Saturday, December 28, 2019

പബ്ലിക് ടോയ്‌ലറ്റ് ( Public toilet)



എത്രയൊക്കെ സഹന ശേഷി ഉണ്ടെന്ന് പറഞ്ഞാലും മൂത്രമൊഴിക്കാതെ പിടിച്ചു നിൽക്കാൻ ഒരു പരിധിയിൽ കൂടുതൽ നേരം സാധാരണ മനുഷ്യനെ കൊണ്ട് പറ്റില്ല. അതൊരു തെറ്റാണെന്ന് ആരും പറയില്ലെന്ന് മാത്രമല്ല സമയത്തിന് കാര്യം സാധിക്കണം  എന്നാണ് മെഡിക്കൽ സയൻസ് പറയുന്നത്.  എന്നാൽ ഈ പറയുന്ന മെഡിക്കൽ സയൻസ് സ്ഥാപനങ്ങളിൽ പോകുമ്പോൾ പബ്ലിക് ടോയ്ലറ്റ് എങ്ങനെ ആണെന്ന് ശ്രദ്ധിച്ചിട്ടുണ്ടോ? ശ്രദ്ധിക്കാൻ  സാധ്യത കുറവാണ് കാരണം,  ഒന്നുകിൽ op ടിക്കറ്റ് എടുത്ത് ഡോക്ടറിനെ കണ്ടിട്ട് നമ്മൾ തിരികെ പോകും അല്ലാതെ  അഡ്മിറ്റ്‌ ആവുക ആണെങ്കിൽ വാടക ഏറ്റവും കൂടുതൽ ഉള്ള മുറി ആവശ്യപ്പെടും. ഇതിൽ ഏതായാലും പബ്ലിക് ടോയ്‌ലറ്റ്  നമ്മുടെ ആവശ്യമല്ല .  ഞാനും നിങ്ങളെ പോലെ തന്നെയാണ് രണ്ടാഴ്ച മുൻപ് വരെ  ചിന്തിച്ചിരുന്നത്. 

തിരുവനന്തപുരം നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ആണ് ഞാൻ ജനിച്ചത്.  അന്ന് പരിമിതമായ സൗകര്യങ്ങൾ മാത്രം ഉണ്ടായിരുന്ന ആശുപത്രി ഇന്ന് വളർന്നു.   സ്പെഷ്യലിസ്റ് ഡോക്ടർമാരുണ്ട്. രാവിലെയും വൈകുന്നേരവും op.  Ultra sound, mri സ്കാനിങ് സംവിധാനങ്ങൾ.  പാർക്കിംഗ് സൗകര്യം.  Infosys സഹായത്തോടെ പണിതുയർത്തിയ കെട്ടിടം, മരുന്ന് വാങ്ങാൻ ഫാർമസി.  നല്ലൊരു ആശുപത്രിക്ക് വേണ്ട എല്ലാ സൗകര്യങ്ങളും  ആയില്ലേ....   ആയി എന്ന് കരുതിയ കാലം കഴിഞ്ഞു.  ഏറ്റവും അത്യാവശ്യം വേണ്ടത് പബ്ലിക് ടോയ്‌ലറ്റ് ആണ്.  ഇന്ത്യ ഗവണ്മെന്റ് എല്ലാ വീട്ടിലും ടോയ്‌ലറ്റ് വേണമെന്ന് നിർബന്ധം പിടിക്കുമ്പോൾ പബ്ലിക് ടോയ്‌ലറ്റ്  എങ്ങനെ ആവണം എന്ന് കൂടി ചിന്തിക്കണം.  ഈ പറഞ്ഞ ഹോസ്പിറ്റലിൽ ഞാൻ ടോയ്‌ലറ്റ്  അന്വേഷിച്ചു നടന്നു. പടികൾ ഇറങ്ങി ചെന്നാൽ കുറെ സാധനങ്ങൾ കൂട്ടി ഇട്ടിരിക്കുന്നത് കാണാം. ഒടുവിൽ എത്തിപെട്ടത് ടോയ്‌ലറ്റ്  എന്ന് അവർ അവകാശപ്പെടുന്ന ഒരിടത്തും.   .  സ്ത്രീകളുടെതാണോ അല്ലയോ എന്ന് തിരിച്ചറിയാൻ പറ്റില്ല.  വെളിച്ചം ഇല്ല.  വൃത്തി എന്നത് തീരെ ഇല്ല.  എങ്ങനെ ആ ടോയ്‌ലറ്റ്  ഉപയോഗിക്കുന്നു എന്ന് എനിക്കു മനസിലാവുന്നില്ല. അവിടുന്ന് എങ്ങനെ എങ്കിലും ഓടി രക്ഷപ്പെട്ടാൽ മതിയെന്ന് തോന്നി.  ഇത്രയും രോഗികൾ വരുന്ന ഒരു ആശുപത്രിയിൽ വൃത്തിയുള്ള  പബ്ലിക് ടോയ്‌ലറ്റ്  ഇല്ലെന്ന് പറയാൻ തന്നെ നാണക്കേട്. ദൈവത്തിന്റെ സ്വന്തം നാടിന്റെ സ്ഥിതിയാണ്. 
ആശുപത്രിയിൽ വരുന്നവർക്ക് മരുന്ന് മാത്രം അല്ല വൃത്തിയുള്ള ടോയ്‌ലറ്റ്   കൂടി കൊടുക്കാൻ ആശുപത്രി അധികൃതർ ബാധ്യസ്ഥരാണ്.  അതോടൊപ്പം ഒന്ന് കൂടി പറയുന്നു ടോയ്‌ലറ്റ്  ഉപയോഗിക്കുന്നവർ മനസിലാക്കാൻ. നമ്മൾ അംഗീകരിച്ചാലും ഇല്ലെങ്കിലും ഒന്ന് പറയാതെ വയ്യ നമ്മളിൽ പലർക്കും ടോയ്‌ലറ്റ്  എങ്ങനെ ഉപയോഗിക്കണം എന്ന് അറിയില്ല.  ആണായാലും പെണ്ണായാലും അതൊരു സത്യമാണ്. ഭരണഘടനയുടെ ഭാഷയിൽ പറഞ്ഞാൽ ടോയ്‌ലറ്റ് മൗലിക അവകാശമാണ്. അത് പോലെ തന്നെ വ്യക്തിയുടെ ഉത്തര വാദിത്വവുമാണ് 

• ടോയ്‌ലറ്റ്  ഉപയോഗം കഴിഞ്ഞാൽ flush ചെയ്യണം. 
***  മാസങ്ങൾ മുൻപ് ഒരു സ്കൂൾ ടോയ്‌ലെറ്റിൽ കണ്ട വാചകം കടമെടുക്കുകയാണ് 
If you don't succeed in the first attempt flush it again 
•  ടോയ്‌ലറ്റ്  ഡ്രൈ ആയി സൂക്ഷിക്കണം.
• സീറ്റ്‌ മുഴുവൻ വെള്ളം ആക്കിയിട്ട് ഇറങ്ങി പോകരുത് , <<അടുത്ത വരുന്ന ആളിന്റെ ജോലിയാണോ അത് തുടക്കുക എന്നത്>>? 
• ടോയ്‌ലറ്റ്  പേപ്പർ dust ബിന്നിൽ ഇടണം.  അത് flush ചെയ്യരുത്.  തറയിൽ എറിയരുത്.  
• ഇറങ്ങിയ ശേഷം കൈ കഴുകണം 

സമ്പൂർണ സാക്ഷരത നേടിയാലും ടോയ്‌ലറ്റ്  സാക്ഷരത നേടുന്ന കാര്യത്തിൽ ആവേശം പോരാ... ഇത് ഒരു ആശുപത്രിയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല. തിയേറ്ററിൽ പോയാലും,  മാളിൽ പോയാലും ടോയ്ലറ്റ് സാക്ഷരതയുടെ അഭാവം നല്ലോണം മനസിലാവും. 

 ടോയ്‌ലറ്റ്  awareness സ്കൂൾ തലത്തിൽ തന്നെ പഠിപ്പിക്കേണ്ട വിഷയമാണ്.  ലോകത്തിന്റെ പല കോണുകളിലേക്ക് പോകുന്ന മലയാളിക്ക് ഏറ്റവും അത്യാവശ്യം അറിഞ്ഞിരിക്കേണ്ട കാര്യം തന്നെയാണത്. 

 അജ്ഞതയാണ് നാണക്കേട് . അറിവല്ല. 

Wednesday, October 16, 2019

മലയാറ്റൂരിന്റെ യന്ത്രം

ക്രൈസ്റ്റ് നഗർ കോളേജിനോട് വിട പറയുന്ന അവസരത്തിൽ ജയന്തി ടീച്ചർ സമ്മാനിച്ച പുസ്തകമാണ് യന്ത്രം. ജൂൺ 2019 -ൽ  കൈപ്പറ്റിയ ഈ പുസ്തകം ഞാൻ വായിക്കാൻ തുടങ്ങിയത് സെപ്റ്റംബറിലാണ്. കൃത്യമായി പറഞ്ഞാൽ സെപ്റ്റംബർ ഏഴാം തീയതി രാത്രി. അതിനൊരു കാരണമുണ്ട്. സെപ്റ്റംബർ 8 ന് തായ്‌ലാൻഡിലേക്കൊരു യാത്ര പോകുന്നു. ആ യാത്രയിൽ വായിക്കാനായി പുസ്തകം തിരഞ്ഞപ്പോൾ യന്ത്രം എടുത്താലോന്നൊരു ചിന്ത. തുടക്കം വായിച്ചപ്പോൾ ഇഷ്ടമായി. അത് കൊണ്ട് മലയാറ്റൂരിന്റെ യന്ത്രവും കൊണ്ട് യാത്ര പുറപ്പെടാമെന്നുറപ്പിച്ചു.

സെപ്റ്റംബർ 8 ,2019 ഞായറാഴ്ച .
തിരുവനന്തപുരം ദേശീയ വിമാനത്താവളം. 
ചെക്ക് ഇൻ കലാപരിപാടികളൊക്കെ കഴിഞ്ഞു സ്വസ്ഥമായി. പോക്കുവെയിൽ ഏൽക്കാത്ത ഒരിടിപ്പിടം കണ്ടെത്തി ബാഗിൽ നിന്നും യന്ത്രം പുറത്തെടുത്തു. 

ബാലചന്ദ്രൻ ഐ എ എസ് . ഈ നാമം സുപരിചിതമാണ്. ലാലേട്ടൻ അഭിനയിച്ച "പക്ഷെ" എന്ന സിനിമ, ഏറ്റവും ആദരിക്കുന്ന  കെ ജയകുമാർ ഐ എ എസ്സിന്റെ സൂര്യാംശു ഓരോ വയൽപ്പൂവിലും എന്ന ഗാനം. പേരിലുള്ള സാമ്യം മാത്രമേ ഉള്ളൂ. കഥയും പശ്ചാത്തലവും ഒക്കെ വ്യത്യസ്തമാണ്.

സർക്കാർ ഡ്രൈവറിന്റെ മകനായ ബാലചന്ദ്രൻ ഐ എ എസ് നേടിയ ശേഷം അനുഭവിക്കുന്ന മാനസിക സംഘർഷമാണ് ഈ നോവലിൽ മലയാറ്റൂർ ഏറ്റവും കൂടുതൽ  പറയാൻ ശ്രമിക്കുന്നതെന്ന് എനിക്ക് തോന്നി. ഡ്രൈവറിന്റെ മകൻ ആണെന്ന അപകർഷതാ ബോധം അയാളെ വല്ലാതെ അലട്ടുന്നു.അതിൽ നിന്നും പുറത്തു വരാൻ കഥയുടെ അവസാനം വരെയും അയാൾക്ക് കഴിഞ്ഞില്ല. തീരുമാനങ്ങളെടുക്കാൻ പ്രയാസം. വിവാഹ കാര്യത്തിൽ പോലും ബാലചന്ദ്രന്റെ തീരുമാനം ശരി ആയിരുന്നെന്ന് തോന്നുന്നില്ല. പല അവസരങ്ങളും തനിക്ക് നഷ്ടപ്പെടുന്നത് ഡ്രൈവറിന്റെ മകനായത് കൊണ്ടാണ് എന്നായിരുന്നു അയാളുടെ നിഗമനം. കടപ്പാട് മറന്ന് ശാരദയെ വേണ്ടെന്ന് തീരുമാനിച്ചത് അനിതയോടുള്ള താല്പര്യം ആയിരുന്നു.പക്ഷെ സുജാതയുമായുള്ള ശാരീരിക ബന്ധം അയാളെ അനിതയിൽ നിന്നുമകറ്റി.

ജയിംസ് എന്ന ഐ എ യെസ്സുകാരന് നമ്മുടെ ബ്യുറോക്രസിയിൽ നഷ്ടപ്പെട്ടത് സ്വന്തം മകനെയാണ്. എന്നിട്ടും ജോലിയിൽ വിട്ടു വീഴ്ച ചെയ്യാൻ ജയിംസ് ഒരിക്കലും തയ്യാറായിരുന്നില്ല. അത്തരം ഉദ്യോഗസ്ഥരെ ദ്രോഹിക്കാൻ സമൂഹത്തിലെ ഉന്നതർ എല്ലാ നാട്ടിലും ഉണ്ടാവും.

സമപ്രായക്കാരായ മനുഷ്യരുടെ ഇടയിലുള്ള വേറിട്ട ചിന്തകളെ വരച്ചു കാണിക്കാൻ ഓരോ കഥാപാത്രത്തിനും കഴിഞ്ഞിട്ടുണ്ട്.

ഇതിന്റെ വായനയ്ക്കിടയിൽ നേരത്തെ വായിച്ച ചില പുസ്തകങ്ങളോട് സാമ്യം തോന്നി. ശമനതാളം, നഹുഷ പുരാണം , യന്ത്രം ,വായിക്കാൻ ഒരു പോലെ തോന്നി. ഒരേ കാലഘട്ടത്തിന്റെ മക്കളായത് കൊണ്ടാവാം ഈ സാമ്യം.





Thursday, May 9, 2019

ചുവപ്പിന്റെ ഓർമ്മയിൽ

ഇവാനിയോസിൽ കോളേജ്  യൂണിയൻ തിരഞ്ഞെടുപ്പ് ഒരാവേശമായിരുന്നു  ദിവസങ്ങളോളം നീണ്ടു നിന്ന പ്രചാരണം , വോട്ടു ചോദിച്ചു കൊണ്ട് ക്ലാസ്സുകളിൽ കയറി ഇറങ്ങുക. കുളിര് തോന്നിപ്പിക്കുന്ന പ്രസംഗങ്ങൾ . രോമാഞ്ച പുളകിതമാക്കിയ "മീറ്റ് ദി ക്യാൻഡിഡേറ്റ് " ചുവപ്പിൽ മുങ്ങി നിവർന്ന ഇവാനിയോസ് മണൽത്തരികൾ . എന്നും ആവേശമുണർത്തിയിരുന്നു.

ജനാധിപത്യാടിസ്ഥാനത്തിൽ ആദ്യമായി ചെയ്ത വോട്ട് കോളേജിലാണ്. സ്ഥാനാർഥിയായി നിൽക്കാമോ എന്ന് ചോദിച്ചപ്പോൾ രാഷ്ട്രീയമോ ഇലക്ഷനോ  എന്താണെന്ന് പോലും അറിയില്ലായിരുന്നു. പക്ഷെ ദിവസം ചെല്ലുംതോറും അറിഞ്ഞു തുടങ്ങി. ഒന്നും എളുപ്പമല്ല എന്ന് . നോമിനേഷൻ കൊടുത്ത ദിവസം മുതലങ്ങോട്ട് വിശ്രമം ഇല്ല. രാവിലെ കോളേജിൽ എത്തിയാൽ തുടങ്ങും ഇലക്ഷന് വർക്ക്. എതിർകക്ഷികൾ ,സ്വതന്ത്ര സ്ഥാനാർഥികൾ എല്ലാവരും തന്നെ സജീവ പ്രവർത്തനത്തിലാണ്. അനിതാ ശർമ്മയുടെ ഇംഗ്ലീഷ് സാഹിത്യ ക്ലാസ്സിൽ നിന്നും എന്നെ വിളിച്ചിറക്കി കൊണ്ടുപോയി. ഷേക്‌സ്‌പിയറും മിറാന്ഡയും ഫെർഡിനൻഡും ഏരിയലും എന്നോട് ക്ഷമിച്ചെങ്കിലും അനിത ടീച്ചർ ക്ഷമിക്കുമായിരുന്നില്ല.നശിക്കാൻ തന്നെ തീരുമാനിച്ചോ എന്നൊരു ചോദ്യത്തോടെ ടീച്ചർ എന്നെ രൂക്ഷമായി നോക്കി. പതറാതെ ക്ലാസ്സിൽ നിന്നും ഇറങ്ങി നേരെ ക്യാമ്പയിൻ ക്ലാസുകളിലേക്ക്. അവിടെ സഖാക്കന്മാരുടെ പ്രസംഗം കേട്ട് അന്ധാളിച്ചു നിന്നിട്ടുണ്ട് . ഏതെങ്കിലും കുട്ടി എന്നോട് എന്തെങ്കിലും  വിശദീകരണം  ചോദിച്ചിരുന്നെങ്കിൽ  ഞാൻ ബ ബ ബബ അടിച്ചേനെ.

അറിഞ്ഞോ അറിയാതെയോ ജീവിത രീതികളിൽ മാറ്റം വന്നു. ആധുനിക വേഷവിധാനത്തിൽ നിന്നും സാധാരണക്കാരുടെ വേഷമായ സാരിയും ചുരിധാറിലേക്കും മാറി.  പെരുമാറ്റ ചട്ടം - എല്ലാവരോടും നന്നായി സംസാരിക്കണം പെരുമാറണം. ദേഷ്യം കുറഞ്ഞു. ചരിത്ര മുഹൂർത്തങ്ങളെ കുറിച്ചുള്ള അറിവുകൾ. സൂര്യാസ്തമനത്തിനു മുൻപ്  പെൺകുട്ടികൾ വീട്ടിൽ പോയാലും സഖാക്കന്മാർ ക്യാമ്പസ്സിൽ ഉറങ്ങാതെ പ്രവർത്തിച്ചു. ചുവപ്പിനോടുള്ള ആവേശം നെഞ്ചോട് ചേർത്ത് പിടിച്ചു എന്നും.

വോട്ടിംഗ് കഴിഞ്ഞു. വിദ്യാർത്ഥികൾ പോയ ശേഷം വോട്ട് എണ്ണാൻ തുടങ്ങി. ഏറ്റവും മുകളിലത്തെ നിലയിൽ . പെട്ടി തുറന്നു.  വോട്ടുകൾ ഓരോന്നായി ഓരോരുത്തരിലേക്കും tally രൂപത്തിൽ വീണു. ബഷീറിന്റെ ഭാഷയിൽ പറഞ്ഞാൽ ഇമ്മിണി ബല്യ ഒന്നുകൾ കൊണ്ട് sfi സ്ഥാനാർത്ഥികൾ മുന്നേറി.
അടങ്ങാത്ത ആവേശത്തോടെയും , ആകാംക്ഷയോടെയും  അണികൾ താഴെ കാത്തിരുന്നു. നോമിനേഷൻ തള്ളിപ്പോയ ഒരാൾ ഒഴികെ ബാക്കി എല്ലാ സ്ഥാനങ്ങളിലും ചുവപ്പിനു തന്നെ വിജയം.  കഷ്ട്ടപ്പെട്ടതൊന്നും വെറുതെ ആയില്ല.



എന്നാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഞാൻ പഠിപ്പിക്കുന്ന കോളേജിൽ നടന്ന ഇലക്ഷൻ കണ്ടിട്ട് നടന്നത് തിരഞ്ഞെടുപ്പ് തന്നെയാണോ എന്ന് സംശയം. campaign ഇല്ല. മീറ്റ് ദി ക്യാൻഡിഡേറ്റ് ഇല്ല. നല്ല നേതാവില്ലാത്തതിന്റെ അധഃപതനം. വിവരമില്ലായ്‌മയുടെ ഒരു കൂട്ടം. തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് ഓർമയിൽ സൂക്ഷിക്കാൻ തക്കതായ ഒന്നും ഞാൻ കണ്ടില്ല. എതിർ സ്ഥാനാർത്ഥികൾ ഇല്ലാതെ യൂണിയൻ അംഗങ്ങൾ തിരഞ്ഞെടുക്കപ്പെട്ടു. ചട്ടക്കൂടിനുള്ളിൽ നിന്ന് കൊണ്ട് രണ്ട് മണിക്കൂറിൽ എല്ലാം അവസാനിച്ചു. എല്ലാം യന്ത്ര വല്കൃതമായി തോന്നി. ഇനി ഇതാണോ ന്യൂ ജൻ തിരഞ്ഞെടുപ്പ്????? ആണെങ്കിൽ എനിക്കത്ര ഇഷ്ടപ്പെട്ടില്ല .. ആവേശമില്ല , അലകൾ ഉയർത്തും പ്രസംഗമില്ല .ജനാധിപത്യമില്ല. ആകെ ഉള്ളതോ  പരിസര മലിനീകരണത്തിന് കാരണമാകുന്ന പ്ലാസ്റ്റിക് ballot പാത്രങ്ങൾ.  


Wednesday, May 1, 2019

യുവത്വം ഇങ്ങനെയാണോ?

ഓരോ കാലഘട്ടത്തിലും വരുന്ന മാറ്റങ്ങൾ ഉൾക്കൊള്ളാൻ കഴിയാതെ വരുമ്പോൾ നമ്മൾ ഉപയോഗിക്കുന്ന പദമാണ് "ജനറേഷൻ ഗാപ് ". പത്തു വർഷത്തെ ഇടവേള ചെറുതല്ല .ഓരോ സെക്കന്റിലും ലോകം മാറുന്നു. ആ മാറ്റം അംഗീകരിക്കാത്തവർ ഈ ലോകത്തിൽ ജീവിക്കാൻ അർഹരല്ല. എന്നാലും സാമൂഹിക ബോധം എന്നൊന്ന് ഉണ്ടാവേണ്ടത് അനിവാര്യമല്ലേ? 

  പതിനാലു  വർഷം മുൻപ്  എന്റെ സ്കൂൾ കാലഘട്ടത്തിൽ അദ്ധ്യാപകർ എന്ന് പറഞ്ഞാൽ വിദ്യാർത്ഥികൾ ഭയ ഭക്തി ബഹുമാനത്തോടെയാണ് പെരുമാറിയിരുന്നത്. അതെന്നെ ആരെങ്കിലും പഠിപ്പിച്ചതാണോ അതോ കുടുംബത്തിൽ നിന്നും പകർന്നു കിട്ടിയതാണോ ? അതിനു ശേഷം കോളേജ് ജീവിതത്തിൽ അദ്ധ്യാപകർ കുറെ കൂടി അടുപ്പം കാണിച്ചു. എന്നാലും എന്റെ കൂടെ പഠിച്ച ആരും തന്നെ അധ്യാപകരോട് കയർത്തു സംസാരിക്കുന്നത് ഞാൻ കണ്ടിട്ടില്ല, തറുതല പറയുന്നത് കേട്ടിട്ടില്ല, താല്പര്യം ഇല്ലെങ്കിൽ ക്ലാസ്സിൽ കയറില്ല പക്ഷെ വർഷാവസാനം വരുന്ന പരീക്ഷയിൽ പഠിച്ചു ജയിക്കണമെന്നും ജീവിതത്തിൽ നല്ല നിലയിൽ എത്തണമെന്നും ഉള്ള ആഗ്രഹങ്ങൾ മിക്കവരും പറഞ്ഞു കേട്ടിട്ടുണ്ട്. 

പക്ഷെ ഇന്നത്തെ സ്ഥിതി അതല്ല. ഭയ ഭക്തി ബഹുമാനം  ഈ പറഞ്ഞ മൂന്നിൽ  ഒന്ന് പോലുമില്ല മിക്ക കുട്ടികൾക്കും. അല്ലെങ്കിൽ ഉള്ളത് പ്രകടിപ്പിക്കുന്നത് മറ്റേതൊക്കൊയോ രീതികളിലാണ്. പലപ്പോഴും അവരുടെ രീതികൾ  അംഗീകരിക്കാൻ പ്രയാസം തോന്നും. അദ്ധ്യാപകർ  ബഹുമാനം അർഹിക്കാത്തത് കൊണ്ടാണോ അതോ വിദ്യാർത്ഥികളുടെ  ശൈലി അതായത് കൊണ്ടാണോ? കാര്യ കാരണങ്ങൾ തിരിച്ചറിയാൻ പറ്റാതെ പോകുന്നു. give and take പോളിസി ആണ് ബഹുമാനം. പഠിപ്പിക്കുന്ന അദ്ധ്യാപകരുടെ പ്രായം പോലും മാനിക്കാതെ ഉള്ള പെരുമാറ്റ രീതികൾ അരോചകമായി തോന്നാറുണ്ട്. പലപ്പോഴും കുട്ടിയെ ഈ രീതിയിൽ പെരുമാറാൻ പ്രേരിപ്പിക്കുന്ന ഘടകം വീട്ടിലെ അന്തരീക്ഷമാണ്. അവർ കളിക്കുന്ന ഓൺലൈൻ കളികളിൽ മാനുഷിക മൂല്യങ്ങൾ ഇല്ല. 360 ഡിഗ്രി ചുറ്റളവിൽ പോലും ചുറ്റുപാട് കാണാതെ മൊബൈൽ നോക്കി ഇരിക്കുന്നത് മാത്രമാണ് അവരുടെ ലോകം. അത് വഴി ലോകം മുഴുവൻ കാണാം എന്ന അവരുടെ വാദം ഞാൻ  അംഗീകരിക്കുന്നു പക്ഷെ പാവയ്ക്ക കൈക്കും എന്ന് കഴിച്ചാൽ അല്ലെ മനസിലാകൂ അല്ലാതെ കണ്ടാലും കേട്ടാലും പോരല്ലോ.  അത് പോലെ ആണ് മൊബൈലിൽ അവർ കാണുന്ന ലോകവും. 

 വീട്ടുകാരോട് പെരുമാറുന്നത് പോലെയാണ് അദ്ധ്യാപകരോടും. അവരുടെ രീതികൾക്കനുസരിച് നമ്മൾ മാറണം ഇല്ലെങ്കിൽ ഭീഷണിയുടെ സ്വരമായി മാറും. പരീക്ഷയിൽ കോപ്പി അടിച്ചതിനു പിടിച്ചാൽ ഉടനെ പോയി തീവണ്ടിക്ക് മുന്നിൽ ചാടി ആത്മഹത്യ ചെയ്യുന്നതിന്റെ കാരണം ജീവിതത്തിൽ ഉണ്ടാവുന്ന പ്രശ്നങ്ങളെ നേരിടാനുള്ള കഴിവില്ലായ്മ ആണ്. കുട്ടികളെ ഈ രീതിയിൽ ആക്കുന്നത് നല്ലതും ചീത്തയും പറഞ്ഞു കൊടുക്കാത്ത മാതാ പിതാക്കളാണ്. എന്തെങ്കിലും തെറ്റിന് കുട്ടിയെ ശിക്ഷിച്ചാൽ ഉടനെ അദ്ധ്യാപകരെ ചോദ്യം ചെയ്യാനാണ് വീട്ടുകാർ ശ്രമിക്കുന്നത്. ഇതേ എടുത്ത് ചാട്ടം തന്നെയല്ലേ കുട്ടികളും കാണിക്കുന്നത്. ഒരിക്കലും കാര്യത്തിന്റെ സത്യാവസ്ഥ മനസ്സിലാക്കി തീരുമാനം എടുക്കാൻ ശ്രമിക്കാത്ത വീട്ടുകാരെ കണ്ടാണ് കുട്ടിയും വളരുന്നത്. അവരിൽ നിന്നും കൂടുതലൊന്നും പ്രതീക്ഷിക്കാനില്ല.

വായനയിൽ നിന്നും അകലുന്ന മനസ്സുകൾ ആശ്രയിക്കുന്നത് സോഷ്യൽ മീഡിയയിൽ വരുന്ന വാർത്തകളും വചനങ്ങളും മാത്രമാണ്. യഥാർത്ഥ ലോകത്തിൽ അവർ നേരിടേണ്ടി വരുന്നത് എന്താണെന്ന് അവർക്ക് പോലും അറിയില്ല. വായിക്കാൻ ഉള്ള പ്രായത്തിൽ വായിക്കാൻ പറയാൻ അച്ഛന് സമയമില്ല.വീട്ടിലെത്തുന്ന അച്ഛൻ മുഴുവൻ സമയവും മൊബൈലിൽ നോക്കി ഇരുന്നിട്ട് കുട്ടിയോട് അതുപയോഗിക്കരുത് എന്ന് പറയാൻ എന്തവകാശമാണുള്ളത്. വായനാശീലം പകർന്നു കൊടുക്കണം . അദ്ധ്യാപകർക്ക് അതിനു കഴിയണം.

പുത്തൻ തലമുറയിലെ കുട്ടികളുമായി ഇടപ്പെടേണ്ടത് എങ്ങനെ എന്ന് അദ്ധ്യാപകർക്ക് ക്ലാസ്സുകൾ നൽകണം.നമ്മളാരും എല്ലാം തികഞ്ഞവരല്ല. പക്ഷെ ശ്രമിച്ചാൽ ഓരോ നാളെയും നന്നാക്കാനുള്ള കഴിവ് നമ്മുക്കുണ്ട്.അതിനാണ് നമ്മൾ ശ്രമിക്കേണ്ടത്.


Thursday, April 18, 2019

Vanara - Anand Neelankantan

രാവണനെ കുറിച്ചുള്ള അഭിപ്രായം മാറിയത് ആനന്ദ് നീലകണ്ഠന്റെ അസുര വായിച്ചതിനു ശേഷമാണ് . ആ വികാരമാണ് വാനര വാങ്ങാൻ എന്നെ പ്രേരിപ്പിച്ചത്. . ഈ പുസ്തകം തിരഞ്ഞിറങ്ങിയതല്ല തിരുവനന്തപുരം mall of travancore സന്ദർശിച്ചപ്പോൾ ഡിസി ബുക്സിൽ കയറുകയും  യാദൃശ്ചികമായി   ഈ പുസ്തകം കൈയിൽ വന്ന് ചേരുകയുമാണുണ്ടായത്.  contemporary എന്ന പേരിൽ പുസ്തകങ്ങൾ ഇറങ്ങുന്നുണ്ടെങ്കിലും വായനയുടെ സുഖം തരാൻ എല്ലാ എഴുത്തുകാർക്കും കഴിയാറില്ല.ശിവ trilogy നിലവാരം പുലർത്തി യ ഒന്നായിരുന്നു. 

പണ്ട് ദൂരദർശനിൽ ജയ് ഹനുമാൻ കണ്ടിരുന്ന സമയത്താണ് സുഗ്രീവനെയും ബാലിയെയും കുറിച്ചു കേൾക്കുന്നത്. അന്നൊന്നും ഏതെങ്കിലും തരത്തിൽ കൂടുതൽ കഥകൾ അവരെ കുറിച്ചറിയാൻ ശ്രമിച്ചിട്ടില്ല. പറഞ്ഞു തരാനും ആരുമില്ലായിരുന്നു.എന്നാലും കഥയിൽ  ബാലി വില്ലനാണ് . ഒരുപക്ഷെ ഏത് പുസ്തകം വായിച്ചിരുന്നെങ്കിലും ബാലി വില്ലൻ തന്നെയാവാനാണ് സാധ്യത. അവതാര പുരുഷനായ രാമന്റെ ധർമ്മം പോലും സംശയത്തോടെ നോക്കി പോയി.  കഥ വായിച്ചു കഴിഞ്ഞപ്പോൾ ചെറുപ്പത്തിൽ  മനസ്സിൽ വരച്ച ചിത്രങ്ങളൊക്കെ മാഞ്ഞു തുടങ്ങി. ബാലി - സുഗ്രീവൻ അവരുടെ ജീവിതമാണ് ഈ പുസ്തകത്തിൽ ഉടനീളം.

ബാലിക്ക് ഏറ്റവും സ്നേഹം തന്റെ സഹോദരനായ സുഗ്രീവനോടാണ്. എന്നാൽ ചെറുപ്പം മുതൽക്കേ സുഗ്രീവൻ ബാലിയോടുള്ള സ്നേഹത്തിൽ കള്ളത്തരം കാണിച്ചിരുന്നു. ഒരിക്കലും ബാലിക്ക് സുഗ്രീവനെ സംശയം തോന്നിയിട്ടില്ല. ഒരപകടം പറ്റി ചികിത്സയിൽ കഴിയുന്ന സമയം സുശ്രുഷിക്കുന്ന താരയോട് ബാലിക്ക് തോന്നുന്ന  പ്രണയം , അവിടെയും സുഗ്രീവൻ  ബാലിയെ വഞ്ചിച്ചു. തന്റെ ആഗ്രഹം ബാലിയോട് തുറന്ന് പറയുന്നതിന് പകരം അവരുടെ വിവാഹം നടത്താൻ മുന്നിൽ നിന്നു. വിവാഹ ശേഷം ബാലിയെ താരയിൽ നിന്നും അകറ്റി നിർത്താൻ എന്തെല്ലാം ശ്രമങ്ങൾ. എല്ലാത്തിലും സുഗ്രീവനെ അമിതമായി വിശ്വസിച്ച ബാലി വിഢിയാവുക തന്നെ ചെയ്തു ജീവിതത്തിലുടന്നീളം.. സുഗ്രീവനോടുള്ള സ്നേഹം മിക്കപ്പോഴും ബാലിയെ താരയിൽ നിന്നുമകറ്റി. എന്നാൽ താരയോടുള്ള അമിതമായ സ്നേഹം സുഗ്രീവനെ കൊണ്ട് തെറ്റുകൾ ചെയ്യിച്ചു. മുഖമൂടി ധരിച്ചവരെ തിരിച്ചറിയാൻ ഇന്നും നമുക്ക് കഴിവില്ല . വിവാഹ ശേഷം ഭാര്യയെ സ്നേഹിക്കാൻ സുഗ്രീവന് കഴിഞ്ഞിരുന്നില്ല .അതുമൊരു അഭിനയമായിരുന്നോ? സുഗ്രീവനോട് മനസ്സ് തുറന്ന സ്വയംപ്രഭയ്ക്കും പ്രണയ സാഫല്യമുണ്ടായില്ല. താരയോടുള്ള സ്നേഹമാണ് എല്ലാത്തിനെക്കാളും വലുതായി സുഗ്രീവൻ കണ്ടത്. ബാലിയുടെ മരണത്തിൽ അവസാനിച്ച കഥയിൽ വിജയം എന്നൊന്നില്ല.

എല്ലാ വാന നരന്മാരും യുദ്ധത്തിന് പോയ അവസരത്തിൽ സ്ത്രീ ശാക്തീകരണത്തിനെ പ്രതിപാദിക്കുന്ന  പ്രവർത്തികളാണ് താര കാഴ്ചവയ്ക്കുന്നത്. ചെമ്പൻ എന്ന ചെന്നായ നന്ദിയുള്ള മൃഗത്തിന്റെ സ്മരണയാണ്. ഏത് സാഹചര്യത്തിലും ബാലിയെ ഉപേക്ഷിച്ചു പോകാൻ ചെമ്പന് കഴിഞ്ഞിരുന്നില്ല. ബാലിയുടെ മരണത്തിനു ശേഷവും ആ നരന്റെ വരവിനായി ചെമ്പൻ കാത്തിരുന്നു.
സുഗ്രീവന്റെ വാക്ക് വിശ്വസിച്ച രാമനും ലക്ഷ്മണനും സത്യം എന്തെന്ന് അന്വേഷിക്കാതെ ഒളിഞ്ഞിരുന്ന് ബാലിക്ക് നേരെ അമ്പെയ്തതും തെറ്റ്.

ബാലിയിൽ നിന്നും പഠിക്കേണ്ട ചില പാഠങ്ങളുണ്ട് - നേർക്കുനേർ നിന്ന് പൊരുതണം. യുദ്ധത്തിന്റെ പേരിൽ അനാവശ്യമായ രക്തച്ചൊരിച്ചിലുകൾ ഒഴിവാക്കണം. സമത്വം ഉണ്ടാവണം . പ്രകൃതിയോടിണങ്ങി ജീവിക്കണം.

കാലം മാറുന്നതിനു അനുസൃതമായി മാറാൻ കഴിയാത്തവർ ജീവിക്കാൻ അർഹരല്ല.അവരെ അടിച്ചമർത്താൻ കഴിവുള്ളവർ ഉടലെടുക്കും.ശക്തി കൊണ്ട് തന്നെ ആവണമെന്നില്ല ആ കീഴ്‌പ്പെടുത്തൽ  ബുദ്ധി കൊണ്ടോ ആയുധം കൊണ്ടോ കുബുദ്ധി കൊണ്ടോ ഒക്കെയാവാം.

ചെറുതിലെ മുതൽക്കെ ചില ശരികൾ നമ്മിൽ അടിച്ചേൽപ്പിക്കും , അതൊക്കെ ശരിയാണോ എന്ന് ചോദിച്ചാൽ ഇപ്പോൾ പറയും relative ആണെന്ന്. അനിവാര്യമായ മാറ്റത്തിലും മാറാത്ത ചിലരുണ്ട് , അവരെ പലരെയും നമ്മൾ അറിയാറില്ല. എന്നാൽ നമുക്ക് ചുറ്റിലുമുള്ള ആരൊക്കെയോ അങ്ങനെ അല്ലേ ?



Saturday, April 6, 2019

Three Bogies - Nithish G Madhav

എല്ലാ കാലഘട്ടത്തിലുമുണ്ടാവും തലമുറകൾ തമ്മിലുള്ള ശീത യുദ്ധം. ഓരോ വ്യക്തിക്കും തോന്നാറുണ്ട് താൻ വളർന്ന കാലഘട്ടമാണ് ഏറ്റവും സുന്ദരമെന്ന് .പക്ഷെ ഒരിക്കലും മറ്റൊരു തലമുറയിലെ അംഗമത് അംഗീകരിക്കില്ല. അതാരുടെയും കുറ്റമല്ല യാഥാർഥ്യം മാത്രമാണ്. ലോകം പല രീതിയിൽ മാറികൊണ്ടിരിക്കുമ്പോൾ സ്വാഭാവികമായും കുടുംബ ജീവിതം മുതൽക്കെ ആ മാറ്റത്തിന്റെ കാറ്റ് വീശും. 
ആഞ്ഞടിച്ച കൊടുംകാറ്റിൽ അടിത്തറയിളകിയ കുടുംബ ബന്ധങ്ങളെ മുൻനിർത്തിയാണ് Three bogies എന്ന പുസ്തകത്തിലൂടെ Nithish G Madhav ആ മാറ്റങ്ങൾ നമുക്ക് മനസ്സിലാക്കി തരുന്നത്.



മൊബൈൽ ഫോണുകളുടെ കടന്നു വരവ് ഏറ്റവും കൂടുതൽ ബാധിച്ചത് കുടുംബങ്ങളെയാണ്- ഭാര്യക്ക് ഭർത്താവിനോട് സംസാരിക്കാൻ വാട്സാപ്പ് വേണം, ജോലി കഴിഞ്ഞു അർദ്ധരാത്രി വീട്ടിലെത്തുന്ന ഭർത്താവിന് വീണ്ടും ജോലി സംബന്ധമായ തിരക്കുകൾ മാത്രം. സ്വന്തം കുട്ടിയോട് സംസാരിക്കാൻ നേരമില്ലാത്ത രക്ഷകർത്താക്കൾ. സ്വന്തം ഇഷ്ടങ്ങളുമായി ചേർന്ന് പോകാൻ കഴിയാത്തത് കൊണ്ട് മാതാപിതാക്കളെ ഭവനങ്ങളിലെ ഏകാന്തതയിലേക്ക് തള്ളിയിടുന്ന മക്കൾ, നാട്ടുകാരെ ബോധിപ്പിക്കാൻ വൃദ്ധ സദനങ്ങളിൽ എ/സി മുറികൾ വാടകയ്ക്ക് എടുക്കുന്ന സമ്പന്നരായ മക്കൾ.
ഈ സാഹചര്യങ്ങളിൽ വളർന്നു വരുന്ന കുട്ടിയോട് സ്നേഹം എന്താണെന്ന് ചോദിച്ചാൽ എന്ത് ഉത്തരം കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്? അവർക്ക് സ്നേഹം എന്നത് വാട്സാപ്പിൽ വരുന്ന മെസ്സേജ് ആണ്, അല്ലെങ്കിൽ ഏറ്റവും പുതിയ ഐ ഫോൺ, വിലകൂടിയ ബൈക്ക് ,കാർ . ആരുടേതാണ് കുറ്റം? കുട്ടിയുടെയോ രക്ഷകർത്താക്കളുടെയോ? 
സംസാരിക്കുന്നതിനേക്കാൾ കൂടുതൽ ടൈപ്പ് ചെയ്യുന്നവരാണ് ഇന്ന് അധികവും. കേൾക്കാൻ ആർക്കും സമയമില്ല. കുടുംബത്തിൽ നിന്നാണ് കുട്ടികൾ സ്നേഹിക്കാൻ പഠിക്കുന്നത്, വിദ്യാലയങ്ങളിലോ സർവ്വകലാശാലകളിലോ സ്നേഹിക്കാൻ പഠിപ്പിക്കാനാവില്ല .

adjustment എന്ന വാക്കിൽ ഒതുക്കി തീർക്കാൻ ഉള്ളതല്ല വിവാഹ ജീവിതം. പരസ്പര സ്നേഹവും ബഹുമാനവും ഒരുപോലെ ചേരണം. യാത്രയിൽ ചിലപ്പോൾ ഒരാൾക്ക് ചെറിയ വീഴ്ച പറ്റിയാൽ ഉപേക്ഷിച്ചു പോവുക അല്ല വേണ്ടത് , ചേർത്ത് പിടിച്ചു മുന്നേറുന്നതിലാണ് സ്നേഹം. ശ്വേതയുടെ സഹായത്തോടെ എയ്ഞ്ചലിനും ജോണിനും അതിനു കഴിഞ്ഞു. ആ നന്മയുടെ തുടർച്ച അവരുടെ മകനിലും കാണാം.
നമ്മൾ ചിന്തിക്കേണ്ട ചില കാര്യങ്ങൾ nithish ഈ പുസ്തകത്തിൽ പറയുന്നുണ്ട് .
"dont love your job too much... job is just a belief..
even if your father is not doing his job well, the company he works will never fail to meet its policies.... he works like the whole fate of that company lies above his shoulders. That is not work , that is absolute slavery.
When you cling on to your job so tightly the other hand that clings onto your loved ones gets loosened" - ഈ സത്യം മനസിലാക്കാത്തവരാണ് അധികവും.

"We lose ourselves when we do something that we really like. Even though it is so hard to find, such a thing exists for everyone. It is called intuition. In Japanese it is called Ikigai."

People who exhibit their love for us dont really love us and on the other hand people who least exhibit their love for us really love us. - ഇത് വ്യക്തികളെ ആശ്രയിച്ചിരിക്കും.

ഇന്ന് സമൂഹത്തിൽ കാണുന്ന ട്രെൻഡ് കൃത്യമായി ചൂണ്ടി കാണിക്കാൻ നിതീഷിന് കഴിഞ്ഞു. നിതീഷിന്റെ തലമുറയുടെ ചിന്താഗതികൾ എന്തിനെയൊക്കെ ആശ്രയിച്ചാണെന്നതും വ്യക്തം. മാറ്റങ്ങൾ അനിവാര്യമാണ് പക്ഷെ അധികമായാൽ അമൃതും വിഷം എന്നല്ലേ.

Wednesday, April 3, 2019

Feedback

കലാകാരനെ സംബന്ധിച്ച് ഏറ്റവും വലിയ അംഗീകാരം ആഗ്രഹിക്കുന്നത് ആരാധകരിൽ നിന്നും അദ്ധ്യാപകരെ സംബന്ധിച്ച് വിദ്യാർത്ഥികളിൽ നിന്നുമാണ്. നമ്മൾ പെർഫെക്റ്റ് ആണെന്ന് പലപ്പോഴും നമുക്കൊരു മിഥ്യാധാരണയുണ്ട്. ആ ധാരണ മാറ്റാൻ വേണ്ടി ഓരോ സെമസ്റ്റർ പഠിപ്പിച്ചു കഴിയുമ്പോഴും വിദ്യാർത്ഥികൾക്ക് പറയാനുള്ള കാര്യങ്ങൾ പറയാൻ ഒരവസരം ഞാൻ കൊടുക്കാറുണ്ട്. എഴുതാൻ മടി ഉള്ളവരെയും , അഭിപ്രായം ഇല്ലാത്തവരെയും നിർബന്ധിക്കാറില്ല . ചിലപ്പോൾ അവർക്ക് ഒരാളെ കുറിച്ച് അഭിപ്രായം പറയാൻ ഒരു സെമസ്റ്റർ പോരാത്തത് കൊണ്ടാവാം.


മുൻകാലങ്ങളിൽ കിട്ടിയ ഫീഡ്ബാക്ക് നോക്കിയാൽ എന്റെ മാറ്റം എനിക്ക് അറിയാൻ പറ്റുന്നുണ്ട്. പഠിപ്പിക്കാൻ തുടങ്ങിയ വർഷം എടുത്ത ഫീഡ്ബാക്കിൽ സ്ഥിരം പറഞ്ഞിരുന്നത് എനിക്ക് വേഗത കൂടുതൽ ആണെന്നാണ്. പക്ഷെ ഈ വർഷം ഒരാൾ പോലും ആ അഭിപ്രായം പറഞ്ഞില്ല. അതിനർദ്ധം എന്റെ വെപ്രാളം കുറഞ്ഞു. എന്നിലെ ഈ നല്ല മാറ്റത്തിനു കഴിഞ്ഞ വർഷം ഫീഡ്ബാക്ക് പറഞ്ഞ എല്ലാവരോടും ഞാൻ കടപ്പെട്ടിരിക്കുന്നു.



ഈ വർഷം എനിക്ക് കിട്ടിയ ഫീഡ്ബാക്ക് വളരെ രസകരമാണ്. അതിൽ എടുത്ത് പറയേണ്ടത് ഈ രണ്ട് ചിത്രങ്ങളാണ്. അവസാനത്തെ ക്ലാസ് ദിവസം അവരോട് ഫീട്ബാക്ക് എഴുതാൻ ഞാൻ ആവശ്യപ്പെട്ടു. ആ കൂട്ടത്തിൽ കിട്ടിയ ആദ്യത്തെ ചിത്രം എന്നെ ഞെട്ടിച്ചു. കാരണം, ഞാൻ ആ ദിവസം എങ്ങനെ ആയിരുന്നു എന്ന് നിരീക്ഷിച്ച ഒരാൾക്ക് മാത്രമേ അത് വരയ്ക്കാൻ പറ്റുള്ളൂ . ആകെ ഉള്ള ഒരു മണിക്കൂർ സമയത്തിൽ വെറും പത്തു മിനിറ്റ് കൊണ്ട് എന്നെ വരച്ചു എന്നത് അത്ഭുതപ്പെടുത്തി. ആ വരച്ച ആളിനെ കണ്ട് പിടിക്കാൻ കുറച്ചു ദിവസങ്ങൾ എടുത്തു. അതിനു ശേഷം ആ കുട്ടി എന്നെ വീണ്ടും വന്നു കണ്ടു രണ്ടാമത്തെ ചിത്രവുമായി. 


Picture 1
Picture 2

കലാകാരിയെ പരിചയപ്പെടുത്താം ,  കീർത്തന കിഷോർ  . ഒരു സെമസ്റ്റർ പഠിപ്പിച്ചിട്ടുണ്ട് എന്നാലും എനിക്കറിയില്ല കീർത്തന വരയ്ക്കുമെന്ന്. പലപ്പോഴും കഴിവുകൾ തിരിച്ചറിയാൻ മൂന്ന് മാസം പോലുമില്ലാത്ത സെമസ്റ്റർ സമ്പ്രദായം അനുവദിക്കാറില്ല. ആദ്യ ദിവസങ്ങളിൽ ആ ക്ലാസ്സിലെ കുട്ടികളുമായി ചേർന്ന് പോകാൻ ഞാൻ വളരെ പ്രയാസപ്പെട്ടു. അടങ്ങി ഇരിക്കാൻ അവരെ കൊണ്ട് പറ്റില്ല. പക്ഷെ അവസാന ദിവസങ്ങളിൽ കാര്യങ്ങളൊക്കെ മാറി. വളരെ സ്നേഹത്തോടെയും അച്ചടക്കത്തോടെയും ആയി എല്ലാരും.



എന്നോട് നിങ്ങൾക്കുള്ള സ്നേഹത്തിനു ഒരുപാട് നന്ദി 

Thank you so much :)

Sunday, March 3, 2019

പ്രിയപ്പെട്ട പ്ലൂട്ടോ ,


അഞ്ചു വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് നിന്നെ ഞങ്ങൾക്ക് കിട്ടിയത്. അന്ന് നീ ജനിച്ചിട്ടൊരു മാസം ആവുന്നേ ഉണ്ടായിരുന്നുള്ളൂ. നിനക്കെന്തു പേരിടും എന്ന് ഒരുപാട് ആലോചിച്ചു, ഗൂഗിളിൽ തിരഞ്ഞു. ഒടുവിൽ നിയോഗം പോലെ നിന്നെ ഞങ്ങൾ പ്ലൂട്ടോ എന്ന് വിളിച്ചു. പ്ലൂട്ടോ പിന്നീട് പ്ലൂട്ടൂസ് ആയി പ്ലൂട്ടോ ബേബി ആയി.നീ ഞങ്ങളുടെ ലോകം ആയി. ഞങ്ങളുടെ ദിവസം തുടങ്ങുന്നതും അവസാനിക്കുന്നതും നിന്നിൽ ആയിരുന്നു പ്ലൂട്ടോ. പക്ഷെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നീ ഞങ്ങളോടൊപ്പം ഇല്ല. ഞങ്ങളെ ഇരുട്ടിലാക്കി നീ എങ്ങോട്ടോ പോയി. 
നീ പോയതല്ല നിന്നെ ഞങ്ങളിൽ നിന്നും അകറ്റിയത് ആരാണെന്ന് ഈ ലോകത്തിനോട് എനിക്ക് പറയണം. തിരുവനന്തപുരം പിഎംജി മൃഗാശുപത്രിയിലെ ഡോക്ടർ സുമൻ. ആ മനുഷ്യനാണ് നിന്റെ മരണത്തിനു ഉത്തരവാദി. കഴുത്തിലുണ്ടായ മുറിവ് ചികിൽസിക്കാൻ കൊണ്ട് പോയ നിനക്ക് മുറിവുണങ്ങാൻ എന്നും പറഞ്ഞു CLIVET antiobiotics തന്നു. ആ മരുന്ന് കഴിക്കാൻ തുടങ്ങിയ ദിവസം മുതൽ നിന്റെ ആരോഗ്യം ക്ഷയിക്കാൻ തുടങ്ങി. തിങ്കളാഴ്ച മരുന്ന് കഴിക്കാൻ തുടങ്ങി വെള്ളിയാഴ്ച ഉച്ചയ്ക്ക് നീ പോയി. അതിനു ശേഷം ഞങ്ങൾ മറ്റ് ചില ഡോക്ടർമാരോട് തിരക്കി ആ മരുന്നിന് എന്തെങ്കിലും ദോഷം ഉണ്ടോ എന്ന് . അപ്പോഴാണ് അറിഞ്ഞത് CLIVET എഴുതിയാൽ rantac പോലെ എന്തെങ്കിലും മരുന്ന് കൂടി എഴുതേണ്ടതാണെന്ന്. ഡോക്ടർക്ക് അബദ്ധം പറ്റിയതാണെന്ന് .

സർക്കാർ നിയമിച്ച ഒരു ഡോക്ടർക്കാണ് അബദ്ധം പറ്റിയതെന്ന് കേട്ടപ്പോൾ നമ്മുടെ നാടിന്റെ വ്യവസ്ഥിതികളോട് പുച്ഛമാണ് തോന്നിയത്.. ഒരു ജീവന്റെ വില ഇന്ത്യ എന്ന മഹാരാജ്യത്ത് മാത്രമാണ് പൂജ്യം.അത് മനുഷ്യനായാലും മൃഗമായാലും തുല്യം. ഇത്രയും അനാസ്ഥ കാണിക്കുന്നവരെ ഡോക്ടർ എന്ന് പറയാൻ പാടില്ല. എന്ത് നടപടിയാണ് ഇവർക്കെതിരെ ഉണ്ടാവുക? ഒന്നുമില്ല. നഷ്ട്ടം ഞങ്ങൾക്ക് മാത്രം. 
എന്നാലും ഇത് വായിക്കുന്ന ആർക്കെങ്കിലും വീട്ടിൽ pets ഉണ്ടെങ്കിൽ നിവർത്തി ഉണ്ടെങ്കിൽ pmg ആശുപത്രിയിൽ കൊണ്ട് പോകരുത്. Dr Suman എന്ന മനുഷ്യനെ ഒരിക്കലും കാണിക്കരുത്. കഴിവതും മരുന്നുകൾ കൊടുക്കാതെ നോക്കുക. മനുഷ്യർക്ക് മരുന്നിന്റെ side effects ബാധിക്കുന്നത് വർഷങ്ങൾ കഴിഞ്ഞാവും പക്ഷെ മൃഗങ്ങൾക്ക് അത് താങ്ങാൻ കഴിയില്ല.അവർ വളരെ sensitive ആണ്. CLIVET കഴിച്ച ദിവസം മുതൽ അവന് ഛർദിയും വയറിളക്കവും ആയിരുന്നു. അവസാനത്തെ രണ്ടു ദിവസം പാവത്തിന് വെള്ളം പോലും കുടിക്കാൻ പറ്റാത്ത അവസ്ഥയായി. വ്യാഴാഴ്ച അവനെ ഞങ്ങൾ വീണ്ടും ആശുപത്രിയിൽ കൊണ്ട് പോയി.അപ്പോഴാണ് ആ മരുന്ന് നിർത്താൻ ആ മനുഷ്യൻ പറഞ്ഞത്. എന്നിട്ടയാൾ മൂന്ന് ഇഞ്ചക്ഷനും ഡ്രിപ്പും കൊടുത്തിട്ട് വെള്ളിയാഴ്ച കൊണ്ട് ചെല്ലാൻ പറഞ്ഞു.പക്ഷെ കൊണ്ട് പോകേണ്ടി വന്നില്ല.വെള്ളിയാഴ്ച ഉച്ചക്ക് അവൻ പോയി. gastro മരുന്ന് CLIVET ന്റെ കൂടെ കഴിക്കണം ഇല്ലെങ്കിൽ അന്ന നാളം എരിയും . ഈ വസ്തുത Dr Suman എങ്ങനെ മറക്കും? അയാളുടെ ഫോൺ നമ്പർ ഞങ്ങൾക്ക് തന്നു എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിക്കണമെന്ന് പറഞ്ഞിട്ട് . വിളിച് സംസാരിക്കാമെന്നാണ് ആദ്യം കരുതിയത് പക്ഷെ പിന്നീട് വേണ്ടെന്ന് കരുതി.
Dr Suman ഈ ജന്മത്തിൽ നിങ്ങൾ അറിഞ്ഞോ അറിയാതെയോ ചെയ്ത പാപമാണ് പ്ലൂട്ടോയുടെ മരണം.

ആ ആശുപത്രിയിലെ ജീവനക്കാരൊക്കെ മൃഗങ്ങളെ തൊടാൻ പോലും അറയ്ക്കുന്നവരാണ് .ഒരു ഇഞ്ചക്ഷന് എടുക്കണമെങ്കിൽ എടുത്ത് കിടത്താൻ ഒരു അറ്റൻഡർ ഇല്ല.ഉണ്ടെങ്കിലും ചെയ്യില്ല. അനങ്ങാതെ കിടക്കാൻ മൃഗങ്ങൾക്ക് അറിയില്ലല്ലോ.അവയെ കിടത്തുന്ന മേശയിൽ ഒരു belt പോലുമില്ല. ഗസറ്റഡ് സ്ഥാനങ്ങളാണ് ഡോക്ടർമാർക്ക് പക്ഷെ അവയോട് പെരുമാറാൻ അറിയില്ല. 
പലരും ചോദിച്ചു കുടപ്പനക്കുന്ന് multi സ്പെഷ്യലിറ്റിയിൽ കൊണ്ട് പോകാത്തത് എന്താണെന്ന്. പക്ഷെ ഇന്നലത്തെ പത്രത്തിൽ വന്ന വാർത്ത ആ സ്പെഷ്യലിറ്റിയിലെ ഡോക്ടർക്ക് പറ്റിയ അബദ്ധം ആയിരുന്നു.ഒരു പഗ്ഗിന്റെ പ്രസവത്തിന് കൊണ്ട് പോയി. കുട്ടികൾ എല്ലാം മരിച്ചു, സർജറി കഴിഞ്ഞു വീട്ടിൽ പോയ പഗ് വീണ്ടും പ്രസവിച്ചു. സത്യത്തിൽ അഞ്ച് വർഷം എന്താണ് ഡോക്ടർ ആവാൻ പഠിക്കുന്നത്? ജീവൻ രക്ഷിക്കാനാണോ അതോ ജീവനെടുക്കാൻ ആണോ? ഇത്രയും ഉത്തരവാദിത്വം ഇല്ലാത്തവരെ എങ്ങനെയാണ് ഡോക്ടർ എന്ന് വിശേഷിപ്പിക്കുക? ഈ വ്യവസ്ഥിതികൾക്ക് എന്നെങ്കിലും മാറ്റം ഉണ്ടാകുമോ?

ഇത് പോലെ നഷ്ട്ടം ഇനിയാർക്കും ഉണ്ടാവരുതെന്ന് കരുതിയാണ് എഴുതിയത്.
പ്ലൂട്ടോ പോയ വിഷമം ഞങ്ങൾക്ക് ഒരിക്കലും അവസാനിക്കില്ല. മൂന്നര മാസം കൊണ്ട് ഒരായുസ്സിന്റെ ഓർമ്മ ഞങ്ങൾക്ക് തന്നിട്ടാണ് അവൻ പോയത്. ഇന്നും നിന്റെ ഗന്ധം സോപാനത്തിൽ നിറഞ്ഞു നിൽക്കുന്നുണ്ട്..നീ കാണുന്നുണ്ടോ ഞങ്ങളെ? 
നീ വരുമെന്ന പ്രതീക്ഷയിൽ ,
സ്നേഹത്തോടെ