Monday, May 7, 2018

പതേര്‍ പാഞ്ജാലി



ഈ സിനിമ കാണണം എന്ന്‍ ആഗ്രഹിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളേറെ ആയി. പല തവണ you ട്യുബില്‍ ശ്രമിച്ചതുമാണ്‌. പക്ഷെ തുടക്കം കഴിഞ്ഞാല്‍ പിന്നെ അത് ലോഡ് ആവാതെ നിന്നു പോകും. അങ്ങനെ അങ്ങനെ നീണ്ട് നീണ്ട് 2018 ലാണ് ആ സമയം ആഗാതമായത്. ഒരു പുസ്തകം സിനിമ ആയാല്‍ ചില മാറ്റങ്ങള്‍ അനിവാര്യമാണ് ,അത്കൊണ്ട് തന്നെ പുസ്തകം വായിക്കാനാണ് എനിക്ക് കൂടുതല്‍ ഇഷ്ടം.
ദാരിദ്യം ബ്രാഹ്മിണ കുടുംബത്തെ ബാധിക്കുന്നതാണ് പ്രധാന വിഷയം. പക്ഷെ എനിക്ക് ഇതില്‍ ഏറ്റവും ആകര്‍ഷണീയമായി തോന്നിയത് ദുര്‍ഗയാണ്. ആ കുഞ്ഞ് ഹൃദയത്തില്‍ ദാരിദ്യം എന്താണെന്ന്‍ അറിയില്ല. അല്ലെങ്കില്‍ അറിഞ്ഞിട്ടും അവളെ അത് ഒരു തരത്തിലും ബാധിക്കുന്നില്ല. വിദ്യാഭ്യാസം ഉണ്ടെങ്കിലും ദുര്‍ഗ്ഗയുടെ അച്ഛന്‍ ഹരിഹരന് പ്രതീക്ഷക്കൊത്ത് വളരാനോ സംബാധിക്കാനോ കഴിയുന്നില്ല. അയാളുടെ ഭാര്യ എപ്പോഴും ദാരിദ്യത്തില്‍ വിഷമിച്ചു ജീവിക്കുന്നു. ദുര്‍ഗ്ഗ പോകാത്ത കാടുകള്‍ ഇല്ല, പരിചയമില്ലാത്ത കായ്‌ കനികള്‍ ഇല്ല. അവള്‍ക്ക് അറിഞ്ഞുടാത്ത കാട്ടു വഴികള്‍ ഇല്ല. അവളെന്നും സന്തോഷവതിയാണ്. അവള്‍ക്ക് ഏറ്റവും സ്നേഹം അനിയന്‍ അപുവിനോടാണ്. അവനു വേണ്ടി എന്തും ചെയ്യാന്‍ അവള്‍ തയ്യാറാണ്.ഒരിക്കല്‍ ആമ്പല്‍ പൂ പറിക്കാന്‍ കോട്ട കുളത്തില്‍ എത്തി, എന്തോരം അഭ്യാസങ്ങള്‍ കാണിച്ചിട്ടാണ് അവള്‍ അപുവിന് ആമ്പല്‍ പറിച്ചു കൊടുത്തത്. കോരി ചൊരിയുന്ന ഇടിയിലും മഴയിലും ഭയന്ന അപുവിനെ ചേര്‍ത്ത് പിടിച്ച് ആശ്വസിപ്പിക്കാന്‍ അവള്‍ക്കെന്തൊരു കഴിവാണ്. പരിസര വാസികള്‍ക്ക് അവളെ ഇഷ്ടമല്ല. എപ്പോഴും മോഷണ കുറ്റം ആരോപിച്ച് അവളെ അധിശേപ്പിക്കുന്നത് അവര്‍ക്ക് ഹരമേകി. കട്ടു എന്ന്‍ പറയുന്നത് മിക്കപ്പോഴും കാറ്റത്ത് വീഴുന്ന മാമ്പഴം ആയിരിക്കും. പറമ്പില്‍ വീഴുന്നതൊക്കെ കുട്ടികള്‍ പെറുക്കി എടുക്കുന്നതൊക്കെ ഒരു മോഷണം ആണോ. ഇതിനു വിപരീതമായി അവള്‍ അവളുടെ പെട്ടിയില്‍ സൂക്ഷിച്ചത് കല്ല്‌ മാലയും, സ്വര്‍ണ ചിന്തൂര ചെപ്പും. അതില്‍ മാല പിടിക്കപ്പെട്ടു പക്ഷെ ചെപ്പ് അപു മാത്രമേ കണ്ടുള്ളൂ. അപ്പോഴേക്കും ദുര്‍ഗ്ഗ ഈ ലോകം വിട്ടു പോയി.അവനത് ആരെയും കാണിക്കാതെ കാട്ടിലേക്ക് എറിഞ്ഞു. ആരും അവന്റെ ചേച്ചിയെ കുറ്റം പറയുന്നത് അവനു തീരെ ഇഷ്ട്ടമായിരുന്നില്ല. കാരണം എന്ത് കിട്ടിയാലും ആ ചേച്ചി അവനുമായി പങ്കു വയ്ക്കുമായിരുന്നു.
തീവണ്ടി കണ്ടിട്ടില്ല. റെയില്‍ പാളം കണ്ടിട്ടില്ല. നല്ല ഭക്ഷണം ഇല്ല.കളിപ്പാട്ടങ്ങള്‍ ഇല്ല. പക്ഷെ താരതമ്യം ചെയ്യാന്‍ ഒന്നും ഇല്ലാത്തിടത്തോളം കാലം അവര്‍ക്കറിയില്ല മെച്ചപ്പെട്ട ജീവിതം എന്താണെന്ന്‍.അതറിയുന്ന അമ്മ എപ്പോഴും മക്കള്‍ക്ക് നല്ല ജീവിതം കിട്ടാന്‍ പ്രാര്‍ത്ഥിക്കുന്നു.അച്ഛന്‍ ചെറിയ പൂജ കര്‍മ്മങ്ങള്‍ ചെയ്ത് കിട്ടുന്ന കാശ് വീട്ടില്‍ കൊടുക്കുന്നു.
ഇതിലെ ചില സാഹചര്യങ്ങള്‍ എന്നെ ഓര്‍മിപ്പിച്ചത് വര്‍ഷങ്ങള്‍ക്ക് മുന്നേ ഉള്ള തീവണ്ടി യാത്രയാണ്‌. തീവണ്ടിയില്‍ മിക്കപ്പോഴും നാടോടികളെ കാണാം. കൂട്ടത്തില്‍ കുട്ടികളും ഉണ്ടാകും. ഇന്നത്തെ കാലത്ത് എവിടെ നോക്കിയാലും എല്ലാരുടെയും കൈയില്‍ മൊബൈല്‍ ഉണ്ടാവും.ആ കമ്പാര്‍ട്ട്മെന്ട്ടില്‍ ഇരുന്ന കുട്ടിയുടെ കൈയിലും ഉണ്ടായിരുന്നു.അതില്‍ എന്തോ കളിക്കുന്നുമുണ്ട്.അനിയനെ ഒക്കത്ത് എടുത്ത് കൊണ്ട് ആ വഴി പോയ നാടോടി പെണ്‍കുട്ടി ഇത് കണ്ടിട്ട് അവിടെ നിന്ന് ആ മൊബൈല്‍ വളരെ അത്ഭുതത്തോടെ നോക്കുന്നത് ഞാന്‍ കണ്ടു. ഒരു നേരത്തെ ഭക്ഷണം കഴിക്കാന്‍ നെട്ടോട്ടം ഓടുന്നതിനിടെ ഈ സാങ്കേതിക വിദ്യകളൊക്കെ അറിയാന്‍ അവര്‍ക്കെവിടാണ് അവസരം.
ജീവിതം ഓരോ മനുഷ്യര്‍ക്കും പല രീതിയിലാണ്‌. ചിലര്‍ വിദ്യയുടെ കാര്യത്തില്‍ ദരിദ്രര്‍ ആണ്. അത് തിരിച്ചറിയുന്നവര്‍ വളരെ ചുരുക്കം. ചിലരുടെ സമ്പത്ത് കാശാണ്. അവരതില്‍ മതി മറന്നു ജീവിക്കും.
ദുര്‍ഗ്ഗയുടെ മരണത്തിനു ശേഷം ജീവിതം മെച്ചപ്പെടാന്‍ ആ കുടുംബം കാശിയിലെക്ക് പോകും. പക്ഷെ അവിടെയും അവര്‍ക്കൊരു തണല്‍ ഇല്ലാതെ ആകും.ഹരിയുടെ മരണം വീണ്ടും ജീവിതത്തെ പിടിച്ചുലയ്ക്കും. പതിനൊന്ന്‍ വയസ്സുള്ള അപുവും അമ്മയും ചില വഴികളില്‍ കൂടി പോകുമെങ്കിലും എങ്ങും എത്തില്ല. ഒടുവില്‍ അവരെ കാത്തിരിക്കുന്നത് അവരുടെ പഴയ ഗ്രാമം തന്നെയാണെന്ന് തിരിച്ചറിയും.
പല കഥകളില്‍ സൂചിപിക്കുന്ന ഒരു കാര്യമാണ് എവിടെ ഒക്കെ പോയാലും അവസാനം നമ്മള്‍ എത്തുന്നത് ജനിച്ചു വളര്‍ന്ന മണ്ണില്‍ തന്നെയാകും. ആഗ്രഹിചില്ലെങ്കില്‍ പോലും ചില കാര്യങ്ങള്‍ നമ്മളിലേക്ക് എത്തി ചേരും എന്നാല്‍ ചിലത് എത്ര ആഗ്രഹിച്ചാലും കിട്ടില്ല.

Saturday, May 5, 2018

Origami heart





Friday, May 4, 2018

നഹുഷ പുരാണം



ശമനതാളം വായിച്ച ശേഷം കെ രാധാകൃഷ്ണന്റെ രണ്ടാമത്തെ നോവല്‍. ഒരു രാഷ്ട്രീയ സിനിമ പോലെ എന്ന്‍ തന്നെ പറയാം. എന്നാലും ചില കാര്യങ്ങള്‍ പ്രസക്തമാണ്‌. ഒന്ന്‍, കാലം എത്ര കഴിഞ്ഞാലും അധികാരം മനുഷ്യനില്‍ വരുത്തുന്ന മാറ്റത്തിനു വ്യത്യാസമില്ല. രണ്ട്, സ്വവര്‍ഗ ബന്ധങ്ങള്‍ ഇന്ന് പൂവിട്ടതല്ല. 1986-ല്‍ പുറത്തിറങ്ങിയ ഈ പുസ്തകത്തില്‍ സ്വവര്‍ഗ രതിയെ കുറിച്ച് പരാമര്‍ശം ഉണ്ട് എന്നത് എന്നെ അത്ഭുതപ്പെടുത്തി.
കേരളത്തിലെ മുഖ്യ മന്ത്രിയുടെ നിര്യാണത്തെ തുടര്‍ന്ന്‍ പുതിയ മുഖ്യ മന്ത്രി ആര് എന്ന ചോദ്യത്തില്‍ നിന്നുമാണ് കഥ ആരംഭിക്കുന്നത്. യൗവനത്തില്‍ പാര്‍ടിയില്‍ ശക്തനായിരുന്ന, പോളിറ്റ് ബ്യുറോ അങ്ങത്വം ഉണ്ടായിരുന്ന വി ഐ പി എന്ന നേതാവിലാണ് എല്ലാവരും വിരല്‍ ചൂണ്ടുന്നത്. മുഖ്യ മന്ത്രി പദം സ്വപ്നം കണ്ടിരുന്ന ആഭ്യന്തര മന്ത്രി കരുണന്‍ ആണ് ശരിക്കും ഞെട്ടിയത്. വി ഐ പിയെ കൈയിലെടുക്കാന്‍ ബുദ്ധിമുട്ടൊന്നും ഇല്ല എന്ന കരുണന്റെ ചിന്ത ആദ്യമൊക്കെ വിജയിച്ചെങ്കിലും തുടര്‍ന്നുള്ള ശ്രമങ്ങളൊക്കെ വിഫലമായി. പാര്‍ടിയില്‍ നിന്നും മാറി നിന്ന വി ഐ പിക്ക് മന്ത്രി സ്ഥാനം വേണ്ട എന്ന്‍ തോന്നി എങ്കിലും അദ്ദേഹവും പിന്നീട് ആ സ്ഥാനം നിലനിര്‍ത്താനുള്ള ഓട്ടത്തില്‍ ആയി. അതിനു വേണ്ടി സഞ്ചരിക്കാന്‍ പാടില്ലാത്ത വഴികളില്‍ കൂടി ഒക്കെ അദ്ദേഹം സഞ്ചരിച്ചു. രഹസ്യമായി ഫോണ്‍ ചോര്തലുകള്‍, വഴി വിട്ട സഹായങ്ങള്‍, തന്റെ വഴിയില്‍ തടസ്സമാകുമെന്ന് തോന്നുന്നവരെ ഒഴിവാക്കല്‍ അങ്ങനെ എല്ലാം. ആദര്‍ശവാനായ വി ഐ പിയെ അധികാരത്തിന്റെ പടവുകളില്‍ നമുക്ക് നഷ്ടപ്പെട്ടു പോകും.
വേണു എന്ന പത്രപ്രവര്‍ത്തകനെ നോക്കിയാലും നമുക്ക് കാണാന്‍ സാധിക്കും അയാളെങ്ങനെ പിപി എന്ന സങ്കത്തിലേക്ക് അടുത്തു എന്ന്‍. കരുണന്‍ ,അയാളും അധികാരത്തിനു വേണ്ടിയുള്ള ഓട്ടത്തിലാണ് വഴിവിട്ട കാര്യങ്ങള്‍ ചെയ്ത് കൂട്ടുന്നത്.
വി ഐ പിയുടെ കുടുംബം അയാള്‍ക്ക് നഷ്ട്ടപ്പെടുന്നതിന്റെ കാരണവും ഇതേ അത്യാഗ്രഹം തന്നെയാണ്. വേണ്ടപ്പോള്‍ ഭാര്യയുടെ കൂടെ നില്ക്കാന്‍ കഴിയാത്തത് കൊണ്ട് ഭാര്യ മറ്റൊരു തണല്‍ തേടി പോകുന്നു.പക്ഷെ അതിലും പ്രധാനപ്പെട്ട മറ്റൊരു കാര്യം വി ഐ പിയുടെ മകള്‍ ശ്രീദേവി.അച്ഛനും അമ്മയും രണ്ടും രണ്ട് വഴിയില്‍ ആയപ്പോള്‍ അവള്‍ക്ക് നഷ്ട്ടപ്പെട്ടത് അവളുടെ ജീവിതമാണ്‌.മയക്കു മരുന്നിനു അടിമപ്പെടുന്ന അവളെ രക്ഷിക്കാന്‍ വേണു ശ്രമിക്കുന്നുണ്ട് , പക്ഷെ എല്ലാ ശ്രമങ്ങളും വിഫലമാക്കുന്ന ഒരവസാനമാണ് നഹുഷ പുരാണം. ഈ ഒരു ശീര്‍ഷകം കൊടുക്കാനുള്ള കാരണം എനിക്ക് ആലോചിച്ചിട്ട് മനസിലായില്ല.
രാഷ്ട്രീയത്തില്‍ എന്നല്ല പൊതുവില്‍ ഉള്ള സ്വഭാവ മാറ്റമാണോ ഈ അധികാരത്തില്‍ വരുമ്പോള്‍ സംഭവിക്കുന്നത്. അല്ലെങ്കില്‍ എത്ര ആദര്‍ഷവാനായാലും അധികാരം കാഴ്ച്ചയെ ബാധിക്കുമോ? ഈ ലോകത്തില്‍ നിന്നും വിട പറഞ്ഞു പോകും നേരം ലോക ചരിത്രത്തില്‍ ഇടം നേടാനുള്ള ആഗ്രഹമാണോ അതിനു കാരണം. അല്ലെങ്കില്‍ തോല്‍വിയെ നേരിടാനുള്ള ദൈര്യ കുറവോ?
ഖദറിന്റെ ഉള്ളില്‍ തൂവെള്ള മനസ്സുള്ള നേതാക്കള്‍ കുറവാണു. ഈ നാട് ഭരിക്കുന്നവരെ വിശ്വസിക്കാന്‍ ബുദ്ധിമുട്ട് തോന്നി തുടങ്ങിയാല്‍ പിന്നെ ജനാധിപത്യം എന്നൊന്ന് നിലനില്‍ക്കുമോ?

Tuesday, May 1, 2018

where the rain begins by anita nair



കേരളവുമായി ബന്ധപ്പെട്ട ചില കവിതകളും ലേഖനങ്ങളും കഥകളും കൊണ്ട് നിറഞ്ഞിരിക്കുന്നു. കവിതകളില്‍ താല്പര്യം കുറവാണ് ,അത് കൊണ്ട് ആ ഭാഗം ഞാന്‍ ഒഴിവാക്കി. ചുള്ളിക്കാടിന്റെ കവിതയില്‍ നിന്നാണ് തുടക്കം. തുടര്‍ന്ന്‍ പ്രശസ്തരായ പല എഴുത്തുക്കാരും എന്റെ കണ്ന്മുന്നില്‍ കൂടി കടന്നു പോയി. അവരില്‍ ഒന്നിലധികം പേര്‍ എന്നെ ആകര്‍ഷിച്ചു ,
ആദ്യം ശശി തരൂര്‍. ഭാഷയുടെ ലാളിത്യം, നമ്മളോട് പറഞ്ഞ കാര്യങ്ങളുടെ തീവ്രത. ചാര്‍ലിസ് എന്ന പയ്യന്‍ വളര്‍ന്ന് കളക്ടര്‍ ആയ കഥ. വിദ്യാഭ്യാസത്തിന്റെ മാറ്റൊലി കേരള സമൂഹത്തില്‍ വരുത്തിയ മാറ്റങ്ങള്‍. അധികാര സ്ഥാനത്ത് എത്തിയാല്‍ പിന്നെ അയിത്തം എന്നൊന്ന് ഇല്ലാതാവും.

സുരേഷ് മേനോന്റെ ദാസേട്ടനെ കുറിച്ചുള്ള ലേഖനം. സത്യത്തില്‍ മലയാളിയുടെ എല്ലാ വികാരങ്ങളും ദാസേട്ടന്റെ ശബ്ദത്തെ ചുറ്റി പറ്റിയാണ്. സന്തോഷം, ദുഃഖം, പ്രണയം ,വിരഹം അങ്ങനെ ഒരു മനുഷ്യ ഹൃദയത്തില്‍ ഉദിക്കുന്ന എല്ലാ വികാരങ്ങളും തീവ്രമാക്കുന്നത് ദാസേട്ടന്റെ പാട്ടുകളാണ്. ഏതൊരു മലയാളിയുടെയും സ്വകാര്യ അഹങ്കാരം.

അലക്സാണ്ടര്‍ ഫ്രാട്ടറിന്റെ chase the  monsoon വാങ്ങി  വച്ചിട്ട് കുറെ നാളായി പക്ഷെ ഇതു വരെ വായിച്ചു തുടങ്ങിയില്ല. എന്നാല്‍ അനിതാ നായര്‍ ആ പുസ്തകത്തെ കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. കോവളം തീരത്ത് നിന്നും മഴയെ പിന്തുടരുന്ന കഥ. കന്യാകുമാരി മുതല്‍ ബംഗാള്‍ വരെ. ലളിതാംബിക അന്തര്‍ജനത്തിന്റെ അമ്മയെ കുറിച്ചുള്ള കുറിപ്പുകള്‍.

മലയാളിയുടെ ശീലമായ മുണ്ട്. ചിലര്‍ വലത് വശത്ത് കുത്തുന്നു, മറ്റ് ചിലര്‍ ഇടത്തോട്ട് കുത്തുന്നു.കര ഉള്ളതും ഇല്ലാത്തതും. എത്ര വലിയ പദവിയില്‍ ഇരിക്കുന്ന മലയാളി ആയാലും വീട്ടില്‍ എത്തിയാല്‍ പിന്നെ കൈലി അല്ലെങ്കില്‍ മുണ്ട് ഉടുത്തില്ലെങ്കില്‍ പിന്നെന്ത്. ലാലേട്ടന്‍ മുണ്ട് മടക്കി കുത്തി വരുന്നതല്ലേ മലയാളിയുടെ സ്റ്റൈല്‍ . മമ്മൂക്ക ആയാലും അങ്ങനെ ഒക്കെ തന്നെയാണ്. ദിലീപിന്റെ സിനിമകള്‍ എടുത്താലും മുണ്ടിന് പ്രാധാന്യം ഉണ്ട്.

അങ്ങനെ മലയാളിയുടെ ശീലങ്ങളും , മലയാള നാടിന്റെ വിശേഷങ്ങളും കൊണ്ട് നിറഞ്ഞിരിക്കുന്നു ഈ പുസ്തകം.