Saturday, March 26, 2016

മലകള്‍ യാത്രകള്‍ വത്സലന്‍ വാതുശ്ശേരി


യാത്രകള്‍ ഇഷ്ടമാണെങ്കിലും വളരെ കുറച്ച് മാത്രം യാത്ര ചെയ്തിട്ടുള്ള ഒരാളാണ് ഞാന്‍. അതിന്റെ പ്രധാന കാരണം റോഡ്‌ യാത്ര ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടാക്കുമെന്നത് കൊണ്ടാണ്. എന്നാലും എനിക്കുള്ള കൂട്ടുകാരില്‍ പലരും യാത്രകളെ സ്നേഹിക്കുകയും നെഞ്ചോട്‌ ചേര്‍ത്ത് പിടിക്കുന്നവരുമാണ് . അവരുടെ യാത്ര വിവരണങ്ങള്‍ കേള്‍ക്കുകയും അവര്‍ സന്ദര്‍ശിച്ച സ്ഥലങ്ങളുടെ ചിത്രങ്ങള്‍ കാണാറും ഉണ്ട്. ഇടയ്ക്ക് ചിന്തയുടെ കടയില്‍ നിന്നും വാങ്ങിയ പുസ്തകങ്ങളുടെ കൂട്ടത്തില്‍ കൈയില്‍ വന്നു പെട്ടതാണ് വത്സലന്‍ വാതുശേരിയുടെ മലകള്‍ യാത്രകള്‍ എന്ന പുസ്തകം. വാതുശ്ശേരി അദ്ദേഹത്തിന്റെ ജീവിതത്തില്‍ പല കാലഖട്ടത്തില്‍ നടത്തിയ യാത്രകളുടെ വിവരണം ആണത്.പ്രധാനമായും മലയോര പ്രദേശങ്ങളാണ് ചിത്രീകരിക്കുന്നത്.
നീലഗിരിയുടെ മല നിരകളെ സ്നേഹിച് തുടങ്ങിയ വാതുശ്ശേരി പിന്നീട് ഉത്തരെന്ത്യന്‍ കൊടുമുടികളിലൂടെ നടന്നും പറന്നും കണ്ട സ്വപ്നങ്ങളെയും യാഥാര്ത്യങ്ങളെയും കുറിച്ചുള്ള വിവരണങ്ങള്‍ ആണ് ഈ പുസ്തകത്തില്‍ നിറയെ. ടീ വിയിലും സിനിമയിലും ഒക്കെ മാത്രം കണ്ടിട്ടുള്ള ബദരീനാഥ്, ദേവപ്രയാഗ് , അളകനന്ദ ,രുദ്രപ്രയാഗ് എന്നിവിടങ്ങളിലൂടെയൊക്കെ യാത്ര ചെയുന്ന പ്രതീതി. നേരിയ വീതി മാത്രമുള്ള നടപ്പാതയിലൂടെ നടപ്പ്, ഒന്നും രണ്ടും കിലോ മീറ്റര്‍ അല്ല എത്രയോ കിലോ മീറ്ററുകള്‍ , ഇത് പോലെ വരുന്ന സഞ്ചാരികളെ മാത്രം ആശ്രയിച്ചു കഴിയുന്ന കച്ചവടക്കാര്‍,തണുപ്പിന്റെ കാഠിന്യം ഏറുമ്പോള്‍ മലയിറങ്ങി പുതിയ വാസസ്ഥലങ്ങള്‍ കണ്ടെത്തുന്ന സ്വദേശ വാസികള്‍, പ്രകൃതി സൌന്ദര്യത്തെ വെല്ലാന്‍ കഴിയുന്ന മറ്റൊന്നില്ല എന്ന്‍ തെളിയിക്കുന്ന കാടുകളും മേടുകളും പുഴകളും നദികളും.
യാത്രകള്‍ എന്നും പുത്തന്‍ അനുഭവങ്ങളാണ്.ഓരോ മനുഷ്യരെയും പോലെ ഓരോ മലകള്‍ക്കും തനതായ സൌന്ദര്യം ആണുള്ളത്.കാഴ്ചയില്‍ മഞ്ഞും മലകളും ഒരേ പോലെ തോന്നിയാലും ഉള്ളറകളില്‍ ഒളിഞ്ഞു കിടക്കുന്ന വ്യത്യസ്തതകള്‍ അവിടെ എത്തുന്നവര്‍ക്ക് മാത്രം തുറന്ന് കാട്ടുന്നു.യാത്രകളില്‍ ഉണ്ടാകുന്ന ദുരന്തങ്ങളില്‍ ഭയപ്പെടാതെ മുന്നോട്ട് പോയ വാതുശ്ശേരി ലളിതമായ ഭാഷയിലാണ് വിവരങ്ങള്‍ എഴുതിയിരിക്കുന്നത്. ഒഴുകി നടക്കുന്ന നദികളുടെ അന്തരങ്ങളില്‍ മറഞ്ഞിരിക്കുന്ന ചതിക്കുഴികള്‍ , പല അപകടങ്ങളില്‍ പൊലിഞ്ഞ ജീവിതങ്ങള്‍.യാത്ര ചെയ്യുന്നത് റോഡിലൂടെ ആണെങ്കിലും ട്രെയിന്‍ പാളത്തിലൂടെ പോകുന്ന സൂക്ഷ്മതയിലാണ് യാത്രകള്‍. ചൈനീസ് അതിര്‍ത്തിയോട് ചേര്‍ന്ന് ഉറങ്ങുന്ന മിസോറം , ഖാസി മല നിരകള്‍,അഞ്ചു മണി കഴിഞ്ഞാല്‍ നിശബ്ദതയില്‍ മയങ്ങുന്ന പട്ടണങ്ങള്‍, പാതയോരത്തിലൂടെ ഏകാന്തതയെ സ്നേഹിച്ചു നടന്നു കയറിയ കുടജാദ്രി.എത്ര സൌന്ദര്യം ഒളിഞ്ഞിരിക്കുന്ന പ്രദേശങ്ങളാണ് ഈ ഭൂമിയില്‍. ആ സൗന്ദര്യത്തെ ചായം പൂശാന്‍ ശ്രമിച് മലിനമാക്കുന്ന മനുഷ്യര്‍ ഇല്ലാതാക്കുന്നത് ഭൂമിയെ മാത്രമല്ല,ഈ നാട്ടിലെ മറ്റ് ജീവജാലങ്ങളെ കൂടിയാണ്.പ്രകൃതി സൗന്ദര്യം വിറ്റ് കാശാക്കുന്നവര്‍ ,സന്യാസി എന്ന വ്യാജേന കഞ്ചാവും ഹുക്കയും വലിച് നടക്കുന്ന കപട സന്യാസിമാരും,പൂജയുടെയും വിശ്വാസത്തിന്റെയും പേരില്‍ സഞ്ചാരികളെ കബളിപ്പിക്കുകയും ഭയപ്പെടുത്തി കാശ് വാങ്ങുന്നവരും ഒക്കെ യാത്രകളുടെ ഭാഗമാണ്. ഷാജി എന്‍ കരുണ്‍ എടുത്ത ഒരു തീരുമാനം ആണ് വാതുശേരിയുടെ ഗോമതിയമ്മയുടെ വീട് സിനിമ ആക്കുക എന്ന്‍ , ആ വകയില്‍ തരപ്പെട്ട യാത്രയില്‍ ബുദ്ധ മത വിശ്വാസികളായ ലാമകള്‍, ടിബറ്റ്‌ അതിര്‍ത്തി കടന്നു ഒരു പുതു ജീവിതം സ്വപ്നം കാണുന്ന അഭയാര്‍ഥികള്‍ എന്നിവരെ കണ്ടു മുട്ടി. കേരളത്തിന്റെ പറമ്പികുളം തന്ന കാടിന്റെ ഗന്ധവും, ജീവന്‍ എടുക്കാതെ വിട്ട കരടിയും ഒക്കെ യാത്രയിലെ അദ്ധ്യായങ്ങള്‍ ആണ്.

ഒരു ജനതയുടെ അവലോകനമാണ് ഓരോ യാത്രയും.കലയുടെയും സംസ്കാരത്തിന്റെയും അറിവ് തേടി അല്ലെങ്കില്‍ പോലും യാത്രകള്‍ പുതിയ അറിവുകള്‍ തന്നു കൊണ്ടേ ഇരിക്കും.മനസ്സിന്റെ ധൈര്യവും ആത്മ വിശ്വാസവുമാണ് യാത്ര ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്.