Monday, September 3, 2018

ശമ്പളമില്ലാത്ത ജോലി

പരീക്ഷ കഴിഞ്ഞാൽ സ്വാഭാവികമായും ഉത്തര കടലാസ്സുകൾ നോക്കേണ്ടത് ആവശ്യമാണ്. അദ്ധ്യാപിക ആയ ശേഷം ഇതുവരെയും ഉത്തര കടലാസുകൾ നോക്കുന്നതിന്റെ പണം സർവകലാശാലയിൽ നിന്നും ലഭിച്ചിട്ടില്ല. അതിന്റെ കാരണം യുജിസിയുടെ അഭിപ്രായത്തിൽ അദ്ധ്യാപകരുടെ ജോലിയുടെ ഭാഗമാണ് പരീക്ഷാ ഡ്യൂട്ടികളും ഉത്തര കടലാസുകൾ നോക്കി കൊടുക്കുക എന്നതും. സമ്മതിക്കുന്നു. പഠിപ്പിക്കുന്ന കുട്ടികളുടെ ഉത്തര കടലാസുകൾ നോക്കാം, അവരുടെ പരീക്ഷ ഹാളുകളിൽ നിൽക്കാം , പരീക്ഷകൾക്ക് മേൽനോട്ടം വഹിക്കാം പക്ഷെ 350 മുതൽ 400 പേപ്പർ വരെ ഫ്രീ ആയി നോക്കി കൊടുക്കണമെന്ന് പറഞ്ഞാൽ അൽപ്പം ബുദ്ധിമുട്ടുണ്ട്. ഇത്രയും ഉത്തര കടലാസുകൾ ഉണ്ടെങ്കിൽ അതിനു തുല്യമായ കോളേജുകളും അവിടെ എല്ലാം അദ്ധ്യാപകരും കാണണമല്ലോ. ക്യാമ്പ് തുടങ്ങുമ്പോ മാത്രം കൃത്യമായ കാരണം പറഞ്ഞു ഒഴിഞ്ഞു മാറിയാൽ എങ്ങനെ ന്യായമാകും? 
കഴിഞ്ഞ കുറെ വർഷങ്ങളായി സർവ്വകലാശായുടെ നിലപാട് ഇതാണ്. ഓരോ മൂല്യ നിർണ്ണയ ക്യാമ്പ് കഴിയുമ്പോഴും അദ്ധ്യാപകരെ പറ്റിക്കുവാനെന്ന വാശിയിൽ ബില്ലും വാങ്ങി എവിടെ എങ്കിലും എറിയും.സർക്കാർ എയ്ഡഡ് കോളേജ് അദ്ധ്യാപകർക്ക് മൂല്യ നിർണയത്തിന് പണം നൽകിയില്ലെങ്കിലും സാരമില്ല പക്ഷെ അതിനേക്കാളേറെ സ്വാശ്രയ കോളേജുകൾ പ്രവർത്തിക്കുന്ന നമ്മുടെ നാട്ടിൽ തുച്ഛമായ ശമ്പളത്തിൽ ഒരേ ജോലി ചെയ്യുന്ന അദ്ധ്യാപകർക്കും ബില്ല് പാസ്സ് ആക്കി കൊടുക്കാത്തത് ശരിയായ നടപടി അല്ല. ഇപ്പോൾ നടക്കുന്ന ക്യാമ്പിൽ യൂണിവേഴ്സിറ്റി അധികൃതരോട് ചോദിച്ചാൽ മറുപടി ഇതൊക്കെ ഒരു സേവനമായി കണ്ടൂടെ എന്നാണ്. സ്വാശ്രയ കോളേജുകളിൽ പഠിപ്പിക്കുന്ന അദ്ധ്യാപകർക്ക് മാത്രമേ ഈ മനോഭാവം പാടുള്ളൂ എന്നില്ലല്ലോ സുഹൃത്തേ . ഞങ്ങൾക്ക് ഈ മനോഭാവം തോന്നണമെങ്കിൽ ഞാൻ ഒന്ന് ചോദിച്ചോട്ടെ, അതെ മനോഭാവം സർവകലാശാലക്ക് എന്തേ തോന്നാത്തത്? ഓരോ പരീക്ഷക്കും വിദ്യാർത്ഥിയിൽ നിന്നും പരീക്ഷ ഫീസ് വാങ്ങുന്നതെന്തിന്? അതും സേവന മനോഭാവത്തിൽ കണ്ടുടെ? ഏതെങ്കിലും വിദ്യാർഥിയെ ഫീസ് അടയ്ക്കാതെ പരീക്ഷ എഴുതാൻ നിങ്ങൾ സമ്മതിക്കാറുണ്ടോ? പുനർ മൂല്യനിർണയം അതിനും വിദ്യാർഥികളിൽ നിന്നും കൃത്യമായി ഫീസ് വാങ്ങുന്ന സർവ്വകലാശാല പുനർ മൂല്യ നിർണയം ചെയ്യുന്ന അദ്ധ്യാപകർക്ക് പണം കൊടുക്കുന്നതിൽ കൃത്യത ഉണ്ടോ? ഈ പോസ്റ്റ് കാണുന്ന ഏതെങ്കിലും സർവകലാശാല അസിറ്റന്റ് ഉണ്ടെങ്കിൽ ഒന്ന് ആലോചിക്കൂ , നിങ്ങൾ ചെയ്യുന്ന ഓരോ അധിക ദിന ജോലിക്കും ആനുകൂല്യങ്ങൾ ഉണ്ട്. സ്വാശ്രയ കോളേജുകളിൽ പഠിപ്പിക്കുന്നതും നെറ്റും ഡോക്ടറേറ്റും ഉള്ള അധ്യാപകരാണ്. ചെയ്യുന്ന ജോലിക്കുള്ള ശമ്പളം കൊടുക്കുന്നത് നിങ്ങളുടെ ആരുടെയും സ്വന്തം അക്കൗണ്ടിൽ നിന്നുമല്ലല്ലോ പിന്നെന്താണ് ബില്ല് പാസ്സ് ആക്കാൻ ഇത്ര പ്രസായം.സേവന മനോഭാവത്തിൽ ജോലി ചെയ്യാൻ സ്വാശ്രയ കോളേജുകളിൽ പഠിപ്പിക്കേണ്ട ആവശ്യമില്ല 
മറ്റൊന്ന് വിദ്യാർത്ഥികളോട് , നിങ്ങൾക്ക് പരീക്ഷ കൃത്യ സമയം നടക്കാത്തതിന്റെ കാരണം വൈകി പോകുന്ന മൂല്യ നിർണയങ്ങളാണ്. നിങ്ങളോട് അദ്ധ്യാപകർക്ക് യാതൊരു വിദ്വെഷവുമില്ല അത് കൊണ്ടാണ് വർഷങ്ങളായി മൂല്യ നിർണയം നടത്തി കൊടുക്കുന്നത്. നാളെ പഠിച്ചിറങ്ങി എവിടെയെങ്കിലും നിങ്ങളും ജോലിക്കു കേറുമല്ലോ അപ്പോൾ ശമ്പളം ഇല്ലാത്ത ജോലി ചെയ്യാൻ നിങ്ങൾക്ക് തോന്നുമോ?

സേവനവും ജോലിയും ഒന്നല്ലല്ലോ

Saturday, September 1, 2018

പ്രളയമെഴുത്തു എന്ന ദുരന്തം

പ്രളയമെഴുത്ത് 
ഇങ്ങനെ ഒരാശയം ആരുടെ ബുദ്ധിയിലാണ് ഉദിച്ചതെന്ന് അറിയില്ല . എന്നാലും മാനുഷിക മൂല്യങ്ങളെ മാനിക്കുന്ന ആരെങ്കിലും ആവാനാണ് സാധ്യത. അല്ലെങ്കിൽ പിന്നെ നോട്ട് എഴുതി xerox എടുത്ത് കൊടുക്കാൻ കഴിയുന്ന ഈ കാലഘട്ടത്തിൽ ആധുനിക സാങ്കേതിക വിദ്യകളെ ആശ്രയിക്കാതെ സ്വന്തം കൈപ്പടയാൽ എഴുതി കൊടുക്കണം എന്ന് തോന്നില്ലല്ലോ. പക്ഷെ ഈ ആശയം വിപുലീകരിച്ചപ്പോൾ ചില പാളിച്ചകൾ സംഭവിച്ചില്ലേന്നൊരു സംശയം.

** വിഷയ സംബന്ധമായ നോട്ട് തയ്യാർ ചെയ്തതാരെന്ന വിവരം ഒരു നോട്ടിലും കണ്ടില്ല . ഔദ്യോഗികമായി വിഷയം കൈകാര്യം ചെയ്യുന്ന ആരെങ്കിലും ആണെന്ന് നോട്ടിലെ കൈ അക്ഷരം കണ്ടിട്ട് തോന്നിയതുമില്ല . മാത്രമല്ല വാക്കുകളിലും വാചകങ്ങളിലും തെറ്റുകൾ അനവധി. 
ഉദാഹരണം : "... NO3 മഴ വെള്ളത്തിൽ അലിഞ്ഞു ഇടിമിന്നലായി മാറുന്നു. " ആണോ ?
ഈ നോട്ടുകൾ വായിക്കുന്നവർ മനസ്സിലെങ്കിലും പറയും സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുതെന്ന്.

** വിഷയം പഠിപ്പിക്കുന്ന അധ്യാപകർക്ക് എഴുതാൻ പറ്റിയില്ലെങ്കിലും, നോട്ട് വായിച്ച് തെറ്റുകൾ തിരുത്താനെങ്കിലും കൊടുക്കേണ്ടത് ആവശ്യമായിരുന്നു. അക്ഷരതെറ്റുകൾ തിരുത്താൻ നിത്യവും പത്രം വായിക്കുന്നവർക്ക് പറ്റിയേക്കും പക്ഷെ കണക്കിലും, ശാസ്ത്ര- ചരിത്ര - സാമൂഹിക വിഷയങ്ങളിലും ഉള്ള തെറ്റുകൾ തിരുത്താൻ , പകർത്തി എഴുതുന്ന കുട്ടികൾക്കോ മുതിർന്നവർക്കോ കഴിയണമെന്ന് നിർബന്ധമില്ല.
**കണക്ക് പോലെ ഉള്ള പ്രോബ്ലം വിഷയങ്ങൾ പകർത്തി എഴുതി കൊടുക്കുന്നത് കൊണ്ട് അർത്ഥമുണ്ടെന്ന് തോന്നുന്നില്ല. കണക്ക് ചെയ്യുന്നത് എങ്ങനെ എന്നല്ലേ അറിയേണ്ടത് അല്ലാതെ മനഃപാഠമാക്കിയിട്ട് പ്രയോജനം ഇല്ലല്ലോ.
** മലയാളം മീഡിയം വിദ്യാലയങ്ങളെ തിരഞ്ഞു പിടിച്ചാണോ പ്രളയം വന്നത്. പ്രളയമെഴുത്തിൽ ഇംഗ്ലീഷ് നോട്ട്സ് ഇല്ലേ ഇല്ല. അതോ മലയാളികൾക്ക് മലയാളം അറിയില്ലെന്ന് ഉറപ്പിക്കാനുള്ള പരീക്ഷ ആയിരുന്നോ ഈ പ്രളയമെഴുത്ത് .
**മലയാളം മീഡിയം നോട്ടിൽ മംഗ്ലീഷിൽ ആണ് എഴുതിയിരിക്കുന്നത്. ഇത് പകർത്തി എഴുതി കൊടുക്കുന്നതും ദുരന്തമല്ലേ?
** പ്രളയമെഴുത്തിൽ പകർത്തി എഴുതുന്ന നോട്ടുകൾ ഏതെങ്കിലും അദ്ധ്യാപകർ മൂല്യ നിർണ്ണയം ചെയ്യുന്നുണ്ടോ? പകർത്തി എഴുത്തിലെ തെറ്റുകൾ തിരുത്താതെ, തെറ്റുകളുടെ കൂമ്പാരമായ നോട്ടുകൾ കുട്ടികളിൽ എത്തിയാൽ , ആ തെറ്റുകൾ പഠിച്ചല്ലേ കുട്ടികൾ പരീക്ഷക്ക് വരിക.
** 2018 -19 ലെ വാർഷിക പരീക്ഷയുടെ നിലവാരം എന്തായിരിക്കും? തോൽവി ശതമാനം കൂടുമെന്ന് കരുതി എന്തെങ്കിലും എഴുതുന്ന കുട്ടിയ്ക്കും മാർക്ക് കൊടുക്കാൻ ഉത്തരവിടും. അത്തരം തീരുമാനങ്ങൾ വിദ്യാഭ്യാസ ദുരന്തമല്ലേ ഉണ്ടാക്കുന്നത്?
നിഷ്ക്കളങ്കരായ കുഞ്ഞുങ്ങളെ സഹായിക്കാൻ ആണ് ഉദ്ദേശിച്ചത് എങ്കിൽ പൊതു വിദ്യാലയങ്ങളിൽ ഈ വിഷയം കൈകാര്യം ചെയ്യുന്ന അദ്ധ്യാപകരെ കൊണ്ട് നല്ല കൈയക്ഷരത്തിൽ നോട്ടുകൾ തയ്യാറാക്കിയ ശേഷം , അതിന്റെ xerox എടുത്ത് ആവശ്യമുള്ള വിദ്യാലയങ്ങളിൽ എത്തിക്കാമായിരുന്നു. 
-- നോട്ടുകൾ തയ്യാറാക്കുന്ന അധ്യാപകരുടെ പേരും ഔദ്യോഗിക വിലാസവും കൂടി ഉൾപ്പെടുത്തിയിരുന്നെങ്കിൽ അതിനു കുറച്ചു കൂടി ആധികാരത ഉണ്ടായേനെ. 
-- നമ്മളിൽ പലർക്കും വായിച്ചു പഠിക്കാൻ ഇഷ്ട്ടം സ്വന്തം കൈയക്ഷരത്തിൽ എഴുതുന്ന നോട്ടുകളാണ് . ആ സത്യം മനസിലാക്കി കൊണ്ട് നമ്മൾ ചെയ്യേണ്ടി ഇരുന്നത് പുതിയ നോട്ടുകൾ വാങ്ങി അതിന്റെ ആദ്യ പേജിൽ സ്നേഹത്തോടെ ഒരു കുറിപ്പ് കൂടി എഴുതിച്ചേർത്തു കുട്ടികൾക്ക് എത്തിച്ചിരുന്നുവെങ്കിൽ, അവർ സ്വന്തം കൈപ്പടയിൽ എഴുതി പഠിക്കുമായിരുന്നു.

ഇതിനൊക്കെ പകരം ഇത്രയധികം തെറ്റുകൾ ഉള്ള നോട്ടുകൾ പകർത്തി എഴുതി മറ്റൊരു മനുഷ്യ നിർമ്മിത ദുരന്തമാണ് സൃഷ്ടിക്കുന്നത് .വളർന്നു വരുന്ന പുതു തലമുറയോട് ചെയ്യുന്ന ക്രൂരത.
* ഈ തെറ്റുകളെ കുറിച്ചൊന്നും അറിയാതെ നോട്ടുകൾ പകർത്തി എഴുതി കൊടുത്ത എല്ലാ നല്ല മനസ്സുകളെയും സ്നേഹത്തോടെ ഓർക്കുന്നു . തെറ്റ് നിങ്ങളുടേതല്ല എങ്കിൽ പോലും അതിൽ നിന്നും ഒഴിഞ്ഞു മാറാൻ നിങ്ങൾക്കാവില്ല. *