Saturday, April 30, 2016

അസുര(Asura) – Anand Neelakantan


ഒരുപാട് തവണ amazon. in നോക്കുമ്പോള്‍ ഈ പുസ്തകം ഞാന്‍ കണ്ടിട്ടുണ്ട്. പക്ഷെ വാങ്ങാന്‍ കൂട്ടാക്കിയില്ല. പക്ഷെ ഒരു ഞായറാഴ്ച പത്രം നോക്കിയപ്പോള്‍ അന്നത്തെ ആഴ്ച പതിപ്പില്‍ ആനന്ദ്‌ നീലകണ്ഠന്‍ എന്ന എഴുത്തുകാരനെ കുറിച്ചായിരുന്നു. അത് വായിച്ചപ്പോള്‍ ആണ് ഞാന്‍ അറിഞ്ഞത് മലയാളി ആണെന്ന്. സ്കൂളില്‍ പഠിക്കുന്ന സമയത്തൊക്കെ ആംഗലേയ ഭാഷ അദ്ദേഹത്തിന് അത്ര വഴങ്ങിയിരുന്നില്ല. എന്നാല്‍ ആ ഭാഷ കൈയില്‍ ഒതുക്കാന്‍ ഉള്ള ഉറച്ച തീരുമാനമാണ് അദ്ധേഹത്തെ ഒരു എഴുത്തുകാരന്‍ ആക്കിയത്. ഈ ഒരു പുസ്തകം പ്രകാശനം ചെയ്യാന്‍ ഒരുപാടു പ്രസാധകരെ കണ്ട് സംസാരിച്ചെങ്കിലും ആരും തയ്യാറായില്ല. ഒടുവില ഒരാള്‍ തയാറായി. ആദ്യ പടി എന്ന നിലയ്ക്ക് വെറും നൂറ് പുസ്തകങ്ങള്‍ മാത്രമാണ് അച്ചടിച്ചത്. പക്ഷെ വായനകാരുടെ ആവശ്യം അനുസരിച്ച് നാലു ലക്ഷം പുസ്തകങ്ങള്‍ അച്ചടിക്കേണ്ടി വന്നു.
രാവണന്‍ എന്ന അസുരനെ കുറിച്ച് നല്ലത് ഒന്നും കേട്ടിട്ടില്ല. പക്ഷെ ഈ പുസ്തകം വായിച്ചു കഴിഞ്ഞപ്പോള്‍ രാവണന്റെ ഭാഗം ശരിയാണെന്ന് എനിക്ക് തോന്നി. ഏതു കാലഘട്ടത്തിലും തൊലി കറുത്ത ആളുകള്‍ നേരിടുന്ന അവഗണ ആണ് പ്രധാന വിഷയം. ആനുകാലിക പ്രസക്തിയുള്ള ഒരു നോവല്‍ ആണിത്.
 രാമ രാവണ യുദ്ധത്തില്‍ പരാജയപ്പെട്ട രാവണന്‍ മരണത്തിനു തൊട്ടു മുന്നേ തന്റെ ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കുകയാണ്.എല്ലാവരും തുല്യരായ ലോകം സ്വപ്നം കണ്ട വ്യക്തി ആണ് അസുരന്‍. സംഗീതത്തിലും കലയിലും പ്രാവീണ്യം നേടിയ അസുരന്‍. ഇച്ചാശക്തി ഒന്ന് കൊണ്ട് അസുരന്മാരുടെ ചക്രവര്‍ത്തി ആയ രാവണന്‍. അച്ഛന്‍ ബ്രാഹ്മണന്‍ ആയിട്ടും ദേവന്മാരോടുള്ള ഇഷ്ട്ടകേടിനു കുറവൊന്നും ഇല്ലായിരുന്നു. പണവും പധവിയുമാണ് ആവശ്യമെന്ന് തിരിച്ചറിഞ്ഞ് അതിനു വേണ്ടി പ്രവര്‍ത്തിച്ചു. എന്നിട്ടും സ്വന്തം സഹോദരന്‍ വിഭീഷണന്‍ രാവണനെ ചതിച്ചു. സഹോദരന്‍ മാത്രമല്ല വിശ്വസിച്ച് കൂടെ നിര്‍ത്തിയ പല അസുരന്മാരും അദ്ധേഹത്തെ വഞ്ചിച്ചു.
സ്വന്തം ഭാര്യയെ വിശ്വസിക്കാതെ വേദാന്തം പറഞ്ഞ ജ്ഞാനികളെ അനുസരിച്ച രാമനാണോ ഉത്തമ പുരുഷന്‍ ? ആയിര കണക്കിന് ആളുകളെ കൊന്നും പരിക്കേല്‍പ്പിച്ചും സീതയെ തിരികെ കൊണ്ട് വന്നത് അവിശ്വസിക്കാന്‍ ആയിരുന്നോ. മറ്റുള്ളവര്‍ പറയുന്നത് കേട്ട് സീതയെ അവിശ്വസിച്ച രാമന്‍ എങ്ങനെയാണ് ഉത്തമ ഭര്‍ത്താവാകുന്നത്. മിക്ക ഭാഗങ്ങള്‍ വായിച്ചപ്പോള്‍ എനിക്ക് തോന്നിയ മറ്റൊരു കാര്യം രാജ ഭരണം ഒരു വ്യക്തിയെ മാത്രം ആശ്രയിച്ചല്ല. ലങ്കയുടെ കാര്യം എടുത്താല്‍ തന്നെ പല കാര്യങ്ങളിലും രാവണന്‍ മന്ത്രിമാരുടെ തീരുമാനങ്ങള്‍ അനുസരിക്കുകയാണ് ചെയ്തത്. പക്ഷെ ആ തീരുമാനത്തിന്റെ ഭവിഷത്ത് എന്തായാലും, നല്ലതോ ചീത്തയോ, രാജാവിനു തന്നെ. എന്നാല്‍ പല കാര്യങ്ങളിലും രാവണന്റെ സങ്കല്പം പോലെ മാത്രം ചെയ്യാനും കഴിഞ്ഞില്ല.
ദേവന്മാരും അസുരന്മാരും അഭിപ്രായ വ്യത്യാസങ്ങള്‍ ആയിരുന്നു ഏറെയും. സമൂഹത്തില്‍ നിലനിന്നിരുന്നു എന്ന്‍ പറയുന്ന പല അനാചാരങ്ങളും ഇന്നും പല സ്ഥലങ്ങളിലും നിലനില്‍ക്കുന്നുണ്ട്. തൊട്ടുകൂടായ്മ, സ്ത്രീകള്‍ക്ക് വിദ്യാഭാസം നിഷേധിക്കുക, ജാതി വ്യവസ്ഥ മുതലായവയൊക്കെ പുറമേ കാണാത്ത പ്രശ്നങ്ങളായി നമുക്കിടയില്‍ ഉണ്ട്. സമൂഹ നീതി ന്യായ വ്യവസ്ഥയെ ചൂണ്ടി കാട്ടുന്നുണ്ട് ഇതിലൂടെ.
കഥയില്‍ ചില മാറ്റങ്ങള്‍ ഉണ്ടെങ്കിലും അതിനെക്കാള്‍ കൂടുതല്‍ എന്നെ ആകര്‍ഷിച്ചത് വളരെ എളുപ്പത്തില്‍ ഉപമിക്കാന്‍ പറ്റുന്ന നമുക്ക് ചുറ്റിലും നടക്കുന്ന സംഭവങ്ങളാണ്. റൈറ്റ് സഹോദരന്മാര്‍ വിമാനം കണ്ടു പിടിക്കുന്നതിനു നൂറ്റാണ്ടുകള്‍ മുന്‍പേ വിമാനം എന്ന ആശയം പ്രാവര്‍ത്തികമാക്കിയ പൂര്‍വികര്‍ നമുക്കുണ്ട്.പുഷ്പക വിമാനത്തില്‍ ആണല്ലോ രാവണന്‍ സീതയെ കടത്തി കൊണ്ട് വരുന്നത്. എല്ലാ സുഖ സൗകര്യങ്ങളും നല്‍കി വാഴിക്കാന്‍ രാവണന്‍ തയ്യാര്‍ ആയിരുന്നിട്ടും അതെല്ലാം സീത നിരസിച്ചു.
രാമായണം എന്ന കാവ്യത്തിന് നല്‍കിയ പുതിയ വ്യാഖ്യാനം എനിക്ക് ഒരുപാട് ഇഷ്ടമായി. അത് സത്യമായിരുന്നെങ്കില്‍ എന്ന്‍ ആശിച്ചു പോയി. വളരെ അപൂര്‍വമായി മാത്രമേ രാവണന്റെ കഴിവുകളും മികവുകളും പലരും പറഞ്ഞു കേട്ടിട്ടുള്ളൂ. രുദ്ര വീണ മീട്ടുന്ന രാവണനെ സംഗീതത്തെ സ്നേഹിക്കുന്ന രാവണനെ കുറിച്ച് അധികം എങ്ങും പരാമര്ഷിക്കാറില്ല. രാവണന്റെ പത്തു തല എന്നതിനേക്കാള്‍ യോജിക്കുന്നത് ഏതൊരു മനുഷ്യനും ഉള്ള പത്തു മുഖങ്ങള്‍ ആണ്.
രാജ്യങ്ങള്‍ തമ്മിലുള്ള അനാവശ്യ യുദ്ധത്തിന്റെ ഭവിഷത്ത് ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത് സ്ത്രീകളും കുട്ടികളും തന്നെയാണ്. ഏത് കാലഘട്ടത്തിലും അതിനു മാറ്റമില്ല. സ്വന്തം ആവശ്യങ്ങള്‍ നേടി എടുക്കാന്‍ ആഗ്രഹിക്കുന്ന നേതാവ് ആരായാലും ജനങ്ങള്‍ക്ക് ഉണ്ടാകുന്ന കഷ്ട്ടപ്പാടിനെ മനപൂര്‍വ്വം മറക്കുന്നതാണോ ?

ഇനിയും ഇത്തരം ശൈലികള്‍ എഴുത്തുകാരനില്‍ നിന്നും  പ്രതീക്ഷിക്കുന്നു. 

Thursday, April 28, 2016

ജീവിതം - ഇന്നലെയും ഇന്നും

ഐ ടീ ഐ പരീക്ഷ എഴുതി ഫലവും കാത്ത് നില്‍ക്കുന്ന സമയം. എന്തെങ്കിലും പഠിക്കാന്‍ ചേരണം. എഞ്ചിനീയര്‍ ആവാനും ഡോക്ടര്‍ ആവാനും താല്പര്യമില്ലാത്തത്  കൊണ്ട് തൊഴില്‍ സാധ്യത ഉള്ള ഏതെങ്കിലും മേഘല മതിയെന്ന്‍ പണ്ടേക്കു പണ്ടേ കരുതിയതാണ്. ആ സമയത്താണ് എന്റെ സുഹൃത്ത് ഐ- ടെക് എന്ന സ്ഥാപനത്തെ കുറിച്ച് പറയുന്നത്. അവിടെ കമ്പ്യൂട്ടര്‍ മേഘലയുമായി ബന്ധപ്പെട്ട കോയ്സുകള്‍ പഠിപ്പിക്കും. ഹാര്‍ഡ് വെയര്‍ വേണോ സോഫ്റ്റ്‌ വെയര്‍ വേണോ എന്നുള്ള ചിന്ത ആയി അടുത്തത്. സോഫ്റ്റ്‌ വെയര്‍ വേണ്ട അതെനിക്ക് പറ്റിയതല്ല എന്ന്‍ മനസ്സ് പറഞ്ഞു. അപ്പോ പിന്നെ ഉള്ളത് ഹാര്‍ഡ് വെയര്‍ തന്നെ. നെറ്റ്വര്‍ക്കിംഗ്  പഠിക്കാനാണ് താല്പര്യം. അങ്ങനെ അവന്‍ എന്നെയും കൊണ്ട് ഐ ടെക്കില്‍ പോയി. ഞാന്‍ ആഗ്രഹിച്ച പോലെ നെറ്റ് വര്‍ക്കിംഗ് പഠിക്കാന്‍ ചേര്‍ന്നു . ആലുവയില്‍ നിന്ന്‍ ഒരു മണിക്കൂര്‍ എടുക്കും എറണാകുളം സൗത്തില്‍ സ്ഥിതി ചെയ്യുന്ന ഈ സ്ഥാപനത്തില്‍ എത്താന്‍. എന്നാലും തീവണ്ടി സൗകര്യം ഉള്ളത് കൊണ്ട് ബുദ്ധിമുട്ട് തോന്നിയിട്ടില്ല.

എന്റെ കൂടെ പഠിക്കാന്‍ കുട്ടികള്‍ കുറവായിരുന്നു. കൂടുതല്‍ പേര്‍ ചേര്‍ന്നത് സോഫ്റ്റ്‌ വെയര്‍ പഠിക്കാനാണ്. അത് കൊണ്ട് അവിടെ എനിക്ക് കൂട്ട് എന്ന്‍ പറയാന്‍ ഉണ്ടായിരുന്നത് അദ്ധ്യാപകരും ഓഫീസ് ജോലിയില്‍ ഉള്ളവരും ആയിരുന്നു. സനു, പ്രിയ ലക്ഷ്മി , മനോജ്‌ ഒക്കെ എന്റെ നല്ല സുഹൃത്തുക്കള്‍ ആയി. പ്രായത്തില്‍ എന്നേക്കാള്‍ മുതിര്‍ന്നവര്‍ ആയത് കൊണ്ട് എന്നോടൊരു പ്രത്യേക താല്പര്യം എല്ലാവര്‍ക്കും ഉണ്ടായിരുന്നു. അവരോടുള്ള അടുപ്പം കൊണ്ട് മറ്റ് കുട്ടികളെക്കാള്‍ കൂടുതല്‍ സ്വാതന്ത്ര്യം എനിക്ക് ഐ ടെക്കില്‍ ഉണ്ടായിരുന്നു. ക്ലാസ്സ്‌ സമയം കഴിഞ്ഞാലും മനോജിന്റെ കൂടെ എറണാകുളം ഒക്കെ നടന്ന് കറങ്ങിയ ശേഷം മാത്രമേ തിരിച്ച് ആലുവയിലേക്ക് മടങ്ങു. അങ്ങനെ നടന്ന സമയത്താണ് ഐ ടെക്കിലെ ഫ്രന്റ് ഓഫീസ് ജോലിക്കായി നീതു വന്നത്. മറ്റുള്ളവരോടുള്ള അടുപ്പം നീതുവിനെയും എന്റെ നല്ല കൂട്ടുകാരി ആയി മാറ്റി. ഞങ്ങള്‍ സംസാരിക്കുന്നത് കുറവായിരുന്നു. സനുവാണ് നീതുവിനോട് എന്നെ കുറിച്ച് കൂടുതല്‍ പറഞ്ഞത് - ഞാന്‍ വളരെ പാവം പയ്യനാണ്. ഭയങ്കര സ്നേഹമാണ്, കെയറിംഗ് ആണ്- എന്നൊക്കെ. എന്നെ കുറിച്ച് കേട്ട കാര്യങ്ങള്‍ അവളെ എന്നിലേക്ക്‌ കൂടുതല്‍ അടുപ്പിച്ചു. അവള്‍ക്ക് എന്നോടൊരു പ്രത്യേക താല്പര്യം തോന്നി തുടങ്ങി. ജീവിതത്തില്‍ ഇന്നേ വരെ എന്നോട് ഒരു പെണ്ണിനും തോന്നാത്ത താല്പര്യം അവള്‍ക്ക് തോന്നിയപ്പോ ഞാന്‍ ശരിക്കും ത്രില്‍ ആയി. നീതുവിന്റെ മനസ്സിലെ സങ്കല്‍പ്പവും എന്നെ പോലൊരാള്‍ ആയിരുന്നുവത്രേ. ക്ലാസ്സ്‌ കാലാവധി ഉടനെ തീരും. പിന്നെ എന്ത് ചെയ്യും എന്ന്‍ ആലോചന ഒടുവില്‍ എന്നെയും ഐ ടെക്കിലെ ഒരു ജൂനിയര്‍ അദ്ധ്യാപകന്‍ ആക്കി. തിങ്കള്‍ മുതല്‍ ശനി വരെ മെഗാ സീരിയല്‍ പോലെ ഞങ്ങള്‍ കാണും. പിന്നെ ഉള്ളത് ഞായറാഴ്ച. അവള്‍ സൗത്തിലെ st ആന്റണി പള്ളിയിലാണ് പോകുന്നത് എന്നറിയാം. രാവിലെ എണീറ്റ് കുളിക്കും. അപ്പന്‍റെ പെങ്ങളുടെ വീട്ടിലാണ്‌ ഞാന്‍ നില്‍ക്കുന്നത്. അവരുടെ നെയ്‌ ദോശയും ചമ്മന്ധിയും എന്റെ ഏറ്റവും പ്രിയപ്പെട്ടതാണ്. അത് കഴിച്ചിട്ടേ ഞാന്‍ ഇറങ്ങൂ.  രാവിലെ പത്ത് മണിക്കാണ് അവള്‍ വരുന്നത്. ആ സമയം തമിഴ് ഭാഷയിലാണ് കുറുബാന. ഒന്നും മനസിലാവാറില്ല എന്നാലും അവള്‍ ഉള്ളത് കൊണ്ട് മുടങ്ങാതെ പള്ളിയില്‍ പോകാന്‍ തുടങ്ങി. അവളുടെ വീട് പള്ളിയുടെ അടുത്താണ്. ഒറ്റയ്ക്കാണ് വരുന്നത് എന്നാലും പള്ളി മുറ്റത്ത്‌ വച്ച് അവള്‍ സംസാരിക്കില്ല. അവള്‍ പോയ ശേഷം ഞാന്‍ മനോജിന്റെ കൂടെ വീണ്ടും സമയം ചിലവഴിക്കും. മനോജും എന്നോട് നീതുവിനെ കുറിച്ച് ഒന്നും ചോദിച്ചിട്ടില്ല. അറിയാത്തത് കൊണ്ടാകുമോ അതോ അറിഞ്ഞിട്ടും ഞാന്‍ പറയാന്‍ വേണ്ടി കാത്തിരിക്കുകയാണോ ? ആ സംശയം ഉത്തരമില്ലാത്ത ചോദ്യമായി തന്നെ എന്നില്‍ ഉറങ്ങി.
മനോജിനോട് സംസാരിക്കുന്നതിനിടയില്‍ ഞാന്‍ അറിഞ്ഞു അവള്‍ ഡിഗ്രി കഴിഞ്ഞതാണ്, റാങ്ക് കിട്ടിയിട്ടുണ്ട് എന്നൊക്കെ . അയ്യോ ഞാന്‍ ശരിക്കും ഞെട്ടി. റാങ്ക് അല്ല പക്ഷെ ഡിഗ്രി പൂര്‍ത്തിയാക്കി എന്ന് പറയുമ്പോള്‍ അവള്‍ക്ക് എന്നേക്കാള്‍ പ്രായമുണ്ട്. ദൈവമേ ഞാന്‍ സച്ചിന്‍ ആകുവാണോ അതോ അഭിഷേക് ബച്ചനോ ? സ്വയം ആശ്വസിച്ചു ഒന്നിനും പ്രായം ഒരു പ്രശ്നമല്ല പ്രത്യേകിച്ച് സ്നേഹിക്കാന്‍.
അവളുടേതായ എന്തെങ്കിലും എനിക്ക് വേണമെന്ന് ആഗ്രഹം തോന്നി. വെറുതെ ഒരു നിധി പോലെ സൂക്ഷിച്ചു വയ്ക്കാന്‍. അവളോട്‌ പറഞ്ഞപ്പോള്‍ അവളുടെ വളകളില്‍ ഒരെണ്ണം എനിക്ക് തന്നു. പൊന്നു പോലെ ഞാനത് സൂക്ഷിച്ചു വച്ചു. മനോജും, സനുവും, നീതുവും, ജ്യോതിയും ഒരിക്കല്‍ എന്റെ വീട്ടില്‍ വന്നു. വിശേഷിച്ച് ഒന്നുമില്ല, ഇടയ്ക്ക് ഞങ്ങള്‍ ഒരാളുടെ വീട്ടില്‍ കൂടും. എന്റെ ഊഴം വന്നപ്പോള്‍ എല്ലാവരും വന്നു. അത്രേ ഉള്ളു. പക്ഷെ ഞാന്‍ സ്നേഹിക്കുന്ന പെണ്‍കുട്ടി വീട്ടില്‍ വരുന്നതിന്റെ പ്രത്യേകത എനിക്കുണ്ടായിരുന്നു.
ഒരു ദിവസം നീതു അയച്ചു തന്ന മെസ്സേജ് ഞാന്‍ സനുവിന് അയച്ച് കൊടുത്തു. അത് ഒരു വലിയ അബദ്ധം ആയി പോയി. കാരണം ആ സമയം സനു നീതുവിന്റെ കൂടെ ഉണ്ടായിരുന്നു. ഉടനെ സനു അത് നീതുവിന് കാണിച്ച് കൊടുത്തു. അതിനു ശേഷം നീതു എന്നോട് അധികം സംസാരിക്കില്ല. സനു എന്നോട് അങ്ങനെ ചെയ്യുമെന്ന് ഞാനും കരുതിയില്ല. എല്ലാ  ദിവസവും സനുവിന് ഒരു ഡയറി മില്‍ക്ക് എന്റെ ബാഗില്‍ ഉണ്ടാവും. എന്റെ ബാഗ് തുറന്ന് എടുക്കുന്നത് അവളുടെ അവകാശം ആയിരുന്നു. ആറു മാസം അതില്‍ കൂടുതല്‍ നീതുവിനോട് സംസാരിച്ചിട്ടില്ല. അടുത്തിട്ടുമില്ല. ആറു മാസത്തെ ആയുസ്സ് മാത്രമേ അതിനു ഉണ്ടായിരുന്നുള്ളൂ.
അധിക നാള്‍ ആലുവയില്‍ നില്ക്കാന്‍ തോന്നിയില്ല. എന്തിന് അടുത്തെന്നോ എന്തിന് എന്നില്‍ നിന്നും അകന്നെന്നോ പറയാന്‍ അവള്‍ നിന്നില്ല. ആലുവയിലെ താമസം മതിയാക്കി സ്വന്തം നാടായ തിരുവനന്തപുരത്ത് എത്തി. ഇനി എന്ത് എന്നുള്ള ചോദ്യം ഉണ്ടായിരുന്നു. എല്ലാം മതിയാക്കി വരാന്‍ ഉണ്ടായ സംഭവങ്ങള്‍ വീട്ടുകാരോട് പറഞ്ഞു. എല്ലാം പറഞ്ഞപ്പോള്‍ അമ്മ എന്നെക്കൊണ്ട് സത്യം ചെയ്യിച്ചു – പ്രായത്തില്‍ മൂത്ത ഒരു പെണ്ണിനെ ഇനി സ്നേഹിക്കില്ല എന്ന്‍. മറു വശത്ത് അപ്പന്‍ പറഞ്ഞു പെണ്ണ്‍ ക്രിസ്ത്യാനി ആവണം. അവരുടെ സമാധാനത്തിനു വേണ്ടി സത്യവും ചെയ്തു. പക്ഷെ എനിക്ക് മനസ്സിലാവാത്ത കാര്യം പ്രായവും ജാതിയും ഒക്കെ അത്ര പ്രശ്നമാണോ. സമാധാനം തീരെ ഇല്ലാതായി. ആരെയും വിശ്വസിക്കാന്‍ കഴിയുന്നില്ല. എല്ലാവര്‍ക്കും വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്തു എന്നിട്ടും എനിക്ക് മാത്രം അവഗണന. ഇത്രേം സ്വാര്‍ഥരായ കൂട്ടുകാരാണോ എനിക്ക് ഉണ്ടായിരുന്നത്. എന്റെ തോന്നലുകള്‍ ഒക്കെ തെറ്റ് ആയിരുന്നു. എന്നോട് അടുപ്പം കാണിക്കാന്‍ അവര്‍ക്ക് അവരുടെതായ കാരണം ഉണ്ടായിരുന്നു. അത് മനസ്സിലാക്കാന്‍ പറ്റാത്ത ഞാനാണ്‌ വിഡ്ഢി.മനോജ്‌ അല്ലാതെ മറ്റാരോടും സംസാരിച്ചിട്ടില്ല അതിനു ശേഷം .
ഒന്നോ രണ്ടോ മാസം കഴിഞ്ഞു. സനുവും നീതുവും എന്റെ വീട്ടില്‍ വന്നു. വെറുതെ വന്നതാണ്‌. നീതു ഒന്നും സംസാരിച്ചില്ല. എന്റെ കൈയില്‍ ഉണ്ടായിരുന്ന അവളുടെ വള തിരിച്ചു ഏല്‍പ്പിച്ചു. ഇനി അതിന്റെ ആവശ്യം എനിക്ക് ഇല്ലല്ലോ. കുറച്ചു മാസങ്ങള്‍ കഴിഞ്ഞ് വീണ്ടും ഒരു കോള്‍ വന്നു.
“ഞാന്‍ നീതുവാണ്. വരുന്ന ഞായറാഴ്ച എന്റെ വിവാഹം ആണ്. വരണം”
“വരാം “
ഉടനെ ഞാന്‍ മനോജിനെ വിളിച്ച് കാര്യങ്ങള്‍ പറഞ്ഞു. അവന്‍ കൂടുതല്‍ ഒന്നും പറഞ്ഞില്ല. മിന്നു കെട്ടിനു പോകാമെന്ന്‍ പറഞ്ഞു. ഞായറാഴ്ച അവളുടെ മിന്നു കെട്ടും കണ്ടു എല്ലാം തികഞ്ഞു. നന്നായിട്ട് ഭക്ഷണവും കഴിച്ച് അടുത്ത തീവണ്ടിയില്‍ കയറി നാട്ടില്‍ എത്തി. ഒടുവില്‍ ആ നാടകത്തിനു തിരശീല വീണു.
അതായിരുന്നു എന്റെ ആദ്യത്തെ പ്രണയം. ഞാന്‍ ഇതിപ്പോ നിന്നോട് പറഞ്ഞത് മറ്റൊന്നും കൊണ്ടല്ല, എന്റെ ജീവിതത്തിലേക്ക് വരുന്ന പെണ്‍കുട്ടി അറിയണം എന്ന്‍ എനിക്ക് നിര്‍ബന്ധം ഉണ്ടായിരുന്നു.
ആകാശം വരെ വളര്‍ന്നു നില്‍ക്കുന്ന ഈഫെല്‍ ടവര്‍, ഇരുമ്പ് കൊണ്ട് നിര്‍മ്മിച്ചസ്വപ്ന തുല്യമായ ഗോപുരം- ഒരു വര്‍ഷം ഏകദേശം ഏഴു ദശ ലക്ഷം ആളുകളാണ്  ലോകത്തെ വിവിധ ഭാഗങ്ങളില്‍ നിന്നും സന്ദര്‍ശനത്തിനു എത്തുന്നത്- ആ സ്തൂപം നോക്കി അവള്‍ എന്നോട് പറഞ്ഞു.
“ഇച്ചായ നമുക്ക് തന്നിരിക്കുന്ന സമയത്ത് എത്തിയില്ലെങ്കില്‍ പിന്നെ നമുക്ക് അകത്ത് കയറാന്‍ പറ്റില്ല. 30 മിനിറ്റ് വരെ അവര്‍ നമ്മുടെ ഇ ടിക്കറ്റ്‌ പരിഗണിക്കൂ.”
താഴത്തെ നിലയില്‍ ഉള്ള അന്വേഷണ വിഭാഗത്തില്‍ തിരക്കിയപ്പോള്‍ അവര്‍ പറഞ്ഞു
ഒന്നാമത്തെയും  രണ്ടാമത്തെയും  നിലയിലെത്താന്‍  വടക്ക് വശത്തും കിഴക്ക് ഭാഗത്തും ഉള്ള ലിഫ്റ്റില്‍ കയറണം. 276 മീറ്റര്‍ ഉയരെ പോകാന്‍ -ഗോപുരത്തിന്റെ ഏറ്റവും മുകളില്‍ -  പടിഞ്ഞാറു ഭാഗത്തെ ലിഫ്റ്റ്‌ ഉപയോഗിക്കണം. 115 മീറ്റര്‍ ഉയരമുള്ള രണ്ടാമത്തെ നിലയില്‍ എത്തിയ ശേഷം മാത്രമേ പടിഞ്ഞാറെ ഭാഗത്തുള്ള ലിഫ്റ്റില്‍ കയറാനാവൂ. ലിഫ്റ്റ്‌ ഉപയോഗിക്കണം എന്ന്‍ നിര്‍ബന്ധം ഒന്നുമില്ല. ഗോപുരത്തിന്റെ മുക്കും മൂലയും ആസ്വദിച്ചു കാണണം എന്നുണ്ടെങ്കില്‍ പടവുകള്‍ കയറുന്നതാവും നല്ലത്. ലിഫ്റ്റില്‍ കയറി ടവറിന്റെ ആദ്യ നിലയിലേക്ക് പോകവേ അവള്‍ ചോദിച്ചു  
“ഇത്രയും വര്‍ഷം ആയിട്ടും ഒരിക്കല്‍ പോലും നീതു വിളിച്ചിട്ടില്ലേ ?”
“എന്നെ എന്നല്ല ആരെയും അവള്‍ വിളിക്കാറില്ല.അവളുടെ ഭര്‍ത്താവ് ആരോടും മിണ്ടുന്ന സ്വഭാവക്കാരന്‍ അല്ല എന്നാണ് അറിഞ്ഞത്. സനുവും മനോജും അവളുടെ വീട്ടില്‍ വിളിക്കാറുണ്ട്, അങ്ങനെ വിവരങ്ങള്‍ അറിയും. അവളിപ്പോ ബംഗളുരുവിലാണ്. മനോജ്‌ അവിടെ ഉണ്ട് പക്ഷെ ഒരിക്കല്‍ പോലും അവനെയും വിളിച്ചിട്ടില്ല.”
ആദ്യ നിലയില്‍ ഞങ്ങളെ സ്വാഗതം ചെയ്തത് വ്യത്യസ്തമായ കാഴ്ചകള്‍ ആണ്. ഭൂമിയില്‍ നിന്നും 57 മീറ്റര്‍ മുഴുവന്‍ ചില്ല് കൊണ്ട് പണിതൊരു നില. ഭക്ഷണ ശാലയും ബുഫെയും കടകളും എല്ലാമുണ്ട്. ഗുസ്താവ് ഈഫെല്‍ ടവര്‍, പാരിസിലെ പല പരിപാടികളും ഒത്തുചേരലുകളും ഒരുങ്ങുന്നത് ഗുസ്താവിലാണ്.
രണ്ടാമത്തെ നിലയിലേക്ക് പടവുകള്‍ കയറാമെന്ന് ഞങ്ങള്‍ തീരുമാനിച്ചു. അവളുടെ മനസ്സില്‍ എന്താവും എന്ന്‍ ചിന്തിച്ചു പക്ഷെ അവള്‍ ഒന്നും പറഞ്ഞില്ല.
രണ്ടാമത്തെ നിലയിലെ ജൂള്‍സ് വെര്‍നെ എന്ന ഭക്ഷണശാലയില്‍ നിന്നും ചില ഫ്രഞ്ച് വിഭവങ്ങള്‍ രുചിച്ചു നോക്കാന്‍ കയറി. പല രാജ്യത്തു നിന്നും പാരിസ് കാണാന്‍ വന്നവര്‍. അവരെ ഒന്നും തന്നെ അലട്ടുന്നില്ല. എനിക്ക് ചിന്തകളെ നിയന്ത്രിക്കാനായില്ല. എന്റെ ചിന്തകളെ കാറ്റില്‍ പറത്തി കൊണ്ട് അവള്‍ ഫ്രഞ്ച് ഭാഷയില്‍ ഗാര്‍സോണിനോട് എന്തോക്കൊയോ സംസാരിച്ചു. എന്നോട് എന്ത് വേണമെന്ന് ചോദിച്ചു. പണ്ട് മുതല്‍ക്കേ തിരിഞ്ഞു കടിക്കാത്ത എന്തും കഴിക്കും എന്നുള്ളത് കൊണ്ട് അവള്‍ക്ക് ഇഷ്ട്ടമുള്ളത് പറയാന്‍ പറഞ്ഞു. സാലഡും പാസ്തയും പിന്നെ പറഞ്ഞതൊന്നും എനിക്ക് മനസിലായില്ല. പക്ഷെ അവസാനം വൈന്‍ എന്ന്‍ കേട്ടു . ഗാര്‍സോണ്‍ പോയ ശേഷം ഞാന്‍ അവളെ തന്നെ നോക്കി ഇരുന്നു. അല്‍പ്പ നേരം കഴിഞ്ഞ് കുറെ പാത്രങ്ങളും ആയി ഗാര്‍സണ്‍ വന്നു. “ബോണ്‍ അപ്പത്തി “ പറഞ്ഞ് അടുത്ത ആളുകളിലേക്ക് തിരിഞ്ഞു.
എല്ലാം കഴിച്ച് ശേഷം അവിടെ നിന്നും ഞങ്ങള്‍ വിഷന്‍ വെല്ലിനു അടുത്തേക്ക് പോയി. അവിടുന്ന്‍ നോക്കിയാല്‍ ഏറ്റവും താഴത്തെ നില കാണാം. പേടി ആണെന്ന്‍ പറഞ്ഞു ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചെങ്കിലും ഞാന്‍ നിര്‍ബന്ധിച്ചപ്പോള്‍ എന്റെ കൈയില്‍ മുറുകെ പിടിച്ചു കൊണ്ട് അവളും നോക്കി വിഷന്‍ വെല്ലില്‍.
ഏറ്റവും മുകളില്‍ എത്താനായി വീണ്ടും ഞങ്ങള്‍ ലിഫ്റ്റിന്റെ അടുത്തേക്ക് നടന്നു. നല്ല തിരക്ക് ആയിരുന്നത് കൊണ്ട് കുറച്ചു നേരം കാത്തു നില്‍ക്കേണ്ടി വന്നു.
കുറച്ചു സമയത്തേക്ക് നിശബ്ധത ഞങ്ങളെ ആവരണം ചെയ്തു. ചോദ്യങ്ങള്‍ ഇല്ല ഉത്തരങ്ങള്‍ ഇല്ല കഥകള്‍ ഇല്ല. എല്ലാം പെട്ടെന്ന്‍ അവസാനിച്ച പോലെ. ആ നിശബ്ദതയില്‍ എപ്പോഴോ ലോകമെമ്പാടും ആളുകള്‍ സ്വപ്നം കാണുന്ന പാരിസ് നഗരത്തിന്റെ ഉയരത്തില്‍ ഞങ്ങളെത്തി.   
എന്റെ അടുത്തേക്ക് ചേര്‍ന്നു നിന്ന്‍ കൈകള്‍ കോര്‍ത്ത് പിടിച്ചവള്‍ ചോദിച്ചു  
“ നമുക്ക് പോയി ഓരോ ശംപയ്ന്‍ കുടിച്ചാലോ ?”
അവളുടെ കണ്ണുകളില്‍ തന്നെ നോക്കി.

കൂടുതല്‍ ഒന്നും പറഞ്ഞില്ല, നെഞ്ചോടു ചേര്‍ത്ത് പിടിച്ച് ഫ്രാന്‍സിന്റെ നെറുകയില്‍ നിന്ന് കൊണ്ടൊരു ഫ്രഞ്ച് ചുംബനം നല്‍കി എന്നെന്നേക്കുമായി അവളെ സ്വന്തമാക്കി – എന്‍റെ എന്റേതു മാത്രമാക്കി .

Saturday, April 23, 2016

രാത്രി ഷിഫ്റ്റ്‌



അസ്സഹനീയമായ ചൂട്. പത്രം നോക്കിയാലും ടി വിയില്‍ വാര്‍ത്ത‍ കണ്ടാലും എല്ലാം കാലാവസ്ഥ വ്യതിയാനം വിഷയമാണ്‌. ആവശ്യത്തിനു മഴ ലഭിക്കുന്നില്ല. കിട്ടുന്ന മഴ കുറവാണു. മഴ വെള്ള സംഭരിണികള്‍ വീടുകളില്‍ സ്ഥാപിക്കണം. മഴ വെള്ളം ഭൂമിക്ക് അടിയിലേക്ക് ഇറങ്ങുന്നില്ല . അത് കൊണ്ട് തന്നെ ജല സ്രോതസ്സുകള്‍ വരള്‍ച്ച ബാധിച്ച അവസ്ഥയിലും. കിണറുകളും പുഴകളും തോടുകളും എല്ലാം ഒരു തുള്ളി വെള്ളം പോലുമില്ലാതെ വരണ്ടു പോയി- സ്നേഹവും പ്രണയവും നഷ്ട്ടപെടുന്നവരുടെ ജീവിതവും അത് പോലെ ആണെന്ന് തോന്നി. ഓസോണ്‍ പാളിയില്‍ ഉള്ള വിള്ളലുകള്‍ കാരണം സൂര്യ താപം ഉണ്ടാവുന്നു. പകല്‍ സമയങ്ങളില്‍ പുറംജോലികള്‍ ഒഴിവാക്കുക. എ സി ഉപയോഗം കുറയ്ക്കുക. അങ്ങനെ എന്തെല്ലാം കാര്യങ്ങള്‍ ചെയ്യാനാണ് ജനങ്ങളോട് പറയുന്നത്. സത്യത്തില്‍ ഇതെല്ലാം ചെയ്താല്‍ ചൂട് കുറയുമോ ? മരം നടണം പക്ഷെ അതെവിടെ നടണമെന്നു ആരും പറയില്ല. തറയും മണ്ണും ഇല്ലാതെ എവിടെയാണ് മരം നടുക ?

രാത്രി ഷിഫ്റ്റ്‌ ആയിരുന്നെങ്കില്‍ ഇപ്പോള്‍ ചൂടില്‍ നിന്നും രക്ഷപ്പെട്ട് ഇരിക്കാമായിരുന്നു. രാത്രി പതിനൊന്നു മണിക്കാണ് ഷിഫ്റ്റ്‌ തുടങ്ങുക. ഒരു ഒന്‍പതു മണിക്ക് ഇറങ്ങിയാല്‍ വലിയ ബുദ്ധിമുട്ടില്ലാതെ കമ്പനിയുടെ മുന്നില്‍ ചെന്നിറങ്ങാന്‍ പറ്റുന്ന ഒരു ബസ്‌ കിട്ടും. അതാവുമ്പോള്‍ നടക്കുകയും വേണ്ട.

രാത്രി ആയത് കൊണ്ട് കമ്പനിയിലെ പുലികളും നരികളും ഒക്കെ വീട്ടില്‍ പോകും. ശാന്തമായ അന്തരീക്ഷത്തില്‍ ഇരിക്കാം. കേബിള്‍ ഒന്നും പൊട്ടിയില്ലെങ്കില്‍ അതിലും സമാധാനം. മെയില്‍ നോക്കണം, ആരെങ്കിലും എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടെന്ന് അയച്ചിട്ടുണ്ടെങ്കില്‍ അത് ഉടനെ പരിഹരിച്ചു കൊടുക്കണം, എങ്ങാനും കുറച്ചു വൈകിയാല്‍ നേരത്തെ പറഞ്ഞ നരിയും പുളിയും കൂടി രണ്ടു ഭാഗത്ത്‌ നിന്ന് എന്നെ കടിച്ചു കീറും.
ഇനി അങ്ങനെ ഒന്നും ഇല്ലെങ്കില്‍ സുഖം, സ്വസ്ഥമായിരുന്നു ഒന്നിലധികം സിനിമ കാണാം, പാട്ടു കേള്‍ക്കാം, അതുമല്ലെങ്കില്‍ കുംഭകര്‍ണ്ണ നിദ്രയുമാകം. പകല്‍ ജോലിക്ക് പോകുന്നതിനെക്കാള്‍ എനിക്കിഷ്ടം രാത്രി ഷിഫ്റ്റ്‌ ആണ്.

രാത്രി ജോലി ഒക്കെ കഴിഞ്ഞു പുലര്‍ച്ചെ ആറു മണിക്ക് ഇറങ്ങും. നേരെ വീട്ടിലേക്ക്. വീടെത്തും മുന്നേ ഒരാളെയും കാണാം. ആളെന്ന് പറയുമ്പോള്‍ വെറും ആളല്ല, ഒരു പെണ്‍കുട്ടി. അവളുടെ ദിവസം തുടങ്ങും അവളെ കാണുമ്പോള്‍ എന്റെതും. മിക്ക ദിവസവും അവളെ കാണും പക്ഷെ അവളെന്റെ മുഖത്ത് പോലും നോക്കില്ല. പരാതിയും പരിഭവവും കൊണ്ടൊന്നും ഒരു കാര്യവുമില്ല. എന്നെ എന്നല്ല അവളാരെയും നോക്കില്ല. റോഡില്‍ എത്ര കല്ല്‌ ഉണ്ടെന്ന് എണ്ണി നോക്കുവാണോ എന്ന്‍ പലതവണ തോന്നിയിട്ടുണ്ട്. അവളുടെ അയല്‍വാസി രാജുവേട്ടന്‍ അവളെ കാണുമ്പോള്‍ പാടും “ഹായ് വാക്കിംഗ് ഇന്‍ ദ മൂണ്‍ ലൈറ്റ് “. അവള്‍ക്ക് ചുറ്റും നടക്കുന്ന ഒന്നിനെ കുറിച്ചും അവള്‍ ചിന്തിക്കാറില്ല. ഒന്നും അവള്‍ അറിയാറും ഇല്ല. ഞാന്‍ കാണാന്‍ തുടങ്ങിയ കാലം മുതല്‍ അവള്‍ അങ്ങനെ ആണ്.

രാത്രി ഷിഫ്റിന്റെ ശരിക്കുമുള്ള സുഖം അറിയുന്നത് എ സിയില്‍ ഉറങ്ങുമ്പോള്‍ അല്ല രാവിലെ അവളെ കാണുന്നത് തന്നെയാണ്. ഇനി എന്നാണാവോ രാത്രി ഷിഫ്റ്റ്‌. ഒരാഴ്ച കൂടി കഴിഞ്ഞാലെ പുതിയ ഷിഫ്റ്റ്‌ ചാര്‍ട്ട് വരൂ. അപ്പോഴും എനിക്ക് രാത്രി ഷിഫ്റ്റ്‌ ഉണ്ടാവണം എന്ന്‍ നിര്‍ബന്ധമില്ല . നരിക്കും പുളിക്കും എല്ലാം എന്നെ പകല്‍ മുന്നില്‍ കാണണം എങ്കില്‍ അല്ലേ കടിച്ചു കീറാന്‍ ഉള്ള പദ്ധധി ഉണ്ടാക്കാന്‍ പറ്റൂ.

ചൂട് വീണ്ടും കൂടുകയാണ്. മഴ ഒന്ന്‍ പെയ്തെങ്കില്‍. സമയം 12 കഴിഞ്ഞു. ഉറക്കവും വരുന്നില്ല. പഠനങ്ങളും വാർത്തകളും വന്നു കൊണ്ടേ ഇരിക്കും ഇതെല്ലാം സഹിക്കുകയല്ലാതെ എന്ത് ചെയ്യും ഇപ്പോൾ?

Thursday, April 21, 2016

ഓര്‍മ്മയിലെ മഴ


ഒരു മാസം വാങ്ങുന്ന ശമ്പളത്തിന്റെ നല്ലൊരു  പങ്ക് പുസ്തകങ്ങള്‍ വാങ്ങാനാണ് ഞാന്‍ ഉപയോഗിക്കുന്നത്. വാങ്ങിച്ചു കൂട്ടുന്നതെല്ലാം ഞാന്‍ വായിക്കാറൊന്നുമില്ല പക്ഷെ എനിക്കൊരു കൂട്ടുകാരി ഉണ്ട് അവള്‍ കുറെ ഒക്കെ വായിച്ചിട്ട് അഭിപ്രായം പറയും. അത് കേട്ടിട്ട് ഇഷ്ടം തോന്നിയാല്‍ ചില പുസ്തകങ്ങള്‍ തിരഞ്ഞെടുത്ത് വായിക്കും. അതാണ് പതിവ്. റോബിന്‍ ശര്‍മയുടെ അഭിപ്രായങ്ങളും പ്രയോഗങ്ങളും ഒരു വശത്ത്, ചേതന്‍ ഭഗത് , നോവോനീല്‍ , ലാഹിരി, നികിത എന്നിവരുടെ കഥകളും കഥാപാത്രങ്ങളും മറു വശത്ത്. കഥകള്‍ക്ക് പുതുമ തോന്നിയത് നോവോനീലിന്റെ എഴുത്തിനാണ് . എഴുതുന്ന ശൈലിക്കൊരു പ്രത്യേക ഭംഗി ഉണ്ട്.
പുറത്ത് ഇടവപ്പാതി പെയ്തിറങ്ങുകയാണ്‌. വൈദ്യുതി പോകുമോ എന്നുള്ള പേടിയിലാണ് ഇരിക്കുന്നത്. പണ്ട് കണ്ടിട്ടുള്ള ഏതോ മുകേഷ് സിനിമ പോലെ ആണ് ഇവിടുത്തെ അവസ്ഥ മഴ മാനത്ത് കണ്ടാല്‍ തന്നെ വലിയ കഷ്ട്ടപ്പാടാണ്. ഇന്ദ്രചാപവും മേഘഗര്‍ജ്ജനവും അവളെ സര്‍വാലങ്കര ഭൂഷിയതയാക്കി. തണുത്ത കാറ്റും കൊണ്ട് ജനലരികില്‍ മഴയില്‍ ലയിച്ചങ്ങു നിന്നു . ഞാന്‍ അറിയാതെ ഞാനാ മഴയില്‍ അലിഞ്ഞു പോയി.
വര്‍ഷങ്ങള്‍ മുന്‍പ് ഇത് പോലൊരു മഴ പെയ്തിരുന്നു
.....
..
മിത്ര
വഴി അറിയാതെ നീ നിന്നപ്പോള്‍ ഞാന്‍ വഴികാട്ടിയായി. പ്രശ്ങ്ങളെ അഭിമുഖീകരിക്കാനും പങ്കുവൈക്കാനും കൂട്ടുകാരനായി. ലാസ്യത്തില്‍ നീരാടിയ നിന്റെ മുഖവും മിഴികളും എന്നെ കാമുകനാക്കി . നെയ്തു കൂട്ടിയ സ്വപ്നങ്ങളില്‍ നമ്മള്‍ ഭാര്യാ ഭര്‍ത്താവായി, അമ്മയും അച്ഛനും ആയി, അമ്മൂമ്മയും അപ്പൂപ്പനും അങ്ങനെ എല്ലാം എല്ലാം ആയി.
കോരി ചൊരിയുന്ന മഴയത്ത് എന്റെ കുടക്കീഴില്‍ നീ വന്നപ്പോള്‍ മഴയുടെ സൗന്ദര്യത്തില്‍ ശ്രിങ്കാരം അലിഞ്ഞു ചേര്‍ന്നിരുന്നു. ഓരോ തവണ നീ പിണങ്ങുമ്പോഴും തുടുത്ത കവിള്‍ തടങ്ങള്‍ വീണ്ടും എന്നെ നിന്നിലേക്ക്‌ അടുപ്പിച്ചു.
കണ്ണു തുറന്നു കണ്ട സ്വപ്‌നങ്ങള്‍ ഒക്കെയും കണ്ണിമ ചിമ്മുന്ന വേഗത്തില്‍ എന്നില്‍ നിന്നും അകന്നു. ജീവിതത്തില്‍ നീ എന്നെ വെറും കാഴ്ചക്കാരനാക്കി. പ്രകാശിന്റെ കാറില്‍ നീ കയറി പോയത് മുതല്‍ അവന്‍ നിന്റെ കഴുത്തില്‍ താലി കെട്ടുന്നത് വരെ ഒരു കാഴ്ചക്കാരനെ പോലെ ഞാന്‍ കണ്ടു നിന്നു.
യേശു ക്രിസ്തുവിനെ ക്രൂശില്‍ തറച്ച വേധനയോളം വരുമോ എന്നറിയില്ല എന്നാലും എന്റെ നെഞ്ച് പിടഞ്ഞു. കലങ്ങിയ കണ്ണും നെഞ്ചുമായി ഞാന്‍ നടന്നു കയറിയത് ഇത് പോലെ കോരിച്ചൊരിയുന്ന മഴയിലേക്കാണ് . ആ തുള്ളികള്‍ക്ക് സൂചിമുനയുടെ മൂര്‍ച്ച ഉണ്ടായിരുന്നു.
ദൂരം വിദൂരമായി .
സോഷ്യല്‍ മീഡിയയില്‍ നീയും ഭര്‍ത്താവും ഒന്നിച്ചുള്ള ചിത്രങ്ങള്‍ കണ്ടു. ഓരോന്നും ആയുസ്സ് എത്താതെ മരിച്ച എന്റെ സ്വപ്‌നങ്ങള്‍ ആയിരുന്നു. ഞാന്‍ വായിച്ചു താലോലിച്ച പുസ്തക താളുകള്‍ ആയിരുന്നു.
..

ഇന്ന്‍ ഈ രാത്രി നിന്നെ കുറിച്ച് ഓര്‍ക്കാന്‍ എനിക്ക് ആഗ്രഹമില്ല. പക്ഷെ ഈ മഴ എന്നെ വെറുതെ വിടുന്ന ലക്ഷണം ഒന്നുമില്ല. 

Wednesday, April 20, 2016

പ്രൊഫഷണല്‍ ലവ്

നഷ്ട്ടപ്പെട്ട ജീവിത സ്വപ്നങ്ങളെ ഓര്‍ത്തുള്ള വേദന മരവിച്ചു തുടങ്ങി. പുതിയ സ്ഥലം, പുതിയ ജോലി, പുതിയ സൌഹൃദങ്ങള്‍. പുതിയ പ്രതീക്ഷകളോടെ തീവണ്ടി കയറുമ്പോള്‍ ഒരിക്കലും കരുതിയില്ല ജീവിതത്തിനു പുതിയ ഉണര്‍വ് നല്‍കാന്‍ അവളെ ഞാന്‍ കണ്ടു മുട്ടുമെന്ന്‍ . എപ്പോഴാണ് അവളെന്റെ ശ്രദ്ധ ആകര്‍ഷിച്ചത് എന്നറിയില്ല. പക്ഷെ ഒന്നറിയാം ഓരോ തവണ അവളില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചപ്പോഴെല്ലാം അവളിലേക്ക് കൂടുതല്‍ അടുക്കുകയാണ് ചെയ്തത്. വീണ്ടും എന്റെ മനസ്സ് എന്റെ കര വലയത്തില്‍ ഒതുങ്ങാതെ ആയി. ഇളകി മറിയുന്ന മനസ്സിനെ പിടിച്ചു നിര്‍ത്താന്‍ ആരോടെങ്കിലും എന്റെ ആഗ്രഹം പറയണമെന്ന് തോന്നി. ദേവദാസ് മാഷാണ് അതിനു പറ്റിയ ആളെന്ന് തോന്നി മാഷിനോട് കാര്യം പറഞ്ഞു. മാഷ്‌ ആകെ അമ്പരന്നു.
“രഞ്ജിത്ത് , ഇത് തികച്ചും വ്യക്തിപരമായ കാര്യമാണ്. ഇതില്‍ എനിക്ക് അഭിപ്രായം ഒന്നും ഇല്ല. എന്റെ അഭിപ്രായത്തിനു പ്രസക്തിയുമില്ല. നീ അവളോട്‌ സംസാരിച്ച് നോക്കു .”
മാഷ്‌ പറഞ്ഞത് ശരിയാണ്. എന്നാലും അവളോട്‌ എങ്ങനെ പറയുമെന്ന് അറിയില്ല. നേരിട്ട് പറയണം എന്ന്‍ ആഗ്രഹിച്ചെങ്കിലും ഫോണിലൂടെ പറയാനെ കഴിഞ്ഞുള്ളൂ. പ്രണയിക്കാന്‍ ഒരു പ്രണയിനി ആയിട്ടല്ല എന്റെ ജീവിതത്തിന്റെ പകുതി പങ്കു വൈക്കാന്‍ ആണ് ഞാന്‍ ക്ഷണിക്കുന്നത്. അവളുടെ മറുപടി “ എന്റെ വിവാഹം എന്റെ വീട്ടുകാരുടെ തീരുമാനമാണ് “
സമധാനമായി. ഇതില്‍ കൂടുതല്‍ സമ്മതം മൂളാന്‍ ഒരു പെണ്ണിനും കഴിയില്ലല്ലോ, പ്രത്യേകിച്ച് നിളയുടെ
നൈര്‍മല്യവും ഗ്രാമത്തിന്റെ വിശുദ്ധിയും ഉള്ള നാട്ടിന്‍പുറത്തെ പെണ്ണിന് .
വാട്സ് അപ്പ് ഉള്ളത് കൊണ്ട് അവളോട്‌ ഒരുപാട് സംസാരിക്കുന്നുണ്ട്. അതിനു ഞാന്‍ രതീഷിനോട്‌ നന്ദി പറയും. കാരണം അവനാണ് വാട്സ് അപ്പില്‍ അക്കൗണ്ട്‌ ഉണ്ടാക്കാന്‍ എന്നെ നിര്‍ബന്ധിച്ചത്.
ഏതു കാര്യത്തിലും അവള്‍ എന്റെ അഭിപ്രായം ചോദിക്കും.പുതിയ ലാപ്‌ ടോപ്‌ വാങ്ങണം എന്ന്‍ ആഗ്രഹം പറഞ്ഞപ്പോള്‍ വിപണിയില്‍ ഉള്ളതില്‍ ഏറ്റവും മികച്ചതും അനുയോജ്യവുമായ ഒരെണ്ണം തിരഞ്ഞെടുത്തു കൊടുത്തു. ഓഫീസ് കാര്യങ്ങളില്‍ പോലും എല്ലാം ഞാന്‍ പറഞ്ഞു കൊടുത്തു. എന്നേക്കാള്‍ കൂടുതല്‍ ഞാന്‍ അവളുടെ കാര്യങ്ങള്‍ ശ്രദ്ധിച്ചു തുടങ്ങി. ഔദ്യോഗിക കാര്യത്തിന് വേണ്ടി ഒരിക്കല്‍ അവള്‍ക്ക് തലസ്ഥാന നഗരിയിലേക്ക് യാത്ര ചെയ്യേണ്ടി വന്നു. ഭാഗ്യക്കേട് എന്ന്‍ പറഞ്ഞ മതിയല്ലോ അന്ന്‍ എനിക്ക് അവധി എടുക്കാനും പറ്റിയില്ല. പാവം എന്റെ നാട്ടില്‍ വന്നിട്ട് അവളെ ഒന്ന്‍ എവിടെയെങ്കിലും കൊണ്ട് പോകാന്‍ പോലും എനിക്ക് കഴിഞ്ഞില്ല.
ഇനി വൈകിക്കുന്നതില്‍ അര്‍ഥമില്ല. ഞാന്‍ വീട്ടില്‍ കാര്യം അവതരപ്പിച്ചു. 380 കിലോ മീറ്റര്‍ വീട്ടുകാര്‍ക്ക് ഒരു ദൂരം തന്നെ ആയിരുന്നു. എന്നാലും എന്റെ ആഗ്രഹത്തിന് എതിരഭിപ്രായം ഒന്നും പറഞ്ഞില്ല. എന്റെ ചേച്ചി അവളുടെ വീട്ടില്‍ വിളിച്ചു. അച്ഛന്‍ വിദേശത്ത് ആയത് കൊണ്ട് അവളുടെ അമ്മ ആണ് ഫോണ്‍ എടുത്തതും ചേച്ചിയോട് സംസാരിച്ചതും. ഒരേ ജാതി ഒരേ മതം ഒരേ വകുപ്പ് എല്ലാം കൊണ്ടും തടസ്സങ്ങള്‍ ഒന്നുമില്ല. പക്ഷെ അവളുടെ അമ്മയുടെ വാക്കുകളിലും സംസാര ശൈലിയിലും താല്പര്യ കുറവ് പ്രകടമായിരുന്നു എന്ന്‍ ചേച്ചി പരാതി പോലെ പറഞ്ഞു. ഞാന്‍ അത് അത്ര കാര്യമാക്കിയില്ല. ഓരോ തിരക്ക് കാരണം അവളോട്‌ നേരെ സംസാരിക്കാനും കഴിഞ്ഞില്ല.
കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ എന്റെ സഹ പ്രവര്‍ത്തക എന്നോട് പറഞ്ഞു അവളോട്‌ എന്നെ ഇഷ്ടമാണോ എന്ന്‍ വീട്ടുകാര്‍ ചോദിച്ചപ്പോള്‍ അങ്ങനെ ഒന്നുമില്ല എന്നായിരുന്നു അവളുടെ മറുപടി. അത് കേട്ട് ഞാന്‍ അന്താളിച്ചു പോയി. രാവിലെ എണീറ്റ നേരം മുതല്‍ രാത്രി ഉറങ്ങുന്നത് വരെ ഇടവേളകള്‍ ഇല്ലാതെ വിശേഷം പറയുന്നവള്‍ക്ക് എന്നെ ഇഷ്ടമാല്ലെന്നോ. അത് അവളോട്‌ തന്നെ ചോദിക്കണം എന്ന്‍ തോന്നി. ഓരോ തവണ വാട്സ് അപ്പില്‍ അവള്‍ വരാന്‍ ഞാന്‍ കാത്തിരുന്നു വന്നില്ല. അയച്ച സന്ദേശങ്ങള്‍ക്ക് ഒന്നും മറുപടി ഇല്ല. ഇവള്‍ക്കിത്‌ എന്ത് പറ്റി എന്നുള്ള ചിന്ത എന്നെ അലട്ടാന്‍ തുടങ്ങി. അപ്പ്രതീക്ഷിതമായി അവളുടെ മറുപടി വന്നു
“നിന്നോട് ഞാന്‍ ആദ്യമേ പറഞ്ഞതല്ലേ എന്റെ വിവാഹം എന്റെ വീട്ടുകാരുടെ തീരുമാനം ആണെന്ന്‍.”
“ഉവ് . നീ പറഞ്ഞു. അതില്‍ എനിക്ക് പരാതി ഒന്നുമില്ലല്ലോ.”
പക്ഷെ അവള്‍ പിന്നീട് പറഞതാണ് എന്നെ ഞെട്ടിച്ചത്. എന്നോടുള്ള സ്നേഹത്തിനും അടുപ്പത്തിനും അവളൊരു പേരിട്ടു – പ്രൊഫഷണല്‍ ലവ്. ന്യൂ ജന് പിള്ളേരുടെ കാലം അല്ലേ ഏതായാലും സംഗതി കൊള്ളാം. വിദൂരത്തിരുന്ന്‍ കൊണ്ട് എന്റെ ഹൃദയമിടിപ്പ്‌ കാതോര്‍ത്തതാണോ പ്രൊഫഷണലിസം.വൈകുന്നേരങ്ങളില്‍ ഒരുമിച്ച് ബസ്‌ സ്റ്റോപ്പ്‌ വരെ അവളെ കൊണ്ടാക്കിയതാണോ അവള്‍ പറയുന്ന പ്രൊഫഷണലിസം. എന്നാല്‍ ഈ ഇസ-ത്തിനോട് എനിക്ക് പുച്ഛം തോന്നുന്നു. എന്പതുകളിലെ പ്രണയ സങ്കല്‍പ്പങ്ങളെ താലോലിച്ചു നടക്കുന്ന സാധാരണ കാരനല്ലേ ഞാന്‍, പ്രൊഫഷണലിസം തിരിച്ചറിയാനാവാത്ത ഒരുത്തന്‍. ഞാന്‍  ഒരു പ്രൊഫഷണല്‍ ഭാര്യ ആക്കാന്‍ അല്ല ആഗ്രഹിച്ചത്. ഒരു പ്രൊഫഷണല്‍ വിവാഹവും ഞാന്‍ സ്വപ്നം കണ്ടിട്ടില്ല. മാനുഷികമായി തോന്നിയ സ്നേഹമാണ് അവളോട്‌ തോന്നിയത്. ഒരു നല്ല കൂട്ടുകാരി.
നീതു നിന്നോട് ഒന്നേ എനിക്ക് പറയാനുള്ളൂ. പ്രൊഫഷണലിസത്തേക്കാള്‍ ബന്ധങ്ങളില്‍ നീ കാണിക്കേണ്ടത് കണ്ടിന്യൂഇസം ആണ്. ബന്ധങ്ങള്‍ക്ക് ഇസം ചേര്‍ത്ത് പേരിടുമ്പോള്‍ നീ പലതും ഓര്‍ക്കണം. പലതവണ.

Sunday, April 17, 2016

ബാല്യകാല സഖി- ബഷീര്‍


ബഷീറിന്റെ ഈ കഥ ഞാന്‍ വായിക്കാന്‍ ആഗ്രഹിച്ചിട്ട് എത്രയോ നാളായി. എത്ര തവണ വായനശാലയില്‍ ഇതിന്റെ ഒരു കോപ്പി കിട്ടാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. ഒരുപാട് പേരോട് ഞാന്‍ ചോദിച്ചു. പുസ്തക കടകളില്‍ തിരക്കി. കിട്ടിയില്ല. അങ്ങനെ വര്‍ഷങ്ങള്‍ ആയിട്ടുള്ള ആഗ്രഹം മനസ്സില്‍ ഉറങ്ങി കിടന്നു.ഇന്നലെ അവിചാരിതമായി പോയ മേളയില്‍ നിന്നും ബാല്യകാല സഖി എന്നെ നോക്കി ചിരിച്ചു. എനിക്ക് ആദ്യം വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ ഒന്ന് കൂടെ എടുത്ത് നോക്കി. അത് കഥ തന്നെ അല്ലേ അതോ അതിനെകുറിച്ചുള്ള മറ്റൊരു പുസ്തകം ആണോ എന്ന്‍ . ഉറപ്പിച്ചു അത് ഞാന്‍ അന്വേഷിച്ചു നടന്ന പുസ്തകം തന്നെയാണ്.
താമസിച്ചില്ല. ഇന്നലെ തന്നെ വായിക്കാന്‍ തുടങ്ങി. പക്ഷെ അധികം വായിക്കാന്‍ കഴിഞ്ഞില്ല പക്ഷെ ഇന്ന്‍ കൊണ്ട് ഞാനത് വായിച്ചു പൂര്‍ത്തിയാക്കി. മജീദ്‌. സുഹറ . പ്രണയം സ്നേഹം എന്നത് ജോലിയും പണവും മാത്രം ആണെന്ന്‍ കരുതുന്നവര്‍ ഇത് വായിച്ചാല്‍ ഇഷ്ടം ആവില്ല. തീര്‍ച്ച. ഇതിലെ പ്രണയം ഇന്നത്തെ കാലത്തിനു അനുയോജ്യമല്ല. ഈ ന്യൂ gen വിശേഷണം നല്‍കുന്ന കുട്ടികള്‍ക്ക് ഒരിക്കലും ഇഷ്ട്ടപെടില്ല.
നാട് വിട്ടു പോകുന്ന മജീദ്‌ മടങ്ങി വരുമോ ഇല്ലയോ എന്ന്‍ അറിയാതെ മറ്റൊരു വിവാഹം ചെയുന്ന സുഹറയെ വെറുക്കാന്‍ മജീദിന് കഴിയില്ല. കുട്ടിക്കാലം മുതല്‍ വഴക്കിട്ടു വളര്‍ന്നവര്‍ എന്നാലും മജീദിന്റെ സ്വപ്നത്തിലെ രാജകുമാരി എന്നും അവള്‍ തന്നെ ആയിരുന്നു. അവളെ തിരിച്ചു കിട്ടിയ സന്തോഷം പുതിയ ഒരു ജീവിതമാണ്‌ രണ്ടു പേര്‍ക്കും നല്‍കിയത്. പക്ഷെ വിധി ഒരിക്കലും അവരെ അനുകൂലിച്ചില്ല.
രസകരമായ ഒരു കണക്ക് ഉണ്ട്. ഒന്നും ഒന്നും എത്രയ മജീദ്‌ ? ഇമ്മിണി വലിയ ഒന്ന്‍ എന്നായിരുന്നു മജീദിന്റെ ഉത്തരം. സത്യത്തില്‍ ബഷീറിന്റെ ഈ ഉത്തരം എന്നെ ശരിക്കും ഞെട്ടിച്ചു. എങ്ങനെ ഈ രീതിയില്‍ ചിന്തിക്കാന്‍ ആവുന്നു. സംഖ്യകള്‍ പ്രകാരം ഒന്നും ഒന്നും രണ്ടാണ്. പക്ഷെ രണ്ട് നദികള്‍ ചേര്‍ന്നാല്‍ നമുക്ക് വലിയ ഒരു നദി കിട്ടും എന്നല്ലാതെ രണ്ട് നദി ആവുമെന്ന്‍ പറയാന്‍ കഴിയുമോ? ഇല്ല. അത് കൊണ്ട് ആ കണക്ക് എനിക്ക് ഇഷ്ടമായി.
കഷ്ട്ടപ്പാടിന്റെയും ബുദ്ധിമുട്ടുകള്‍ക്കിടയിലും കൈ വിടാതെ നില്‍ക്കുന്നതാണ് സ്നേഹം. സമ്പത്തിലും പ്രശസ്തിയിലും അല്ല ജീവിതത്തില്‍ കൂടെ നില്‍ക്കുന്നവരാണ് നമ്മളെ സ്നേഹിക്കുന്നവര്‍.