Tuesday, October 2, 2018

സ്നേഹപൂർവ്വം ബാലഭാസ്കർ

നെഞ്ചിൽ ഒരായിരം മുള്ള് കുത്തിയിറങ്ങുന്നതിനെക്കാൾ വേദനയോടെയാണ് ഞാൻ ഈ ബ്ലോഗ് എഴുതുന്നത്, ഗാന്ധി ജയന്തി ആയത് കൊണ്ട് ജോലിക്കു പോകണ്ടല്ലോ എന്ന സന്തോഷത്തിൽ അൽപ്പം വൈകി ഉറക്കമെണീറ്റ എന്നെ കാത്തിരുന്നത് ബാലു ചേട്ടന്റെ വിയോഗ വാർത്തയാണ്. ഒരാഴ്ച മുൻപേ അപകടത്തിൽപ്പെട്ടു ചികിത്സയിൽ ആയിരുന്നെങ്കിലും ഇന്നലെ അർദ്ധരാത്രിയിൽ ഉണ്ടായ ഹൃദയാഘാതത്തെ തുടർന്നാണ് ആ ജീവൻ ഈ ലോകത്തോട് വിട പറഞ്ഞത്, സംഗീതം നിറഞ്ഞു തുളുമ്പിയ ആ ഹൃദയത്തിൽ ആഘാതമേല്പിക്കാൻ മാത്രം  ക്രൂരമാണോ വിധി . 

വർഷങ്ങൾക്ക് മുന്നേ ഉള്ള എന്റെ സ്കൂൾ കാലഘട്ടം. ഇൻഡി പോപ്പ് ഗാനങ്ങൾ ഇന്ത്യൻ സംഗീതത്തെ വല വീശി പിടിക്കുന്ന കാലം, മലയാളം ഗാനരംഗത്തു ഈസ്റ്റ് കോസ്റ്റ് മെടയുന്ന ആൽബം ഗാനങ്ങൾ. അതിനിടയിലൂടെ സ്വന്തം വഴി തെളിച്ചു വന്ന വയലിൻ മാന്ത്രികനാണ് ബാലഭാസ്കർ. കൈരളി ചാനലിൽ സംപ്രേഷണം ചെയ്തിരുന്ന കൺഫ്യൂഷൻ എന്ന പരിപാടി ആണ് എനിക്കാദ്യം ഓർക്കാൻ പറ്റുന്നത്. അന്നത്തെ കാലഘട്ടത്തിൽ നല്ല റേറ്റിംഗ് ഉണ്ടായിരുന്ന കൈരളിയുടെ പരിപാടി ആയിരുന്നു. വാലെന്റൈൻസ് ഡേ പ്രത്യേക അതിഥികളായി എത്തിയത് പ്രണയ വിവാഹിതരായ ബാലു ചേട്ടനും ലക്ഷ്മി ചേച്ചിയും .കോളേജിൽ തുടങ്ങിയ പ്രണയം വിവാഹത്തിൽ എത്തിയതിനെ കുറിച്ചും, പ്രണയ സമ്മാനമായി കറിവേപ്പിലയും ടൂത് ബ്രഷും നൽകിയ കാമുകനെ കുറിച്ചുമാണ് അന്നേറെയും സംസാരിച്ചത്. ആ സമ്മാനങ്ങൾ നൽകിയതിന് ബാലു ചേട്ടനിലെ കാമുകന് വ്യക്തമായ കാരങ്ങളുമുണ്ടായിരുന്നു. ആ പരിപാടിയിൽ കൂടിയാണ് ബാലു ചേട്ടനിലെ വയലിനിസ്റ്റിനെ അറിയുന്നത്.
പിന്നീട് അറിയുന്നത് ബാലു ചേട്ടനും കൂട്ടുകാരും ചേർന്ന് ഇറക്കിയ നീയറിയാൻ എന്ന ആൽബം റിലീസിനെ കുറിച്ചാണ്.തിരുവനന്തപുരം വി ജെ ടി ഹാളിൽ നടന്ന പരിപാടി  മുൻ നിരയിലിരുന്ന്  ഞാൻ കണ്ടു. ഏഴോ എട്ടോ ഗാനങ്ങൾ ഉണ്ടായിരുന്നു. അതിൽ ഇന്നും മനസ്സിൽ നിറഞ്ഞു  നിൽക്കുന്ന ഗാനം " ആരു നീ എൻ ഓമനേ മിഴികൾ തേടും രാഗമോ ,.... എന്നു നീ സ്വന്തമായിടും തളിർ മേനി എന്നു ഞാൻ പുൽകിടും മധുമാസ രാവെന്നണഞ്ഞിടും പറയു നീ ...." ഹാളിൽ തന്നെയുള്ള കൗണ്ടറിൽ നിന്നും നീയറിയാൻ കാസറ്റ് സ്വന്തമാക്കി. വീട്ടിലെത്തി എത്രയോ തവണ കേട്ടു.ഊണിലും ഉറക്കത്തിലും അതിലെ വരികൾ മൂളി നടന്നു. ഇന്നത്തെ പോലെ യൂ ട്യൂബ് ഒന്നുമില്ലല്ലോ കേൾക്കാൻ ടേപ്പ് റെക്കോർഡർ മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളു.
എന്നിട്ടും ബാലു ചേട്ടനെ പരിചയപ്പെടാനുള്ള അവസരം എനിക്ക് ഒരിക്കലും കിട്ടിയില്ല.ഒരു നോക്ക് കാണാനും പരിചയപ്പെടാനും കാത്തിരുന്ന ദിവസങ്ങൾക്ക് വിരാമമിട്ട് കൊണ്ട് കൊല്ലത്തു വച്ച് ഞങ്ങളാദ്യമായി കണ്ടു. പരിഭ്രമം കാരണം ഒന്നും പറയാനായില്ല. നിഷ്കളങ്കമായ ആ ചിരി , ബാലു ചേട്ടൻ എന്നും മനസ്സിൽ വിടർത്തുന്ന സംഗീതം പോലെ പ്രസന്നമായിരുന്നു.  ബാലു ചേട്ടനോടും ലക്ഷ്മി ചേച്ചിയോടുമൊപ്പമായിരുന്നു അന്നത്തെ അത്താഴം. അതിനു ശേഷവും നിരവധി പരിപാടികളിൽ ആ എളിയ കലാകാരനോടൊപ്പം ഒരേ വേദി പങ്കിടാൻ അവസരം ലഭിച്ചു.


എന്റെ ഉറക്കം കെടുത്തിയ നീയറിയാൻ പാട്ടുകൾ, ബാലു ചേട്ടന്റെ വയലിൻ , പത്താം ക്ലാസ്സിലെ എന്റെ പുസ്തകങ്ങളിൽ ബാലു ബാലു ബാലു എന്നെഴുതി നിറച്ച ദിനങ്ങൾ. ഹരമായിരുന്നു ബാലഭാസ്കർ എന്ന പ്രതിഭ. ബാലു ചേട്ടൻ പഠിച്ച ഇവാനിയോസിലും യൂണിവേഴ്സിറ്റി കോളേജിലും പഠിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി. യൂണിവേഴ്സിറ്റി കോളേജിന്റെ മതിലുകൾക്ക് പോലും സുപരിചിതമായിരുന്നു ബാലു ചേട്ടന്റെ സംഗീതം.

മരണവാർത്ത അറിഞ്ഞു ഞാൻ പൊട്ടി കരഞ്ഞു. എന്റെ ആരുമല്ല.ജീവിതത്തിൽ ഒരിക്കൽ മാത്രം സംസാരിച്ചിട്ടുള്ള ഒരാൾ പക്ഷെ സംഗീത വിസ്മയത്തിലൂടെ എത്രയോപേരുടെ മനസ്സറിഞ്ഞ ബാലു ചേട്ടൻ . വിങ്ങലോടെ മാത്രമേ ഓർക്കാൻ കഴിയുന്നുള്ളൂ. പുഞ്ചിരിക്കുന്ന മുഖത്തോടെയാണ് എല്ലാരും ബാലു ചേട്ടനെ ഓർക്കുന്നത്. ഏത് വേദിയിലും പ്രേക്ഷക ഹൃദയം കീഴടക്കുന്ന മാസ്മരിക സംഗീതം ഒളിപ്പിച്ചു വച്ചിട്ടുണ്ടാകും. പ്രേക്ഷക ഹൃദയത്തിലേക്കുള്ള വഴി കൃത്യമായി അറിയുന്ന ബാലു ചേട്ടൻ. ഇനി ഉള്ള സ്റ്റേജുകളിൽ ബാലു ചേട്ടന്റെ വയലിൻ കേൾക്കാൻ പറ്റില്ലല്ലോ എന്ന ചിന്ത എന്റെ മനസ്സിനെ കുത്തി മുറിവേൽപ്പിക്കുന്നു.ബാലു ചേട്ടന്റെ വയലിൻ ഇല്ലാതെയുള്ള പരിപാടികളെ കുറിച്ച് ചിന്തിക്കാൻ കഴിയുന്നില്ല. മലയാളികൾക്ക് പ്രിയപ്പെട്ട "മലർ കൊടി പോലെ, എന്നവളെ , തുമ്പി വാ" തുടങ്ങിയ ഗാനങ്ങൾ  വയലിനിൽ  അനായാസമായി കേൾപ്പിച്ചു.  ഒപ്പം ബാലു ചേട്ടന്റെ പ്രെസെന്റഷനും കൂടി ആവുമ്പോൾ വല്ലാത്തൊരു ഫീൽ ആണ്. ആ ഫീൽ നികത്താൻ മറ്റാർക്കും കഴിയില്ല. പ്രണയവും സന്തോഷവും വേദനയും ഒരു പോലെ ഉണർത്താൻ വയലിനിൽ കൂടി കഴിയുമെന്ന് തെളിയിച്ച പ്രതിഭ.

അപകടത്തിൽ തേജസ്വിനി വിട്ടു പിരിഞ്ഞതോ  ലക്ഷ്മി ചേച്ചിയുടെ അവസ്ഥയോ  എന്തിനേറെ പറയുന്നു സ്വന്തം മരണം പോലും അറിയാതെ പോയി നമ്മുടെ പ്രിയപ്പെട്ട ബാലു . നിറഞ്ഞ പുഞ്ചിരിയും, രൂപത്തിലും ഭാവത്തിലും കാഴ്ചയിലും വ്യത്യസ്തമാർന്ന വയലിനും, മാന്ത്രിക സംഗീതവുമായി  ഏതെങ്കിലും ഒരവരസത്തിൽ ഒരിക്കൽ കൂടി എന്നെ തേടി  എത്തിയെങ്കിലെന്ന് വെറുതെ എങ്കിലും ആഗ്രഹിച്ചു പോകുന്നു. വെറുതെ ഈ മോഹങ്ങൾ എന്നറിയുമ്പോഴും വെറുതെ മോഹിക്കുവാൻ മോഹം. എന്റെ ഓർമകളിൽ നിങ്ങൾക്ക് മരണമില്ല. 

കാത്തിരുന്ന് കിട്ടിയ തേജസ്വിനിയും സ്നേഹിച്ചു തീരാത്ത ഭർത്താവും നഷ്ട്ടപ്പെട്ട ലക്ഷ്മി ചേച്ചിയെ കുറിച്ചോർക്കാൻ കഴിയുന്നില്ല. അവിടെയും വിധി ക്രൂരതയാണ് കാണിക്കുന്നത്. 

Monday, September 3, 2018

ശമ്പളമില്ലാത്ത ജോലി

പരീക്ഷ കഴിഞ്ഞാൽ സ്വാഭാവികമായും ഉത്തര കടലാസ്സുകൾ നോക്കേണ്ടത് ആവശ്യമാണ്. അദ്ധ്യാപിക ആയ ശേഷം ഇതുവരെയും ഉത്തര കടലാസുകൾ നോക്കുന്നതിന്റെ പണം സർവകലാശാലയിൽ നിന്നും ലഭിച്ചിട്ടില്ല. അതിന്റെ കാരണം യുജിസിയുടെ അഭിപ്രായത്തിൽ അദ്ധ്യാപകരുടെ ജോലിയുടെ ഭാഗമാണ് പരീക്ഷാ ഡ്യൂട്ടികളും ഉത്തര കടലാസുകൾ നോക്കി കൊടുക്കുക എന്നതും. സമ്മതിക്കുന്നു. പഠിപ്പിക്കുന്ന കുട്ടികളുടെ ഉത്തര കടലാസുകൾ നോക്കാം, അവരുടെ പരീക്ഷ ഹാളുകളിൽ നിൽക്കാം , പരീക്ഷകൾക്ക് മേൽനോട്ടം വഹിക്കാം പക്ഷെ 350 മുതൽ 400 പേപ്പർ വരെ ഫ്രീ ആയി നോക്കി കൊടുക്കണമെന്ന് പറഞ്ഞാൽ അൽപ്പം ബുദ്ധിമുട്ടുണ്ട്. ഇത്രയും ഉത്തര കടലാസുകൾ ഉണ്ടെങ്കിൽ അതിനു തുല്യമായ കോളേജുകളും അവിടെ എല്ലാം അദ്ധ്യാപകരും കാണണമല്ലോ. ക്യാമ്പ് തുടങ്ങുമ്പോ മാത്രം കൃത്യമായ കാരണം പറഞ്ഞു ഒഴിഞ്ഞു മാറിയാൽ എങ്ങനെ ന്യായമാകും? 
കഴിഞ്ഞ കുറെ വർഷങ്ങളായി സർവ്വകലാശായുടെ നിലപാട് ഇതാണ്. ഓരോ മൂല്യ നിർണ്ണയ ക്യാമ്പ് കഴിയുമ്പോഴും അദ്ധ്യാപകരെ പറ്റിക്കുവാനെന്ന വാശിയിൽ ബില്ലും വാങ്ങി എവിടെ എങ്കിലും എറിയും.സർക്കാർ എയ്ഡഡ് കോളേജ് അദ്ധ്യാപകർക്ക് മൂല്യ നിർണയത്തിന് പണം നൽകിയില്ലെങ്കിലും സാരമില്ല പക്ഷെ അതിനേക്കാളേറെ സ്വാശ്രയ കോളേജുകൾ പ്രവർത്തിക്കുന്ന നമ്മുടെ നാട്ടിൽ തുച്ഛമായ ശമ്പളത്തിൽ ഒരേ ജോലി ചെയ്യുന്ന അദ്ധ്യാപകർക്കും ബില്ല് പാസ്സ് ആക്കി കൊടുക്കാത്തത് ശരിയായ നടപടി അല്ല. ഇപ്പോൾ നടക്കുന്ന ക്യാമ്പിൽ യൂണിവേഴ്സിറ്റി അധികൃതരോട് ചോദിച്ചാൽ മറുപടി ഇതൊക്കെ ഒരു സേവനമായി കണ്ടൂടെ എന്നാണ്. സ്വാശ്രയ കോളേജുകളിൽ പഠിപ്പിക്കുന്ന അദ്ധ്യാപകർക്ക് മാത്രമേ ഈ മനോഭാവം പാടുള്ളൂ എന്നില്ലല്ലോ സുഹൃത്തേ . ഞങ്ങൾക്ക് ഈ മനോഭാവം തോന്നണമെങ്കിൽ ഞാൻ ഒന്ന് ചോദിച്ചോട്ടെ, അതെ മനോഭാവം സർവകലാശാലക്ക് എന്തേ തോന്നാത്തത്? ഓരോ പരീക്ഷക്കും വിദ്യാർത്ഥിയിൽ നിന്നും പരീക്ഷ ഫീസ് വാങ്ങുന്നതെന്തിന്? അതും സേവന മനോഭാവത്തിൽ കണ്ടുടെ? ഏതെങ്കിലും വിദ്യാർഥിയെ ഫീസ് അടയ്ക്കാതെ പരീക്ഷ എഴുതാൻ നിങ്ങൾ സമ്മതിക്കാറുണ്ടോ? പുനർ മൂല്യനിർണയം അതിനും വിദ്യാർഥികളിൽ നിന്നും കൃത്യമായി ഫീസ് വാങ്ങുന്ന സർവ്വകലാശാല പുനർ മൂല്യ നിർണയം ചെയ്യുന്ന അദ്ധ്യാപകർക്ക് പണം കൊടുക്കുന്നതിൽ കൃത്യത ഉണ്ടോ? ഈ പോസ്റ്റ് കാണുന്ന ഏതെങ്കിലും സർവകലാശാല അസിറ്റന്റ് ഉണ്ടെങ്കിൽ ഒന്ന് ആലോചിക്കൂ , നിങ്ങൾ ചെയ്യുന്ന ഓരോ അധിക ദിന ജോലിക്കും ആനുകൂല്യങ്ങൾ ഉണ്ട്. സ്വാശ്രയ കോളേജുകളിൽ പഠിപ്പിക്കുന്നതും നെറ്റും ഡോക്ടറേറ്റും ഉള്ള അധ്യാപകരാണ്. ചെയ്യുന്ന ജോലിക്കുള്ള ശമ്പളം കൊടുക്കുന്നത് നിങ്ങളുടെ ആരുടെയും സ്വന്തം അക്കൗണ്ടിൽ നിന്നുമല്ലല്ലോ പിന്നെന്താണ് ബില്ല് പാസ്സ് ആക്കാൻ ഇത്ര പ്രസായം.സേവന മനോഭാവത്തിൽ ജോലി ചെയ്യാൻ സ്വാശ്രയ കോളേജുകളിൽ പഠിപ്പിക്കേണ്ട ആവശ്യമില്ല 
മറ്റൊന്ന് വിദ്യാർത്ഥികളോട് , നിങ്ങൾക്ക് പരീക്ഷ കൃത്യ സമയം നടക്കാത്തതിന്റെ കാരണം വൈകി പോകുന്ന മൂല്യ നിർണയങ്ങളാണ്. നിങ്ങളോട് അദ്ധ്യാപകർക്ക് യാതൊരു വിദ്വെഷവുമില്ല അത് കൊണ്ടാണ് വർഷങ്ങളായി മൂല്യ നിർണയം നടത്തി കൊടുക്കുന്നത്. നാളെ പഠിച്ചിറങ്ങി എവിടെയെങ്കിലും നിങ്ങളും ജോലിക്കു കേറുമല്ലോ അപ്പോൾ ശമ്പളം ഇല്ലാത്ത ജോലി ചെയ്യാൻ നിങ്ങൾക്ക് തോന്നുമോ?

സേവനവും ജോലിയും ഒന്നല്ലല്ലോ

Saturday, September 1, 2018

പ്രളയമെഴുത്തു എന്ന ദുരന്തം

പ്രളയമെഴുത്ത് 
ഇങ്ങനെ ഒരാശയം ആരുടെ ബുദ്ധിയിലാണ് ഉദിച്ചതെന്ന് അറിയില്ല . എന്നാലും മാനുഷിക മൂല്യങ്ങളെ മാനിക്കുന്ന ആരെങ്കിലും ആവാനാണ് സാധ്യത. അല്ലെങ്കിൽ പിന്നെ നോട്ട് എഴുതി xerox എടുത്ത് കൊടുക്കാൻ കഴിയുന്ന ഈ കാലഘട്ടത്തിൽ ആധുനിക സാങ്കേതിക വിദ്യകളെ ആശ്രയിക്കാതെ സ്വന്തം കൈപ്പടയാൽ എഴുതി കൊടുക്കണം എന്ന് തോന്നില്ലല്ലോ. പക്ഷെ ഈ ആശയം വിപുലീകരിച്ചപ്പോൾ ചില പാളിച്ചകൾ സംഭവിച്ചില്ലേന്നൊരു സംശയം.

** വിഷയ സംബന്ധമായ നോട്ട് തയ്യാർ ചെയ്തതാരെന്ന വിവരം ഒരു നോട്ടിലും കണ്ടില്ല . ഔദ്യോഗികമായി വിഷയം കൈകാര്യം ചെയ്യുന്ന ആരെങ്കിലും ആണെന്ന് നോട്ടിലെ കൈ അക്ഷരം കണ്ടിട്ട് തോന്നിയതുമില്ല . മാത്രമല്ല വാക്കുകളിലും വാചകങ്ങളിലും തെറ്റുകൾ അനവധി. 
ഉദാഹരണം : "... NO3 മഴ വെള്ളത്തിൽ അലിഞ്ഞു ഇടിമിന്നലായി മാറുന്നു. " ആണോ ?
ഈ നോട്ടുകൾ വായിക്കുന്നവർ മനസ്സിലെങ്കിലും പറയും സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുതെന്ന്.

** വിഷയം പഠിപ്പിക്കുന്ന അധ്യാപകർക്ക് എഴുതാൻ പറ്റിയില്ലെങ്കിലും, നോട്ട് വായിച്ച് തെറ്റുകൾ തിരുത്താനെങ്കിലും കൊടുക്കേണ്ടത് ആവശ്യമായിരുന്നു. അക്ഷരതെറ്റുകൾ തിരുത്താൻ നിത്യവും പത്രം വായിക്കുന്നവർക്ക് പറ്റിയേക്കും പക്ഷെ കണക്കിലും, ശാസ്ത്ര- ചരിത്ര - സാമൂഹിക വിഷയങ്ങളിലും ഉള്ള തെറ്റുകൾ തിരുത്താൻ , പകർത്തി എഴുതുന്ന കുട്ടികൾക്കോ മുതിർന്നവർക്കോ കഴിയണമെന്ന് നിർബന്ധമില്ല.
**കണക്ക് പോലെ ഉള്ള പ്രോബ്ലം വിഷയങ്ങൾ പകർത്തി എഴുതി കൊടുക്കുന്നത് കൊണ്ട് അർത്ഥമുണ്ടെന്ന് തോന്നുന്നില്ല. കണക്ക് ചെയ്യുന്നത് എങ്ങനെ എന്നല്ലേ അറിയേണ്ടത് അല്ലാതെ മനഃപാഠമാക്കിയിട്ട് പ്രയോജനം ഇല്ലല്ലോ.
** മലയാളം മീഡിയം വിദ്യാലയങ്ങളെ തിരഞ്ഞു പിടിച്ചാണോ പ്രളയം വന്നത്. പ്രളയമെഴുത്തിൽ ഇംഗ്ലീഷ് നോട്ട്സ് ഇല്ലേ ഇല്ല. അതോ മലയാളികൾക്ക് മലയാളം അറിയില്ലെന്ന് ഉറപ്പിക്കാനുള്ള പരീക്ഷ ആയിരുന്നോ ഈ പ്രളയമെഴുത്ത് .
**മലയാളം മീഡിയം നോട്ടിൽ മംഗ്ലീഷിൽ ആണ് എഴുതിയിരിക്കുന്നത്. ഇത് പകർത്തി എഴുതി കൊടുക്കുന്നതും ദുരന്തമല്ലേ?
** പ്രളയമെഴുത്തിൽ പകർത്തി എഴുതുന്ന നോട്ടുകൾ ഏതെങ്കിലും അദ്ധ്യാപകർ മൂല്യ നിർണ്ണയം ചെയ്യുന്നുണ്ടോ? പകർത്തി എഴുത്തിലെ തെറ്റുകൾ തിരുത്താതെ, തെറ്റുകളുടെ കൂമ്പാരമായ നോട്ടുകൾ കുട്ടികളിൽ എത്തിയാൽ , ആ തെറ്റുകൾ പഠിച്ചല്ലേ കുട്ടികൾ പരീക്ഷക്ക് വരിക.
** 2018 -19 ലെ വാർഷിക പരീക്ഷയുടെ നിലവാരം എന്തായിരിക്കും? തോൽവി ശതമാനം കൂടുമെന്ന് കരുതി എന്തെങ്കിലും എഴുതുന്ന കുട്ടിയ്ക്കും മാർക്ക് കൊടുക്കാൻ ഉത്തരവിടും. അത്തരം തീരുമാനങ്ങൾ വിദ്യാഭ്യാസ ദുരന്തമല്ലേ ഉണ്ടാക്കുന്നത്?
നിഷ്ക്കളങ്കരായ കുഞ്ഞുങ്ങളെ സഹായിക്കാൻ ആണ് ഉദ്ദേശിച്ചത് എങ്കിൽ പൊതു വിദ്യാലയങ്ങളിൽ ഈ വിഷയം കൈകാര്യം ചെയ്യുന്ന അദ്ധ്യാപകരെ കൊണ്ട് നല്ല കൈയക്ഷരത്തിൽ നോട്ടുകൾ തയ്യാറാക്കിയ ശേഷം , അതിന്റെ xerox എടുത്ത് ആവശ്യമുള്ള വിദ്യാലയങ്ങളിൽ എത്തിക്കാമായിരുന്നു. 
-- നോട്ടുകൾ തയ്യാറാക്കുന്ന അധ്യാപകരുടെ പേരും ഔദ്യോഗിക വിലാസവും കൂടി ഉൾപ്പെടുത്തിയിരുന്നെങ്കിൽ അതിനു കുറച്ചു കൂടി ആധികാരത ഉണ്ടായേനെ. 
-- നമ്മളിൽ പലർക്കും വായിച്ചു പഠിക്കാൻ ഇഷ്ട്ടം സ്വന്തം കൈയക്ഷരത്തിൽ എഴുതുന്ന നോട്ടുകളാണ് . ആ സത്യം മനസിലാക്കി കൊണ്ട് നമ്മൾ ചെയ്യേണ്ടി ഇരുന്നത് പുതിയ നോട്ടുകൾ വാങ്ങി അതിന്റെ ആദ്യ പേജിൽ സ്നേഹത്തോടെ ഒരു കുറിപ്പ് കൂടി എഴുതിച്ചേർത്തു കുട്ടികൾക്ക് എത്തിച്ചിരുന്നുവെങ്കിൽ, അവർ സ്വന്തം കൈപ്പടയിൽ എഴുതി പഠിക്കുമായിരുന്നു.

ഇതിനൊക്കെ പകരം ഇത്രയധികം തെറ്റുകൾ ഉള്ള നോട്ടുകൾ പകർത്തി എഴുതി മറ്റൊരു മനുഷ്യ നിർമ്മിത ദുരന്തമാണ് സൃഷ്ടിക്കുന്നത് .വളർന്നു വരുന്ന പുതു തലമുറയോട് ചെയ്യുന്ന ക്രൂരത.
* ഈ തെറ്റുകളെ കുറിച്ചൊന്നും അറിയാതെ നോട്ടുകൾ പകർത്തി എഴുതി കൊടുത്ത എല്ലാ നല്ല മനസ്സുകളെയും സ്നേഹത്തോടെ ഓർക്കുന്നു . തെറ്റ് നിങ്ങളുടേതല്ല എങ്കിൽ പോലും അതിൽ നിന്നും ഒഴിഞ്ഞു മാറാൻ നിങ്ങൾക്കാവില്ല. *

Monday, May 7, 2018

പതേര്‍ പാഞ്ജാലി



ഈ സിനിമ കാണണം എന്ന്‍ ആഗ്രഹിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളേറെ ആയി. പല തവണ you ട്യുബില്‍ ശ്രമിച്ചതുമാണ്‌. പക്ഷെ തുടക്കം കഴിഞ്ഞാല്‍ പിന്നെ അത് ലോഡ് ആവാതെ നിന്നു പോകും. അങ്ങനെ അങ്ങനെ നീണ്ട് നീണ്ട് 2018 ലാണ് ആ സമയം ആഗാതമായത്. ഒരു പുസ്തകം സിനിമ ആയാല്‍ ചില മാറ്റങ്ങള്‍ അനിവാര്യമാണ് ,അത്കൊണ്ട് തന്നെ പുസ്തകം വായിക്കാനാണ് എനിക്ക് കൂടുതല്‍ ഇഷ്ടം.
ദാരിദ്യം ബ്രാഹ്മിണ കുടുംബത്തെ ബാധിക്കുന്നതാണ് പ്രധാന വിഷയം. പക്ഷെ എനിക്ക് ഇതില്‍ ഏറ്റവും ആകര്‍ഷണീയമായി തോന്നിയത് ദുര്‍ഗയാണ്. ആ കുഞ്ഞ് ഹൃദയത്തില്‍ ദാരിദ്യം എന്താണെന്ന്‍ അറിയില്ല. അല്ലെങ്കില്‍ അറിഞ്ഞിട്ടും അവളെ അത് ഒരു തരത്തിലും ബാധിക്കുന്നില്ല. വിദ്യാഭ്യാസം ഉണ്ടെങ്കിലും ദുര്‍ഗ്ഗയുടെ അച്ഛന്‍ ഹരിഹരന് പ്രതീക്ഷക്കൊത്ത് വളരാനോ സംബാധിക്കാനോ കഴിയുന്നില്ല. അയാളുടെ ഭാര്യ എപ്പോഴും ദാരിദ്യത്തില്‍ വിഷമിച്ചു ജീവിക്കുന്നു. ദുര്‍ഗ്ഗ പോകാത്ത കാടുകള്‍ ഇല്ല, പരിചയമില്ലാത്ത കായ്‌ കനികള്‍ ഇല്ല. അവള്‍ക്ക് അറിഞ്ഞുടാത്ത കാട്ടു വഴികള്‍ ഇല്ല. അവളെന്നും സന്തോഷവതിയാണ്. അവള്‍ക്ക് ഏറ്റവും സ്നേഹം അനിയന്‍ അപുവിനോടാണ്. അവനു വേണ്ടി എന്തും ചെയ്യാന്‍ അവള്‍ തയ്യാറാണ്.ഒരിക്കല്‍ ആമ്പല്‍ പൂ പറിക്കാന്‍ കോട്ട കുളത്തില്‍ എത്തി, എന്തോരം അഭ്യാസങ്ങള്‍ കാണിച്ചിട്ടാണ് അവള്‍ അപുവിന് ആമ്പല്‍ പറിച്ചു കൊടുത്തത്. കോരി ചൊരിയുന്ന ഇടിയിലും മഴയിലും ഭയന്ന അപുവിനെ ചേര്‍ത്ത് പിടിച്ച് ആശ്വസിപ്പിക്കാന്‍ അവള്‍ക്കെന്തൊരു കഴിവാണ്. പരിസര വാസികള്‍ക്ക് അവളെ ഇഷ്ടമല്ല. എപ്പോഴും മോഷണ കുറ്റം ആരോപിച്ച് അവളെ അധിശേപ്പിക്കുന്നത് അവര്‍ക്ക് ഹരമേകി. കട്ടു എന്ന്‍ പറയുന്നത് മിക്കപ്പോഴും കാറ്റത്ത് വീഴുന്ന മാമ്പഴം ആയിരിക്കും. പറമ്പില്‍ വീഴുന്നതൊക്കെ കുട്ടികള്‍ പെറുക്കി എടുക്കുന്നതൊക്കെ ഒരു മോഷണം ആണോ. ഇതിനു വിപരീതമായി അവള്‍ അവളുടെ പെട്ടിയില്‍ സൂക്ഷിച്ചത് കല്ല്‌ മാലയും, സ്വര്‍ണ ചിന്തൂര ചെപ്പും. അതില്‍ മാല പിടിക്കപ്പെട്ടു പക്ഷെ ചെപ്പ് അപു മാത്രമേ കണ്ടുള്ളൂ. അപ്പോഴേക്കും ദുര്‍ഗ്ഗ ഈ ലോകം വിട്ടു പോയി.അവനത് ആരെയും കാണിക്കാതെ കാട്ടിലേക്ക് എറിഞ്ഞു. ആരും അവന്റെ ചേച്ചിയെ കുറ്റം പറയുന്നത് അവനു തീരെ ഇഷ്ട്ടമായിരുന്നില്ല. കാരണം എന്ത് കിട്ടിയാലും ആ ചേച്ചി അവനുമായി പങ്കു വയ്ക്കുമായിരുന്നു.
തീവണ്ടി കണ്ടിട്ടില്ല. റെയില്‍ പാളം കണ്ടിട്ടില്ല. നല്ല ഭക്ഷണം ഇല്ല.കളിപ്പാട്ടങ്ങള്‍ ഇല്ല. പക്ഷെ താരതമ്യം ചെയ്യാന്‍ ഒന്നും ഇല്ലാത്തിടത്തോളം കാലം അവര്‍ക്കറിയില്ല മെച്ചപ്പെട്ട ജീവിതം എന്താണെന്ന്‍.അതറിയുന്ന അമ്മ എപ്പോഴും മക്കള്‍ക്ക് നല്ല ജീവിതം കിട്ടാന്‍ പ്രാര്‍ത്ഥിക്കുന്നു.അച്ഛന്‍ ചെറിയ പൂജ കര്‍മ്മങ്ങള്‍ ചെയ്ത് കിട്ടുന്ന കാശ് വീട്ടില്‍ കൊടുക്കുന്നു.
ഇതിലെ ചില സാഹചര്യങ്ങള്‍ എന്നെ ഓര്‍മിപ്പിച്ചത് വര്‍ഷങ്ങള്‍ക്ക് മുന്നേ ഉള്ള തീവണ്ടി യാത്രയാണ്‌. തീവണ്ടിയില്‍ മിക്കപ്പോഴും നാടോടികളെ കാണാം. കൂട്ടത്തില്‍ കുട്ടികളും ഉണ്ടാകും. ഇന്നത്തെ കാലത്ത് എവിടെ നോക്കിയാലും എല്ലാരുടെയും കൈയില്‍ മൊബൈല്‍ ഉണ്ടാവും.ആ കമ്പാര്‍ട്ട്മെന്ട്ടില്‍ ഇരുന്ന കുട്ടിയുടെ കൈയിലും ഉണ്ടായിരുന്നു.അതില്‍ എന്തോ കളിക്കുന്നുമുണ്ട്.അനിയനെ ഒക്കത്ത് എടുത്ത് കൊണ്ട് ആ വഴി പോയ നാടോടി പെണ്‍കുട്ടി ഇത് കണ്ടിട്ട് അവിടെ നിന്ന് ആ മൊബൈല്‍ വളരെ അത്ഭുതത്തോടെ നോക്കുന്നത് ഞാന്‍ കണ്ടു. ഒരു നേരത്തെ ഭക്ഷണം കഴിക്കാന്‍ നെട്ടോട്ടം ഓടുന്നതിനിടെ ഈ സാങ്കേതിക വിദ്യകളൊക്കെ അറിയാന്‍ അവര്‍ക്കെവിടാണ് അവസരം.
ജീവിതം ഓരോ മനുഷ്യര്‍ക്കും പല രീതിയിലാണ്‌. ചിലര്‍ വിദ്യയുടെ കാര്യത്തില്‍ ദരിദ്രര്‍ ആണ്. അത് തിരിച്ചറിയുന്നവര്‍ വളരെ ചുരുക്കം. ചിലരുടെ സമ്പത്ത് കാശാണ്. അവരതില്‍ മതി മറന്നു ജീവിക്കും.
ദുര്‍ഗ്ഗയുടെ മരണത്തിനു ശേഷം ജീവിതം മെച്ചപ്പെടാന്‍ ആ കുടുംബം കാശിയിലെക്ക് പോകും. പക്ഷെ അവിടെയും അവര്‍ക്കൊരു തണല്‍ ഇല്ലാതെ ആകും.ഹരിയുടെ മരണം വീണ്ടും ജീവിതത്തെ പിടിച്ചുലയ്ക്കും. പതിനൊന്ന്‍ വയസ്സുള്ള അപുവും അമ്മയും ചില വഴികളില്‍ കൂടി പോകുമെങ്കിലും എങ്ങും എത്തില്ല. ഒടുവില്‍ അവരെ കാത്തിരിക്കുന്നത് അവരുടെ പഴയ ഗ്രാമം തന്നെയാണെന്ന് തിരിച്ചറിയും.
പല കഥകളില്‍ സൂചിപിക്കുന്ന ഒരു കാര്യമാണ് എവിടെ ഒക്കെ പോയാലും അവസാനം നമ്മള്‍ എത്തുന്നത് ജനിച്ചു വളര്‍ന്ന മണ്ണില്‍ തന്നെയാകും. ആഗ്രഹിചില്ലെങ്കില്‍ പോലും ചില കാര്യങ്ങള്‍ നമ്മളിലേക്ക് എത്തി ചേരും എന്നാല്‍ ചിലത് എത്ര ആഗ്രഹിച്ചാലും കിട്ടില്ല.

Friday, May 4, 2018

നഹുഷ പുരാണം



ശമനതാളം വായിച്ച ശേഷം കെ രാധാകൃഷ്ണന്റെ രണ്ടാമത്തെ നോവല്‍. ഒരു രാഷ്ട്രീയ സിനിമ പോലെ എന്ന്‍ തന്നെ പറയാം. എന്നാലും ചില കാര്യങ്ങള്‍ പ്രസക്തമാണ്‌. ഒന്ന്‍, കാലം എത്ര കഴിഞ്ഞാലും അധികാരം മനുഷ്യനില്‍ വരുത്തുന്ന മാറ്റത്തിനു വ്യത്യാസമില്ല. രണ്ട്, സ്വവര്‍ഗ ബന്ധങ്ങള്‍ ഇന്ന് പൂവിട്ടതല്ല. 1986-ല്‍ പുറത്തിറങ്ങിയ ഈ പുസ്തകത്തില്‍ സ്വവര്‍ഗ രതിയെ കുറിച്ച് പരാമര്‍ശം ഉണ്ട് എന്നത് എന്നെ അത്ഭുതപ്പെടുത്തി.
കേരളത്തിലെ മുഖ്യ മന്ത്രിയുടെ നിര്യാണത്തെ തുടര്‍ന്ന്‍ പുതിയ മുഖ്യ മന്ത്രി ആര് എന്ന ചോദ്യത്തില്‍ നിന്നുമാണ് കഥ ആരംഭിക്കുന്നത്. യൗവനത്തില്‍ പാര്‍ടിയില്‍ ശക്തനായിരുന്ന, പോളിറ്റ് ബ്യുറോ അങ്ങത്വം ഉണ്ടായിരുന്ന വി ഐ പി എന്ന നേതാവിലാണ് എല്ലാവരും വിരല്‍ ചൂണ്ടുന്നത്. മുഖ്യ മന്ത്രി പദം സ്വപ്നം കണ്ടിരുന്ന ആഭ്യന്തര മന്ത്രി കരുണന്‍ ആണ് ശരിക്കും ഞെട്ടിയത്. വി ഐ പിയെ കൈയിലെടുക്കാന്‍ ബുദ്ധിമുട്ടൊന്നും ഇല്ല എന്ന കരുണന്റെ ചിന്ത ആദ്യമൊക്കെ വിജയിച്ചെങ്കിലും തുടര്‍ന്നുള്ള ശ്രമങ്ങളൊക്കെ വിഫലമായി. പാര്‍ടിയില്‍ നിന്നും മാറി നിന്ന വി ഐ പിക്ക് മന്ത്രി സ്ഥാനം വേണ്ട എന്ന്‍ തോന്നി എങ്കിലും അദ്ദേഹവും പിന്നീട് ആ സ്ഥാനം നിലനിര്‍ത്താനുള്ള ഓട്ടത്തില്‍ ആയി. അതിനു വേണ്ടി സഞ്ചരിക്കാന്‍ പാടില്ലാത്ത വഴികളില്‍ കൂടി ഒക്കെ അദ്ദേഹം സഞ്ചരിച്ചു. രഹസ്യമായി ഫോണ്‍ ചോര്തലുകള്‍, വഴി വിട്ട സഹായങ്ങള്‍, തന്റെ വഴിയില്‍ തടസ്സമാകുമെന്ന് തോന്നുന്നവരെ ഒഴിവാക്കല്‍ അങ്ങനെ എല്ലാം. ആദര്‍ശവാനായ വി ഐ പിയെ അധികാരത്തിന്റെ പടവുകളില്‍ നമുക്ക് നഷ്ടപ്പെട്ടു പോകും.
വേണു എന്ന പത്രപ്രവര്‍ത്തകനെ നോക്കിയാലും നമുക്ക് കാണാന്‍ സാധിക്കും അയാളെങ്ങനെ പിപി എന്ന സങ്കത്തിലേക്ക് അടുത്തു എന്ന്‍. കരുണന്‍ ,അയാളും അധികാരത്തിനു വേണ്ടിയുള്ള ഓട്ടത്തിലാണ് വഴിവിട്ട കാര്യങ്ങള്‍ ചെയ്ത് കൂട്ടുന്നത്.
വി ഐ പിയുടെ കുടുംബം അയാള്‍ക്ക് നഷ്ട്ടപ്പെടുന്നതിന്റെ കാരണവും ഇതേ അത്യാഗ്രഹം തന്നെയാണ്. വേണ്ടപ്പോള്‍ ഭാര്യയുടെ കൂടെ നില്ക്കാന്‍ കഴിയാത്തത് കൊണ്ട് ഭാര്യ മറ്റൊരു തണല്‍ തേടി പോകുന്നു.പക്ഷെ അതിലും പ്രധാനപ്പെട്ട മറ്റൊരു കാര്യം വി ഐ പിയുടെ മകള്‍ ശ്രീദേവി.അച്ഛനും അമ്മയും രണ്ടും രണ്ട് വഴിയില്‍ ആയപ്പോള്‍ അവള്‍ക്ക് നഷ്ട്ടപ്പെട്ടത് അവളുടെ ജീവിതമാണ്‌.മയക്കു മരുന്നിനു അടിമപ്പെടുന്ന അവളെ രക്ഷിക്കാന്‍ വേണു ശ്രമിക്കുന്നുണ്ട് , പക്ഷെ എല്ലാ ശ്രമങ്ങളും വിഫലമാക്കുന്ന ഒരവസാനമാണ് നഹുഷ പുരാണം. ഈ ഒരു ശീര്‍ഷകം കൊടുക്കാനുള്ള കാരണം എനിക്ക് ആലോചിച്ചിട്ട് മനസിലായില്ല.
രാഷ്ട്രീയത്തില്‍ എന്നല്ല പൊതുവില്‍ ഉള്ള സ്വഭാവ മാറ്റമാണോ ഈ അധികാരത്തില്‍ വരുമ്പോള്‍ സംഭവിക്കുന്നത്. അല്ലെങ്കില്‍ എത്ര ആദര്‍ഷവാനായാലും അധികാരം കാഴ്ച്ചയെ ബാധിക്കുമോ? ഈ ലോകത്തില്‍ നിന്നും വിട പറഞ്ഞു പോകും നേരം ലോക ചരിത്രത്തില്‍ ഇടം നേടാനുള്ള ആഗ്രഹമാണോ അതിനു കാരണം. അല്ലെങ്കില്‍ തോല്‍വിയെ നേരിടാനുള്ള ദൈര്യ കുറവോ?
ഖദറിന്റെ ഉള്ളില്‍ തൂവെള്ള മനസ്സുള്ള നേതാക്കള്‍ കുറവാണു. ഈ നാട് ഭരിക്കുന്നവരെ വിശ്വസിക്കാന്‍ ബുദ്ധിമുട്ട് തോന്നി തുടങ്ങിയാല്‍ പിന്നെ ജനാധിപത്യം എന്നൊന്ന് നിലനില്‍ക്കുമോ?

Tuesday, May 1, 2018

where the rain begins by anita nair



കേരളവുമായി ബന്ധപ്പെട്ട ചില കവിതകളും ലേഖനങ്ങളും കഥകളും കൊണ്ട് നിറഞ്ഞിരിക്കുന്നു. കവിതകളില്‍ താല്പര്യം കുറവാണ് ,അത് കൊണ്ട് ആ ഭാഗം ഞാന്‍ ഒഴിവാക്കി. ചുള്ളിക്കാടിന്റെ കവിതയില്‍ നിന്നാണ് തുടക്കം. തുടര്‍ന്ന്‍ പ്രശസ്തരായ പല എഴുത്തുക്കാരും എന്റെ കണ്ന്മുന്നില്‍ കൂടി കടന്നു പോയി. അവരില്‍ ഒന്നിലധികം പേര്‍ എന്നെ ആകര്‍ഷിച്ചു ,
ആദ്യം ശശി തരൂര്‍. ഭാഷയുടെ ലാളിത്യം, നമ്മളോട് പറഞ്ഞ കാര്യങ്ങളുടെ തീവ്രത. ചാര്‍ലിസ് എന്ന പയ്യന്‍ വളര്‍ന്ന് കളക്ടര്‍ ആയ കഥ. വിദ്യാഭ്യാസത്തിന്റെ മാറ്റൊലി കേരള സമൂഹത്തില്‍ വരുത്തിയ മാറ്റങ്ങള്‍. അധികാര സ്ഥാനത്ത് എത്തിയാല്‍ പിന്നെ അയിത്തം എന്നൊന്ന് ഇല്ലാതാവും.

സുരേഷ് മേനോന്റെ ദാസേട്ടനെ കുറിച്ചുള്ള ലേഖനം. സത്യത്തില്‍ മലയാളിയുടെ എല്ലാ വികാരങ്ങളും ദാസേട്ടന്റെ ശബ്ദത്തെ ചുറ്റി പറ്റിയാണ്. സന്തോഷം, ദുഃഖം, പ്രണയം ,വിരഹം അങ്ങനെ ഒരു മനുഷ്യ ഹൃദയത്തില്‍ ഉദിക്കുന്ന എല്ലാ വികാരങ്ങളും തീവ്രമാക്കുന്നത് ദാസേട്ടന്റെ പാട്ടുകളാണ്. ഏതൊരു മലയാളിയുടെയും സ്വകാര്യ അഹങ്കാരം.

അലക്സാണ്ടര്‍ ഫ്രാട്ടറിന്റെ chase the  monsoon വാങ്ങി  വച്ചിട്ട് കുറെ നാളായി പക്ഷെ ഇതു വരെ വായിച്ചു തുടങ്ങിയില്ല. എന്നാല്‍ അനിതാ നായര്‍ ആ പുസ്തകത്തെ കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. കോവളം തീരത്ത് നിന്നും മഴയെ പിന്തുടരുന്ന കഥ. കന്യാകുമാരി മുതല്‍ ബംഗാള്‍ വരെ. ലളിതാംബിക അന്തര്‍ജനത്തിന്റെ അമ്മയെ കുറിച്ചുള്ള കുറിപ്പുകള്‍.

മലയാളിയുടെ ശീലമായ മുണ്ട്. ചിലര്‍ വലത് വശത്ത് കുത്തുന്നു, മറ്റ് ചിലര്‍ ഇടത്തോട്ട് കുത്തുന്നു.കര ഉള്ളതും ഇല്ലാത്തതും. എത്ര വലിയ പദവിയില്‍ ഇരിക്കുന്ന മലയാളി ആയാലും വീട്ടില്‍ എത്തിയാല്‍ പിന്നെ കൈലി അല്ലെങ്കില്‍ മുണ്ട് ഉടുത്തില്ലെങ്കില്‍ പിന്നെന്ത്. ലാലേട്ടന്‍ മുണ്ട് മടക്കി കുത്തി വരുന്നതല്ലേ മലയാളിയുടെ സ്റ്റൈല്‍ . മമ്മൂക്ക ആയാലും അങ്ങനെ ഒക്കെ തന്നെയാണ്. ദിലീപിന്റെ സിനിമകള്‍ എടുത്താലും മുണ്ടിന് പ്രാധാന്യം ഉണ്ട്.

അങ്ങനെ മലയാളിയുടെ ശീലങ്ങളും , മലയാള നാടിന്റെ വിശേഷങ്ങളും കൊണ്ട് നിറഞ്ഞിരിക്കുന്നു ഈ പുസ്തകം.