Tuesday, May 31, 2016

സ്കൂള്‍ പാഠപുസ്തകം


എല്ലാ വര്‍ഷവും സ്കൂള്‍ തുറക്കുന്ന സമയം ആകുമ്പോള്‍ പുസ്തകങ്ങള്‍ അച്ചടിച്ച്‌ തീര്‍ന്നില്ല എന്ന വാര്‍ത്ത‍ കേള്‍ക്കാറുണ്ട്.സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന സ്കൂളിലെ കുട്ടികള്‍ക്ക് വിതരണം ചെയ്യേണ്ട പുസ്തകങ്ങള്‍ തന്നെയാണ് എല്ലാ വര്‍ഷവും അച്ചടി പൂര്‍ത്തിയകുന്നില്ല എന്ന പഴി കേള്‍ക്കുന്നത്.എന്ത് കൊണ്ടാണ് മാറി മാറി വരുന്ന സര്‍ക്കാരിനോ പാര്‍ട്ടിക്കാര്‍ക്കോ ഇതിനൊരു ശാശ്വത പരിഹാരം കണ്ടു പിടിക്കാന്‍ ആവാതെ പോകുന്നത്.സാധാരണ കുടുംബങ്ങളില്‍ നിന്നും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികളാണ് നിലവില്‍ സര്‍ക്കാര്‍ സ്കൂളില്‍ അധികവും.ആ കുട്ടികളെയും രക്ഷകര്‍ത്തക്കളെയും സംബന്ധിച്ച് ഈ പുസ്തകം കിട്ടുക എന്നല്ലാതെ മറ്റൊരു മാര്‍ഗമില്ല.ഒരു കുടുംബത്തില്‍ മുതിര്‍ന്ന കുട്ടി പഠിച്ചിട്ടുണ്ടെങ്കില്‍ ആ കുട്ടിയുടെ പുസ്തകം വച്ചെങ്കിലും ഇളയ കുട്ടിക്ക് പഠിക്കാം.പക്ഷെ എല്ലാ വീട്ടിലും എല്ലാ കുട്ടികള്‍ക്കും അത് പ്രായോഗികമല്ല.
എല്ലാ വര്‍ഷവും പുസ്തകം അച്ചടിക്കുന്നതിനു പകരം ഒരു വര്‍ഷം അച്ചടിക്കുന്ന പുസ്തകത്തിന്റെ പേപ്പര്‍ നിലവാരം ഉയര്‍ത്തുകയും അങ്ങനെ പുസ്തകങ്ങള്‍ സ്കൂളിലെ വായന ശാലകളില്‍ സൂക്ഷിച് അടുത്ത വര്‍ഷങ്ങളില്‍ ഉപയോഗിച്ചുകൂടെ ? അത് വഴി പേപ്പര്‍ ലാഭിക്കാം മരങ്ങള്‍ മുറിക്കാതെ സംരക്ഷിക്കാം. ഇന്റര്‍നാഷണല്‍ സ്കൂളുകളില്‍ ഈ സമ്പ്രദായമാണ്. എന്ത് കൊണ്ട് നമ്മുടെ സര്‍ക്കാര്‍ സ്കൂളുകളില്‍ അത് നടപ്പിലാക്കി കൂടാ ? സിലബസ് മാറുന്ന സമയത്ത് മാത്രം അടുത്ത അച്ചടിയെ കുറിച്ച് ചിന്തിച്ചാല്‍ മതിയാവും. ചെലവ് കുറയ്ക്കാം. ആ പണം ഉപയോഗിച്ചു സ്കൂള്‍ മോടി പിടിപ്പിക്കാം.സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാം. കുട്ടികളെ കുടുതല്‍ വായനശാലയിലേക്ക് ആകര്‍ഷിക്കാം.
നിലവിലെ പുസ്തകം അച്ചടിക്കാന്‍ ഉപയോഗിക്കുന്ന പേപ്പര്‍ തീരെ ഗുണം ഇല്ലാത്തതാണ്.ആ പേപ്പര്‍ ദീര്‍ഖ നാള്‍ സൂക്ഷിക്കാനാവില്ല. പുസ്തകത്തിന്റെ കവര്‍ പേജ് എല്ലാം ഗുണ നിലവാരം കൂടണം.എങ്കില്‍ മാത്രമേ ശരിയായ രീതിയില്‍ നടപ്പിലാക്കാന്‍ കഴിയു. ഇങ്ങനെ ഒരു രീതി നടപ്പിലാക്കിയാല്‍ എത്രയോ കുട്ടികള്‍ക്ക് ഗുണം ചെയ്യും. മാത്രമല്ല പുസ്തകം വാങ്ങാന്‍ കാശ് വേണ്ട . ആ അധ്യാന വര്‍ഷം കഴിഞ്ഞാല്‍ പുസ്തകം തിരിച്ച് ഏല്‍പ്പിക്കണം. മാറ്റങ്ങള്‍ ഇല്ല എങ്കില്‍ തുടര്‍ന്നും പുസ്തകം പുതിയതായി വരുന്ന കുട്ടികള്‍ക്ക് ഉപയോഗിക്കാം.
 

Monday, May 30, 2016

Rise of kali by Anand Neelakantan




റോള്‍ ഓഫ് dice എന്നതിന്റെ രണ്ടാം ഭാഗം. പക്ഷെ കുറച്ചു നീണ്ടു പോയി എന്ന്‍ തോന്നുന്നു.
ധര്‍മ്മവും അധര്‍മ്മവും തമ്മില്‍ തിരിച്ചറിയാന്‍ എളുപ്പമല്ല.ധര്‍മ്മത്തിന്റെ പേരില്‍ ഉണ്ടായതാണ് മഹാഭാരത യുദ്ധം പക്ഷെ അതില്‍ പാണ്ഡവര്‍ നേടിയ വിജയം യുദ്ധ ധര്‍മ്മത്തിന് അനുസരിച്ചായിരുന്നില്ല.യുദ്ധം തുടങ്ങുന്നതിനു മുന്‍പ് ഭീഷ്മര്‍ പറഞ്ഞു കൊടുത്ത എല്ലാ നിയമങ്ങളും ലഘിച്ചു കൊണ്ടാണ് പാണ്ഡവര്‍ കൌരവരെ വക വരുത്തിയത്. എല്ലാത്തിനും ചുക്കാന്‍ പിടിച്ച കൃഷ്ണന് പറയാന്‍ ഒരേ ഒരു വാക്ക് മാത്രമാണ് ഉണ്ടായിരുന്നത്.ധര്‍മ്മം പുനസ്ഥാപിക്കുന്നതിനായി ഈ യുദ്ധം അനിവാര്യമാണെന്നും അതിനു മാര്‍ഗം പ്രശ്നമല്ല ലക്ഷ്യമാണ്‌ പ്രധാനം എന്ന്‍. സമൂഹത്തില്‍ നില നില്‍കുന്ന ജാതി വ്യവസ്ഥകള്‍ മാറ്റാന്‍ വേണ്ടി ശ്രമിച്ച വ്യകതിയാണ് ദുര്യോധനന്‍ പക്ഷെ അത് ധര്‍മ്മത്തിന് എതിരാണ് എന്ന്‍ പറഞ്ഞു നടത്തിയ യുദ്ധത്തില്‍ നീതിയും ന്യായവും ഇല്ലാതെ പോയി.
ശരിയും തെറ്റും വേര്‍തിരിക്കാന്‍ കഴിയാത്ത ധര്‍മ്മം സമൂഹത്തിനു ആവശ്യമുണ്ടോ?ഇന്ന്‍ നമ്മുടെ രാജ്യത്തില്‍ ദുര്യോധനന്‍ ആഗ്രഹിച്ച തുല്യത ഇല്ല പക്ഷെ അതുണ്ടെന്ന് കാണിക്കാന്‍ വേണ്ടിയാണു സംവരണം നിലനില്‍ക്കുന്നത്.അതില്‍ തുല്യത അല്ല ഉള്ളത് മറിച്ച് അവിടെയും ജാതിയുടെ അടിസ്ഥാനത്തില്‍ കൊടുക്കുന്ന ഒരവകാഷമായി സംവരണം മാറി.കൃഷ്ണന്റെ ധര്‍മ്മം പറയുന്നത് ജാതി വേണമെന്നും എന്നാല്‍ മാത്രമേ ഓരോ വിഭാഗത്തില്‍ പെട്ട ആളുകള്‍ അതത് വിഭാഗങ്ങള്‍ക്ക് പറഞ്ഞിരിക്കുന്ന ജോലികള്‍ ചെയൂ. ബ്രാഹ്മണന്‍ ക്ഷത്രിയന്‍ ആവാന്‍ ആഗ്രഹിച്ചാലോ , സുതന്‍ ക്ഷത്രിയന്‍ ആവാന്‍ ആഗ്രഹിച്ചാലോ ഒക്കെ സമൂഹ വ്യവസ്ഥയ്ക്ക് മാറ്റം വരും.ഒരു ബാലന്‍സ് നിലനിര്‍ത്താന്‍ പല ജാതിയും വേണമെന്നാണ് കൃഷ്ണന്‍ പറയുന്നത്. നിശ്ചിത ജാതിയില്‍ പെട്ട ആളുകള്‍ക്ക് പറഞ്ഞിട്ടുള്ള ജോലി മാത്രമേ ചെയ്യാന്‍ പാടുള്ളൂ.ഇതിനോട് എതിരഭിപ്രായം പറയുന്നവര്‍ എല്ലാം അധര്‍മ്മം പ്രവര്‍ത്തിക്കുന്നവരാണ് എന്നാണ് കൃഷ്ണനനും പാണ്ഡവരും പറയുന്നത്.
ശിഖണ്ടിയെ മുന്നില്‍ നിര്‍ത്തി ഭീഷ്മരെ വധിച്ചു, തേരില്‍ നിന്നും ഇറങ്ങി നിരായുധനായി നിന്ന കര്‍ണ്ണനെ വധിച്ചു, അരയ്ക്ക് താഴെ അടിച്ചു കൊണ്ട് ദുര്യോധനനെ വധിച്ചു ഇതിലൊക്കെ എന്ത് ധര്‍മ്മം എന്ന്‍ ചോദിച്ചാല്‍ ഒന്നും പറയാനാവില്ല.ദ്രൌപധിയെ സഭയിലേക്ക് വലിച്ചിഴച് കൊണ്ട് വന്നു എന്ന കാരണത്താല്‍ സുശാസനനെന്റെ നെഞ്ചു പിള്ളര്‍ന്ന ഭീമന്‍ എന്ത് ധര്‍മ്മമാണ് ചെയ്തത് ? സ്വന്തം ഭാര്യയെ അധിക്ഷേപിച്ചു എന്നതാണ് കാരണമെങ്കില്‍ ചൂത് കളിയില്‍ ഭാര്യയെ പണയം വച്ച യുധിഷ്ടിരനോടല്ലേ ഭീമന്‍ പക തീര്‍ക്കേണ്ടത് ?സ്വന്തം സഹോദരന്‍ തുടക്കമിട്ട തെറ്റിന് അനുഭവിച്ചത് സുയോധനനും കുടുംബവും.ദ്രൌപദി ആണ് ഭീമനെ കൊണ്ട് സുശാസനനെ ദാരുണമായി കൊല ചെയ്യിച്ചത്. ഒടുവില്‍ ദ്രൌപദിക്ക് കിട്ടിയതോ എല്ലാ മക്കളെയും അശ്വതമാവ് കൊല ചെയ്തു.കുന്തിക്ക് സ്വന്തം മകനെ രാജാവായി വാഴിക്കണം എന്നായിരുന്നു പക്ഷെ മൂത്ത മകനായ കര്‍ണ്ണന്റെ വേര്‍പാട് അവരെയും തളര്‍ത്തി.
സമാധാനത്തിന്റെ വഴി നോക്കേണ്ടതിനു പകരം യുദ്ധം ചെയ്യാന്‍ പ്രേരിപ്പിച്ചവര്‍ക്കൊക്കെ നഷ്ടങ്ങള്‍ മാത്രമാണ് ഉണ്ടായത്. മഹാ ഭാരത യുദ്ധത്തില്‍ കുടുംബങ്ങള്‍ തമ്മില്‍ ആയിരുന്നു പോരാട്ടം ഇന്നും പല തരത്തിലും അത്തരം പോരുകള്‍ നില നില്‍ക്കുന്നു. മകന്‍ അച്ഛനെ കൊല്ലുന്നു , സഹോദരങ്ങള്‍ തമ്മില്‍ കൊല്ലുന്നു , ഇതെല്ലാം എന്ത് കൊണ്ടെന്ന്‍ ചോദിച്ചാല്‍ അതാണ് ധര്‍മ്മം എന്ന്‍ പറയാം.ഈ ജന്മത്തില്‍ ചെയ്യുന്ന കര്‍മ്മത്തിന്റെ ഫലം വരും ജന്മങ്ങളില്‍ അനുഭവിക്കേണ്ടി വരും.
നമ്മള്‍ ഇന്ന്‍ ജീവിക്കുന്നത് കലി യുഗത്തില്‍ ആണെന്ന്‍ പറയുന്നു എങ്കില്‍ ധര്‍മ്മം പുനസ്ഥാപിക്കുന്നതിനായി കല്‍ക്കി ആയി ദൈവം അവതരിക്കും എന്ന്‍ നമ്മളില്‍ ചിലരെങ്കിലും വിശ്വസിക്കുന്നു.അന്നും ഇന്നും ഒരേ കാര്യങ്ങള്‍ക്ക് തന്നെ അല്ലേ തര്‍ക്കങ്ങള്‍ ഉണ്ടായതും ഉണ്ടാവുന്നതും പിന്നെങ്ങനെ ഇത് കലിയുഗമാകും?

Thursday, May 26, 2016

കെ ജി ജോര്‍ജ് by വിനു എബ്രഹാം




2015ല്‍ ചിന്ത പുറത്തിറക്കിയ നവ കേരള ശില്‍പികള്‍ വിഭാഗത്തില്‍ പെട്ട ഒന്‍പതാമത്തെ പുസ്തകമാണ് വിനു എബ്രഹാം എഴുതിയ കെ ജി ജോര്‍ജ്. ഈ എഴുത്തുകാരനോട്‌ ഞാന്‍ കടപ്പെട്ടിരിക്കുന്നു കാരണം കെ ജി ജോര്‍ജ് എന്ന സംവിധായകനെ എനിക്ക് പരിചയപ്പെടുത്തി തന്നതില്‍. അദ്ധേഹത്തെ എനിക്ക് അറിയില്ല എന്നല്ല ടി വി യില്‍ പല പരിപാടികളില്‍ കണ്ടിട്ടുണ്ട് പക്ഷെ ശ്രദ്ധിച്ചിട്ടില്ല അദ്ദേഹത്തിന്റെ സിനിമകള്‍ ഏതെല്ലാമാണെന്ന് അറിയാന്‍ ശ്രമിച്ചിട്ടില്ല. ഈ പുസ്തകം വായിച്ചു തുടങ്ങിയപ്പോള്‍ എനിക്ക് മനസിലായ് മലയാള സംവിധായകരില്‍ നേരത്തെ അടുത്ത് അറിയേണ്ടിരുന്ന വ്യക്തിയാണ് കെ ജി ജോര്‍ജ് എന്ന്‍.
ചങ്ങനാശ്ശേരിക്കാരനായ കെ ജി ജോര്‍ജ് സിനിമ പാരമ്പര്യം ഉള്ള കുടുംബത്തില്‍ നിന്നുമല്ല. സമ്പന്ന കുടുംബത്തില്‍ നിന്നുമല്ല.കര്‍ഷക കുടുംബത്തില്‍ നിന്നും വളര്‍ന്ന ജോര്‍ജ് സ്വന്തം കഴിവ് കൊണ്ടാണ് സിനിമയില്‍ എത്തുന്നത്. പൂനെ ഫിലിം ഇന്സ്ടിട്യുട്ടില്‍ പോയി സിനിമ പഠിച്ചു. അന്ന്‍ അദ്ദേഹത്തിന്റെ കൂടെ പഠിച്ച പലരും ഉണ്ട് പില്‍കാലത്ത് സിനിമയില്‍ പ്രശസ്തി നേടിയവര്‍.അടൂര്‍ ഗോപാലകൃഷ്ണന്‍ , ഷാജി എന്‍ കരുണ്‍, ബാലു മഹിന്ദ്ര , ജയ ബച്ചന്‍ മുതലായവര്‍ ജോര്‍ജ് ന്റെ പരിചയക്കാരില്‍ ചിലര്‍ മാത്രം.
ആദ്യ സിനിമ സ്വപ്നാടനം. ഗോപി എന്ന ഡോക്ടറിന്റെ മാനസിക നിലയെ കുറിച്ച് സംസാരിച്ച സിനിമ. psychological സിനിമ എന്ന നിലയില്‍ സ്വപ്നാടനം വിജയിച്ചു. ജോര്‍ജ് എന്ന സംവിധായകന്‍റെ ചുവട് മലയാള സിനിമയില്‍ പതിഞ്ഞു.തുടര്‍ന്ന്‍ ചെയ്ത സിനിമകള്‍ എല്ലാം മികച്ചത് എന്ന്‍ പറയാന്‍ ആവില്ലെങ്കിലും ചിലതൊക്കെ ശ്രദ്ധിക്കപ്പെട്ടു. മേള, കോലങ്ങള്‍, ആദാമിന്റെ വാരിയെല്ല്, ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക് , ഉള്‍ക്കടല്‍, ഇലവങ്കോട് ദേശം  എല്ലാം ജോര്‍ജ് എന്ന സംവിധായകന്‍റെ കല സൃഷ്ട്ടികളാണ്. ഇലവങ്കോട് ദേശത്തിന് ശേഷം അദ്ദേഹം സിനിമ ഒന്നും ചെയ്തില്ല പക്ഷെ ചില ടി വി പരിപാടികള്‍ ചെയ്തു.

ഈ പുസ്തകത്തില്‍ ഉള്‍ക്കടല്‍, മേള കോലങ്ങള്‍ ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക് തുടങ്ങിയ സിനിമയുടെ കഥാ സാരം ഉണ്ട്. ഉള്‍ക്കടല്‍ എന്ന്‍ സിനിമയിലെ ഗാനങ്ങള്‍ ഓ എന്‍ വിയുടെയതാണ്. സെല്‍മ , ജോര്‍ജിന്റെ ഭാര്യയാണ് ഗായിക.ശരദിന്ദു മലര്‍ദീപ നാളം നീട്ടി സുരഭില യാമങ്ങള്‍ ശ്രുതി മീട്ടി , എന്റെ കടിഞ്ഞൂല്‍ പ്രണയ കഥയിലെ പെണ്‍കൊടി , തുടങ്ങിയ ഗാനങ്ങള്‍ ശ്രദ്ധേയമാണ്. ശോഭ , വേണു നാഗവള്ളി ആണ് പ്രധാന കഥാപാത്രങ്ങളെ കൈകാര്യം ചെയ്തത്. ഈ നടി ശോഭയുടെ ആത്മഹത്യയെ പ്രമേയമാക്കി ആണ് ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക് എന്ന സിനിമ ചെയ്തത്. ശ്രിവിദ്യ, ഭരത് ഗോപി , മമ്മൂട്ടി , വേണു നാഗവള്ളി , ശോഭ ഇവരൊക്കെ അദ്ദേഹത്തിന്റെ മിക്ക സിനിമകളിലും അഭിനേതാക്കളായി.
ഫിലിം ഇന്സ്ടിട്യുട്ടില്‍ നിന്നും പഠിച്ചിറങ്ങിയ ജോര്‍ജിനു ഏതൊക്കെ തലത്തില്‍ ഉള്ള സിനിമ ചെയ്യണമെന്ന്‍ വ്യക്തമായ ധാരണ ഉണ്ടായിരുന്നു.അദ്ദേഹം ആഗ്രഹിച്ച വിഷയങ്ങള്‍ സിനിമയാക്കുകയും ചെയ്തു.അദ്ദേഹത്തിന്റെ സിനിമകള്‍ മികച്ച സിനിമയ്ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡുകളും ദേശീയ പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.പക്ഷെ മികച്ച സംവിധായകന്‍ ആയിട്ടില്ല. പലപ്പോഴും കഴിവുള്ളവര്‍ക്ക് കിട്ടേണ്ട അംഗീകാരം കിട്ടാത്ത വ്യക്തിയാണ് കെ ജി ജോര്‍ജ്.അതൊന്നും അദ്ദേഹത്തെ അത്രയധികം ബാധിച്ചിട്ടുമില്ല . ജീവിതത്തിലെ ഏറ്റകുറച്ചിലുകള്‍ക്ക് ഇടയിലും മകനെ സ്വന്തം ഇഷ്ടമുള്ള വഴി തിരഞ്ഞെടുക്കാന്‍ അനുവദിച്ച അമ്മയോടാണ് എന്നും കടപ്പാട്.

Wednesday, May 25, 2016

The Old man and the sea by ernest hemingway




ernest hemingwayയുടെ ആഫ്രിക്കന്‍ പര്യടനവുമായി ബന്ധപ്പെട്ട ഒരു യാത്ര വിവരണം മുന്‍പ് വായിച്ചിട്ടുണ്ട്. പക്ഷെ കഥ ഇത് ആദ്യം. എഴുത്തുക്കാരന് നോബല്‍ സമ്മാനം വാങ്ങി കൊടുത്ത കഥയാണിത്. ഇതൊരു വലിയ കഥ അല്ല, ഒരുപാട് കുടുംബങ്ങുലും കഥാപാത്രങ്ങളും ഇല്ല എന്നാല്‍ ഒരു വിഭാഗം ആളുകളെ കുറിച്ച് വിശാലമായ് എഴുതിയിട്ടുണ്ട്.
പ്രായം ചെന്ന സാന്റിയാഗോ എന്ന ക്യൂബന്‍ മുക്കുവന് ആണ് പ്രധാന കഥാപാത്രം. അയാളുടെ സഹായത്തിനു നില്‍ക്കുന്ന ഒരു പയ്യന്‍ ആണ് അയാളുടെ ഏക ആശ്വാസം.ദിവസങ്ങളായ് കടലില്‍ പോകുന്ന അയാള്‍ക്ക് മീനൊന്നും കിട്ടുന്നില്ല.ആ കാരണത്താല്‍ മറ്റുള്ളവര്‍ അയാളെ കളിയാക്കുകയും ഒന്നിനും കൊള്ളില്ല എന്നൊക്കെ പറഞ്ഞ് അധിക്ഷേപിക്കുകയും ചെയ്യും. പക്ഷെ ഇതൊന്നും കേട്ട് തളരാതെ വീണ്ടും കടലിലേക്ക് പോകുന്ന അയാള്‍ തിരികെ വരുന്നത് വലിയ ശാര്‍ക്കിനെയും കൊണ്ടാണ്.കഥ ഇത്രേ ഉള്ളു. സത്യത്തില്‍ ചെറു കഥയ്ക്ക് തിരഞ്ഞെടുക്കുന്ന ഒരു വിഷയം എടുത്ത് വിപുലീകരിച് നോവല്‍ ആക്കി എന്ന്‍ തന്നെ പറയാം.
വാക്കുകള്‍ കൂടുതലും മത്സ്യ ബന്ധനവുമായി ബന്ധപ്പെടതാണ്. നമ്മള്‍ വള്ളവും വലയും എന്നൊക്കെ പറയുന്ന പോലെ അവര്‍ക്ക് അവരുടെതായ വാക്കുകള്‍. ചൂര മീനാണ് tuna എന്ന്‍ പറഞ്ഞിരിക്കുന്നത്.ഒരു മുക്കുവ സമൂഹത്തില്‍ ഉണ്ടാകുന്ന ചെറിയ ഒരു സംഭവം ആണ് പ്രമേയം.സാന്റിയാഗോ ഉള്‍കടലില്‍ കാണുന്ന മീനുകള്‍ കാഴ്ച്ചകള്‍ പക്ഷികള്‍.ഫ്ലയിംഗ് മീനുകളെ കുറിച്ച് വായിക്കുന്നത് ആദ്യമായിട്ടാണ്.ഇതില്‍ വായിച്ചതിനു ശേഷം അപ്പ്രതീക്ഷിതമായി അതിന്റെ ഒരു വീഡിയോ ഫേസ് ബുക്കില്‍ കാണുകയും ചെയ്തു. ഉള്‍കടലില്‍ ഒറ്റയ്ക്ക് വെള്ളവുമായി സാന്റി ഒറ്റപ്പെട്ടു പോകുന്നു.ഇടയ്ക്ക് തോന്നും ആ പയ്യന്‍ കൂടി ഉണ്ടായിരുന്നെങ്കിലെന്ന്. പക്ഷെ ഇല്ല.ഒരു കുപ്പി വെള്ളം മാത്രം. ഒടുവില്‍ വിശപ്പ്‌ സഹിക്കാന്‍ വയ്യാതെ മീന്‍ പിടിച്ച് വേവിക്കാതെ കഴിക്കും.സത്യത്തില്‍ നമ്മള്‍ അകപ്പെട്ടു പോകുന്ന അവസരങ്ങളില്‍ വിശപ്പ്‌ കൊണ്ട് നമ്മള്‍ എന്തും ചെയ്തു പോകും. വലയില്‍ കുടുങ്ങുന്ന ഒരു മീന്‍ സാന്റിയെയും കൊണ്ട് ഏതൊക്കെ ദിശകളിലേക്ക് നീങ്ങും. രാവും പകലും ഉറച്ച മനസ്സോടെ കാണാത്ത ആ മീനിനെ സ്വന്തമാക്കാന്‍ അവസരം കാത്തിരിക്കും. പൊതുവില്‍ ആരും തന്നെ പകല്‍ സമയങ്ങളില്‍ മീന്‍ പിടിക്കാന്‍ പോകാറില്ല കാരണം സൂര്യതാപം തന്നെ.ചുട്ടു പൊള്ളുന്ന പകലില്‍ കടലില്‍ പോയി മീന്‍ പിടിക്കാന്‍ എളുപ്പമല്ല.പക്ഷെ രണ്ടു പകലുകള്‍ ആണ് സാന്റി കടലില്‍ കഴിയുന്നത്.കര കാണാന്‍ പോലുമില്ല.കടല്‍ പുതിയ അനുഭവം അല്ലാതിരുന്നിട്ടു പോലും കടലിന്റെ മണം സാന്റിയഗോയ്ക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ടു.അതൊരു പൊതുവായ കാര്യമാണ് ശീലംഇല്ലാത്തവര്‍ക്ക് ഉള്‍ക്ടലിന്റെ ഗന്ധം nausea ഉണ്ടാക്കും.പല സിനിമകളില്‍ കണ്ടിട്ടുണ്ട് ചിലരുടെ അനുഭവങ്ങള്‍ കേട്ടിട്ടുമുണ്ട്.
ഈ പുസ്തകം അനുഭവമാണ്‌.കടലിനെയും ഒരു മനുഷ്യന്റെ ദ്രിട നിശ്ചയത്തെയും കുറിച്ചുള്ള അനുഭവം.ജീവിതത്തില്‍ ഉറച്ച തീരുമാനങ്ങള്‍ ഉള്ളവര്‍ക്ക് വിജയം ഉറപ്പാണ്‌.പ്രതീക്ഷയും നേടി എടുക്കണം എന്നുള്ള മനസ്സും ഉണ്ടെങ്കില്‍ പ്രായം ഒന്നിനും ഒരു പ്രശ്നമല്ല.നൂറ് പേജുകള്‍ പോലും ഇല്ല എന്നാലും എത്രയോ കുഞ്ഞ് കുഞ്ഞ് കഥകള്‍ വായിച്ച പോലെ.