴിമുട്ടിയവന് എല്ലാ വഴികളും അടഞ്ഞു കിടന്നിരുന്നു എന്ന മുൻവിധി.. 
ചരിത്രം അങ്ങനെ ആണ് അവനെ പഠിപ്പിച്ചത്"

W:"തെറ്റായ ചരിത്രങ്ങൾ എന്നും ശാപമാണ്"

M:"ശാപമേറ്റ ചരിത്രത്തെ ക്കാൾ കഷ്ടം ആണ് എഴുതപ്പെടാതെപോയ ചരിത്രം"

M:"ഇന്നലെകൾ കൊഴിഞ്ഞു പോയെങ്കിലും ശിശിരം അടിച്ചേൽപ്പിച്ച വേദന സഹിച്ച പൂമരത്തെ പോലെ നാളെയുടെ വസന്തം വന്നു ചേരുമെന്ന പ്രതീക്ഷയിൽ കഴിയുന്ന ഞാനും..  അതിനു മാത്രം ആയി ഞാൻ ഈ മഴ നനഞ്ഞു കൊണ്ടേയിരിക്കുന്നു"

W:"പ്രതീക്ഷിച്ച വസന്തം സഖാവിന്റെ ജീവിതത്തിൽ ഉണ്ടാവും"

M:"ആ പ്രതീക്ഷ വാടാതിരിക്കാൻ  ഞാൻ അതിലേയ്ക്ക് പെയ്തിറങ്ങുന്നു"

W:"ചിലതൊക്കെ ചരിത്രമാവാതിരിക്കാൻ കാരണങ്ങൾ ഉണ്ടാവാം"

M:"കാരണം കാണിക്കാത്ത സത്യങ്ങൾക്കു നോവിന്റെ സ്പർശം ഉണ്ടാകും 
ആൾക്കൂട്ടത്തിൽ തനിച്ചായിപ്പോയവന്റെ വേദന.."

W:"11 ആയി ഉറങ്ങുന്നില്ലേ"

M:"വല്ലാത്ത ഫീൽ വരികൾ അങ്ങനെ വരുന്നു. നീ ഉറങ്ങുന്നില്ലേ? "

W:"പെയ്തിറങ്ങുന്ന മഴയിൽ നനഞ്ഞിരിക്കണം...  മഴ കഴിഞ്ഞിട്ട് ഉറങ്ങാം സഖാവേ"

M:"അത് പെയ്തു തീരില്ല "

M::"മഴത്തുള്ളിയെക്കാൾ നാം സ്‌നേഹിക്കേണ്ടതു ഹൃദയം നുറുങ്ങുന്ന വേദനയിലും ആ തുള്ളിയെ ഭൂമിക്ക് വിട്ടുകൊടുക്കാൻ തയ്യാറായ ആ മേഘത്തിന്റ മനസിനെയാണ്.. ആ മേഘത്തോടാണ് എനിക്ക് എറ്റവും ഇഷ്ടം"

W:"വിങ്ങലോടെ മേഘത്തിൽ നിൽക്കുന്നതിലും നല്ലത് ഭൂമിയോട് ചേർന്ന് മറ്റുള്ളവർക്ക് സന്തോഷം പകരുന്നതല്ലേ? അവിടെ മേഘത്തിന് സ്വാർത്ഥത ഇല്ല . അല്ലെങ്കിൽ സ്വാർത്ഥതക്ക് അർത്ഥമില്ല .ഭൂമിയിൽ പതിക്കാത്ത മഴ തുള്ളികളെ ആരും സ്നേഹിക്കില്ല 
എന്നും മഴ തുള്ളി ആഴ്ന്നിറങ്ങേണ്ടതും ഭൂമിയിൽ തന്നെയാണ് "

M: "അതു സാധാരണം.  ഞാൻ ഇഷ്ടപ്പെടുന്നത് ആരും കാതോർക്കാത്ത അസാധാരണത്തെ. മഴത്തുള്ളികൾ വിട്ടു പോകുന്നതോടു കൂടി മേഘം ഇല്ലാണ്ടാവുന്നു.. അതാര് കാണുന്നു."

W:"അതിൽ അസാധാരണമില്ല കാരണം മഴ ആ രൂപം പ്രാപിക്കുന്നത് മേഘത്തിൽ നിന്നും വേർപ്പെടുമ്പോഴാണ് "

M:"മേഘത്തിനു പിന്നെ ആയുസില്ലല്ലോ"

W:"മഴമേഘങ്ങൾക്ക് അത്ര ആയുസ്സാണ് വിധിക്കപ്പെട്ടത്"

M:"മഴമേഘം എന്നും കറുത്തിട്ടാണ്.. ആ കറുപ്പ് അവന്റെ മനസിന്റെ വേദനയുടെ പ്രതിരൂപം ആണ്. തുള്ളിയെ പിരിയുന്നതിനുള്ള വിരഹത്തിന്റെ വേദന. "

W:"എത്ര വേദനിയിലും ആ മേഘങ്ങൾ വിട്ടു കൊടുക്കും"

M:"വിട്ടു പോകാൻ ആവാത്ത തുള്ളിയായി ഞാൻ ഉണ്ട്.. 
എനിക്ക് പെയ്തിറങ്ങേണ്ടത് ആ മേഘത്തിന്റെ നെഞ്ചിലേക്കാണ്"

W:"ആ ഒരു തുള്ളിയെ മാത്രം പിടിച്ചു നിർത്താൻ മേഘത്തിനായെന്ന് വരില്ല"

W:"ആ കറുപ്പ് മാത്രമല്ല  വിട്ടു കൊടുക്കുമ്പോൾ ഹൃദയം നുറുങ്ങുന്നൊരു വേദനയുണ്ട് അതാരും കേൾക്കാതിരിക്കാനാണു ഇടി വെട്ടുന്നത് 
പിടിച്ചു നിർത്താനാവാത്ത കണ്ണീരുണ്ട്, അതാരും കാണാതിരിക്കാനാണ് മിന്നൽ"

M:"ആ തുള്ളി അത്രമേൽ ആഗ്രഹിക്കുന്നുണ്ട് ആ മേഘത്തിന്റെ അവസാന തുള്ളിയായി നില്കാൻ"