Wednesday, October 16, 2019

മലയാറ്റൂരിന്റെ യന്ത്രം

ക്രൈസ്റ്റ് നഗർ കോളേജിനോട് വിട പറയുന്ന അവസരത്തിൽ ജയന്തി ടീച്ചർ സമ്മാനിച്ച പുസ്തകമാണ് യന്ത്രം. ജൂൺ 2019 -ൽ  കൈപ്പറ്റിയ ഈ പുസ്തകം ഞാൻ വായിക്കാൻ തുടങ്ങിയത് സെപ്റ്റംബറിലാണ്. കൃത്യമായി പറഞ്ഞാൽ സെപ്റ്റംബർ ഏഴാം തീയതി രാത്രി. അതിനൊരു കാരണമുണ്ട്. സെപ്റ്റംബർ 8 ന് തായ്‌ലാൻഡിലേക്കൊരു യാത്ര പോകുന്നു. ആ യാത്രയിൽ വായിക്കാനായി പുസ്തകം തിരഞ്ഞപ്പോൾ യന്ത്രം എടുത്താലോന്നൊരു ചിന്ത. തുടക്കം വായിച്ചപ്പോൾ ഇഷ്ടമായി. അത് കൊണ്ട് മലയാറ്റൂരിന്റെ യന്ത്രവും കൊണ്ട് യാത്ര പുറപ്പെടാമെന്നുറപ്പിച്ചു.

സെപ്റ്റംബർ 8 ,2019 ഞായറാഴ്ച .
തിരുവനന്തപുരം ദേശീയ വിമാനത്താവളം. 
ചെക്ക് ഇൻ കലാപരിപാടികളൊക്കെ കഴിഞ്ഞു സ്വസ്ഥമായി. പോക്കുവെയിൽ ഏൽക്കാത്ത ഒരിടിപ്പിടം കണ്ടെത്തി ബാഗിൽ നിന്നും യന്ത്രം പുറത്തെടുത്തു. 

ബാലചന്ദ്രൻ ഐ എ എസ് . ഈ നാമം സുപരിചിതമാണ്. ലാലേട്ടൻ അഭിനയിച്ച "പക്ഷെ" എന്ന സിനിമ, ഏറ്റവും ആദരിക്കുന്ന  കെ ജയകുമാർ ഐ എ എസ്സിന്റെ സൂര്യാംശു ഓരോ വയൽപ്പൂവിലും എന്ന ഗാനം. പേരിലുള്ള സാമ്യം മാത്രമേ ഉള്ളൂ. കഥയും പശ്ചാത്തലവും ഒക്കെ വ്യത്യസ്തമാണ്.

സർക്കാർ ഡ്രൈവറിന്റെ മകനായ ബാലചന്ദ്രൻ ഐ എ എസ് നേടിയ ശേഷം അനുഭവിക്കുന്ന മാനസിക സംഘർഷമാണ് ഈ നോവലിൽ മലയാറ്റൂർ ഏറ്റവും കൂടുതൽ  പറയാൻ ശ്രമിക്കുന്നതെന്ന് എനിക്ക് തോന്നി. ഡ്രൈവറിന്റെ മകൻ ആണെന്ന അപകർഷതാ ബോധം അയാളെ വല്ലാതെ അലട്ടുന്നു.അതിൽ നിന്നും പുറത്തു വരാൻ കഥയുടെ അവസാനം വരെയും അയാൾക്ക് കഴിഞ്ഞില്ല. തീരുമാനങ്ങളെടുക്കാൻ പ്രയാസം. വിവാഹ കാര്യത്തിൽ പോലും ബാലചന്ദ്രന്റെ തീരുമാനം ശരി ആയിരുന്നെന്ന് തോന്നുന്നില്ല. പല അവസരങ്ങളും തനിക്ക് നഷ്ടപ്പെടുന്നത് ഡ്രൈവറിന്റെ മകനായത് കൊണ്ടാണ് എന്നായിരുന്നു അയാളുടെ നിഗമനം. കടപ്പാട് മറന്ന് ശാരദയെ വേണ്ടെന്ന് തീരുമാനിച്ചത് അനിതയോടുള്ള താല്പര്യം ആയിരുന്നു.പക്ഷെ സുജാതയുമായുള്ള ശാരീരിക ബന്ധം അയാളെ അനിതയിൽ നിന്നുമകറ്റി.

ജയിംസ് എന്ന ഐ എ യെസ്സുകാരന് നമ്മുടെ ബ്യുറോക്രസിയിൽ നഷ്ടപ്പെട്ടത് സ്വന്തം മകനെയാണ്. എന്നിട്ടും ജോലിയിൽ വിട്ടു വീഴ്ച ചെയ്യാൻ ജയിംസ് ഒരിക്കലും തയ്യാറായിരുന്നില്ല. അത്തരം ഉദ്യോഗസ്ഥരെ ദ്രോഹിക്കാൻ സമൂഹത്തിലെ ഉന്നതർ എല്ലാ നാട്ടിലും ഉണ്ടാവും.

സമപ്രായക്കാരായ മനുഷ്യരുടെ ഇടയിലുള്ള വേറിട്ട ചിന്തകളെ വരച്ചു കാണിക്കാൻ ഓരോ കഥാപാത്രത്തിനും കഴിഞ്ഞിട്ടുണ്ട്.

ഇതിന്റെ വായനയ്ക്കിടയിൽ നേരത്തെ വായിച്ച ചില പുസ്തകങ്ങളോട് സാമ്യം തോന്നി. ശമനതാളം, നഹുഷ പുരാണം , യന്ത്രം ,വായിക്കാൻ ഒരു പോലെ തോന്നി. ഒരേ കാലഘട്ടത്തിന്റെ മക്കളായത് കൊണ്ടാവാം ഈ സാമ്യം.