Thursday, May 19, 2016

Ajaya- roll of the dice by anand neelakantan




അസുര വായിച്ചപ്പോള്‍ തോന്നിയ സംതൃപ്തി തന്നെയാണ് വീണ്ടും ആനന്ദിനെ തിരഞ്ഞെടുക്കാന്‍ പ്രധാന കാരണം.ഒരു മലയാളി എന്ന പ്രത്യേകത മറ്റൊരു വശത്. കഥകള്‍ കേള്‍ക്കാന്‍ നമുക്കിഷ്ടമാണ് പക്ഷെ കേട്ട് കേട്ട് പഴകിയ കഥകള്‍ക്ക് പുതിയ വ്യാഖ്യാനം കൊടുക്കാന്‍ പറ്റുന്നത് കഴിവാണ്. രണ്ട് ഭാഗങ്ങള്‍ ആയിട്ടാണ് ഈ പുസ്തകം ഇറങ്ങിയിട്ടുള്ളത്.ഇത് ആദ്യത്തെ ഭാഗമാണ്.
ഇന്ത്യയില്‍ ജാതി വ്യവസ്ഥക്ക് എത്രത്തോളം പ്രാധാന്യം ഉണ്ടെന്ന് വീണ്ടും ഈ നോവല്‍ ചൂണ്ടി കാണിക്കുന്നു.അതൊരു വ്യക്തിക്ക് മാത്രം തുടച്ചു നീക്കുവാന്‍ പറ്റുന്ന ഒന്നല്ല എന്ന സത്യം വ്യക്തമാക്കുന്നുണ്ട്.ശരിയാണ് ഒരു ദിവസം വിത്തിട്ട് മുളപ്പിച്ച് മരമാക്കാന്‍ സാധിക്കില്ല. അതിനു സമയം എടുക്കും.പക്ഷെ അതിനുള്ള വിത്ത് പാകാന്‍ ആയാല്‍ അത് ചെറിയ കാര്യമല്ല. നിലവിലെ അവസ്ഥ എന്ന്‍ പറയുമ്പോള്‍ ഓരോ ജാതിക്കാരും അവരവര്‍ക്ക് വേണ്ടിയാണു പ്രവര്‍ത്തിക്കുന്നത്. ആരും തന്നെ എല്ലാവരുടെയും നന്മയ്ക്ക് വേണ്ടി എന്ന്‍ പറയുന്നില്ല. ആദിവാസികള്‍ക്ക് വേണ്ടി, ഈഴവര്‍ക്ക് വേണ്ടി, മുസ്ലിങ്ങള്‍ക്ക് വേണ്ടി, അങ്ങനെ ആണ് പറയുന്നത്, മനുഷ്യന് വേണ്ടി നമുക്ക് വേണ്ടി എന്ന്‍ ആരും പറയാറില്ല. അത് കൊണ്ട് തന്നെ ഏതൊരു ഭരണ സംവിധാനം വന്നാലും ജാതി വ്യവസ്ഥയ്ക്ക് മാറ്റം ഉണ്ടാകുന്നില്ല. ഇന്ന്‍ മേലകൊയ്മയുള്ള ജാതികള്‍ നാളെ താഴെ തട്ടിലേക്ക് മാറാം അല്ലെങ്കില്‍ തിരിച്ച്. അപ്പോഴും ഒരു ജാതി ഒരു മതം വാക്കുകളില്‍ മാത്രമേ കാണൂ.
 മഹാ ഭാരതത്തിലെ കഥാ പാത്രങ്ങളെ കടമെടുത്ത് കൊണ്ട് നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ ആണ് ഇതില്‍ പറഞ്ഞിരിക്കുന്നത്. ഇന്നത്തെ സാമൂഹിക വ്യവസ്ഥിതികളോട് ഉപമിക്കാന്‍ ബുദ്ധിമുട്ടുകള്‍ ഒന്നും ഉണ്ടാവില്ല. സുശാസനന്‍ സുര്യോദനന്‍ ഏകലവ്യന്‍ ജാരന്‍ കൃപാചാര്യര്‍ ദ്രോണാചാര്യര്‍ ഭീമന്‍ അങ്ങനെ ഒരു നീണ്ട നിര തന്നെ ആദ്യം മുതലുണ്ട്.
സുയോധനന്റെ പല നിലപാടുകളും കമ്മ്യൂണിസ്റ്റ്‌ ആദര്‍ശങ്ങളോട് ഉപമിക്കാന്‍ സാധിക്കും.എല്ലാവരും തുല്യര്‍ ആണെന്നും ജാതി വ്യവസ്ഥയില്‍ വിദ്യാഭ്യാസം പാടില്ല എന്ന അഭിപ്രായക്കാരന്‍.ഒന്നുമില്ല എന്ന്‍ മുദ്ര കുത്തിയ സൂദ പുത്രനായ കര്‍ണനെ ഉറ്റവരെക്കാള്‍ വിശ്വസിച്ച സുയോധനന്‍.അംഗ രാജ്യത്തെ രാജാവായി കര്‍ണ്ണനെ അവരോധിച്ചത് ജാതി കണ്ടിട്ടല്ല മറിച്ച് കര്‍ണ്ണന്റെ കഴിവ് കണ്ടിട്ട് തന്നെയാണ്. സത്യത്തില്‍ ഇന്ന്‍ നമ്മുടെ രാജ്യത്ത് കഴിവ് അനുസരിച്ചല്ല ഒന്നും കിട്ടുന്നത്. ആയിരുന്നെങ്കില്‍ റിസര്‍വേഷന്‍ വഴി പല സമുദായത്തില്‍ പെട്ടവര്‍ക്ക് ജോലി നല്‍കേണ്ട ആവശ്യം വരില്ല. വിദ്യാഭ്യാസത്തിനു നല്‍കുന്ന സംവരണം സമ്മതിച്ചു കൊടുക്കാം പക്ഷെ എല്ലാവരും ഒരു പോലെ എഴുതുന്ന പരീക്ഷകളില്‍ സംവരണം നല്‍കുന്നതിന്റെ ആവശ്യം ഇന്നും മനസിലാകുന്നില്ല. കഴിവ് ഇല്ലെങ്കില്‍ പോലും സംവരണ വിഭാഗത്തില്‍ ആയിരുന്നാല്‍ മതി ജോലി കിട്ടാന്‍. ഇതാണോ ജനാധിപത്യം? സുയോധനന്‍ ആഗ്രഹിച്ച , രാവണന്‍ ആഗ്രഹിച്ച, മഹാബലി ആഗ്രഹിച്ച രാജ്യം ഇതൊന്നും അല്ല. നമ്മുടെ ഇന്ത്യയും ഇതില്‍ നിന്നൊന്നും വ്യത്യസ്തമല്ല.
യുദ്ധം ആഗ്രഹിക്കാത്ത രാജാവാണ് സുയോധനന്‍ പക്ഷെ പല അവസരങ്ങളിലും പാണ്ഡവരില്‍ നിന്നും അനുഭവിച്ച നാണക്കേടാണ് വളര്‍ന്ന്‍ ശത്രുതയില്‍ എത്തിയത്. അതിനു പ്രധാന കാരണക്കാരന്‍ ശകുനി ആണ്. ശകുനിക്ക് ഹസ്തിനപുരത്തിനോട് ദേഷ്യം ഉണ്ടാവാന്‍ കാരണം ഭീഷ്മര്‍.ദേഷ്യവും പകയും ഒടുവില്‍ എത്തി ചേരുന്നത് പകിട കളിയില്‍. ആദ്യം മുതല്‍ പരാജയം അറിഞ്ഞ യുധിഷ്ട്ടിരന്‍ എന്ത് കൊണ്ട് വീണ്ടും കളി തുടര്‍ന്നു?സ്വന്തം സഹോദരന്മാരെയും ഭാര്യയെയും പണയപ്പെടുത്തി കളിച്ച യുധിഷ്ട്ടിരന്‍ ആണ് ധര്‍മ്മ പുത്രന്‍ - “epitome of dharmma “.
അമിഷിന്റെ ശിവ trilogyയെക്കാള്‍ ഈ പുസ്തകം കൂടുതല്‍ നമ്മുടെ രാജ്യ വ്യവസ്ഥിതികളോട് അടുത്ത് കിടക്കുന്നു.പ്രശ്നങ്ങള്‍ ചൂണ്ടി കാണിക്കുന്നുണ്ട്.എന്നാല്‍ ആരുടേയും പക്ഷം ശരിയാണെന്നും ഇല്ല.

No comments:

Post a Comment